അവസാനത്തിന്റെ ആരംഭം | വഴിപോക്കൻ


വഴിപോക്കൻ

9 min read
Read later
Print
Share

കൗരവസദസ്സിൽ പാഞ്ചാലി അപമാനിക്കപ്പെട്ടപ്പോൾ മൂകരും അന്ധരുമായി നിന്ന പ്രമുഖരെ ഓർക്കുന്നില്ലേ. അതൊരു അവസാനത്തിന്റെ ആരംഭമായിരുന്നു. വിനാശകാലേ വിപരീത ബുദ്ധി കാണിക്കുന്നവരുടെ അവസാനത്തിന്റെ ആരംഭം. ജന്തർ മന്തറിൽ നിന്നുയരുന്ന കാഴ്ചകൾ നമ്മോട് പറയുന്നതും ഇതാണോ? അവസാനത്തിന്റെ ആരംഭം ദാ ഇതാ ഇവിടെത്തുടങ്ങുകയാണെന്ന്. കാലത്തിന്റെ ചുവരിൽ തെളിയുന്നത് അതിന്റെ സൂചനകളാണെന്നു തോന്നുന്നത് ഈ ലേഖകനു മാത്രമാണോ?

പാർലമെന്റ് മാർച്ചിനിടെ ഗുസ്തി താരം സാക്ഷി മാലിക്കിനെ പോലീസ് തടയാൻ ശ്രമിക്കുന്നു | Photo: PTI

എന്തുകൊണ്ടാണു നിങ്ങൾ പ്രധാനമന്ത്രിയെ വിമർശിക്കുന്നത്? അദ്ദേഹത്തെക്കുറിച്ച് ഇങ്ങനെയൊക്കെ പറയാമോ? നിങ്ങൾക്ക് പ്രധാനമന്ത്രിയെക്കുറിച്ചും കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി. സർക്കാരിനെക്കുറിച്ചും ഒരു നല്ല വാക്കുപോലും പറയാനില്ലേ? നിങ്ങളുടെ പക്ഷപാതം വളരെ പ്രകടമാണ്. നിങ്ങൾ എന്തിലും ഏതിലും മോശം മാത്രമാണു കാണുന്നത്. കാണാൻ കണ്ണുള്ളവർ കാണട്ടെയെന്നും കേൾക്കാൻ ചെവിയുള്ളവർ കേൾക്കട്ടെയെന്നും നിങ്ങൾ ഇടയ്ക്കിടെ എഴുതുന്നുണ്ട്. ആദ്യം നിങ്ങൾ നിങ്ങളുടെ കണ്ണും കാതും ഒന്നു പരിശോധിക്കണം. നിങ്ങളെപ്പോലുള്ളവരുടെ നിഷ്പക്ഷത വെറും കാപട്യമാണ്.
വഴിപോക്കന്റെ കോളത്തിനു നേർക്കുയരുന്ന വിമർശനങ്ങളുടെ ഏകദേശരൂപം ഇതാണ്. ഭാഷ ഇത്രയും സൗമ്യമായിരിക്കില്ല. സാമൂഹ്യ മര്യാദകൾ ഒട്ടുംതന്നെ പാലിക്കാതെയാണ് പല വിമർശകരും പ്രതികരിക്കാറുള്ളത്.

പ്രധാനമന്ത്രി എന്ന വ്യക്തിയോടല്ല, അദ്ദേഹം വഹിക്കുന്ന പദവിയോടും കൈയ്യാളുന്ന അധികാരത്തോടുമാണ് ഈ ലേഖകൻ കലഹിക്കാറുള്ളത്. അതിന് ഒരു കാരണമേയുള്ളു. ഇന്ത്യയിൽ ഏറ്റവും അധികാരമുള്ള പദവി പ്രധാനമന്ത്രിയുടേതാണ്. കേന്ദ്ര സർക്കാറെന്നു പറഞ്ഞാൽ എല്ലാ അർത്ഥത്തിലും പ്രധാനമന്ത്രിയാണ്. നെഹ്രുവിന്റെ കാബിനറ്റിൽ സർദാർ പട്ടേലും അംബദ്കറും രാജേന്ദ്രപ്രസാദും ശ്യാമപ്രസാദ് മുഖർജിയുമൊക്കെ ഉണ്ടായിരുന്നു. തനിക്കു താൻ പോന്നവർ. ഇവരൊക്കെ സഹപ്രവർത്തകർ ആയിരിക്കുമ്പോൾ തന്റെ വഴി തനി വഴി എന്നൊക്കെ പറഞ്ഞു തോന്നിവാസങ്ങൾ ചെയ്യാൻ നെഹ്രുവിന് ആവുമായിരുന്നില്ല. എന്നാൽ, ഇന്ദിര ഗാന്ധിയുടെ കാലത്തു കഥ മാറി. ഇന്ത്യ ഇന്ദിരയും ഇന്ദിര ഇന്ത്യയുമെന്നായിരുന്നു ഇന്ദിരയുടെ സഹപ്രവർത്തകർ കൊട്ടിഘോഷിച്ചത്. തന്നേക്കാൾ കേമനോ കേമിയോ ആയ ഒരാളും തന്റെ മന്ത്രിസഭയിൽ ആവശ്യമില്ലെന്ന നിലപാടുകാരിയിരുന്നു ഇന്ദിര. കടുംപിടിത്തത്തിന്റെ കാര്യത്തിൽ മൊറാർജി ദേശായി ഒട്ടും പിന്നിലായിരുന്നില്ല. പക്ഷേ, മൊറാർജി മന്ത്രിസഭയിലും അദ്ദേഹത്തിന്റെ പാർട്ടിയായിരുന്ന ജനതയിലും ഭക്തസംഘം കുറവായിരുന്നു. ചരൺസിങും ചന്ദ്രശേഖറും വാജ്പേയിയും ജോർജ് ഫെർണാണ്ടസുമൊക്കെ രാഷ്ട്രീയത്തിൽ ഒരു തരത്തിലുള്ള ഭക്തിയും തീണ്ടാത്തവരായിരുന്നു.

