ബ്രഹ്‌മപുരവും 2018-ലെ പ്രളയം പോലെ സർക്കാർ നിർമ്മിത ദുരന്തമാണ് | വഴിപോക്കൻ


വഴിപോക്കൻ

പത്ത് ദിവസം പിന്നിട്ടിട്ടും ബ്രഹ്‌മപുരത്തെ പുക ഒടുങ്ങിയിട്ടില്ല. ഈ വിഷവാതകം ശ്വസിക്കുന്ന ലക്ഷക്കണക്കിന് ജനങ്ങളോട് സർക്കാരിന് എന്താണ് പറയാനുള്ളത്. കൊച്ചി കോർപറേഷനും ജില്ലാ ഭരണകൂടവും മാത്രമല്ല, പിണറായി സർക്കാർ ഒന്നടങ്കം ഉത്തരം പറയേണ്ട ദുരന്തമാണിത്.

Premium

ബ്രഹ്‌മപുരത്ത് തീ കെടുത്താൻ അഗ്നിശമന സേനയുടെ ശ്രമം | ഫോട്ടോ: വി.കെ. അജി|മാതൃഭൂമി

ഴിഞ്ഞ ദിവസം അത്യാവശ്യമായി ആലുവ റെയിൽവെ സ്റ്റേഷൻവരെ പോവേണ്ടി വന്നു. ഊബറിലായിരുന്നു യാത്ര. ഊബർ ഡ്രൈവർമാരിൽ പലരും സംസാരപ്രിയരാണ്. നമ്മൾ വെറുതെ ചെവി കൊടുത്തിരുന്നാൽ മതി. ഇത്തവണ ഡ്രൈവർ പറഞ്ഞതേറെയും ബ്രഹ്‌മപുരം തീപിടിത്തത്തെക്കുറിച്ചാണ്. എറണാകുളത്തേക്കുള്ള ഓട്ടം വല്ലാതെ കുറഞ്ഞതായി അദ്ദേഹം പരിതപിച്ചു. ഒരു നിവൃത്തിയുണ്ടെങ്കിൽ ആരും എറണാകുളത്തേക്ക് പോകുന്നില്ല. ചികിത്സയ്ക്കായിപ്പോലും കൊച്ചി നഗരത്തിലെ ആസ്പത്രികളിലേക്ക് പോകാൻ ജനത്തിന് താൽപര്യമില്ല. ''പ്രാണഭയം ആർക്കാണില്ലാത്തത്?''

ഇതെഴുതുമ്പോഴും ബ്രഹ്‌മപുരം പുകയുകയാണ്. തീയില്ലാതെ പുകയുണ്ടാവില്ല. ബ്രഹ്‌മപുരത്തെ മാലിന്യക്കൂമ്പാരത്തിന് ആരാണ് തീയിട്ടതെന്നറിയില്ല. ആ ഭാഗത്തെവിടെയെങ്കിലും സി.സി.ടി.വി. സംവിധാനം ഉണ്ടോ എന്നുമറിയില്ല. അല്ലെങ്കിൽ ഇപ്പോൾ സി.സി.ടി.വി. ഉണ്ടായിട്ടും വലിയ കാര്യമൊന്നുമില്ല. തെളിവ് ചോദിക്കുമ്പോൾ ഇടിമിന്നലിലും ഇടിവെട്ടിലുമൊക്കെ സി.സി.ടി.വികൾ കത്തിപ്പോകുന്നതും കേടാകുന്നതും ഈ നാട്ടിൽ പതിവാണ്.

അറിയാവുന്ന ഒരു കാര്യം ബ്രഹ്‌മപുരം തീപിടിത്തം സർക്കാർ നിർമ്മിതമാണെന്ന പരമസത്യമാണ്. 2015-ൽ ചെന്നൈ നഗരത്തെ വെള്ളം വിഴുങ്ങിയപ്പോൾ അവിടെയുണ്ടായിരുന്നു. രാത്രിക്ക് രാത്രിയാണ് നാടായ നാടു മുഴുവൻ മുങ്ങിയത്. മുങ്ങിയതല്ല മുക്കിയതാണെന്ന് പിന്നീട് മനസ്സിലായി. മഴ കൊടുമ്പിരിക്കൊണ്ടപ്പോൾ നഗരത്തിനടുത്തുള്ള ചെമ്പരപ്പാക്കം അണക്കെട്ടിലെ വെള്ളം തുറന്നുവിടണമായിരുന്നു. അണയിലേക്ക് ഒഴുകിയെത്തുന്നതിന്റെ ഇരട്ടി വെള്ളം തുറന്നുവിടണമെന്നാണ് കണക്ക്. വെള്ളം തുറന്നുവിടാൻ ചുമതലയുള്ള എഞ്ചിനീയർ മുകളിലേക്ക് വിളിച്ചു. മുകളിൽനിന്ന് അതിനും മുകളിലേക്ക് വിളി പോയി.

