റെയ്ഡ് നടക്കുന്ന ഡൽഹിയിലെ ബിബിസി ഓഫീസ് കെട്ടിടം |ഫോട്ടോ:AFP, മാതൃഭൂമി
ദ മോദി ക്വസ്റ്റിയൻ എന്ന ബി.ബി.സിയുടെ ഡോക്യുമെന്ററി ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുലച്ചിരിക്കുകയാണ്. ഹിന്‍ഡന്‍ബര്‍ഗ് എന്ന അമേരിക്കയിലെ അത്രയൊന്നും പ്രാധാന്യമില്ലാത്ത ബിസിനസ് അനാലിസിസ് ഗ്രൂപ്പ് അദാനി കമ്പനികളെ കുറിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടതും വലിയ രാഷ്ട്രീയ പ്രശ്‌നമായി. അദാനി കമ്പനികളുടെ ഷെയര്‍ കുത്തനെ ഇടിയാന്‍ ഇത് കാരണമായി. 120 ബില്യണ്‍ ഡോളറിന്റെ കുറവ് അദാനി കമ്പനികളുടെ ഷെയര്‍ മൂല്യത്തില്‍ സംഭവിച്ചു എന്നതല്ല ആ വിഷയത്തിലെ പ്രധാനപ്പെട്ട കാര്യം. ഈ രണ്ട് സംഭവങ്ങളിലും കുന്തമുന നീണ്ടത് ബി.ജെ.പി. നേതൃത്വത്തിലേക്കായിരുന്നു.
ഇന്ത്യന്‍ സര്‍ക്കാരിനെ പത്തു വര്‍ഷത്തിലധികം കാലമായി നയിക്കുകയും അടുത്ത ഒരു ടേം കൂടി കാത്തിരിക്കുകയും ചെയ്യുന്ന പാര്‍ട്ടിയാണ് ബി.ജെ.പി. ഗുജറാത്തിലെ കറുത്ത പാടുകളെല്ലാം മാഞ്ഞുപോയെന്ന് ബി.ജെ.പി. ആശ്വസിച്ചിരുന്നു. അതിനിടയിലാണ് ബി.ബി.സിയുടെ ഡോക്യുമെന്ററി പുറത്തുവന്നത്. ഇന്ത്യ ലോകത്തെ സാമ്പത്തികശക്തിയായി മാറുന്നുവെന്ന പ്രചരണത്തിനും വലിയ അംഗീകാരം കിട്ടിത്തുടങ്ങിയ സമയത്താണ് അദാനി കഥകളും പുറത്തുവന്നത്. ഈ രണ്ട് ആക്രമണത്തേയും ബി.ജെ.പി. പ്രതിരോധിച്ചത് ദേശീയത എന്ന അവര്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട പരിച കൊണ്ടാണ്.