പാർലമെന്റ് മാർച്ചിനിടെ ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ പോലീസ് തടയാൻ ശ്രമിക്കുന്നു | Photo: AFP

അധികാരത്തിന്റെ വിശ്വരൂപം

ഇടക്കാലത്ത് രാജീവ് ഗാന്ധിയുടെ കാലമൊഴിച്ചാൽ കേന്ദ്രത്തിൽ പിന്നീടങ്ങോട്ട് കൂട്ടുകക്ഷി മന്ത്രിസഭകളുടെ കാലമായിരുന്നു. വി.പി. സിങ്ങും ചന്ദ്രശേഖറും നരസിംഹ റാവുവും വാജ്പേയിയുമൊക്കെ ഗജകേസരികളായിരുന്നു. പക്ഷേ, തനിച്ചു ഭൂരിപക്ഷമില്ലാത്ത അവസ്ഥയിൽ ഈ വമ്പന്മാർക്കു പോകാവുന്ന ദൂരത്തിനു പരിധിയുണ്ടായിരുന്നു. കൂട്ടുമുന്നണി മന്ത്രിസഭകളുടെ ഒരു ഗുണം അതാണ്. മൻമോഹൻ സിങ്ങിനാണെങ്കിൽ ഇതിന്റെ കൂടെ സോണിയ ഗാന്ധി എന്ന നേതാവു കൂടിയുണ്ടായിരുന്നു. അധികാരത്തിന്റെ ലക്ഷ്മണരേഖകൾ എവിടെയൊക്കെയാണെന്ന് മൻമോഹൻ അതുകൊണ്ടു തന്നെ കൃത്യമായി അറിഞ്ഞു. 2014-ൽ നരേന്ദ്ര മോദി ഇന്ത്യൻ പ്രധാനമന്ത്രിയായപ്പോൾ ജനാധിപത്യത്തിന്റെ പൂക്കാലം തിരിച്ചുവരുന്നു എന്ന പ്രതീതിയാണ് ആദ്യം ബി.ജെ.പി. സൃഷ്ടിച്ചത്. താൻ പ്രധാന സേവകനാണെന്നും എല്ലാവരും ഒന്നിച്ചാണു മുന്നേറേണ്ടതെന്നും രാഷ്ട്രവികസനത്തിൽ പ്രതിപക്ഷത്തിനുള്ള പങ്കു തിരിച്ചറിയാതെ പോവരുതെന്നുമാണ് മോദി 2014 ഓഗസ്റ്റ് പതിനഞ്ചിന് ചെങ്കോട്ടയിൽനിന്ന് ഇന്ത്യൻ ജനതയോടു പറഞ്ഞത്. പക്ഷേ, ആ പറച്ചിൽ ആ ഒരു കൊല്ലം മാത്രമേയുണ്ടായുള്ളു. പിന്നീടങ്ങോട്ടു രാജ്യം കണ്ടത് അധികാരത്തിന്റെ വിരാട് പുരുഷനായി മോദി മാറുന്ന കാഴ്ചയാണ്.

ഇന്നിപ്പോൾ, കേന്ദ്ര സർക്കാറെന്നു പറഞ്ഞാൽ നരേന്ദ്ര മോദിയാണ്. വിദ്യാഭ്യാസ മേഖലയിൽ ഇന്ത്യ കുതിക്കുകയാണെന്നു പ്രഖ്യാപിക്കവെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പറഞ്ഞത് മോദിയെപ്പോലൊരു ഗുരുവിനെ കിട്ടിയതു രാഷ്ട്രത്തിന്റെ ഭാഗ്യമാണെന്നാണ്. ആഗോളതലത്തിൽ ഇന്ത്യയ്ക്കുള്ള അംഗീകാരത്തിന്റെ കാരണം എന്താണെന്നു ചോദിച്ചപ്പോൾ ഒറ്റവാക്കിൽ മറുപടി പറഞ്ഞാൽ അത് നരേന്ദ്ര മോദി എന്നായിരിക്കുമെന്നാണ് വിദേശകാര്യ മന്ത്രി ജയശങ്കർ പറഞ്ഞത്. മോദി മന്ത്രിസഭയിലെ മന്ത്രിമാരുടെ പേരു പറയാൻ പറഞ്ഞാൽ അമിത് ഷാ, നിർമ്മല സീതാരാമൻ, ജയശങ്കർ, രാജ്നാഥ് സിങ് എന്നിങ്ങനെ ചില പേരുകൾ മാത്രമാണ് പെട്ടെന്നോർക്കാൻ കഴിയുക. കാരണം മോദി മന്ത്രിസഭയെന്നു പറഞ്ഞാൽ എല്ലാ അർത്ഥത്തിലും മോദിയാണ്.

