ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള അന്വേഷണം വൈകുന്നതിൽ കന്യാസ്ത്രീകൾ നടത്തിയ പ്രതിഷേധം (ഫയൽ ചിത്രം) | ഫോട്ടോ: മാതൃഭൂമി
കേരളത്തില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ കോടതിയിലും അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിലുമെത്തുമ്പോള്‍ എങ്ങനെയെല്ലാം മാറിമറിയുന്നു എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ബിഷപ്പ് ഫ്രാങ്കോ കേസ്. പുരുഷന്‍ അധികാരിയാവുകയും ആ പുരുഷന്റെ കീഴില്‍ തൊഴില്‍ ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുകയും ചെയ്യുന്ന സ്ത്രീകള്‍ക്ക് നേരെ അധികാരിയായ പുരുഷന്റെ ഭാഗത്തുനിന്നു ലൈംഗിക പരാക്രമങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിനെതിരേ എങ്ങനെ നീതി തേടാം എന്ന പ്രശ്‌നമാണ് ഫ്രാങ്കോ കേസ് പുറത്തുകൊണ്ടുവന്നിട്ടുളളത്. അതുകൊണ്ടുതന്നെ, ഈ കേസിന് മാത്രം ബാധകമായ ഒന്നായിട്ടല്ല നാം വിധിയെ കാണേണ്ടത്.
നമുക്കറിയാം, ഇന്ന് സിനിമാനടിമാര്‍ മുതല്‍ കന്യാസ്ത്രീകള്‍ വരെ, വിവിധമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ അവരുടെ അധികാരികളില്‍നിന്ന് നിരവധി പീഡനങ്ങള്‍ നേരിടേണ്ടി വരികയാണ്. കേരളം ഇപ്പോഴും ചര്‍ച്ച ചെയ്യുന്ന, നടി ആക്രമിക്കപ്പെട്ട കേസില്‍ ഒരു സൂപ്പര്‍ താരമാണ് പ്രതിസ്ഥാനത്തുളളത്. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ കണ്ട് അയാള്‍ ആനന്ദിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു കഴിഞ്ഞു. ആക്രമിക്കുമ്പോള്‍ ഒരു സ്ത്രീ പ്രകടിപ്പിക്കുന്ന ദയനീയതയെ സ്റ്റുഡിയോയിലെത്തിച്ച് ശബ്ദം കൂട്ടി കേട്ടാസ്വദിക്കുന്ന മനോഭാവം നമ്മുടെ വന്‍കിട ചലച്ചിത്ര നടന്മാരില്‍ ഒരാള്‍ക്കുണ്ടായി എന്നുപറഞ്ഞാല്‍ കേരളത്തിന്റെ സാംസ്‌കാരിക നിലവാരം എവിടെയെത്തിയെന്നതിന് മറ്റു തെളിവുകള്‍ ആവശ്യമില്ല.
നീതിപീഠത്തിന്റെ അത്യുന്നതശൃംഗമായ സുപ്രീം കോടതിയില്‍ നടന്ന സംഭവവും നമ്മുടെ മുന്നിലുണ്ട്. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് നേരത്തന്നെ അവിടെ ജോലി ചെയ്ത ഒരു സ്ത്രീയുടെ ആക്ഷേപം വരികയും അത് 'സമര്‍ഥമായി' കൈകാര്യം ചെയ്യുകയും ചെയ്ത കഥയ്ക്ക് അധികം പഴക്കമില്ല. ഈ സാഹചര്യത്തില്‍ അധികാരിയായ പുരുഷന്‍ തന്റെ അധികാര കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീയോടു കാണിക്കേണ്ട മര്യാദകളെ കുറിച്ചും ആ മര്യാദകള്‍ ലംഘിക്കപ്പെടുമ്പോള്‍ എടുക്കേണ്ട നടപടികളെ കുറിച്ചും എല്ലാ സംവിധാനങ്ങളിലും കൃത്യമായ നടപടിക്രമങ്ങളുണ്ടാകണം എന്നാണ് ഫ്രാങ്കോ കേസ് ആവര്‍ത്തിക്കുന്നത്.
