വനം വകുപ്പ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റുന്ന ലാഘവത്തോടെയാണോ അരിക്കൊമ്പനെ മാറ്റേണ്ടത്? | പ്രതിഭാഷണം


By സി.പി.ജോണ്‍

6 min read
Read later
Print
Share

അരിക്കൊമ്പൻ | Photo: Mathrubhumi Library

നം വകുപ്പ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റുന്ന ലാഘവത്തോടെയാണ് അരിക്കൊമ്പനെ സര്‍ക്കാര്‍ മറ്റൊരു ആവാസ കേന്ദ്രത്തിലേക്ക് ബലം പ്രയോഗിച്ച് മാറ്റിയിരിക്കുന്നത്. പക്ഷേ, നാം കൈകാര്യം ചെയ്യുന്നത് കാട്ടുജീവികളെയാണെന്നും അവരുടെ നിയമങ്ങള്‍ സര്‍ക്കാരിന്റെയും കോടതികളുടെയും ഉത്തരവുകളില്‍ ബന്ധിക്കാന്‍ കഴിയുന്നതല്ലെന്നും മനസ്സിലാക്കാന്‍ ഇനിയും ഏറെനാള്‍ വേണ്ടി വന്നേക്കാം. ഇതിനിടയിലാണ് സ്ഥലംമാറ്റം കിട്ടിയ സാങ്കേതികമായി ട്രാന്‍സ്‌ലൊക്കേറ്റഡ് ആയ അരിക്കൊമ്പന്‍ തിരിച്ചുവരുന്നുവെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ നിറയുന്നത്. അരിക്കൊമ്പന്‍ തന്നെ മയക്കത്തില്‍ ഉപേക്ഷിച്ച സ്ഥലത്തേക്കാണോ അതോ തന്റെ സ്വന്തം ആവാസകേന്ദ്രത്തിലേക്കാണോ തിരിച്ചുവരിക എന്ന കാര്യത്തിലേ സംശയമുള്ളൂ.

വനം വകുപ്പിലെ ഉദ്യോസ്ഥര്‍ക്ക് വനത്തോടും വന്യജീവികളോടും താരതമ്യേന മെച്ചപ്പെട്ട സമീപനമാണ് ഇക്കാലത്തുള്ളത്. വനം വകുപ്പ് ഉദ്യോഗസ്ഥന്മാരുടെ ഗുണനിലവാരത്തില്‍ വളരെ മികച്ച മാറ്റമാണ് ഉണ്ടായിട്ടുള്ളത് എന്ന് നിരീക്ഷിക്കാന്‍ ആ വകുപ്പിന്റെ ചുമതല ഏതാണ്ട് പത്തുവര്‍ഷം പ്ലാനിങ് ബോര്‍ഡില്‍ നിര്‍വഹിച്ച ഈ ലേഖകന് സാധിച്ചിട്ടുമുണ്ട്.

എന്നാല്‍, ഇന്നത്തെ ജൈവ ചരിത്രസന്ധിയില്‍ വന്യമൃഗങ്ങളും മനുഷ്യനും എവിടെയാണ് നില്‍ക്കുന്നത് എന്നതു സംബന്ധിച്ചോ വന്യമൃഗങ്ങളെ കൈകാര്യം ചെയ്യുമ്പോള്‍ നമുക്കുണ്ടാകേണ്ട ബോധ്യങ്ങളെ കുറിച്ചോ വ്യക്തമായ ബോധം നമുക്കില്ലെന്ന് മാത്രമല്ല, ഇക്കാര്യത്തില്‍ നിരക്ഷരതയുടെ പടുകുഴിയിലാണ് നാം. കാട്ടുമൃഗങ്ങളെ കൈകാര്യം ചെയ്യുമ്പോള്‍ ഒരു ശല്യം എന്ന നിലയ്ക്കല്ല.