'നമോ' ആണ് ബി.ജെ.പി. സർക്കാരിന്റെ ആത്മാവും പരമാത്മാവും. 2014-ലാണ് ഇന്ത്യ സ്വതന്ത്രമായതെന്നു വിശ്വസിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമോയുടെ അനുയായികൾ. അതിനു മുമ്പ് വാജ്പേയി ബി.ജെ.പി. മന്ത്രിസഭയ്ക്കു നേതൃത്വം കൊടുത്തിരുന്നുവെന്നു പോലും ഇപ്പോൾ നമോ ഭക്തസമൂഹം കരുതുന്നില്ല. അവരെ സംബന്ധിച്ചിടത്തോളം ആൽഫയും ഒമേഗയും നമോ ആണ്. അപ്പോൾ പിന്നെ നിതിനിഷേധവും തെറ്റുകളും ഉണ്ടാവുമ്പോൾ നമോ തന്നെയല്ലേ ഉത്തരം പറയേണ്ടത്. രാജ്നാഥിനെയോ അമിത് ഭായിയെയോ നിർമ്മലാജിയെയോ വിമർശിച്ചിട്ട് എന്തങ്കിലും കാര്യമുണ്ടോ? അവർ ഭൂതഗണങ്ങളാണ്. കാര്യവും കാരണവും അറിയാവുന്നവർക്ക് ഭൂതഗണങ്ങളുടെ മെക്കിട്ടു കയറാനാവില്ല.

പാർലമെന്റ് മാർച്ചിനിടെ ഗുസ്തി താരത്തെ പോലീസ് തടയാൻ ശ്രമിക്കുന്നു | Photo: PTI

വിമർശനം എന്ന ധർമ്മം

വിമർശനം മാത്രമേയുള്ളോ എന്ന ചോദ്യത്തിനും ഉത്തരം പറയാം. സാമ്പത്തിക ശാസ്ത്രജ്ഞനും രാഷ്ട്രീയ നിരീക്ഷകനും കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്റെ ഭർത്താവുമായ പറകല പ്രഭാകർ ഇക്കാര്യം നല്ല വെടിപ്പായും ഭംഗിയായും പറഞ്ഞിട്ടുണ്ട്. The Crooked Timber Of New India എന്ന പുസ്തകത്തിൽനിന്നുള്ള വാക്കുകൾ ഇവിടെ എടുത്തുകൊടുക്കുന്നു:

''വിമർശനം മാത്രമേയുള്ളു, പരിഹാരങ്ങൾ നിർദ്ദേശിക്കുന്നില്ലെന്നു പറയുന്നവരോട്. ഈ കെണിയിൽ വീഴാൻ എന്നെ കിട്ടില്ല. ഇനി വിമർശനം വേണ്ട എന്നു പറയുന്നതിനു തുല്യമാണിത്. എന്റെ എഴുത്തിന്റെയും സംഭാഷണങ്ങളുടെയും മുഖ്യലക്ഷ്യം തെറ്റുകൾ ചൂണ്ടിക്കാട്ടുക എന്നതാണ്. ഭരണഘടന അനുശാസിക്കുന്ന തത്വങ്ങളിൽനിന്നു ഭരണകൂടം വ്യതിചലിക്കുമ്പോൾ ചുവന്ന കൊടി കാട്ടുകയാണ് എന്റെ ദൗത്യം. സർക്കാർ ചെയ്യുന്ന നല്ല കാര്യങ്ങൾ ചൂണ്ടിക്കാട്ടാൻ ഇവിടെയിപ്പോൾ ആയിരക്കണക്കിന് മാദ്ധ്യമങ്ങളും വക്താക്കളും സൈബർ പോരാളികളുമുണ്ട്. പരിഹാരങ്ങൾ ഞാനല്ല നിർദ്ദേശിക്കേണ്ടത്. അത് ജനങ്ങളുടെയും വിദഗ്ധരുടെയും ഇടയിൽനിന്ന് ഉയർന്നുവരും. അതുകൊണ്ടുതന്നെ എന്റേത്‌ ഒരു ലജ്ജയുമില്ലാത്ത വിമർശകന്റെ സ്വരമാണ്. ഒരു പശ്ചാത്താപവുമില്ലാത്ത വിയോജനക്കുറിപ്പാണിത്.''

വാസ്തവത്തിൽ ഇന്ത്യയിലെ മാദ്ധ്യമ പ്രവർത്തകർ വഴികാട്ടിയായി കാണേണ്ട വാക്കുകളാണ് പറകല പ്രഭാകറിന്റേത്. നിതാന്തമായ പ്രതിപക്ഷമാവുക എന്നതാണ് മാദ്ധ്യമ പ്രവർത്തകരുടെ ധർമ്മം. അധികാരത്തിനൊപ്പമല്ല അധികാരത്തിനെതിരെയാണ് അവർ നിലയുറപ്പിക്കേണ്ടത്. അതിപ്പോൾ കേന്ദ്രത്തിൽ മോദിയും കേരളത്തിൽ പിണറായിയും ആവുന്നുവെന്നു മാത്രം. കേരളത്തിൽ ഭരണകൂടത്തെ വിമർശിക്കുകയെന്നു പറഞ്ഞാൽ പി. രാജിവിനെയോ വീണ ജോർജിനെയോ അല്ല പിണറായി വിജയനെയാണു വിമർശിക്കേണ്ടത്. കാരണം അദ്ദേഹമാണ് ആത്യന്തിക അധികാരകേന്ദ്രം.

