തീയില്ലാതെ ചാമ്പലാക്കാം; മാലിന്യമലയിൽനിന്ന് രക്ഷപ്പെടാൻ പ്ലാസ്മ പ്ലാന്റുകളാണ് വേണ്ടത് | പ്രതിഭാഷണം


സി.പി.ജോണ്‍



Premium

തീ അണയ്ക്കാനുള്ള ദൗത്യം

മാലിന്യം നഗരവത്കരണത്തിന്റെ ഉപോത്പന്നമാണ്. 2008 ഡിസംബര്‍ 31-ന് ലോകത്തെ പകുതിയിലധികം ആളുകള്‍ നഗരജീവികളായി മാറിക്കഴിഞ്ഞിരുന്നു. ലോകത്തെമ്പാടും, ഇന്ത്യയിലും നഗരവത്ക്കരണത്തിന്റെ തോത് വന്‍തോതില്‍ ഉയരുകയാണ്. 2011-ല്‍ 31% പേരാണ് നഗരങ്ങളില്‍ ജീവിച്ചിരുന്നതെങ്കില്‍(Urban Population) 2050 ആകുമ്പോള്‍ 70 ശതമാനത്തിലേക്കെത്തും എന്നാണ് കണക്കാക്കപ്പെടുന്നത്. ഈ നഗരവത്ക്കരണ പ്രയാണത്തില്‍ അതിന്റെ ഉപോല്പന്നമായ മുനിസിപ്പല്‍ സോളിഡ് വേസ്റ്റും ലിക്വിഡ് വേസ്റ്റും സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളും പ്രതിസന്ധികളും വളരെ വലുതാണ്.

2001-ല്‍, ഈ നൂറ്റാണ്ടിന്റെ ആദ്യവര്‍ഷങ്ങളില്‍ പ്രതിവര്‍ഷം 3.1 കോടി ടണ്‍ സോളിഡ് വേസ്റ്റാണ് ഇന്ത്യയില്‍ ഉണ്ടായിരുന്നതെങ്കില്‍ 2015 ആയപ്പോള്‍ അത് ഇരട്ടിയായി. 2030 ആകുമ്പോള്‍ 16.5 കോടി ടണ്‍ ആയി ഉയരുമത്രേ. ഒരു ദിവസം 1.2 ലക്ഷം ടണ്‍ വേസ്റ്റ് ഉല്പാദിപ്പിക്കുന്ന രാജ്യമായി ഇന്ത്യ മാറിക്കഴിഞ്ഞു. എല്ലാ വര്‍ഷവും അത് അഞ്ചു ശതമാനത്തിലധികം വര്‍ധിച്ചു കൊണ്ടേയിരിക്കും. ഇന്ത്യയുടെ ആളോഹരി സോളിഡ് വേസ്റ്റ് ഉല്പാദനം 0.17 കിലോ മുതല്‍ 0.62 കിലോ വരെ ചെറുതും വലുതുമായ പട്ടണങ്ങളില്‍ നിലവിലുണ്ട്.

ദൗര്‍ഭാഗ്യകരമെന്ന് പറയട്ടേ, ഇന്ത്യയിലെ മുനിസിപ്പല്‍ സോളിഡ് വേസ്റ്റിന്റെ 90 ശതമാനവും നല്ല നിലയില്‍ കൈകാര്യം ചെയ്യപ്പെടുന്നില്ല. ശാസ്ത്രീയമായ രീതിയില്‍ സംസ്‌കരിക്കപ്പെടുന്നില്ലെന്നതാണ് വര്‍ത്തമാനകാല ദുരന്തം. ഈ ദുരന്തത്തിന്റെ നേര്‍ക്കാഴ്ചയായിരുന്നു ബ്രഹ്‌മപുരത്ത് മലപോലെ കുന്നുകൂടിയ മാലിന്യവും തീപ്പിടിത്തവും അതുണ്ടാക്കിയ നൂറുനൂറു പ്രശ്‌നങ്ങളും.

