പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഹാരമണിയിക്കുന്ന അമിത് ഷാ, നഡ്ഡ എന്നിവർ
ബി.ജെ.പിയുടെ പൊളിറ്റിക്കല്‍ ഷോപ്പിങ് ആരംഭിച്ചതായാണ് വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. ഓരോ സംസ്ഥാനത്തും എടുക്കേണ്ട നയപരിപാടികള്‍ എന്താണെന്നോ, അതത് സംസ്ഥാനത്തെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ എന്താണെന്നോ പരിശോധിക്കാതെ പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിക്കാതെ ഇന്ന് പ്രചാരത്തിലിരിക്കുന്ന സോഷ്യല്‍ എന്‍ജിനീയറിങ്ങ് എന്ന പദത്തെ ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ട് തിരഞ്ഞെടുപ്പ് വിജയത്തിനായി വിവിധ സാമൂഹിക ഗ്രൂപ്പുകളെയും രാഷ്ട്രീയ കക്ഷികളെയും രാഷ്ട്രീയ കക്ഷിനേതാക്കളുടെ മക്കളെയുമെല്ലാം രാഷ്ട്രീയ വശീകരണമന്ത്രംകൊണ്ട് തങ്ങള്‍ക്ക് അനുകൂലമാക്കിയാല്‍ ആ സംസ്ഥാനം പിടിച്ചെടുക്കാന്‍ കഴിയും എന്നതാണ് അവരുടെ കണക്കുകൂട്ടല്‍.
ബി.ജെ.പി. ത്രിപുരയില്‍ രണ്ടാംവട്ടം അധികാരത്തില്‍ വന്ന് സത്യപ്രതിജ്ഞ ചെയ്ത സന്ദര്‍ഭത്തില്‍ തന്നെ അസാധാരണമായ തരത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ത്രിപുരയിലെ വിജയം കേരളത്തിലെ വിജയത്തിന്റെ ആദ്യപടിയാണ് എന്ന് പ്രഖ്യാപിച്ചത് മുതല്‍ കേരളത്തില്‍ തിരക്കിട്ട അന്വേഷണങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. അതിന്റെ ഭാഗമായിട്ടാണ് എ.കെ. ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയെ കേന്ദ്രമന്ത്രിസഭയിലെ സീനിയര്‍ മന്ത്രിമാരിലൊരാളായ പിയൂഷ് ഗോയലും കേരളത്തില്‍ നിന്നുള്ള ഏക കേന്ദ്രമന്ത്രിയായ വി. മുരളീധരനും കേരള ബി.ജെ.പി. അധ്യക്ഷനും എല്ലാം ഒരുമിച്ച് വലിയ ആഘോഷത്തോടുകൂടി ഒരു വാർത്താസമ്മേളനത്തിലൂടെ ബി.ജെ.പിയിലേക്കെത്തിച്ചത്.
ഇതിന്മുമ്പ് എത്തിച്ച് പരാജയപ്പെട്ട ഇ. ശ്രീധരന്റെയോ കണ്ണന്താനത്തിന്റെയോ വിജിലന്‍സ് ഡയറക്ടര്‍ ആയിരുന്ന ജേക്കബ് തോമസിന്റെയോ വരവുപോലെ ആയിരിക്കില്ല അനില്‍ ആന്റണിയുടെ വരവ് എന്നാണ് ബി.ജെ.പി. നേതാക്കള്‍ പറയുന്നത്. അവരുണ്ടാക്കിയ ചലനം പോലും ഉണ്ടാക്കുകയില്ലെന്ന അര്‍ഥത്തിലാണെങ്കില്‍ അത് അംഗീകരിക്കാന്‍ ബുദ്ധിമുട്ടില്ല. ഇനി അനില്‍ ആന്റണിയെ പ്രധാനമന്ത്രി തന്നെ നേരിട്ട് സദസ്സിന് പരിചയപ്പെടുത്തുന്ന ചടങ്ങും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നടക്കും എന്നാണ് പറഞ്ഞുകേള്‍ക്കുന്നത്.
