അസൈർബൈജാന് ഉള്ളിലൊരു അർമേനിയ; എണ്ണയും വംശവും അടിസ്ഥാനമാക്കി പോരടിക്കുന്ന അയൽക്കാർ


അരുണ്‍ മധുസൂദനന്‍IN Depth

.

"ഞങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. സാഹചര്യം മോശമാവുന്നതില്‍ സ്വാഭാവികമായും ഞങ്ങള്‍ക്ക് ആശങ്കയുണ്ട്. ഇരുരാജ്യങ്ങളും സംയമനം പാലിക്കണം. ത്രികക്ഷി ഉടമ്പടി പ്രകാരമുള്ള എല്ലാ ധാരണകളും ഇരുരാജ്യങ്ങളും നടപ്പാക്കണം."

2022 ഓഗസ്റ്റ് ഏഴാം തീയതി. യുക്രൈനില്‍ അധിനിവേശമാരംഭിച്ച് 164-ാം ദിവസം റഷ്യന്‍ വക്താവ് ദിമിത്രി പെസ്‌കോവ് നടത്തിയ പ്രസ്താവനയാണ്. സ്വതന്ത്രമായൊരു രാജ്യത്ത് അധിനിവേശം നടത്തുന്ന റഷ്യ ഔദ്യോഗികമായി നടത്തിയ ഈ പ്രസ്താവനയ്ക്ക് പക്ഷേ, യുക്രൈന്‍ അധിനിവേശത്തില്‍ ഒന്നും ചെയ്യാന്‍ ഉണ്ടായിരുന്നില്ല. ചെറിയ രാജ്യമെന്നും റഷ്യന്‍ സൈന്യത്തിനു മുന്നില്‍ എളുപ്പം കീഴടങ്ങിയേക്കുമെന്നും വിലയിരുത്തപ്പെട്ട ഒരു രാജ്യത്തിനുമേല്‍ തങ്ങളുടെ സൈന്യാധിപത്യം ഉറപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ റഷ്യ നടത്തിയ ഈ പ്രസ്താവനയിലെ കഥാപാത്രങ്ങള്‍ പഴയ സോവിയറ്റ് രാഷ്ട്രങ്ങളായ അസര്‍ബൈജാനും അര്‍മേനിയയുമായിരുന്നു. ദക്ഷിണ കോക്കസസിലെ നിബിഡവനങ്ങളുള്ള മലമ്പ്രദേശത്തിന് വേണ്ടി പോരടിച്ചും, പിന്‍വലിഞ്ഞും കാലം കഴിക്കുന്ന ഇരുരാജ്യങ്ങള്‍!രണ്ടു രാജ്യങ്ങള്‍

പല കാര്യങ്ങളില്‍ സമാനതകളുള്ള രണ്ട് അയല്‍രാജ്യങ്ങളാണ് അസർബൈജാനും അർമീനിയയും. ഇരുരാജ്യങ്ങൾക്കും തൊട്ടടുത്തുള്ളത്‌ ജോര്‍ജിയയും ഇറാനും തുര്‍ക്കിയും. ഇതിനുപുറമേ റഷ്യയുമായും അതിര്‍ത്തി പങ്കിടുന്നുണ്ട് അസര്‍ബൈജാന്‍. പടിഞ്ഞാറ് കാസ്പിയന്‍ കടല്‍. 95% ക്രിസ്ത്യന്‍ മതത്തില്‍ വിശ്വസിക്കുന്നവരുള്ള അര്‍മേനിയയില്‍ 30 ലക്ഷമാണ് ജനസംഖ്യ. അസര്‍ബൈജാനില്‍ ഒരു കോടിയാണ് ജനസംഖ്യ, അതില്‍ 99% മുസ്ലീങ്ങള്‍. ഇരുരാജ്യങ്ങള്‍ക്കും സമാനമായി ഒരു കാര്യമുണ്ട്, ഭരണഘടനാപരമായി രണ്ടും മതേതര രാജ്യം. പൗരന്മാര്‍ക്ക് ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാം.

കാലാകാലങ്ങളില്‍ വിദേശ അധിനിവേശത്തിന് ഇരയായിട്ടുള്ള അര്‍മേനിയ നീണ്ടകാലം ഓട്ടോമന്‍ സാമ്രാജ്യത്തിന് കീഴിലായിരുന്നു. പിന്നീട് 19-ാം നൂറ്റാണ്ടിന്‍ റഷ്യന്‍ സാമ്രാജ്യം അര്‍മേനിയ കീഴടക്കി. അപ്പോഴും പടിഞ്ഞാറന്‍ അര്‍മേനിയ ഓട്ടോമന്‍ സാമ്രാജ്യത്തിന് കീഴില്‍ തന്നെ നിലനിന്നു. പിന്നീട്, റഷ്യന്‍ സാമ്രാജ്യത്തിന് കീഴില്‍നിന്നും അര്‍മേനിയ 1918-ല്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചെങ്കിലും പൂര്‍ണ്ണമായും യു.എസ്.എസ്.ആറിന്റെ ഭാഗമായി. 1991 വരെ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നു അര്‍മേനിയ. യരേവനാണ് അര്‍മേനിയയുടെ തലസ്ഥാനം.

കാസ്പിയന്‍ കടലിലെ ഏറ്റവും മികച്ച തുറമുഖമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ബകുവാണ് അസര്‍ബൈജാന്റെ തലസ്ഥാനം. സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന അസര്‍ബൈജാനും സോവിയറ്റ് യൂണിയന്റെ വീഴ്ചയോടെ സ്വതന്ത്രരാജ്യമായി. തുര്‍ക്കി ഭാഷ സംസാരിക്കുന്ന അസീറികളാണ് അസര്‍ബൈജാന്‍ ജനത. ഇവര്‍ക്കു പുറമേ മറ്റ് ന്യൂനപക്ഷങ്ങളും രാജ്യത്തുണ്ട്.