ഇത്രയും മുകളിലേക്കൊന്നും വിളിക്കേണ്ട ഒരു കാര്യവുമില്ല. കാലാവസ്ഥ പ്രവചനവും മഴയുടെ തോതും കണക്കിലെടുത്ത് സ്ഥലം എഞ്ചിനീയർക്ക് തീരുമാനിക്കാവുന്ന കാര്യമേയുള്ളു. പക്ഷേ, ഭരിക്കുന്നത് പുരട്ചി തലൈവി ജയലളിതയാണ്. എല്ലാ തീരുമാനവും പോയസ് ഗാർഡനിൽ ജയലളിതയുടെ വീട്ടിൽനിന്നു വരണം. വിളിച്ചു വിളിച്ച് ചീഫ്സെക്രട്ടറിയുടെ അടുത്തേക്ക് വിളിയെത്തി. രാത്രിയാണ്, 'അമ്മ' ഉറക്കമാണ്. അമ്മയെ ഉണർത്താൻ ആർക്കും ധൈര്യമില്ല. ജയലളിതയുടെ ആരോഗ്യനിലയെക്കുറിച്ചും ആശങ്കകളുണ്ടായിരുന്നു. അനധികൃത സ്വത്ത് സമ്പാദ്യക്കേസിൽ ശിക്ഷിക്കപ്പെട്ട് 21 ദിവസം ബെംഗളൂരുവിൽ ജയിലിൽ കിടന്ന ശേഷം ജയലളിതയുടെ ആരോഗ്യം മോശമായിരുന്നു.

മഴയ്ക്കും വെള്ളത്തിനും പക്ഷേ, ഇതൊന്നും നോക്കേണ്ട കാര്യമുണ്ടായിരുന്നില്ല. ഡിസംബർ ഒന്നിന് പാതിരാത്രി ചെമ്പരമ്പാക്കം അണയിൽനിന്ന് എത്ര വെള്ളമാണ് പുറത്തേക്കൊഴുകിയതെന്ന് ഒരു കണക്കുമില്ല. അണ തുറന്നു വിട്ടതല്ലെന്നും പൊട്ടിയതാണെന്നും റിപ്പോർട്ടുകളുണ്ട്. സത്യാവസ്ഥ സർക്കാരിന് മാത്രമേ അറിയൂ. അറിയാവുന്ന കാര്യം ഒരു നഗരത്തിന് നരകമാവാൻ അധികം സമയമൊന്നും വേണ്ടതില്ല എന്ന് മാത്രമാണ്. അന്നനുഭവിച്ച മാനസികപീഡനം പോലെ മറ്റൊന്ന് ജീവിതത്തിൽ പിന്നെയുണ്ടായിട്ടില്ല. മരണവുമായി മുഖാമുഖം നിൽക്കേണ്ടി വരുന്നവർക്കേ അത് പറഞ്ഞാൽ മതിയാവൂ.

2018-ൽ കേരളത്തിൽ പ്രളയമുണ്ടായപ്പോൾ നേരിട്ടനുഭവിക്കേണ്ടി വന്നില്ലെങ്കിലും നാട്ടിലെ വീട് മുങ്ങിപ്പോയതുകൊണ്ട് അതിനും ഇരയാവേണ്ടി വന്നു. ചെന്നൈ പ്രളയം കഴിഞ്ഞ് കുറച്ചു ദിവസം കഴിഞ്ഞപ്പോൾ മുൻ ഐ.എ.എസ്. ഓഫീസർ എം.ജി. ദേവസഹായവുമായി സംസാരിച്ചു. ദേവസഹായം ചില്ലറക്കാരനല്ല. അടിയന്തരാവസ്ഥയിൽ ജയപ്രകാശ് നാരായണനെ ഇന്ദിരാ ഭരണകൂടം അറസ്റ്റ് ചെയ്ത് ചണ്ഡീഗഡിൽ ജയിലിലാക്കിയപ്പോൾ ആ ജയിലിന്റെ ചുമതലയുണ്ടായിരുന്നത് ദേവസഹായത്തിനായിരുന്നു. അന്ന് ഇന്ദിരയുടെ മുഖ്യകിങ്കരനും ഹരിയാന മുഖ്യമന്ത്രിയുമായിരുന്ന ബൻസിലാലിന്റെ വാക്കുകൾ അവഗണിച്ച് ജെ.പിക്ക് ജയിലിൽ ആവശ്യമുള്ള സൗകര്യങ്ങളൊക്കെ ചെയ്തുകൊടുത്ത കക്ഷിയാണ് ദേവസഹായം. ചെന്നൈ പ്രളയം മനുഷ്യ നിർമ്മിതമല്ലേ എന്ന് ചോദിച്ചപ്പോൾ ദേവസഹായം പൊട്ടിത്തെറിച്ചു: ''ഞാനും നിങ്ങളും മനുഷ്യരാണ്. നമ്മളാണോ പ്രളയമുണ്ടാക്കിയത്. ഇത് സർക്കാർ നിർമ്മിത ദുരന്തമാണ്. ഭരണകൂട അലംഭാവത്തിന്റെ ഇരകളാണ് നമ്മൾ.''

