കറുപ്പ് കണ്ട് വിറളി പിടിക്കുന്ന സി.പി.എം. | പ്രതിഭാഷണം


സി.പി.ജോണ്‍സ്വപ്‌ന കരുതിയതുപോലെ സ്വപ്‌ന സംരക്ഷിക്കപ്പെട്ടില്ല. എന്നാല്‍, ഐ.എ.എസ്. ഉദ്യോഗസ്ഥനായ ശിവശങ്കരന്‍ സംരക്ഷിക്കപ്പെട്ടു. ശിവശങ്കരന്‍ സംരക്ഷിക്കപ്പെട്ടതിന് ശേഷമാണ് സ്വപ്‌നയുടെ വെളിപ്പെടുത്തലുകള്‍ തുടങ്ങിയതെന്നത് ശ്രദ്ധേയമായ കാര്യമാണ്. 

സ്വപ്ന സുരേഷ് അംഗരക്ഷകരോടൊപ്പം എറണാകുളത്തെ വക്കീൽ ആർ കൃഷ്ണരാജിന്റെ വസതിയിൽ എത്തിയപ്പോൾ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

കെട്ടടങ്ങിയെന്ന് പലരും കരുതിയിരുന്ന സ്വര്‍ണക്കടത്ത് കേസ് സ്വപ്‌ന സുരേഷിന്റെ കോടതിയിലെ മൊഴിയോടെ വീണ്ടും ആളിക്കത്തുകയാണ്. അന്വേഷണ ഏജന്‍സികള്‍ പ്രതികളെ ചോദ്യം ചെയ്യുമ്പോള്‍ നല്‍കുന്ന മൊഴി കോടതിയില്‍ മാറ്റിപ്പറയാന്‍ അവര്‍ക്ക്‌ അവകാശമുണ്ട്. പക്ഷേ, ഇങ്ങനെ മാറ്റിപ്പറയാതിരിക്കണമെങ്കില്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ സി.ആര്‍.പി.സി. 164-ാം വകുപ്പ് അനുസരിച്ച് മൊഴി രേഖപ്പെടുത്തണം. ഇത്തരത്തില്‍ സ്വര്‍ണ കളളക്കടത്ത് കേസ് അന്വേഷിക്കുന്ന ഏജന്‍സികളാണ് മജിസ്‌ട്രേറ്റിന് മുന്നില്‍ സ്വപ്‌നയെകൊണ്ട് ഇനി മാറ്റി പറയാന്‍ സാധിക്കില്ലാത്ത വിധം മൊഴി കൊടുപ്പിച്ചിരിക്കുന്നത്. വാസ്തവത്തില്‍ പ്രതികളെ കൂടുതല്‍ അപകടത്തിലാക്കുന്നവയാണ് ഇത്തരം മൊഴിയെടുക്കല്‍. വിചാരണവേളയില്‍ അവരുടെ വക്കീലിന് ഇതില്‍ ഉറച്ചുനില്‍ക്കേണ്ടതായിട്ട് വരും. പക്ഷേ, ഇവിടെ സ്വപ്ന കൊടുത്ത മൊഴി അലട്ടുന്നത് സ്വപ്‌നയെയല്ല, മറിച്ച് മുഖ്യമന്ത്രി അടക്കമുളള സമുന്നത നേതാക്കളെയാണ്.

സ്വപ്‌നയുടെ മൊഴിയില്‍ കേരള മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും കടന്നുവന്നിരിക്കുന്നു എന്ന വാര്‍ത്ത ഞെട്ടലോടു കൂടിയാണ് കേരളം കേട്ടത്. ഇതിന് മുമ്പെല്ലാം ഉണ്ടായിരുന്ന അഭ്യൂഹങ്ങള്‍ കൃത്യമായ ഒരു രേഖയായി കോടതിയുടെ മുന്നില്‍ വരുന്നതോടുകൂടി അതിനെ നിഷേധിക്കുകയും അതിന് മറുപടി പറയുകയും ചെയ്യേണ്ടിയിരുന്ന കേരള സര്‍ക്കാരും സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന സി.പി.എമ്മും പകച്ചു നില്‍ക്കുന്നതായിട്ടാണ് ജനങ്ങള്‍ക്ക് തോന്നിയത്.