തര്‍ക്കം, തര്‍ക്കഭൂമി

അസര്‍ബൈജാന്റെ അകത്തുള്ള ഭൂപ്രദേശമാണ്‌ നഗോര്‍ണോ- കാരബാക്ക്. അര്‍മേനിയന്‍ വംശജര്‍ക്ക് ഭൂരിപക്ഷമുള്ള നിബിഡ വനങ്ങളോടുകൂടിയ മലമ്പ്രദേശം. കൊക്കേഷ്യ അഥവാ കോക്കസസ് എന്നു വിളിക്കുന്ന ഭൂവിഭാഗത്തിന്റെ ദക്ഷിണമേഖലയിലാണ് ഈ തര്‍ക്കഭൂമി. രാജ്യാന്തര നിയമപ്രകാരം അസര്‍ബൈജാന്റെ ഭാഗമാണ് നഗോര്‍ണോ- കാരബാക്ക്. ഐക്യരാഷ്ട്രസഭയടക്കം എല്ലാ ലോകരാജ്യങ്ങളും അംഗീകരിച്ചിരിക്കുന്നതും അസര്‍ബൈജാന്റെ രാഷ്ട്രീയാധികാരം. മലമ്പ്രദേശമായതിനാല്‍ എത്തിപ്പെടാന്‍ പ്രയാസമേറിയ മേഖലയായതിനാല്‍ താരതമ്യേന ജനസാന്ദ്രത കുറവാണ് ഇവിടെ. 2015-ലെ സെന്‍സസ് പ്രകാരം 1.5 ലക്ഷമാണ്‌ ജനസംഖ്യ. 4,400 സ്‌ക്വയര്‍ കിലോ മീറ്റര്‍ വിസ്തീര്‍ണ്ണം. 99.7% അര്‍മേനിയന്‍ വംശജര്‍. അസീറിയയുടെ മൊത്തം ഭൂപ്രദേശത്തിന്റെ അഞ്ചു ശതമാനമാണ് നഗോര്‍ണോ- കാരബാക്ക്.

പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ഇറാന്റെ കൈവശമായിരുന്നു പ്രദേശം. പിന്നീട് റഷ്യന്‍ സാമ്രാജ്യത്തിന് കീഴില്‍. ബ്രിട്ടീഷുകാരും ഓട്ടോമന്‍ സാമ്രാജ്യവും പ്രദേശം ഭരിച്ചു. മുന്‍പ് റഷ്യന്‍ സാമ്രാജ്യത്തിന് കീഴിലായിരുന്നുവെന്ന കാരണം ചൂണ്ടിക്കാണിച്ച് 1917-ല്‍ സോവിയറ്റ് യൂണിയനിലെ ഘടക റിപ്പബ്ലിക്കുകളായി അസര്‍ബൈജാനും അര്‍മേനിയയും മാറി. അസര്‍ബൈജാന്റെ ഭാഗമാവുകയും എന്നാല്‍ അര്‍മേനിയന്‍ വംശജര്‍ക്ക് ഭൂരിപക്ഷവുമുള്ള പ്രദേശവുമായതിനാൽ സോവിയറ്റ് നേതാവ് ജോസഫ് സ്റ്റാലിന്‍ നഗോര്‍ണോ- കാരബാക്കിന് സ്വയംഭരണധികാരം നല്‍കി. എന്നാല്‍, അസീറികള്‍ എതിനെ എതിര്‍ത്തു. പ്രദേശത്തെച്ചൊല്ലി ആദ്യമായി ഇരുരാജ്യങ്ങളും ഏറ്റമുട്ടുന്നത് 1918- 1920 കാലഘട്ടത്തിലാണ്. 1918-ല്‍ റഷ്യന്‍ സാമ്രാജ്യം വീണപ്പോള്‍ അര്‍മേനിയയും അസര്‍ബൈജാനും ഉണ്ടായതിനൊപ്പം തന്നെ ഈ പ്രദേശത്തിനായി സംഘര്‍ഷമാരംഭിച്ചു.

1923-ല്‍ സോവിയറ്റ് യൂണിയന്‍ നഗോര്‍ണോ- കാരബാക്കിനെ സ്വയംഭരണ പ്രദേശമായി പ്രഖ്യാപിച്ചു. സ്വയം ഭരണ പ്രദേശങ്ങളെ യു.എസ്.എസ്.ആര്‍. തലസ്ഥാനമായ മോസ്‌കോ നേരിട്ടായിരുന്നു അന്ന് ഭരിച്ചിരുന്നത്. എന്നാല്‍, 1980-കളുടെ അവസാനത്തോടെ സോവിയറ്റ് യൂണിയന്‍ ക്ഷയിക്കാന്‍ തുടങ്ങി. സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായും സോവിയറ്റ് യൂണിയന്റെ എട്ടാമത്തെ പ്രസിഡന്റായും അധികാരമേറ്റ മിഖായേല്‍ ഗോര്‍ബച്ചേവ് ഗ്ലാസ്നോസ്റ്റ് നയം പ്രഖ്യാപിച്ചതോടെയാണ് വീണ്ടും ഇരുരാജ്യങ്ങളും തമ്മില്‍ ഈ പ്രദേശത്തിനായി പോരടിക്കാന്‍ തുടങ്ങുന്നത്. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കാനുള്ള പദ്ധതിയായിരുന്നു ഗ്ലാസ്നോസ്റ്റ് അഥവാ തുറന്ന സമീപനം. എന്നാല്‍. ഗ്ലാസ്നോസ്റ്റും പെരിസ്ട്രോയിക്കയും പ്രഖ്യാപിക്കപ്പെട്ടതോടെ സമരങ്ങളും ജനാധിപത്യ പ്രക്ഷോഭങ്ങളും ഈ രാഷ്ട്രീയ സ്വാതന്ത്ര്യം മുതലെടുത്ത് രാജ്യത്ത് അരങ്ങേറി. അതൊടുവില്‍ സോവിയറ്റ് യൂണിയന്റെ പതനത്തിന് വഴിവെച്ചു.

