.
നാലു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയിലെ ഗ്രാമീണമേഖലയില്‍ സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കുന്ന 'അസര്‍' റിപ്പോര്‍ട്ട് (ASER-Annual Status of Education Report) പുറത്തുവന്നിരിക്കുകയാണ്. 616 ജില്ലകളില്‍ 19,000 ഗ്രാമങ്ങളില്‍ മൂന്നേമുക്കാല്‍ ലക്ഷം വീടുകളില്‍ ഏഴ് ലക്ഷം കുട്ടികളോട് നേരിട്ട് സംസാരിച്ചാണ് 'അസര്‍' ഈ വര്‍ഷം റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. 1996 മുതല്‍ മഹാരാഷ്ട്രയില്‍ പ്രവര്‍ത്തനം ആരംഭിച്ച പ്രഥം എന്ന പ്രാഥമിക വിദ്യാഭ്യാസരംഗത്ത് ശ്രദ്ധേയമായ സര്‍ക്കാര്‍ ഇതര സ്ഥാപനത്തിന്റെ പിന്തുണയോടുകൂടിയാണ് 2005 മുതല്‍ എല്ലാവര്‍ഷവും 'അസര്‍' റിപ്പോര്‍ട്ടുകള്‍ പുറത്തുവരാന്‍ തുടങ്ങിയത്. തുടക്കത്തിലെ അഞ്ചു വര്‍ഷക്കാലം കേരളത്തിലെ 'അസര്‍' സര്‍വേയുടെ ചുമതലക്കാരനായി പ്രവര്‍ത്തിക്കാന്‍ ഈ ലേഖകന്‍ സാധിച്ചിട്ടുണ്ട്.
'അസര്‍' സര്‍വേ ഒരു ഫീല്‍ഡ് സര്‍വേയാണ്. വീടുകളില്‍ നേരിട്ടെത്തിയാണ് കുട്ടികളോട് സംസാരിക്കുന്നത്. പ്രത്യേകം പരിശീലനം ലഭിച്ച വളണ്ടിയര്‍മാര്‍ കൃത്യമായ സ്റ്റാറ്റിസ്റ്റിക്കല്‍ സമ്പ്രദായമനുസരിച്ച് തിരഞ്ഞെടുക്കപ്പെട്ട വീടുകളില്‍ പോയിരുന്ന് സമയമെടുത്ത് കുട്ടികളെക്കൊണ്ട് അവരുടെ പാഠപുസ്തകങ്ങള്‍ വായിപ്പിക്കുന്നു. ചെറിയ തരം കണക്കുകള്‍, കൂട്ടലും കുറയ്ക്കലും ഹരിക്കലുമെല്ലാം ചെയ്യിക്കുന്നു. കുട്ടികളുടെ പ്രാവീണ്യം മനസ്സിലാക്കാനുളള പരിശീലനം വളണ്ടിയര്‍മാര്‍ക്ക് നല്‍കുക എന്നത് ശ്രമകരമായ ദൗത്യമാണെങ്കിലും അത് ഭംഗിയായി നിര്‍വഹിക്കുന്ന ഒരു സംഘടനയാണ് 'അസര്‍' എന്ന് നിസ്സംശയം പറയാം. ഇന്ത്യന്‍ ഗ്രാമങ്ങളിലെ വിദ്യാഭ്യാസ നിലവാരത്തെ കുറിച്ചുളള ആധികാരികമായ റിപ്പോര്‍ട്ടാണ് ഇതെന്ന് പരക്കെ അംഗീകരിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ 2018-ല്‍ പുറത്തുവന്ന റിപ്പോര്‍ട്ടിന് ശേഷം 2022-ലാണ് 'അസറി'ന്റെ റിപ്പോര്‍ട്ട് പുറത്തുവന്നത്. ഇന്ന് ജീവിച്ചിരിക്കുന്നവരാരും തന്നെ പരിചയപ്പെട്ടിട്ടില്ലാത്ത കോവിഡ് മഹാമാരിയും വിദ്യാഭ്യാസരംഗത്തെ സ്കൂള്‍ അടച്ചിടലുമാണ് ഈ വര്‍ഷങ്ങള്‍ക്കിടയില്‍ ലോകം നേരിട്ടത്. അടച്ചിടല്‍ വിദ്യാഭ്യാസ മേഖലയില്‍ വലിയ തകര്‍ച്ചയ്ക്ക് കാരണമാകുമെന്നാണ് പലരും