ആനശല്യം, കാട്ടുപന്നിശല്യം എന്നതെല്ലാം തീര്‍ച്ചയായും കര്‍ഷകരെ സംബന്ധിച്ചിടത്തോളം അവരുടെ ജീവല്‍പ്രശ്‌നമാണ്. നഗരകേന്ദ്രങ്ങളില്‍ സുരക്ഷിതമായ സ്ഥാനങ്ങളില്‍ ഇരുന്നുകൊണ്ട് പാവപ്പെട്ട മലയോര കര്‍ഷകരുടെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കാതെ സംസാരിക്കുന്ന വിദഗ്ധന്മാരോടും ലേഖകന് വിയോജിപ്പാണ്. എന്തായിരിക്കണം ശാസ്ത്രീയമായ വനപാലനമെന്നും വന്യജീവി പരിപാലനമെന്നും ചരിത്ര വസ്തുതകളുടെ അടിസ്ഥാനത്തില്‍ മനസ്സിലാക്കുകയും ആധുനിക ജീവിത സംവിധാനങ്ങളുടെ പശ്ചാത്തലത്തില്‍ പുതിയ തീരുമാനങ്ങളെടുക്കുകയും ചെയ്യുക എന്നതാണ് പുതിയ വെല്ലുവിളി.

മനുഷ്യന്റെ പരിണാമഘട്ടങ്ങളില്‍ വന്യജീവികളെ കൊന്നൊടുക്കിക്കൊണ്ടാണ് അവന്‍ മുന്നോട്ടുപോയത്. ഹോമോ സാപ്പിയന്‍സിന് എത്രയോ മുമ്പുണ്ടായ നിവര്‍ന്നു നടക്കാന്‍ തുടങ്ങിയ ഹോമോ ഇറക്ടസ് (Homo Eructus) വലിയ വേട്ടക്കാരായിരുന്നുവത്രേ. അവരുടെ ചാട്ടുളികള്‍ക്ക്, അവരുടെ കൂരമ്പുകള്‍ക്ക് വിധേയമായി പടുകൂറ്റന്‍ സസ്തനികൾ(mammals) ലോകത്തുനിന്നുതന്നെ അപ്രത്യക്ഷമായി പോലും. പടുകൂറ്റന്‍ സസ്തനികളെ കൊന്നുതിന്നുന്നത് അവരുടെ മുഖ്യ പരിപാടിയായിരുന്നു.

മൃഗങ്ങളെകുറിച്ച് സൂക്ഷ്മപഠനം നടത്തിയവര്‍ പറയുന്നത് സസ്തനികളുടെ വലിപ്പം കൂടുന്തോറും അവ ഇല്ലാതാകാനുള്ള സാധ്യത വര്‍ധിക്കുന്നുവെന്നാണ്. വേട്ടക്കാര്‍ക്ക് വലിയ ശരീരമുള്ള ജീവികളെ കാട്ടില്‍ വേഗം കണ്ടെത്താന്‍ സാധിക്കും. അവയ്ക്ക് വേഗത്തില്‍ ഓടിയൊളിക്കാനുള്ള കഴിവും കുറവാണല്ലോ. ഈ സന്ദര്‍ഭത്തില്‍ അവയെ കൊല്ലുക എളുപ്പമാണെന്നു മാത്രമല്ല, അതിനു വേണ്ടിയുള്ള അധ്വാനം ലാഭകരവുമാണ്. ഉണക്കി സൂക്ഷിച്ചാല്‍ കുറേ നാളത്തേക്ക് തിന്നാനുള്ള മാംസം അതില്‍ ഉണ്ടാകുമല്ലോ.

എന്തിനേറെ പറയുന്നു, മനുഷ്യന്റെ വളര്‍ച്ച പൂര്‍ണമാകുമ്പോഴേക്കും 85 ശതമാനം വന്യമൃഗ സമ്പത്തും ഇല്ലാതായി എന്നാണ് കണക്കുകള്‍ കാണിക്കുന്നത്. വന്യമൃഗങ്ങളുടെ കണക്കെടുപ്പ് അല്പം സങ്കീര്‍ണമായ വിഷയമാണ്. വന്യമൃഗങ്ങളെ എണ്ണത്തിലല്ല മറിച്ച് തൂക്കത്തിലാണ് കണക്കെടുക്കുന്നത്. അതിനെ കാര്‍ബണ്‍ ബയോമാസ് എന്നാണ് വിളിക്കുക. ഓരോ മൃഗവും എത്ര തൂക്കമുണ്ട് എന്നതിനനുസരിച്ച് കാര്‍ബണ്‍ ബയോമാസിന്റെ അളവും കൂടും. സ്തന്യജീവികളുടെ കാര്‍ബണ്‍ ബയോമാസ് കണക്കാക്കിയാല്‍ മനുഷ്യരുടെ ബയോമാസ് 34 ശതമാനമാണെങ്കില്‍ കരയിലും കടലിലും ഉള്ള (ആനയും തിമിംഗലവും അടക്കമുള്ള) സ്തന്യജീവികളുടേത് വെറും നാലു ശതമാനമാണ്.