അതിന് തൊട്ടുപുറകേയാണ് പ്രധാനമന്ത്രി ഡല്‍ഹിയില്‍ ഈസ്റ്റര്‍ ദിനത്തില്‍ കത്തോലിക്ക കത്തീഡ്രലില്‍ സന്ദര്‍ശനം നടത്തിയത്. ഡല്‍ഹിയിലെ കത്തോലിക്കാ കത്തീഡ്രല്‍ മലയാളികളുടെ ഒരു ശക്തികേന്ദ്രം കൂടിയാണ്. അവിടത്തെ മെത്രാന്‍ മലയാളിയാണ്. ഡല്‍ഹിയിലെ കത്തോലിക്കാ കത്തീഡ്രലിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര ഡല്‍ഹിയിലെ ഉത്തരേന്ത്യയിലെ ക്രിസ്തുമത വിശ്വാസികളെ ഉന്നംവെച്ചുകൊണ്ടല്ല മറിച്ച്, കേരളത്തിലെ ക്രിസ്ത്യന്‍ ന്യൂനപക്ഷത്തെ ഉദ്ദേശം വെച്ചുകൊണ്ടാണെന്ന് എല്ലാവര്‍ക്കും പെട്ടെന്ന് മനസ്സിലായി. അപ്പോഴാണ് ഇനി മുസ്ലീം വീടുകളിലേക്ക് കൂടി റംസാന്‍ മാസത്തില്‍ ബി.ജെ.പി. ഇറങ്ങാന്‍ പോകുന്നു എന്ന പ്രഖ്യാപനം വരുന്നത്. ബി.ജെ.പി. ഒരു വലിയ ഷോപ്പിങ് തിരക്കില്‍ തന്നെയാണ്. വിലകുറച്ച് വില്‍ക്കുന്ന വില്പനമേളകളിലേക്ക് ആവേശത്തോടെ കടന്നുചെല്ലുന്നവരെ പോലെയാണ് ബി.ജെ.പി. പൊളിറ്റിക്കല്‍ ഷോപ്പിങ് ആരംഭിച്ചിരിക്കുന്നത്.
കിട്ടുന്ന വിഭവങ്ങള്‍ വിലക്കുറവാണ് എന്നതുകൊണ്ട് മേല്‍ത്തരമാണെന്ന് ബി.ജെ.പിയുടെ കാര്യഗൗരവമുള്ള നേതാക്കന്മാര്‍ കരുതുമെന്ന് വിചാരിക്കുന്നില്ല. പക്ഷേ, പലരും ബി.ജെ.പിയുടെ ചൂണ്ടയില്‍ കൊത്തിയിട്ടുണ്ട്. അതില്‍ ഉന്നതന്മാരായ മെത്രാന്‍മാര്‍ ഉണ്ട്. ഇന്ത്യയില്‍ കത്തോലിക്കാ സഭയ്ക്ക് മൂന്ന് കര്‍ദിനാള്‍മാര്‍ മാത്രമേയുള്ളൂ. അതില്‍ സിറിയന്‍ കാത്തലിക് വിഭാഗത്തെ പ്രതിനിധാനം ചെയ്യുന്ന സീറോ മലബാര്‍ സഭയുടെ കര്‍ദിനാള്‍ ആലഞ്ചേരി ഒരു ഇംഗ്ലീഷ് പത്രത്തിന് അനുവദിച്ച ദീര്‍ഘമായ അഭിമുഖത്തില്‍ ഇന്ത്യയിലെ ക്രിസ്ത്യാനികൾക്ക് അരക്ഷിതാവസ്ഥയൊന്നുമില്ലെന്ന് തന്നെ ബി.ജെ.പിക്ക് അനുകൂലമായ രാഷ്ട്രീയം പറയുന്ന കൂട്ടത്തില്‍ തുറന്നുപറഞ്ഞിരിക്കുന്നു.
ഓര്‍ത്തഡോക്‌സ് സഭയില്‍ യൂലിയോസ് മെത്രാനെപ്പോലെ നേരത്തേതന്നെ പരസ്യമായ ആർ.എസ്.എസ്. നിലപാട് എടുക്കുന്ന ചില മെത്രാന്മാരെങ്കിലും ഉണ്ട്. അവരും ആവേശത്തോടുകൂടി ആർ.എസ്.എസോ അവരുടെ വിചാരധാരയോ പ്രശ്‌നമല്ലെന്ന പരസ്യപ്രസ്താവന നടത്തിക്കഴിഞ്ഞിട്ടുണ്ട്.