ചെന്നൈയിൽ 2015-ൽ ഉണ്ടായ പ്രളയത്തിന്റെ ദൃശ്യം | ഫോട്ടോ: വി. രമേശ് \മാതൃഭൂമി

പ്രളയാനന്തരം പിണറായി

2015-ലെ പ്രളയം ചെന്നൈയിലെ മനുഷ്യർ മറന്നില്ല. 2016-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ തമിഴകത്തെ മറ്റ് ജില്ലകളിൽ വിജയം കൊയ്തപ്പോഴും ചെന്നൈയിലെ 16 സീറ്റുകളിൽ പത്തിലും ജയലളിതയുടെ പാർട്ടി പരാജയപ്പെട്ടു. 2011-ൽ ശ്രീരംഗത്തുനിന്ന് 96,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച ജയലളിതയ്ക്ക് 2016-ൽ ചെന്നൈയിലെ ആർ.കെ. നഗറിൽ 37,000 വോട്ടുകളുടെ ഭൂരിപക്ഷം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 2018-ൽ കേരളത്തിലെ പ്രളയവും സർക്കാർ നിർമ്മിതമായിരുന്നു. 2015-ലെ ചെന്നൈ പ്രളയത്തിൽനിന്ന് ഒരു പാഠവും പഠിക്കാതിരുന്ന ഒരു സർക്കാരിനാണ് 2018-ൽ പിണറായി നേതൃത്വം നൽകിയത്.

മഴ കനത്താൽ ആദ്യം ചെയ്യേണ്ടത് അണക്കെട്ടുകളിൽനിന്ന് വെള്ളം തുറന്നു വിടുകയാണ്. ചെന്നൈയിലെന്ന പോലെ കേരളത്തിലും അതുണ്ടായില്ല. വൈദ്യുതി, ജല, പൊതുമരാമത്ത് വകുപ്പുകൾ ഒരു തീരുമാനവുമെടുക്കാതെ കുത്തിയിരുന്നു. വെള്ളം തുറന്നുവിട്ടാലുണ്ടാവുന്ന വൈദ്യുതിനഷ്ടം മാത്രമായിരുന്നു ഈ വകുപ്പ് മേധാവികളുടെയും മന്ത്രിമാരുടെയും മനസ്സിൽ. ഈ വകുപ്പുകളെയൊക്കെ ഏകോപിപ്പിച്ച് തീരുമാനം വേഗത്തിലാക്കേണ്ട മുഖ്യമന്ത്രിയാവട്ടെ അവസരത്തിനൊത്ത് ഉണർന്നതുമില്ല. ഫലം ഭീകരമായിരുന്നു. കേരളം മൊത്തം തകർന്നടിഞ്ഞ ദിവസങ്ങൾ. സർക്കാരിന്റെ പിടിപ്പുകേടുകൊണ്ടു മാത്രം ജനങ്ങൾ ദുരിതക്കയത്തിലേക്ക് കൂപ്പുകുത്തി.