പ്രതീക്ഷിച്ചതെങ്കിലും പ്രതീക്ഷിച്ച തകര്‍ച്ച ഉണ്ടായില്ലെന്ന് പ്രഥം എന്ന പ്രസ്ഥാനത്തിന്റെ സ്ഥാപകനായ മാധവ് ചവാന് പറയുന്നു. വായനയിലും കണക്കുകൂട്ടലിലും ഇന്ത്യ പുറകോട്ട് പോയെങ്കിലും അത് തിരിച്ചുപിടിക്കാവുന്നതാണെന്ന് 'അസറി'ന്റെ സ്റ്റാറ്റിസ്റ്റക്കല്‍ അനാലിസ് വിദഗ്ധയയായ വിലീമ വാധ്വ സൂചിപ്പിക്കുന്നു. 2014 -2018 വരെ വായനയിലും കണക്കുകൂട്ടലിലും ചില പുരോഗതികള്‍ ഉണ്ടായിരുന്നു. പക്ഷേ, ദൗര്‍ഭാഗ്യകരമെന്ന് പറയട്ടേ ആ പുരോഗതിയെ ഇല്ലായ്മ ചെയ്യുകയായിരുന്നു മഹാമാരി.
.jpg?$p=d1eb0a4&&q=0.8)
കണക്കുകളിലേക്ക് ശ്രദ്ധിക്കാം. 2014-ല്‍ മൂന്നാം ക്ലാസിലെ 25.3% കുട്ടികള്‍ക്ക് കുറയ്ക്കാന്‍(സബ്സ്ട്രാക്ഷന്‍) അറിയാമായിരുന്നെങ്കില്‍ 2018-ല്‍ അത് അഖിലേന്ത്യാതലത്തില്‍ 28.1 ശതമാനമായി ഉയര്‍ന്നു. ക്ലാസ് അഞ്ചിലെ കുട്ടികള്‍ 26% പേരാണ് 2014-ല്‍ ലളിതമായ ഹരണക്രിയ ചെയ്യാന്‍ അറിയുന്നവരായി ഉണ്ടായിരുന്നതെങ്കില്‍ അത് 27.8 ശതമാനമായി ഉയര്‍ന്നിരുന്നു. കോവിഡ് ആഞ്ഞടിച്ചിട്ടും മൂന്നാം ക്ലാസിലെ 25.9% കുട്ടികള്‍ക്ക് കിഴിക്കല് അറിയാം. 25.6% കുട്ടികള്‍ക്ക് അഞ്ചാം ക്ലാസില്‍ ഹരണക്രിയയും അറിയാം.
2014-ല്‍നിന്ന് 2018-ലേക്ക് പോയപ്പോള്‍ ഉണ്ടായ നേരിയ വളര്‍ച്ച 2014-ന്റെ പുറകിലേക്ക് പോയില്ലെന്നര്ഥം. ഇതിന്റെ കാരണങ്ങള്‍ എന്താണെന്ന് വ്യക്തമല്ലെങ്കിലും വിദ്യാഭ്യാസാവകാശ നിയമത്തിന്റെ കഴിഞ്ഞ പത്തു വര്‍ഷക്കാലത്തെ നടത്തിപ്പും രണ്ടു വര്‍ഷം മുമ്പ് പ്രഖ്യാപിച്ച നാഷണല്‍ എജുക്കേഷന്‍ പോളിസിയും ഫൗണ്ടേഷണല്‍ ലിറ്ററസി ആന്‍ഡ് ന്യൂമറസി കൈവരിക്കുന്നതിന് വേണ്ടി നടത്തിയ സംരഭങ്ങളുമെല്ലാം വലിയ തകര്‍ച്ചയില്‍നിന്ന് ഇന്ത്യയെ ഒരു പരിധിവരെ രക്ഷിച്ചു നിര്‍ത്തിയിട്ടുണ്ട്. വായനയുടെ കാര്യത്തിലും പിന്നോട്ടുപോക്ക് ഉണ്ടായിട്ടുണ്ടെങ്കിലും അവിടെയും അതിഭയങ്കരമായ തകര്‍ച്ച ഉണ്ടായിട്ടില്ലെന്ന് ആശ്വസിക്കുകയാണ് 'പ്രഥ'മിന്റെ സ്ഥാപകനായ മാധവ് ചവാന്. ഇതിന്റെ കാരണങ്ങളും റിപ്പോര്‍ട്ട് പരിശോധിക്കുന്നുണ്ട്. സാങ്കേതികവിദ്യയുടെ വികസനം അതിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇന്ത്യയില്‍ 95.8% ആളുകളുടേയും വീട്ടില്‍ സെല്‍ഫോണ്‍ ഉളളതായി ഈ സര്‍വേ കണ്ടെത്തി. രസകരമെന്ന് പറയട്ടേ. കോവിഡിന് മുമ്പ് 2018-ല്‍ ഇത് 90.2% മാത്രമായിരുന്നു.
