വാളെടുക്കുന്നവരെല്ലാം സംരംഭകരായാല്‍ സംഭവിക്കുന്നത് | മധുരം ജീവിതം


കെ.കെ ജയകുമാര്‍| jayakumarkk8@gmail.com.

ഫീസ് ജോലികളെല്ലാം തീര്‍ത്ത് ഇറങ്ങുന്നതിനുമുമ്പ് മകളുമായി ഒരു വീഡിയോ കോള്‍ നടത്തിക്കൊണ്ടിരിക്കുന്നതിനിടിയിലാണ് ഹാഫ് ഡോര്‍ തള്ളിതുറന്നുകൊണ്ട് ആമിനയും മകനും അകത്തേക്ക് കയറിവന്നത്. പെട്ടെന്ന് എനിക്കവരെ മനസിലായില്ല.

ഓഫീസിനടുത്തുള്ള തെരുവില്‍ തട്ടുകട നടത്തിയിരുന്ന ഹൈദ്രോസിന്റെ ഭാര്യയാണ് ആമിന. പെട്ടെന്ന് ഒരു ദിവസം തട്ടുകടയില്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു ഹൈദ്രോസ്. ആ പരിസരത്തുള്ളവര്‍ക്കെല്ലാം അത് വലിയ ഷോക്കായി. വലിയ മനുഷ്യസ്നേഹിയോ മറ്റെന്തെങ്കിലും പ്രത്യേകതകളോ ഉള്ള ഒരു മനുഷ്യനേയല്ലായിരുന്നു ഹൈദ്രോസ്. എങ്കിലും ഹൈദ്രോസും അയാളുടെ കടയും പരിസരത്തുള്ളവരുടെ ഇടയില്‍ സുപരിചിതമായിരുന്നു. അയാള്‍ കടയില്‍ വിളമ്പിയിരുന്ന ഭക്ഷണമാണ് അയാളിലേക്ക് അവിടുത്തുകാരെ അടുപ്പിച്ചത്. പ്രത്യേകിച്ചും രണ്ടുമണി ബിരിയാണി.എന്നും ഉച്ചയ്ക്ക് രണ്ടുമണിമുതല്‍ വിളമ്പുന്ന ചിക്കന്‍ ബിരിയാണി കഴിക്കാന്‍ ദൂരെ നിന്നുപോലും ആളുകള്‍ വരുമായിരുന്നു. ഞാനും പലപ്പോഴും ആ ബിരിയാണി കഴിക്കാന്‍ പോകാറുണ്ടായിരുന്നു. തൊട്ടടുത്തെവിടെയോ ഉള്ള വീട്ടില്‍ നിന്ന് ഹൈദ്രോസിന്റെ ഭാര്യ ആമിന ബിരിയാണി ഉണ്ടാക്കി കടയിലെത്തിക്കുമ്പോള്‍ സമയം രണ്ടുമണിയാകും. അങ്ങനെയാണ് അതിന് രണ്ടുമണി ബിരിയാണി എന്ന് പേര് വീണത്.

വിശപ്പിന് അങ്ങനെ സമയക്ലിപ്തതയൊന്നുമില്ലെന്നും ഒരു 12 മണിമുതലെങ്കിലും ഈ വക സാധനങ്ങള്‍ കടയില്‍ വില്‍പ്പനയ്ക്ക് എത്തിച്ചാല്‍ കച്ചവടം കൂടുമെന്നുമൊക്കെ അവിടെ പോകുമ്പോഴോക്കെ ഞാന്‍ ഹൈദ്രോസിനെ ഓര്‍മിപ്പിക്കുമായിരുന്നു. പക്ഷേ ഞാനിത് ഓരോതവണ പറുയുമ്പോഴും മറുപടിയൊന്നും പറയാതെ ഹൈദ്രോസ് ചിരിക്കും. കാരണം എത്ര പരിശ്രമിച്ചാലും ആമിന ബിരിയാണി ഉണ്ടാക്കി ചെമ്പ് പൊട്ടിക്കുമ്പോഴേക്ക് ഈ സമയമാകും എന്ന് ഹൈദ്രോസിന് മാത്രമല്ലേ അറിയുകയുള്ളൂ. ആമിന എന്നും ഓരു ഓട്ടോയില്‍ ബിരിയാണി ചെമ്പുമായി വരുന്നതുംകാത്ത് ആളുകള്‍ കാത്തുനിന്നു.