സോവിയറ്റ് യൂണിയന്റെ പതനത്തിനൊപ്പം നഗോര്‍ണോ- കാരബാക്ക് പ്രവിശ്യ അസര്‍ബൈജാനു നല്‍കി റഷ്യ. ഇത് ഭൂരിപക്ഷം വരുന്ന അര്‍മേനിയന്‍ ജനതയ്ക്ക് അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ല. അവിടുത്തെ ഭരണകൂടം ഹിതപരിശോധന നടത്തി അര്‍മേനിയക്കൊപ്പം ചേരണമെന്ന് തീരുമാനമെടുത്തു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയും ഹിതപരിശോധനയും ചേര്‍ന്ന് ഒരുക്കിയ പശ്ചാത്തലത്തില്‍ 1992-ല്‍ ആദ്യമായി യുദ്ധമുണ്ടായി. 30,000 പേര്‍ യുദ്ധത്തില്‍ കൊല്ലപ്പെടുകയും പത്തു ലക്ഷത്തോളം പേര്‍ അഭയാര്‍ത്ഥികളാവുകയും ചെയ്തു. യുദ്ധത്തില്‍ വിജയം അര്‍മേനിയക്കൊപ്പമായിരുന്നു. 1994-ല്‍ യുദ്ധം റഷ്യന്‍ മധ്യസ്ഥതയില്‍ അവസാനിക്കുമ്പോള്‍ നഗോര്‍ണോ- കാരബാക്കിന്റെ നിയന്ത്രത്തിന് പുറമേ അസര്‍ബൈജാന്റെ അതിര്‍ത്തിക്കുള്ളിലെ ചില പ്രദേശങ്ങളും അര്‍മേനിയ കൈയ്യടക്കിയിരുന്നു. അന്നു മുതല്‍ ഈ പ്രദേശം വികസിപ്പിച്ച് കൂട്ടിച്ചേര്‍ക്കുക എന്നതാണ് അര്‍മേനിയയുടെ ലക്ഷ്യം.

റഷ്യന്‍ മധ്യസ്ഥതയില്‍ 1994-ല്‍ വെടിനിര്‍ത്തല്‍ കരാറിലെത്തിയങ്കിലും, വാഗ്ദാനം ചെയ്ത സൈനികരെ സമാധാനവാഹകര്‍ എന്ന പേരില്‍ വിന്യസിക്കാന്‍ അന്ന് റഷ്യയ്ക്ക് സാധിച്ചില്ല. ഇത് പിന്നീട് മിന്‍സ്‌ക് ഗ്രൂപ്പിന്റെ രൂപീകരണത്തിന് വഴിവെച്ചു. മേഖലയില്‍ സമാധാനം കൊണ്ടുവരാനുള്ള ശ്രമം റഷ്യയ്ക്കു പുറമേ അമേരിക്കയും ഫ്രാന്‍സും അംഗങ്ങളായ മിന്‍സ്‌ക് ഗ്രൂപ്പ് ഏറ്റെടുത്തു. സംഘര്‍ഷത്തിന് സ്ഥിരമായ പരിഹാരം കണ്ടെത്തുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം. പക്ഷേ, സംഘര്‍ഷം അവസാനിപ്പിക്കാന്‍ അവര്‍ക്കും സാധിച്ചില്ല. അസര്‍ബൈജാന്‍ നഗരങ്ങളുടെ പേരു മാറ്റി കൂടുതല്‍ അര്‍മേനിയന്‍ വംശജരെ അവിടേക്ക് വിന്യസിച്ച് അര്‍മേനിയ പ്രകോപനം സൃഷ്ടിച്ചു. അര്‍മേനിയയുമായി ഈ പ്രദേശം കൂട്ടിച്ചേര്‍ക്കണമെന്ന് പരസ്യമായി തന്നെ രാഷ്ട്രീയ നേതൃത്വം ആവശ്യപ്പെട്ടു.

അര്‍മേനിയയും അസര്‍ബൈജാനും ജയില്‍ തടവുകാരെ കൈമാറിയപ്പോള്‍.
അര്‍മേനിയന്‍ തടവുകാരുമായെത്തിയ റഷ്യന്‍ സൈനിക വിമാനം

