പ്രതീകാത്മക ചിത്രം
രാത്രി ഉറക്കത്തിന് തയ്യാറെടുക്കുന്നതിന്റെ ഭാഗമായി ഞാന്‍ ഒരു പുസ്തകവുമായി കിടക്കയിലേക്ക് ചരിഞ്ഞു. ഭാര്യ അപ്പോഴും ഫോണ്‍ താഴെ വെച്ചിട്ടില്ല.വാട്സാപില്‍ സുഹൃത്തുക്കളുടെ അന്നത്തെ സ്റ്റാറ്റസ് സ്‌കാന്‍ ചെയ്യുകയാണ്. അടുപ്പമുള്ളവരുടെ ജീവിതത്തിലെ സന്തോഷവും സങ്കടവും പ്രതിസന്ധികളുമൊക്കെ ഈ സ്റ്റാറ്റസില്‍ നിന്ന് ശരിയായി വായിച്ചെടുക്കാമെന്നാണ് ഭാര്യയുടെ മതം. അതു പലപ്പോഴും ശരിയാണെന്ന്് എനിക്കും തോന്നിയിട്ടുണ്ട്.
'ഇതൊന്നു നോക്കൂ എനിക്കൊന്നും മനസിലാകുന്നില്ല' എന്ന് പറഞ്ഞ് ഒരു സ്റ്റാറ്റസ് അവള്‍ എനിക്ക് നേരെ നീട്ടി. കൂട്ടുകാരി ലീനയുടേതാണ്.
ഹൃദയം എന്ന സിനിമയില്‍ ദര്‍ശനയും പ്രണവും തമ്മിലുള്ള സംഭാഷണത്തിന്റെ ഒരു വീഡിയോ.
'ദാ, എന്റെ മറ്റൊരു കൂട്ടുകാരി നീതുവും ഇതുതന്നെ ഇട്ടിരിക്കുന്നു.' ഭാര്യയുടെ ആകാംഷ ഇരട്ടിച്ചു.
ഞാനത് പ്ലേചെയ്തു.വിജനമായ ഒരു പാറമടയിലിരിക്കുകയാണ് പ്രണവും ദര്‍ശനയും. അവളുടെ കണ്ണില്‍ നോക്കി പ്രണവ് സംസാരിക്കുന്നു.
പ്രണവ്- നിന്റെ വീഡിയോസ് ഒക്കെ ഞാന്‍ കണാറുണ്ട്, ഫുഡ് വ്ളോഗിംങ്. നൈസ്
ദര്‍ശന-നല്ല പേരാ. സബ്സ്‌ക്രൈബേഴ്സ് ഒക്കെ കൂടുന്നുണ്ട്.
പ്രണവ്- യൂടൂബില്‍ നിന്നൊക്കെ നല്ല വരുമാനം ആയിരിക്കും അല്ലേ
ദര്‍ശന- പെട്രോളടിക്കാന്‍ കാശ് തികയില്ല.
രണ്ടുപേരും ചിരിക്കുന്നു.
ദര്‍ശന-പട്ടിപ്പണി, പിച്ചക്കാശ്, രാജ പദവി. അതാണ് ഇപ്പോഴത്തെ അവസ്ഥ.
വീണ്ടും രണ്ടുപേരും ചിരിക്കുന്നു.
ദര്‍ശന- പുതിയ പരിപാടി അല്ലേ. കാഷ് കണ്‍വേര്‍ട് ആകാന്‍ സമയമെടുക്കും. പക്ഷേ ഒരു കാര്യമുണ്ട്. ഭയങ്കര സമാധാനമുണ്ട്.
പ്രണവ്- ആ പറഞ്ഞ സാധനം എങ്ങനെ ഉണ്ടാക്കണമെന്ന് എനിക്ക് ഒരു പിടിയുമില്ല. എനിക്കാണ് എങ്കില്‍ പ്രത്യേകിച്ച് ഒരു പാഷനുമില്ല.
ദര്‍ശന- നീയൊരു കാര്യം ചെയ്യ്. ജോലി വിട്.
പ്രണവ്-എന്നിട്ട് നിന്നെ പോലെ തെണ്ടിത്തിരിഞ്ഞ് നടക്കാനോ.,
ദര്‍ശന- കുറച്ച് തെണ്ടിത്തിരിഞ്ഞൊക്കെ നടക്ക്. എന്നിട്ട് എന്താണ് ഇഷ്ടമുള്ളതെന്ന് കണ്ടുപിടിക്ക്, എന്നിട്ട് അതിലേക്ക് കേറ്. കാശൊക്കെ പിന്നാലെ വന്നോളും.