തൃക്കാക്കര തിരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ, അവരെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിതമായ പരാജയം ഉണ്ടാക്കിയ ഞെട്ടല്‍ മാറുന്നതിന് മുമ്പാണ് സ്വപ്‌ന സുരേഷ് വെടിപൊട്ടിച്ചത്. തുടര്‍ന്ന് സ്വാഭാവികമായും പ്രതിപക്ഷ കക്ഷികള്‍ തെരുവിലിറങ്ങി. പക്ഷേ, മുഖ്യമന്ത്രി ഇപ്പോഴും അതിനെ കുറിച്ച് ഒരക്ഷരം പറഞ്ഞിട്ടില്ല.

മുഖ്യമന്ത്രിയുടെ യാത്രകള്‍ക്കും പരിപാടികള്‍ക്കും മുന്നില്‍ കരിങ്കൊടി കാണിക്കാന്‍ യു.ഡി.എഫ്. കക്ഷികളും, പ്രത്യേകിച്ച് യൂത്ത് കോണ്‍ഗ്രസും മുന്നിട്ടിറങ്ങി. ഇതില്‍ അസ്വാഭാവികമായി എന്തെങ്കിലും ഉണ്ടെന്ന് ആരും കരുതുന്നില്ല. അപ്പോഴാണ് പകച്ചുനിന്ന സി.പി.എം. കരിങ്കൊടി തന്നെ അപകടമാണ് എന്ന സിദ്ധാന്തം ചമച്ചത്. രാജാവിനേക്കാള്‍ വലിയ രാജഭക്തി കാണിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്മാര്‍ മാധ്യമപ്രവര്‍ത്തകര്‍ പോലും കറുത്ത മാസ്‌ക് ധരിച്ച് യോഗങ്ങളില്‍ പങ്കെടുക്കരുത് എന്ന് വിലക്കി. കറുത്ത ഷര്‍ട്ടും കറുത്ത ഉടുപ്പും കേരളത്തില്‍ വിലക്കുളള വസ്ത്രങ്ങളായി മാറി. ഈ വിലക്കുകള്‍ പ്രതിഷേധത്തെ ശക്തിപ്പെടുത്തുകയാണ് ചെയ്തത്.

ഒടുവില്‍ മുഖ്യമന്ത്രി തന്നെ കറുപ്പിന് ഒരു വിലക്കും കല്പിച്ചിട്ടില്ലെന്ന് പറയേണ്ടി വന്നു. പക്ഷേ, ഇതിനിടയില്‍ ഇടതുമുന്നണി കണ്‍വീനറായ ഇ.പി. ജയരാജന്‍ എന്തിനാണ് കറുത്ത മാസ്‌ക് തന്നെ ധരിക്കുന്നത്, എന്തിനാണ് കറുത്ത ഷര്‍ട്ട് തന്നെ ധരിക്കുന്നത് എന്നീ ചോദ്യങ്ങളുന്നയിച്ചത് മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് ശേഷവും ഒരു വാര്‍ത്താ അവശിഷ്ടമായി കിടക്കുകയാണ്.

എന്തു പറ്റി സി.പി.എമ്മിന്? ഇതാണ് എല്ലാവരുടേയും ചുണ്ടിലുളള ചോദ്യം. സി.പി.എമ്മിന്റെ ശത്രുക്കളുടെയും മിത്രങ്ങളുടെയും ചുണ്ടില്‍ ഇതേ ചോദ്യമുണ്ട്. അതിനിടയിലാണ് പിണറായി വിജയന്‍ കണ്ണൂരില്‍നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ഫ്‌ളൈറ്റ് നിലംതൊട്ടതിന് ശേഷം രണ്ടു യൂത്ത് കോണ്‍ഗ്രസുകാര്‍ 'പ്രതിഷേധം, പ്രതിഷേധം' എന്ന മുദ്രാവാക്യം മുഴക്കിയത്. ഫ്‌ളൈറ്റിന്റെ വാതില്‍ തുറന്നാല്‍ അത് വിമാനത്താവളത്തിന്റെ ഭാഗമാണ്. ഫ്‌ളൈറ്റ് വാതില്‍ അടച്ച് അത് പറന്നുയരുന്നതോടെ അവിടെ അധികാരം പൈലറ്റിനാണ്. മുഖ്യമന്ത്രി പുറത്തേക്ക് ഇറങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് ഈ മുദ്രാവാക്യം വിളി. അപ്പോഴാണ് പ്രകോപിതനായ ഇ.പി. ജയരാജന്‍ മുദ്രാവാക്യം വിളിച്ചവരെ കടന്നാക്രമിച്ചത്. മുദ്രാവാക്യം വിളിച്ചതും കടന്നാക്രമിച്ചതും ഇന്ന് കോടതിയുടെയും അന്വേഷണത്തിന്റെയും പരിധിയിലാണ്. പക്ഷേ, ഇവിടെയും പ്രശ്‌നം നിയമങ്ങളുടേതല്ല. എന്തിന് ഇടതുമുന്നണി നേതാക്കള്‍ പ്രതിഷേധത്തെ ഭയക്കുന്നു എന്നതാണ്‌? പ്രതിഷേധങ്ങളുടെ അച്ചില്‍ വാര്‍ത്തവരല്ലേ ഇന്ന് പ്രതിഷേധത്തെ അപലപിക്കുന്നവര്‍?