ഇരുപതു വര്‍ഷം മുമ്പ് നടന്ന ഒരു വര്‍ഗീയ കലാപത്തില്‍ ഇന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയും അക്കാലത്ത് ഗുജറാത്ത് മുഖ്യമന്ത്രിയുമായിരുന്ന മോദിക്ക് പങ്കുണ്ടെന്ന് പ്രസ്താവിക്കുന്ന ബി.ബി.സി. ഡോക്യുമെന്ററി ഇന്ത്യന്‍ ദേശീയതയെ ബാധിക്കുമെന്ന വിചിത്രവാദമാണ് ബി.ജെ.പി. മുഴക്കിയത്. അതേറ്റുപറയാനും ആളുണ്ടായി. ഇന്ത്യന്‍ രാഷ്ട്രീയം എക്കാലത്തും ഏറെ ബഹുമാനിക്കുന്ന എ.കെ. ആന്റണിയുടെ മകന്‍ അനില്‍ ആന്റണി തന്നെ ബി.ബി.സിയുടെ പ്രചാരണം ദേശവിരുദ്ധമാണെന്ന അര്‍ഥത്തില്‍ പ്രസ്താവന നടത്തിയത് കോണ്‍ഗ്രസിന് തന്നെ ആഘാതമായി. നിഷ്പക്ഷമതികളെന്ന് കരുതുന്ന ആയിരക്കണക്കിനാളുകളും ഈ തരത്തില്‍ ബി.ബി.സിക്ക് ഇന്ത്യയില്‍ എന്തുകാര്യം എന്നുചോദിച്ചവരില്‍ ഉള്‍പ്പെടുന്നുണ്ട്. ഇവിടെ ബി.ബി.സിയുടെ വൈദേശിക ഉടമസ്ഥതയാണോ അതോ ബി.ബി.സി. പുറത്തുകൊണ്ടുവന്ന പുതിയ വസ്തുതകളാണോ പ്രധാനം എന്നതാണ് പ്രസക്തമായിട്ടുളളത്. ആരു പറയുന്നു എന്നതല്ല, എന്തു പറയുന്നു എന്നതിനാണ് പ്രാധാന്യം നല്‍കേണ്ടത്. അടിയന്തരാവസ്ഥയെ എതിര്‍ക്കുന്നതില്‍ അന്ന് ഇന്ത്യയും ബ്രിട്ടണും കൂട്ടത്തില്‍ ബി.ബി.സിയും ഉണ്ടായിരുന്നു.
അടിയന്തരാവസ്ഥയുടെ ഇരകളാണ് ഇന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി അടക്കമുളള നൂറുകണക്കിന് എസ്.എസ്. നേതാക്കളും ഇന്നത്തെ ബി.ജെ.പി. നേതാക്കളും. അന്ന് ഇടതുപക്ഷത്ത് സി.പി.ഐ. അടിയന്തരാവസ്ഥയെ ന്യായീകരിച്ചത് സോവിയറ്റ് യൂണിയന്‍ പിന്താങ്ങുന്നത് അമേരിക്കയും ബ്രിട്ടണും എതിര്‍ക്കുന്നു എന്ന വാദം കൊണ്ടാണ്. അതിനെ 45 വര്‍ഷത്തിലധികമായി പരിഹസിക്കുന്ന ബി.ജെ.പിയാണ് ബി.ബി.സിയുടെ വിവരണം എന്താണെന്നു വിശദീകരിക്കുന്നതിന് പകരം ബി.ബി.സിയുടെ ഉത്ഭവം എവിടെയാണെന്ന് അന്വേഷിക്കുന്നത്.
പുതിയ തലത്തിലേക്ക് ബി.ബി.സി. വിവാദം കടന്നിരിക്കുന്നു. ബി.ബി.സി. ഡോക്യുമെന്ററി വിവാദം പതുക്കെ അയയുകയാണോ എന്നു കരുതിയ സന്ദര്‍ഭത്തിലാണ് ബി.ബി.സിയുടെ ഡല്‍ഹിയിലെയും മുംബൈയിലെയും ഓഫീസുകള്‍ ഇന്‍കം ടാക്‌സ് അധികാരികള്‍ റെയ്ഡ് ചെയ്തത്. ബി.ബി.സി. ഡോക്യുമെന്ററിയുടെ സത്യാവസ്ഥ എന്താണെന്ന് പരിശോധിക്കുന്നതിനെ കുറിച്ചുളള ചര്‍ച്ചയില്‍നിന്ന് ഇത്തരം സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത് ക്ലേശകരമാകുമെന്ന സന്ദേശമാണ് കേന്ദ്ര സര്‍ക്കാര്‍ ഈ റെയ്ഡിലൂടെ നല്‍കിയത്.
