മോദിക്കും പിണറായിക്കുമിടയിൽ 2022 പറയുന്നത്...! | വഴിപോക്കൻ


വഴിപോക്കൻ

ഈ കോളം പക്ഷം പിടിക്കുന്നുണ്ടെങ്കിൽ അത് അധികാരത്തിന്റെ ധാർഷ്ട്യത്തിനും അഹന്തയ്ക്കുമെതിരെയുള്ള പക്ഷം പിടിക്കലാണ്. മാദ്ധ്യമപ്രവർത്തകർ സദാ പ്രതിപക്ഷമാണെന്ന നിലപാടിന്റെ പ്രതിഫലനമാണത്. മാദ്ധ്യമപ്രവർത്തനം തുടങ്ങുന്ന കാലത്ത് മുന്നിലുണ്ടായിരുന്നവർ എപ്പോഴും ഓർമ്മിപ്പിച്ചിരുന്ന ഒരു കാര്യം സംശയാലുവാകണം എന്നാൽ ദോഷൈകദൃക്ക് ആവരുതെന്നാണ്. സംശയങ്ങളാണ് ചോദ്യങ്ങളുടെ അടിത്തറ. സംശയമില്ലെങ്കിൽ ചോദ്യങ്ങളുണ്ടാവില്ല.

Premium

പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും | Photo: ANI

ജനാധിപത്യത്തിൽ വിശുദ്ധ പശുക്കളില്ല. വിമർശനമാണ് ജനാധിപത്യത്തിന്റെ അളവുകോൽ. വിയോജിപ്പുകളും വിമർശനങ്ങളും ഇല്ലെങ്കിൽ ജനാധിപത്യം മരണശയ്യയിലാണെന്ന് സാരം. ആരും വിമർശനങ്ങൾക്കതീതരല്ലെന്ന് തറപ്പിച്ച് പറഞ്ഞത് നമ്മുടെ ഭരണഘടനാശിൽപിയായ ബി.ആർ. അംബദ്കറാണ്. പറയുന്നത് പ്രവർത്തിക്കുന്നയാളായിരുന്നു അംബദ്കർ. മഹാത്മ ഗാന്ധിയുമായുള്ള അംബദ്കറുടെ ഏറ്റുമുട്ടലുകൾ ഇന്ത്യൻ ജനാധിപത്യത്തിലെ പ്രകാശഭരിതമായ ഏടുകളാണ്. 1955-ൽ ബി.ബി.സിക്ക് നൽകിയ അഭിമുഖത്തിൽ അംബദ്കറുടെ വാക്കുകൾ ഒട്ടും തന്നെ മാർദ്ദവമുള്ളതായിരുന്നില്ല: ''ഗാന്ധിയുടെ ശിഷ്യരേക്കാൾ ഗാന്ധിയെ എനിക്ക് നന്നായി അറിയാം. കാരണം ഞാൻ അദ്ദേഹത്തിന്റെ എതിരാളിയായിരുന്നു.'' മാതൃരാജ്യത്തിനായുള്ള പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്ന അതീവമൂല്യമുള്ള രാജ്യസ്നേഹിയെന്നാണ് അംബദ്കറെ ഗാന്ധിജി വിശേഷിപ്പിച്ചത്. എന്നാൽ കുടിവെള്ളം പോലും നിഷേധിക്കുന്ന, പട്ടിയോടും പൂച്ചയോടും പെരുമാറുന്നതിനേക്കാൾ മോശമായി തങ്ങളോട് പെരുമാറുന്ന ഒരു രാജ്യത്തെ എങ്ങിനെയാണ് മാതൃരാജ്യമായി കാണുകയെന്നുമായിരുന്നു അംബദ്കറിന്റെ പ്രതികരണം. അംബദ്കർ മാത്രമല്ല ടാഗോറും സുബാഷ് ചന്ദ്രബോസും ജവഹർലാൽ നെഹ്രുവും ഗാന്ധിജിയോട് പല കാര്യങ്ങളിലും വിയോജിച്ചിരുന്നു.

വാസ്തവത്തിൽ പല കാര്യങ്ങളിലും നെഹ്രുവിന്റെ സഞ്ചാരം ഗാന്ധിജിയുടെ എതിർദിശയിലായിരുന്നു. ഗ്രാമസ്വരാജിലും രാമരാജ്യത്തിലും മതാത്മകതയിലും നെഹ്രുവിന് തീരെ തിൽപര്യമുണ്ടായിരുന്നില്ല. 1909-ൽ ഗാന്ധിജി എഴുതിയ 'ഹിന്ദു സ്വരാജി'നെ കുറിച്ചുള്ള കുറിപ്പിൽ നെഹ്രു എഴുതി: ''താങ്കളുടെ ആശയങ്ങളിൽനിന്ന് എത്രമാത്രം വിഭിന്നമാണ് എന്റെ ആശയങ്ങളെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. പാശ്ചാത്യദേശങ്ങളിൽനിന്ന് ഒന്നും പഠിക്കാനില്ലെന്ന് താങ്കൾ ഒരിക്കൽ പറയുകയുണ്ടായി. ഈ ചിന്താഗതിയോട് എനിക്ക് ഒട്ടും തന്നെ യോജിക്കാനാവില്ല. പൗരാണിക ഇന്ത്യയിൽ രാമരാജ്യം അത്ര കണ്ട് നല്ല കാലമായിരുന്നുവെന്നും അത് തിരിച്ചുകൊണ്ടുവരണമെന്നും ഞാൻ കരുതുന്നില്ല.''