പ്രളയം പിണറായിയെയും ഇടത് സർക്കാരിനെയും പിടിച്ചുകുലുക്കി. അമേരിക്കയിലെ മയോ ക്ലിനിക്കിലേക്കുള്ള യാത്രപോലും മാറ്റിവെച്ച് പിണറായി സെക്രട്ടറിയേറ്റിൽ തമ്പടിച്ച് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പ്രളയത്തിന് മുമ്പുള്ള സർക്കാരിന്റെ കഴിവില്ലായ്മ പ്രളയാനന്തരമുള്ള പ്രകടനങ്ങളിൽ ജനം മറന്നു. സി.എം. എന്ന് പറഞ്ഞാൽ ശരിക്കും ക്രൈസിസ് മാനേജർ ആണെന്ന് ടെലഗ്രാഫിനെ പോലുള്ള പത്രങ്ങൾ അച്ചുനിരത്തി. പിന്നെ പ്രളയത്തിലും വലിയ ദുരന്തമായി കോവിഡ് ആഞ്ഞടിച്ചു.

ദുരന്തങ്ങളിൽ പകച്ചുപോകുന്നവർക്ക് ഒരു പിടിവള്ളി വേണം. മുഖ്യമന്ത്രി പിണറായി വിജയൻ ആയിരുന്നു ആ പിടിവള്ളി. ഏൽപിച്ച പണി മര്യാദയ്ക്ക് ചെയ്ത മന്ത്രി കെ.കെ. ശൈലജയെ മൂലയ്ക്കിരുത്തി ജനത്തെ കൈയ്യിലെടുക്കേണ്ടതെങ്ങിനെയെന്ന് പിണറായി തെളിയിച്ചു. കിറ്റും ക്ഷേമ പെൻഷനുമൊക്കെയായി പിണറായി കളം നിറഞ്ഞാടിയപ്പോൾ ജനം 2018-ലെ പ്രളയം അപ്പാടെ മറന്ന് വീണ്ടും ഇടത് സർക്കാരിനെ തിരഞ്ഞെടുത്തു.

പിണറായിയുടെ ക്രൈസിസ് മാനേജ്‌മെന്റിനെ പുകഴ്ത്തി ടെലഗ്രാഫ് ദിനപത്രത്തിൽ വന്ന വാർത്ത

ക്രൈസിസ് മാനേജർ അഥവാ സി.എം. എവിടെ?

ഇതാ ഇപ്പോൾ ബ്രഹ്‌മപുരം നിന്നു പുകയുകയാണ്. പ്രളയത്തിലും കോവിഡിലും ഭക്തർ പുകഴ്ത്തിയ ക്രൈസിസ് മാനേജരെ മഷിയിട്ട് നോക്കിയാൽ പോലും കാണാനില്ല. കഴിഞ്ഞ ഏഴ് കൊല്ലമായി കേരളം ഭരിക്കുന്നത് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാരാണ്. അതുകൊണ്ടുതന്നെ ഈ പുകയിൽ എനിക്ക് പങ്കില്ലെന്ന് പറഞ്ഞ് കൈകഴുകാൻ പിണറായിക്കാവില്ല. ഒരു കലക്ടറെ സ്ഥലം മാറ്റുന്നതുകൊണ്ട് തീരുന്ന പ്രശ്നവുമല്ല. ബ്രഹ്‌മപുരം വാസ്തവത്തിൽ രോഗമല്ല, രോഗലക്ഷണമാണ്.

തീപിടിത്തം കഴിഞ്ഞ് യോഗം ചേർന്നപ്പോൾ മുഖ്യമന്ത്രി പറഞ്ഞ രണ്ട് കാര്യങ്ങൾ പ്ലാസ്റ്റിക് മാലിന്യം ഇനിയങ്ങോട്ട് ബ്രഹ്‌മപുരത്തേക്ക് കൊണ്ടുപോവില്ലെന്നും ജൈവ മാലിന്യം കഴിയുന്നത്ര ഉറവിടങ്ങളിൽ തന്നെ സംസ്‌കരിക്കുമെന്നുമാണ്. അപ്പോൾ പിന്നെ ബ്രഹ്‌മപുരം പ്ലാന്റ് എന്തിനാണ് തുടങ്ങിയത്? കണ്ണീരുപോലെ തെളിമയാർന്നൊഴുകിയിരുന്ന രണ്ട് പുഴകൾ കടമ്പ്രയാറും ചിത്രപ്പുഴയും കാളകൂടം പോലെ വിഷലിപ്തമാക്കേണ്ട വല്ല കാര്യവും സർക്കാരിനുണ്ടായിരുന്നോ? എത്ര മനുഷ്യർക്കാണ് ബ്രഹ്‌മപുരം വിട്ട് മറു നാടുകളിലേക്ക് കുടിയേറേണ്ടി വന്നത്. അവരുടെയൊക്കെ കണ്ണീരിനും വിലാപത്തിനും എന്ത് മറുപടിയാണ് ഭരണകൂടത്തിനുള്ളത്. 2008-ൽ ഇത്തരമൊരു പ്ലാന്റ് തുടങ്ങുമ്പോൾ എന്തെങ്കിലും ദീർഘവീക്ഷണം ഇടത് സർക്കാരിനുണ്ടായിരുന്നോ?

കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന് മാലിന്യസംസ്‌കരണമാണ്. ജനസാന്ദ്രതയുള്ള ഇടങ്ങളിൽ മാലിന്യസംസ്‌കരണം എങ്ങിനെ വേണമെന്നതിനെക്കുറിച്ച് സമഗ്രമായൊരു പദ്ധതിയും കേരളം ഇതുവരെ ഭരിച്ച ഒരു സർക്കാരിനുമുണ്ടായിട്ടില്ല. അതിപ്പോൾ കോൺഗ്രസായാലും സി.പി.എമ്മായാലും ജനങ്ങളായി ജനങ്ങളുടെ പാടായി എന്ന നിലപാടാണ്. സംസ്ഥാനതലത്തിൽ മാലിന്യ സംസ്‌കരണത്തെക്കുറിച്ച് ദീർഘവീക്ഷണത്തോടെയുള്ള ഒരു പരിപാടിയും ഇതുവരെ അവതരിപ്പിക്കപ്പെട്ടിട്ടില്ല. ഹരിത കർമ്മസേന, വികേന്ദ്രീകൃത സംസ്‌കരണം എന്നൊക്കെയുള്ള വാചകക്കസർത്തുകൾ ഒഴിച്ചുനിർത്തിയാൽ ആത്യന്തികമായി സംഭവിക്കുന്നത് ഒഴിഞ്ഞുകിടക്കുന്ന പറമ്പുകളിലേക്ക് മാലിന്യസഞ്ചികൾ വലിച്ചെറിയപ്പെടുന്ന കലാപരിപാടി ഒന്നു മാത്രമാണ്.

ഭോപ്പാൽ ട്രാജഡിയുടെ നേർദൃശ്യമായി പ്രശസ്ത ഫോട്ടോഗ്രാഫർ രഘു റായ് പകർത്തിയ ചിത്രം | Photo: https://raghuraifoundation.org/bhopal/

മറക്കരുത് ഭോപ്പാൽ

1984-ലെ ഡിസംബർ മറക്കാനാവില്ല. ഭോപ്പാൽ വിഷവാതക ദുരന്തത്തിന്റെ ഓർമ്മകൾ അത്രയും നീറുന്നവയാണ്. ദുരന്തത്തിൽ മരിിച്ച ഒരു കൊച്ചുകുട്ടിയുടെ ചിത്രം ഓർക്കുന്നില്ലേ! രഘുറായ് പകർത്തിയ ചിത്രം. മണ്ണിൽ അടയ്ക്കപ്പെടുന്നതിനിടെ മുഖം മാത്രം മറയ്ക്കപ്പെടാത്ത ആ കുരുന്നിന്റെ തുറന്നിരിക്കുന്ന കണ്ണുകൾ മനസ്സിൽ നിന്നൊരിക്കലും മായില്ല. ബ്രഹ്‌മപുരം ഭോപ്പാൽ അല്ല. പക്ഷേ, രണ്ടിടത്തും ഭരണകൂടത്തിന്റെ പിടിപ്പുകേട് പകൽ പോലെ വ്യക്തമാണ്. രണ്ടിടത്തും ജനങ്ങളെ വിഷപ്പുകയ്ക്ക് ഭരണകൂടവും കമ്പനികളും എറിഞ്ഞുകൊടുക്കുകയായിരുന്നു. മിതൈൽ ഐസൊസൈനറ്റ് എന്ന കൊടിയ വിഷവാതകമാണ് ഭോപ്പാലിൽ ജനങ്ങളെ ഈയാംപാറ്റകളെപ്പോലെ കൊന്നൊടുക്കിയത്. ബ്രഹ്്മപുരത്ത് പൊടുന്നനെയുള്ള അത്യാഹിതങ്ങളുണ്ടായില്ല. പക്ഷേ, പ്ലാസ്റ്റിക് മാലിന്യം കത്തി അന്തരിക്ഷത്തിലേക്ക് വരുന്ന ഡയോക്സിൻസ്. ഫ്യുറാൻസ്, മെർക്കുറി, പോളിവിനൈൽ ക്ലോറൈഡ് എന്നിവ തലമുറകളുടെ ആരോഗ്യമാണ് തകർക്കുക.