ആനകള്‍ ഉള്‍പ്പടെയുള്ള കരയിലെ വന്യ സ്തന്യജീവികള്‍ വെറും രണ്ടുശതമാനം മാത്രം. എന്നാല്‍, മനുഷ്യന്റെ വളര്‍ത്തുമൃഗങ്ങള്‍ ആകെ ലോകത്തുള്ള സ്തന്യജീവി ഭാരത്തിന്റെ 62 ശതമാനമാണ്. അതില്‍ പശുക്കളും പോത്തുകളും അടക്കം കന്നുകാലികളുടേത് 40 ശതമാനമാണ്. പന്നികളുടേത് 12 ശതമാനവും. എല്ലാതരം ആടുകളേതും ചേര്‍ന്നാല്‍ ആറു ശതമാനവും. കുതിരകള്‍ രണ്ടു ശതമാനമേയുള്ളൂ. ഒട്ടകവും കഴുതയും ഓരോ ശതമാനം വീതവും.

ഇത് മനുഷ്യ വളര്‍ച്ചയുടെ നേര്‍ചിത്രമാണ്. മനുഷ്യന്‍ വളരുന്തോറും വന്യജീവികള്‍ കുറയുന്നു. എന്നാല്‍, മെരുക്കി വളര്‍ത്തുന്ന ജീവികളുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കുന്നു. പക്ഷികളുടെ കാര്യത്തിലും കഥ വ്യത്യസ്തമല്ല. കാട്ടുപക്ഷികളുടെയും വളര്‍ത്തുപക്ഷികളുടെയും അളവ് ഏകദേശം മുപ്പതും എഴുപതുമാണ്. ഇതിന്റെ അര്‍ഥം മനുഷ്യനെന്ന ചെറിയ ജന്തു വലിയ ജന്തുക്കളെ കീഴ്‌പ്പെടുത്തിയിരിക്കുന്നു.

തിമിംഗലങ്ങളെ പോലും മനുഷ്യന്‍ വെറുതെ വിടുന്നില്ല. കടലിനടിയില്‍ മുല കൊടുക്കുന്ന ജീവിയാണ് തിമിംഗലമെന്നുപോലും നാം ചിന്തിക്കാറില്ല. തിമിംഗലത്തിന്റെ പാലെടുക്കാനുള്ള ശ്രമവും അതിനെ കൊന്നാല്‍ എന്തെല്ലാം കിട്ടും എന്ന അന്വേഷണവും ഇന്ന് വന്‍തോതില്‍ നടക്കുന്നുണ്ടത്രേ. മനുഷ്യന്റെ വളര്‍ച്ച കാട്ടുജന്തുക്കളുടെ നാശത്തിന്റെ പര്യായപദമായി മാറിയിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ വേണം നാം വന്യജീവി സങ്കീര്‍ണതയെ പഠിക്കാനും മനസ്സിലാക്കാനും ശ്രമിക്കേണ്ടത്.

വന്യജീവി ഒരു പ്രശ്‌നമല്ല, വന്യജീവികളുടെ നാശമാണ് പ്രശ്‌നം എന്ന യാഥാര്‍ഥ്യ ബോധത്തിലേക്ക് വരിക എന്നതാണ് ആദ്യത്തെ ഘട്ടം. അവിടെയാണ് വന്യജീവികളുടെ ആവാസകേന്ദ്രങ്ങളായ വനങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെയും ഒരു നിശ്ചിത ശതമാനത്തില്‍ കുറയാതെ നിലനിര്‍ത്തേണ്ടതിന്റെയും പ്രധാന്യം ഒളിഞ്ഞിരിക്കുന്നത്, വനങ്ങള്‍ നേരത്തേ പറഞ്ഞ സ്തന്യ ജീവികള്‍ക്കും കാട്ടുപക്ഷികള്‍ക്കും മാത്രമുള്ള കേന്ദ്രമല്ല. നിപ്പ വൈറസും കൊറോണ വൈറസും മുതല്‍ അതിസൂക്ഷ്മ ജീവികള്‍ വരെ അവരുടെ ആവാസ കേന്ദ്രമാക്കിയിരിക്കുന്നത് വനങ്ങളെയാണ്. കൊറോണ വൈറസിന്റെ ആവിര്‍ഭാവത്തിന് തൊട്ടുമുമ്പ് 2019-ല്‍ ലോകമെമ്പാടുമുണ്ടായ കാട്ടുതീ കൊറോണ വൈറസിന്റെ വിസ്‌ഫോടനത്തിന് കാരണമായിട്ടുണ്ട് എന്ന അഭിപ്രായം പ്രബലമാണ്‌.