ബി.ബി.സി. വേള്‍ഡ് സര്‍വീസ് ഡയറക്ടര്‍ ലിയാന്‍ഡെ ലാന്‍ഡെര്‍ ഈ സംഭവത്തെ കടുത്ത ഭാഷയിലൊന്നും അപലപിച്ചില്ല. ബി.ബി.സി. ഉദ്യോഗസ്ഥര്‍ക്ക് എല്ലാ രേഖകളും സര്‍ക്കാരിന്റെ മുന്നില്‍ കാണിക്കുവാന്‍ ബാധ്യതയുണ്ടെന്ന ഒഴുക്കന്‍ മട്ടിലുളള പ്രസ്താവനയാണ് അദ്ദേഹം നടത്തിയത്. പക്ഷേ, രാഷ്ട്രീയ നേതാക്കള്‍ സ്വാഭാവികമായും മുന്നോട്ടുവന്നു. ജയറാം രമേശ് പറഞ്ഞത് 'വിനാശകാലേ വിപരീത ബുദ്ധി'യെന്നാണ്. ബി.ബി.സിയുടെ ഓഫീസുകള്‍ റെയ്ഡ് ചെയ്തതിനെ മമത ബാനര്‍ജിയും മറ്റു മുഖ്യമന്ത്രിമാരും കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം ശക്തമായി അപലപിച്ചു.
ഈ പ്രതിഷേധങ്ങളില്‍ ഏറ്റവും പ്രസക്തമായത് കോണ്‍ഗ്രസിന്റെ വക്താവ് പവന്‍ ഖാരെയുടെ പ്രസ്താവനയാണ്. ബി.ജെ.പി. അധികാരത്തില്‍ വന്നതിന് ശേഷം പ്രസിദ്ധമായ പ്രസ് ഫ്രീഡം ഇന്‍ഡക്‌സില്‍ ഇന്ത്യ 150-ാം സ്ഥാനത്തേക്ക് താഴ്ന്നുപോയെന്ന വിമര്‍ശനമാണ് അദ്ദേഹം ഉയര്‍ത്തിയത്. ഏറ്റവും പ്രസക്തമായ വിമര്‍ശനവും അതുതന്നെയാണ്. ബി.ബി.സി. ഓഫീസിലെ റെയ്ഡ് ബി.ബി.സി. ഡോക്ടുമെന്ററിയെ ന്യായീകരിക്കുന്നു എന്നുവേണമെങ്കില്‍ പറയാം. ബി.ബി.സി. ഡോക്യുമെന്ററി ബി.ജെ.പി. നേതാക്കന്മാരുടെ, എന്തിന് പ്രധാനമന്ത്രിയുടെ തന്നെ ഉറക്കം കെടുത്തി എന്നതിന്റെ തെളിവാണ് ബി.ബി.സി. ഓഫീസുകളില്‍ നടന്ന, ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്ന അന്വേഷണങ്ങളും. ബി.ജെ.പി. അധികാരത്തില്‍ വന്നതിന് ശേഷം റെയ്ഡ് ഇന്ത്യയില്‍ ഒരു പുതിയ കാര്യമല്ല. 2017-ല്‍ എന്‍.ഡി.ടി.വി. സി.ബി.ഐ റെയ്ഡ് ചെയ്തു. 2021-ല്‍ ന്യൂസ്‌ക്ലിക്ക് എന്ന ഡിജിറ്റ് പോര്‍ട്ടലും ധനിക് ഭാസ്‌കര്‍ ഗ്രൂപ്പിന്റെ മാധ്യമ സ്ഥാപനങ്ങളും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കടുത്ത പരിശോധനയ്ക്കു വിധേയമാക്കി. ഏറ്റവും രസകരമായ കാര്യം എന്‍.ഡി.ടി.വി. പിന്നീട് അദാനി വാങ്ങിച്ചെടുത്തു എന്നതാണ്. ഏതായാലും ബി.ബി.സി. വാങ്ങിച്ചെടുക്കാന്‍ ഈ റെയ്ഡുകൊണ്ട് അദാനിക്ക് കഴിയില്ലെങ്കിലും ലോകത്തെ ഏത് കമ്പനിയെയും ലക്ഷ്യം വെക്കുന്ന ഇന്ത്യന്‍ കമ്പനികളുളള ഈ കാലഘട്ടത്തില്‍ അസാധ്യമായത് ഒന്നുമില്ലെന്ന് മാത്രം തല്ക്കാലം പറഞ്ഞുവെക്കുക.