പത്ത് ദിവസം പിന്നിട്ടിട്ടും ബ്രഹ്‌മപുരത്തെ പുക ഒടുങ്ങിയിട്ടില്ല. ഈ വിഷവാതകം ശ്വസിക്കുന്ന ലക്ഷക്കണക്കിന് ജനങ്ങളോട് സർക്കാരിന് എന്താണ് പറയാനുള്ളത്? കൊച്ചി കോർപറേഷനും ജില്ലാ ഭരണകൂടവും മലിനീകരണ നിയന്ത്രണ ബോർഡും മാത്രമല്ല, പിണറായി സർക്കാർ ഒന്നടങ്കം ഉത്തരം പറയേണ്ട ദുരന്തമാണിത്. ബ്രഹ്‌മപുരത്തെക്കുറിച്ച് മഹേഷ് മാനസ എടുത്ത ഡോക്യുമെന്ററി കഴിഞ്ഞ ദിവസമാണ് കണ്ടത്. 'Wiped Out' (തുടച്ചുനീക്കപ്പെട്ട) എന്നാണ് ഡോക്യുമെന്ററിയുടെ ശീർഷകം. നാല് കൊല്ലം മുമ്പ് എടുത്ത ഈ ഡോക്യുമെന്ററിയിൽ മഹേഷ് വിവരിക്കുന്നത് ബ്രഹ്‌മപുരം എന്ന നാടിന്റെ തിരോധാനമാണ്. സ്വസ്ഥവും സുന്ദരവുമായിരുന്ന നാടിനെ ഒരു മാലിന്യനിർമ്മാർജ്ജന സംസ്‌കരണകേന്ദ്രം ഇല്ലാതാക്കിയതിന്റെ ചിത്രം.

ബ്രഹ്‌മപുരം കൊച്ചിയോടും കേരളത്തോടും എന്താണ് പറയുന്നതെന്ന് പക്ഷേ, ഒരു ഭരണകൂടവും ശ്രദ്ധിച്ചില്ല. ആയിരക്കണക്കിന് കോടികൾ മറിയുന്ന വികസന പദ്ധതികൾക്ക് വേണ്ടി ജനത്തെ അടിച്ചൊതുക്കുന്നതിനിടയിൽ ബ്രഹ്‌മപുരം ശ്രദ്ധിക്കപ്പെടണമെങ്കിൽ ഒരു വൻദുരന്തം തന്നെ വേണ്ടിവരുന്നു. ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ എന്തുകൊണ്ട് മുൻ ആരോഗ്യ മന്ത്രി കെ.കെ. ശൈലജയെ കളത്തിലിറക്കിയില്ല എന്ന ചോദ്യം ചോദിക്കാതിരിക്കാനാവില്ല. മനുഷ്യപ്പറ്റുള്ള ഒരു രാഷ്ട്രീയ നേതാവാണ് ഇത്തരം ഘട്ടങ്ങളിൽ മുൻനിരയിൽ നിൽക്കേണ്ടത്. നിപ്പയും കോവിഡും പോലുള്ള ദുരന്തങ്ങൾ കൈകാര്യം ചെയ്തതിന്റെ അനുഭവസമ്പത്ത് എന്തുകൊണ്ടാണ് പിണറായി സർക്കാർ കണ്ടില്ലെന്ന് നടിക്കുന്നത്?

ജനീവയിലെ മാലിന്യ സംസ്‌കരണ പ്ലാന്റ് സന്ദർശിക്കുന്ന പിണറായി വിജയൻ | ഫോട്ടോ: വീഡിയോഗ്രാബ്