ഓസ്‌ട്രേലിയയിലെ ബുഷ് ഫയര്‍ മുതല്‍ ആമസോണ്‍ കാടുകളിലെ തീ പിടിത്തവും കാനഡയിലെയും ലെബനോണിലെയും കാട്ടുതീയും ആഗോളതാപനത്തിന്റെ കൂടി ഉല്പന്നമായിരുന്നു. ഇവ ആഗോള താപനം വര്‍ധിപ്പിക്കുകയും ചെയ്തു. വനങ്ങളെ ആവാസ കേന്ദ്രമാക്കി വെച്ചിരുന്ന വൈറസുകള്‍ കോടാനുകോടി എണ്ണം നാം കാട്ടുമൃഗങ്ങളെ വേട്ടയാടി തിന്നതിലൂടെ(Bushmeat) നാട്ടിലേക്ക് വന്നതെന്നും പറയപ്പെടുന്നു.

എന്തൊക്കെയായാലും ഇതിന്റെ ശരി തെറ്റുകള്‍ വലിയ ചര്‍ച്ചകള്‍ക്ക് വിധേയമാകാറുണ്ട്. ഒരു കാര്യം അവിതര്‍ക്കിതമാണ്. വനങ്ങളും വനങ്ങളിലെ വൈറസ് മുതല്‍ ആനവരെയുള്ള ജന്തുലോകവും അതിസങ്കീര്‍ണമായ സസ്യലോകവും ഒരു ധാര്‍മികതയുടെ പേരില്‍ മാത്രം നിലനിര്‍ത്തേണ്ട ഒന്നല്ല. ഇവയുടെ അഭാവത്തില്‍ മനുഷ്യരാശിക്ക് മുന്നോട്ടുപോകാന്‍ സാധ്യമല്ല. വൻസസ്തനികളെ വേട്ടയാടി കൊന്ന ഹോമോ ഇറക്ടസ് ദീര്‍ഘകാലം ലോകത്ത് നന്നായി ജീവിച്ചുവെങ്കില്‍ അവര്‍ ലക്ഷക്കണക്കിന് വര്‍ഷം മുമ്പ് ഇല്ലാതായി എന്നും മറക്കരുത്. കൊറോണ വൈറസിന് ശാസ്ത്രലോകം ഫലപ്രദമായ വാക്‌സിന്‍ കണ്ടെത്തിയിരുന്നില്ലെങ്കില്‍ ഹോമോ സാപ്പിയന്‍സ് എന്ന ഇന്നത്തെ മനുഷ്യവര്‍ഗവും ആറ്റം ബോബുകളുടെയും യുദ്ധവിമാനങ്ങളുടെയും സാന്നിധ്യമുള്ളപ്പോള്‍തന്നെ വൈറസുകളാല്‍ ഇല്ലാതാകുന്നതിന് വലിയ ബുദ്ധിമുട്ട് ഒന്നും ഉണ്ടായിരുന്നില്ല. ലോകത്തെ പിടിച്ചുലച്ച കൊറോണ വൈറസ് പൊതുവില്‍ മൃഗങ്ങളെ ബാധിച്ചില്ല. അതുകൂടി സംഭവിച്ചിരുന്നുവെങ്കില്‍ നാം അന്യംനിന്നുപോയ ഹോമോ ഇറക്ടസിന്റെ പട്ടികയില്‍ ഇടംപിടിക്കുമായിരുന്നു. അതുകൊണ്ട് വനത്തോടും വന്യജീവിയോടുമുള്ള സമീപനം കൊറോണ വൈറസിനെ ശാസ്ത്രസഹായത്തോടെ മാത്രം അതിജീവിച്ച മനുഷ്യന്‍ കൂടുതല്‍ ഗൗരവമായി എടുക്കേണ്ടതുണ്ട്.