ഇനി അദാനി കമ്പനിയെ കുറിച്ചുളള ആക്ഷേപം പരിശോധിക്കാം. അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ് എന്ന കമ്പനിയാണ് അദാനി ഗ്രൂപ്പിന്റെ ഫ്‌ലാഗ്ഷിപ്പ്. എന്താണ് ഹിഡന്‍ബര്‍ഗ് ഉയര്‍ത്തിയ വിമര്‍ശനം? ഇന്ത്യക്ക് പുറത്തുളള നികുതിരഹിതമായ വിഹാരമേഖലകളില്‍ കമ്പനികള്‍ തുടങ്ങുകയും അവിടെ ഇരുന്നുകൊണ്ട് ഇവിടുത്തെ പണം വലിച്ചെടുത്ത് അത് ഇങ്ങോട്ടുതന്നെ പമ്പ് ചെയ്യുകയും ചെയ്യുന്ന വികൃതമായ മുതലാളിത്ത കലാപരിപാടികള്‍ നടത്തിയാണ് അദാനി ലോകത്തെ ധനികരില്‍ രണ്ടാമനായതെന്നാണ് ഹിഡന്‍ഹര്‍ഗിന്റെ വിമര്‍ശനം. ഹിന്‍ഡന്‍ബര്‍ഗിന്റെ പുറകില്‍ രണ്ടാം സ്ഥാനം നഷ്ടപ്പെട്ടവരും ആഗോള ശതകോടീശ്വരന്മാരുടെ ക്ലബില്‍ അംഗങ്ങളായ പലരുടെയും കൈകള്‍ ഉണ്ടായിരിക്കാം. ശതകോടീശ്വരന്മാരുളള മത്സരവേദിയില്‍ അതില്‍ ഒരാള്‍ ഉയര്‍ന്നുവരുന്നത് മറ്റാര്‍ക്കും സഹിക്കാന്‍ കഴിയില്ല. അതുകൊണ്ടുമാത്രം ശതകോടീശ്വരന്മാരുടെ അസൂയ കലര്‍ന്ന ആക്രമണമാണ് എന്ന് പറഞ്ഞൊഴിയാന്‍ ഇന്ത്യ സര്‍ക്കാരിനും സര്‍ക്കാരിനെ നയിക്കുന്ന ബി.ജെ.പി. പാര്‍ട്ടിക്കും സാധിക്കുമോ?
ഷെല്‍കമ്പനികള്‍ എന്നറിയപ്പെടുന്ന കടലാസു കമ്പനികള്‍ ഉണ്ടാക്കി ഒരേ ഡയറക്ടര്‍മാര്‍ അംഗങ്ങളായ നിരവധി കമ്പനികള്‍ അങ്ങോട്ടും ഇങ്ങോട്ടും കച്ചവടം ചെയ്യുന്ന തരംതാണ ധനസമ്പാദന മാര്‍ഗത്തില്‍ അദാനി ഗ്രൂപ്പ് സഞ്ചരിച്ചോയെന്നു പരിശോധിക്കേണ്ടത് ഇന്ത്യന്‍ സര്‍ക്കാരാണ്. അപ്പോഴും ഒരു പരിശോധനയ്ക്ക് വേണ്ടി അദാനിയുടെ ഒരു ഓഫീസും ഇന്‍കംടാക്‌സോ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റോ റെയ്ഡ് ചെയ്തില്ലെന്ന് മാത്രമല്ല, ഇന്ത്യന്‍ പാര്‍ലമെന്റില്‍ പോലും അദാനിക്ക് ദോഷം വരാത്ത മൃദുഭാഷണമാണ് ബി.ജെ.പി. നേതാക്കന്മാരും കേന്ദ്രമന്ത്രിമാരും നടത്തിയത്.