മരുമോനും മകനും വീതം വെയ്ക്കുമ്പോൾ

വ്യക്തമായ ഒരു മാലിന്യനിർമ്മാർജ്ജന, സംസ്‌കരണപദ്ധതിയും കേരളത്തിലില്ല. കേരളത്തിലെ ഭരണാധികൾ ഒരു തരത്തിലുള്ള ഉത്തരവാദിത്തവും ഏറ്റെടുക്കാത്ത മേഖലയാണ് മാലിന്യ സംസ്‌കരണം. നമ്മുടെ തോടുകളും പുഴകളും ഒന്നു നോക്കിയാലറിയാം മാലിന്യത്തിന്റെ ആഴവും പരപ്പും. കേരളത്തിൽ ഇന്നിപ്പോൾ മനസ്സമാധാനമായി ഒന്നിറങ്ങി കുളിക്കണമെങ്കിൽ സൈലന്റ് വാലിയിലെ കുന്തിപ്പുഴയിലേക്ക് പോകേണ്ട അവസ്ഥയാണ്. ഭാരതപ്പുഴയിലോ പെരിയാറിലോ ഒന്നു തല മുങ്ങി നിവരാൻ ജീവനിൽ കൊതിയുള്ള ഒരു മലയാളിക്കും കഴിഞ്ഞെന്നു വരില്ല. ഒരു പുഴയിലേക്കും ആരും രണ്ടു പ്രാവശ്യം ഇറങ്ങുന്നില്ലെന്ന് പറഞ്ഞത് ഗ്രീക്ക് ചിന്തകനായ ഹെരാക്ലിറ്റസാണ്. പുഴ ഒഴുകുകയാണ്. ഓരോ തവണ നമ്മൾ ഇറങ്ങുമ്പോഴും അതുകൊണ്ടുതന്നെ പുതിയൊരു പുഴയിലേക്കാണ് നമ്മൾ ഇറങ്ങുന്നത്.

കേരളത്തിൽ പക്ഷേ, ഇന്നിപ്പോൾ പല പുഴകളിലും ഒഴുക്ക് നന്നേ കുറവാണ്. അതുകൊണ്ട് ഒരേ പുഴയിലേക്ക് തന്നെയാണ് നമ്മൾ ഇവിടെ ഇറങ്ങിക്കൊണ്ടിരിക്കുന്നത്.അടുത്തിടെ ആലപ്പുഴയ്ക്ക് പോയപ്പോൾ അവിടെയുള്ള ഒരു സുഹൃത്തിന്റെ വീട്ടിൽ കയറി. കായലിനടുത്തുള്ള വീടാണ്. വർത്തമാനത്തിനിടയിൽ അവിടത്തെ അമ്മച്ചി പറഞ്ഞ ഒരു കാര്യം അവിടെയൊന്നും ആരുമിപ്പോൾ കായലിലിറങ്ങി കുളിക്കാറില്ലെന്നായിരുന്നു. കാരണം കായൽ അത്രയേറെ മലിനമാണ്. ഇക്കാണുന്ന ഹൗസ് ബോട്ടുകളിലെയൊക്കെ മാലിന്യം ഈ കായലുകളിലേക്കല്ലാതെ വേറെയെങ്ങോട്ടാണ് പോവുന്നതെന്നാണ് അമ്മച്ചി ചോദിച്ചത്. നെതർലന്റ്സിൽ പോയി പുഴയ്ക്കൊരു മുറി എന്ന ആശയവുമായി തിരിച്ചുവന്നവരാണ് മുഖ്യമന്ത്രിയും സഹപ്രവർത്തകരും. പുഴയ്ക്കൊരു മുറി കൊടുത്തില്ലെങ്കിലും ലേശം വൃത്തി കൊടുക്കാൻ പറ്റിയാൽ എത്ര നന്നായിരുന്നു.

മാലിന്യസംസ്‌കരണം എങ്ങിനെ നടത്തണമെന്നറിയാൻ യൂറോപ്പിലോ ക്യൂബയിലോ പോകേണ്ട കാര്യമില്ല. നമ്മുടെ തിരുപ്പതിയിലേക്കൊന്നു പോയാൽ മാലിന്യസംസ്‌കരണത്തിൽ ചില പ്രാഥമിക പാഠങ്ങൾ കിട്ടും. കഴിഞ്ഞ അഞ്ച് വർഷമായി ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി തിരഞ്ഞെടുക്കപ്പെടുന്നത് മദ്ധ്യപ്രദേശിലെ ഇൻഡോർ ആണ്. പ്രതിദിനം 1,900 ടൺ മാലിന്യമാണ് ഇവിടെ സംസ്‌കരിക്കപ്പെടുന്നത്. ഇൻഡോറിലെ മാലിന്യ സംസ്‌കരണ പ്ലാന്റുകളിൽ നിന്നുള്ള ബയോഗ്യാസ് ഉപയോഗിച്ച് നിത്യേന 150 ബസുകൾ സർവ്വീസ് നടത്തുന്നു. മനസ്സുണ്ടെങ്കിൽ വഴിയുമുണ്ടെന്ന് പറയുന്നത് വെറുതെയല്ല. മാലിന്യ സംസ്‌കരണം എന്ന് പറയുന്നത് റോക്കറ്റ് സയൻസൊന്നുമല്ല. നേതാവിന്റെ മരുമോനും മകനും വീതംവെച്ചു കൊടുക്കുന്ന കലാപരിപാടിയാവുമ്പോഴാണ് മാലിന്യ സംസ്‌കരണം ദുരന്തമാവുന്നത്.