നമുക്ക് കേരളത്തിലെ കാട്ടാനകളിലേക്ക് തന്നെ തിരിച്ചുവരാം. അരിക്കൊമ്പന്‍, ചക്കക്കൊമ്പന്‍, പടയപ്പ തുടങ്ങിയ പേരുകള്‍ ഇന്ന് ജനപ്രിയ നേതാക്കളെപ്പോലെയും സിനിമാതാരങ്ങളെപ്പോലെയും പരിചിതമാണ് കേരള സമൂഹത്തിന്. ആരാണ് ഈ കൊമ്പന്മാര്‍? സാങ്കേതികമായി കാട്ടാനകളാണെങ്കിലും ഇത്തരം മൃഗങ്ങള്‍ മനുഷ്യവാസകേന്ദ്രങ്ങളുമായി പരിചയപ്പെട്ടിരിക്കുന്നു. മറ്റൊരു അര്‍ഥത്തില്‍ പറഞ്ഞാല്‍ ഇവരുടെ ആവാസ കേന്ദ്രങ്ങളില്‍ മനുഷ്യസാന്നിധ്യമുണ്ടായിട്ടുണ്ട്.

മനുഷ്യസാന്നിധ്യവുമായി ഇണങ്ങിയും പിണങ്ങിയും പോകുന്ന ഈ കാട്ടുമൃഗങ്ങളെ എല്ലാ അര്‍ഥത്തിലുമുള്ള കാട്ടുമൃഗങ്ങളായി കണക്കാക്കാതിരിക്കുക എന്നതാണ് ഈ ലേഖകന്‍ നിര്‍ദേശിക്കുന്നപ്രശ്‌നപരിഹാര മാര്‍ഗങ്ങളിലൊന്ന്. ഇതിനകം തന്നെ വനപാലകര്‍ക്കിടയില്‍ ഉയര്‍ന്നുവന്ന സാങ്കേതിക നാമമാണ് സെമി വൈല്‍ഡ് അഥവാ അര്‍ധ കാട്ടുജീവികള്‍ എന്നത്‌. നാം ഇണക്കി വളര്‍ത്തുന്ന ജീവികള്‍ക്കും മനുഷ്യരുമായി യാതൊരു ബന്ധവുമില്ലാത്ത കാട്ടുജീവികള്‍ക്കും ഇടയില്‍ മനുഷ്യരുമായി ഇണങ്ങിയും പിണങ്ങിയും കഴിയുന്ന മൂന്നാമത് ഒരു വിഭാഗം കൂടെ ഉരുത്തിരിഞ്ഞിരിക്കുന്നു എന്നര്‍ഥം. അവരാണ് പ്രശ്‌നക്കാരായി മാധ്യമങ്ങളില്‍ നിറയുന്നതും പലപ്പോഴും ഔചിത്യബോധമില്ലാതെ ഇതുസംബന്ധിച്ച വാര്‍ത്തകള്‍ പെരുപ്പിച്ചും മനുഷ്യര്‍ തമ്മിലുള്ള സംഘര്‍ഷങ്ങളോട് സമപ്പെടുത്തിയും എഴുതുകയും കാണിക്കുകയും ചെയ്യുന്നത്.

അതുകൊണ്ടുതന്നെ പ്രശ്‌നമായി അവതരിപ്പിക്കപ്പെടുന്നത് കാട്ടുമൃഗങ്ങളല്ല. മനുഷ്യരുമായി ഇടപഴകാന്‍ ഇടവന്നിട്ടുള്ള അര്‍ധ കാട്ടുമൃഗങ്ങളാണ്. ഇവയെ എങ്ങനെ ആ പ്രദേശങ്ങളില്‍ ജീവിക്കുന്ന മനുഷ്യര്‍ക്ക് കൈകാര്യം ചെയ്യാം എന്നതാണ് നയപരമായ പ്രശ്‌നം. തീര്‍ച്ചയായും സര്‍ക്കാരിന് അതിന്റേതായ നയം രൂപീകരിക്കേണ്ടതായിട്ടുണ്ട്. ഇതിനകം തന്നെ വികൃതികളായ കാട്ടാനകളെ മെരുക്കാന്‍ കൊണ്ടുപോകുന്ന കുങ്കിയാനകളും പ്രശസ്തിയിലേക്ക് ഉയര്‍ന്നിട്ടുണ്ട്. ആരാണ് ഈ കുങ്കിയാനകള്‍? അവര്‍ പകുതി കാട്ടാനയും പകുതി നാട്ടാനയുമാണ്. കുങ്കിയാനയെ അനുസരിപ്പിക്കുന്ന പാപ്പാന്മാര്‍ അധികമില്ല. കുങ്കിയാനകളെ കാട്ടില്‍നിന്ന് മെരുക്കിയെടുത്ത് കുങ്കിയാനകളാക്കി മാറ്റുന്ന രീതി ശാസ്ത്രീയമായി വികസിപ്പിച്ചിട്ടുണ്ട് എന്നാണ് വനംവകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്മാര്‍ ഈ ലേഖകനോട് പറഞ്ഞത്.