ഞങ്ങളെല്ലാം ഹൈദ്രോസിന്റെ അടക്കിന് പോയിരുന്നു. അഞ്ചും പത്തും വയസുള്ള രണ്ട് ആണ്‍മക്കളുമായി എങ്ങനെ ആമിന ജീവിക്കും എന്നത് വലിയ ചോദ്യചിഹ്നമായി. വീട്ടിലെ ദരിദ്രാവസ്ഥകണ്ട് പിന്നീട് പലരും സാമ്പത്തികമായ ചെറിയ സഹായങ്ങളെല്ലാം ചെയ്തുകൊടുക്കുകയും ചെയ്തു.

അവര്‍ക്ക് പക്ഷേ വേണ്ടത് ചെറിയ സാമ്പത്തിക സഹായമല്ല ജീവിക്കാനുള്ള ഒരു വരുമാനമാര്‍ഗമായിരുന്നു. ആമിനയുടെ രണ്ടുമണി ബിരിയാണി ഉപേക്ഷിക്കരുത് എന്നും അതുമായി മുന്നോട്ടുപോകണം എന്നും ഞാന്‍ അവരെ ഉപദേശിച്ചു. ഉപദേശിക്കാന്‍ എല്ലാവര്‍ക്കും എളുപ്പമാണല്ലോ. കച്ചവടമൊന്നും നടത്തി പരിചയമില്ല. അതിനുള്ള ത്രാണിയുമില്ല എന്ന് അവര്‍ നിറകണ്ണുകളോടെ പറഞ്ഞു. അതിനെ കച്ചവടമായിട്ടൊന്നും കാണണ്ട വീടിനുമുന്നില്‍ ഒരു ബോര്‍ഡ് വെച്ചാല്‍ മതി. പാര്‍സല്‍ ബിരിയാണിയുടെ വില്‍പ്പന തുടങ്ങിയാല്‍ മതി എന്ന് ഞാന്‍ നിര്‍ബന്ധിച്ചു. കാരണം അത്യാവശ്യം നല്ല ട്രാഫിക്കുള്ള ഒരു റോഡിന് അടുത്തായിരുന്നു അവരുടെ വീട്. ഞങ്ങള്‍ കുറച്ചുപേര്‍ സ്ഥിരമായി അവിടെ നിന്ന് പഴ്സല്‍ വാങ്ങി ഓഫീസിലെത്തിക്കാനും കുറച്ചുനാള്‍ ക്രമീകരണങ്ങള്‍ ചെയ്തു. ഒരിക്കല്‍ ആമിനയുടെ ബിരിയാണി വാങ്ങുന്നവര്‍ സ്ഥിരമായത് വാങ്ങുമെന്ന എനിക്കുറിപ്പുണ്ടായിരുന്നു. ആമിന ആ വഴിതന്നെ സ്വീകരിച്ചു. അത്യാവശ്യം നല്ല കച്ചവടമുണ്ടെന്ന് പിന്നീട് അറിഞ്ഞു. അതിനുശേഷം ഇന്നാണ് ആമിനയെ കാണുന്നത്.

എന്തോ ആവശ്യത്തിന് എന്നെ കാണാന്‍ തേടിപ്പിടിച്ച് എത്തിയതാണ്. ഞാന്‍ ആമിനയെ സൂക്ഷിച്ച് നോക്കി. കണ്ണുകളില്‍ ആ പഴയ പേടിയൊന്നുമില്ല ഇപ്പോള്‍. മുഖത്ത് നല്ല ആത്മവിശ്വാസം. മൂത്തമകന്‍ പ്ലസ് വണ്ണിന് പഠിക്കുന്നു. ഇളയ ആള്‍ അഞ്ചാംക്ലാസിലും. ഞാന്‍ ചായ വരുത്തിച്ചുനല്‍കി. അതുകുടിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ആമിന പറഞ്ഞു.