കേരളത്തെ വളർത്താൻ രണ്ട് ലക്ഷം കോടി രൂപയുടെ സിൽവർ ലൈൻ പദ്ധതി കൊണ്ടുവരുന്നവർ അതിന്റെ ഒരംശം ചെലവിട്ട് മാലിന്യ സംസ്‌കരണത്തിന് ഇറങ്ങിത്തിരിക്കാത്തതിന് ഒരു കാരണമേയുള്ളു. അഴിമതിക്കുള്ള സാദ്ധ്യത മാലിന്യ സംസ്‌കരണ പദ്ധതിയിൽ ഏതാനും കോടികളിൽ ഒതുങ്ങുമ്പോൾ സിൽവർലൈൻ തുറന്നിടുന്നത് ഒരു റിയൽ എസ്റ്റേറ്റ് സ്വർണ്ണഖനിയാണ്. പത്തു കൊല്ലം തുടർച്ചയായി ഭരിച്ച മുഖ്യമന്ത്രി എന്ന ചരിത്രമാണ് പിണറായിയെ കാത്തിരിക്കുന്നത്. പക്ഷേ, പത്തുെ കാല്ലത്തിനൊടുവിൽ ഉയർത്തിപ്പിടിക്കാൻ എന്ത് ഭരണ നേട്ടമാണ് പിണറായിക്കുണ്ടാവുക എന്നറിയില്ല.

കറുപ്പിനും പ്രതിഷേധങ്ങൾക്കുമെതിരെ നടത്തിയ പടയോട്ടങ്ങൾ, പാർട്ടിയെയും ഭരണകൂടത്തെയും ഒരുപോലെ ചൊൽപ്പടിയിൽ നിർത്തിയ നേതാവെന്ന പെരുമ എന്നിവ മതിയെങ്കിൽ പിണറായിക്ക് പേടിക്കേണ്ടതില്ല. എന്നാൽ ജനങ്ങളുടെ മനസ്സും ഭാവനയും പിടിച്ചെടുത്ത എന്തെങ്കിലും പദ്ധതി മുന്നോട്ടുവെയ്ക്കാനാവണമെങ്കിൽ മാലിന്യമുക്ത കേരളം പോലൊരു ലക്ഷ്യം വേറെയില്ല. ഊരിപ്പിടിച്ച വാളുകൾക്കിടയിലൂടെ നടന്നുപോകുന്ന പഴയ പിണറായിയെല്ല, ശുദ്ധവായു ശ്വസിക്കാൻ കഴിയുന്ന ഒരു നാടിനെ സൃഷ്ടിക്കാൻ കഴിയുന്ന പുതിയ പിണറായിയെയാണ് സമകാലിക കേരളം ആവശ്യപ്പെടുന്നത്.

വഴിയിൽ കേട്ടത്: അഹമ്മദാബാദിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി മോദിക്ക് ബി.സി.സി.ഐ. സെക്രട്ടറി ജെയ് ഷാ മോദിയുടെ തന്നെ ചിത്രം സമ്മാനിച്ചു. വാസ്തവത്തിൽ ജെയ് ഷാ അല്ല മോദി തന്നെ മോദിക്ക് സ്വന്തം ചിത്രം നൽകിയിരുന്നെങ്കിൽ കൂടുതൽ അർത്ഥവത്താകുമായിരുന്നു. അഹം ബ്രഹ്‌മാസ്മി (ഞാൻ ബ്രഹ്‌മമാണ്‌), തത്വമസി (അത് നീയാണ്) എന്നൊക്കെ കേട്ടിട്ടില്ലേ!

Content Highlights: Brahmapuram Disaster, Kochi Waste Management Project, Pinarayi Vijayan, Vazhipokkan

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Rahul Gandhi Kapil Sibal

1 min

വിധി വിചിത്രം; രാഹുല്‍ അയോഗ്യനായിക്കഴിഞ്ഞെന്ന് കപില്‍ സിബല്‍

Mar 24, 2023


lilly thoms
Premium

5 min

രാഹുലിന്റെ 'വിധി'ക്കുപിന്നിലെ മലയാളി, ആദ്യ നിയമ ബിരുദാനന്തരബിരുദക്കാരി; ചില്ലറക്കാരിയല്ല ലില്ലിതോമസ്

Mar 25, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022

Most Commented