മുസ്ലീം ന്യൂനപക്ഷത്തിലെ ചിലയാളുകളെ നേരത്തേ തന്നെ ബി.ജെ.പി. ചൂണ്ടിയത് ഓർക്കുക. അതില്‍ ഒരാളാണ് സി.പി.എമ്മില്‍ നിന്ന് കോണ്‍ഗ്രസിലേക്കും കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പിയിലേക്കും ചേക്കേറിയ മുന്‍ എം.പി. അബ്ദുള്ളക്കുട്ടി. ഉന്നതമായ സ്ഥാനമാണ് ഹജ്ജ് കമ്മിറ്റിയുടെ ചെയര്‍മാന്‍ സ്ഥാനം അബ്ദുള്ളക്കുട്ടിക്ക് നല്‍കിയിരിക്കുന്നത്. ഇനിയും അബ്ദുള്ളക്കുട്ടിമാര്‍ ആ സമുദായത്തില്‍ ഉണ്ടായാല്‍ അത്ഭുതപ്പെടേണ്ട യാതൊരു കാര്യവുമില്ല. ഏതായാലും മൂന്നാംവട്ടം അധികാരത്തിലേക്ക് വരണമെന്ന നിശ്ചയദാര്‍ഢ്യത്തോടുകൂടി ബി.ജെ.പി. എടുത്തുപയറ്റുന്ന ഈ തന്ത്രത്തെ എങ്ങനെയാണ് പ്രതിപക്ഷം നോക്കിക്കാണുന്നത് എന്നതാണല്ലോ സുപ്രധാനമായ വിഷയം.
250-300 രൂപ റബ്ബറിന് നല്‍കിയാല്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ മറിച്ചുനല്‍കാമെന്ന പ്ലാംപാനിയുടെ പ്രസ്താവനയെ കുറിച്ച് ഈ കോളത്തില്‍ നാം ചര്‍ച്ച ചെയ്യുകയുണ്ടായി. കൂട്ടത്തില്‍ ഒരു പ്രശ്‌നം ഉന്നയിച്ചുകൊണ്ട് ഭരണകക്ഷിയെ സമീപിച്ച ഏകന്യൂനപക്ഷ നേതാവാണ് പ്ലാംപനി. എന്തുകൊണ്ടാണ് ബി.ജെ.പി. ഇത്തരത്തിലുള്ള ഒരു ഷോപ്പിങ് തിരക്കിലേക്ക് ഇറങ്ങിത്തിരിച്ചത്?
രണ്ടാം മോദി സര്‍ക്കാര്‍ വന്ന് മാസങ്ങള്‍ കഴിയുമ്പോഴേക്കും അന്താരാഷ്ട്രതലത്തില്‍ തന്നെ ഒരു വിഷമപ്രശ്‌നമായി നിന്നിരുന്ന കശ്മീര്‍ ബി.ജെ.പി. കൈകാര്യം ചെയ്തു. കശ്മീര്‍ അസംബ്ലിയെ പിരിച്ചുവിട്ട് അസംബ്ലിയുടെ അധികാരം കവര്‍ന്നെടുത്ത് ജമ്മു ആന്‍ഡ് കശ്മീര്‍ സംസ്ഥാനത്തെ ജമ്മുവും കശ്മീരുമായി വെട്ടിമുറിക്കുകയാണ് ബി.ജെ.പി. ചെയ്തത്. അതിനുശേഷം ഇന്ത്യന്‍ രാഷ്ട്രീയ അനുഭവത്തില്‍ ഒരിക്കലും ഉണ്ടാകാത്ത തരത്തില്‍ കശ്മീര്‍ ജനതയെ മൊത്തത്തില്‍ വീട്ടുതടങ്കലിലാക്കി. മാസങ്ങള്‍ കശ്മീരിന്റെ വാതിലുകള്‍ കൊട്ടിയടച്ചു. ഏതായാലും കശ്മീര്‍ രണ്ട് സംസ്ഥാനങ്ങളായി നിലനില്‍ക്കുകയാണ്. അത് തിരിച്ചുകൊണ്ടുവരാനുള്ള കെല്‍പ് തല്ക്കാലം ആര്‍ക്കുമില്ല എന്ന ഉത്തമബോധ്യത്തിന്റെ അടിസ്ഥാനത്തിലായിരിക്കാം അതിനെതിരായ പ്രതികരണങ്ങളും തണുത്തുറഞ്ഞിരിക്കുന്നു. ദീര്‍ഘകാലം ജയിലില്‍ ആയ കശ്മീരിലെ രാഷ്ട്രീയ നേതാക്കള്‍ പുറത്തുവന്നുകഴിഞ്ഞു. കശ്മീരില്‍ ജനജീവിതം താരതമ്യേന ഭേദപ്പെട്ടു എന്നുതന്നെയാണ് കരുതേണ്ടതെങ്കിലും ഒരു സംസ്ഥാനത്തെ നിയമസഭയെ പിരിച്ചുവിട്ട് കേന്ദ്രസര്‍ക്കാരിന് ആ സംസ്ഥാനത്തെ വെട്ടിമുറിക്കാമെന്ന കീഴ്‌വഴക്കം ബി.ജെ.പി. സൃഷ്ടിച്ചുവെന്നതാണ് കശ്മീര്‍ സംഭവത്തിന്റെ ബാക്കിപത്രം.