കോൺഗ്രസിനെ വിമർശിക്കുക എന്നു പറഞ്ഞാൽ ജയ്റാം രമേഷിനെയോ കെ.സി. വേണുഗോപാലിനെയോ എന്തിന് വി.ഡി. സതീശനെപ്പോലുമല്ല സോണിയയെയും രാഹുലിനെയുമാണ് വിമർശിക്കേണ്ടത്. ഇതേ തത്വമാണ് മോദിയുടെ കാര്യത്തിലും അനുവർത്തിക്കേണ്ടത്. കൂടുതൽ നീതിനിഷേധങ്ങൾ ആരുടെ ഭാത്തുനിന്നാണോ ഉണ്ടാവുന്നത് അവരായിരിക്കും കൂടുതലായി വിമർശിക്കപ്പെടുന്നത്. വിമർശനത്തിൽ മിതത്വം പാലിക്കേണ്ട കാര്യമില്ല. ചിന്തേരിട്ടു മൂർച്ച കൂട്ടിയ ഉളിത്തലപ്പു പോലെയായിരിക്കണം വാക്കുകൾ. ഒന്നുരസിയാൽ ചോര പൊടിയണം. പണ്ട് ബഷീറിന്റെ നോവലിനെക്കുറിച്ച് എം.പി. പോൾ എഴുതിയതോർക്കുന്നില്ലേ ''ചോര പൊടിയുന്ന വാക്കുകൾ.''

പാർലമെന്റ് മാർച്ചിനിടെ ഗുസ്തി താരം സംഗീത ഫോഗട്ടിനെ പോലീസ് തടയാൻ ശ്രമിക്കുന്നു | Photo: PTI

ജന്തർ മന്തറിലെ പോരാട്ടം

ഇതാ ഇപ്പോൾ ഈ കോളത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണു വിമർശിക്കപ്പെടുന്നത്. ഇത്തവണ പ്രധാനമന്ത്രിയെ ഒന്നൊഴിവാക്കാനാവുമോ എന്നു പലതവണ ശ്രമിച്ചുനോക്കി. പക്ഷേ, ഡൽഹിയിൽ രാജ്യതലസ്ഥാനത്ത് ജന്തർ മന്തറിൽ നീതിക്കായി നിലവിളിക്കുന്ന കായികതാരങ്ങളുടെ കാര്യം പറയുമ്പോൾ പ്രധാനമന്ത്രിക്കു നേരെയല്ലാതെ വേറെയാർക്കു നേരെയാണു വിരൽ ചൂണ്ടാനാവുക? സോണിയ ഗാന്ധിയോ രാഹുൽ ഗാന്ധിയോ ആണോ ഇന്ത്യയുടെ അഭിമാനമായ ഈ കായികതാരങ്ങൾക്ക് നീതി നിഷേധിക്കുന്നത്? ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയോ സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെയോ ഈ വിഷയത്തിൽ പ്രതിക്കൂട്ടിൽ നിർത്താനാവുമോ? 1964-ൽ കാലയവനികയ്ക്കുളളിൽ മറഞ്ഞ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവാണോ ഈ നീതിനിഷേധത്തിന്റെ കാരണഭൂതൻ?

നമ്മുടെ കൺമുന്നിൽ നേരെ ചൊവ്വെ കിടക്കുന്ന കേസാണിത്. ലൈംഗിക പീഡനമാണ് കേസ്. ഇന്ത്യയ്ക്കായി അന്താരാഷ്ട്ര തലത്തിൽ മെഡലുകൾ നേടിയ കായികതാരങ്ങളാണ് പരാതിക്കാർ. ബി.ജെ.പി. എം.പിയും ഗുസ്തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ്ഭൂഷൺ ശരൺ സിങ് ആണ് പ്രതിക്കൂട്ടിൽ. കഴിഞ്ഞ നാലര മാസമായി നാല് കായികതാരങ്ങൾ- ബജ്‌രംഗ്‌ പൂനിയ, വിനേഷ് ഫൊഗട്ട്, സംഗീത ഫൊഗട്ട്, സാക്ഷി മാലിക്- ഡൽഹിയിൽ സമരപാതയിലാണ്.

ബ്രിജ്ഭൂഷൺ ആളൊരു ചെറിയ കക്ഷിയല്ല. യു.പി. രാഷ്ട്രീയത്തിൽ ബി.ജെ.പിയുടെ ശക്തിദുർഗ്ഗങ്ങളിലൊന്നാണ്. ആറു തവണയായി യു.പിയിൽ നിന്നുള്ള പാർലമെന്റ് അംഗം, അയോദ്ധ്യ, ഗോണ്ട, കൈസർഗഞ്ച് എന്നിവയുൾപ്പെടെ ആറ് മണ്ഡലങ്ങളിലെങ്കിലും തിരഞ്ഞെടുപ്പ് ഫലം സ്വാധീനിക്കാനാവുന്നയാൾ എന്നിങ്ങനെ പലതരത്തിലും ഭൂഷൺ ബി.ജെ.പിക്കൊരു മുതൽക്കൂട്ടാണ്. ബാബറി മസ്ജിദ് തകർത്ത കേസിലെ പ്രതി എന്നതാണ് ഭൂഷന്റെ തലപ്പാവിലുള്ള മറ്റൊരു തൂവൽ. ഞാൻ ആളു നിസ്സാരക്കാരനല്ലെന്നും ഒരാളെ കൊന്നിട്ടുണ്ടെന്നും ക്യാമറയ്ക്കു മുന്നിൽ പറയാനൊരു കൂസലുമില്ലാത്ത പാർട്ടിയാണ് ഭൂഷൺ. ഇതൊക്കെകൊണ്ടാവണം ഭൂഷനെതിരെ കേസെടുക്കാൻ പോലും ആദ്യം ഡൽഹി പോലിസ് മടിച്ചത്.