ബിഷപ്പ് ഫ്രാങ്കോ 13 തവണ ലൈംഗിക അതിക്രമങ്ങള്‍ നടത്തിയെന്ന പരാതി നല്‍കിയത് അദ്ദേഹത്തിന്റെ തന്നെ കീഴിലുളള പഞ്ചാബിലെ ജലന്ധര്‍ രൂപതയുടെ ഭാഗമായി കേരളത്തിൽ പ്രവര്‍ത്തിക്കുന്ന കോണ്‍വെന്റിലെ കന്യാസ്ത്രീയാണ്. കേസിനാസ്പദമായ സംഭവങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്നതാണ്. ബിഷപ്പ് ഫ്രാങ്കോ കോണ്‍വെന്റില്‍ അദ്ദേഹത്തിന് താമസിക്കാവുന്ന ഗസ്റ്റ്ഹൗസില്‍ ഒരു ദിവസം വരുന്നു. രാത്രി പത്തു മണിക്ക് തന്റെ തിരുവസ്ത്രം ഇസ്തിരിയിട്ടു കൊണ്ടുവരാന്‍ ഇരയായ കന്യാസ്ത്രീയോട് ബിഷപ്പ് ആവശ്യപ്പെടുന്നു. ഈ സന്ദര്‍ഭത്തിലാണ് ബിഷപ്പ് തന്നെ ശാരീരികമായി അപമാനപ്പെടുത്തിയതെന്ന് കന്യാസ്ത്രീ ആരോപിക്കുന്നത്. അതിനു ശേഷം പലപ്പോഴും ഇത്തരത്തില്‍ അനുഭവങ്ങള്‍ ഉണ്ടായി എന്നും അതിനെതിരേ സഭാനേതൃത്വത്തോട് പരാതിപ്പെട്ടപ്പോള്‍ പരിഹാരം കിട്ടാത്തതു കൊണ്ടാണ് താനിപ്പോള്‍ കോടതിയില്‍ എത്തിയതെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍, കോടതി ആരുടെ പക്ഷത്ത് നിന്നു കൊണ്ടാണ് കേസ് കേട്ടത് എന്നത് പ്രസക്തമാവുകയാണ്. പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയുടെ പക്ഷത്ത് നിന്നു കൊണ്ട് പീഡനം ആരോപിക്കപ്പെട്ട ബിഷപ്പിന്റെ ചെയ്തികള്‍ പരിശോധിക്കുന്നതിന് പകരം പ്രതിയുടെ ഭാഗത്ത് നിന്നു കൊണ്ട് ഇരയെ പരിശോധിക്കുന്ന രീതിയാണ് ജസ്റ്റിസ് ഗോപകുമാറിന്റേത് എന്ന് പറയാതിരിക്കാന്‍ കഴിയില്ല. ദീര്‍ഘമായ വിധിയില്‍ അദ്ദേഹം ആവര്‍ത്തിച്ചു പറയുന്നുണ്ട് ലൈംഗികമായ അതിക്രമം കൃത്യമായ രീതിയില്‍ അല്ല കന്യാസ്ത്രീ പലപ്പോഴും പറഞ്ഞിട്ടുളളതെന്ന്. എന്നുവെച്ചാല്‍, തത്ത പറയുന്നത് പോലെ, അല്ലെങ്കില്‍ ടേപ്പ് റെക്കോര്‍ഡര്‍ പ്രവര്‍ത്തിക്കുന്നതു പോലെ, തെറ്റു കൂടാതെ അതിക്രമങ്ങള്‍ എണ്ണിയെണ്ണി പറയണമായിരുന്നു എന്നു സാരം. ഉദാഹരണത്തിന് വജൈനല്‍ പെനിട്രേഷന്‍ പോലുളള കാര്യങ്ങള്‍ കൃത്യമായി പറയേണ്ടിയിരുന്നു എന്നതാണ് ജഡ്ജ്‌മെന്റിന്റെ കാതല്‍. പക്ഷേ, ബലാത്സംഗം സംബന്ധിച്ച ഐ.പി.സി. 375-ാം വകുപ്പ് 2013-ല്‍ ഭേദഗതി ചെയ്ത കാര്യം നമ്മുടെ ജഡ്ജി അറിഞ്ഞിട്ടില്ല എന്നുതോന്നും വിധി കേട്ടാല്‍. ബലാത്സംഗത്തെ കുറിച്ചുളള നിര്‍വചനത്തില്‍ വജൈനല്‍ പെനിട്രേഷന്‍ വേണമെന്നില്ലെന്ന് വ്യക്തമാക്കുന്നുണ്ട്.