ഇന്ത്യയില്‍ വളര്‍ന്നുവരുന്ന കുത്തക കമ്പനികളാണെങ്കില്‍ പോലും അതിനെയെല്ലാം യഥേഷ്ടം പിച്ചിച്ചീന്താന്‍ ഇന്ത്യയിലെ ഈ കമ്പനികളില്‍ ഷെയര്‍ എടുത്തവരുടെ ഭാവി അവതാളത്തിലാക്കാന്‍ ആരേയും അനുവദിക്കണമെന്ന അഭിപ്രായം ലേഖകനില്ല. പക്ഷേ, ഇവിടെ പ്രശ്‌നം അതല്ല. അദാനിക്ക് വേണ്ടി വഴിവിട്ട കാര്യങ്ങള്‍ ചെയ്തുകൊടുക്കുന്നുവെന്ന രാഷ്ട്രീയ വിമര്‍ശനം പശ്ചാത്തലത്തിൽ ഉള്ളപ്പോൾ, അദാനി അടക്കമുളള കോര്‍പറേറ്റുകളുടെ വളര്‍ച്ചയ്ക്ക് തടസ്സം നില്‍ക്കാതിരിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് ബി.ജെ.പി. പറഞ്ഞാല്‍ ആ പറച്ചിലില്‍ ഒരു ന്യായമുണ്ട്. പക്ഷേ, ഇന്ത്യയിലെ ഇതര കുത്തകകളെ പോലും പിന്നിലാക്കുന്നതിനും അങ്ങനെ മുതലാളിത്തനിരയില്‍ ഒന്നാം സ്ഥാനം പിടിച്ചെടുക്കുന്നതിനും അദാനിയെ സഹായിച്ചുകൊണ്ടിരിക്കുന്നു എന്ന നേരത്തേതന്നെയുളള വിമര്‍ശനമാണ് ഹിഡന്‍ബര്‍ഗ് വിമര്‍ശനത്തെ പ്രസക്തമാക്കുന്നത്.
ഇന്ത്യയോട് ചേര്‍ന്നുനില്‍ക്കുന്ന ഭാഗമാണ് ബംഗ്ലാദേശ്. ബംഗ്ലാദേശില്‍ പോലും അദാനിക്ക് വേണ്ടി ചില സൗകര്യങ്ങള്‍ ചെയ്തുകൊടുക്കണമെന്ന് ഇന്ത്യയിലെ ഉത്തരവാദിത്തപ്പെട്ട ആളുകള്‍ ബംഗ്ലാദേശിലെ ഭരണാധികാരികളോട് പറഞ്ഞുവെന്ന വിമര്‍ശനവും നിലവിലുണ്ട്. ഒരു മുതലാളിത്ത ഭരണസംവിധാനത്തില്‍ സര്‍ക്കാരും കമ്പനികളുമായി ബന്ധമുണ്ടാകുന്നത് ഒരു പുതിയ കാര്യമല്ല. എല്ലാ കാര്യങ്ങള്‍ക്കുമെന്നതുപോലെ അവിടെയും ലക്ഷ്മണരേഖകളുണ്ട്. ഒരു കമ്പനിയെ മാത്രം വളര്‍ത്തി വിടുകയും അവരില്‍നിന്ന് വലിയ തുക സംഭാവനയായി വാങ്ങിക്കുകയും ഫലത്തില്‍ അത് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ തന്നെ അനുബന്ധമായി തീരുകയും ചെയ്യുന്ന രീതി ആശ്വാസ്യമല്ല. ഇന്ത്യന്‍ മുതലാളിമാര്‍ക്കും ഇക്കാര്യത്തില്‍ പാഠം പഠിക്കാനുണ്ട്. ആവശ്യത്തിലധികം ഭരണകക്ഷിയോട് ഒട്ടിനില്‍ക്കുന്നവരെ കുത്തിപ്പൊട്ടിക്കാനുളള സൂചികള്‍ ലോകത്തെമ്പാടുമുണ്ടെന്ന തിരിച്ചറിവ് ഹിഡന്‍ബര്‍ഗ് റിസര്‍ച്ച് എന്ന സ്ഥാപനത്തിന്റെ കുത്തേറ്റ് പിടിയുന്ന അദാനിക്ക് മാത്രമല്ല എല്ലാവര്‍ക്കും ഓര്‍മയുണ്ടാകേണ്ട കാര്യമാണ്.