'സര്‍ ബിരിയാണി കച്ചവടം വലിയ കുഴപ്പമില്ലാതെ പോകുന്നു. പാഴ്സല്‍ വാങ്ങുന്നതുപോലെതന്നെ ആളുകള്‍ ഇരുന്നുകഴിക്കാനും താല്‍പര്യപ്പെടുന്നു. അതുകൊണ്ട് ഒരു ഹോട്ടല്‍ തുടങ്ങിയാലോ എന്ന ആലോചനയിലാണ്. സാറിന്റെ നിര്‍ദേശത്തിനായി വന്നതാണ്'

അഞ്ചുവര്‍ഷം പാഴ്സല്‍ ബിരിയാണി കച്ചവടം നടത്തിയ പരിചയം കൈമുതലാക്കി ഒരു ഹോട്ടല്‍ തുടങ്ങാനുള്ള പരിപാടിയിലാണ് ആമിന. ഞാന്‍ അഭിപ്രായമൊന്നും പറഞ്ഞില്ല.

'ഹോട്ടല്‍ എന്നുപറയുമ്പോള്‍ എത്രമണിമുതല്‍ എത്രമണിവരെ പ്രവര്‍ത്തിപ്പിക്കാനാണ് ഉദ്ദേശം. അതുപോലെ എന്തൊക്കെ ഭക്ഷണം വിളമ്പും.' ഞാന്‍ ചോദിച്ചു.

'അതേക്കുറിച്ച് വിശദമായി ആലോചിച്ചില്ല. സാറിനോട് ചര്‍ച്ചചെയ്തിട്ട് ആകാമെന്ന് കുരതി. എങ്കിലും രാവിലെ 8 മണിമുതല്‍ വൈകിട്ട് 8 മണിവരെ പ്രവര്‍ത്തിക്കുന്ന പ്രഭാത ഭക്ഷണവും ഉച്ചയ്ക്ക് ഊണും വൈകിട്ട് പൊറോട്ടയും ചിക്കനും ഒക്കെ വില്‍ക്കുന്ന ഒരു ഹോട്ടലാണ് മനസില്‍.' ആമിന പറഞ്ഞു.

'അപ്പോള്‍ ചായ, ജ്യൂസ് തുടങ്ങിയവയൊക്കെ വേണ്ടേ'.ഞാന്‍ ചോദിച്ചു.

'വേണം. അതൊക്കെ ഉണ്ടെങ്കിലല്ലേ പൊളിയാകത്തൊള്ളൂ അങ്കിള്‍.' അതുവരെ കേള്‍വിക്കാരനായിരുന്ന മകന്‍ പറഞ്ഞു.

ആമിനയും മക്കളും കൂടി ഇതിന്റെ ആലോചന തുടങ്ങിയിട്ട് നാളുകുറേയായിട്ടുണ്ടാകുമെന്ന് എനിക്ക് മനസിലായി. ഇതുസംബന്ധിച്ച ചര്‍ച്ചയുടെ ഓരോ നിമിഷവും അവര്‍ നന്നായി ആസ്വദിക്കുന്നുമുണ്ടാകും. ജീവിതത്തില്‍ കൂടുതല്‍ സമ്പത്തും സൗഭാഗ്യവും ഒരു ഹോട്ടല്‍ തുടങ്ങിയാല്‍ കൈവരുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു. അതില്‍ അവരെ കുറ്റം പറയാനും പറ്റില്ല.

'ഈ ഹോട്ടല്‍ തുടങ്ങിയാല്‍ അത് നോക്കി നടത്താന്‍ നിങ്ങള്‍ എത്രപേരുണ്ട്.' ഞാന്‍ ആമിനയോട് ചോദിച്ചു.