ഈ വിമർശത്തോട് ഗാന്ധിജിയുടെ പ്രതികരണം ശ്രദ്ധേയമായിരുന്നു: ''ഞാൻ പറയുന്നതിൽ തെറ്റുണ്ടെങ്കിൽ തീർച്ചയായും ചൂണ്ടിക്കാട്ടണം. അങ്ങിനെ ചെയ്യേണ്ടത് നിങ്ങളുടെ കടമായാണ്. നമ്മൾ തമ്മിൽ യോജിച്ചു പോകുന്നതിനുള്ള തലങ്ങൾ വളരെ കുറവാണെന്ന് ഞാൻ മനസ്സിലാക്കുന്നു. താങ്കളെപ്പോലെ സത്യസന്ധനും കാര്യശേഷിയും വിശ്വസ്തനുമായ ഒരാൾ കൂടെയില്ലെന്നത് എന്നെ ദുഃഖിപ്പിക്കുന്നു. ആദർശമാണ് മുഖ്യം. അതിനായി ചിലപ്പോൾ സൗഹൃദങ്ങൾ നമുക്ക് ബലി കഴിക്കേണ്ടി വരും.'' ഒന്നുകിൽ എന്റെ കൂടെ അല്ലെങ്കിൽ അവരുടെ കൂടെ എന്ന ജോർജ് ബുഷിന്റെ നിലപാടായിരുന്നില്ല ഗാന്ധിജിയുടേത്. വിയോജിക്കുന്നവരെ ഇല്ലാതാക്കാനല്ല, തന്റെ വാദങ്ങൾ അവർക്ക് മുന്നിൽ സമഗ്രമായി അവതരിപ്പിക്കാനാണ് ഗാന്ധിജി ശ്രമിച്ചിരുന്നത്. സ്തുതിപാഠകരുടെ വിരുന്നുശാലകളിൽനിന്ന് ഗാന്ധിജി എപ്പോഴും അകന്നു നിന്നു. ഗാന്ധിജിയെ നെഹ്രു പിന്തുടർന്നിട്ടുണ്ടെങ്കിൽ അത് ഈ സമീപനത്തിലായിരുന്നിരിക്കണം.

ഇന്ദിര ഗാന്ധി | ഫോട്ടോ മാതൃഭൂമി ആർക്കൈവ്‌സ്‌

നമുക്ക് സീസർമാർ വേണ്ട

കൊൽക്കൊത്തയിൽനിന്നു പ്രസിദ്ധീകരിച്ചിരുന്ന മോഡേൺ റിവ്യുവിൽ 1937 നവംബറിൽ ചാണക്യൻ എന്ന തൂലിക നാമത്തിൽ നെഹ്രു എഴുതിയ ലേഖനം ഇന്ത്യൻ ജനാധിപത്യത്തിൽ പ്രോജ്വലമായ അദ്ധ്യായമാണ്. നെഹ്രുവിനെ സൂക്ഷിക്കണമെന്നും അയാൾ രണ്ടു വട്ടം കോൺഗ്രസിന്റെ പ്രസിഡന്റായി കഴിഞ്ഞെന്നും മൂന്നാമതും അയാൾ കോൺഗ്രസിന്റെ അദ്ധ്യക്ഷനാവുന്നത് ഇന്ത്യയ്ക്ക് താങ്ങാനാവില്ലെന്നുമാണ് നെഹ്രു എഴുതിയത്. ആ ലേഖനം നെഹ്രു അവസാനിപ്പിച്ചത് ഇങ്ങനെയാണ്: ''നെഹ്രുവിന് ഇപ്പോൾതന്നെ ആവശ്യത്തിലധികം അഹങ്കാരമുണ്ട്. അത് തടയണം. നമുക്ക് സീസർമാർ വേണ്ട.'' ഹിന്ദുത്വയുടെ അൾത്താരയിൽ ഗാന്ധിജി രക്തസാക്ഷിയായപ്പോൾ ഏകാധിപത്യത്തിലേക്കുള്ള വഴികൾ നെഹ്രുവിന് മുന്നിൽ തുറന്നുകിടന്നിരുന്നു. പക്ഷേ, അയൽരാജ്യങ്ങളെപ്പോലെ ഇന്ത്യ ജനാധിപത്യത്തിൽനിന്ന് അകലുന്നില്ലെന്ന് നെഹ്രു ഉറപ്പു വരുത്തി. ഭക്തി മതത്തിലാവാം എന്നാൽ രാഷ്ട്രീയത്തിൽ ഭക്തി ഏകാധിപത്യത്തിന് വഴിയൊരുക്കും എന്ന അംബദ്കറുടെ മുന്നറിയിപ്പ് നെഹ്രുവിന്റെ കാതുകളിൽ എന്നും മുഴങ്ങിയിരുന്നിരിക്കണം.