സി.പി.എമ്മില്‍നിന്ന് പുറത്താക്കപ്പെട്ട എം.വി.ആര്‍. അഞ്ചു വര്‍ഷം കഴിയുമ്പോഴേക്കും സഹകരണ മന്ത്രിയായത് അക്കാലത്ത് സി.പി.എമ്മിന് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കി. അദ്ദേഹത്തിനെതിരേ നടന്ന കരിങ്കൊടി പ്രകടനങ്ങളും പ്രതിഷേധങ്ങളും ഒടുവില്‍ കൂത്തുപറമ്പ് വെടിവെപ്പിലാണ് കലാശിച്ചത്. അന്നതിനെയെല്ലാം ന്യായീകരിച്ചവരാണ് സി.പി.എമ്മിന്റെ നേതാക്കള്‍. ഇന്നത്തെ മുഖ്യമന്ത്രിയായിരുന്നു അന്ന് സി.പി.എമ്മിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി. അതിനു ശേഷവും അദ്ദേഹത്തിനെതിരേ ആക്രമണം നടന്നു. 1995 ജനുവരി ഒന്നിന് എം.വി.ആര്‍. കയറിയ തീവണ്ടി തിരുവനന്തപുരത്ത് നിന്ന് എറണാകുളമെത്തുന്നത് വരെ എറിഞ്ഞുപൊളിച്ചു. യാത്രക്കാര്‍ പരിഭ്രാന്തരായി അങ്ങോട്ടും ഇങ്ങോട്ടും അര്‍ധരാത്രി കിടന്നോടി. ഇതുകണ്ട എം.വി.ആര്‍. എറണാകുളത്ത് ഇറങ്ങി കാറില്‍ കണ്ണൂരിലേക്ക് പോവുകയാണ് ചെയ്തത്. അത്രയും തീക്ഷ്ണമായ സമരങ്ങള്‍ നയിച്ച സി.പി.എമ്മാണ് ഇന്ന് ഒരു കുടശ്ശീല കാണുമ്പോഴേക്കും പരിഭ്രാന്തരാകുന്നത്. അതെന്തുകൊണ്ടാണെന്നാണ് എല്ലാവരും ഉന്നയിക്കുന്ന ചോദ്യം. 86 ല്‍ ആണ് ഡി.വൈ.എഫ്.ഐ. മന്ത്രിമാരെ വഴിയില്‍ തടയുക എന്ന സമരരീതി കേരളത്തിന് പരിചയപ്പെടുത്തിയത്. അന്ന രണ്ട് ഡി.വൈ.എഫ്.ഐ.ക്കാര്‍ കൊല്ലപ്പെട്ടു എന്നുകൂടി ഓര്‍ക്കണം