മറ്റൊരു സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ ബി.ജെ.പിയുടെ ശക്തികേന്ദ്രമായ സംസ്ഥാനത്തെ ഇതുപോലെ വെട്ടിമുറിച്ചാല്‍ എതിര്‍ക്കുകയില്ല എന്ന നയം ബി.ജെ.പിക്കുണ്ടോ എന്നതൊന്നും തല്ക്കാലം ബി.ജെ.പിക്ക് ഒരു പ്രശ്‌നമല്ല ഇന്ത്യന്‍ ഭരണഘടനയെയും ഇന്ത്യന്‍ ഭരണഘടനയുടെ പ്രത്യേക വകുപ്പുകളെയും കൈകാര്യം ചെയ്യുന്നത് ഞങ്ങളായതുകൊണ്ട് ഞങ്ങള്‍ പറഞ്ഞതാണ് നിയമം എന്ന മട്ടില്‍ അവര്‍ സുഗമമായി മുന്നോട്ടുപോവുകയാണ് കശ്മീര്‍ കാര്യത്തിലെങ്കിലും. കാര്‍ഷിക നിയമം പഞ്ചാബിലെ കര്‍ഷകരെ ചൊടിപ്പിച്ചു. മണ്ഡികള്‍ നിയന്ത്രിക്കുന്നവരുടെ സ്ഥാപിത താല്പര്യമാണെന്നൊക്കെ പ്രതിരോധത്തിന് ബി.ജെ.പി. മുതിര്‍ന്നു. മഞ്ഞും മഴയും കൊടുംവേനലും അതിജീവിച്ചുകൊണ്ട് പഞ്ചാബിലെ ജനങ്ങള്‍ ഡല്‍ഹിയിലേക്ക് യാത്ര ചെയ്തപ്പോള്‍ ശത്രുസൈന്യത്തെ നേരിടാന്‍ കിടങ്ങുകള്‍ ഉണ്ടാക്കുന്ന തന്ത്രം പോലും പ്രയോഗിച്ചുനോക്കി. റോഡിലുണ്ടാക്കിയ കിടങ്ങുകളെ അതിജീവിച്ചുകൊണ്ട് സിഖുകാര്‍ ഭൂരിപക്ഷമുള്ള കര്‍ഷക സമൂഹം ബി.ജെ.പിയെ മുട്ടുകുത്തിച്ചു എന്നുമാത്രമല്ല കര്‍ഷക നിയമങ്ങള്‍ തിരഞ്ഞെടുപ്പിന് മുമ്പ് മാറ്റിയെഴുതാന്‍ ബി.ജെ.പി. നിര്‍ബന്ധിതരായി.
ഇതിനു രണ്ടിനുമിടയിലാണ് പൗരത്വ ബില്‍ എടുത്തു പ്രയോഗിച്ചത്. അതിന്റെ ലക്ഷ്യം വളരെ വ്യക്തമായിരുന്നു. ഇന്ത്യയിലേക്ക് പൗരത്വം അന്വേഷിച്ചു വരുന്നവരില്‍ മുസ്ലീം സമുദായത്തില്‍പെട്ടവര്‍ ഉണ്ടാകരുത്. മറ്റാര്‍ക്കു വേണമെങ്കിലും മുമ്പ് വിശാല ഇന്ത്യയുടെ ഭാഗമായിരുന്ന രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്ക് കടന്നുവരാം. പാകിസ്താനില്‍ പീഡിപ്പിക്കപ്പെടുന്നുവെന്ന് കരുതുന്ന ഹിന്ദുവിന് കടന്നുവരാന്‍ കഴിഞ്ഞാലും അവിടെ രാഷ്ട്രീയകാരണങ്ങള്‍ കൊണ്ട് പീഡിപ്പിക്കപ്പെടുന്ന ഒരു മുസല്‍മാന് സാധ്യമല്ല എന്നതുകൊണ്ടാണ് പൗരത്വ നിയമത്തിന് എതിരായ അഖിലേന്ത്യ തലത്തിലുണ്ടായ മുന്നേറ്റത്തിന് ശക്തിപകര്‍ന്ന സംഗതി.