എന്തായാലും ഇന്ത്യന്‍ രാഷ്ട്രീയം വൈദേശികമായ രണ്ട് ഇടപെടലിന്റെ, അതായത് ബി.ബി.സിയുടെയും ഹിന്‍ഡന്‍ബര്‍ഗ്ഗിന്റെയും ഇടപെടലിന്റെ, ഫലമായി ഒന്നുകലങ്ങി മറിഞ്ഞു. ഇതുകണ്ട് ബി.ജെ.പിയുടെ കൗണ്ട്ഡൗണ്‍ തുടങ്ങി എന്ന് കരുതുന്നവരുണ്ട്. തീര്‍ച്ചയായും ബി.ജെ.പിയുടെ മുന്നോട്ടുളള പ്രയാണത്തില്‍ തടസ്സങ്ങള്‍ ഉണ്ടാകുന്നുവെന്നു തല്‍ക്കാലം വിലയിരുത്താം. എന്നാല്‍ അതിനെയും അതിജീവിക്കത്തക്ക തരത്തിലുളള തന്ത്രങ്ങളും കുതന്ത്രങ്ങളും പയറ്റാനുളള ഒരു ടീം ബി.ജെ.പിക്ക് സ്വന്തമായിട്ടുണ്ട് എന്ന് വിസ്മരിച്ചുകൂടാ.
അടിയന്തരാവസ്ഥ കാലത്ത് പ്രവര്‍ത്തിച്ചിരുന്ന ഡി.റ്റി.ഡി. എന്ന ഒരു ഗ്രൂപ്പുണ്ട്. ഡെര്‍ട്ടി ട്രിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് എന്നാണ് അതിന്റെ യഥാര്‍ഥ പേര്. പ്രശ്‌നങ്ങള്‍ വരുമ്പോള്‍ ഡേര്‍ട്ടി ട്രിക്‌സ് ഉപയോഗിച്ചാണ് ഇന്‍കം ടാക്‌സ് റെയ്ഡും ഇഡി പരിശോധനയും ഉപയോഗിച്ചാണ് ബി.ജെ.പി. മുന്നോട്ട് പോകാന്‍ ആഗ്രഹിക്കുന്നതെങ്കിൽ അവര്‍ മൂക്കുകുത്തി വീഴുമെന്ന കാര്യത്തില്‍ സംശയം വേണ്ട. അതുപോലെ, ചങ്ങാത്ത കമ്പനികളുമായി അതിരുവിട്ടുളള ബന്ധം തങ്ങള്‍ക്കുണ്ടാകുന്ന ആപത്തിനേക്കാള്‍ കൂടുതല്‍ ആ കമ്പനികള്‍ക്ക് തന്നെ അപകടകരമാണെന്ന തിരിച്ചറിവും ഇരുകൂട്ടര്‍ക്കും നല്ലതാണ്. വരുംദിവസങ്ങളില്‍ ഈ ഉരുണ്ടുകൂടിയ മഞ്ഞ് ഉരുകുമോ എന്ന് അറിഞ്ഞുകൂടാ. പക്ഷേ, ഒന്നുറപ്പാണ്, പഴയ കഥകള്‍ ഓര്‍മിക്കപ്പെടുമ്പോള്‍ ബി.ജെ.പി. നേതാക്കള്‍ അസ്വസ്ഥരാകുന്നു. സ്വന്തം ചങ്ങാതികള്‍ക്ക് ആപത്തുവരുമ്പോള്‍ അമ്പരക്കുന്നു. രാഷ്ട്രീയത്തില്‍ ഇതു രണ്ടും ദുര്‍ലക്ഷണങ്ങളാണ്.
Content Highlights: BBC raid in India and BJP
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..