മുനിസിപ്പല്‍ സോളിഡ് വേസ്റ്റിന് പുറമേയാണ് ബി.എം.ഡബ്ല്യു. എന്നറിയപ്പെടുന്ന ബയോ മെഡിക്കല്‍ വേസ്റ്റുകളുടെ കുതിച്ചുകയറ്റം. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളിലായി ലോകത്തെമ്പാടും പകര്‍ച്ചവ്യാധികള്‍ പല വിധത്തില്‍ ഉണ്ടായത് വായനക്കാര്‍ ഓര്‍ക്കുന്നുണ്ട്. 2002-ലെ സാര്‍സ് കോവിഡും മിഡില്‍ ഈസ്റ്റ് റെസ്പിരേറ്ററി സിന്‍ഡ്രോം കൊറോണ വൈറസ് എന്നറിയപ്പെടുന്ന 2012-ലെ മെര്‍സ് കോവ് അപകടവും ഇതിനകം കുപ്രസിദ്ധമായിത്തീര്‍ന്ന കോവിഡ് 19-ന്റെ മുന്‍ഗാമികളായിരുന്നു.

വന്‍തോതിലുളള ഇത്തരം പൊതുജനാരോഗ്യ പ്രശ്‌നങ്ങള്‍ ബയോ മെഡിക്കല്‍ വേസ്റ്റിന്റെ കാര്യത്തില്‍ വലിയ കുതിച്ചുചാട്ടമാണ് ഉണ്ടാക്കിയിട്ടുളളത്. അതെത്ര മാത്രമാണെന്നു ഗൗരവമായ തരത്തില്‍ പഠിക്കാന്‍ സര്‍ക്കാരുകള്‍ പ്രാദേശികതലം മുതല്‍ സംസ്ഥാനതലത്തിലായും കേന്ദ്രതലത്തിലായാലും തയ്യാറായിട്ടില്ല എന്നതാണ് മറ്റൊരു പ്രശ്‌നം. ഇന്ത്യയില്‍ ഓരോ ദിവസവും 775 ടണ്‍ ബയോ മെഡിക്കല്‍ വേസ്റ്റ് ഉണ്ടാകുമെന്നാണു കണക്കാക്കപ്പെട്ടിട്ടുളളത്. യുണൈറ്റഡ് നാഷന്‍ എന്‍വയേണ്‍മെൻറ് പ്രോഗ്രാമിന്റെ പഠനമനുസരിച്ച് കോവ് 19 പകര്‍ച്ചവ്യാധി മൂലം ഓരോ ആശുപത്രി കിടക്കയ്ക്കും അരക്കിലോ വീതം ബയോ മെഡിക്കല്‍ വേസ്റ്റ് അധികമായി ഉല്പാദിപ്പിച്ചിട്ടണ്ട്.

കോവിഡിന്റെ പ്രഭവകേന്ദ്രമായ ചൈനയില്‍ 600% കണ്ടാണ് ബയോ മെഡിക്കല്‍ വേസ്റ്റ് കുന്നുകൂടിയത്. അതില്‍ ഏറ്റവും മോശമായ കണക്കുകള്‍ കാണുന്നത് സ്വാഭാവികമായും വുഹാന്‍ സിറ്റിയിലാണ്. ഏഷ്യന്‍ രാജ്യങ്ങളിലെ വന്‍നഗരങ്ങളില്‍ ഇന്ത്യയിലെ മുംബൈ, ഡല്‍ഹി, കൊൽക്കട്ട, ചെന്നൈ പോലെ ക്വാലലംപൂരിലും ബാങ്കോക്കിലും മനിലയിലുമെല്ലാം ഇത്തരത്തിലുളള ബയോ മെഡിക്കല്‍ വേസ്റ്റ് മാലിന്യങ്ങളുടെ കൈകാര്യം ചെയ്യപ്പെടല്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ നിലവാരത്തേക്കാള്‍ ഏറെ പുറകിലാണെന്നതും ശ്രദ്ധേയമാണ്.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളിലായി സാമ്പത്തിക വികസനത്തിന്റെ സൂചികകള്‍ സാധാരണക്കാര്‍ക്ക് പോലും പരിചിതമാണ്. ജി.ഡി.പി. ഗ്രോത്ത് റേറ്റ് ശ്രദ്ധിക്കുന്നവരാണ് സാമ്പത്തിക- ശാസ്ത്രകാര്യങ്ങളില്‍ പൊതുവേ ശ്രദ്ധിക്കാത്ത ജനങ്ങള്‍ പോലും. ഓരോ സാമ്പത്തിക വികസനത്തിന്റെയും ഘട്ടത്തില്‍, പ്രത്യേകിച്ചും കാര്‍ഷിക മേഖലയില്‍നിന്ന് വ്യാവസായിക മേഖലയിലേക്കും വ്യാവസായിക മേഖലയില്‍നിന്ന് സര്‍വീസ് മേഖലയിലേക്കും വളര്‍ച്ചയുണ്ടാകുമ്പോള്‍ വളരുന്നത് മാലിന്യം കൂടിയാണെന്ന് നയരൂപീകരണ വിദഗ്ധന്മാര്‍ ഓര്‍ക്കുന്നത് നന്നായിരിക്കും.