ഭക്തി മൂത്താൽ ഭ്രാന്താവും. ഫുട്ബോളിലെ ഭക്തി ഭ്രാന്തിന്റെ അവസ്ഥാന്തരങ്ങളിലൂടെ സഞ്ചരിക്കുന്നത് ഇക്കഴിഞ്ഞ ദിവസങ്ങളിൽ നമ്മൾ കണ്ടതാണ്. പക്ഷേ, ഫുട്ബോൾ ഭക്തി പോലെയല്ല രാഷ്ട്രീയത്തിലെ ഭക്തി. നേതാവ് ചെയ്യുന്ന സകല തോന്നിവാസങ്ങളും ന്യായീകരിക്കുന്ന ഒരു ജനസമൂഹം അത്യന്തം അപകടകരമായ സ്ഥിതികളിലേക്കാണ് കാര്യങ്ങൾ എത്തിക്കുക. ഇന്ദിര ഇന്ത്യയാണെന്നും ഇന്ത്യ ഇന്ദിരയാണെന്നും കോൺഗ്രസ് പ്രസിഡന്റായിരുന്ന ഡി.കെ. ബറുവ ഉദ്ഘോഷിച്ചപ്പോൾ അത് ഇന്ത്യൻ ജനാധിപത്യത്തിന്റെ ഏറ്റവും ദയനീയമായ നിമിഷങ്ങളിലൊന്നായിരുന്നു.

പിതാവായ നെഹ്രുവിന്റെ വഴികളിലൂടെയായിരുന്നില്ല മകൾ ഇന്ദിരയുടെ സഞ്ചാരം. അധികാരം കൈവിട്ടു പോവുമെന്ന പേടിയിലാണ് 1975 ജൂൺ 25-ന് ഇന്ദിര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇന്ത്യൻ ഭരണഘടനയുടെ ശവമടക്കമാണ് ഇന്ദിര അന്ന് നടത്തിയത്. ഭരണഘടന ഉറപ്പ് നൽകുന്ന മൗലികാവകാശങ്ങൾ അടിയന്തരാവസ്ഥയിൽ നിലനിൽക്കില്ലെന്ന വിധിയോടെ സുപ്രീം കോടതി ഈ ജനാധിപത്യ ധ്വംസനത്തിന് കൂട്ടുനിന്നു. പ്രധാനപ്പെട്ട ഭരണഘടന സ്ഥാപനങ്ങളെല്ലാം തന്നെ അന്ന് ഇന്ദിരയ്ക്ക് മുന്നിൽ വിനീതവിധേയരായി കൂറ് പ്രഖ്യാപിച്ചു.

അരക്ഷിതാവസ്ഥയുടെ വലിയൊരു നിഴൽ എന്നും ഇന്ദിരയ്‌ക്കൊപ്പമുണ്ടായിരുന്നു. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും പ്രമുഖമായ കുടുംബത്തിലാണ് ജനിച്ചു വീണതെങ്കിലും അമ്മയും അമ്മായിമാരും തമ്മിലുള്ള സംഘർഷങ്ങളാണ് ഇന്ദിരയുടെ ബാല്യം നിർണ്ണയിച്ചത്. അമ്മ കമല അലഹബാദിലെ ആനന്ദഭവനിൽ അനുഭവിച്ച ഒറ്റപ്പെടൽ ഇന്ദിരയെ ജിവിതത്തിലുടനീളം പിന്തുടർന്നു. കാമരാജിന്റെ നേതൃത്വത്തിലുള്ള സിൻഡിക്കറ്റിനോടുള്ള ഏറ്റുമുട്ടൽ, ഫിറോസുമായുള്ള അടുപ്പവും അകൽച്ചയും ഒക്കെത്തന്നെ ഇന്ദിരയെ സദാ അസ്ഥിരയും സന്ദേഹിയുമാക്കി. ഈ ജീവിതപരിസരത്തിലാണ് ഇന്ദിര അടിയന്തരവാസ്ഥയിലേക്ക് തിരിഞ്ഞത്. അടിയന്തരാവസ്ഥയ്‌ക്കെതിരെ വിധി എഴുതിക്കൊണ്ട് 1977-ൽ ഇന്ത്യൻ ജനത ഇന്ദിര ഭരണകൂടം കുഴിച്ചുമൂടാൻ ശ്രമിച്ച ഭരണഘടന വീണ്ടെടുക്കുകയും ചെയ്തു.

അടിയന്തരാവസ്ഥയിലെ വിഹ്വലദിനങ്ങളിലൊന്നിൽ ദാർശനികനും ചിന്തകനുമായ ജിദ്ദു കൃഷ്ണമൂർത്തിയെ ഇന്ദിര കാണാനെത്തി. പുലിപ്പുറത്തുനിന്ന് എങ്ങിനെയാണ് ഇറങ്ങേണ്ടതെന്നറിയില്ല എന്നാണ് ജിദ്ദുവിനോട് ഇന്ദിര പറഞ്ഞതെന്ന് ജിദ്ദുവിന്റെ ജീവചരിത്രകാരിയും ഇന്ദിരയുടെ ആത്മ സുഹൃത്തുമായിരുന്ന പുപുൽ ജയകർ രേഖപ്പെടുത്തുന്നുണ്ട്.