പ്രണവ്- വന്നില്ലെങ്കില്‍
ദര്‍ശന- പട്ടിണിയാകും.
Also Read
വെറും 50 സെക്കന്റ് മാത്രമുള്ള ഒരു വീഡിയോ സംഭാഷണം. എഞ്ചിനയറിംഗ് കഴിഞ്ഞ് പ്രണവും ദര്‍ശനയും ബ്രേക്ക് അപ്പ് ആയി രണ്ട് വഴിക്ക് പിരിഞ്ഞതാണ്. ദര്‍ശന വേറിട്ട വഴിയിലൂടെ മുന്നോട്ടുപോയി. ഫുഡ് വ്ളോഗര്‍. പ്രശസ്തയാണ്. പക്ഷേ പ്രശസ്ത്രിയും അധ്വാനവും മാത്രമേയുള്ളൂ. വരുമാനമൊന്നും കാര്യമായിട്ടില്ല എന്നാണ് സംഭാഷണത്തിന്റെ ചുരുക്കം.
ഇതെന്താ രണ്ടുപേരും ഇപ്പോള്‍ ഇതെടുത്ത് സ്റ്റാറ്റസ് ആക്കിയിട്ടിരിക്കുന്നത്. ഭാര്യ നെറ്റിചുളിച്ചു. സ്റ്റാറ്റസ് സ്‌കാന്‍ ചെയ്തു ഓരോരുത്തരുടെയും വരും ദിവസങ്ങളിലെ പ്രവൃത്തികള്‍ പോലും പ്രവചിക്കുന്ന ഭാര്യ ഈ സ്റ്റാറ്റസില്‍ തോല്‍വി സമ്മതിച്ചു.
ഈ രണ്ടുപേരെയും എനിക്കും നന്നായി അറിയാം. ലീന ടീച്ചറാണ്. ഇപ്പോഴത്തെ പഠന രീതിയില്‍ കടുത്ത അമര്‍ഷമുള്ളയാള്‍. നിലവിലെ വിദ്യാഭ്യാസ സമ്പ്രദായം അടിമുടി ഉടച്ചുവാര്‍ത്തില്ലെങ്കില്‍ കുട്ടികളുടെ ഭാവി തന്നെ അപകടത്തിലാകുമെന്ന് വിശ്വസിക്കുന്നയാള്‍. തലതെറിച്ച വിദ്യാര്‍ത്ഥികളെ റ്റി.സി നല്‍കി സ്‌കൂളുകള്‍ പുറത്താക്കുന്നതുപോലെ ലീന ടീച്ചറും സ്‌കൂള്‍ അധികൃതരും തമ്മില്‍ എന്നും ശണ്ഠയാണ്. ചുരുങ്ങിയ കാലത്തിനിടയ്ക്ക് തന്നെ സ്‌കൂളുകള്‍ പലതായി. ഇതിനിടയില്‍ കോവിഡ് കൂടി വന്ന് കാര്യങ്ങള്‍ ആകെ അവതാളത്തിലായതോടെ ജോലിയൊക്കെ നിര്‍ത്തി ഓണ്‍ലൈന്‍ ട്യൂഷനും യൂടൂബ് ചാനലുമായി നടക്കുന്നു.ബോസുമാരുമായുള്ള നിരന്തര സംഘര്‍ഷത്തിനിടയില്‍ ജോലി വലിച്ചെറിഞ്ഞ് ഒരു കേക്ക് ഷോപ്പ് നടത്തി മുന്നോട്ടുപോകുന്നയാളാണ് നീതു.
'രണ്ട് പേരുടെയും ഇപ്പോഴത്തെ അവസ്ഥ എന്താണ്?' ഞാന്‍ ചോദിച്ചു.
'അറിയില്ല. സംസാരിച്ചിട്ട് കറെയായി. വളരെ നാളുകള്‍ക്ക് ശേഷമാണ് ഒരു സ്്റ്റാറ്റസ് തന്നെ കാണുന്നത്.' ഭാര്യ കൈമലര്‍ത്തി.
'ഈ സ്റ്റാറ്റസില്‍ നിന്ന്് ഒരുകാര്യം ഉറപ്പാണ്.' ഞാന്‍ പറഞ്ഞു. 'രണ്ടു പേരും കട്ടനിരാശയിലാണ്. കാര്യങ്ങള്‍ വിചാരിച്ചപോലെ മുന്നോട്ടുപോകുന്നില്ല. നീ ഏതായാലും ഒരു മെസേജ് ഇട്ട് നോക്കൂ.'