ഇതേ കാലഘട്ടത്തില്‍ അഖിലേന്ത്യാതലത്തില്‍ സ്മാര്‍ട്ട് ഫോണുകളുളള ഭവനങ്ങള്‍ 36 ശതമാനത്തില്‍നിന്നും 74.8 ശതമാനമായി കുതിച്ചുയര്‍ന്നു. ചില സംസ്ഥാനങ്ങളില്‍ 90% വീടുകളിലും സ്മാര്‍ട്ട് ഫോണുകളുണ്ട്. ഇതിന്റെ പ്രധാന കാരണം കുട്ടികളുടെ വിദ്യാഭ്യാസം സ്മാര്‍ട്ട് ഫോണിലൂടെ നടത്താന്‍ ഏതാണ്ട് എല്ലാ സംസ്ഥാനത്തും സര്‍ക്കാര്‍ മുന്നോട്ടുവന്നു എന്നതുതന്നെയാണ്. ഇതിന്റെ ഫലമായിട്ട് കൂടിയാണ് ഏറ്റവും കൂടുതല്‍ കാലം കോവിഡ് മഹാമാരിക്കാലത്ത് സ്കൂളുകള്‍ അടച്ചിട്ട ഇന്ത്യയില്‍ വിദ്യാഭ്യാസ നിലവാരത്തില്‍ വലിയ തകര്‍ച്ച സംഭവിക്കാതിരുന്നതെന്ന് ഈ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നുണ്ട്.
എന്നാല്‍, ഇതേകാലത്തെ ടെലിവിഷന്‍ സെറ്റുകളുടെ ശതമാനം അതേപടി നില്‍ക്കുകയാണ്. 62.5% എന്നത് 62.5 ശതമാനമായി നില്‍ക്കുന്നത് വളര്‍ച്ചയല്ലെന്ന് പറയേണ്ടതില്ലല്ലോ. പാഠപുസ്തകങ്ങള്‍ക്ക് പുറത്തുളള പുസ്തകങ്ങളുടെ സാന്നിധ്യം 6.6% വീടുകളില്‍ നിന്ന് 5.2% ശതമാനമായി കുറയുകയും ചെയ്തു. ഏതാണ്ട് എല്ലാവരും തന്നെ സ്മാര്‍ട്ട്ഫോണുകളുടെ നവസാധാരണത്വത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ് എന്നര്‍ഥം.
.jpg?$p=294ed06&&q=0.8)
ഈ സര്‍വേയിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം 2018-ല്‍ ആറു മുതല്‍ 14 വയസ്സുവരെയുളള കുട്ടികളില്‍ അഖിലേന്ത്യാതലത്തില്‍ 2.8% പേരാണ് സ്കൂളില്‍ പേരു ചേര്‍ക്കാതിരുന്നത്. പക്ഷേ, സ്കൂളുകള്‍ അടച്ചിട്ട കാലമായിരുന്നെങ്കില്പോലും അത് 1.6 ശതമാനമായി കുറയുകയാണ് ഉണ്ടായത്. എന്നുപറഞ്ഞാല്‍ 98.4% കുട്ടികളും ഇന്ന് സ്കൂളിലേക്ക് എത്തിക്കഴിഞ്ഞു. ഇത് വലിയ നേട്ടമായി തന്നെ കണക്കാക്കാവുന്നതാണ്.