അടിയന്തരാവസ്ഥ കഴിഞ്ഞ് ഇന്ദിര ഗാന്ധി കേരളത്തില്‍ വന്നപ്പോള്‍ അവര്‍ പധാനമന്ത്രി അല്ലാതിരുന്നിട്ടുകൂടി സി.പി.എം.കരിങ്കൊടി കാട്ടിയിരുന്നു. എന്റെ ജന്മനാടായ കുന്നംകുളത്ത് കരിങ്കൊടി കാണിക്കുന്നിന് നേതൃത്വം കൊടുത്തത് എസ്.എഫ്.ഐ. പ്രവര്‍ത്തകനെന്ന പേരില്‍ ഞാനായിരുന്നു. സ്വാതന്ത്ര്യ സമരകാലത്താണ് സൈമണ്‍ കമ്മിഷന്റെ സന്ദര്‍ശനവേളയില്‍ കരിങ്കൊടി പ്രകടനങ്ങള്‍ വലിയൊരു രാഷ്ട്രീയ രൂപമായത്. തുടര്‍ന്നങ്ങോട്ട് ഭരണാധികാരികളോട് സമാധാനപരമായി പ്രതിഷേധിക്കാനുളള സാഹസികമായ ഒരു പ്രതിഷേധ രീതിയായി കരിങ്കൊടി മാറി. പക്ഷേ ആധുനിക കാലത്ത് കറുപ്പ് മര്‍ദിതന്റെ പര്യായപദമാണ്. ബ്ലാക്ക് ലൈഫ് മാറ്റേഴ്‌സ് എന്ന അമേരിക്കയിലുയര്‍ന്ന പ്രസ്ഥാനം ട്രംപിന്റെ കസേര തെറിപ്പിച്ച കാരണങ്ങളില്‍ പ്രധാനമായിരുന്നു. ഇന്ത്യയില്‍ കറുപ്പ് വിരോധം ദലിത് വിരുദ്ധ വംശീയതയുടെ ഭാഷ കൂടിയാണ്. നിങ്ങളെന്റെ കറുത്തമക്കളെ ചുട്ടുകൊന്നില്ലേയെന്ന കടമ്മന്നിട്ടയുടെ വരികള്‍ കേരളത്തിന്റെ കാമ്പസുകളെ ഇളക്കി മറിച്ചിരുന്നു. ഈ കറുപ്പു കാണുമ്പോഴേക്കും ചുവപ്പു കണ്ട കാള എന്നുപറയുന്നതുപോലെ കറുപ്പു കണ്ട സി.പി.എം. എന്തിനാണ് വിറളി പിടിച്ചതെന്ന് മനസ്സിലാക്കാന്‍ കഴിയുന്നില്ല. ഇത്തരം വിറളി പിടിക്കലിന്റെയും പൊടുന്നനെയുളള നീ ജെര്‍ക്ക് (knee jerk) റിയാക്ഷന്റെയും പിന്നില്‍ സ്വപ്‌ന പറഞ്ഞ കാര്യങ്ങളുടെ ഉളളടക്കത്തിലെ വസ്തുതകള്‍ തന്നെയാണെന്ന് പലരും സംശയിക്കുന്നു.

പക്ഷേ, സ്വപ്‌ന എന്ന പ്രതിയുടെ വാക്കുകളെ അതേപടി വിശ്വസിക്കാന്‍ ഞാന്‍ കൂട്ടാക്കുന്നില്ല. പ്രതികള്‍ രക്ഷപ്പെടുന്നതിന് വേണ്ടി എന്തും പറയാറുണ്ട്. അങ്ങനെ പറഞ്ഞ കൂട്ടത്തില്‍ മുഖ്യമന്ത്രിക്കെതിരേ പറഞ്ഞാല്‍ രക്ഷപ്പെടാമെന്നും അവരുടെ വക്കീലന്മാര്‍, അവരുടെ സുഹൃത്തുക്കള്‍ പറഞ്ഞിട്ടുണ്ടായിരിക്കാം. പ്രതിയുടെ പ്രസ്താവനകളെ ആശ്രയിച്ചു കൊണ്ടല്ല പ്രതിപക്ഷം ഇവിടെ മുന്നോട്ടുപോകുന്നത്, മറിച്ച് കഴിഞ്ഞ രണ്ടു വര്‍ഷക്കാലമായി സ്വപ്‌ന സുരേഷും മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും നടത്തിയ നീണ്ട, വഴിവിട്ട പ്രവര്‍ത്തനങ്ങളുടെ പരിണിതഫലമായാണ് സ്വപ്‌നയുടെ മൊഴിയെ കാണേണ്ടത്.

സ്വപ്‌ന പ്രതീക്ഷിച്ചതുപോലെ സ്വപ്‌ന സംരക്ഷിക്കപ്പെട്ടില്ല. എന്നാല്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ ശിവശങ്കരന്‍ സംരക്ഷിക്കപ്പെട്ടു. ശിവശങ്കരന്‍ സംരക്ഷിക്കപ്പെട്ടതിന് ശേഷമാണ് സ്വപ്‌നയുടെ വെളിപ്പെടുത്തലുകള്‍ തുടങ്ങിയതെന്നത് ശ്രദ്ധേയമായ കാര്യമാണ്.