സുപ്രീം കോടതി ഇടപെട്ടതിനു ശേഷമാണ് ഡൽഹി പോലിസ് ഭൂഷണെതിരെ കേസ് എടുത്തത്. രണ്ട് എഫ്.ഐ.ആറുകളിൽ ഒന്ന് പോക്സൊ പ്രകാരമാണ്. പ്രായപൂർത്തിയാവാത്ത താരത്തെ പീഡിപ്പിച്ചതിനുള്ള കേസ്. പോക്സൊ പ്രകാരം കേസെടുത്താൽ ആദ്യമുണ്ടാവുക അറസ്റ്റാണ്. അറസ്റ്റ് ചെയ്തതിന് ശേഷമാണ് അന്വേഷണം. കാരണം പ്രതി കുട്ടികളെ പീഡിപ്പിക്കുന്നവനാണ്. അങ്ങനെയൊരുത്തൻ സ്വതന്ത്രനായി വിഹരിക്കുന്നതു കുട്ടികൾക്കു സദാ ഭീഷണിയാണ്. കുട്ടികൾക്കെതിരെയുള്ള പീഡനക്കേസുകളിൽ ശക്തമായ ശിക്ഷാനടപടികൾ ഉണ്ടാവുന്നതിനാണ് പോക്സൊ നിയമം കൊണ്ടുവന്നത്. പക്ഷേ, ഭൂഷണു മുന്നിൽ പോക്സൊയും മാൻപേടയാവുന്നു. നേരത്തെ തന്നെ ക്രിമിനൽ പശ്ചാത്തലമുള്ളയാളാണ് ഭൂഷൺ എന്നു മറക്കരുത്. ഇങ്ങനെയൊരാളെയാണ് പോക്സൊ പ്രകാരം എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിട്ടും ഡൽഹി പോലീസ് ഇനിയും അറസ്റ്റ് ചെയ്യാത്തത്.

പാർലമെന്റ് മാർച്ചിനിടെ ഗുസ്തി താരം സാക്ഷി മാലിക്കിനെ പോലീസ് തടയാൻ ശ്രമിക്കുന്നു | Photo: PTI

സച്ചിൻ, താങ്കൾ എവിടെയാണ്?

ഡൽഹി പോലിസ് ഡൽഹി സർക്കാരിന് കീഴിലല്ല പ്രവർത്തിക്കുന്നത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ വിളിച്ചു പറഞ്ഞാൽ ഒരു സാദാ കോൺസ്റ്റബിൾ പോലും അനുസരിച്ചെന്നു വരില്ല. ഇനിയെങ്ങാൻ അനുസരിച്ചാൽ കേന്ദ്രവും ഡൽഹിയും തമ്മിലുള്ള ഇരിപ്പുവശം വെച്ചുനോക്കിയാൽ ആ പോലീസുകാരന്റെ തൊപ്പി എപ്പോൾ തെറിച്ചുവെന്നു നോക്കുന്നതായിരിക്കും കൂടുതൽ അഭികാമ്യം. അപ്പോൾ ഡൽഹി പോലിസ് എന്ന് പറഞ്ഞാൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം എന്നാണർത്ഥം. ആഭ്യന്തര മന്ത്രിലയത്തിന്റെ തലപ്പത്ത് അമിത് ഭായിയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വലംകൈ എന്ന് വിശേഷിപ്പിക്കപ്പെടുന്നയാൾ. നീതി കിട്ടണമെങ്കിൽ ബ്രിജ്ഭൂഷൺ അറസ്റ്റ് ചെയ്യപ്പെടണമെന്നാണ് കായികതാരങ്ങളുടെ ആവശ്യം. ഈ ആവശ്യത്തിൽ കാമ്പോ കഴമ്പോ ഉണ്ടെന്ന് അമിത് ഭായി കരുതുന്നതായി അറിവില്ല.

അപ്പോൾപിന്നെ ഒരാൾക്കേ ഇക്കാര്യത്തിൽ ഇടപെടാനാവുകയുള്ളു. സാക്ഷാൽ നമോയ്ക്ക്. പെൺകുട്ടികളെ രക്ഷിക്കാനായി അവതാരമെടുത്ത വിശ്വഗുരുവാണ് നമോ എന്നു ഭക്തസമൂഹം പാടുന്നുണ്ട്. ബേട്ടി ബച്ചാവോ എന്ന മന്ത്രം ഭാരതത്തിനു നൽകിയ പ്രധാനമന്ത്രിയാണ് നമോ. പക്ഷേ, ജന്തർ മന്തറിലെ സമരം നമോയുടെ കണ്ണിൽപെട്ട മട്ടില്ല. ജി 20 ഗ്രൂപ്പിന്റെ ആഗോള സമ്മേളനത്തിന് അദ്ധ്യക്ഷത വഹിക്കാനിരിക്കെ ആഗോള വനിതകളുടെ പ്രശ്നങ്ങളിൽ മാത്രമാണോ തത്ക്കാലം പ്രധാനമന്ത്രി ഇടപെടുകയെന്നറിയില്ല. എന്തായാലും ഒരു ചാഞ്ചാട്ടവുമില്ലാതെ, ഒരു കുലുക്കവുമില്ലാതെ നമോ വിശ്വഗുരുവായി ലോകത്തിനു മുന്നിൽ നന്മയുടെ പൊൻഗോപുരമായി പ്രകാശം വിതറിക്കൊണ്ടിരിക്കുന്നു. അതിനിടയിൽ ജന്തർ മന്തർ ഒരപശുകനം പോലെ നമോയുടെ പ്രതിച്ഛായയ്ക്കു മേൽ കരിനിഴൽ വീഴ്ത്തുന്നു.