മാത്രമല്ല, ഫ്രാങ്കോ കേസിലെ വിധി ഇന്ത്യയില്‍ ഇത്തരം വിഷയങ്ങള്‍ വന്നിട്ടുളള വിധികളുടെ സ്പിരിറ്റിന് നിരക്കാത്തതാണ്. എഫ്.ഐ.ആറിലും സി.ആര്‍.പി.സിയുടെ 164-ാം വകുപ്പും അനുസരിച്ചുളള പ്രസ്താവനയിലുമെല്ലാം വളളി പുളളി വിസര്‍ഗങ്ങള്‍ തെറ്റിയിട്ടുണ്ടോ എന്നതല്ല, ആ സംഭവത്തെ കുറിച്ച് അതിന്റെ ഉളളടക്കത്തെക്കുറിച്ച് പ്രതിക്ക് നേരെ പരാതിക്കാരി കൃത്യമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ടോ എന്നായിരുന്നു പരിശോധിക്കേണ്ടിയിരുന്നത്.
എന്തായാലും അധികാരിയായ ഒരു പുരുഷന്‍ അധികാരമില്ലാത്ത ഒരു സ്ത്രീയോട് ബലാത്ക്കാരമായി പ്രവര്‍ത്തിച്ചു എന്ന കുറ്റം സംശയത്തിന് അതീതമായി തെളിയിക്കാന്‍ കഴിയാത്തതുകൊണ്ട് അധികാരിയായ മറ്റൊരു പുരുഷന്‍ പ്രതിയെ വെറുതെ വിട്ടിരിക്കുന്നു.
ഫ്രാങ്കോ കേസിലെ വിധിയുടെ ഉളളടക്കങ്ങളിലേക്ക് കൂടുതല്‍ പ്രവേശിക്കാനല്ല ആഗ്രഹിക്കുന്നത്. മറിച്ച്, ഫിഡ്യൂഷ്യറി റിലേഷന്‍ഷിപ്പ് (fiduciary relationship) എന്ന് നിയമഭാഷയില്‍ പറയുന്ന അധികാരികള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കേണ്ടി വരുന്ന സ്ത്രീകള്‍ക്ക് നേരെ അതിക്രമങ്ങള്‍ ഉണ്ടാകുമ്പോള്‍ അതെങ്ങനെ തടയാം എന്നതിനെ കുറിച്ചും അതിലുള്‍പ്പെട്ടവരെ എങ്ങനെ ശിക്ഷിക്കാം എന്നതിനെ കുറിച്ചുമാണ് ചിന്തിക്കാന്‍ ആഗ്രഹിക്കുന്നത്.
സിനിമാമേഖലയില്‍ നടിമാരുടെ നേരെ ഉണ്ടാകുന്ന അതിക്രമങ്ങളെ കുറിച്ചും മോശമായ ലൈംഗികനീക്കത്തെ കുറിച്ചും അന്വേഷിക്കാന്‍ ഹേമ കമ്മിറ്റിയെ നിയോഗിച്ചതായി നമുക്കറിയാം. സിനിമാ മേഖലയില്‍ ഇത്തരം അനുഭവങ്ങള്‍ ഉണ്ടായാല്‍ ആരോടാണ് പരാതിപ്പെടേണ്ടത് എന്നതുസംബന്ധിച്ച് വ്യക്തത ഉണ്ടാകണമെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുളളതായാണ് അറിയുന്നത്. സിനിമയിലെ തൊഴിലിടങ്ങള്‍ തികച്ചും താല്ക്കാലികം മാത്രമാണ്. ഏതാനും മാസങ്ങള്‍ മാത്രം നീണ്ടുനില്‍ക്കുന്ന സംവിധാനങ്ങള്‍. ഈ സെറ്റുകള്‍ പല സിനിമകള്‍ക്കു വേണ്ടിയും ആവര്‍ത്തിക്കുന്നു. എന്നാല്‍ കന്യാസ്ത്രീ മഠങ്ങള്‍ അതുപോലെയല്ല.
പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയാകുന്നതോടെ മഠങ്ങളിലേക്കെത്തുന്നു.ജീവിതകാലം മുഴുവന്‍ അവരവിടെ കഴിയുകയാണ്. ലൗകികജീവിതത്തില്‍ നിന്ന് ഒരര്‍ഥത്തില്‍ രാജിവെച്ചുകൊണ്ടാണ് അവര്‍ ആത്മീയ ജീവിതത്തിന്റെ മാര്‍ഗത്തിലേക്ക് കടക്കുന്നത്. സിസ്റ്റര്‍ മേരി ബനീഞ്ഞയുടെ ലോകമേ യാത്ര എന്ന പ്രസിദ്ധമായ കവിത നമുക്ക് മുന്നിലുണ്ട്. എത്രയോ വിശുദ്ധ കന്യാസ്ത്രീകൾ കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. അവരുടെ പ്രതീകമാണ് ഇന്ത്യയില്‍ ആദ്യമായി വിശുദ്ധയാക്കപ്പെട്ട അല്‍ഫോന്‍സാമ്മ.
ഇന്ന് അശരണരുടെ സഹായികളെന്ന നിലയില്‍ മാത്രമല്ല, അവരുടെ പോരാട്ടങ്ങള്‍ക്ക് മുന്നിലും കന്യാസ്ത്രീകളെ കാണാം. ജാതിമര്‍ദനം മൂലവും ദാരിദ്ര്യം മൂലവും ഇരുളടഞ്ഞ കുഗ്രാമങ്ങളില്‍ ചെന്നുകൊണ്ട് അവരുടെ പോരാട്ടങ്ങള്‍ക്ക് വീര്യം പകര്‍ന്ന ദയാഭായി നമ്മോടൊപ്പമുണ്ട്. ഒരു പ്രസിദ്ധിയും ആഗ്രഹിക്കാതെ ജാതിയും മതവും നോക്കാതെ സ്വന്തം വൃക്കയും കരളും സംഭാവന ചെയ്ത കന്യാസ്ത്രീകളും പുരോഹിതന്മാരും നമ്മോടൊപ്പം ജീവിക്കുന്നുണ്ട്.
എല്ലാം പരിത്യജിച്ച് പാവപ്പെട്ടവരെയും അശണരേയും സഹായിക്കാന്‍ ദൈവവിളി കേട്ട് പുറപ്പെട്ട പെണ്‍കുട്ടികളാണ് പ്രസിദ്ധരായ കന്യാസ്ത്രീകളായത്. അത്തരത്തില്‍ ഇന്ത്യയുടെ തെരുവുകളില്‍ അനാഥര്‍ക്ക് വേണ്ടി അഹോരാത്രം പണിയെടുത്ത അമ്മയാണല്ലോ മദര്‍ തെരേസ. അതുപോലെയുളള പതിനായിരക്കണക്കിന് കന്യാസ്ത്രീയമ്മമാര്‍ അവരുടെ വീടു വിട്ട് ലൗകികജീവിതം ഉപേക്ഷിച്ച് മഠങ്ങളിലേക്കെത്തുമ്പോള്‍ അതവരുടെ തൊഴിലിടം മാത്രമല്ല, ഭവനം തന്നെയാണ്. ആ ഭവനത്തിലേക്ക് പുരോഹിതന്മാരായാലും അവരുടെ മേലധികാരികളായിട്ടുളള ബിഷപ്പുമാരായാലും എങ്ങനെ, എപ്പോഴെല്ലാം പ്രവേശിക്കാം എന്നുളളത് ഏറ്റവും നിര്‍ണായകമായ ഒരു കാര്യമാണ്.