'അതിപ്പോള്‍ ഞാനും എന്റെ രണ്ട് കുട്ടികളും മാത്രമല്ലേയുള്ളൂ സര്‍. ആവശ്യത്തിന് ആളുകളെ ജോലിക്ക് വെയ്ക്കാമല്ലോ.' ആമിന പറഞ്ഞു.

'ശരി. ഹോട്ടല്‍ തുടങ്ങാനുള്ള പണം സ്വരുക്കൂട്ടിയിട്ടുണ്ടോ?'

'കുറച്ചൊക്കെ കയ്യിലുണ്ട്. ബാക്കി വായ്പ എടുക്കണം. അതിന് സാര്‍ ഒന്നു സഹായിക്കണം. അക്കാര്യം കൂടി പറയാനാണ് ഞാനിപ്പോള്‍ വന്നത്.' ആമിന പറഞ്ഞു.

'ഹോട്ടല്‍ തുടങ്ങുന്നത് നല്ല കാര്യം തന്നെ. പക്ഷേ അതിന് സമയമായിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്. പലവിധ കാര്യങ്ങള്‍ ഒരേസമയം കൈകാര്യം ചെയ്യാന്‍ ശീലിക്കണം. നല്ല ഭക്ഷണം ഉണ്ടാക്കണം. അത് നന്നായി വിളമ്പിക്കൊടുക്കണം. ഇതിനിടയില്‍ വിചാരിച്ചപോലെ കച്ചവടം നടന്നില്ലെങ്കില്‍ നഷ്ടം ഉണ്ടാകും. അത്തരം കാര്യങ്ങളെക്കുറിച്ചുള്ള വേവലാതികള്‍. ഇതൊക്കെ താങ്ങാനുള്ള ശേഷി ആമിനയ്ക്ക് ആയതിനുശേഷം ഹോട്ടല്‍ ബിസിനസിലേക്ക് ഇറങ്ങുന്നതല്ലേ അഭികാമ്യം.' ഞാന്‍ ചോദിച്ചു.

'അല്ല സര്‍, ബിരിയാണി കഴിക്കുന്ന എല്ലാവരും ചോദിക്കുന്നു ഇങ്ങനെ പാഴ്സല്‍ വിറ്റ് എത്രനാള്‍. ഒരു ഹോട്ടല്‍ തുടങ്ങിക്കൂടെ എന്ന്. അതൊക്കെ കേട്ടപ്പോള്‍ ഞങ്ങള്‍ക്കും അത് ശരിയാണ് എന്ന തോന്നി.'

'അതൊക്കെ നല്ല കാര്യം തന്നെ. പക്ഷേ ഇപ്പോഴത്തെ ഈ പാഴ്സല്‍ ബിരിയാണി ബിസിനസ് പൂര്‍ണമായും ആമിനയുടെ കയ്യില്‍ നില്‍ക്കുന്നതാണ്. ഹോട്ടല്‍ ബിസിനസ് ആകുമ്പോള്‍ അങ്ങനെയല്ല. മാത്രമല്ല അത് കുട്ടികളുടെ പഠിത്തത്തെയും ബാധിക്കരുതല്ലോ. അവര്‍ അവരുടെ പഠിത്തം പൂര്‍ത്തിയാക്കിയശേഷം വരെട്ടെ. അപ്പോള്‍ ഹോട്ടല്‍ ബിസിനസിലേക്ക് കടക്കാം.'

'അപ്പോള്‍ തല്‍ക്കാലം ഇങ്ങനെ തന്നെ പോകട്ടെ എന്നാണോ?' ആമിനയുടെ ചോദ്യത്തില്‍ നിരാശ കടന്നകൂടിയത് എനിക്ക് മനസിലായി.