ശിവശങ്കരന്‍ ഒരു ഗ്രന്ഥകാരനാവുകയും ആ ഗ്രന്ഥം ചൂടപ്പം പോലെ വിറ്റഴിയുകയും ചെയ്തപ്പോള്‍ എന്തുകൊണ്ട് ശിവശങ്കരന് കിട്ടിയ പ്രൊട്ടക്ഷന്‍ തനിക്ക് കിട്ടാത്തത് എന്ന ചോദ്യത്തില്‍ നിന്നാണ് സ്വപ്‌നയുടെ രോഷപ്രകടനങ്ങള്‍ ആരംഭിക്കുന്നത്. ഇന്നത്തെ പൊതുമണ്ഡലത്തിലെ സ്വപ്‌നയുടെ പ്രസ്താവനകളെ അപ്പാടെ തള്ളിക്കളഞ്ഞാല്‍ത്തന്നെ കളളക്കടത്തുപ്രശ്‌നത്തില്‍ സര്‍ക്കാര്‍ മറുപടി പറയേണ്ട നിരവധി ചോദ്യങ്ങള്‍ നമ്മുടെ മുന്നില്‍ തെറിച്ചുനില്‍ക്കുന്നുണ്ട്. ഈ കുറിപ്പില്‍ അതോര്‍മിപ്പിക്കാനാണ് പ്രധാനമായും ആഗ്രഹിക്കുന്നത്.

ആരാണ് സ്വപ്‌ന?

പലരും ചിത്രീകരിക്കുന്നത് പോലെ സ്വപ്‌ന സംഘ പരിവാറിന്റെ ചില ഫ്രിഞ്ച് ഗ്രൂപ്പുകളുടെ കൈയിലെ കളിപ്പാവ ആയിരുന്നില്ല. മറിച്ച് സ്വപ്‌ന കേരള സര്‍ക്കാരിന്റെ ഔദ്യോഗിക പ്രതിനിധി ആയിരുന്നു. തിരുവനന്തപുരത്തെ യു.എ.ഇ. കോണ്‍സുലേറ്റില്‍ ഉദ്യോഗസ്ഥ ആയിരിക്കുമ്പോൾതന്നെ ഏതാണ്ട് രണ്ടര ലക്ഷം രൂപ ശമ്പളത്തിന് കേരള സര്‍ക്കാരാണ് ഒരു ഏജന്‍സിയുടെ സഹായത്തോടെ സ്വപ്നയെ നിയമിക്കുന്നത്. ഈ തസ്തികയില്‍ സ്വപ്‌ന നിരവധി മാസങ്ങള്‍ പണിയെടുത്തിട്ടുണ്ട്. ഇതെങ്ങനെ സംഭവിച്ചുവെന്ന് സി.പി.എം. ഇനിയും മറുപടി പറഞ്ഞിട്ടില്ല. ഇതിന്റെ ഉത്തരവാദി ആരാണ് എന്നും പറഞ്ഞിട്ടില്ല.

പക്ഷേ ഇതിനെല്ലാം ഉത്തരവാദിയായ ശിവശങ്കരനെ സസ്‌പെന്‍ഡ് ചെയ്തു എന്ന് ന്യായീകരിക്കാമായിരുന്നു. ആ ശിവശങ്കരന്‍ ഇന്ന് കേരളത്തിലെ പ്രധാനപ്പെട്ട ഐ.എ.എസ്. ഉദ്യോഗസ്ഥന്മാരില്‍ ഒരാളാണ്. അപ്പോള്‍ ആരാണ് സ്വപ്‌നയുടെ തെറ്റായ നിയമനത്തിന്റെ ഉത്തരവാദി?

രണ്ടാമതായി, സ്വപ്‌ന വാങ്ങിച്ച ശമ്പളം കേരള സര്‍ക്കാരിന്റേതാണ്. ഈ ശമ്പളം ആരില്‍ നിന്നാണ് പിടിച്ചെടുക്കണ്ടതെന്ന് സി.പി.എമ്മും കേരള സര്‍ക്കാരും പറയണം. സ്വപ്‌ന എന്ന കളളക്കടത്തുകാരിക്ക് ഇത്തരത്തിലുളള തൊഴിലിന് ആവശ്യമായ യാതൊരു ബിരുദങ്ങളുമുണ്ടായിരുന്നില്ല. ഉണ്ടായിരുന്ന ബിരുദങ്ങള്‍ തന്നെ വ്യാജമായിരുന്നു. അതുകൊണ്ടുതന്നെ സ്വപ്നയെ സംഘപരിവാറിന്റെ കൂട്ടുകാരിയായി കാണുന്ന സി.പി.എം. സ്വപ്‌ന എങ്ങനെ മുഖ്യമന്ത്രിയുടെ ഓഫീസിനോട് ചേര്‍ന്ന സ്ഥാപനത്തിലേക്ക് കളളക്കടത്ത് ചെയ്യപ്പെട്ടു എന്ന് ആദ്യം വ്യക്തമാക്കേണ്ടതായിട്ടുണ്ട്.