നിർഭാഗ്യവശാൽ ഐ.എസുമായോ പാകിസ്താനുമായോ ജന്തർമന്തറിലെ പ്രതിഷേധം കൂട്ടിയിണക്കാൻ ബി.ജെ.പിക്കോ കേന്ദ്ര സർക്കാരിനോ ആവുന്നില്ല. പ്രതിഷേധകരിൽ ഒരാൾ സ്വയം ബജ്‌രംഗി എന്ന് വിശേഷിപ്പിച്ചിട്ടുള്ള ആളാണ്. ഭൂതവും വർത്തമാനവുമൊക്കെ ചികഞ്ഞു നോക്കിയിട്ടും പ്രതിഷേധകർക്കും പാകിസ്താനും തമ്മിലുള്ള ബന്ധത്തിന് ഒരു തെളിവു പോലും ഇതുവരെ കിട്ടിയിട്ടില്ല. ഒരു രാഷ്ട്രീയ പാർട്ടിയുമായും കൂട്ടുചേരാതിരിക്കാൻ പ്രതിഷേധക്കാർ പ്രത്യേകം മനസ്സിരുത്തിയിട്ടുണ്ട്. അതുകൊണ്ടാ വഴിക്കും പ്രതിഷേധക്കാരെ കരിവാരിത്തേയ്ക്കാൻ ബി.ജെ.പിയുടെ ഐ.ടി. സെല്ലിനാവുന്നില്ല.

സച്ചിൻ തെൻഡുൽക്കറിനെ പോലുള്ള കായികതാരങ്ങൾ എന്തൊരു ദുരന്തമാണെന്നും ജന്തർ മന്തറിലെ പ്രതിഷേധം തെളിയിക്കുന്നു. കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച ഗായിക റിഹാനയോടും മനുഷ്യാവകാശ പ്രവർത്തക ഗ്രെറ്റ തുൻബർഗിനോടും സച്ചിൻ പറഞ്ഞത് ഇന്ത്യക്കാരുടെ കാര്യം ഇന്ത്യക്കാർ നോക്കിക്കൊള്ളാമെന്നാണ്. ഇന്നിപ്പോൾ ഇന്ത്യയിലെ കായികകുടുംബത്തിലെ സഹപ്രവർത്തകർ നീതിക്കായി പൊരുതുമ്പോൾ സച്ചിൻ മൗനവ്രതത്തിലാണ്. ഇവിടെയാണ് കപിൽദേവിനെയും നീരജ് ചോപ്രയെയും പോലുള്ളവരെ സല്യൂട്ട് ചെയ്യേണ്ടത്. നീതി നിഷേധിക്കുന്നത് ഏത്ര കരുത്തരായാലും അതിനെതിരെ പ്രതികരിക്കുമ്പോഴാണു മനുഷ്യർ മനുഷ്യരാവുന്നത്.

ഹരിദ്വാറിൽ ഗംഗയിൽ സ്വർണമെഡൽ ഒഴുക്കാനുള്ള തീരുമാനം എടുത്ത ഗുസ്തി താരം സാക്ഷി മാലിക്കിനെ സുഹൃത്തുക്കൾ ആശ്വസിപ്പിക്കുന്നു | Photo: PTI

മോദിയുടെ മൗനത്തിന് പിന്നിൽ

ഈ വിഷയത്തിൽ ആരുടെ ഭാഗമാണു പിടിക്കേണ്ടതെന്ന ചോദ്യത്തിന് ആർ.എസ്.എസ്. സർസംഘചാലക് മോഹൻ ഭാഗവതിനു പോലും രണ്ടു തവണ ആലോചിക്കേണ്ടി വരില്ല. അത്രയ്ക്കും നേരെ കിടക്കുന്ന കേസാണിത്. എന്നിട്ടുമെന്നിട്ടും എന്തുകൊണ്ടാണ് പ്രധാനമന്ത്രി മോദി ഈ വിഷയത്തിൽ മൗനം തുടരുന്നത്...? പീഡനത്തിനിരയായ കായികതാരങ്ങളിൽ ഒരാൾ രണ്ടു കൊല്ലം മുമ്പുതന്നെ പ്രധാനമന്ത്രിയോട് ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നാണ് പോലിസിന്റെ എഫ്.ഐ.ആറിലുള്ളത്. പ്രധാനമന്ത്രിയുടെ നല്ല വാക്കുകളാണ് അന്ന് ആത്മഹത്യയുടെ വക്കിൽനിന്നു തന്നെ രക്ഷിച്ചതെന്ന് ആ കായികതാരം പറഞ്ഞതായും എഫ്.ഐ.ആറിലുണ്ട്. ആ വാക്കുകൾ വെറും പൊള്ളയായിരുന്നുവെന്നാണു കാലം തെളിയിച്ചിരിക്കുന്നത്.

മാധ്യമപ്രവർത്തകൻ വീർ സാങ്‌വി പറയുന്നത് മോദിയുടെ മൗനത്തിന് അതിന്റേതായ കാരണങ്ങളുണ്ടെന്നാണ്. കഴിഞ്ഞ യു.പി.എ. സർക്കാരിന്റെ കാലത്തുനിന്നു മോദി ചില പാഠങ്ങൾ പഠിച്ചിട്ടുണ്ടെന്നാണ് സാങ്‌വി ചൂണ്ടിക്കാട്ടുന്നത്. അന്ന് അഴിമതി ആരോപണങ്ങൾ ഉണ്ടായപ്പോൾ എത്രയും പെട്ടെന്നു നടപടി എടുക്കാനാണ് സോണിയയും മൻമോഹനും ശ്രമിച്ചത്. ലളിത് മോദിയുടെ ആരോപണത്തിൽ ശശി തരൂരിനു രാജി വെയ്ക്കേണ്ടി വന്നു. 2 ജി സ്പെക്ട്രം അഴിമതിക്കേസിൽ എ. രാജ രാജിവെച്ചു. അഴിമതിക്കെതിരെ ഇന്ത്യ എന്നു പറഞ്ഞു ബഹളമുണ്ടാക്കിയ അണ്ണാഹസാരെയെയും അരവിന്ദ് കെജ്‌രിവാളിനെയും ദേശദ്രോഹികളായി കാണാതെ നാട്ടുകാർക്കു വേണ്ടി നിലകൊള്ളുന്നവരായി കണ്ടു. കോൺഗ്രസ് അഴിമതിക്കെതിരെ സത്വര നടപടി എടുക്കുന്നത് കണ്ടു കോരിത്തരിച്ച് ജനം വീണ്ടും കോൺഗ്രസിനു വോട്ടുചെയ്യുമെന്നാണ് സോണിയ കരുതിയത്. പക്ഷേ, സംഗതി കോൺഗ്രസിന്റെ പിടിപ്പുകേടാണെന്നും അഴിമതിക്കാരുടെ കൂടാരമായി മാറിയ കോൺഗ്രസ് സർക്കാരിനെ പിഴുതെറിയാതെ രാജ്യം രക്ഷപ്പെടില്ലെന്നുമുള്ള നിഗമനത്തിലേക്കാണ് ജനം എത്തിയതെന്നുമാണ് വീർ സാങ്‌വി പറയുന്നത്.