'അല്ല. ആമിനയുടെ ഏറ്റവും വലിയ ശക്തി അടിപോളി ബിരിയാണി ഉണ്ടക്കാനറിയാം എന്നതാണ്. അതില്‍ നിന്ന് പരമാവധി വരുമാനം ഉണ്ടാക്കാന്‍ ഏറ്റവും നല്ലത് ഹോട്ടല്‍ ബിസിനസ് തന്നെ. പക്ഷേ അതില്‍ വലിയ റിസ്‌കും ഉണ്ട്. പാഴ്സല്‍ വില്‍ക്കുന്നതുപോലെ എളുപ്പമല്ല ഒരു പ്രസ്ഥാനം തുടങ്ങി മുന്നോട്ടുകൊണ്ടുപോകാന്‍. തുടങ്ങി കുറച്ചുകാലം കാത്തിരുന്നാലേ ബിസിസിന്റെ ഗതി തന്നെ മനസിലാക്കാന്‍ പറ്റൂ. വായ്പയെടുത്താണ് ബിസിനസ് തുടങ്ങുന്നതെങ്കില്‍ അതിന്റെ തിരിച്ചടവും മുടങ്ങാതെ ശ്രദ്ധിക്കണം. അത്തരം സംരംഭത്തിലേക്ക് ഇറങ്ങുമ്പോള്‍ ബിരിയാണി ഉണ്ടാക്കുന്ന കാര്യത്തില്‍ പഴയതുപോലെ ആമിനയ്ക്ക് ശ്രദ്ധിക്കാന്‍ കഴിഞ്ഞു എന്നുവരില്ല. അതിന്റെ രുചിയിലും ഗുണമേന്മയിലും വിഴ്ച സംഭവിച്ചാല്‍ ഇപ്പോള്‍ ഉള്ള കസ്റ്റമേഴ്സും നഷ്ടപ്പെടും. അപ്പോള്‍ പിന്നെ ബിരിയാണിയില്‍ നിന്ന് കൂടുതല്‍ വരുമാനമുണ്ടാക്കാന്‍ എന്താണ് ചെയ്യാന്‍ പറ്റുന്നത് എന്ന് ആലോചിക്കാം.'

'അതിന് എന്താണ് ചെയ്യാന്‍ പറ്റുക സര്‍?' ആമിന ചോദിച്ചു.

'ആമിനയ്ക്ക് ബിരിയാണി ഉണ്ടാക്കി ഹോട്ടലുകള്‍ക്ക് സപ്ലൈ ചെയ്താലോ. നല്ല മാര്‍ജിനും കിട്ടും.'

'അതിന് എനിക്ക് ഹോട്ടലുകാരെയൊന്നും പരിചയമില്ലല്ലോ. അവര്‍ കണ്ണുമിഴിച്ചു.'

'അതിന് പരിചയമൊന്നും വേണ്ട. ഒരു ബിരിയാണി പാഴ്സലുമായി ഹോട്ടലുടമകളെ നേരിട്ട് കണ്ട് സംസാരിച്ചാല്‍ മതി. ഈ ബിരിയാണി കഴിച്ചിട്ടുള്ളവരാരും വേണ്ടെന്ന് പറയില്ല.' ഞാന്‍ ചിരിച്ചു.

'അല്ല സര്‍ അത്തരം വലിയ ഓര്‍ഡര്‍ എടുക്കാനുള്ള സൗകര്യം ഒന്നും വീട്ടിലില്ല.' ആമിന വീണ്ടും തടസങ്ങള്‍ നിരത്തി.

'ഓര്‍ഡര്‍ കിട്ടുകയാണ് എങ്കില്‍ വീട്ടിലെ സൗകര്യം വിപുലീകരിക്കണം.' ഞാന്‍ പറഞ്ഞു.

'പക്ഷേ അതിനുള്ള പണം?' ആമിനയുടെ സംശയങ്ങള്‍ തീരുന്നില്ല. ഹോട്ടല്‍ തുടങ്ങുന്നതിനെക്കുറിച്ച് സംസാരിച്ചപ്പോള്‍ ആമിനയ്ക്ക് ഇത്തരം സംശയങ്ങളേയില്ലായിരുന്നു.