ഇതിനിടയിലാണ് സ്വര്‍ണകളളക്കടത്ത് പൊട്ടിവീഴുന്നത്. ഇന്നത്തേതിലും വലിയ കോലാഹലം അന്നുണ്ടായിരുന്നു. ഇന്ന് സ്വപ്നയെ തളളിപ്പറയുന്ന സി.പി.എമ്മും കേരള സര്‍ക്കാരും മറുപടി പറയേണ്ട ചോദ്യമിതാണ്‌. കേരളത്തിലുടനീളം യാത്രാനിരോധനമുണ്ടായിരുന്ന കാലത്ത് ഈ പ്രതി എങ്ങനെ തിരുവനന്തപുരത്ത് നിന്ന് റോഡ് മാര്‍ഗം ബാംഗ്ലൂരില്‍ എത്തി? ഇന്ന് സ്വപ്‌നയ്‌ക്കെതിരേ കേസെടുക്കാന്‍ നടക്കുന്ന വലിയ പോലീസ് സംഘങ്ങള്‍ ഇക്കാര്യം അറിഞ്ഞില്ലേ? അതുകൊണ്ട് ആദ്യം പോലീസ് അന്വേഷിക്കേണ്ടത് സ്വപ്‌നയുടെ നിയമനത്തെ കുറിച്ചും രണ്ടാമതായി ഒരു പ്രതിയായിരിക്കുമ്പോള്‍ തന്നെ സ്വപ്ന എങ്ങനെ കേരളം വിട്ട് ബാംഗ്ലൂരിലെത്തി എന്നതിനെ കുറിച്ചുമാണ്. പക്ഷേ, അതൊന്നും അന്വേഷിക്കുന്നില്ല. മറിച്ച് 164വകുപ്പ് അനുസരിച്ച് നല്കിയ മൊഴി സംസ്ഥാനത്ത് കലാപമുണ്ടാക്കുന്നതിന് വേണ്ടിയാണ് എന്ന ഒരു മുടന്തന്‍ ന്യായത്തിന്റെ പേരിലാണ് കേസെടുത്തിരിക്കുന്നത്.

ഇവിടെ മറ്റൊരു നിയമപ്രശ്‌നം ഉയരുന്നു. ഒരു പ്രതിയുടെ അവകാശം എന്നതിലുപരി പ്രതി മൊഴിമാറ്റി പറയാതിരിക്കാന്‍ പോലീസിന് അധികാരം നല്‍കിയിട്ടുളള നിയമമാണ് 164 സ്‌റ്റേറ്റ്‌മെന്റ്. അതെങ്ങനെ ഗൂഢാലോചനയാകും? അതില്‍ മുഖ്യമന്ത്രിയുടെയും ബന്ധുക്കളുടെയും പേര് പറഞ്ഞിട്ടുണ്ടെങ്കില്‍ അത് തെറ്റാണെന്നും ജനമധ്യത്തില്‍ അതിനെ തളളിപ്പറയാനും കോടതിയില്‍ അത് പിച്ചിച്ചീന്താനും മുഖ്യമന്ത്രിയടക്കം എല്ലാവര്‍ക്കും അധികാരമുണ്ട്.

പക്ഷേ, അതിന് പകരം ഒരു ജുഡീഷ്യല്‍ പ്രോസസിനെ ഗൂഢാലോചനയായി മാറ്റുന്നത് നമ്മുടെ നാട്ടിലെ നീതിന്യായ വ്യവസ്ഥയുടെ മുന്നോട്ടുളള പോക്കിന് അങ്ങേയറ്റം തടസ്സമായി നില്‍ക്കുന്ന ഒരു വസ്തുതയാണ്‌. ഇങ്ങനെ പോയാൽഎന്തെല്ലാം സംഭവിക്കാം. സാക്ഷികളെ വക്കീലന്മാര്‍ ക്രൂരമായി ക്രോസ് ചെയ്യാറുണ്ട്. ക്രോസ് ചെയ്ത വക്കീല്‍ തനിക്ക് മാനഹാനിയുണ്ടാക്കി എന്നുപറഞ്ഞുകൊണ്ട് ഒരു സാക്ഷിക്ക് മറ്റൊരു കേസ് കൊടുക്കാനുളള അധികാരമുണ്ടോ?