കേരളത്തിലെ സീറോ മലബാര്‍ സഭയില്‍ തന്നെ മുപ്പതിനായിരത്തില്‍ അധികം കന്യാസ്ത്രീമാരുണ്ടെന്നാണ് കണക്കാക്കിയിട്ടുളളത്. മറ്റു രണ്ട് കാത്തോലിക്കാ റീത്തുകളിലുമായി അയ്യായിരത്തോളം കന്യാസ്ത്രീകളുണ്ട്‌ത്രേ. അങ്ങനെ 35,000 ത്തോളം കന്യാസ്ത്രീകളും ഏതാണ്ട് ഇരുപതിനായിരത്തോളം പുരോഹിതന്മാരും ഉള്‍പ്പെടുന്നതാണ് കേരളത്തിലെ മൂന്നുറീത്തുകളും ചേര്‍ന്ന കത്തോലിക്കാസഭ. ഏകദേശം അമ്പതിനായിരം പേര്‍ കന്യാസ്ത്രീകളും പുരോഹിതന്മാരുമായി കത്തോലിക്കാസഭയില്‍ തന്നെയുണ്ട്. അവിവാഹിതരായ ഇവര്‍ കേരളത്തിലെ കത്തോലിക്കാസഭയുടെ ഒരു ശതമാനം വരും.
നോണ്‍ കാത്തലിക് ക്രിസ്ത്രീയ വിഭാഗങ്ങളില്‍ നാമമാത്രമായേ ഇന്ന് കന്യാസ്ത്രീമാരുളളൂ. അത്തരം സഭകളിലെ പുരോഹിതന്മാര്‍ക്കാണെങ്കില്‍ വേണമെങ്കില്‍ വിവാഹം ചെയ്യാം. പ്രൊട്ടസ്റ്റന്റ് സഭകളിലാകട്ടെ കന്യാസ്ത്രീമാരെയില്ല. സി.എസ്.ഐ സഭയില്‍ ബിഷപ്പുമാര്‍ക്കും വിവാഹിതരാകാം. ഈ സഭയില്‍ സ്ത്രീ പുരോഹിതന്മാരും ബിഷപ്പുമാരും ഉണ്ട്.
പതിനായിരക്കണക്കിന് സ്ത്രീകളുടെ തൊഴിലിടങ്ങളിലെ പ്രശ്‌നങ്ങള്‍ എന്നതിലുപരി ജീവിതസാഹചര്യത്തെ തന്നെ ബാധിക്കുന്ന വിഷയമാണ് കന്യാസ്ത്രീ മഠങ്ങളിലെ പ്രശ്‌നങ്ങള്‍. ഇതിനെ കുറിച്ച് കേരളം ഒരുപാട് ചര്‍ച്ച ചെയ്തിട്ടുണ്ട്. അതിലേക്ക് തല്ക്കാലം കടക്കുന്നില്ല. ജോസഫ് മുണ്ടശ്ശേരിയുടെ 'കൊന്തയില്‍ നിന്ന് കുരിശിലേക്ക്' എന്ന നോവലിന് അതിറങ്ങിയ കാലത്തേതുപോലെ പ്രസക്തിയില്ല. പക്ഷേ പുതിയ കാലത്തിലും കന്യാസ്ത്രീ മഠങ്ങള്‍ പൊതുമണ്ഡലത്തില്‍ ചര്‍ച്ചയാവുകയാണ്.
ഈ കാലത്ത് കത്തോലിക്കാ സഭ ഗൗരവത്തോടെ ഈ വിഷയത്തെ സമീപിക്കേണ്ടതായിട്ടുണ്ട്. കന്യാസ്ത്രീ മഠങ്ങളില്‍ ലൈംഗികമായ അതിക്രമങ്ങള്‍ ഉണ്ടായാലും ഇല്ലെങ്കിലും ഇത്തരം വിഷയങ്ങള്‍ ഉണ്ടാകുമ്പോള്‍ സമീപിക്കാന്‍ കഴിയുന്ന, സഭയ്ക്ക് അകത്തും പുറത്തുമുളള, പൊതുസമൂഹം അംഗീകരിക്കുന്ന, ഡോക്ടര്‍മാരും വക്കീലന്മാരും അധ്യാപകരും എല്ലാം അടങ്ങുന്ന പ്രസിദ്ധരായ സ്ത്രീകളുടെ ഒരു പാനല്‍ അടിയന്തരമായി രൂപീകരിക്കപ്പെടേണ്ടതായിട്ടുണ്ട്. പൊതുസമൂഹത്തില്‍ ഇത്തരം വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തേണ്ടതില്ലെങ്കിലും ഇത്തരം സംവിധാനങ്ങള്‍ ഉണ്ടെന്ന വസ്തുത പൊതുജനങ്ങള്‍ അറിഞ്ഞിരിക്കണം. ഏതാണ്ട് ഇതിനോട് സമാനമായി സഭയ്ക്ക് അകത്തുളള നിരവധി സംവിധാനങ്ങളും, കൗണ്‍സിലിങ്ങുകളും ഉണ്ട് എന്ന് അറിയാത്ത ഒരാളല്ല ഈ ലേഖകന്‍. പക്ഷേ അത്തരം സംവിധാനങ്ങള്‍ ഫലപ്രദമായിരുന്നുവെങ്കില്‍ സഭയ്ക്കും ക്രിസ്തുമതത്തിനും പൊതുവില്‍ കേരളത്തിനും അപമാനകരമായ ഇത്തരം വാര്‍ത്തകള്‍ നാം കേള്‍ക്കേണ്ടി വരില്ലായിരുന്നു.
നമുക്കറിയാം അഭയകേസ് പതിറ്റാണ്ടുകള്‍ എടുത്തതിന് ശേഷമാണ് ഒരു ശിക്ഷയിലേക്ക് നീങ്ങിയത്. ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിച്ചുകൂടാ. ഇന്ന് അധികാരത്തിലിരിക്കുന്ന പോപ്പ് ഫ്രാന്‍സിസ് ഒരു ജനകീയ പോപ്പാണ്. ലാറ്റിനമേരിക്കയില്‍ നിന്ന് വന്ന, ജസ്യൂട്ടുകളിലില്‍ നിന്ന് വന്ന ആദ്യത്തെ പോപ്പാണ് അദ്ദേഹം. ഇന്നത്തെ പോപ്പിന് ഇത്തരം കാര്യങ്ങളിലുളള ജനകീയമായ സമീപനങ്ങള്‍ ലോകപ്രസിദ്ധമാണ്. 'മതവിശ്വാസമില്ലാത്തവര്‍ക്കുപോലും സ്വര്‍ഗത്തില്‍ പോകാം' എന്ന അദ്ദേഹത്തിന്റെ പ്രസ്താവന അതിലൊന്നുമാത്രമാണ്. മറ്റു മതങ്ങളോട് മറ്റുസഭകളോടെന്ന പോലയോ അതിലധികമായോ 'ecumenical'മനോഭാവമാണ് വെച്ചുപുലര്‍ത്തുന്നത്. ലോകത്തെ മര്‍ദിത ജനലക്ഷങ്ങളോട് ചേര്‍ന്നു നില്‍ക്കാനുളള ത്വര അദ്ദേഹത്തിന്റെ ഓരോ പ്രസ്താവനയിലും കാണാവുന്നതാണ്. ലളിത ജീവിതം കൊണ്ട് പോപ്പ് ഫ്രാന്‍സിസ് വത്തിക്കാനില്‍ പോപ്പ് പദവിക്കുണ്ടായിരുന്ന രാജകീയതയെ അപനിര്‍മിച്ചുകൊണ്ടിരിക്കുകയാണ്.