'കയ്യില്‍ ഇല്ല എങ്കില്‍ വായ്പ എടുക്കാം.' ഞാന്‍ പറഞ്ഞു.

'പക്ഷേ നോക്കി നടത്താന്‍ ആളുകള്‍ കൂടുതല്‍ വേണ്ടേ.' വീണ്ടും ആമിന.

'അതിന് ജോലിക്കാളെ വയ്ക്കാം.'

'പക്ഷേ സര്‍..' ആമിന പിന്നെയും എന്തൊ ചോദിക്കാന്‍ വന്നിട്ട് ഒടുവില്‍ വേണ്ടെന്ന് വെച്ചു.

'എന്തായാലും തുറന്നുചോദിച്ചോളൂ.' ആമിനയെ ഞാന്‍ നിര്‍ബന്ധിച്ചു.

'അല്ല സര്‍ ഇതൊക്കെ ഒരു ഹോട്ടല്‍ തുടങ്ങാനും വേണമെല്ലോ. അപ്പോള്‍ പിന്നെ ഹോട്ടല്‍ തുടങ്ങുന്നതുതന്നെയല്ലേ നല്ലത്.'

'ബിരിയാണി സപ്ലയര്‍ ആയാലുള്ള മെച്ചം ആമിനയുടെ മേല്‍നോട്ടത്തില്‍ ആമിനയ്ക്കറിയാവുന്ന ജോലി ഭംഗിയായി ചെയ്ത് വരുമാനമുണ്ടാക്കാം. ഹോട്ടല്‍ ആണെങ്കില്‍ ചായ അടിക്കാനും പൊറോട്ട അടിക്കാനും സപ്ലൈ ചെയ്യാനുമൊക്കെ ആളെ വേണം. ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതല്‍ ക്ഷമമുള്ളത് ജോലിക്ക് ആളെ കിട്ടാനാണ്. അവരെ മേയ്ക്കുക എന്നത് തന്നെ ഭാരിച്ച പണിയാണ്. ഈ രീതി പരീക്ഷിച്ച് നോക്കിയാല്‍ ആമിനയ്ക്ക് കുറേക്കൂടി അനുഭവ സമ്പത്തും കൈവരും. അപ്പോള്‍ നമുക്ക് ഹോട്ടല്‍ ബിസിനസിലേക്ക് കടക്കുന്നതും ആലോചിക്കാം. ഹോട്ടല്‍ എന്ന നമ്മുടെ സ്വപ്നത്തിലേക്ക് പടിപടിയായി നടന്നുകയറിയില്‍ വിജയവും അതിനനുസരിച്ച് എളുപ്പമാകും. മറിച്ച് ലക്ഷങ്ങള്‍ മുടക്കി ഇപ്പോള്‍ ഒറ്റയടിക്ക് ആ ലക്ഷ്യത്തിലേക്ക് നടന്നുകയറുന്നത് വലിയ റിസ്‌കാണ്. അതിനുള്ള അനുഭവ സമ്പത്തും ആള്‍ ബലവും പണവും ഇല്ലാത്തതുകൊണ്ടാണ് ഈ വഴി നിര്‍ദേശിക്കുന്നത്. പക്ഷേ സ്വന്തമായൊരു ഹോട്ടല്‍ എന്ന ആഗ്രഹം മനസില്‍ നിന്ന് വിട്ടുകളയരുത്. ആദ്യം നമുക്ക് ആമിനയുടെ രണ്ട് മണി ബിരിയാണിക്ക് കൂടൂതല്‍ ആരാധകരെ ഉണ്ടാക്കാം.'

'അങ്ങനെ തന്നെ ചെയ്യാം സര്‍..' എന്ന് പറഞ്ഞ് ആമിനയും മകനും എഴുന്നേറ്റു.