പിന്നോട്ടുപോകാന്‍ അസര്‍ബൈജാനും ഒരുക്കമായിരുന്നില്ല. 2008 മുതല്‍ 2019 വരെ 24 ബില്ല്യണ്‍ ഡോളറാണ് അസീറി സൈന്യത്തിന് വേണ്ടിയവര്‍ ചെലവാക്കിയത്. അര്‍മേനിയ അവരുടെ സൈന്യത്തിന് വേണ്ടി ചെലവാക്കുന്നതിന്റെ ആറിരട്ടിയോളം വരുമത്. തങ്ങളുടെ വരുമാനത്തിന്റെ നല്ലൊരു പങ്കും അസര്‍ബൈജാന്‍ സൈനികശക്തി വികസിപ്പിക്കാന്‍ വേണ്ടി ചെലവഴിച്ചു. അര്‍മേനിയയെ ആക്രമിക്കാന്‍ ലഭിക്കുന്ന ഒരു അവസരവും അസീറി സൈന്യം പാഴാക്കിയില്ല. 2016-ല്‍ ഇത് വീണ്ടും യുദ്ധത്തിലേക്ക് എത്തിച്ചു. അന്നു നാലു ദിവസം നീണ്ടുനിന്ന യുദ്ധമാണ് ഇരുരാജ്യങ്ങളും തമ്മിലുണ്ടായത്. ഇരുഭാഗത്തും സാധാരണ പൗരന്മാരുള്‍പ്പെടെ ഒട്ടേറെ പേര്‍ക്ക് ജീവഹാനിയുണ്ടായി. ഇരുരാജ്യങ്ങളും പരസ്പരം പഴിച്ചു. യുദ്ധം അവസാനിപ്പിക്കാൻ റഷ്യ ആവശ്യപ്പെട്ടു. 2016 ഏപ്രില്‍ മൂന്നിന് അസര്‍ബൈജാന്‍ ഏകപക്ഷീയമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും രാത്രിയിലും ആക്രമണം ഉണ്ടായതായി ഇരുരാജ്യങ്ങളും പരസ്പരം ആരോപിച്ചു. രണ്ടു ദിവസം കഴിഞ്ഞ് മോസ്‌കോയില്‍ വാക്കാലുള്ള വെടിനിര്‍ത്തല്‍ ഉടമ്പടയില്‍ ഇരുവരും എത്തിച്ചേര്‍ന്നു.

അവിടം കൊണ്ടും അവസാനിച്ചില്ല. അസര്‍ബൈജാന്‍ നിരന്തരം തങ്ങളുടെ സൈനികശക്തി വര്‍ധിപ്പിച്ചു. യുദ്ധങ്ങളുടെ അവസാനം റഷ്യ മധ്യസ്ഥതയ്ക്ക് എത്തുന്നതു പോലെ തന്നെ തുര്‍ക്കി നിരന്തരം അസര്‍ബൈജാന് സഹായവുമായി എത്തി. 2020 ഓഗസ്റ്റില്‍അസര്‍ബൈജാനില്‍ തുര്‍ക്കി സംയുക്ത സൈനികാഭ്യാസം നടത്തി. ഇത് മേഖലയില്‍ മറ്റൊരു യുദ്ധത്തിന് തുടക്കമിട്ടു. തുര്‍ക്കിയുടെ സഹായത്തോടെ അസര്‍ബൈജാന്‍ ആരംഭിച്ച ആക്രമണം ആറ് ആഴ്ചയോളം നീണ്ടുനിന്നു. ഇതില്‍ ആദ്യ ആഴ്ച പിന്നിട്ടപ്പോള്‍ അര്‍മേനിയ കീഴടക്കിയ പ്രദേശങ്ങളില്‍ 20 കിലോ മീറ്ററോളം വരുന്ന ഭൂപ്രദേശം അസീറിയന്‍ പട്ടാളം തിരികെ പിടിച്ചു. സെപ്റ്റംബറില്‍ ആരംഭിച്ച യുദ്ധത്തില്‍ നവംബറോടെ അസര്‍ബൈജാന്‍ അവരുടെ വിജയത്തോട് അടുത്തു. നഗോര്‍ണോ കാരബാക്കിന്റെ തലസ്ഥാനമായി കരുതപ്പെടുന്ന ഖന്‍കേന്‍ഡി എന്നും അറിയപ്പെടുന്ന സ്റ്റെപ്പന്‍കാര്‍ട്ടില്‍നിന്നും 15 കിലോ മീറ്റര്‍ അടുത്തുള്ള ഷൂഷ നഗരം കീഴടക്കി. ഇതോടെ അര്‍മേനിയ കീഴടങ്ങാന്‍ തയ്യാറായി. വീണ്ടും റഷ്യയുടെ മധ്യസ്ഥതയിലുള്ള കരാറിനൊടുവില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കപ്പെട്ടു.

ഇടപെടുന്ന അയല്‍ക്കാര്‍

ഇറാന്‍, തുര്‍ക്കി, ജോര്‍ജിയ, റഷ്യ. ഇരുരാജ്യങ്ങള്‍ക്കും അടുത്തായി കിടക്കുന്ന പ്രധാന രാജ്യങ്ങള്‍. ഇതിന് പുറമേ കാസ്പിയന്‍ കടലും. മുന്‍ സോവിയറ്റ് രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ റഷ്യയ്ക്ക് റോളുണ്ട്, താത്പര്യവുമുണ്ട്. തുര്‍ക്കിക്കുമുണ്ട് രാഷ്ട്രീയവും സാമ്പത്തികവുമായ താത്പര്യം.