അതിലുപരി, നമ്മുടെ ജുഡീഷ്യറി സ്വതന്ത്ര ജുഡീഷ്യറിയാണ്. സ്വതന്ത്ര ജുഡീഷ്യറി എന്നുപറഞ്ഞാല്‍ ആ ജുഡീഷ്യറി എക്‌സിക്യുട്ടീവില്‍നിന്നു സ്വതന്ത്രമാണ് എന്നു മാത്രമല്ല അര്‍ഥം. ഓരോ മജിസ്‌ട്രേറ്റും അദ്ദേഹത്തിന് മുകളിലുളള മജിസ്‌ട്രേറ്റുമാരില്‍നിന്നും ജഡ്ജിമാരില്‍നിന്നും സ്വതന്ത്രരാണ്. ഉദാഹരണത്തിന് ഒരു മജിസ്‌ട്രേറ്റ് അഞ്ചു വര്‍ഷത്തേക്ക് ഒരു പ്രതിയെ ശിക്ഷിക്കുന്നു. ജില്ലാ കോടതിയില്‍ ആ കേസ് വിട്ടുപോകുന്നു. അഞ്ചു വര്‍ഷത്തേക്ക് ശിക്ഷിച്ചപ്പോള്‍ എനിക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടായി എന്നുപറഞ്ഞുകൊണ്ട് ഒരു പ്രതിക്ക് പോലീസ് സ്‌റ്റേഷനിലോ കോടതിയിലോ പരാതി നല്‍കാന്‍ കഴിയുമോ? ഇല്ല, ജഡ്ജ്‌മെന്റിലെ തെറ്റ് എറര്‍ ഓഫ് ജഡ്ജ്‌മെന്റ് ആണ്‌, ഒരു കുറ്റമല്ല. Error of judgement is not a crime എന്ന ആപ്തവാക്യമാണ് ഇവിടെ പ്രയോഗിക്കപ്പെടുന്നത്.

കൊലക്കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികളെ മേല്‍കോടതികള്‍ വെറുതെ വിടാറുണ്ട്. അവിടെ വധശിക്ഷക്ക് വിധിച്ച ജഡ്ജിക്കെതിരേ പ്രതിക്ക് പരാതി നല്‍കാനോ കോടതിയെ സമീപിക്കാനോ സാധ്യല്ല. ഇവിടെയും നേരത്തേ പറഞ്ഞ ആപ്തവാക്യമാണ് ബാധകം. അതുകൊണ്ട് 164 വകുപ്പ് അനുസരിച്ച് നല്‍കിയ സ്റ്റേറ്റ്‌മെന്റിന്റെ പേരില്‍ എടുത്ത കേസുകള്‍ ഉടനെ പിന്‍വലിച്ചില്ലെങ്കില്‍ സ്വപ്‌ന സുരേഷിനും സ്വര്‍ണക്കടത്തിനും എന്തു പറ്റും എന്നതിലുപരി ഇന്ത്യയുടെ ജുഡീഷ്യല്‍ നടപടിക്രമത്തില്‍ എക്‌സിക്യുട്ടീവ് നടത്തുന്ന വലിയൊരു അപരാധമായി എക്കാലത്തും അത് രേഖപ്പെടുത്തപ്പെടും.

നമുക്ക് രാഷ്ട്രീയത്തിലേക്ക് മടങ്ങിവരാം. കേരള രാഷ്ട്രീയം കലങ്ങി മറിഞ്ഞിരിക്കുകയാണ്. മുഖ്യമന്ത്രി രാജിവെക്കണമെന്ന മുദ്രാവാക്യം തെരുവുകളില്‍ മുഖരിതമായിരിക്കുന്നു. ഇത്രയും വലിയ ആരോപണത്തിന് വിധേയനായ മുഖ്യമന്ത്രി തന്നെ തുടരണമെന്ന് സി.പി.എം. ഇനിയും വാശി പിടിക്കുമോ എന്നുളളതാണ് നിര്‍ണായകമായ ചോദ്യം.