ഈ മാലിന്യകുതിപ്പിന്റെ കാലഘട്ടത്തില്‍ പരമ്പരാഗത മാലിന്യ സംസ്‌കരണ മാതൃകകളെ മാത്രം ആശ്രയിച്ചുകൊണ്ട് കേരളത്തിനോ ഇന്ത്യക്കോ, പ്രത്യേകിച്ചും വികസന രാജ്യങ്ങള്‍ക്കോ മുന്നോട്ടുപോകാന്‍ കഴിയുകയില്ല. ഒരു പട്ടണവും അടുത്ത പട്ടണവും തമ്മില്‍ ജനവാസമില്ലാത്ത വലിയ പ്രദേശങ്ങളുളള രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം നഗരത്തിന് പുറത്ത് ലാന്‍ഡ് ഫില്‍ എന്നറിയപ്പെടുന്ന മാലിന്യംകൊണ്ടുളള നിലംനികത്തലാണ് മാലിന്യ സംസ്‌കരണത്തിന്റെ ഒരു പ്രധാന പരമ്പരാഗത മാര്‍ഗം.

ഉറവിടത്തില്‍തന്നെ മാലിന്യം കമ്പോസ്റ്റായി സംസ്‌കരിക്കുന്നത് തീര്‍ച്ചയായും മാലിന്യത്തിന്റെ അളവ് കുറയ്ക്കുമെന്ന കാര്യത്തില്‍ സംശയമില്ല. പ്രത്യേകിച്ചും ഓര്‍ഗാനിക് വേസ്റ്റിന്റെ അഥവാ ജൈവമാലിന്യത്തിന്റെ കാര്യത്തില്‍. ഈ രണ്ടു രീതികള്‍ക്ക് പുറമേ ഉറവിടത്തിലല്ലാത്ത മാലിന്യ സംസ്‌കരണ കേന്ദ്രങ്ങളുണ്ടാക്കുക എന്നത് പരമ്പരാഗതമായ ഒരു മാതൃകയാണ്. നല്ല നിലയില്‍ ആരംഭിച്ച വിളപ്പില്‍ശാല മാലിന്യസംസ്‌കരണ കേന്ദ്രം അടച്ചുപൂട്ടേണ്ടി വന്നത് ഓർക്കുക. വലിയ ജനസമരം നടന്നതുകൊണ്ടാണ് അത്തരത്തിലൊരു തീരുമാനം സര്‍ക്കാരിന് എടുക്കേണ്ടി വന്നത്. എന്നാല്‍, വിളപ്പില്‍ ശാല അടച്ചുപൂട്ടിയപ്പോള്‍ ബ്രഹ്‌മപുരം എന്തുചെയ്യണമെന്ന് നാം ശ്രദ്ധിച്ചില്ലെന്നതാണ് യാഥാര്‍ഥ്യം.