തീര്‍ച്ചയായും മുസ്ലീം ന്യൂനപക്ഷത്തെ ഉന്നംവെച്ചു കൊണ്ടാണ് ഇത് നടന്നതെന്ന് സുവ്യക്തമായിരുന്നു. ഇന്ത്യ ഇളകി മറിഞ്ഞു. മുസ്ലീം ന്യൂനപക്ഷത്തിന് പുറകില്‍ ഇന്ത്യയിലെ മതേതര ശക്തികള്‍ അണിനിരന്നപ്പോള്‍ ബി.ജെ.പി. അക്ഷരാര്‍ഥത്തില്‍ ബുദ്ധിമുട്ടിലായി. പക്ഷേ, ഇക്കാലത്താണ് കോവിഡ് മഹാമാരിയുണ്ടായത്. കോവിഡ് മഹാമാരി വന്നപ്പോള്‍ സമരങ്ങള്‍ തണുത്തു. കോവിഡിന് എതിരായ സമരത്തില്‍ സര്‍ക്കാരുമായി സഹകരിക്കുക എന്നതും വാക്‌സിനേഷന്‍ ഡ്രൈവ് നടത്തുക എന്നതുമായി പിന്നീട് മുഖ്യചര്‍ച്ചാ വിഷയങ്ങള്‍. പക്ഷേ, ന്യൂനപക്ഷത്തിനുണ്ടായ മുറിവ് ഉണങ്ങിയിട്ടില്ലെന്നതു തന്നെയാണ് സത്യം. ഇപ്പോഴും ബി.ജെ.പി. ആ കാര്യത്തില്‍ വ്യക്തത വരുത്തുന്നില്ല. പെരുന്നാളിന് വീട്ടില്‍ പോകുമ്പോഴും ഈസ്റ്ററിനും ക്രിസ്മസിനും സന്ദേശങ്ങള്‍ അയയ്ക്കുമ്പോഴും ഇന്ത്യന്‍ ന്യൂനപക്ഷ വിഭാഗങ്ങളോടുള്ള ഒരു പാര്‍ട്ടിയെന്ന ബി.ജെ.പിയുടെ സമീപനം അവ്യക്തമായി തുടരുന്നു.
ഇതിനിടയില്‍ ബി.ജെ.പിക്ക് തിരഞ്ഞെടുപ്പ് വിജയങ്ങള്‍ ഉണ്ടായി. പഞ്ചാബില്‍ വിജയിച്ചില്ലെങ്കിലും യു.പിയില്‍ തിരിച്ചുവന്നു. ബി.ജെ.പിയുടെ സ്ഥാനാര്‍ഥി ലിസ്റ്റില്‍ മുസ്ലീങ്ങളില്ല എന്നത് അഭിമാന ചിഹ്നമായി ഉയര്‍ത്തിക്കാണിക്കുന്ന ബി.ജെ.പിയാണ് പെരുന്നാള്‍ കൂടാന്‍ വീടുകളിലേക്ക് പുറപ്പെട്ടിരിക്കുന്നത്.
ക്രിസ്തുമത ന്യൂനപക്ഷങ്ങളുടെ സ്ഥിതിയിലും വലിയ മാറ്റമുണ്ടെന്ന് തോന്നുന്നില്ല. ഇതിന്റെ അര്‍ഥം ബി.ജെ.പി. അധികാരത്തില്‍ ഇരിക്കുമ്പോള്‍ ന്യൂനപക്ഷങ്ങളോട് എതിരായി സമീപമെടുത്താലും ന്യൂനപക്ഷത്തിലെ ചിലരെ അടര്‍ത്തിയെടുക്കാന്‍ കഴിയുമെന്ന ബി.ജെ.പിയുടെ ആത്മവിശ്വാസം മുന്നിട്ടുനില്‍ക്കുന്നു എന്നുതന്നെയാണ്. ഇത്തരത്തിലുള്ള അടര്‍ത്തിയെടുക്കല്‍കൊണ്ടും വിലയ്ക്ക് വാങ്ങിയ സ്വന്തമാക്കല്‍കൊണ്ടും ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് നയരൂപീകരണം നടത്താന്‍ കഴിയുമെന്ന് ഈ ലേഖകന്‍ കരുതുന്നില്ല. അതുകൊണ്ടുതന്നെ നേരത്തേ സൂചിപ്പിച്ചതുപോലെ ബി.ജെ.പിയുടെ ഈ തന്ത്രത്തിനെതിരായ പ്രതിപക്ഷത്തിന്റെ തന്ത്രം ഇതുപോലെ വശീകരണ മന്ത്രത്തില്‍ അധിഷ്ഠിതമായിക്കൂടാ.