അദ്ദേഹത്തിന്റെ കീഴിലുളള കത്തോലിക്കാസഭയില്‍ ഒരു ബിഷപ്പിനാല്‍ കന്യാസ്ത്രീമാര്‍ പീഡിപ്പിക്കപ്പെടുന്നു എന്ന പ്രശ്‌നം കോടതി കയറേണ്ടി വന്നു എന്നതുതന്നെ നാണക്കേടാണ്. നിയമത്തിന്റെ നൂലാമാലകളില്‍ നിന്നും വിദഗ്ധരായ വക്കീലന്മാര്‍ ബിഷപ്പിനെ രക്ഷിച്ചെടുക്കുന്നത് നാം കണ്ടു. അങ്ങനെ നിയമത്തിന്റെ 'സൂചിക്കുഴ'യിലൂടെ രക്ഷപ്പെടേണ്ട വ്യക്തിത്വങ്ങളാണോ പുരോഹിത ശ്രേഷ്ഠന്മാര്‍. സമൂഹമധ്യത്തില്‍ അവര്‍ കുറ്റക്കാരല്ലെന്ന് തെളിയിക്കാന്‍ കോടതികളുടെ സഹായം വേണ്ടി വരുന്നു എന്നതുതന്നെയാണ് അവരെ ദുര്‍ബലരാക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തരം വിഷയങ്ങളില്‍ കൂടുതല്‍ ഗൗരവകരമായ ചര്‍ച്ചകള്‍ സഭയ്ക്ക് അകത്തും പുറത്തും അനിവാര്യമായി തീരുന്നു.
ഇതുപറയുമ്പോള്‍ സഭ നമ്മുടെ സമൂഹത്തിന് നല്‍കിയിട്ടുളള പ്രത്യേകിച്ച് കന്യാസ്ത്രീമാര്‍ നല്‍കിയ സംഭാവനകളെ ആരും ചെറുതായി കാണും എന്ന് ഞാന്‍ കരുതുന്നില്ല. ആശുപത്രികളിലും സ്‌കൂളുകളിലും അവര്‍ നല്‍കിയിട്ടുളള നിസ്വാര്‍ഥമായ സേവനങ്ങള്‍, വീടും കുടുംബവും വിട്ടുപോയി ജനങ്ങളോട് ഒപ്പം നിന്നിട്ടുളള ലക്ഷോപലക്ഷം നല്ല അനുഭവങ്ങള്‍ നന്ദിയോടുകൂടെത്തന്നെ കേരളത്തിന്റെ പൊതുസമൂഹം ജാതിമത രാഷ്ട്രീയ വ്യത്യാസമില്ലാതെ അംഗീകരിക്കുന്നുണ്ട്.
പക്ഷേ, സഭയെ രക്ഷിക്കാനെന്ന മട്ടില്‍ പുറത്തിറങ്ങിയിട്ടുളള ചില വ്യക്തികള്‍ നടത്തുന്ന പരാമര്‍ശങ്ങളിലൂടെ സഭ രക്ഷിക്കപ്പെടുകയാണോ അതോ അവമതിക്കപ്പെടുകയാണോ ചെയ്യുന്നത് എന്ന് അവര്‍ തന്നെ പരിശോധിക്കട്ടെ. പ്രതിയെ രക്ഷിക്കാനുളള ആക്രാന്തത്തിനിടയില്‍ കന്യാസ്ത്രീകൾ വളരെ മോശപ്പെട്ട സ്ത്രീകളാണ് എന്നുവരെ പറയുമ്പോള്‍ ചളി നീളെ തെറിക്കുന്നത് പരാതി കൊടുത്ത കന്യാസ്ത്രീകളുടെ മാത്രം തിരുവസ്ത്രങ്ങളില്‍ അല്ല എന്ന കാര്യം അഭിനവ രക്ഷാകര്‍ത്താക്കള്‍ ആലോചിക്കുന്നത് നന്നായിരിക്കും.
Content Highlights: Bishop Franco Mulakkal case verdict, nuns protests in kerala, prathibhasahanam
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..