ബ്രഹ്‌മപുരത്ത് കുന്നു കൂടിയ ലെഗസി വേസ്റ്റ് അഥവാ പരമ്പരാഗത മാലിന്യമെന്ന് പേരുളള മാലിന്യമലകള്‍ തീപിടിച്ചപ്പോഴാണ് അഞ്ചു ലക്ഷം ടണ്‍ മാലിന്യകൂമ്പാരം കൊച്ചിയിലുണ്ടെന്ന് നാം മനസ്സിലാക്കിയത്. കൊച്ചിയിലെ പ്രശ്‌നത്തിന് സമാനമായ പ്രശ്‌നങ്ങള്‍ കണ്ണൂരിലും കോഴിക്കോട്ടും ഉണ്ട്‌. തിരുവനന്തപുരത്തെ ലെഗസി വേസ്റ്റ് പ്രശ്‌നം ഏറെക്കുറേ അവസാനിച്ചിട്ടുണ്ട്. മാലിന്യം വേര്‍തിരിച്ച് പ്രത്യേകം പ്രത്യേകം ദിവസങ്ങളില്‍ സംഭരിക്കുന്ന രീതി തലസ്ഥാന നഗരിയില്‍ വലിയ അളവില്‍ വിജയിച്ചിട്ടുണ്ട് എന്നുതന്നെ പറയാം.

പക്ഷേ, അനുദിനം വര്‍ധിച്ചു കൊണ്ടിരിക്കുന്ന മാലിന്യവും മാലിന്യവര്‍ധനവിന്റെ തോതും ഇത്തരം പരമ്പരാഗത മാലിന്യ സംസ്‌കരണ പരിപാടികള്‍ പോരാ എന്ന സ്ഥിതിവിശേഷം സൃഷ്ടിച്ചിട്ടുണ്ട്. അതുകൊണ്ടാണ് മുമ്പ്‌ ഈ കോളത്തില്‍ സൂചിപ്പിച്ചതുപോലെ തെര്‍മല്‍ പ്ലാസ്മ ക്ലാസിഫിക്കേഷനെ കുറിച്ചുളള അന്വേഷണം നടത്തേണ്ടത് അനിവാര്യമാണെന്ന്‌ എടുത്തുപറയുന്നത്. നിരവധി പഠനങ്ങള്‍ ഈ വിഷയത്തില്‍ വന്നുകഴിഞ്ഞു.

അല്പം പഴയതാണെങ്കിലും Younghul Byun, Moohyuncho തുടങ്ങിയവര്‍ എഴുതിയ ലേഖനങ്ങള്‍ പ്രായോഗികമായി നടപ്പാക്കിയ തെര്‍മല്‍ പ്ലാസ്മ ക്ലാസിഫിക്കേഷന്റെ അനുഭവങ്ങള്‍ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. കൊറിയയില്‍ Cheongsong എന്ന ചെറുപട്ടണത്തില്‍ വളരെ വിജയകരമായി തെര്‍മല്‍ പ്ലാസ്മ ഗ്യാസിഫിക്കേഷന്‍
വലിയ പ്രശ്‌നങ്ങളില്ലാതെ നടന്നുവരികയാണ്. ഈ പരീക്ഷണരീതി ദക്ഷിണ കൊറിയയില്‍ മാത്രമല്ല നിരവധി രാജ്യങ്ങളില്‍ ഇന്ന് പരീക്ഷിക്കുന്നുണ്ട്. സോളിഡ് വേസ്റ്റ് ഇത്തരത്തില്‍ കൈകാര്യം ചെയ്യുന്ന ഒട്ടേറെ ജാപ്പനീസ് നഗരങ്ങളുണ്ട്. അതില്‍ ചിലതാണ് കിനോറ, മിഹാമ, ഉടാഷിനായി, ഇനീസു, കാക്കോഗാവ, ലെസുക എന്നീ നഗരങ്ങള്‍. ജപ്പാനിലെ പ്രശസ്തമായ ഒസാക്ക നഗരത്തിലും ഈ രീതി നന്നായി പരീക്ഷിക്കുന്നുണ്ട്.

യു.എസ്. നേവിയും യു.എസ്. ആര്‍മിയും അവരുടെ പ്രത്യേകമായ വേസ്റ്റുകള്‍ സംസ്‌കരിക്കുന്നതിന് ഇതേ മാര്‍ഗമാണ് ഉപയോഗിക്കുന്നത്. ഹവായിയിലെ ഹോണോലുലുവില്‍ ഇത്തരം മെഡിക്കല്‍ വേസ്റ്റ് ഭംഗിയായി സംസ്‌കരിക്കുന്നു. കഴിഞ്ഞ 20 വര്‍ഷമായി അത് നടന്നുവരികയാണ്. നോര്‍വേയില്‍ ബര്‍ഗന്‍ എന്ന പട്ടണത്തില്‍ തുകല്‍ വ്യവസായവുമായി ബന്ധപ്പെട്ടുണ്ടാകുന്ന മാലിന്യം ഏറ്റവും ഫലപ്രദമായി സംസ്‌കരിക്കപ്പെടുന്നു. ഇത്തരത്തിലുളള ധാരാളം അനുഭവങ്ങള്‍ യൂറോപ്പിലും അമേരിക്കയിലും ഏഷ്യയിലും നമ്മുടെ മുന്നില്‍ ഉണ്ടായിട്ടും എന്തുകൊണ്ടാണ് പരമ്പരാഗതമായ മാര്‍ഗങ്ങളില്‍ മാത്രം നാം കടിച്ചുതൂങ്ങുന്നത് എന്നതാണ് പ്രധാനപ്പെട്ട ചര്‍ച്ചാവിഷയം.

തെര്‍മല്‍ പ്ലാസ്മ ഗ്യാസിഫിക്കേഷന്‍ എന്താണ് എന്നത് സംബന്ധിച്ച സാങ്കേതികമായ വിശദാംശങ്ങള്‍ ഈ കുറിപ്പില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെങ്കിലും അതിനെക്കുറിച്ച് വായനക്കാര്‍ സാമാന്യമായി അറിഞ്ഞിരിക്കേണ്ടത് നല്ലതാണെന്നു തോന്നുന്നു.

1960-കളില്‍ അപ്പോളോ സ്‌പേസ് പ്രോഗ്രാം നടന്ന കാലത്താണ് സ്‌പേസ് ക്രാഫ്റ്റിന്റെ കവചങ്ങളുടെ താപപ്രതിരോധശേഷി കണ്ടുപിടിക്കുന്നതിന് പ്ലാസ്മ ടോര്‍ച്ചുകള്‍ ഉരുത്തിരിച്ചെടുത്തത്. ഇവ ഉപയോഗിച്ച് ഉയര്‍ന്ന നിലയിലുളള താപം സൃഷ്ടിക്കുകയാണ് തെര്‍മല്‍ പ്ലാസ്മ ഗ്യാസിഫിക്കേഷന്റെ അടിസ്ഥാനപരമായ മാര്‍ഗം. ഇലക്ട്രിസിറ്റിയുടെ ആവശ്യകത കൂടുതലാണെന്നത് തീര്‍ച്ചയായും ഇതിന്റെ ന്യൂനതയായി ചൂണ്ടിക്കാണിക്കാറുണ്ടെങ്കിലും പ്രശ്‌നത്തിന്റെ ഗൗരവം കണക്കിലെടുക്കുമ്പോള്‍ ഇതിന് വേണ്ടി ചെലവാക്കപ്പെടുന്ന വൈദ്യുതിയുടെ ചെലവ് നഷ്ടത്തിന്റെ കള്ളിയിലല്ല എഴുതേണ്ടതെന്നാണ് വിദഗ്ധന്മാരുടെ അഭിപ്രായം.

ഇത്തരത്തില്‍ പതിനായിരക്കണക്കിന് ഡിഗ്രി സെല്‍ഷ്യസ് ചൂടുളള ഒരു ചേംബറിലേക്ക് മുനിസിപ്പല്‍ വേസ്റ്റ് നിക്ഷേപിക്കുക എന്നതാണ് രീതി. ഈ സന്ദര്‍ഭത്തില്‍ ഒരു സങ്കര വാതകം അവിടെ ഉല്പാദിപ്പിക്കപ്പെടുന്നു. അതിന് സിന്‍ ഗ്യാസ് (syngas)എന്നാണ് പേരിട്ടിരിക്കുന്നത്. ഇത് പ്രത്യേക കുഴലുകളിലൂടെ കൊണ്ടുവന്ന് ഒരു ഇന്ധനമായി ഉപയോഗിച്ച് വിദ്യുച്ഛക്തി ഉല്പാദിപ്പിക്കാന്‍ സാധിക്കും എന്നാണ് വിജയകരമായ അനുഭവങ്ങള്‍ കാണിക്കുന്നത്. കൊറിയയിലെ നേരത്തേ സൂചിപ്പിച്ച ഈ പ്ലാന്റിലെ വിശദാംശങ്ങള്‍ ചേര്‍ക്കുന്നുണ്ട്.