ഗ്രാമീണമേഖലയിലെ ഗവണ്മെന്റ് സ്കൂളിലേക്ക് കുട്ടികള്‍ ഓടിക്കയറിയ കാലമാണിത്. 11% വര്‍ധനവാണ് ഗ്രാമീണ മേഖലയിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ ഉണ്ടായത്. അതിന്റെ ഫലമായി ഇന്ത്യയില്‍ 80 ലക്ഷം കുട്ടികള്‍ പുതുതായി സര്‍ക്കാര്‍ സ്കൂളുകളില്‍ എത്തി. 2018-ല്‍ 30.9% കുട്ടികള്‍ സ്വകാര്യ സ്കൂളുകളില്‍ പോയിരുന്നതെങ്കില്‍ 2022-ല്‍ അത് 25 ശതമാനമായി കുറഞ്ഞു. ഇതൊരു നല്ലകാര്യമായി ഒറ്റയടിക്ക് തോന്നാമെങ്കിലും സര്‍ക്കാര്‍ സ്കൂളിലേക്കുളള പോക്കിന്റെ പ്രധാന കാരണം വീടുകളിലെ സാമ്പത്തികമായ തകര്ച്ചയാണെന്നുളളത് ശ്രദ്ധിക്കാതെ പോകരുത്.
പക്ഷേ, സ്വകാര്യ ട്യൂഷന് നല്കുന്ന കാര്യത്തില്‍ വര്‍ധനവാണ് പൊതുവില്‍ ഉണ്ടായത്. സ്കൂള്‍ അടഞ്ഞുകിടന്നപ്പോള്‍ ഏതു വിധേനയും കുട്ടികള്‍ പഠിക്കട്ടേ എന്നാണ് രക്ഷകര്‍ത്താക്കള്‍ ചിന്തിച്ചത്. ട്യൂഷന് 40% വര്‍ധിച്ചു. 30% കുട്ടികളും ഗ്രാമീണ ഇന്ത്യയില്‍ ട്യൂഷനെ ആശ്രയിക്കുന്നുണ്ട് എന്നത് നമ്മുടെ വ്യവസ്ഥാപിത വിദ്യാഭ്യാസരീതിയുടെ ദൗര്‍ബല്യമായി തന്നെ വിലയിരുത്തപ്പെടണം. അധ്യാപകര്‍ക്ക് പുറമേ ട്യൂഷനെടുക്കുന്ന ട്യൂട്ടര്‍മാര്‍ ഇന്ന് ഇന്ത്യയിലെ വിദ്യാഭ്യാസ നിലവാരം പിടിച്ചുനിര്‍ത്തുന്നതില്‍ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് 'അസര്‍' റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
കോവിഡ് ആരംഭിച്ച 2020-ല്‍ സ്കൂളില്‍ ചേരേണ്ടിയിരുന്ന കുട്ടുകള്‍ക്ക് ചേരാന്‍ സാധിച്ചിരുന്നില്ലല്ലോ. അവര്‍ ഫലത്തില്‍ മൂന്നാം ക്ലാസിലേക്കാണ് പലയിടത്തും കടന്നുചെന്നത്. എങ്കിലും അവരില്‍ നല്ലൊരു ശതമാനം കുട്ടികളും വീട്ടിലിരുന്ന് എഴുതാന്‍ പഠിച്ചുവെന്നത് ഒരു അത്ഭുതമായി തന്നെ ഈ റിപ്പോര്‍ട്ട് എടുത്ത് കാണിക്കുന്നുണ്ട്. 2018-ല്‍ മൂന്നാം ക്ലാസിലെ കുട്ടികള്‍ 37% പേര് ഒന്നാം ക്ലാസിലെ പാഠപുസ്തകം വായിച്ചിരുന്നെങ്കില്‍ ഇന്നത് 30 ശതമാനമായി കുറഞ്ഞുവെന്നതും ഈ സര്‍വേയുടെ സുപ്രധാനമായ കണ്ടെത്തലാണ്.