ഭാര്യ ഒരു ഡൗട്ട് സ്മൈലി ഇട്ടു. അടുത്ത സെക്കന്റില്‍ രണ്ടുപേരുടെയും കോള്‍ വന്നു. ഭാര്യ അത് കോള്‍ കോണ്‍ഫ്രന്‍സില്‍ ആക്കി ലൗഡ് സ്പീക്കറില്‍ ഇട്ടശേഷം പറഞ്ഞു. 'പറയൂ. എന്തൊക്കെയുണ്ട്. നിങ്ങളുടെ വിശേഷം കേള്‍ക്കാന്‍ ഒരാള്‍ കൂടിയുണ്ട്. അതുകൊണ്ട് നല്ല ജാഗ്രതയോടെ മാത്രം സംസാരിക്കുക. ഒടുവില്‍ ട്വല്‍ത് മാന്‍ സിനിമയിലേതുപോലെ കാര്യങ്ങള്‍ ചളമാകരുത്.'- അതുകേട്ട് എല്ലാവരും ചിരിച്ചു.
ഞാന്‍ പറഞ്ഞു. 'നിങ്ങളുടെ രണ്ടുപേരുടെയും സ്റ്റാറ്റസ് തന്നെയാണ് വിഷയം. അതില്‍ നിന്ന് ഒരു കാര്യം വളരെ വ്യക്തം. ബിസിനസ് നന്നായി പോകുന്നുണ്ട്. നല്ല പ്രശസ്തിയും ഉണ്ടാകും. അതാണല്ലോ രാജപദവി കൊണ്ടുദ്ദേശിച്ചത്. പിന്നെ നന്നായി ഹാര്‍ഡ് വര്‍ക്കും ചെയ്യുന്നുണ്ടാകും. പട്ടിപ്പണികൊണ്ടുദ്ദേശിക്കുന്നതും അതുതന്നെയല്ല. പിന്നെ വരുമാനം. അത് പിച്ചക്കാശ് പോലെ. കാര്യമായി ഒന്നും വരുന്നില്ല.'
'സാര്‍ പറഞ്ഞതെല്ലം ശരിയാണ്. രണ്ടുപേരും ഒരേസ്വരത്തില്‍ പറഞ്ഞു. പക്ഷേ മുടത്തുതുടങ്ങി. ഇങ്ങനെ എത്രനാള്‍ മുന്നോട്ടുപോകാമെന്നറിയില്ല.' ഇരവരുടെയും ശബ്ദത്തില്‍ നിരാശയും സങ്കടവും.
'യൂട്യൂബും കേക്ക് നിര്‍മാണവും നിങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഹോബിയായിരുന്നല്ലോ. ഓരോ നിമിഷവും ആസ്വദിക്കുന്നു. ജീവിതം എന്താണ് എന്ന് ഇ്പ്പോഴാണ് ഞങ്ങള്‍ക്ക് മനസ്സിലാകുന്നത് എന്നൊക്കെയായിരുന്നല്ലോ സോഷ്യല്‍ മീഡിയയില്‍ കൂടി തള്ളിമറിച്ചുകൊണ്ടിരുന്നത്.' ഞാന്‍ ചോദിച്ചു.
'അതൊക്കെ ശരിയാണ്. അക്കാര്യത്തിലൊന്നും ഇപ്പോഴും മാറ്റമൊന്നുമില്ല. എവിടെ ചെന്നാലും ഒരു യൂ ട്യൂബര്‍ എന്ന നില്ലയില്‍ നല്ല ആദരവും അംഗീകാരവും കിട്ടുന്നുണ്ട്. പക്ഷേ ഹൃദയം സിനിമയില്‍ ദര്‍ശന പറഞ്ഞപോലെ പെട്രോളടിക്കാനുള്ള കാശുപോലും കിട്ടുന്നില്ല.' ലീന പറഞ്ഞു.
'എന്റെ കാര്യവും വ്യത്യസ്തമല്ല. ലാഭമോ പോകട്ടെ. സ്വന്തമായി ഒരു ബിസിനസ് വളര്‍ത്തിവലുതാക്കുക എന്നത് ചില്ലറക്കാര്യമല്ല എന്നറിയാം. അതിന് വര്‍ഷങ്ങളുടെ കാത്തിരിപ്പ് വേണമെന്നും അറിയാം. പക്ഷേ...'നീതു അര്‍ത്ഥവിരാമത്തില്‍ നിര്‍ത്തി.