ഇത്തരത്തില്‍ പ്ലാസ്മ ടോര്‍ച്ചുകള്‍ ഉപയോഗിച്ച് ചേംബറുകള്‍ ചൂടാക്കുമ്പോള്‍ അവിടെ തീയുണ്ടാകാതെ നോക്കുകയാണ് ചെയ്യുന്നത്. അതിനായി ഓക്‌സിജന്‍ സാന്നിധ്യം പരാമാവധി കുറയ്ക്കണം. ഓക്‌സിജന്റെ സാന്നിധ്യം കുറയ്ക്കുകയും നൈട്രജന്‍ പോലുളള വാതകങ്ങള്‍ ഈ ചേംബറിലേക്ക് കയറ്റിവിടുകയും ചെയ്താല്‍ കത്തല്‍ എന്ന പ്രക്രിയ ഇല്ലാതെ തന്നെ ഈ എല്ലാ അനാവശ്യ മാലിന്യങ്ങളും കത്താത്ത പൊടിയായി, കത്താത്ത ചാമ്പലായി മാറും. ഇത് ശേഖരിച്ചെടുത്ത് ചെറിയ ഇഷ്ടിക പോലുളള സംഗതികളും മറ്റു തരത്തിലുളള കണ്‍സ്ട്രക്ഷന്‍ ഉല്പന്നങ്ങളും ഉണ്ടാക്കാൻ സാധിക്കും.

ഇതില്‍നിന്നു വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ കഴിയുമെങ്കിലും അതുകൊണ്ടു മാത്രം ചെലവുകള്‍ നടക്കുമെന്ന് കരുതിക്കൂടാ. ഇന്ത്യയില്‍ നിരവധി മുനിസിപ്പാലിറ്റികള്‍ക്ക് കാല്‍ വഴുതിയത് അവിടെയാണ്. സ്വകാര്യ ഏജന്‍സികള്‍ അവരുടെ തെറ്റായ കണക്കുകൂട്ടലുകള്‍ കൊണ്ടും അമിതാവേശം കൊണ്ടും ലാഭകരമായി വിദ്യുച്ഛക്തി ഉണ്ടാക്കാമെന്ന് പറഞ്ഞ പല സ്ഥാപനങ്ങളും പൂട്ടിപ്പോയി. അതുകൊണ്ട് സോളിഡ് വേസ്റ്റ് സംസ്‌കരണത്തിന്റെ ഭാഗമായി വൈദ്യുതി ഉല്പാദിപ്പിച്ച് ലാഭമുണ്ടാക്കി പ്രവര്‍ത്തിക്കാമെന്ന് കരുതുന്നവരോടു പറയാനുളളത് അതില്‍ അപ്രായോഗികത ഉണ്ടെന്നുതന്നെയാണ്. ഇത്തരം കമ്പനികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ പ്ലാസ്മ ഗ്യാസിഫിക്കേഷന്‍ നടത്തുമ്പോള്‍ ഉണ്ടാകുന്ന വയബിലിറ്റി ഗ്യാപ്പ് സര്‍ക്കാര്‍ നല്‍കേണ്ടതാണ്.

മാലിന്യ സംസ്‌കരണത്തിന് കേന്ദ്ര, സംസ്ഥാന, തദ്ദേശ സ്ഥാപനങ്ങള്‍ വയബിലിറ്റി ഗ്യാപ് ഫണ്ട് നല്‍കുകയാണെങ്കില്‍ അതു വലിയൊരു സോഷ്യല്‍ പ്രോഫിറ്റായി മാറുമെന്ന്‌ ഓര്‍ക്കേണ്ടതാണ്. മുനിസിപ്പല്‍ സോളിഡ് വേസ്റ്റിനൊപ്പം നേരത്തേ സൂചിപ്പിച്ചതുപോലെ കോവിഡ് അനന്തര കാലഘട്ടത്തില്‍ ബയോ മെഡിക്കല്‍ വേസ്റ്റിന്റെ സംസ്‌കരണത്തിനും ഈ മാര്‍ഗം അടിയന്തരമായി ഉപയോഗപ്പെടുത്തേണ്ടതുണ്ട്.