പഴയ ഇന്ത്യയല്ല ഇന്ന്. പണ്ട് ഒരു ഗ്രാമത്തിലെ അധ്യാപകന് മാത്രമായിരുന്നു വിദ്യാഭ്യാസമുളള വ്യക്തി. രക്ഷിതാക്കള്‍ കര്‍ഷക തൊഴിലാളികളും സ്കൂളില്‍ പോകാത്തവരുമായിരുന്നു. ഇന്നതുമാറി. ഗ്രാമീണ ഇന്ത്യയില്‍ 50% അമ്മമാരും 80% അച്ഛന്മാരും അഞ്ചു വര്‍ഷമെങ്കിലും സ്കൂള്‍ വിദ്യാഭ്യാസം നേടിയവരാണ്. കുട്ടികളെ പഠിപ്പിക്കുന്ന കാര്യത്തില്‍ വലിയ ശ്രദ്ധ ഇന്ത്യയില്‍ ഉണ്ടായിട്ടുണ്ട്.
സ്കൂളും വീടും രണ്ടു തുരുത്തുകളായാണ് സങ്കല്പിക്കപ്പെട്ടിരുന്നതെങ്കില് ഇന്നത് മാറിവരികയാണ്. രക്ഷകര്‍ത്താക്കള്‍ കൂടി കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ ശ്രദ്ധിക്കുന്നുവെന്ന് മാത്രമല്ല അവര്‍ കൂടി പഠന പ്രക്രിയയില്‍ ഇടപെടുന്നു. അവര്‍ വീടിനടുത്തുളള ട്യൂട്ടര്‍മാരെ ആശ്രയിക്കാന്‍ തയ്യാറാകുന്നു. അതിലുമുപരി രക്ഷകര്‍ത്താക്കള്‍ക്കും പുനര്‍പഠനം കുട്ടികളെ പഠിപ്പിക്കുന്നതിലൂടെ ലഭ്യമാകുന്നെന്നും ഈ റിപ്പോര്‍ട്ടിലൂടെ മനസ്സിലാക്കാന്‍ കഴിയും. 2014-നേക്കാള്‍ 2018 അല്പം പുറകോട്ട് തന്നെയാണ് നടന്നതെങ്കിലും നഷ്ടത്തേക്കാള്‍ വീണ്ടെടുക്കലാണ് കൂടുതലെന്ന് 'അസറി'ന്റെ ഇക്കഴിഞ്ഞ മുഴുവന്‍ റിപ്പോര്‍ട്ടുകള്‍ക്കും സാങ്കേതിക നേതൃത്വം നല്കിയ വിലീമ എഴുതുന്നുണ്ട്. More recovery than loss എന്നവര്‍ പറയുന്നുണ്ടെങ്കില്‍ അത് തീര്‍ച്ചയായും ആശ്വാസവാക്കുകള്‍ തന്നെയാണ്, ഇന്ത്യയുടെ വിദ്യാഭ്യാസമേഖലയ്ക്ക്.
2018-നും 22-നും ഇടയില്‍ ഉണ്ടായ വിദ്യാഭ്യാസനയത്തിലെ മാറ്റം അഖിലേന്ത്യാതലത്തില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കുറവായിരുന്നു എന്നുപറയുമ്പോഴും വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്തരീതിയിലാണ് ഈ പുറകോട്ട് പോക്ക് സംഭവിച്ചിട്ടുളളത്. യു.പിയിലും ബിഹാറിലും ജാര്‍ഖണ്ഡിലും നാലു ശതമാനമാണ് വീഴ്ചയുണ്ടായതെങ്കില് ഹിമാചല്‍ പ്രദേശില്‍ 19 ശതമാനവും മഹാരാഷ്ട്രയില്‍ 15 ശതമാനവും കേരളത്തില്‍ 13 ശതമാനവും പുറകോട്ട് പോയി എന്നത് വായനയുടെ കാര്യത്തില്‍ വലിയ വീഴ്ചയായി വിലയിരുത്തേണ്ടതാണ്.