'കൈയേറ്റം ചെയ്യപ്പെട്ട പ്രദേശങ്ങളെ സ്വതന്ത്രമാക്കാനും മാതൃഭൂമി സംരക്ഷിക്കാനുമുള്ള അസീറി സഹോദരങ്ങളുടെ പോരട്ടത്തിനൊപ്പമാണ് ഞങ്ങള്‍'. എന്ന തുര്‍ക്കി പ്രസിഡന്റ് രജബ് ത്വയ്യിബ് എര്‍ദോഗന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നത് അതുതന്നെയാണ്. സംഘര്‍ഷത്തില്‍ അസര്‍ബൈജാനൊപ്പമാണ് തങ്ങളെന്ന് സംശയമേതുമില്ലാതെ തുര്‍ക്കി പറഞ്ഞുവെക്കുന്നു. 'ഒരു ദേശീയതയും രണ്ടു രാജ്യങ്ങളുമെന്നാണ് ഇരുരാജ്യങ്ങളേയും ഞങ്ങള്‍ വിശേഷിപ്പിക്കാറുള്ളത്. അവിടെ നടക്കുന്നതെന്തും ഞങ്ങളേയും ആശങ്കപ്പെടുത്തുന്ന കാര്യമാണ്. അത് ഞങ്ങളുടെ അതിര്‍ത്തികളേയും പ്രദേശത്തേയും ബാധിക്കും.' തുര്‍ക്കി പലതവണയായി വ്യക്തമാക്കിയതാണിത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിലേക്ക് തുര്‍ക്കി കടന്നുവന്നത് 2016-ലെ യുദ്ധത്തിന് ശേഷമാണ്. 2020-ല്‍ വീണ്ടും ഇരുരാജ്യങ്ങളും തമ്മില്‍ ഏറ്റമുട്ടിയപ്പോള്‍ തുര്‍ക്കി അസര്‍ബൈജാന് പിന്തുണ നല്‍കി. സംസ്‌കാരികതയാണ് ഇരുരാജ്യങ്ങളേയും ചേര്‍ത്തു നിര്‍ത്തുന്നത്. ഭൂരിപക്ഷം അസീറിയന്‍ ജനതയും വംശീയമായി തുര്‍ക്കികളാണ് എന്ന കാരണമായിരുന്നു അന്ന് തുര്‍ക്കി അതിന് കാരണം പറഞ്ഞത്. അസര്‍ബൈജാനുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യമെന്നതിന് പുറമേ അവരുടെ ഭാഷ തമ്മിലും സാമ്യമുണ്ട്.

അര്‍മേനിയന്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍

തുര്‍ക്കിയില്‍നിന്നും ഇസ്രയേലില്‍നിന്നും അസര്‍ബൈജാന് ആയുധസഹായം ലഭിക്കുന്നു. 2020-ലെ സംഘര്‍ഷത്തില്‍ അത്യാധുനിക ഡ്രോണുകള്‍ അടക്കം വലിയ അളവില്‍ ആയുധസഹായം അസര്‍ബൈജാനു തുര്‍ക്കി നല്‍കി. അന്ന് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്ന ഉടമ്പടിയുണ്ടാവുന്ന ഘട്ടത്തില്‍ റഷ്യയുടെ മധ്യസ്ഥതയ്ക്കു പുറമേ തുര്‍ക്കിയും രംഗത്തുവന്നു. തുര്‍ക്കിക്കും അസര്‍ബൈജാനും ഇടയില്‍ റോഡ് നിര്‍മ്മിക്കാനും റഷ്യയുമായി ചേര്‍ന്ന് അവരുടെ സമാധാന വാഹകസംഘത്തെ അയക്കുമെന്നും തുര്‍ക്കി ഉറപ്പുനല്‍കി. സിറിയന്‍ സൈനികരെ തുര്‍ക്കി അര്‍മേനിയക്കെതിരെ പോരാടാന്‍ ലഭ്യമാക്കുന്നുവെന്നും ആരോപണമുണ്ട്. എന്നാല്‍, ഇത് അസര്‍ബൈജാനും തുര്‍ക്കിയും നിഷേധിക്കാറുണ്ട്. അസര്‍ബൈജാനില്‍നിന്ന്‌ എണ്ണയും വാതകവും ഇറക്കുമതി ചെയ്യുന്ന പ്രധാന രാജ്യമാണ് തുര്‍ക്കി. തുര്‍ക്കിയിലെ പ്രധാന നിക്ഷേപകരാണ് അസര്‍ബൈജാന്‍. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തില്‍ തുര്‍ക്കിയുടെ നിലപാടിനൊപ്പമാണ് പാകിസ്താന്‍.

അര്‍മേനിയക്കൊപ്പം നില്‍ക്കുകയും അസര്‍ബൈജാനുവേണ്ടി 'പ്രാര്‍ത്ഥിക്കുകയും'

സോവിയറ്റ് യൂണിയനാണ് മേഖലയില്‍ പ്രശ്നങ്ങള്‍ വഷളാക്കിയതെന്നൊരു വായന ഒരു വിഭാഗം നിരീക്ഷകര്‍ നല്‍കാറുണ്ട്. അത്തരത്തില്‍ സംഘര്‍ഷത്തിന്റെ ആരംഭം മുതല്‍ റഷ്യയ്ക്ക് വിഷയത്തില്‍ അനിഷേധ്യമായൊരു പങ്കാളിത്തമുണ്ട്. നഗോര്‍ണോ- കാരബാക്കിന്റെ അതിര്‍ത്തി നിശ്ചയിച്ചതിലും സ്വയം ഭരണം നല്‍കിയതിലും സോവിയറ്റ് യൂണിയനാണ് തീരുമാനങ്ങള്‍ എടുത്തത്. ഇതാണ് പില്‍ക്കാലത്ത് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടതും. റഷ്യയ്ക്ക് അര്‍മേനയയുമായി പ്രതിരോധ കരാറുണ്ട്. ഇതിനുപറമേ സൈനിക താവളവും റഷ്യയ്ക്ക് അര്‍മേനിയയിലുണ്ട്. അര്‍മേനിയക്ക് ആവശ്യമായ എണ്ണയും വാതകവും നല്‍കുന്നത് റഷ്യയാണ്. അസര്‍ബൈജാനുമായും നല്ല ബന്ധമാണ് റഷ്യയ്ക്കുള്ളതെങ്കിലും തുര്‍ക്കിയുമായി ഇടഞ്ഞും ഇണങ്ങിയുമാണ് അവരുടെ നയതന്ത്ര നീക്കങ്ങള്‍. സിറിയയിലും ലിബിയയിലും തുര്‍ക്കി ഇടപെടലിന് എതിരാണ് റഷ്യ.