വ്യക്തമായ രാഷ്ട്രീയ നയത്തോടുകൂടിയുള്ള രാഷ്ട്രീയ മാനിഫെസ്റ്റോ മുന്നോട്ടുവെച്ചുകൊണ്ടുള്ള ഒരു ഐക്യമാണ് ബി.ജെ.പിക്കെതിരേ ഉരുത്തിരിഞ്ഞ് വരേണ്ടിയിരുന്നത്. അതില്‍ വിപുലമായ വിഷയങ്ങള്‍ ഉള്‍പ്പെടുത്തേണ്ടതായിട്ടുണ്ട. 103-ാം ഭരണഘടനാ ഭേദഗതികൊണ്ട് ആര്‍ക്കൊക്കെ ഫലമുണ്ടായി എന്ന് പ്രതിപക്ഷ കക്ഷികള്‍ പുനര്‍വിചിന്തനം ചെയ്യണം. അതിനെ കുറിച്ച് വ്യക്തമായ നിലപാട് എടുക്കാതെ സൂത്രത്തില്‍ രാഷ്ട്രീയ ക്രിയകള്‍ പൂര്‍ത്തിയാക്കാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അവരോട് യോജിക്കാനും കഴിയുന്നില്ല.
ഒപ്പംതന്നെ ന്യൂനപക്ഷങ്ങളോടുള്ള സമീപനം വ്യക്തമാക്കേണ്ടതായിട്ടുണ്ട്. ഇന്ത്യയിലെ സിഖുകാരുള്‍പ്പടെ ഏതാണ്ട് 20 ശതമാനത്തോളം വരുന്ന ന്യൂനപക്ഷങ്ങള്‍, അവര്‍ ഇന്ത്യക്കാരല്ലാത്തവരുടെ പിന്‍മുറക്കാരാണോ അല്ലയോ എന്നതാണ് മുഖ്യമായ പ്രശ്‌നം. അവര്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികളുടെ തലപ്പത്തേക്ക് വരാന്‍ കഴിയുമോ? അവര്‍ക്ക് ജനപ്രതിനിധി സഭകളില്‍ സ്വാഭാവികമായ അംഗത്വം ലഭിക്കാന്‍ സാധിക്കുമോ? അവരുടെ പൊളിറ്റിക്കല്‍ ഷെയര്‍ എന്താണ്? ആ പൊളിറ്റിക്കല്‍ ഷെയര്‍ നല്‍കില്ല എന്നതിന്റെ പേരില്‍ ഭൂരിപക്ഷത്തെ വാശി കയറ്റുന്ന ബി.ജെ.പിയുടെ നയത്തെ തള്ളിക്കളയുന്നുവെന്ന് തുറന്നുപറയാന്‍ പ്രതിപക്ഷം ഒരേ മനസ്സോടെ തയ്യാറാകാതെ പ്രതിപക്ഷത്തിനു ബി.ജെ.പിയെ തോല്‍പിക്കാന്‍ സാധ്യമല്ല.
അത്തരത്തിലുള്ള നിലപാട് എടുക്കാത്ത പ്രതിപക്ഷം ഒരുഭാഗത്ത് നില്‍ക്കുമ്പോള്‍ എന്തെങ്കിലും തരുന്ന ബി.ജെ.പി. അല്ലേ നല്ലത് എന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ അവരെ പരിഹസിച്ചിട്ടും കുറ്റം പറഞ്ഞിട്ടും കാര്യവുമില്ല. അതുകൊണ്ട് പ്രതിപക്ഷ ഐക്യം പ്രശ്‌നങ്ങളില്‍ അധിഷ്ഠിതമായിരിക്കണം. നമ്മുടെ മുന്നില്‍ രണ്ട് പ്രതിപക്ഷ ഐക്യങ്ങളുണ്ടായിട്ടുണ്ട്. ആദ്യത്തേത് അടിയന്തരാവസ്ഥയ്ക്ക് എതിരായതാണ്. അതു ഫലപ്രദമായിരുന്നു. ഇന്ന് ആ സാഹചര്യവുമായി താരതമ്യം ചെയ്യാന്‍ ആനുകാലിക രാഷ്ട്രീയം അനുവദിക്കുന്നില്ല. ആനുകാലിക രാഷ്ട്രീയത്തില്‍ അത്തരമൊരു താരതമ്യം പ്രസക്തവുമല്ല.
2004-ല്‍ ഉണ്ടായ യു.പി.എയുടെ രൂപീകരണം ഇന്നത്തെ സാഹചര്യവുമായി വളരെ ചേര്‍ന്നുനില്‍ക്കുന്നതാണ്. 2004-ല്‍ എനിക്ക് സുഖം തോന്നുന്നുവെന്ന് അദ്വാനി പറയുകയുണ്ടായി. അതിനര്‍ഥം ബി.ജെ.പിക്ക് എളുപ്പത്തില്‍ ജയിക്കാന്‍ കഴിയുന്ന അന്തരീക്ഷം ഉണ്ട് എന്നുതന്നെയാണ്. പറ്റുമെങ്കില്‍ വാജ്‌പേയിയെ മാറ്റി പ്രധാനമന്ത്രിയാകാനുള്ള ഒരു കണ്ണും ആ തിരഞ്ഞെടുപ്പില്‍ അദ്വാനിക്ക് ഉണ്ടായെങ്കില്‍ കുറ്റം പറയാന്‍ ആകില്ല. പക്ഷേ, എന്താണ് സംഭവിച്ചത്? ഫീല്‍ ഗുഡ് ഫാക്ടര്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞു.