ഒരാരോപണത്തിനും ചെവി കൊടുക്കാതിരിക്കുക, ഒരു സമരത്തെയും വകവെയ്ക്കാതിരിക്കുക എന്നതാണ് മോദിയുടെ പൊതുവെയുള്ള നിലപാട്. ആരോപണങ്ങൾക്കു മേൽ നടപടി എടുത്താൽ അതു കുറ്റം സമ്മതിക്കുന്നതിനു തുല്യമായിരിക്കുമെന്ന് നമോ കരുതുന്നു. ഒരാൾക്കും വഴങ്ങാത്ത, ഒരു തെറ്റും ചെയ്യാത്ത, 56 ഇഞ്ച് വീതി നെഞ്ചളവുള്ള നേതാവെന്ന തന്റെ പ്രതിച്ഛായ തകരാതിരിക്കേണ്ടത് ഇന്ത്യയുടെ ആവശ്യമാണെന്നാണ് നമോ വിശ്വസിക്കുന്നത്. കർഷകർക്കു മുന്നിൽ മാത്രമാണ് മോദി ഇതിന് മുമ്പൊന്നു പതറിയത്. അതും ഒന്നര വർഷത്തെ സമരത്തിനൊടുവിൽ യു.പി. തിരഞ്ഞെടുപ്പ് സമാഗതമായപ്പോൾ.

അപ്പോൾ പിന്നെ, കായികതാരങ്ങൾക്ക് നീതി കിട്ടുന്ന കാര്യം അത്ര എളുപ്പമല്ലെന്ന് വിർ സാങ്‌വി പറയുന്നു സാങ്‌വിയുടെ ലേഖനം വന്നത് കർഷകർ കായികതാരങ്ങൾക്കായി ഇടപെടുന്നതിനു മുമ്പാണ്. രാജ്യത്തിനായി കിട്ടിയ മെഡലുകൾ ഗംഗയിൽ എറിയുമെന്ന കായികതാരങ്ങളുടെ പ്രഖ്യാപനമാണ് കർഷകരുടെ ഇടപെടൽ ശക്തമാക്കിയത്. സമരം തങ്ങൾ ഏറ്റെടുക്കുകയാണെന്ന് കർഷക നേതാക്കൾ പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ ഒമ്പതിനു മുമ്പ് ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്തില്ലെങ്കിൽ പ്രക്ഷോഭം കടുക്കുമെന്നാണ് കർഷകരുടെ മുന്നറിയിപ്പ്. സ്വതന്ത്ര ഭാരതം കണ്ട ഏറ്റവും ഐതിഹാസികമായ സമരങ്ങളിലൊന്നു നയിച്ചവരാണ് ഈ കർഷകർ. പാലം കുലുങ്ങിയിട്ടും കുലുക്കമില്ലാതെ തുടരുന്ന കേളന് ഇനിയും അങ്ങിനെയങ്ങു കുലുങ്ങാതിരിക്കാനാവുമെന്നു തോന്നുന്നില്ല.

പ്രതിഷേധക്കാർ ബ്രിജ്ഭൂഷൺ സിങ്ങിന്റെ കോലം കത്തിക്കുന്നു | Photo: PTI

മോന്തായം വളഞ്ഞാൽ

ജനാധിപത്യത്തിനോടുള്ള പുച്ഛവും നീരസവുമാണ് മോദി സർക്കാരിന്റെ മുഖമുദ്ര. പാർലമെന്റ്, തിരഞ്ഞെടുപ്പ് കമ്മീഷൻ എന്നിങ്ങനെ ജനാധിപത്യ സംവിധാനങ്ങൾ ഒന്നൊന്നായി ദുർബ്ബലപ്പെടുത്തുന്നതിൽ ഡോക്ടറേറ്റ് നേടിയിട്ടുള്ള സർക്കാരാണിത്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിൽ പാർലമെന്റിൽ അധികാരദണ്ഡ് സ്ഥാപിക്കുന്നതാണ് ഏറ്റവും മഹത്തായ കർമ്മമെന്നു വിശ്വസിക്കുന്നവർ. ജനങ്ങളല്ല, അധികാരമാണ് ഈ ഭരണകൂടത്തിനു മുഖ്യം. സമസ്ത അധികാരവും കയ്യാളുന്ന ചക്രവർത്തിയാവുക എന്നതാണ് മോദിയുടെ ലക്ഷ്യം. അതിന്റെ അടയാളമായാണ് ജവഹർലാൽ നെഹ്രു മ്യൂസിയത്തിനു നൽകിയ ചെങ്കോൽ ആഘോഷപൂർവ്വം പാർലമെന്റിലേക്കു കൊണ്ടുവന്നത്. ബ്രിട്ടീഷ് സർക്കാരിൽനിന്ന് അധികാരം പിടിച്ചുവാങ്ങിയതു ജനങ്ങളാണെന്ന കാര്യം മോദി സർക്കാർ സൗകര്യപൂർവ്വം മറക്കുന്നു. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന്റെ അന്നു പ്രതിഷേധമാർച്ചിന് ഒരുങ്ങിയ കായികതാരങ്ങളെ അടിച്ചമർത്തുകയും അധികാര ദണ്ഡ് പ്രതിഷ്ഠാ ഉത്സവമാക്കി മാറ്റുകയുമാണ് മോദി സർക്കാർ ചെയ്തത്.