ഇരുരാജ്യങ്ങള്‍ക്കും തമ്മിലെ പ്രശ്‌നങ്ങളില്‍ എപ്പോഴും മധ്യവര്‍ത്തിയായി എത്താറുള്ളത് റഷ്യയാണ്. എന്നാല്‍, റഷ്യയുടെ ഇടപെടലിനെ സംശയത്തോടെയാണ് നിരീക്ഷകര്‍ പലരും നോക്കിക്കാണാറുള്ളത്. മേഖലയിലെ തങ്ങളുടെ സ്വാധീനം ഉറപ്പിക്കാനും അവസരം കിട്ടയില്‍ സൈനിക വിന്യാസം നടത്താനുമാണ് റഷ്യന്‍ ശ്രമമെന്ന് കരുതപ്പെടുന്നു. പഴയ സോവിയറ്റ് രാജ്യങ്ങളെ തിരികെയെത്തിക്കാനുള്ള റഷ്യന്‍ ശ്രമമെന്നും വ്യാഖ്യാനിക്കപ്പെടാറുണ്ട്. 2020-ലെ യുദ്ധത്തിലും റഷ്യ പരിഹാരകന്റെ റോളില്‍ എത്തിയിരുന്നു. അന്ന് തങ്ങളുടെ 2,000 സൈനിക സമാധാനവാഹകരായി പ്രദേശത്തേക്ക് അയക്കുമെന്ന് റഷ്യ ഉറപ്പു നല്‍കി. സ്വന്തം സൈന്യ പൂര്‍ണ്ണതോതില്‍ യുക്രൈനുവേണ്ടി വിന്യസിച്ചിരിക്കുമ്പോഴും മേഖലയിലെ സമാധാനശ്രമങ്ങള്‍ക്കു നടുവില്‍ ഇപ്പോഴും റഷ്യയുണ്ട്, ഉണ്ടെന്ന് വരുത്തിത്തീര്‍ക്കുന്നുണ്ട്.

സ്വാതിയും പിനാകയും ഇന്ത്യയും

റഷ്യ- യുക്രൈന്‍ സംഘര്‍ഷത്തില്‍ പരസ്യമായി എടുക്കുന്ന അതേ നിലപാടാണ് അസര്‍ബൈജാന്‍- അര്‍മേനിയ പോരിലും അടുത്തകാലത്തായി ഇന്ത്യ കൈക്കൊള്ളുന്നത്. നയതന്ത്രത്തിന്റെ വഴിയിലും സംഭാഷണത്തിലൂടെയും മാത്രമേ ഇത്തരം സംഘര്‍ഷങ്ങക്ക് അറുതി വരുത്താന്‍ കഴിയൂ എന്നാണ് സെപ്റ്റംബറില്‍ ഇരുഭാഗവും വെടിനിര്‍ത്തല്‍ ലംഘിച്ചതിന് പിന്നാലെ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചത്. ഇതേ നിലപാടുകള്‍, അതേ വാക്യഘടനയില്‍ തന്നെയാണ് റഷ്യ- യുക്രൈന്‍ സംഘര്‍ഷത്തിലും ഇന്ത്യ കൈക്കൊള്ളുന്നത്. എന്നാലിവിടെ, വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബഗ്ചി നടത്തിയ പ്രസ്താവനയില്‍ ഒരു വാക്യം അധികമുണ്ടായിരുന്നു, 'അക്രമകാരിയായ രാജ്യം എത്രയും പെട്ടെന്ന് വെടിനിര്‍ത്തണം' എന്നായിരുന്നു അത്. സംഘര്‍ഷത്തില്‍ അയവുവരുത്താന്‍ ഇന്ത്യക്ക് എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമെങ്കില്‍ ആ നീക്കത്തെ തങ്ങള്‍ സ്വാഗതം ചെയ്യുന്നു എന്നായിരുന്നു അസര്‍ബൈജാന്‍ ഇതിനോട് പ്രതികരിച്ചത്.

ജോര്‍ജിയ, അസര്‍ബൈജാന്‍, അര്‍മേനിയ എന്നീ അടുത്തടുത്ത് കിടക്കുന്ന രാജ്യങ്ങളില്‍ അര്‍മേനിയയുമായി മാത്രമാണ് ഇന്ത്യയ്ക്ക് സഹകരണ കരാറുള്ളത്. 1995-ലാണ് സൗഹൃദ- സഹകരണ ഉടമ്പടി ഇരുരാജ്യങ്ങളും ഒപ്പുവെക്കുന്നത്. കശ്മീരടക്കമുള്ള വിഷയങ്ങളില്‍ അര്‍മേനിയ ഇന്ത്യയ്ക്ക് ഉപാധികളില്ലാത്ത പിന്തുണയാണ് നല്‍കി വരുന്നത്. അസര്‍ബൈജാന്‍ പാകിസ്താനെ പിന്തുണയ്ക്കുകയും അവരുടെ അവകാശവാദങ്ങള്‍ക്കൊപ്പം നില്‍ക്കുകയും ചെയ്യുന്നു എന്ന് വിദഗ്ദര്‍ വിലയിരുത്തുകയും ചെയ്യുമ്പോഴാണിത്. തങ്ങളുടെ കീഴിലുള്ള എല്ലാ പ്രദേശത്തുനിന്നും അര്‍മേനിയ സേനയേ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് 2008-ല്‍ ഐക്യരാഷ്ട്രസഭാ ജനറല്‍ അസംബ്ലിയില്‍ അസര്‍ബൈജാന്‍ ഒരു പ്രമേയം കൊണ്ടുവന്നിരുന്നു. അന്ന് പ്രമേയത്തെ എതിര്‍ത്ത് തോല്‍പ്പിച്ചവരില്‍ റഷ്യയ്ക്കും ഫ്രാന്‍സിനും അമേരിക്കക്കും പുറമേ ഇന്ത്യയുമുണ്ടായിരുന്നു. എന്നാല്‍, നഗോര്‍ണോ- കാരബാക്ക് മേഖലയ്ക്കുവേണ്ടിയുള്ള സംഘര്‍ഷത്തില്‍ അര്‍മേനിയക്കൊപ്പം നിന്നാല്‍, കശ്മീര്‍ വിഷയത്തില്‍ തിരിച്ചടി നേരിട്ടേക്കുമെന്ന വിലയിരുത്തപ്പെടുന്നതിനാല്‍ അര്‍മേനിയയെ പിന്തുണയ്ക്കാനും ഇന്ത്യക്ക് സാധിക്കില്ല.

അര്‍മേനിയ ഇന്ത്യയില്‍നിന്നു പലതവണ ആയുധങ്ങള്‍ വാങ്ങിയിട്ടുണ്ട്. ആയുധങ്ങള്‍ വിന്യസിച്ചിരിക്കുന്ന സ്ഥാനങ്ങള്‍ കൃത്യമായി നിര്‍ണ്ണയിക്കാന്‍ കഴിയുന്ന ഇന്ത്യയുടെ നാല് സ്വാതി റഡാറുകള്‍ അര്‍മേനിയ 2020-ല്‍ വാങ്ങിയിരുന്നു. ഇതിനുപുറമേ, കഴിഞ്ഞ സെപ്റ്റംബറില്‍ ഇന്ത്യയുടെ മള്‍ട്ടി ബാരല്‍ റോക്കറ്റ് ലോഞ്ചറുകളായ പിനാകയും ടാങ്കുകള്‍ കണ്ടെത്തി നശിപ്പിക്കാന്‍ കഴിയുന്ന കോണ്‍കുര്‍ മിസൈലുകളും അര്‍മേനിയ വാങ്ങിയിരുന്നു.

'എരിതീ'യില്‍ എണ്ണ

എണ്ണ-പ്രകൃതി വാതക ശേഖരത്തിനും മേഖലയ്ക്കു വേണ്ടിയുള്ള പോരാട്ടത്തില്‍ വലിയ പങ്കുണ്ട്. ലോകവിപണിയിലേക്ക് എണ്ണ- വാതക പൈപ്പ് ലൈനുകളുടെ ഇടനാഴിയാണ് ദക്ഷിണ കാക്കസസ്. വലിയ എണ്ണ- പ്രകൃതി വാതക ശേഖരം ഇവിടെ കണ്ടെത്തിയിട്ടുണ്ട്. ഈ മേഖലയില്‍ ആധിപത്യം നേടിക്കഴിഞ്ഞാല്‍ ഭരണം ലഭിക്കുന്ന രാജ്യത്തിന് കീഴിലാവും ഈ ശേഖരവും. എണ്ണയെ ആശ്രയിച്ചുമാത്രം നിലനില്‍ക്കുന്ന അസര്‍ബൈജാന് തങ്ങളുടെ അവകാശവാദം വിട്ടുകൊടുക്കാതിരിക്കാനുള്ള ശ്രമത്തിനുപിന്നില്‍ ഇതും പ്രേരകമാവുന്നുണ്ട്. നഗോര്‍ണോ- കാരബാക്ക് വഴി കടന്നുപോകുന്ന പൈപ്പ് ലൈനുകളെ സംഘര്‍ഷത്തിന്റെ ഭാഗമായി അര്‍മേനിയ ആക്രമിക്കുന്നുവെന്ന ആരോപണം അസര്‍ബൈജാന്‍ ഉന്നയിക്കാറുണ്ട്. ഇത് അര്‍മേനിയ നിഷേധിക്കുകയും ചെയ്യുന്നു.

അസര്‍ബൈജാന്റെ എണ്ണ ശേഖരം തന്നെയാണ് അവര്‍ക്കൊപ്പം നില്‍ക്കാന്‍ തുര്‍ക്കിയെ പ്രേരിപ്പിക്കുന്നത്. അതേസമയം, അര്‍മേനിയക്ക് ആവശ്യമായ എണ്ണ എത്തിക്കുന്നത് റഷ്യയാണ്. മുംബൈയിലെ ചബാഹര്‍ തുറമുഖം വഴി മോസ്‌കോയിലേക്ക് ഇന്ത്യന്‍ വ്യാപാര ഇടനാഴിയിലെ പ്രധാനപാത അസര്‍ബൈജാന്‍ വഴിയാണ്. ലോക കമ്പോളത്തിലേക്ക് എണ്ണയും പ്രകൃതി വാതകവും കൊണ്ടുപോകുന്നത് ഇതു വഴിയായതിനാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം ഇന്ത്യയേയും ബാധിച്ചേക്കാവുന്നതാണ്.

രാഷ്ട്രം, രാഷ്ട്രീയം, വൈകാരികത

ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം തീക്കനലാക്കി നിര്‍ത്തുന്നതില്‍ രണ്ട് കൂട്ടക്കൊലകള്‍ക്കു പങ്കുണ്ട്. ഒന്നാം ലോക മഹായുദ്ധ കാലത്ത് ഓട്ടോമന്‍ സാമ്രാജ്യമായിരുന്നു അര്‍മേനിയ ഭരിച്ചിരുന്നത്. 1915 -17-ല്‍ അര്‍മേനിയയിലെ ക്രിസ്ത്യന്‍ ന്യൂനപക്ഷം റഷ്യയുമായി സഹകരിച്ചു എന്നതിന്റെ പേരില്‍ ഓട്ടോമന്‍ തുര്‍ക്കികള്‍ അര്‍മേനിയന്‍ ജനതയ്‌ക്കെതിരേ നടത്തിയ കൂട്ടക്കൊലയെ അര്‍മേനിയന്‍ വംശഹത്യ എന്നറിയപ്പെടുന്നത്. 15 ലക്ഷത്തോളം അര്‍മേനിയക്കാരാണ് അന്ന് കൊല്ലപ്പെട്ടത്. മറ്റൊരു കൂട്ടക്കൊല 1992-ലേതാണ്. ഇരുരാജ്യങ്ങളും തമ്മില്‍ യുദ്ധമുണ്ടായപ്പോള്‍ ഖോജാലി പട്ടണത്തില്‍ അസീറിയന്‍ വംശജരായ 161 പൗരന്മാരെ അര്‍മേനിയന്‍ സേനയും 366-ാമത് സി.ഐ.എസ്. റെജിമന്റും ചേര്‍ന്ന് കൊല ചെയ്തതാണ് ഖോജാലി കൂട്ടക്കൊലയെന്ന് അറിയപ്പെടുന്നത്. 106 സ്ത്രീകളും 63 കുട്ടികളും ഉള്‍പ്പെടെ 613 സിവിലയന്മാര്‍ മരിച്ചതായി അസര്‍ബൈജാന്‍ അവകാശപ്പെടുന്നു.