വാജ്‌പേയിയുടെ ഭരണം മാറ്റി മന്‍മോഹന്‍ സിങ്ങിന്റെ ഭരണം പത്തു വര്‍ഷം നീണ്ടുനിന്നു. അതു വ്യക്തമായ മുദ്രാവാക്യങ്ങളുടെ അടിസ്ഥാനത്തില്‍ ആയിരുന്നു. ആ സര്‍ക്കാര്‍ ആണ് ദേശീയ തൊഴിലുറപ്പ് പദ്ധതി കൊണ്ടുവന്നത്. ഇന്ന് കോവിഡിനെ നേരിടുന്ന സമയത്ത് ഇന്ത്യാ സര്‍ക്കാരിന് ഏറ്റവും സൗകര്യപ്രദമായത് തൊഴിലുറപ്പ് പദ്ധതിയായിരുന്നു. കോവിഡ് കാലത്ത് മുന്‍വിചാരമില്ലാതെ ആയിരക്കണക്കിന് കിലോ മീറ്റര്‍ നടന്നുപോകാന്‍ വിധിക്കപ്പെട്ട പാവപ്പെട്ട നഗരവാസികളായ തൊഴിലാളികള്‍ ഗ്രാമത്തില്‍ ചെന്ന് പിടഞ്ഞു മരിക്കാതിരുന്നത് തൊഴിലുറപ്പ് പദ്ധതിയിലൂടെ കിട്ടിയ ചെറിയ പണംകൊണ്ടും ഭക്ഷ്യ ഉറപ്പു പദ്ധതിയിലൂടെ ലഭിച്ച ഭക്ഷണം കൊണ്ടുമാണ്.
അതിനെ നല്ല രീതിയില്‍ തന്നെ ബി.ജെ.പി. ഉപയോഗിച്ചു, ഭക്ഷണമെത്തിച്ചു. തൊഴിലുറപ്പ് പദ്ധതിയെ പരിഹസിച്ചെങ്കിലും അത് നടപ്പാക്കി. വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി. ആദ്യഘട്ടങ്ങളില്‍ പാത്രത്തില്‍ കൊട്ടുന്നതിനും ഗോമൂത്ര പരീക്ഷണത്തിനും ഒക്കെ തയ്യാറായെങ്കിലും പിന്നീട് തികച്ചും ശാസ്ത്രീയമായ തരത്തില്‍ അമേരിക്കയില്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ ശതമാനം ആളുകളെ ഇന്ത്യയില്‍ വാക്‌സിനേഷന് വിധേയമാക്കി. അവസരത്തിനൊത്ത് അത്തരം കാര്യങ്ങള്‍ ചെയ്യാനുള്ള ബി.ജെ.പിയുടെ സാമര്‍ഥ്യത്തെ എതിരാളികള്‍ കണ്ടില്ലെന്ന് നടിക്കരുത്.
മാത്രമല്ല, ഇന്ന് ബി.ജെ.പി. മുന്നോട്ടുവെച്ചിട്ടുള്ള, ഈ കോളത്തില്‍ നേരത്തേ സൂചിപ്പിച്ചിട്ടുള്ള, നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഇന്‍ഫ്രാപുഷ് വന്‍കിട ദേശീയ പാതകളുടെ നിര്‍മാണം ബി.ജെ.പിയുടെ കൈയിലെ നല്ല ചീട്ടാണ്. ഈ സാഹചര്യത്തില്‍ എന്താണ് പ്രതിപക്ഷം ജനങ്ങള്‍ക്ക് നല്‍കുന്ന വാഗ്ദാനം? പ്രതിപക്ഷത്തിന് ഒരു പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ വാഗ്ദാനം ചെയ്യാന്‍ കഴിയേണ്ടതായിട്ടുണ്ട്. പക്ഷേ, അതുമാത്രമല്ല കഴിയാത്തത്. എന്തായിരിക്കും പ്രതിപക്ഷത്തിന്റെ സാമ്പത്തിക നയമെന്നും എന്തായിരിക്കും പ്രതിപക്ഷത്തിന്റെ ദാരിദ്ര നിര്‍മാര്‍ജനത്തോടുള്ള സമീപനമെന്നും എന്തായിരിക്കും സംവരണത്തോടുള്ള സമീപനമെന്നും എന്തായിരിക്കും ഭൂപരിഷ്‌കരണത്തോടും തൊഴിലില്ലായ്മയോടും ഉള്ള പ്രതിപക്ഷത്തിന്റെ മുദ്രാവാക്യം എന്തായിരിക്കും എന്നും വ്യക്തമാക്കിക്കൊണ്ടുള്ള ഒരു കരട് മാനിഫെസ്റ്റോ ഇറക്കുകയാണ് ആദ്യം ചെയ്യേണ്ടത്.