ആനകളെ ചട്ടംപഠിപ്പിക്കാന്‍ അടിക്കേണ്ട കാര്യമില്ലെന്നും പീഡനത്തിന് പകരം അവര്‍ക്ക് മധുരം നല്‍കിയാല്‍ ശാസ്ത്രീയമായി ആനകളെ അനുസരിപ്പിക്കാമെന്നുമാണ് പുതിയ കണ്ടെത്തല്‍. അങ്ങനെയാണത്രേ ഓരോ കൊച്ചുകാര്യങ്ങള്‍ ചെയ്യാന്‍ കരിമ്പിന്‍ കഷ്ണങ്ങള്‍ നല്‍കി കാട്ടാനകളായ കുങ്കിയാനകളെ മെരുക്കുന്നത്. രാത്രികാലങ്ങളില്‍ ഇതില്‍ മിക്കതിനേയും കാട്ടിലേക്ക് അഴിച്ചുവിടുകയാണ് ചെയ്യുന്നത്. അവിടെ അവര്‍ക്ക് കാട്ടാനകളുമായി കുടുംബബന്ധങ്ങളുണ്ട്. അവരുമായി സല്ലപിക്കാനും ഇണ ചേരാനും പല കുങ്കിയാനകള്‍ക്കും അനുവാദമുണ്ട്. ഇത് സമാന്യം നല്ലൊരു രീതിയായാണ് തോന്നുന്നത്. തീര്‍ച്ചയായും ആനകളെ എഴുന്നള്ളിക്കുന്ന പൂരം കാണുന്നത് ഈ ലേഖകന്‍ അടക്കമുള്ള ലക്ഷക്കണക്കിന് ആളുകള്‍ക്ക് കൗതുകരമായ കാര്യമാണ്. ആനകളെ കാണുന്നതിനൊപ്പം അതിനോടുള്ള ചങ്ങലകിലുക്കം കേള്‍ക്കുന്നതും കുട്ടിക്കാലം മുതല്‍ നമ്മുടെ അനുഭവമാണ്. പക്ഷേ ഇരുമ്പു ചങ്ങലകളില്‍ ബന്ധിപ്പിച്ചിട്ടുള്ള പലപ്പോഴും കഠിനമായി ശിക്ഷിക്കപ്പെടുന്ന നാട്ടാനകള്‍ വേദനയുണ്ടാക്കിയിട്ടുണ്ട്. കഠിനമായി ശിക്ഷിക്കാത്ത തരത്തില്‍ മാതൃകാപരമായി ആനകളെ വളര്‍ത്തുന്നതും നാം ധാരാളമായി കണ്ടിട്ടുണ്ട്. പണ്ടുകാലത്ത് ഒന്നാം ക്ലാസ് മുതല്‍ കുട്ടികള്‍ക്ക് ചൂരല്‍വടികൊണ്ട് അടികൊടുക്കുക എന്നത് നല്ലകാര്യമായിട്ടാണ് അവരുടെ രക്ഷാകര്‍ത്താക്കള്‍ പോലും കണ്ടിരുന്നതെങ്കിൽ ഇന്നത് പാടില്ല. മൃഗപരിപാലനത്തിനും മൃഗപരിശീലനത്തിനും വടി ഒഴിവാക്കുകയും പ്രോത്സാഹനം കൊണ്ടുവരികയും ചെയ്താല്‍ നാട്ടാന പരിപാലനത്തിന് പുതിയ മാതൃകകള്‍ സൃഷ്ടിക്കാവുന്നതാണ്.

ചങ്ങലകള്‍ക്കു പകരം അതിനേക്കാള്‍ ശക്തിയുള്ള പുതിയ ഉല്പന്നങ്ങള്‍ ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമായിട്ടുണ്ടത്രേ. അതുപയോഗിച്ചാണ് കുങ്കിയാനകളെ പലപ്പോഴും കെട്ടിയിടുന്നതെന്നും മനസ്സിലാക്കുന്നു. ഇത് പരിശീലനത്തിന് വഴങ്ങുന്ന ആനകളുടെ കാര്യമാണ്. ആനകളെ രണ്ടു തരത്തില്‍ നിന്ന് മൂന്നു തരമായി തിരിച്ച് മനുഷ്യവാസകേന്ദ്രങ്ങളില്‍ സ്ഥാനമറിയിക്കുന്ന ആനകളെ പരിപാലിക്കാനുള്ള വിദഗ്ധരായ പരിശീലകരുടെ, പരമ്പരാഗതമായ ഭാഷയില്‍ പറഞ്ഞാല്‍ പാപ്പാന്മാരുടെ എണ്ണം വര്‍ധിപ്പിക്കണം. ഇതില്‍ ആദിവാസി വിഭാഗങ്ങളില്‍ പെട്ട ചെറുപ്പക്കാര്‍ കാണിക്കുന്ന വൈദഗ്ധ്യം അതിനെ ഒരു കൗതുകമായി മാത്രം കണക്കാക്കേണ്ടതല്ല. മൂന്നാറില്‍നിന്ന് തമിഴ്‌നാട്ടിലേക്ക് പോകുന്ന ഭാഗത്ത് ഭംഗിയായി കാട്ടാനയെ മെരുക്കിയ തമിഴ്‌നാട് വനം വകുപ്പിന്റെ കഥയും പത്രങ്ങളില്‍ വന്നിരുന്നു. പ്രസിദ്ധനായ ഒരു ഫുട്‌ബോളറുടെ പേരാണ് ആനയ്ക്ക്. ഇത്തരത്തില്‍ ആന പരിപാലനം ശാസ്ത്രീയമാക്കിയാല്‍ തീരുന്നതേയുള്ളൂ ആനയോളം പോരുന്ന പ്രശ്‌നങ്ങളുടെ 90 ശതമാനവും.

പക്ഷേ, കടുവകളുടെയും പുലികളുടെയും കാര്യം അതല്ല. ആനകളെ പോലെ മധുരം നല്‍കി ഇണക്കി വളര്‍ത്താവുന്ന ഒന്നല്ല കടുവ. പക്ഷേ മനുഷ്യവാസ കേന്ദ്രങ്ങളിലേക്ക് വന്ന ഏഴു കടുവകളെ വയനാട്ടില്‍ ഇതിനകം വനപാലകര്‍ക്ക് കൂട്ടിലടയ്‌ക്കേണ്ടി വന്നിട്ടുണ്ട്. അതില്‍ രണ്ടെണ്ണം മൃഗശാലകള്‍ക്ക് നല്‍കി. ബാക്കി അഞ്ചെണ്ണവും ആരെയും കാണിക്കാതെ വയനാട്ടിലെ കൂടുകളില്‍ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുകയാണ്. കടുവകളുടെ പരിശീലകനും കടുവകളുമായി നന്നായി ഇണങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. അത് മറ്റൊരു വിഷയമാണ്. കടുവകളെയും കൊന്നുകളയുകയല്ല വേണ്ടത് വനങ്ങളില്‍നിന്ന് മനുഷ്യവാസ കേന്ദ്രങ്ങളിലേക്ക് വരുന്ന കടുവകള്‍ ഭക്ഷണം കിട്ടാത്തതുകൊണ്ട് മാത്രം ഇരതേടി വരുന്നവയല്ല. കടുവകളുടെയും ആനകളുടെയും എണ്ണം കുറഞ്ഞുപോയ ഘട്ടത്തില്‍ അത് നിലനിര്‍ത്താനും വര്‍ധിക്കാനും കൊണ്ടുവന്ന പദ്ധതികള്‍ വിജയംകണ്ടതുകൊണ്ടുകൂടിയാണ്.