വായനയില്‍ ഏറ്റവും മികച്ച സംസ്ഥാനങ്ങളില്‍ ഒന്നായിരുന്നു കേരളമെന്ന് ആശ്വസിക്കാമെങ്കിലും 13% കുട്ടികള്‍ വായനയുടെ കാര്യത്തില്‍ പിന്നോട്ടുപോയി എന്നത് കേരളത്തിന് അഭിമാനകരമായ വസ്തുതയല്ല. കണക്കിന്റെ കാര്യത്തിലും കേരളം 10% പുറകോട്ട് പോയി. മഹാരാഷ്ട്രയും ഹിമാചല്‍ പ്രദേശും 8% പുറകോട്ട് പോയപ്പോള്‍ ബിഹാറില്‍ വലിയ മാറ്റമില്ല. യു.പിയില്‍ ഒരല്പം മെച്ചപ്പെടുകയും ചെയ്തു.
ഇത് എന്തുകൊണ്ടായിരിക്കാമെന്ന് വിശദമായി പഠിക്കേണ്ടതുണ്ട്. ബിഹാറിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ ട്യൂഷന് വേണ്ടി ആശ്രയിക്കുന്നത്. ട്യൂഷനെ നേരത്തേ ആശ്രയിച്ചിരുന്ന കുട്ടികള്‍ക്ക് സ്കൂള്‍ അടച്ചപ്പോഴും ആ ട്യൂഷന് സൗകര്യം ലഭിച്ചതായിരിക്കാം വലിയ തരത്തില്‍ അവിടെ പുറകോട്ട് പോകാതിരുന്ന് എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
കേരളത്തിന്റെ കണക്കുകളിലേക്ക് വരാം. കേരളത്തിലെ അഞ്ചാം ക്ലാസുകാരില് നാലു വര്‍ഷം മുമ്പ് 33% പേര്‍ക്ക് ലളിതമായ ഹരണക്രിയ മൂന്നക്കമുളള സംഖ്യയെ ഒരക്കം കൊണ്ട് ഹരിക്കുന്ന രീതി അറിയാമായിരുന്നുവെങ്കില്‍ ഇന്നത് 20 ശതമാനമായി കുറഞ്ഞിരുന്നു. ആന്ധ്രപ്രദേശില്‍ 36-ല്‍ നിന്നും 27 ശതമാനമായി നില്ക്കുന്നു. പഞ്ചാബ് 50 ശതമാനത്തില്‍നിന്ന് 33 ശതമാനമായി കുറഞ്ഞു. പശ്ചിമ ബംഗാള്‍ 29.2-ല്‍നിന്ന് 26.9 ആയും കുറഞ്ഞു. യു.പി. 17 ശതമാനത്തില്‍നിന്ന് 24.5 ശതമാനമായി ഉയര്‍ന്നു.
തമിഴ്നാട് വലിയ വീഴ്ച ഉണ്ടായ സംസ്ഥാനമാണ്. 27 ശതമാനത്തില്‍നിന്ന് ഹരണക്രിയ അറിയുന്നവരുടെ ശതമാനം 14.7 ശതമാനമായി കുറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെ കണക്കുകള്‍ ഒന്നും തന്നെ ആശ്വസിപ്പിക്കുന്നില്ല. ഒറ്റവാക്കില്‍ പറഞ്ഞാല്‍ കേരളത്തിലെ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കുട്ടികളില്‍ 80% പേര്‍ക്കും ഹരണക്രിയ അറിയില്ലെന്ന് തന്നെയാണ് അര്‍ഥം.
എട്ടാം ക്ലാസുകാരുടെ നിലവാരം നോക്കാം. എട്ടാം ക്ലാസിലെ കുട്ടികളോട് രണ്ടാം ക്ലാസിലെ പുസ്തകം വായിക്കാനാണ് സര്‍വേയില്‍ ആവശ്യപ്പെട്ടത്. അതില്‍ 83.7% പേരും കേരളത്തില്‍ രണ്ടാം ക്ലാസിലെ പുസ്തകം വായിച്ചു. അതിന്റെ അര്‍ഥം 16.3% എട്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് രണ്ടാം ക്ലാസിലെ പുസ്തകം പോലും വായിക്കാന്‍ കഴിയില്ല എന്നതുതന്നെയാണ്. എട്ടാം ക്ലാസില്‍ 9.6% കുട്ടികള്‍ക്ക് ഒന്നാം ക്ലാസിലെ പുസ്തകമേ വായിക്കാനാവൂ. 6% കുട്ടികള്‍ക്ക് കഷ്ടിച്ച് വാക്കുകളും അക്ഷരങ്ങളും വായിക്കാന്‍ അറിയാം. കണക്കിന്റെ കാര്യവും പരിതാപകരം തന്നെ. എട്ടാം ക്ലാസില്‍ പഠിക്കുന്ന 44.3% കുട്ടികള്‍ക്കാണ് ഹരണമറിയുന്നത്. 27% പേര്‍ക്ക് കുറയ്ക്കല്‍ മാത്രമേ അറിയൂ. ഒരു ശതമാനം പേര്‍ക്ക് ഫലത്തില്‍ ഒന്നുമറിയില്ല.
കേരളത്തിലെ എട്ടാം ക്ലാസിലെ പഠനനിലവാരം സംബന്ധിച്ച കണക്കുകള്‍ വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ടവര്‍ മാത്രമല്ല കേരളം മുഴുവന്‍ ചര്‍ച്ച ചെയ്യേണ്ടതാണ് എന്ന് ഈ ലേഖകന്‍ കരുതുന്നു. എട്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടികളില്‍ ഏതാണ്ട് 10% പേര്‍ക്ക് ഒന്നാംക്ലാസിലെ പുസ്തകം മാത്രമേ വായിക്കാനാവൂ എന്നുപറയുമ്പോള്‍ എട്ടു വര്‍ഷത്തെ അവരുടെ വിദ്യാഭ്യാസം കൊണ്ട് അവര്‍ എന്തു നേടി എന്ന ചോദ്യം തുറിച്ചുനോക്കുന്നു. ഈ കുട്ടികളാണ് പിന്നീട് പത്താം ക്ലാസിലെത്തി 99% വിജയശതമാനത്തിലേക്ക് പോകുന്നത് എന്നും മറന്നുകൂടാ.
ഈ കണക്കുകള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും കേരള സര്‍ക്കാര്‍ പഠനനിലവാരത്തെ സംബന്ധിച്ച ശാസ്ത്രീയവും വിപുലവുമായ സര്‍വേകള്‍ നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. പഞ്ചായത്ത് രാജ് നിലവില്‍ വന്ന കാല് നൂറ്റാണ്ട് കഴിയുമ്പോള്‍ നമ്മുടെ സ്കൂള്‍ കെട്ടിടങ്ങള്‍ മെച്ചപ്പെട്ടു. കിഫ്ബിയും നമ്മുടെ സ്കൂള്‍ കെട്ടിടങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ വലിയ പങ്കുവഹിച്ചു. എം.എല്‍.എമാരും എം.പിമാരും പാരന്റ് ടീച്ചര്‍ അസോസിയേഷനുമായി ചേര്‍ന്നുകൊണ്ട് കഴിഞ്ഞ പത്തു വര്‍ഷക്കാലത്തിനിടയില്‍ വലിയ നിര്‍മാണ മുന്നേറ്റങ്ങള്‍ തന്നെ സ്കൂളുകളില്‍ നടത്തി. നല്ലകാര്യം. പക്ഷേ, ഈ നിര്‍മാണ കുതിപ്പില്‍ കുട്ടികളുടെ പഠനനിലവാരം കുതിച്ചുയര്‍ന്നു എന്നുപരിശോധിക്കാന്‍ ആരുമുണ്ടായില്ല. പ്രത്യേകിച്ചും അധ്യാപകരും അവരുടെ സംഘടനകളും വിദ്യാര്‍ഥി സംഘടനകളും ഈ കാര്യത്തില്‍ മൗനം പാലിക്കുകയാണ്.
കേരളത്തിലെ എട്ടാം ക്ലാസിലെ കുട്ടികളില്‍ മുഴുവന്‍ ആളുകള്‍ക്കും എട്ടാം ക്ലാസിലെ പുസ്തകം ചുരുങ്ങിയത് ഏഴാം ക്ലാസിലെ പുസ്തകമെങ്കിലും ഭംഗിയായി വായിക്കാന്‍ കഴിയേണ്ടിടത്ത് രണ്ടാം ക്ലാസിലെ പുസ്തകം പോലും വായിക്കാന്‍ കഴിയാത്ത കുട്ടികളുണ്ട് എന്നുപറയുന്നത് സാക്ഷര കേരളത്തിന് അപമാനമാണ്. കണക്കിന്റെ കാര്യത്തിലും അതുതന്നെയാണല്ലോ സ്ഥിതി. ഈ സാഹചര്യത്തില്‍ അടിസ്ഥാനപരമായ പഠനനിലവാരം ലഭിച്ചോയെന്ന പരിശോധന ഉറപ്പുവരുത്താന്‍ കേരള സര്‍ക്കാര്‍ മുന്നോട്ടുവരണം. ഇതിനായി ചില നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതായിട്ടുണ്ട് എന്ന് തോന്നുന്നു. പത്താം ക്ലാസ് പഠിച്ചിറങ്ങുന്ന കുട്ടിക്ക് ഇക്കാര്യങ്ങളെല്ലാം അറിയാമെന്ന സര്‍ട്ടിഫിക്കറ്റാണ് സ്കൂളില്‍നിന്ന് പ്രധാന അധ്യാപകന് നല്‍കേണ്ടത്.
വിവിധ വിഷയങ്ങളില്‍ കിട്ടിയ മാര്‍ക്കുകള്‍ പഴയപടി നിലനില്‍ക്കട്ടേ. പക്ഷേ, പത്താം ക്ലാസില്‍നിന്ന് പഠിച്ചിറങ്ങുന്ന കുട്ടിക്ക് ഇന്നയിന്ന കാര്യങ്ങള്‍ വായിക്കാന്‍ കഴിയുമെന്നും കണക്കിന്റെ കാര്യത്തില്‍ ഏറ്റവും ചുരുങ്ങിയത് ഹരണക്രിയ അറിയാമെന്നും സാമൂഹ്യപാഠത്തിലെ പ്രസ്തുത വിഷയങ്ങള്‍ അറിയാമെന്നും കാര്യങ്ങള്‍ കാണിച്ചുകൊണ്ടുളള ഒരു ലളിതമായ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത് അതാത് സ്കൂളിലെ അധ്യാപകരാണ്. ഒരു സാധാരണ ഡ്രൈവിങ് സ്കൂളില്‍ വാഹനം ഓടിക്കാന്‍ പഠിക്കുമ്പോള്‍ 'H' എടുക്കുക എന്ന രീതിയുണ്ട്. 'H' എടുക്കാന്‍ പഠിപ്പിക്കേണ്ടത് ഡ്രൈവിങ് സ്കൂളിന്റെ പണിയാണ്. എങ്കിലേ ലൈസന്‍സ് കിട്ടൂ. ടൂ വീലറിന്റെ കാര്യത്തില്‍ '8' എടുക്കാനും.
പത്താം ക്ലാസ് പാസ്സാകുന്ന കുട്ടികള്‍ക്ക് കണക്കിലും ഇംഗ്ലീഷിലും സയന്‍സിലും സാമൂഹ്യപാഠത്തിലുമെല്ലാം 'H' എടുക്കാനും '8" എടുക്കാനും കഴിയുന്നില്ലെങ്കില്‍ വിദ്യാഭ്യാസം വ്യര്‍ഥമായി എന്നുതന്നെ പറയേണ്ടതുണ്ട്. അതിനാവശ്യമായ ചര്‍ച്ചകള്‍ കേരളത്തിലെ വിദ്യാഭ്യാസ മന്ത്രി തന്നെ മുന്‍കൈ എടുത്ത് നടത്തണം. മുഖ്യമന്ത്രിയുടെ ശ്രദ്ധ ഇക്കാര്യത്തില്‍ അടിയന്തരമായി പതിയുകയും വേണം.
Content Highlights: ASER Report and facts , Pratibhashanam by CP John
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..