മോന്തായം വളഞ്ഞാൽ കഴുക്കോലും വളയും എന്നൊരു ചൊല്ല് മലയാളത്തിലുണ്ട്. ഏതാണ്ടിതേ അർത്ഥത്തിലാണ് crooked timber എന്നു പ്രയോഗിക്കുന്നത്. മനുഷ്യരാശിയുടെ വളഞ്ഞ തടിയിൽനിന്നു നേരെയുള്ള ഒരു കാര്യവും ഒരിക്കലും ഉണ്ടായിട്ടില്ല എന്ന് പറഞ്ഞത് ഇമ്മാനുവൽ കാന്റാണ്. പുതിയ ഇന്ത്യയുടെ വളഞ്ഞ തടി എന്നാണ് പറക്കാല പ്രഭാകർ മോദി സർക്കാരിനെ വിശേഷിപ്പിക്കുന്നത്. മോന്തായം തന്നെ വളഞ്ഞിരിക്കുകയാണെന്നർത്ഥം. നസറത്തിൽനിന്ന് ഒരു നന്മയും വരാനില്ലെന്നു പറയുന്നതു പോലെയാണു വളഞ്ഞ മോന്തായത്തിൽനിന്ന് ഒന്നും പ്രതീക്ഷിക്കരുതെന്നു പറയുന്നത്. മോന്തായം വളഞ്ഞു കഴിഞ്ഞാൽ പിന്നെ പുതിയ മോന്തായം തീർക്കുക മാത്രമേ നിവൃത്തിയുള്ളു. അത്തരമൊരു സ്ഥിതിവിശേഷത്തിലേക്കാണ് ഇപ്പോൾ മോദി സർക്കാർ നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന് കരുതുന്ന രാഷ്ട്രീയ നിരീക്ഷകരുടെ എണ്ണം കുറവല്ല.

കായികതാരങ്ങൾ നേരിടുന്ന കടുത്ത നീതിനിഷേധം അതിന്റെ സൂചനയാണ്. കൗരവസദസ്സിൽ പാഞ്ചാലി അപമാനിക്കപ്പെട്ടപ്പോൾ മൂകരും അന്ധരുമായി നിന്ന പ്രമുഖരെ ഓർക്കുന്നില്ലേ. അതൊരു അവസാനത്തിന്റെ ആരംഭമായിരുന്നു. വിനാശകാലേ വിപരീത ബുദ്ധി കാണിക്കുന്നവരുടെ അവസാനത്തിന്റെ ആരംഭം. ജന്തർ മന്തറിൽ നിന്നുയരുന്ന കാഴ്ചകൾ നമ്മോടു പറയുന്നതും ഇതാണോ? അവസാനത്തിന്റെ ആരംഭം ദാ ഇതാ ഇവിടെത്തുടങ്ങുകയാണെന്ന്. കാലത്തിന്റെ ചുവരിൽ തെളിയുന്നത് അതിന്റെ സൂചനകളാണെന്നു തോന്നുന്നത് ഈ ലേഖകനു മാത്രമാണോ?

വഴിയിൽ കേട്ടത്: ഇന്ത്യയിൽ സമീപകാലത്തുണ്ടായ ഏറ്റവും വലിയ തീവണ്ടി അപകടമാണ് ഒഡിഷയിലേത്. 1956 നവംബറിൽ തമിഴകത്തെ അരിയലൂരിലുണ്ടായ തീവണ്ടി അപകടത്തിൽ 142 പേർ മരിച്ചപ്പോൾ അന്ന് റെയിൽവെ മന്ത്രിയായിരുന്ന ലാൽ ബഹാദൂർ ശാസ്ത്രി ധാർമ്മിക ഉത്തരവാദിത്വമേറ്റെടുത്ത് രാജി വെച്ചിരുന്നു. ഇപ്പോഴത്തെ കേന്ദ്ര റെയിൽവെമന്ത്രി അശ്വിനി വൈഷ്ണവിൽ ഈ ധാർമ്മികത ഉണർന്നാൽ അതാവും ഈ നൂറ്റാണ്ടിലെ മഹാത്ഭുതങ്ങളിൽ ഒന്ന്!

Content Highlights: Wrestlers Protest, BJP Government, Narendra Modi, Brijbhushan Singh, Vazhipokkan

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Chandy Oommen
Premium

5 min

പുതുപ്പള്ളിയിൽ തോറ്റത്...! ഒരു താത്വിക അവലോകനം | വഴിപോക്കൻ

Sep 8, 2023


CLT
Premium

5 min

കലോത്സവം വിവാദോത്സവമാക്കുന്നവർ; വിജയികളെ പ്രഖ്യാപിക്കാൻ എന്തിന് മടിക്കണം...? | പ്രതിഭാഷണം

Jan 7, 2023


Vizhinjam
Premium

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


Most Commented