കേരളത്തില്‍ ഐ.എം.എ. എന്ന ഡോക്ടര്‍മാരുടെ സംഘടനയാണ് ബയോ മെഡിക്കല്‍ വേസ്റ്റ് സംസ്‌കരിക്കുന്നതിനുളള ചുമതല ഏറ്റെടുത്തത്. അതിന് പാലക്കാട് അവര്‍ കണ്ടെത്തിയ സ്ഥലം ഏതാണ്ട് ഉപയോഗിച്ച് തീരുന്ന ഈ ഘട്ടത്തില്‍ പുതിയ മാര്‍ഗങ്ങള്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വലിയ അനുഗ്രഹമായി തീരും. ഐ.എം.എ. പോലുളള സ്ഥാപനങ്ങള്‍ക്കും അത്യാധുനികമായ രീതിയിലുളള ബയോ മെഡിക്കല്‍ വേസ്റ്റ് സംസ്‌കരണത്തിനുളള സഹായങ്ങള്‍ സര്‍ക്കാര്‍ ചെയ്യേണ്ടതായിട്ടുണ്ട്. ഇത് സംബന്ധിച്ച് രജനീഷ് കൗശല്‍, രോഹിത്, അമിത് കുമാര്‍ ധാക്ക എന്നിവര്‍ ചേര്‍ന്നെഴുതിയ ഏറ്റവും പുതിയ പഠന പ്രബന്ധം വളരെ വ്യക്തമായി ബയോ മെഡിക്കല്‍ വേസ്റ്റുകളുടെ പ്ലാസ്മ ഗ്യാസിഫിക്കേഷന്‍എങ്ങനെയാകണമെന്ന് വിശദീകരിച്ചിട്ടുണ്ട്.

എന്തായാലും ബയോ മെഡിക്കല്‍ വേസ്റ്റിന്റെ ഭാഗമായുണ്ടായ മാസ്‌ക് മുതല്‍ നിരവധി അധികമാലിന്യങ്ങള്‍ കൃത്യമായി സംസ്‌കരിക്കപ്പെട്ടോയെന്ന്‌ ഇനിയും നാം പരിശോധിച്ചിട്ടില്ല. മറ്റൊരു പൊതുജനാരോഗ്യ പ്രതിസന്ധി ഉണ്ടാകാതിരിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന പുതിയ കാലഘട്ടത്തില്‍ ബയോ മെഡിക്കല്‍ വേസ്റ്റ് സംസ്‌കരണം അതില്‍ തന്നെ ഒതുങ്ങുന്ന ഒരു വിഷയമല്ല.

ബ്രഹ്‌മപുരത്തെ മാലിന്യ കൂമ്പാരത്തില്‍ കോവിഡ് കാലത്ത് ഉപയോഗിച്ച ആശുപത്രികളില്‍ അല്ലാതെ ഉപയോഗിച്ച നിരവധി ടണ്‍ വേസ്റ്റ് വന്നുവീണിട്ടുണ്ടെങ്കില്‍ അത്ഭുതപ്പെടേണ്ടതില്ല. ഈ സാഹചര്യത്തില്‍ മുനിസിപ്പല്‍ സോളിഡ് വേസ്റ്റും ബയോ മെഡിക്കല്‍ വേസ്റ്റും കൈകാര്യം ചെയ്യുന്നതിന് പരമ്പരാഗത മാര്‍ഗങ്ങളെ പൂര്‍ണമായും ഉപേക്ഷിക്കാതെതന്നെ അത്യാധുനികമായ തെര്‍മല്‍ പ്ലാസ്മ ഗ്യാസിഫിക്കേഷന്‍ ഉപയോഗിക്കുന്നതിന് സര്‍ക്കാര്‍ മുന്നോട്ടുവരണമെന്ന് പറഞ്ഞുവെക്കുകയാണ്.

Content Highlights: Brahmapuram fire and outdated waste management practices in Kerala

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023


modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023

Most Commented