നിങ്ങൾക്ക് പുലിയേക്കാൾ ബുദ്ധിയുണ്ടെങ്കിൽ സമയമാവുമ്പോൾ പുലിപ്പുറത്തുനിന്ന് എങ്ങിനയാണ് ഇറങ്ങേണ്ടതെന്ന് നിങ്ങൾക്കറിയാനാവും എന്നായിരുന്നു ജിദ്ദുവിന്റെ മറുപടി. അതുപോലെ തന്നെ ഒന്നര വർഷത്തിനപ്പുറം ഇന്ദിര ആ പുലിപ്പുറത്ത് നിന്നിറങ്ങി. കയറിയത് പുലിപ്പുറത്താണെന്ന തിരിച്ചറിവ് ഇന്ദിരയ്ക്കുണ്ടായിരുന്നു എന്നത് ചെറിയ കാര്യമല്ല.

അതിനെച്ചൊല്ലി ഉള്ളിന്റെയുള്ളിൽ അവർ വലിയ സംഘർഷങ്ങളിലൂടെയാണ് കടന്നുപോയിരുന്നതെന്നും പുപുൽ ചൂണ്ടിക്കാട്ടുന്നു. പക്ഷേ, അടിയന്തരാവസ്ഥയിൽ ഇന്ദിര ഇന്ത്യൻ ജനാധിപത്യത്തോട് ചെയ്തത് ആർക്കും മറക്കാനാവില്ല. ഇന്നിപ്പോൾ അധികാരത്തിന്റെ ഉന്മത്താവസ്ഥകളിൽ മോദി ഭരണകൂടത്തിന് ഒരു മാതൃകയുണ്ടെങ്കിൽ അത് എഴുപതുകളിൽ ഇന്ദിര നേതൃത്വം നൽകിയ ഭരണകൂടമാണ്.

1984 പുസ്തകച്ചട്ട, ജോർജ് ഓർവെൽ

ഓർവ്വെല്ലിന്റെ മുന്നറിയിപ്പുകൾ

2022-ന് പരിസമാപ്തിയാവുമ്പോൾ ഇന്ത്യൻ ജനാധിപത്യം അത്യധികം ദാരുണമായ അവസ്ഥകളിലൂടെയാണ് കടന്നുപോവുന്നത്. ജനാധിപത്യവും വ്യക്തിസ്വാതന്ത്ര്യവും നേരിടുന്ന ഭീഷണികളെക്കുറിച്ച് ഇംഗ്ളിഷ് സാഹിത്യകാരൻ ജോർജ് ഓർവെൽ നൽകിയ മുന്നറിയിപ്പുകൾ എത്ര മാത്രം വാസ്തവമായിരുന്നുവെന്ന് സമകാലിക ഇന്ത്യൻ യാഥാർത്ഥ്യം നമ്മോട് വിളിച്ചുപറയുന്നുണ്ട്. 1946-ൽ ഓർവെൽ എഴുതിയ 'രാഷ്ട്രീയവും ഇംഗ്‌ളീഷും' എന്ന ലേഖനം ജനാധിപത്യ വിശ്വാസികൾ മനസ്സിരുത്തി വായിക്കേണ്ട ഒന്നാണ്. രാഷ്ട്രീയം ദുഷിക്കുമ്പോൾ ഭാഷയും ദുഷിക്കുന്നുണ്ടെന്ന് ഓർവെൽ അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധത്തിൽ പ്രഖ്യാപിക്കുന്നു: ''നുണ സത്യമായും കൊലപാതകം ആദരവാർന്ന പ്രവൃത്തിയായും ചിത്രീകരിക്കാൻ പറ്റുന്ന വിധത്തിലാണ് രാഷ്ട്രീയഭാഷ രൂപകൽപന ചെയ്തിട്ടുള്ളത്.''

ഓർവ്വെൽ 1949-ലാണ് 1984 എന്ന നോവൽ എഴുതിയത്. അതിലെ ഒരു വാചകം ഇതാണ്: ''യുദ്ധം സമാധാനമാണ്. അടിമത്തം സ്വാതന്ത്ര്യമാണ്. അജ്ഞത കരുത്താണ്.'' ഇതേ നോവലിൽ ഒബ്രിയൻ എന്ന കഥാപാത്രം വിൻസ്റ്റൺ എന്ന കഥാപാത്രത്തെ പീഡിപ്പിക്കുമ്പോൾ പറയുന്ന വാചകം ശ്രദ്ധിക്കുക: ''സത്യമെന്ന് പാർട്ടി പറയുന്നതാണ് സത്യം.'' തുടർന്ന് ഓബ്രിയൻ നാല് വിരലുകൾ ഉയർത്തിക്കാട്ടി വിൻസ്റ്റണോട് അഞ്ച് വിരലുകൾ കാണുന്നില്ലേ എന്ന് ചോദിക്കുന്നു. കാണാൻ കഴിയുന്നത് നാല് വിരലുകളാണെന്നും രണ്ടും രണ്ടും കൂട്ടിയാൽ നാലല്ലേയെന്നും വിൻസ്റ്റൺ ചോദിക്കുന്നു. അപ്പോൾ ഓബ്രിയൻ പറയുന്ന വാക്കുകൾ ഏകാധിപത്യത്തിൽ സത്യത്തിനും സ്വാതന്ത്ര്യത്തിനും സംഭവിക്കുന്നതെന്താണെന്നതിലേക്ക് വ്യക്തമായി വിരൽ ചൂണ്ടുന്നുണ്ട്: ''ചിലപ്പോൾ അത് അഞ്ചാവും ചിലപ്പോൾ മൂന്നും. ഇത് മനസ്സിലാക്കാൻ നിങ്ങൾ ശരിക്കും കഷ്ടപ്പെടേണ്ടി വരും. സ്ഥിരബുദ്ധി ഉണ്ടാവുക എന്നത് ഒട്ടുംതന്നെ എളുപ്പമല്ല വിൻസ്റ്റൺ!''

ഇക്കഴിഞ്ഞ നവംബറിൽ ഗുജറാത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ പ്രഖ്യാപനം ഓർവ്വെൽ എത്രമാത്രം ദീർഘദർശിയായിരുന്നുവെന്ന് തെളിയിക്കുന്നു. 2002-ൽ ഗുജറാത്തിൽ സമാധാനം കൊണ്ടുവന്നത് ബി.ജെ.പിയാണെന്നാണ് ഷാ അവകാശപ്പെട്ടത്. കലാപകാരികളെ അടിച്ചൊതുക്കി ഗുജറാത്തിനെ ശാന്തിയുടെ പറുദീസയാക്കുകയാണ് ബി.ജെ.പി. സർക്കാർ ചെയ്തതെന്ന് ഷാ പറയുമ്പോൾ ഓർവ്വെലിന്റെ വാക്കുകൾ അച്ചട്ടാവുന്നു. കലാപം സമാധാനവും അടിമത്തം സ്വാതന്ത്ര്യവുമാവുന്നു.

പോലീസാണ് ജനങ്ങളെ അടിച്ചമർത്തുന്നതിനുള്ള ഭരണകൂടത്തിന്റെ ഉപകരണം. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ നിയോഗിക്കപ്പെടുന്നവർ അവരുടെ തന്നെ അന്തകരാവുന്ന വൈരുദ്ധ്യം. പ്രതിപക്ഷത്തേയും പൗരസമൂഹത്തേയും മാദ്ധ്യമങ്ങളേയും കൈകാര്യം ചെയ്യുന്നതിന് ഇന്ദിരയുടെ ഭരണകൂടത്തിന് ഇല്ലാതിരുന്ന പല ഉപകരണങ്ങളും ഇന്നിപ്പോൾ മോദി ഭരണകൂടത്തിന് ലഭ്യമാണ്. പെഗാസസ് എന്ന ചാര സോഫ്റ്റ് വെയറുമായി ബന്ധപ്പെട്ടുയർന്ന ആരോപണങ്ങൾ ഏത് ജനാധിപത്യ സമൂഹത്തിന്റെയും ഉറക്കം കെടുത്തും. എതിരാളിയുടെ കത്ത് പൊട്ടിച്ചു വായിക്കുക എന്നത് ഭരണാധികാരിയുടെ എക്കാലത്തേയും മോഹമാണ്. തപാൽ സംവിധാനവും ടെലിഫോണുമൊക്കെ ചോർത്തൽ ഇന്നിപ്പോൾ കുട്ടിക്കളിയാണ്.

അമേരിക്കൻ ഭരണകൂടത്തിന്റെ ചോർത്തൽ പരിപാടികൾ വെളിച്ചത്തുകൊണ്ടുവന്ന എഡ്വേഡ് സ്നോഡൻ പറഞ്ഞതുപോലെ ഇന്റർനെറ്റ് ബന്ധമുള്ള ഏതെങ്കിലും ഒരു ഉപകരണം നമ്മുടെ കൈവശമുണ്ടെങ്കിൽ ആ നിമിഷം നമ്മുടെ സ്വകാര്യതയുടെ അവസാനമാവുന്നു. കാമുകിയുമൊത്ത് ഒരു ഫ്രിഡ്ജ് വാങ്ങാൻ പോകുന്നത് സ്നോഡൻ തന്റെ ആത്മകഥയായ പെർമനന്റ് റെക്കോഡിൽ വിവരിക്കുന്നുണ്ട്. സൂപ്പർ സ്റ്റോറിലെ റഫ്രിജറേറ്ററിൽ ഇന്റർനെറ്റ് സംവിധാനമുണ്ടെന്ന് കണ്ടപ്പോൾ ഫ്രിഡ്ജ് വാങ്ങൽ പരിപാടി വേണ്ടെന്ന് വെച്ച് ഇറങ്ങിപ്പോന്നുവെന്നാണ് സ്‌നോഡൻ പറയുന്നത്.

ചൈന പരസ്യമായി ചെയ്യുന്നത് അമേരിക്ക രഹസ്യമായി ചെയ്യുന്നുവെന്നാണ് അമേരിക്കയുടെ രഹസ്യ നിരീക്ഷണ സംവിധാനങ്ങൾ തുറന്നുകാട്ടിക്കൊണ്ട് സ്്നോഡൻ ചൂണ്ടിക്കാട്ടിയത്. 21-ാം നൂറ്റാണ്ടിൽ ജനാധിപത്യ സമൂഹം ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്ന ഒരാൾ എഡ്വേഡ് സ്നോഡനാണ്. പക്ഷേ, ലോകത്തെ ഏറ്റവും പഴക്കമുള്ള ജനാധിപത്യ രാജ്യം ഈ മനുഷ്യന് നേർക്ക് അവരുടെ വാതിൽ കൊട്ടിയടച്ചിരിക്കുകയാണ്. ജന്മനാട്ടിലേക്ക് വരാനാവാതെ സ്നോഡൻ റഷ്യയിൽ പരദേശിയായി ജീവിക്കുന്നു.

പെഗാസസ് കമ്പനിയുടെ ചിഹ്നം, ഫാ. സ്റ്റാൻ സ്വാമി

പെഗാസസ്, ഫാ. സ്റ്റാൻ സ്വാമി

പെഗാസസ് വിവാദം അന്വേഷിച്ച ജസ്റ്റിസ് രവീന്ദ്രൻ കമ്മിറ്റിക്ക് തെളിവൊന്നും കണ്ടെത്താനായില്ല. പെഗാസസ് വാങ്ങിയെന്നോ ഉപയോഗിച്ചെന്നോ കേന്ദ്ര സർക്കാർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. മോദി സർക്കാർ അന്വേഷണവുമായി സഹകരിച്ചില്ല എന്നാണ് ജസ്റ്റിസ് രവീന്ദ്രൻ കമ്മിറ്റി സുപ്രീം കോടതിയോട് പറഞ്ഞത്. സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച സുപ്രീം കോടതി ജിവനക്കാരിയുടെ ഫോണിൽ പെഗാസസിന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നുവെന്നാണ് ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പങ്കാളിയായിരുന്ന ദ വയർ റിപ്പോർട്ട് ചെയ്തത്. സർക്കാരുകൾക്ക് മാത്രമാണ് പെഗാസസ് കൈമാറിയിട്ടുള്ളതെന്ന് ഇസ്രയേൽ അധികൃതർ വ്യക്തമാക്കിയിട്ടുള്ളതും ഇതോടൊപ്പം ചേർത്ത് വായിക്കണം.

ജുഡീഷ്യൽ കസ്റ്റഡിയിൽ ഇരിക്കെ 2021 ജൂലായ് അഞ്ചിന് ആസ്പത്രിയിൽവെച്ച് മരിച്ച ഫാദർ സ്റ്റാൻ സ്വാമിയുടെ കമ്പ്യൂട്ടറിൽ ചാര സോഫ്റ്റ്‌വെയർ ഉണ്ടായിരുന്നുവെന്ന് അമേരിക്കയിലെ ആർസനൽ കൺസൾട്ടിങ് എന്ന ഡിജിറ്റൽ ഫൊറൻസിക് സ്്ഥാപനം കണ്ടെത്തിയതായുള്ള വാർത്ത വന്നത് ഇക്കഴിഞ്ഞ ഡിസംബർ 13-നാണ്. ഭീമ കൊറഗൊൺ കേസിൽ പ്രതികളായ റൊണ വിത്സന്റെയും സുരേന്ദ്ര ഗാഡ്ലിങ്ങിന്റെയും കമ്പ്യൂട്ടറുകളിൽ ചാരസോഫ്റ്റ്വെയർ കടത്തിയവർ തന്നെയാണ് ഫാ. സ്റ്റാൻ സ്വാമിയുടെയും കമ്പ്യൂട്ടറിൽ ഇടപെട്ടതെന്നാണ് ആർസനൽ കൺസൾട്ടിങ് വെളിപ്പെടുത്തിയത്.

അത്യധികം ഭീകരവും ഭീതിജനകവുമായ അവസ്ഥയാണിത്. നിങ്ങളെ കുടുക്കണമെങ്കിൽ ഭരണകൂടത്തിന് നിങ്ങൾക്കെതിരെയുള്ള തെളിവുകൾ നിങ്ങളുടെ കമ്പ്യൂട്ടറുകളിൽ സ്ഥാപിക്കാനാവും. നമ്മൾ താമസിക്കുന്ന വീട്ടിലോ ഹോട്ടൽ മുറിയിലോ പോലിസ് തന്നെ കഞ്ചാവ് ഒളിപ്പിച്ച് വെച്ചിട്ട് പിന്നീട് പോലിസ് വന്ന് അറസ്റ്റ് ചെയ്യുന്ന ആ പഴയ കലാപരിപാടിയുടെ പുത്തൻരൂപം. ഒരു തരത്തിലും ഉൾപ്പെട്ടിട്ടില്ലാത്ത ഒരു കേസിൽ പ്രതിയായാണ് ഫാ. സ്റ്റാൻ സ്വാമി ഈ ലോകത്തോട് വിട പറഞ്ഞതെന്ന റിപ്പോർട്ടുകൾ നമ്മൾ ഇന്നെവിടെയാണ് എത്തിനിൽക്കുന്നത് എന്നതിന്റെ ഒന്നാന്തരം ഉദാഹരണമാണ്.

നേതാവിനോടുള്ള ഭക്തി യുക്തിയും സാമാന്യബുദ്ധിയും തകർക്കുന്നതിന്റെ ഉദാഹരണങ്ങൾ കേരളത്തിലുമുണ്ട്. സിൽവർ ലൈൻ പദ്ധതിക്കായി പിണറായി സർക്കാർ കൊണ്ടുപിടിച്ച് നടത്തിയ പ്രചാരണങ്ങൾ തൊണ്ട തൊടാതെ വിഴുങ്ങിയ ഭക്തസമൂഹം കേരളത്തിന്റെ ജനാധിപത്യ വ്യവസ്ഥ നേരിട്ട സമകാലിക ദുരന്തമാണ്. കറുത്ത മാസ്‌ക് ധരിക്കുന്നതു പോലും നേതാവിനോടുള്ള വെല്ലുവിളിയായി ചിത്രീകരിക്കപ്പെട്ടത് നാരായണ ഗുരുവിന്റെയും അയ്യങ്കാളിയുടെയും സഹോദരൻ അയ്യപ്പന്റെയും കേരളത്തിലാണ്.

അധികാരവും ജനാധിപത്യവും എന്ന വിഷയത്തിൽ പ്രബന്ധങ്ങൾ രചിക്കുന്ന കപട ബുദ്ധിജിവികൾ ഭരണകൂടത്തിന്റെ ദാസരാവുന്ന കാഴ്ചയും കേരളസമൂഹം 2022-ൽ കണ്ടു. കൊളംബിയൻ ഗോളി ഹിഗ്വിറ്റയുടെ പേരിൽ പോലും അട്ടിപ്പേർ അവകാശം ഉന്നയിക്കുന്ന എഴുത്തുകാരുള്ള നാടായി കേരളം പരിണമിക്കുന്നതും നമ്മൾ കണ്ടത് ഈ വർഷമാണ്. അധികാരം പോലെ പ്രലോഭിപ്പിക്കുന്ന മറ്റൊരു ലഹരിയില്ല. അധികാരം എന്ന ആനപ്പുറത്തിരിക്കുമ്പോൾ ആനയുടെ പൊക്കം തന്റേതാണെന്ന് ധരിച്ചുവശാവുന്ന ഭരണാധികാരികൾക്കൊപ്പമാണ് ഈ എഴുത്തുകാരും നിലയുറപ്പിക്കുന്നത്.

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര രാജസ്ഥാനിൽ എത്തിയപ്പോൾ | Photo: ANI

പ്രതീക്ഷകൾ അവസാനിക്കുന്നില്ല

ഈ ദുരന്തങ്ങൾക്കിടയിലും പ്രതീക്ഷയുടെ പുതുനാമ്പുകൾ മുളപൊട്ടുന്നുണ്ട്. ഭാരത് ജോഡോ യാത്രയ്ക്ക് ഉത്തരേന്ത്യയിൽ ലഭിക്കുന്ന സ്വീകാര്യതയിൽ അത്തരത്തിലൊരു പ്രതീക്ഷയുണ്ട്. ഉത്തരവാദിത്തമൊന്നും ഏറ്റെടുക്കാതെ രാഹുൽ ഗാന്ധി കോൺഗ്രസിൽ അധികാര സ്വരൂപമാവുന്നതിനോട് കടുത്ത എതിർപ്പുള്ളയാളാണ് ഈ ലേഖകൻ. പക്ഷേ, ഭാരത് ജോഡോ യ്ര്രാത ഇന്ത്യൻ ജനാധിപത്യത്തിന് നൽകുന്ന സന്ദേശം കാണാതിരിക്കേണ്ട കാര്യമില്ല. ഭരണകൂടം എത്ര ശക്തമായാലും എത്രമാത്രം കോർപറേറ്റ്വത്കരിക്കപ്പെട്ടാലും അതിനുമപ്പുറത്തും ഒരു ജനാധിപത്യ സമൂഹമുണ്ടെന്നതിന്റെ വ്യക്തമായ സൂചനകളാണ് ഭാരത് ജോഡോ യാത്രയിൽ നിന്നുയരുന്നത്.

ഹിമാചൽ, ഡൽഹി മുനിസിപ്പൽ തിരഞ്ഞെടുപ്പ് ഫലങ്ങളും ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിത്തറ ഇനിയും ദുർബ്ബലമായിട്ടില്ലെന്നതിന്റെ തെളിവാണ്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ ജനവിധിയും ഇതേ വഴിക്കുള്ള ചലനമാണ്. കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കുളള് തിരഞ്ഞെടുപ്പിൽ ഹൈക്കമാന്റിന്റെ അഭീഷ്ടം മറികടന്ന് മത്സരിച്ചുകൊണ്ട് ശശി തരൂരും ഇന്ത്യൻ ജനാധിപത്യത്തിന് നൽകിയ ഉണർവ്വ് ചില്ലറയല്ല. അദാനി ഗ്രൂപ്പ് എൻഡി ടി.വിയെ വിഴുങ്ങാൻ തുടങ്ങുമ്പോഴും രവീഷ് കുമാറിനെപ്പോലൊരു മാദ്ധ്യമ പ്രവർത്തകൻ തുടങ്ങിയ യുട്യൂബ് ചാനലിന് മണിക്കൂറുകൾക്കുള്ളിൽ പത്ത് ലക്ഷം ഫോളോവേഴ്‌സിനെ കിട്ടുന്നുവെന്നതും ജനാധിപത്യ വിശ്വാസികൾക്ക് സാന്ത്വനവും തണലുമാകുന്നു.

അധികാരത്തോടുള്ള എതിർപ്പാണ് ജനാധിപത്യത്തെ നിർണ്ണയിക്കുന്നതും നിർവ്വചിക്കുന്നതും. 2022-ൽ പലവട്ടം ഈ ലേഖകൻ വായിച്ച ഒരു പുസ്തകം പ്രൊഫസർ കുഞ്ഞാമന്റെ 'എതിര്' എന്ന ആത്മകഥയാണ്. എതിർക്കുക എന്ന് പറഞ്ഞാൽ മുകളിലുള്ളവരോട്, അധികാരം കൈയ്യാളുന്നവരോടുള്ള എതിർപ്പ്. കേരള സർവ്വകലാശാലയിൽ മുൻ മുഖ്യമന്ത്രി അച്ച്യുതമേനോൻ പങ്കെടുത്ത ഒരു സെമിനാറിൽ ചോദ്യങ്ങൾ ചോദിച്ചപ്പോൾ സെമിനാറിൽ അദ്ധ്യക്ഷനായിരുന്ന പ്രൊഫസർ ഇനി ചോദ്യങ്ങൾ വേണ്ടെന്ന് പറഞ്ഞപ്പോൾ കുഞ്ഞാമൻ പറഞ്ഞത് ചോദ്യങ്ങൾ ചോദിക്കുമെന്നും അത് ഭരണഘടനയുടെ 19-ാം വകുപ്പ് തനിക്ക് നൽകുന്ന അവകാശമാണെന്നുമാണ്.

ഈ കോളം പക്ഷം പിടിക്കുന്നുണ്ടെങ്കിൽ അത് അധികാരത്തിന്റെ ധാർഷ്ട്യത്തിനും അഹന്തയ്ക്കുമെതിരെയുള്ള പക്ഷം പിടിക്കലാണ്. മാദ്ധ്യമപ്രവർത്തകർ സദാ പ്രതിപക്ഷമാണെന്ന നിലപാടിന്റെ പ്രതിഫലനമാണത്. മാദ്ധ്യമപ്രവർത്തനം തുടങ്ങുന്ന കാലത്ത് മുന്നിലുണ്ടായിരുന്നവർ എപ്പോഴും ഓർമ്മിപ്പിച്ചിരുന്ന ഒരു കാര്യം സംശയാലുവാകണം എന്നാൽ ദോഷൈകദൃക്ക് ആവരുതെന്നാണ്. സംശയങ്ങളാണ് ചോദ്യങ്ങളുടെ അടിത്തറ. സംശയമില്ലെങ്കിൽ ചോദ്യങ്ങളുണ്ടാവില്ല. സന്ദേഹികളാണ് സമൂഹത്തെ എന്നും മുന്നോട്ടുകൊണ്ടുപോയിട്ടുള്ളത്.

ഖത്തറിൽ ലോകകപ്പ് ഫുട്‌ബോൾ ഫൈനലിൽ എംബാപ്പെയും കൂട്ടരും നടത്തിയ ചെറുത്തുനിൽപും ഈ ഘട്ടത്തിൽ അനുസ്മരിക്കുക തന്നെ വേണം. തോൽവിയുടെ മുനമ്പിലും പ്രതീക്ഷകൾ തിരിച്ചുപിടിക്കുന്നത് എങ്ങിനെയാണെന്നുള്ളതിന് ഇതിൽപരം ഉദാഹരണമില്ല. പണ്ടൊരു എഴുത്തുകാരി പറഞ്ഞതുപോലെ പ്രതീക്ഷകൾ ഉള്ളതുകൊണ്ടാണ് ഓരോ പുലരിയിലും നമ്മൾ ഉറക്കം വിട്ടെഴുന്നേൽക്കുന്നത്. So let us raise a toast to Indian democracy! എല്ലാ വായനക്കാർക്കും ഹൃദയംഗമമായ പുതുവർഷാശംസകൾ!

വഴിയിൽ കേട്ടത്: ഇന്ത്യയ്ക്ക് രണ്ട് രാഷ്ട്രപിതാക്കാന്മാരുണ്ടെന്നും മോദി പുതിയ ഇന്ത്യയുടെ രാഷ്ട്രപിതാവെന്നും അമൃത ഫഡ്നാവിസ്. അമൃതയെ മോദി തിരുത്തുമെങ്കിൽ അതാവും ഈ നൂറ്റാണ്ടിലെ അത്ഭുതം!

Content Highlights: Vazhipokkan, Narendra Modi, Pinarayi Vijayan, Rahul Gandhi

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Rahul Gandhi

1 min

രാഹുലിനെ അയോഗ്യനാക്കിയ സംഭവം നിരീക്ഷിച്ചു വരുന്നെന്ന് യു.എസ്.

Mar 28, 2023


ഗാനമേളയുടെ ചിത്രീകരണ വേളയില്‍

2 min

എട്ടില്‍ തോറ്റതുകൊണ്ട് കോളേജില്‍ എത്താന്‍ വൈകി; ഇന്നച്ചന്‍ പറഞ്ഞതുകേട്ട് എല്ലാവരും ചിരിച്ചു- അമ്പിളി

Mar 27, 2023


actor innocent passed away up joseph cpim thrissur district secretary remembers actor

1 min

‘‘ജോസഫേ, ഞാനിന്ന് അടുക്കള വരെ നടന്നു ’’

Mar 28, 2023

Most Commented