ഭരണഘടനാപരമായി ജനാധിപത്യമാണ് ഇരുരാജ്യങ്ങളിലും നിലനില്‍ക്കുന്നത്. സോവിയറ്റ് യൂണിയനില്‍നിന്നു സ്വതന്ത്രമായതിന് പിന്നാലെ അസര്‍ബൈജാനില്‍ ഹൈദര്‍ അലിയേവ് പ്രസിഡന്റായി. 1993-ല്‍ ഹൈദര്‍ അലിയേവ് പ്രസിഡന്റായി പത്തു വര്‍ഷം പിന്നിട്ട് 2003-ല്‍ മകന്‍ ഇല്‍ഹം അലിയേവ് സ്ഥാനത്തേക്ക് എത്തി. അന്ന് പോള്‍ ചെയ്യപ്പെട്ടതില്‍ 80% വോട്ടും നേടിയാണ് ഇല്‍ഹം അലിയേവ് അധികാരത്തില്‍ എത്തുന്നത്. പ്രതിപക്ഷമോ വിമര്‍ശന സ്വരങ്ങള്‍ക്കോ സ്ഥാനം നല്‍കാത്ത ഇല്‍ഹം, അടുത്തിടെ ഭരണഘടനയില്‍ ഭേദഗതി വരുത്തി. രാജ്യത്തിന്റെ പ്രസിഡന്റാവാനുള്ള കുറഞ്ഞ പ്രായം 35-ല്‍നിന്നു 18 ആയി കുറച്ചുകൊണ്ടുള്ളതായിരുന്നു ഭരണഘടനാ ഭേദഗതി. 2025-ല്‍ മകന്‍ ഹൈദര്‍ അലിയേവിന് വഴിയൊരുക്കാനാണ് ഭേദഗതി എന്നാണ് വിലയിരുത്തപ്പെടുന്നത്. സ്വതന്ത്രമാധ്യമങ്ങളില്ലാത്ത അസര്‍ബൈജാന്‍ രാജ്യങ്ങളെ ജനാധിപത്യത്തിന്റെ അടിസ്ഥാനത്തില്‍ ക്രമപ്പെടുത്തുന്ന ഡെമോക്രസി ഇന്‍ഡക്സില്‍ 167 രാജ്യങ്ങളില്‍ 141-ാം സ്ഥാനത്താണ്.

അതേസമയം, ഡെമോക്രസി ഇന്‍ഡക്സില്‍ 89-ാം സ്ഥാനത്താണ് അര്‍മേനിയ. ഹിതപരിശോധനയിലൂടെ 2005-ലും 2015-ലുമായി രണ്ടുവട്ടം അര്‍മേനിയ തങ്ങളുടെ ഭരണഘടന ഭേദഗതി ചെയ്തിട്ടുണ്ട്. അഞ്ചു വര്‍ഷം കൂടുമ്പോള്‍ 105 അംഗ ദേശീയ അസംബ്ലിയിലേക്ക് തിരഞ്ഞെടുപ്പ് നടത്തുന്നു. ഏഴു വര്‍ഷമാണ് പ്രസിഡന്റിന്റെ കാലാവധി. പ്രധാനമന്ത്രിയാണ് രാഷ്ട്രത്തലവന്‍. ഒരു വെടിയുണ്ട പോലും ഉതിര്‍ക്കാതെ, ഒരു തുള്ളി ചോരപോലും ചിന്താതെ അധികാരമാറ്റത്തിനായി വിപ്ലവം നടത്തിയ ചരിത്രവും അര്‍മേനിയയ്ക്ക് പറയാനുണ്ട്. 2018-ല്‍ നികോള്‍ പാഷ്നിയാനിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധങ്ങള്‍ക്കു പിന്നാലെ നടന്ന അധികാര കൈമാറ്റത്തെ വെല്‍വെറ്റ് റെവല്യൂഷന്‍ എന്നാണ് അറിയപ്പെടുന്നത്.

എണ്ണയെ മാത്രം ആശ്രയിച്ച് സമ്പദ് വ്യവസ്ഥ നിലനില്‍ക്കുന്ന അസര്‍ബൈജാനില്‍, രാജ്യാന്തര തലത്തില്‍ എണ്ണവിലകുറഞ്ഞതിന്റേയും പിന്നാലെ കോവിഡ് വ്യാപിച്ചതിന്റേയും ഫലമായി സാമ്പത്തിക ബുദ്ധിമുട്ട് രൂക്ഷമായപ്പോള്‍ അസീറികള്‍ തെരുവിലിറങ്ങി, അവരുടെ ഏക ആവശ്യം അര്‍മേനിയുമായി യുദ്ധം വേണമെന്നായിരുന്നു.

Content Highlights: armenia and azerbaijan conflict


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented