അണ്ണാദുരൈയും പെരിയാറും, ഹോ ചി മിൻ | ഫോട്ടോ: മാതൃഭൂമി ആർക്കൈവ്സ്
പരിണാമം എന്ന നോവലില്‍ നക്സലുകള്‍ക്ക് എം.പി. നാരായണപിള്ള ഇട്ട പേരാണ് മത്തായി. മത്തായിമാരുടെ ആദിരൂപമെന്ന് വിശേഷിപ്പിക്കാവുന്ന ഒരാളെക്കുറിച്ച് നാരായണപിള്ള നടത്തുന്ന നിരീക്ഷണങ്ങള്‍ ശ്രദ്ധേയമാണ്:
''കേണല്‍ ഉമ്മന്‍ മുതല്‍ ജനറല്‍ മനേക് ഷാ വരെയുള്ള പട്ടാളക്കാരുടെ തലയില്‍ ഒരിക്കലും കയറാത്ത യുദ്ധതന്ത്രം ആ മത്തായി പഠിച്ചു. ഭടനും ആപ്പീസറും യുദ്ധത്തില്‍ തുല്യരായിരിക്കണമെന്ന തന്ത്രം. ആ തത്വശാസ്ത്രം മതിയായിരുന്നു ഫ്രഞ്ചുകാരെ തോല്പിക്കാന്, അമേരിക്കക്കാരെ തോല്പിക്കാന്, ചൈനക്കാരുടെ കമ്മ്യൂണിസ്റ്റ് പട്ടാളത്തെ തോല്പിക്കാന്, വേണ്ടിവന്നാല്‍ നാളെ റഷ്യക്കാരെ തോല്പിക്കാന് പോലും അതു മതി.''
''ആരാണ് സാര്‍ ആ മത്തായി?'' സ്വാമി ആകാംക്ഷയോടെ ചോദിച്ചു.
''താന്‍ ഏര്‍പ്പെട്ട എല്ലാ യുദ്ധങ്ങളിലും ആ മത്തായി ജയിച്ചു. പോത്തിനെ മേയ്ച്ച് ജിവിതം തുടങ്ങിയ മത്തായി രാഷ്ട്രപിതാവായി. ഗവര്‍ണര്‍ ജനറല്‍ താമസിച്ചിരുന്ന കൊട്ടാരത്തിലേക്ക് താമസം മാറ്റി. പക്ഷേ, അവിടെയും മത്തായി മത്തായിയായി തുടര്‍ന്നു. റബ്ബര്‍ ടയറില്‍നിന്ന് വെട്ടിയെടുത്ത ചെരിപ്പു തന്നെയിട്ടു. കൊട്ടാരത്തിലെ കിടപ്പുമുറിയില്‍ ആ മത്തായിക്കുറക്കം വന്നില്ല.പഴയ ഗവര്‍ണ്ണര്‍ ജനറലിന്റെ പൂന്തോട്ടത്തില്‍ പുല്ലുപറിക്കാന്‍ നിയമിച്ചിരുന്ന മാലിക്കിന്റെ രണ്ടു മുറി കുടിലിലാണ് അദ്ദേഹം താമസിച്ചത്. പത്രത്തില്‍ രാഷ്ട്രപിതാവിന്റെ ചിത്രം കണ്ട് സംശയം തോന്നിയ ചേച്ചി 35 വര്‍ഷത്തിനു ശേഷം അദ്ദേഹത്തെ കാണാന്‍ വന്നു. കാഴ്ചയ്ക്കായി ഒരു താറാവിനെയും രണ്ടു ഡസന്‍ മുട്ടയും ഏറ്റിക്കൊണ്ട്. അന്നു രാത്രി അവര്‍ താറാവിന്റെ ഇറച്ചി വെച്ചു തിന്നു. പിറ്റേന്ന് ചേച്ചി തിരിച്ചുപോയി. ആ മത്തായി തന്റെ പഴയ ബേബി ഹെര്‍മിസ് പോര്‍ട്ടബിള്‍ ടൈപ്പ്റൈറ്ററിന്റെ മുന്നിലേക്കും. ഭരണാധികാരിയായി ദശാബ്ദങ്ങള്‍ കഴിഞ്ഞ് മരിക്കുമ്പോള്‍ സ്ഥാവരജംഗമമായി ആ മത്തായിക്കുണ്ടായിരുന്നത് ആ പഴയ ടൈപ്പ്റൈറ്റര്‍ മാത്രമായിരുന്നു.''