സി.പി.എമ്മിന് മുന്നില്‍ വിവിധ മാര്‍ഗങ്ങളുണ്ട്. 99 സീറ്റുളള ഭരണകക്ഷിക്ക് സി.പി.എമ്മിലെ തന്നെ മറ്റൊരാളെ മുഖ്യമന്ത്രിയാക്കാന്‍ യാതൊരു ബുദ്ധിമുട്ടുമില്ല. നിയമസഭയ്ക്ക് പുറത്തുളള എസ്. രാമചന്ദ്രന്‍പിളളയെ പോലുളളവരെ ആക്കുന്നതിലും നിയമം
തടസ്സം നില്‍ക്കുന്നില്ല. ആറു മാസം കൊണ്ട് മുഖ്യമന്ത്രി തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ മതി. അതല്ലെങ്കില്‍ അതേ ആറുമാസം കൊണ്ട് രാജിവെച്ചൊഴിയുന്ന മുഖ്യമന്ത്രി തനിക്കെതിരേ വന്ന എല്ലാ ആരോപണങ്ങളും പരമ അബദ്ധങ്ങളും തെറ്റുമായിരുന്നുവെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തിയാലും മതി. ഇന്ന് പിണറായി വിജയന്‍ നില്‍ക്കുന്ന നില്‍പ് അത്ര ആകര്‍ഷകമല്ല. സി.പി.എമ്മിന് ഒരു ബാധ്യതയാവുകയാണ് ആരോപണ വിധേയനായ പിണറായി വിജയന്റെ മുഖ്യമന്ത്രിപദം. അത് അവരുടെ ആഭ്യന്തരകാര്യമാണ് എന്നുപറഞ്ഞ് തളളിക്കളയാന്‍ കഴിയുന്നതല്ല. പക്ഷേ, തീരുമാനമെടുക്കേണ്ടത് സി.പി.എം. തന്നെയാണ്.

സി.പി.എമ്മിന്റെയും കമ്യൂണിസ്റ്റുപാര്‍ട്ടികളുടെയും മുഖ്യമന്ത്രിമാരുടെ കാര്യത്തില്‍ ഇത്തരം ആരോപണം ഉണ്ടായിട്ടില്ല. ഇ.എം.എസ്., നായനാര്‍, അച്യുതാനന്ദന്‍ എന്നീ മൂന്നു മുഖ്യമന്ത്രിമാര്‍ സി.പി.എമ്മിനുണ്ട്. അച്യുതമേനോന്‍, പി.കെ. വാസുദേവന്‍ നായര്‍ എന്നീ രണ്ടു സി.പി.ഐ. മുഖ്യമന്ത്രിമാരുമുണ്ട്. ബംഗാളില്‍ ജ്യോതി ബസുവും ബുദ്ധദേവ് ഭട്ടാചാര്യയുമുണ്ട്. ത്രിപുരയില്‍ നൃപന്‍ ചക്രവര്‍ത്തിയും ദശരഥ് ദേവും മാണിക് സര്‍ക്കാരുമുണ്ട്. ഇവരുടെ ആരുടേയും പേരില്‍ ഇത്തരത്തില്‍ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടില്ല എന്നത് ഏറ്റവും പ്രധാനമായ കാര്യമാണ്. അതുകൊണ്ട് പിണറായി വിജയന് എതിരായി ഉയര്‍ന്ന കാര്യങ്ങള്‍ തെറ്റാണെങ്കില്‍ അത് എന്തുകൊണ്ട് തെറ്റാണെന്ന് കൃത്യമായ തരത്തില്‍ ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട ബാധ്യത കേരള സര്‍ക്കാരിനും ഇടതുമുന്നണിക്കും സി.പി.എമ്മിനുമുണ്ട്. അതവര്‍ ചെയ്യുന്നില്ലെങ്കില്‍ രാഷ്ട്രീയമായ ഭവിഷ്യത്തുകള്‍ അവരെത്തന്നെയായിരിക്കും ബാധിക്കുക എന്നുമാത്രം പറഞ്ഞുവെക്കട്ടേ.

Content Highlights: black flag protests and cpm, gold smuggling case, swapna suresh, pratibhashanam

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


rahul office

1 min

'ഗാന്ധി ചിത്രം തകര്‍ത്തത് SFI-ക്കാര്‍ പോയശേഷം'; കോണ്‍ഗ്രസിനെ വെട്ടിലാക്കി പോലീസ് റിപ്പോര്‍ട്ട്

Jul 4, 2022

Most Commented