നിതീഷ് കുമാര്‍ ഇന്ന് പ്രതിപക്ഷനിരയുടെ കണ്‍വീനറായി വരുന്നത് നല്ലതാണെന്ന് ഒറ്റനോട്ടത്തില്‍ പറയാം. നിതീഷ്‌കുമാര്‍ എവിടെയുണ്ടോ അവിടം വിജയം എന്നുപറയുന്നതിനേക്കാള്‍ നല്ലത് വിജയം എവിടെയുണ്ടോ അത് നിതീഷ് കുമാറിനറിയാം എന്നുപറയുന്നതായിരിക്കും. അതുകൊണ്ട് നിതീഷ് കുമാര്‍ പ്രതിപക്ഷ നിരയില്‍ സജീവമാകുന്നുണ്ടെങ്കില്‍ ഒരു വലിയ രാഷ്ട്രീയ നിരീക്ഷകന്റെ സ്ഥാനമുള്ള നിതീഷ്‌കുമാറിന്റെ കണ്ണുകള്‍ അധികാരത്തില്‍ തന്നെയാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. അതില്‍ തെറ്റുമില്ല. അതുകൊണ്ട് നിതീഷ് കുമാറാണ് മുന്നില്‍ നിന്ന് നയിക്കുന്നതെങ്കില്‍ ജനങ്ങളുടെ മുദ്രാവാക്യങ്ങള്‍ അദ്ദേഹത്തിന്റെ വായില്‍ നിന്ന് പുറത്തേക്ക് വരേണ്ടതായിട്ടുണ്ട്.
ടു ബി ഓർ നോട്ട് ടു ബി എന്ന ഷേക്‌സ്പിയര്‍ വാചകത്തെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ വേണമോ വേണ്ടയോ എന്ന് രാഹുല്‍ ഗാന്ധി തീരുമാനിച്ചിട്ടില്ല. എ.ഐ.സി.സിയുടെ പ്രസിഡന്റ് ആകുന്നതിന് പോലും അദ്ദേഹം വിസമ്മതമാണ് കാണിച്ചിട്ടുള്ളത്. അതിനുപകരം രാഹുല്‍ ഗാന്ധിയാണ് ഇന്ത്യയുടെ പ്രധാനമന്ത്രി എന്ന് ഉറപ്പിച്ചു പറഞ്ഞാല്‍ ഇന്ത്യയില്‍ അതിന് ഒരു അംഗീകാരമുണ്ട്. 'ആരാ നിങ്ങടെ നേതാവ് എന്താ നിങ്ങടെ പരിപാടി?' എന്ന വളരെ പഴയൊരു മുദ്രാവാക്യമുണ്ട് കേരളത്തില്‍. മൗലികമായ മുദ്രാവാക്യങ്ങള്‍ മുന്നോട്ടുവെച്ചുകൊണ്ട് പ്രതിപക്ഷം ഇക്കാര്യം വ്യക്തമാക്കേണ്ടിയിരിക്കുന്നു.
ആര് നേതാവായാലും പരിപാടി എന്താണെന്ന കാര്യത്തില്‍ ശങ്ക പാടില്ല. അതിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളോട് സംസാരിച്ചു തുടങ്ങേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. വന്‍കിട റാലികള്‍ ഇന്ത്യില്‍ എമ്പാടും നടക്കേണ്ട സമയമായി. ബി.ജെ.പിയെ അധികാരത്തില്‍നിന്ന് മാറ്റുക എന്ന ഒറ്റ അജണ്ട മാത്രമല്ല. അങ്ങനെ മാറുന്ന സമയത്ത് അവര്‍ക്ക് ലഭിക്കുന്ന പുതിയ സര്‍ക്കാരിന്റെ രുചി എന്തായിരിക്കുമെന്ന് അവരോട് പറഞ്ഞാല്‍ പണ്ടത്തേക്കാള്‍ കൂടതല്‍ കമ്യൂണിക്കേഷന്‍ സംവിധാനങ്ങളുള്ള നമ്മുടെ നാടിന് അത് മനസ്സിലാക്കാന്‍ കഴിയും. അതിനായിരിക്കണം പ്രതിപക്ഷത്തിന്റെ ശ്രമം.
Content Highlights: BJP and political shopping
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..