''ആരാണാ മത്തായി, സാര്‍? '' സ്വാമിക്ക് ആകാംക്ഷ തടുക്കാന്‍ പറ്റിയില്ല.
''അതാണ് സ്വാമി, എല്ലാ മത്തായികള്ക്കും മത്തായിയായ ആദി മത്തായി- ഹോ ചി മിന്.''
ഇന്ത്യയുടെ സ്വന്തം മത്തായിയായിരുന്നു ഗാന്ധിജി. ഗാന്ധിജിയെ മാറ്റി നിര്‍ത്തി മറ്റൊരു മത്തായിയെക്കുറിച്ച് പറയാന്‍ പറഞ്ഞാല്‍ ആദ്യം മനസ്സിലുയരുന്ന പേര് അണ്ണാ ദുരൈയുടേതായിരിക്കും. തമിഴകത്ത് മാത്രം ഒതുങ്ങി നിന്നതുകൊണ്ട് ഇന്ത്യയ്ക്ക് നഷട്മായ വലിയ നേതാവ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ജനങ്ങള്‍ ഒരു ദേശത്ത് ഇത്രയധികം സ്നേഹിച്ച മറ്റൊരു നേതാവില്ല.
അണ്ണാ മരിച്ചപ്പോള്‍ കരഞ്ഞതുപോലെ തമിഴ് മക്കള്‍ മറ്റൊരു നേതാവിനും വേണ്ടി കരഞ്ഞിട്ടില്ല. സാക്ഷാല്‍ പെരിയാറുമായി ഉടക്കിയാണ് അണ്ണാദുരൈ 1949-ല്‍ ഡി.എം.കെയ്ക്ക് രൂപം നല്‍കിയത്. പക്ഷേ, ഡി.എം.കെയെ പെരിയാറിനോട് ചേര്‍ത്തു നിര്‍ത്തേണ്ടതുണ്ടെന്ന് അണ്ണായ്ക്കറിയാമായിരുന്നു. പ്രായോഗിക രാഷ്ട്രീയത്തില്‍ ശാഠ്യങ്ങള്ക്കല്ല വകതിരിവിനാണ് പ്രാധാന്യം എന്ന സത്യം ഹോചിമിനെപ്പോലെ മനസ്സിലാക്കിയ നേതാവായിരുന്നു അണ്ണാ.
ഗണപതി വിഗ്രഹങ്ങള്‍ ഉടച്ചുകൊണ്ടാണ് പെരിയാര്‍ തമിഴകത്ത് യുക്തിവാദം പ്രചരിപ്പിച്ചത്. എന്നാല്‍, അണ്ണാ പറഞ്ഞത് വിനായകനെ ഉടയ്ക്കാനും തേങ്ങ ഉടയ്ക്കാനും താനില്ല എന്നാണ്. അതുകൊണ്ടു തന്നെയാണ് തന്നേക്കാള്‍ കൂടുതല്‍ കൈയ്യടികള്‍ എം.ജി.ആറിനു കിട്ടുന്നതു കണ്ടിട്ടും അണ്ണാ നീരസപ്പെടാതിരുന്നത്. 1967-ല്‍ മുഖ്യമന്ത്രിയായപ്പോള്‍ അണ്ണാ ആദ്യം ചെയ്തത് പെരിയാറിനെ അദ്ദേഹത്തിന്റെ വീട്ടില്‍ പോയി കാണുകയായിരുന്നു.
പാര്‍ട്ടിയായിരുന്നു അണ്ണായുടെ കുടുംബം. മക്കളില്ലാതിരുന്ന അണ്ണാ നാല് കുട്ടികളെ എടുത്തു വളര്‍ത്തി. പക്ഷേ, ഒരാളെപ്പോലും ഡി.എം.കെയുടെ മുന്‍നിരയിലേക്ക് അദ്ദേഹം കൊണ്ടുവന്നില്ല. പാര്‍ട്ടിയുടെ ഒരു സുപ്രധാന യോഗത്തില്‍ വി.ആര്. നെടുഞ്ചേഴിയനെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് നിയോഗിച്ചുകൊണ്ട് അണ്ണാ പറഞ്ഞത് പുതിയ തലമുറകള്‍ കടന്നുവരട്ടെ എന്നാണ്.
രണ്ടു കൊല്ലമേ അണ്ണാ തമിഴക മുഖ്യമന്ത്രിയായിരുന്നുള്ളു. അര്ബ്ബുദബാധയെത്തുടര്ന്ന് 1969-ല്‍ മരിക്കുമ്പോള്‍ അണ്ണായുടെ സമ്പാദ്യം തമിഴക മക്കളുടെ സ്നഹവും ആദരവും മാത്രമായിരുന്നു. സെല്‍ഫ് റെസ്പക്ട് അഥവാ ആത്മാഭിമാനം കൈവിട്ട് ഒരു കളിയും പാടില്ലെന്നാണ് അണ്ണാ തമിഴകത്തോട് പറഞ്ഞത്. ഉത്തരേന്ത്യന്‍ അധീശത്വത്തോട് വിട്ടുവീഴ്്ചയില്ലാത്ത സമരമായിരുന്നു അണ്ണായുടെയും ഡി.എം.കെയുടെയും പ്രത്യയശാസ്ത്ര പദ്ധതിയില്‍ മുഖ്യം.
സോഷ്യലിസവും ദ്രാവിഡ രാഷ്ട്രീയവും സമന്വയിപ്പിച്ച ചിന്താപദ്ധതി കൂടിയായിരുന്നു അത്. ഈ പദ്ധതിയില്‍ വര്‍ഗ്ഗീയതയ്ക്ക് ഒരു സ്ഥാനവുമുണ്ടായിരുന്നില്ല. അണ്ണായുടെ പേര് പറയാതെ ഇന്നിപ്പോള്‍ ഡി.എം.കെയായാലും എ.ഐ.എ.ഡി.എം.കെയായാലും ഒരു പരിപാടിയും നടത്താറില്ല.
അണ്ണായുടെ സ്വപ്നങ്ങളും ഓര്‍മ്മകളും ബലി കൊടുത്തുകൊണ്ടാണ് 1998-ല്‍ എ.ഐ.എ.ഡി.എം.കെയും 99-ല്‍ ഡി.എം.കെയും ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയത്. 2002-ല്‍ ഗുജറാത്ത് കലാപമുണ്ടായപ്പോള്‍ വാജ്പേയി മന്ത്രിസഭയില്‍ ഉണ്ടായിരുന്നുവെന്നത് ഡി.എം.കെയെ ഇപ്പോഴും വേട്ടയാടുന്ന ഭൂതകാലങ്ങളിലൊന്നാണ്. പക്ഷേ, 2004-ല്‍ കരുണാനിധി എടുത്ത തീരുമാനം ഡി.എം.കെയുടെ രാഷ്ട്രീയ ഭാവിക്ക് പുതിയൊരു അടിത്തറ തീര്‍ത്തു.
കോണ്‍ഗ്രസ്സുമായി 24 വര്‍ഷങ്ങള്‍ക്കു ശേഷം സേഖ്യത്തിലേര്പ്പെട്ടുകൊണ്ട് ചെന്നൈയിലെ ഐലന്റ് ഗ്രൗണ്ടില്‍ നടത്തിയ പ്രസംഗത്തില്‍ കരുണാനിധി പറഞ്ഞ വാക്കുകള്‍ ചരിത്രമാണ്: ''ഇതേ വേദിയില്‍നിന്ന് 1980-ല്‍ ഞാന്‍ പറഞ്ഞു, നെഹ്റുവിന് മകളേ വരൂ, സ്്ഥിരതയാര്ന്ന ഭരണം തരൂ. ഇതാ ഇപ്പോള്‍ ഞാന്‍ പറയുന്നു ഇന്ദാരാവിന് മരുമകളേ വരൂ, സ്ഥിരതയാര്‍ന്ന ഭരണം തരൂ.'' വാജ്പേയി സര്‍ക്കാരിനെ വീഴ്ത്തി പ്രഥമ യു.പി.എ. സര്‍ക്കാര്‍ നിലവില്‍ വരാനുള്ള മുഖ്യ കാരണങ്ങളിലൊന്ന് തമിഴകത്ത് ഡി.എം.കെയും കോണ്‍ഗ്രസും തമ്മിലുണ്ടായ സഖ്യമായിരുന്നു.
ഈ സഖ്യമാണ് ദക്ഷിണേന്ത്യയില്‍ ഇപ്പോഴും ബി.ജെ.പി. നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. 2004-ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ തമിഴകത്ത് ഒരു സീറ്റ് പോലും പിടിക്കാന്‍ കഴിയാതെ വന്നതിനെത്തുടര്‍ന്ന് ജയലളിത ബി.ജെ.പിയുമായുള്ള സഖ്യം ഉപേക്ഷിച്ചു. അദ്വാനിയും മോദിയും വരെ ശ്രമിച്ചിട്ടും ജയലളിത പിന്നീടൊരിക്കലും ബി.ജെ.പിയുമായുള്ള സഖ്യത്തിന് തയ്യാറായില്ല. 2016 ഡിസംബറില്‍ ജയലളിതയുടെ അകാലമരണം പക്ഷേ, കാര്യങ്ങള്‍ മാറ്റി മറിച്ചു.
ജയലളിതയുടെ മരണത്തെുടര്ന്ന് അടുത്ത ജയലളിതയാവാന്‍ ശശികല നടത്തിയ ശ്രമങ്ങളില്‍ ബി.ജെ.പി. അപകടവും അവസരവും കണ്ടു. തമിഴകത്ത് ബി.ജെ.പിയുടെ തന്ത്രങ്ങള്‍ മെനയുന്നത് ആര്.എസ്.എസ്. സൈദ്ധാന്തികന്‍ കൂടിയായ എസ്. ഗുരുമൂര്‍ത്തിയാണ്. ശശികലയ്ക്കെതിരെ ഒ. പനീര്‍ശെല്‍വം നടത്തിയ കലാപമാണ് എ.ഐ.എ.ഡി.എം.കെയുടെ പുതിയ രാഷ്ട്രീയ സഞ്ചാരത്തിന് വഴിയൊരുക്കിയത്.
ആ യാത്രയില്‍ എ.ഐ.എ.ഡി.എം.കെയുടെ അജണ്ട തീരുമാനിക്കപ്പെട്ടത് ആര്.എസ്.എസിന്റെ മൂശയിലായിരുന്നുവെന്നത് രഹസ്യമല്ല. ഇതാദ്യമായി ഒരു സംസ്ഥാന ചീഫ് സെക്രട്ടറിയുടെ ചേംബറില്‍ ആദായ നികുതി വകുപ്പുകാര്‍ റെയ്ഡ് നടത്തുന്നതിന് ആ ദിവസങ്ങളില്‍ രാജ്യം സാക്ഷിയായി. ഒ.പി.എസിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റി എടപ്പാടി പളനിസാമിയെ കൊണ്ടുവന്നത് ശശികലയാണ്. പക്ഷേ, ശശികല ജയിലിലേക്ക് പോയതോടെ എടപ്പാടിയും പാര്‍ട്ടിയും ബി.ജെ.പി. ക്യാമ്പിലേക്ക് താമസം മാറ്റി.
ദക്ഷിണേന്ത്യയില്‍ ബി.ജെ.പി. ഏറ്റവും ദുര്‍ബ്ബലമായ സംസ്ഥാനം തമിഴ്നാടാണ്. ദ്രാവിഡത്തിന്റെ പശിമരാശി മണ്ണില്‍ വേരാഴ്ത്തുക എളുപ്പമല്ലെന്ന് ബി.ജെ.പിക്ക് നന്നായറിയാം. അണ്ണായെപ്പോലൊരാള് അടിത്തറ തീര്‍ത്ത ഡി.എം.കെയും ആ അടിത്തറയില്‍നിന്ന് എം.ജി.ആര്. മുളപ്പിച്ചെടുത്ത എ.ഐ.എ.ഡി.എം.കെയും തകരാതെ ബി.ജെ.പിയുടെ വളര്‍ച്ചയുണ്ടാവില്ലെന്ന് ആര്.എസ്.എസിന് ആരെങ്കിലും പ്രത്യേകം പറഞ്ഞുകൊടുക്കേണ്ടതുണ്ടെന്നു തോന്നുന്നില്ല.
ജയലളിതയുടെ മരണം ബി.ജെ.പിക്ക് നല്‍കിയത് ഈ സുവര്‍ണ്ണാവസരമാണ്. പക്ഷേ, ഇവിടെ ബി.ജെ.പിയുടെ പദ്ധതികള്‍ക്ക് തുരങ്കം വെച്ചുകൊണ്ട് ഒരു നേതാവ് വളര്‍ന്നു വന്നു. യു.പി.എ. സര്‍ക്കാരിനെതിരെയുള്ള ജനരോഷം വികസിപ്പിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച അണ്ണാ ഹസാരെ ആര്.എസ്.എസിന്റെ സൃഷ്ടിയായിരുന്നുവെന്ന ആരോപണം ശക്തമാണ്. 2014-ലെ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയെ അധികാരത്തിലേറ്റുന്നതില്‍ അണ്ണാ ഹസാരെ വഹിച്ച പങ്ക് അനിഷേദ്ധ്യമായിരുന്നു. പക്ഷേ, ആ രാഷ്ട്രീയ പദ്ധതിയുടെ ഉപോത്പന്നമായി അരവിന്ദ് കെജ്രിവാള് വളര്‍ന്നു വന്നത് ആര്.എസ്.എസിന്റെ കണക്കുകൂട്ടലുകള്‍ക്ക് അപ്പുറത്തുള്ള സംഭവവികാസമായിരുന്നു. സമാനമായ വളര്‍ച്ചയാണ് എടപ്പാടിയുടെ കാര്യത്തിലുമുണ്ടായത്.
എടപ്പാടിയെ നിയന്ത്രണത്തിലാക്കി എ.ഐ.എ.ഡി.എം.കെയെ കാവിയുടുപ്പിക്കാമെന്ന ബി.ജെ.പിയുടെയും ആര്.എസ്.എസിന്റെയും പദ്ധതി ക്ലച്ചു പിടിക്കാതെ പോയത് എടപ്പാടിയുടെ വളര്‍ച്ചയെ തുടര്‍ന്നാണ്. എടപ്പാടിയെ നേരിടാനാണ് ഇടക്കാലത്ത് രജനികാന്തിനെ കളത്തിലിറക്കാന്‍ ബി.ജെ.പിയും ഗുരുമൂര്‍ത്തിയും കൊണ്ടുപിടിച്ച് നോക്കിയത്. പക്ഷേ, ആ കെണിയിലേക്ക് തലവെച്ചുകൊടുക്കാന്‍ രജനി തയ്യാറായില്ല. ഒടുവില്‍ ശശികലയെയും മരുമകന് ദിനകരനെയും തിരിച്ച് എ.ഐ.എ.ഡി.എം.കെയിലേക്കു കൊണ്ടുവന്നുകൊണ്ട് ഒരു കളി കൂടി കളിക്കാന്‍ ബി.ജെ.പി. നടത്തിയ ശ്രമം വിജയിക്കാതെ പോയതും എടപ്പാടി നിലപാട് കടുപ്പിച്ചതുകൊണ്ടാണ്.
തമിഴകം പിടിക്കുക എന്നത് ബി.ജെ.പിയുടെ ദീര്‍ഘകാല പദ്ധതിയാണ്. ഈ പദ്ധതിയില്‍ ഇപ്പോള്‍ ബി.ജെ.പിയുടെ മുന്നിലുള്ള തടസ്സം ഡി.എം.കെയും സ്റ്റാലിനുമാണ്. ആള്‍ക്കൂട്ടം ഒരു സൂചനയാണെങ്കില്‍ തമിഴകം ഇക്കുറി സഞ്ചരിക്കുന്നത് ഡി.എം.കെയ്ക്കൊപ്പമാണ്. 234 അംഗ നിയമസഭയില്‍ ചുരുങ്ങിയത് 170 സീറ്റെങ്കിലും ഡി.എം.കെ. സഖ്യം നേടുമെന്നാണ് സര്‍വ്വെകള്‍ പറയുന്നത്. ഈ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. പരമാവധി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് ബംഗാളിലാണ്. ബംഗ്ലാദേശ് യുദ്ധത്തിന്റെ അമ്പതാം വാര്‍ഷികത്തില്‍ ടാഗോറിന്റെയും സുഭാഷ് ചന്ദ്ര ബോസിന്റെയും വിവേകാനന്ദന്റെയും നാട്ടില്‍ അധികാരം പിടിക്കുകയെന്നത് ബി.ജെ.പിയുടെ എക്കാലത്തെയും സ്വപ്ന പദ്ധതികളിലൊന്നാണ്. തമിഴകത്ത് സ്റ്റാലിനാണെങ്കില്‍ ബംഗാളില്‍ മമതയാണ് ഇതിന് വിഘാതം എന്ന വ്യത്യാസമേയുള്ളു.
നേരത്തെ പറഞ്ഞതുപോലെ തമിഴകം ബി.ജെ.പിയുടെ ദീര്‍ഘകാല അജണ്ടയാണ്. ദ്രാവിഡ രാഷ്ട്രീയത്തിന്റെ വേരുകള്‍ അത്രയെളുപ്പത്തില്‍ പിഴുതുമാറ്റാനാവില്ലെന്ന് ബി.ജെ.പിക്കറിയാം. അതുകൊണ്ടുതന്നെ എ.ഐ.എ.ഡി.എം.കെയിലൂടെ തമിഴകം പിടിക്കുക എന്നതാണ് ബി.ജെ.പിയുടെ പദ്ധതി. ഈ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ എ.ഐ.എ.ഡി.എം.കെയില്‍ ഒരു പിളര്പ്പുണ്ടാവുന്നതിനുള്ള സാദ്ധ്യത ഏറെയാണ്. എടപ്പാടിക്കെതിരെ ഒ.പി.എസ്. നടത്തുന്ന ഈ കലപാത്തിന് ശശികലയുടെയും തേവര് സമുദായത്തിന്റെയും പിന്തുണയുണ്ടാവും.
അധികാരത്തിലില്ലാത്ത എടപ്പാടിക്ക് ബി.ജെ.പിയെ നേരിടുക ദുഷ്കരമായിരിക്കും. ഈ തിരഞ്ഞെടുപ്പില്‍ പോലും എന്‍.ഡി.എയെ തമിഴകത്ത് നയിക്കുക ബി.ജെ.പിയായിരിക്കുമെന്ന വായ്ത്താരി മുഴക്കാന്‍ തുടക്കത്തില്‍ ബി.ജെ.പി. മടിച്ചിരുന്നില്ല. ആഭ്യന്തര മന്ത്രി അമിത് ഷായെ വരവേല്‍ക്കാന്‍ എടപ്പാടിക്ക് ചെന്നൈ വിമാനത്താവളത്തിലെത്തിയെന്നതും കാര്യങ്ങള്‍ എങ്ങോട്ടാണ് പോകുന്നതെന്നതിന്റെ സൂചനയായിരുന്നു. പക്ഷേ, സീറ്റ് വിഭജനം വന്നപ്പോള്‍ ബി.ജെ.പിക്ക് 20 സീറ്റേ കിട്ടിയുള്ളു. എടപ്പാടിയുടെ സമര്‍ത്ഥമായ നീക്കത്തിലാണ് ബി.ജെ.പിക്ക് പത്തിയൊതുക്കേണ്ടി വന്നത്. 23 സീറ്റുകള്‍ ലഭിച്ച പാട്ടാളി മക്കള്‍ കക്ഷിയാണ് എ.ഐ.എ.ഡി.എം.കെ. സഖ്യത്തിലെ രണ്ടാമത്തെ വലിയ പാര്‍ട്ടി.
എടപ്പാടി രണ്ടാമതും അധികാരത്തിലെത്താതിരിക്കുകയാണ് ബി.ജെ.പിയുടെ ദീര്‍ഘകാല അജണ്ടയ്ക്ക് നല്ലതെന്ന് നിരീക്ഷണമുണ്ട്. ഒരു വട്ടം കൂടി അധികാരം കിട്ടിയാല്‍ എ.ഐ.എ.ഡി.എം.കെയില്‍ എടപ്പാടിയുടെ പിടി സമ്പൂര്‍ണ്ണമാവും. അത്തരമൊരു സാഹചര്യം ബി.ജെ.പി. ആഗ്രഹിക്കാനിടയില്ല. 1996-നു ശേഷം തമിഴകത്ത് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വലിയ തരംഗങ്ങളൊന്നുമുണ്ടായിട്ടില്ല. 2006-ല്‍ പോലും ഡി.എം.കെയ്ക്ക് തനിച്ച് ഭൂരിപക്ഷം കിട്ടിയിരുന്നില്ല. പക്ഷേ, ഇക്കുറി തമിഴകത്ത് ഡി.എം.കെ. അനുകൂല തരംഗമുണ്ടെന്നാണ് സര്‍വ്വെകള്‍ വിളിച്ചു പറയുന്നത്.
ഡി.എം.കെയാണ് എ.ഐ.എ.ഡി.എം.കെയുടെ പ്രത്യക്ഷത്തിലുള്ള ശത്രു. പക്ഷേ, പുറത്തുള്ള എതിരാളിയേക്കൊള് എടപ്പാടി പേടിക്കുന്നത് കൂടെ നില്ക്കുന്ന മിത്രത്തെയായിരിക്കും. ദുര്‍ബ്ബലമായ പ്രതിപക്ഷമായി എ.ഐ.എ.ഡി.എം.കെ. മാറുന്നതോടെ ബി.ജെ.പിയുടെ പുതിയ കളികള്‍ തമിഴകത്തിന് കാണാനാവും. തളരുന്ന എ.ഐ.എ.ഡി.എം.കെയും വളരുന്ന ബി.ജെ.പിയും എന്ന രാഷ്ട്രീയ സമവാക്യത്തിന്റെ പണിപ്പുരയാകുന്നതിനുള്ള നിയോഗമായിരിക്കാം ചിലപ്പോള്‍ ഈ തിരഞ്ഞെടുപ്പിനെ കാത്തിരിക്കുന്നത്.
വഴിയില്‍ കേട്ടത്: പിണറായി വിജയന് മഹാമനുഷ്യനാണെന്നും അദ്ദേഹത്തെപ്പോലെ ആകാന്‍ കഴിയാത്തതാണ് തന്റെ ദുഃഖമെന്നും ഇ.പി. ജയരാജന്. അവതാരങ്ങളെ സൂക്ഷിക്കണമെന്ന് വെറുതെയല്ല പിണറായി പറഞ്ഞത്.
Content Highlights: BJP must wait more to catch Tamil Nadu | Vazhipokkan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..