അതിന്റെ ഫലമായി ഇന്ന് കേരളത്തില്‍ മൂവായിരത്തില്‍ അധികം കാട്ടാനകളുണ്ട്. കര്‍ണാടകത്തില്‍ ആറായിരത്തില്‍ അധികവും തമിഴ്‌നാട്ടില്‍ 1500ഉം
കാട്ടാനകളുണ്ട്. കടുവകളുടെ എണ്ണത്തിലും സ്ഥിരത ഉണ്ടായിട്ടുണ്ട്. വയനാട് - ബന്ദിപ്പൂര്‍ ഭാഗത്ത് 70 കടുവകളുണ്ട് എന്നാണ് കണക്കാക്കുന്നത്. കടുവകള്‍ക്ക് ഒരുപാട് വാസസ്ഥലം ആവശ്യമുണ്ട്. അത്രയും വാസസ്ഥലം അവര്‍ക്ക് യഥേഷ്ടം നടക്കാന്‍ നല്‍കുക എന്നതില്‍ അപ്രായോഗികതകളാണ് കൂടുതല്‍. ഈ സാഹചര്യത്തിലാണ് കടുവകളെ പിടിക്കാന്‍ നാട്ടുകാര്‍ മുറവിളി കൂട്ടുന്നത്. കടുവ സങ്കേതത്തില്‍ നിന്ന് ഒഴിഞ്ഞുപോകാന്‍ താല്പര്യമുള്ളവര്‍ക്ക് ദേശീയ പാതയില്‍നിന്ന് ഒഴിയുന്നവര്‍ക്ക് നല്‍കുന്നത് പോലെയുള്ള നല്ല നഷ്ടപരിഹാരം കൊടുക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. നാമമാത്രമായ നഷ്ടപരിഹാരംകൊണ്ട് ഒഴിഞ്ഞുപോകാന്‍ പറയുന്നത് ശരിയല്ല. നേരത്തേ പറഞ്ഞതുപോലെ വനപരിപാലനവും വന്യജീവി പരിപാലനവും ഒരര്‍ഥത്തില്‍ ദേശീയപാത വികസനത്തേക്കാള്‍ ചരിത്രപരമായി പ്രാധാന്യമുള്ളതാണ്. അതുകൊണ്ട് കൃഷിക്കാരോട് സംസാരിക്കുകയും വന്യമൃഗങ്ങളുടെ സാന്നിധ്യത്തില്‍ ഇനി താമസിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറയുന്ന കര്‍ഷകര്‍ക്ക് നല്ല നഷ്ടപരിഹാരം നല്‍കി മറ്റിടങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുക എന്നതും യുക്തിസഹമായിട്ടുള്ളതാണ്.

ആദിവാസി യുവാക്കളെ സ്‌പെഷ്യല്‍ റിക്രൂട്ട് ചെയ്ത നടപടിയിലൂടെ നല്ല മാറ്റമുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. മൃഗങ്ങളോട് ഭയത്തിന്റെ ഭാഷയില്‍ അല്ലാതെ സംസാരിക്കാനും അവരെ ഇണക്കി വളര്‍ത്തുവാനും ഈ യുവാക്കള്‍ക്കുള്ള കഴിവ് ഇതിനകംതന്നെ ഏറെ പ്രശംസിക്കപ്പെട്ടിട്ടുണ്ട്. എന്തായാലും ഇനി മുതല്‍ അങ്ങോട്ട് വനവും വന്യജീവിയും പ്രശ്‌നമല്ല, മറിച്ച് മനുഷ്യരാശിയുടെ നിലനില്‍പിന്റെ അടിസ്ഥാനമാണ് എന്ന ബോധ്യത്തോടെ സര്‍ക്കാരുകള്‍ പെരുമാറണം. വന്യജീവികള്‍ മൂലം സമൂഹം നേരിടുന്ന പ്രശ്‌നങ്ങളെ അതര്‍ഹിക്കുന്ന ഗൗരവത്തോടെ കാണുകയും വേണം.

Content Highlights: Arikomban relocated to tiger reserve, Prathibhashanam column by CP John

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Sakshi Malik
Premium

9 min

അവസാനത്തിന്റെ ആരംഭം | വഴിപോക്കൻ

Jun 3, 2023


Narendra Modi
Premium

8 min

അസമത്വത്തിന്റെ പെരുകൽ അഥവാ മോദി സർക്കാരിന്റെ ഒമ്പത് വർഷങ്ങൾ | വഴിപോക്കൻ

May 18, 2023


Central Vista
Premium

6 min

അൽപത്തരങ്ങളുടെ തമ്പുരാൻ | വഴിപോക്കൻ

May 27, 2023

Most Commented