'വലിയ ലാഭമുണ്ടാക്കാനോ സമ്പത്ത് കൈവരിക്കാനോ ഒന്നും അല്ല ഈ രംഗത്തേക്ക് വന്നത്. പക്ഷേ ജോലിക്കാര്‍ക്കുള്ള ശമ്പളം കൊടുക്കാനുള്ള വരുമാനം എങ്കിലും ഉണ്ടായാല്‍ മതിയാരുന്നു.' നീതുവും ലീനയും ഹൈലൈറ്റ് ചെയ്തത് ഒരേകാര്യം.
'ബിസിനസിലെ തുടക്കക്കാരെല്ലാം നേരിടുന്ന വെല്ലുവിളിയാണ് ഇത്. അതിനെ അതിജീവിക്കുക പ്രയാസമേറിയതാണ് എങ്കിലും അസാധ്യമായതൊന്നുമില്ല.' ഞാന്‍ പറഞ്ഞു.
'ഒന്നര വര്‍ഷം കഴിഞ്ഞു സര്‍. ഞങ്ങളെ തുടക്കക്കാരെന്ന് വിളിക്കല്ലേ. ഞങ്ങളുടെ ഡൊമൈനില്‍ അത്യാവശ്യം ഞങ്ങള്‍ എസ്റ്റാബ്ലിഷ് ചെയ്തും കഴിഞ്ഞു. എന്നിട്ടും വരുമാനം വരുന്നില്ല. അതുകൊണ്ടുള്ള മടുപ്പാണ്.' നീതുവും ലീനയും ഒരു പോലെ പറഞ്ഞു.
'എസ്റ്റാബ്ലിഷ് ചെയ്തു എന്നത് തോന്നലാണ്. നിങ്ങള്‍ ഒരു ആറുമാസത്തേക്കെങ്കിലും ബിസിനസില്‍ നിന്ന് സമ്പൂര്‍ണമായി മാറി നിന്നാലും വരുമാനം ഒരു മാറ്റവുമില്ലാതെ വന്നുകൊണ്ടിരിക്കുമെങ്കില്‍ മാത്രമാണ് എസ്റ്റാബ്ലിഷ് ചെയ്തു എന്നുപറയാന്‍ കഴിയുക. അത്തരമൊരു നിലയിലാണോ നിങ്ങള്‍?' ഞാന്‍ ചോദിച്ചു.
'എന്റമ്മോ? ആറുമാസമോ. ഒരു ആറു ദിവസം മാറിനിന്നാല്‍ പിന്നെ അങ്ങോട്ട് തിരികെ ചെല്ലേണ്ടിവരില്ല. ആ നിലയില്‍ എല്ലാംകൂടി ഇടിഞ്ഞുപൊളിഞ്ഞുവീഴും.' ലീന പറഞ്ഞു.
'എന്റെ സ്ഥിതിയും മറിച്ചല്ല.' നീതുവും കൂട്ടിച്ചേര്‍ത്തു.
'അതുതന്നെയായിരിക്കും സ്ഥിതി എന്ന് ഞാന്‍ ഊഹിച്ചു.അതുകൊണ്ട് രണ്ടുപേരും പട്ടിപ്പണിയെക്കുറിച്ചും പിച്ചക്കാശിനെക്കുറിച്ചും ഇനി ഇതുപോലെ പരിതപിക്കേണ്ട. സ്വന്തം ഫ്രസ്്റ്ററേഷന്‍ ഇങ്ങനെ സ്റ്റാറ്റസിലൂടെ നാട്ടുകാരെ വിളിച്ചറിയിക്കേണ്ടതുമില്ല. നിങ്ങള്‍ ഏതുമേഖലയിലാണോ പ്രവര്‍ത്തിക്കുന്നത് ആ മേഖലയില്‍ ഏറ്റവും നന്നായി വിജയിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുക. വരുമാനവും പണവും തനിയേ വന്നുകൊള്ളും. അല്ലാതെ പണത്തിന് വേണ്ടി പ്രവര്‍ത്തിച്ചാല്‍ വിജയവുമുണ്ടാകില്ല പണവുമുണ്ടാകില്ല.' -ഞാന്‍ പറഞ്ഞു.
'അങ്ങനെ പറഞ്ഞാല്‍ എങ്ങനാ?' ഇത്രയും നേരം നിശബ്ദമായി കേട്ടുകൊണ്ടിരുന്ന ഭാര്യ ഇടപെട്ടു.
'ശമ്പളം കൊടുക്കാന്‍ പോലും വരുമാനം ഇല്ലാത്ത അവസ്ഥയില്‍ എങ്ങനെ ഇവര്‍ക്ക് വിജയത്തിനുവേണ്ടി മാത്രം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കാന്‍ പറ്റും. ഒരു ബിസിനസ് ആകുമ്പോള്‍ ശമ്പളം കൊടുക്കാനുള്ള വരുമാനം എങ്കിലും ഉണ്ടാകേണ്ടേ.'
'ഒന്നരവര്‍ഷമല്ലേ ആയിട്ടുള്ളൂ. തുടങ്ങിയിട്ട്. ഒരു ബിസിനസ് തുടങ്ങാന്‍ ആര്‍ക്കും പറ്റും. അത് നടത്തിക്കൊണ്ടുപോകലാണ് ഏറ്റവും വലിയ വെല്ലുവിളി. എതു ബിസിനസ് തുടങ്ങിയാലും ഒരു മൂന്നുവര്‍ഷത്തേക്ക് ശമ്പളം ഉള്‍പ്പെടെയുള്ള ചെലവുകള്‍ക്കായി പണം കരുതലായി ഉണ്ടാക്കിയശേഷം ബിസിനസ് തുടങ്ങുന്നതാണ് ബുദ്ധി. ബിസിനസ് തുടങ്ങി പിറ്റേമാസം മുതല്‍ വരുമാനം വന്നുതുടങ്ങണം എന്നില്ല. ഇത്തരത്തില്‍ വര്‍ക്കിംഗ് കാപിറ്റല്‍ അഥവ പ്രവര്‍ത്തന മൂലധനം ഇല്ലാത്തതാണ് നിങ്ങളുടെ ഇപ്പോഴത്തെ പ്രശ്നത്തിന് കാരണം. ഇത്ര വലിയ നിരാശയ്ക്ക് കാരണവും അതാണ്. ഈ ബിസിനസ് വിജയിപ്പിച്ചുകൊണ്ടുപോകാന്‍ കഴിയും എന്ന ആത്മവിശ്വാസം ഉണ്ടോ നിങ്ങള്‍ക്ക്?'- ഞാന്‍ ചോദിച്ചു. രണ്ടുപേരും ഉണ്ടെന്ന് ഉറച്ച ശബ്ദത്തില്‍ തന്നെ മറുപടി നല്‍കി.
'എങ്കില്‍ വര്‍ക്കിംഗ് കാപിറ്റല്‍ കണ്ടുപിടിക്കണം. ഇനിയുള്ള രണ്ട് വര്‍ഷത്തേക്കുള്ള മൊത്തം ചെലവ് എത്രയായിരിക്കുമെന്ന് കണക്കാക്കിനോക്കുക. പരിചയക്കാരില്‍ നിന്ന് പലിശയില്ലാത്ത കടമായി പണം കിട്ടുമോ എന്ന നോക്കുക. അല്ലെങ്കില്‍ കയ്യിലുള്ള പ്രോപ്പര്‍ട്ടി ഈടായി വെച്ച് കുറഞ്ഞ പലിശയ്ക്ക് ബാങ്ക് വായ്പ കിട്ടുമോ എന്നും നോക്കാം. ഒന്നും നടന്നില്ല എങ്കില്‍ ബിസിനസ് ലോണ്‍ എടുക്കാം.'- രണ്ടുപേരും അത് സമ്മതിച്ചു.
പക്ഷേ ഭാര്യയ്ക്ക് ആ പോംവഴി അത്ര പിടിച്ചില്ല. ഇപ്പോള്‍ തന്നെ ഇവര്‍ കടത്തിലാണ്. ഇനിയും കടം എടുത്ത് തലയില്‍ വെക്കണോ എന്നായിരുന്നു അവളുടെ ആധി. 'ബിസിനസ് ആകുമ്പോള്‍ അല്‍പ്പം കടമൊക്കെ ആകുന്നതില്‍ കുഴപ്പമില്ല' എന്ന് പറഞ്ഞ് ഞാന്‍ ആ അധ്യായം അവിടെ അവസാനിപ്പിച്ചു. അവര്‍ മൂവരും ചേര്‍ന്ന് പിന്നെയും എന്തൊക്കെയോ ചര്‍ച്ചചെയ്യുന്നത് കണ്ട് ഞാന്‍ പുതപ്പ് തലവഴി മൂടി ചുരുണ്ടുകൂടി.
(പ്രമുഖ ഫിനാന്‍ഷ്യല്‍ ജേണലിസ്റ്റായ ലേഖകന്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ ഉദ്യോഗസ്ഥനാണ്)
Content Highlights: business lessons you should learn, Madhuram Jeevitham Column by KK Jayakumar


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..