ഞാന്‍ നഗരത്തിലെ പരിചയമുള്ള രണ്ട് ഹോട്ടലുടമകളുടെ ഫോണ്‍ നമ്പരും കൊടുത്തു. 'ഞാനിവരെ ഇപ്പോള്‍ തന്നെ വിളിച്ചുപറഞ്ഞേക്കാം. ആമിന ആലോചിച്ച് തീരുമാനം എടുത്തശേഷം അവരെ പോയി കണ്ടാല്‍ മതി. മാത്രമല്ല ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ചെയ്യുന്ന സ്ഥാപനങ്ങളുമായി ധാരണയിലെത്തുന്ന കാര്യം നമുക്ക് നോക്കാം.' ഞാന്‍ പറഞ്ഞു.

'ശരി അങ്കിള്‍.' മകന്‍ എന്നെ നോക്കി കൈവീശി. 'അടുത്ത ഘട്ടത്തില്‍ നമുക്ക് ഹോട്ടല്‍ തുടങ്ങാം. അപ്പോഴേയ്ക്ക് മോന്‍ പഠിച്ച് വലുതായി വരിക.' ഞാന്‍ അവരെ യാത്രയാക്കി.

സീറ്റില്‍ വന്നിരുന്നപ്പോള്‍ കേട്ടു ഒരു പരിഹാസ ചിരി. മകളുടെയാണ്. വീഡിയോ കോള്‍ കട്ട് ചെയ്യാന്‍ മറന്നുപോയി.
'എന്തൊരു വെറുപ്പിക്കലാണ് അച്ഛാ' ട്രോളാന്‍ കിട്ടുന്ന ഒരവസരവും പാഴാക്കാത്ത മകള്‍ ഇത്തവണയും അവസരം വെറുതെ കളഞ്ഞില്ല..

'ഇങ്ങനെയാണോ സംരംഭകരെ പ്രോല്‍സാഹിപ്പിക്കുന്നത്. അവര്‍ ആ ഹോട്ടല്‍ തുടങ്ങി നന്നായി കൊണ്ടുപോകില്ലായിരുന്നോ. എന്തിനാണ് അവരെ ഇങ്ങനെ നിരുല്‍സാഹപ്പെടുത്തിയത്.' മകള്‍ ചോദിച്ചു.

'അതൊന്നും നിനക്ക് ഇപ്പോള്‍ പറഞ്ഞാല്‍ മനസിലാകില്ല. അടുക്കളയില്‍ മാത്രം ഒതുങ്ങി കഴിഞ്ഞിരുന്ന ആ സ്ത്രീ ഇപ്പോള്‍ ചെറിയൊരു ബിസിനസ് തുടങ്ങി ഇത്രയും വലുതാക്കിയില്ലേ. ഉറപ്പായും അവര്‍ക്ക് ഒരു നല്ല ഭാവിയുണ്ട്. പക്ഷേ പാകമെത്തിയതിനുശേഷം മാത്രം വൈവിധ്യവല്‍ക്കരിക്കുന്നതാണ് ബുദ്ധി. അല്ലെങ്കില്‍ അത് എടുത്തചാട്ടമാകും. ഒരു ചെറിയ പിഴവുപോലും താങ്ങാന്‍ ശേഷിയില്ലാത്ത ഒരു പാവപ്പെട്ട കുടുംബമല്ലേ അവരുടേത്. ചെറിയ ചെറിയ ചുവടുവയ്പുകളിലൂടെ അവര്‍ വിജയത്തിലേക്ക് കയറട്ടെ.' അടുത്ത ട്രോള്‍ വരുന്നതിന് മുമ്പ് ഞാന്‍ കോള്‍ കട്ട് ചെയ്തു.

(പ്രമുഖ ഫിനാന്‍ഷ്യല്‍ ജേണലിസ്റ്റായ ലേഖകന്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ കോഓര്‍ഡിനേറ്റിംഗ് ന്യൂസ് എഡിറ്ററാണ്)

Content Highlights: basic classes of entrepreneurship


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented