പ്രതീകാത്മക ചിത്രം
പറക്കും തളികകള്‍, അന്യഗ്രഹജീവികള്‍..! അമേരിക്കയിലെ ഏരിയ 51 എന്ന അതീവസുരക്ഷാകേന്ദ്രം എക്കാലവും ഇത്തരം അജ്ഞാതവസ്തുക്കളെ ചുറ്റിപ്പറ്റിയാണ് ചര്‍ച്ചകളില്‍ ഇടം നേടാറുള്ളത്. ഹെക്ടറുകളോളം പരന്നുകിടക്കുന്ന ഈ രഹസ്യകേന്ദ്രം ലോകത്തിലെ തന്നെ ഏറ്റവും നിഗൂഢമായ സ്ഥലങ്ങളുടെ പട്ടികയിലേക്ക് കയറിപ്പറ്റിയതും ഈ കാരണത്താല്‍ തന്നെ. സഞ്ചാരികള്‍ക്ക് പ്രവേശനമില്ലാത്ത പ്രദേശം അമേരിക്കയുടെ അതീവസുരക്ഷാ എയര്‍ഫോഴ്‌സ് ബേസ് എന്നാണ് അറിയപ്പെടുന്നത്. യഥാര്‍ഥത്തില്‍ ഏരിയ 51-നുള്ളില്‍ എന്താണ് സംഭവിക്കുന്നതെന്നു പുറംലോകത്തിന് ഇതുവരെ വ്യക്തമായി മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല. എങ്കിലും അന്യഗ്രഹജീവികളെ കുറിച്ച് ഗവേഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് ഇതിനുള്ളില്‍ നടക്കുന്നതെന്നാണ് ലോകത്തിന്റെ സംശയം. അതുകൊണ്ടുതന്നെ ഏരിയ 51-നെ കുറിച്ചുള്ള കെട്ടുകഥകള്‍ക്ക് ഒരു കാലത്തും പഞ്ഞമില്ല. ഈ നിഗൂഢതയുടെ ചുരുളഴിക്കുക എളുപ്പമല്ല. കാരണം ഇവിടേക്കാര്‍ക്കും പ്രവേശനമില്ല.
നെവാഡ മരുഭൂമിയിലെ രഹസ്യസങ്കേതം, എവിടെയാണ് ഏരിയ 51?
അമേരിക്കയിലെ വടക്ക് പടിഞ്ഞാറന്‍ ലാസ് വേഗസില്‍നിന്ന് ഏകദേശം 120 മൈല്‍ വടക്ക് പടിഞ്ഞാറ് ഭാഗത്ത് നെവാഡയില്‍ ഹെക്ടറുകളോളം പരന്നുകിടക്കുന്ന സ്ഥലത്താണ് ഏരിയ 51 പ്രവര്‍ത്തിക്കുന്നത്. നെവാഡയിലെ എക്സ്ട്രാ ടെറസ്ട്രിയല്‍ ഹൈവേയില്‍ 29-30 മൈല്‍ മാര്‍ക്കറുകള്‍ക്കിടയിലാണ് ഏരിയ 51-ലേക്കുള്ള മണ്‍വഴിയുള്ളത്. സമീപത്തെ ഗ്രൂം തടാകത്തിലേക്കോ ചെറുവിമാനത്താവളത്തിലേക്കോ നയിക്കുന്ന വഴിയായാണ് സിവില്‍ ഏവിയേഷന്‍ ഭൂപടത്തില്‍ പോലും ഇതിനെ അടയാളപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, ഈ വഴി യഥാര്‍ഥത്തില്‍ ചെന്നെത്തുന്നത് ഏരിയ 51 എന്ന ഔദ്യോഗിക പേരിലറിയപ്പെടുന്ന അതീവസുരക്ഷാ കേന്ദ്രത്തിലേക്കാണ്. പാരഡൈസ് റാഞ്ച്, വാട്ടര്‍ടൗണ്‍, ഡ്രീംലാന്‍ഡ് റിസോര്‍ട്ട്, റെഡ് സ്‌ക്വയര്‍, ദി ബോക്‌സ് ആന്റ് ദി റാഞ്ച്, നെവാഡ ടെസ്റ്റ് ആന്റ് ട്രെയിനിങ് റെയ്ഞ്ച്, ഡിറ്റാച്ച്‌മെന്റ് 3, എയര്‍പോഴ്‌സ് ഫ്‌ളൈറ്റ് ടെസ്റ്റ് സെന്റര്‍ തുടങ്ങിയ നിരവധി പേരുകളിലും സ്ഥലം അറിയപ്പെടുന്നുണ്ട്. ബേസ് പ്രവര്‍ത്തിക്കുന്നത് ചെറിയ സ്ഥലത്താണെങ്കിലും ചുറ്റുമുള്ള 36,000 ഹെക്ടര്‍ ചുറ്റളവ് സ്ഥലത്തേക്ക് പോലും ആര്‍ക്കും പ്രവേശനമില്ല.

രണ്ടാം ലോകമഹായുദ്ധത്തിന് മുന്‍പ് ഇവിടെയുള്ള തടാകത്തില്‍നിന്ന് വെള്ളി, ഈയം തുടങ്ങിയവ ഖനനം ചെയ്‌തെടുത്തിരുന്നു. യുദ്ധം ആരംഭിച്ചതോടെ സൈന്യം ഈ മേഖലയുടെ നിയന്ത്രണം ഏറ്റെടുത്ത് ഇവിടെ ഗവേഷണം ആരംഭിച്ചു. ആദ്യഘട്ടത്തില്‍ ആണവ ആയുധങ്ങളുടേയും മറ്റ് ആയുധങ്ങളുടേയും പരീക്ഷണമാണ് പ്രധാനമായും നടന്നിരുന്നത്. ശീതയുദ്ധകാലത്താണ് ഏരിയ 51 എന്ന രഹസ്യകേന്ദ്രം രൂപപ്പെട്ടു വരുന്നത്. രഹസ്യാന്വേഷണ വിമാനങ്ങള്‍ക്ക് രൂപം നല്‍കാനും നിര്‍മിക്കാനും പരീക്ഷിക്കാനുമായി പ്രത്യേക സ്ഥലം വേണമെന്നുള്ള ആലോചന അന്നത്തെ സി.ഐ.എ ഡയറക്ടറായ റിച്ചാര്‍ഡ് ബിസലാണ് മുന്നോട്ടുവെച്ചത്. 1955-ല്‍ ബിസലും എയര്‍ ക്രാഫ്റ്റ് ഡിസൈനറായ കെല്ലി ജോണ്‍സണും ചേര്‍ന്ന് ഗ്രൂം ലേക്ക് ഉള്‍പ്പെട്ട പ്രദേശത്തെ ഇതിനായി തിരഞ്ഞെടുത്തു. തുടര്‍ന്ന് അറ്റോമിക് എനര്‍ജി കമ്മീഷന്‍ ഈ സ്ഥലത്തെ നെവാഡ ടെസ്റ്റ് സൈറ്റിന്റെ മാപ്പിലേക്ക് ചേര്‍ക്കുകയും സ്ഥലത്തിന് ഏരിയ 51 എന്ന് പേര് നല്‍കുകയും ചെയ്തു.
എട്ട് മാസത്തിനുളളില്‍ ഇവിടെവെച്ച് എഞ്ചിനീയര്‍മാര്‍ ആദ്യത്തെ യു 2 വിമാനം നിര്‍മിച്ചു. 70,000 അടി ഉയരത്തില്‍ പറക്കാന്‍ കഴിയുന്നവയായിരുന്നു ഇത്തരം വിമാനങ്ങള്‍. അന്ന് ലഭ്യമായിരുന്ന എല്ലാ വിമാനങ്ങളേക്കാള്‍ ഉയരത്തില്‍ പറക്കാന്‍ കഴിയുന്നവയായിരുന്നു യു 2. അതുകൊണ്ട് തന്നെ യുദ്ധകാലത്തെ സോവിയറ്റ് റാഡാറിനും മിസൈലുകള്‍ക്കും വിമാനങ്ങള്‍ക്കും മുകളില്‍ പറക്കാന്‍ ഇവയ്ക്ക് സാധിച്ചു. എന്നാല്‍, 1960-ല്‍ ഈ വിമാനത്തേയും സോവിയറ്റ് യൂണിയന്റെ ആന്റി എയര്‍ മിസൈല്‍ വെടിവെച്ച് തകര്‍ത്തു. പരാജയം നേരിട്ട പശ്ചാത്തലത്തില്‍ അമേരിക്ക യു 2നേക്കാളും ആധുനികമായ വിമാനങ്ങളെക്കുറിച്ച് പഠിക്കാനും നിര്‍മിക്കാനും ആരംഭിച്ചു. തുടര്‍ന്ന് ടൈറ്റാനിയം ഉപയോഗിച്ച് നിര്‍മിച്ച എ 12 വിമാനങ്ങളായിരുന്നു ഏരിയ 51-ല്‍നിന്ന് അടുത്തതായി പുറത്തിറങ്ങിയത്. 90,000 അടി ഉയരത്തില്‍ പറക്കാന്‍ കഴിയുന്ന ഈ വിമാനങ്ങള്‍ക്ക് തുടര്‍ച്ചയായി 70 മിനുട്ടോ 2,2200 മൈല്‍ ദൂരമോ പറക്കാന്‍ കഴിയും. ഇതിന് പുറമേ വിമാനത്തില്‍ നിരവധി ക്യാമറകളും ഘടിപ്പിച്ചിരുന്നു. ഭൂമിയില്‍നിന്ന് ഒരടിയെങ്കിലും ഉയരത്തില്‍ നില്‍ക്കുന്ന വസ്തുക്കളുടെ ചിത്രങ്ങള്‍ എത്ര ഉയരത്തില്‍നിന്ന് വേണമെങ്കിലും പകര്‍ത്താന്‍ ഇവയ്ക്ക് കഴിഞ്ഞിരുന്നു. പിന്നീടും ഏരിയ 51-ല്‍ പലവിധ പഠനങ്ങളും പരീക്ഷണങ്ങളും നടന്നു. എന്നാല്‍ എന്ത് തരം പരീക്ഷണമാണ് അവിടെ നടക്കുന്നതെന്നാണ് ലോകം കൗതുകത്തോടെ ചോദിക്കുന്നത്.

അന്യഗ്രഹ ജീവികളും പറക്കും തളികകളും നിറഞ്ഞ ഏരിയ 51
1950-കള്‍ മുതല്‍ തന്നെ ഏരിയ 51-നെ കുറിച്ച് നിറംപിടിപ്പിച്ച പല കഥകളും പ്രചരിച്ചിരുന്നു. അന്യഗ്രഹപേടകങ്ങളെ കുറിച്ചും അന്യഗ്രഹ ജീവികളെ കുറിച്ചുമുള്ളതാണ് അതില്‍ പ്രധാനം. ഏരിയ 51-ല്‍ ജോലി ചെയ്തിരുന്ന റോബര്‍ട്ട് ലാസര്‍ എന്നയാള്‍ ലാസ് വേഗസിലെ ഒരു ന്യൂസ് സെന്ററിന് നല്‍കിയ അഭിമുഖമാണ് ആ പ്രദേശത്തിന് ഇത്രത്തോളം നിഗൂഢ പരിവേഷം നല്‍കിയത് എന്നാണ് പറയപ്പെടുന്നത്. ഏരിയ 51-ല്‍ അന്യഗ്രഹ പേടകങ്ങള്‍ ഉണ്ടെന്നും അതില്‍ ഗവേഷണം നടത്തി സൈന്യത്തിന് വേണ്ടി സമാനമായ സാങ്കേതികവിദ്യ പുനര്‍നിര്‍മിക്കുകയാണ് തന്റെ ജോലി എന്നായിരുന്നു റോബര്‍ട്ട് ലാസര്‍ അഭിമുഖത്തില്‍ പറഞ്ഞത്. ഇതോടെ ഏരിയ 51-ന് മുകളില്‍ ആകാശത്ത് രാത്രികാലങ്ങളില്‍ വിചിത്രമായ വസ്തുക്കൾ വട്ടമിട്ട് പറക്കുന്നത് കണ്ടിട്ടുണ്ടെന്നും അവ പറക്കുംതളികകളാണെന്നുമുള്ള പ്രചാരണങ്ങൾ സമീപവാസികള്‍ക്കിടയിലും അമേരിക്കയിലും പിന്നാലെ ലോകത്തും ശക്തമായി. എന്നാല്‍, ലാസറിന്റെ അവകാശവാദങ്ങള്‍ക്ക് അല്‍പായുസ്സേ ഉണ്ടായിരുന്നുള്ളൂ. അഭിമുഖത്തില്‍ അവകാശപ്പെട്ട വിദ്യാഭ്യാസ യോഗ്യതകളൊന്നും ലാസറിന് ഉണ്ടായിരുന്നില്ലെന്ന് രേഖകളില്‍നിന്ന് വ്യക്തമായി. മസാചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലും കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ടിലും പഠിച്ചിട്ടുണ്ടെന്നായിരുന്നു ലാസര്‍ പറഞ്ഞിരുന്നത്.
അതിനിടെ ഏരിയ 51-ല്‍ അന്യഗ്രഹപേടകങ്ങളെ കുറിച്ചല്ല, മറ്റ് രാജ്യങ്ങളില്‍ നിന്നെത്തിച്ച അത്യാധുനിക സാങ്കേതികവിദ്യ സ്വീകരിച്ച വിമാനങ്ങളെ കുറിച്ച് പഠിക്കുകയും വികസിപ്പിക്കുകയുമാണ് നടക്കുന്നതെന്ന റിപ്പോര്‍ട്ടുകളും പിന്നാലെ പുറത്തുവന്നു. ഏരിയ 51-ന് മുകളില്‍ മൂവായിരത്തോളം എ 12 വിമാനങ്ങളുള്‍പ്പെടെ നിരവധി അത്യാധുനിക വിമാനങ്ങള്‍ പറക്കുന്നതായി എയര്‍സ്‌പേസ് കണ്‍ട്രോളില്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതില്‍ ചില 'പറക്കും വസ്തുക്കള്‍'(unidentified flying objects) കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇവ അന്യഗ്രഹപേടകങ്ങളാണെന്ന ഊഹാപോഹങ്ങള്‍ക്ക് ആക്കം കൂട്ടുന്നതായിരുന്നു ഈ റിപ്പോര്‍ട്ട്. ടൈറ്റാനിയം ഉപയോഗിച്ചാണ് ഈ പറക്കുംവസ്തു നിര്‍മിച്ചിരിക്കുന്നത്, തോക്കിന്റെ ബുള്ളറ്റ് സഞ്ചരിക്കുന്നത്രയും വേഗത്തിലാണ് ഇത് പോകുന്നത്. അവ സൂര്യന്റെ രശ്മികളെ അതിശക്തമായി പ്രതിഫലിപ്പിക്കും. ആകൃതിയിലും മാറ്റമുണ്ട് എന്നാണ് ഏരിയ 51-നെ കുറിച്ച് എഴുതിയ പുസ്തകത്തില്‍ മാധ്യമപ്രവര്‍ത്തകയായ ആനി ജേക്കബ്‌സണ്‍ എഴുതിയിരിക്കുന്നത്. പറക്കുംവസ്തുവിനെ നേരിട്ട് കണ്ടുവെന്ന അവകാശവാദം ഉന്നയിച്ചവരുമായി സംസാരിച്ചാണ് ആനി 'ഏരിയ 51' എന്ന പുസ്തകം എഴുതിയിരിക്കുന്നത്. അതേസമയം, ലോകമെമ്പാടും ചര്‍ച്ചകള്‍ പലവിധത്തില്‍ പുറത്തുവന്നിട്ടും ഏരിയ 51-നെ കുറിച്ച് അമേരിക്ക ഒരു പ്രതികരണവും നടത്തിയിരുന്നില്ല.
അമേരിക്ക പറയുന്നത്
ഏരിയ 51-നെ കുറിച്ച് പലവിധ കഥകളും അഭ്യൂഹങ്ങളും ഉയര്‍ന്നിട്ടുണ്ടെങ്കിലും യു.എസ്. ഭരണകൂടം ഒരിക്കലും അതിനോടൊന്നും പ്രതികരിച്ചിരുന്നില്ല. ഈ പ്രദേശത്തെ കുറിച്ച് ആദ്യമായി ഒരു ഔദ്യോഗിക വിശദീകരണം പുറത്തിറങ്ങിയത് 2013-ലാണ്. ഇവിടെനിന്നുള്ള U 2, A 12 എന്നീ വിമാനങ്ങളുടെ വികസനത്തെ കുറിച്ചുള്ള വിവരങ്ങള്‍ യു.എസ്. രഹസ്യാന്വേഷണ വിഭാഗമായ സി.ഐ.എ. കൈമാറിയതോടെ ഏരിയ 51 എന്ന സ്ഥലം നിലവിലുണ്ടെന്ന് യു.എസ്. സര്‍ക്കാര്‍ ഔദ്യോഗികമായി അംഗീകരിക്കുകയായിരുന്നു. അന്ന് യു.എസ്. പ്രസിഡന്റായിരുന്ന ബരാക് ഒബാമ ഇക്കാര്യം പരസ്യമായി സ്ഥിരീകരിച്ചു. അതിന് മുന്‍പ് വരെ ഒരു ഭരണാധികാരിയും ഏരിയ 51നെ കുറിച്ച് തുറന്നുപറയാന്‍ തയ്യാറായിരുന്നില്ല.
തെക്കന്‍ നെവാഡയില്‍ അതീവസുരക്ഷയില്‍ ഒരു എയര്‍ഫോഴ്‌സ് ബേസ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന ഒബാമയുടെ പരാമര്‍ശം ഗൂഢാലോചനാസിദ്ധാന്തങ്ങള്‍ക്ക് വീണ്ടും ഉശിര് പകര്‍ന്നു. തകര്‍ന്ന അന്യഗ്രഹ പേടകങ്ങള്‍ ഇവിടെ സൂക്ഷിച്ചുവെച്ചിട്ടുണ്ടെന്നും അന്യഗ്രഹ ജീവികളെ പാര്‍പ്പിച്ചിച്ചിട്ടുണ്ടെന്നുമുള്ള പ്രസിഡന്റ് ഒബാമയുടെ പരാമര്‍ശത്തോടെ ഏരിയ 51നെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ വീണ്ടും സജീവമായി. അതിന് മുന്‍പ് 2012-ല്‍ ബില്‍ ക്ലിന്റണ്‍ മറ്റൊരു പരാമര്‍ശം നടത്തിയിരുന്നു. പരിസ്ഥിതി നിയമങ്ങളില്‍നിന്ന് ഏരിയ 51-നെ ഒഴിവാക്കുന്നതായുളള പ്രഖ്യാപനമായിരുന്നു അത്. സ്ഥലം പേരെടുത്ത് പറഞ്ഞില്ലെങ്കിലും ഗ്രൂം തടാകത്തിന് സമീപത്തെ എയര്‍ ഫോഴ്‌സ് ബേസ് എന്നായിരുന്നു ക്ലിന്റണ്‍ പറഞ്ഞത്. 2022-ല്‍ നടന്ന ഒരു ടി.വി. ഷോയ്ക്കിടെ ക്ലിന്റണ്‍ മറ്റൊരു വെളിപ്പെടുത്തലും നടത്തിയിരുന്നു. അന്യഗ്രഹ ജീവികളെ കണ്ടെത്താനായി തന്റെ സര്‍ക്കാര്‍ യു.എസ്. ഏജന്റുകളെ ഏരിയ 51-ലേക്ക് അയച്ചിരുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ തുറന്നുപറച്ചില്‍.
ഈ പ്രദേശത്ത് ഭൂമിയിലില്ലാത്ത മറ്റൊരു ജീവിയുടെ സാന്നിധ്യം ഉണ്ടാവാന്‍ സാധ്യതയുള്ളതായി ഗവേഷകര്‍ പറഞ്ഞതു പ്രകാരമാണ് ഏജന്റുമാരെ അയച്ചതെന്നാണ് ക്ലിന്റണ്‍ പറഞ്ഞത്. അജ്ഞാതമായ ആകാശ പ്രതിഭാസങ്ങളെ കുറിച്ച് പഠിക്കാന്‍ അന്വേഷണം നടത്തുമെന്ന യു.എസ്. കോണ്‍ഗ്രസിലെ നാസയുടെ പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു ക്ലിന്റണ്‍ ആ പരാമര്‍ശം നടത്തിയത്. ഗവേഷണത്തിനായി ശാസ്ത്രജ്ഞരെ നിയമിക്കുമെന്നും അന്യഗ്രഹപേടകങ്ങളെ കുറിച്ചുള്ള നിഗൂഢതകള്‍ ഒഴിവാക്കാന്‍ നാസയുടെ പദ്ധതിക്ക് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നാസ ശാസ്ത്രജ്ഞര്‍ അന്ന് പ്രതികരിച്ചിരുന്നു. താന്‍ അധികാരത്തിലെത്തിയാല്‍ ഏരിയ 51 സംബന്ധിച്ച വിവരങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായിരുന്ന ഹിലരി ക്ലിന്‍റണ്‍ വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍, തിരഞ്ഞെടുപ്പില്‍ പരാജയം നേരിട്ടതിനാല്‍ ആ വാഗ്ദാനം നടപ്പിലായില്ല.

അമേരിക്കയുമായി ബന്ധപ്പെട്ട അന്യഗ്രഹജീവികളെ കുറിച്ചുള്ള കെട്ടുകഥകളുടെ നെടുംതൂണാണ് ഏരിയ 51. ഈ മരുഭൂമിയില്‍ വിചിത്രമായതെന്തോ സംഭവിക്കുന്നുണ്ടെന്നു ജനങ്ങള്‍ ഉറച്ചുവിശ്വസിക്കുന്നു. സര്‍ക്കാര്‍ ഏരിയ 51 ഉണ്ടെന്ന് സമ്മതിച്ചെങ്കിലും അവിടെ യഥാര്‍ഥത്തില്‍ എന്താണ് നടക്കുന്നതെന്നത് സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല. അന്യഗ്രഹജീവികളെക്കുറിച്ചും പേടകങ്ങളെക്കുറിച്ചുമുള്ള കഥകള്‍ കേട്ട് കൗതുകം മൂത്ത ആയിരക്കണക്കിന് ലോകസഞ്ചാരികള്‍ ഇന്നും ഏരിയ 51 തേടി എത്താറുണ്ട്. പക്ഷെ, കിലോ മീറ്ററുകള്‍ക്ക് ദൂരെവെച്ചുതന്നെ ഈ മേഖലയിലേക്കുള്ള പ്രവേശനം തടയും. പൂര്‍ണമായും സൈനികവലയത്തിലാണ് പ്രദേശം. ഇവിടെ നിന്നുള്ള ആകാശദൃശ്യങ്ങളോ ഫോട്ടോ-വീഡിയോ പകര്‍ത്താനോ ഒരിക്കലും അനുമതിയും ലഭിക്കില്ല.
ഏരിയ 51 ഇപ്പോഴും സജീവമായ ഒരു എയര്‍ഫോഴ്‌സ് ബേസ് ആണ്. എന്നാല്‍, 1970 മുതല്‍ ഈ ബേസ് പ്രവര്‍ത്തിക്കുന്നത് എന്തിനാണെന്നും അവരുടെ സേവനങ്ങള്‍ എന്തൊക്കെയാണെന്നുള്ളതും അതീവരഹസ്യമായ വിവരങ്ങളാണ്. നിലവിലെ വിവരങ്ങള്‍ തരംതിരിച്ച് പൊതുജനങ്ങള്‍ക്ക് ലഭ്യമാവാന്‍ പോലും ഇനിയും ദശാബ്ദങ്ങള്‍ വേണ്ടിവന്നേക്കും. ഇതിനുള്ളിലെ കെട്ടിടങ്ങളുടെ ആകൃതി പേടകങ്ങളോട് സാമ്യമുള്ളതരത്തില്‍ വിചിത്രമാണെന്നും ഭൂമിയില്‍ കണ്ടിട്ടില്ലാത്ത തരത്തിലുള്ള രൂപങ്ങളുണ്ടാക്കി ഇതിനുള്ളില്‍ സ്ഥാപിച്ചിട്ടുണ്ടെന്നുമൊക്കെ അവകാശപ്പെട്ട് പലതരം ചിത്രങ്ങളും റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഇവിടെ അന്യഗ്രഹജീവികളെ പ്രമേയമാക്കിയുളള മ്യൂസിയവും സ്ഥാപിച്ചിട്ടുണ്ട്.
എയര്‍ ട്രാഫിക് കണ്‍ട്രോളിന്റെ അനുമതിയില്ലാതെ ഏരിയ 51-നു മുകളിലൂടെ പറക്കാന്‍ പോലും അനുവാദമില്ല. എന്നാല്‍, 1974-ല്‍ സ്‌കൈലോഡ് ബഹിരാകാശ യാത്രികര്‍ ഏരിയ 51-ന്റെ ചിത്രങ്ങള്‍ പകര്‍ത്തിയിരുന്നു. ഇവ നാഷണല്‍ ഫോട്ടോഗ്രഫിക് ഇന്റര്‍പ്രെട്ടേഷന്‍ സെന്റര്‍ അവലോകനം ചെയ്‌തെങ്കിലും ഇതു സംബന്ധിച്ച മറ്റൊരു വിവരവും പിന്നീട് പുറത്തുവന്നിട്ടില്ല.

അന്യഗ്രഹജീവികള്‍ യഥാര്‍ഥത്തില്‍ ഉണ്ടോ എന്നത് സംബന്ധിച്ച് ആരും ഇതുവരെ വ്യക്തമായ ഉത്തരം നല്‍കിയിട്ടില്ല. കണ്ടിട്ടും കേട്ടിട്ടുമുണ്ടെന്നൊക്കെയുള്ള അവകാശവാദങ്ങള്‍ക്ക് യുക്തിസഹജമായ വിശദീകരണങ്ങളും ഉണ്ടായിട്ടില്ല. എന്നാല്‍ 2000 ആണ്ടിന്റെ തുടക്കം മുതല്‍ ആകാശത്ത് തിരിച്ചറിയപ്പെടാത്ത ചില 'ഫ്‌ളൈയിങ് ഒബ്ജക്റ്റു'കളുടെ സാന്നിധ്യം വര്‍ധിച്ചുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് യു.എസ്. പ്രതിരോധമന്ത്രാലയത്തിലെ ഉദ്യോഗസ്ഥനായ സ്‌കോട്ട് ബ്രെ പറഞ്ഞിരുന്നു. ഇത്തരത്തില്‍ 144 ഒബ്ജക്ടുകള്‍ കണ്ടതായാണ് സ്‌കോട്ട് പറഞ്ഞത്. അതായത് അന്യഗ്രഹങ്ങളോ പറക്കുംതളികകളോ മറ്റെന്തെങ്കിലുമാവട്ടെ, ലഭ്യമായ വിവരങ്ങളെ അടിസ്ഥാനമാക്കി ശാസ്ത്രത്തിന് വിശദീകരിക്കാനാവാത്ത ചിലത് ഉണ്ടെന്ന വാദത്തെ നാസയും അമേരിക്കയും പൂർണമായി തള്ളിക്കളയുന്നില്ലെന്ന് വേണം ഇതിൽനിന്നു മനസിലാക്കാൻ.
ഏരിയ അമ്പത്തൊന്നും ഗൂഢാലോചനാ സിദ്ധാന്തങ്ങളും
ലോകത്തിന്റെ ആകാംഷകള്‍ക്കും ചോദ്യങ്ങള്‍ക്കും വ്യക്തമായ ഉത്തരം ലഭിക്കാത്തതുകൊണ്ട് ഏരിയ 51-നെ ചുറ്റിപ്പറ്റി പല ഗൂഢാലോചനാ സിദ്ധാന്തങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്. അപ്പോളോ ദൗത്യത്തിലൂടെ നീല്‍ ആംസ്‌ട്രോങ്ങും സംഘവും ആദ്യമായി ചന്ദ്രനിലിറങ്ങിയെന്ന അമേരിക്കയുടെ വാദം, ഏരിയ 51-ല്‍ ചിത്രീകരിച്ച നാടകമാണെന്നായിരുന്നു അതില്‍ ആദ്യത്തേത്. ബഹിരാകാശ അധിനിവേശ മത്സരത്തില്‍ സോവിയറ്റ് യൂണിയനെ തോല്‍പ്പിക്കാനായി അമേരിക്ക തട്ടിക്കൂട്ടിയ നാടകമാണ് ചാന്ദ്രദൗത്യമെന്ന സിദ്ധാന്തം ഇപ്പോഴും ലോകം ചര്‍ച്ച ചെയ്യുന്നുണ്ട്. ബഹിരാകാശത്തേക്ക് ആദ്യമായി മനുഷ്യനെ അയച്ച സോവിയറ്റ് യൂണിയനെ പിന്തള്ളാന്‍ 'ഈ ദശാബ്ദം അവസാനിക്കുന്നതിനു മുമ്പ് നാം ഒരു മനുഷ്യനെ ചന്ദ്രനില്‍ അയക്കുകയും സുരക്ഷിതമായി തിരിച്ചെത്തിക്കുകയും ചെയ്തിരിക്കും' എന്ന അന്നത്തെ പ്രസിഡന്റ് കെന്നഡിയുടെ പ്രഖ്യാപനം നിറവേറ്റാനുള്ള സാങ്കേതിക പരിജ്ഞാനമോ ഭീമമായ സാമ്പത്തിക അടിത്തറയോ ഇല്ലാത്ത സാഹചര്യത്തിലാണ് ചാന്ദ്രനാടകം ചിത്രീകരിക്കപ്പെട്ടത് എന്നാണ് ഗൂഢാലോചനാ സിദ്ധാന്തക്കാര്‍ പറയുന്നത്. എന്നാല്‍, വസ്തുതകളും തെളിവുകളും നിരത്തി ഇക്കാര്യം തെളിയിക്കാന്‍ ഇക്കൂട്ടര്‍ക്ക് സാധിച്ചിട്ടില്ല.
1947-ല്‍ ന്യൂ മെക്‌സിക്കോയില്‍ ഒരു അജ്ഞാത ആകാശവാഹനം തകര്‍ന്നുവീണിരുന്നു. അമേരിക്കന്‍ സേന എത്തി അതിന്റെ അവശിഷ്ടങ്ങള്‍ ശേഖരിച്ച് കൊണ്ടുപോയി. അന്ന് തകര്‍ന്നുവീണത് യു.എഫ്.ഒ. ആണെന്ന ചര്‍ച്ച ശക്തമായി. ഏരിയ 51-ലേക്കാണ് ഇത് മാറ്റിയതെന്നും അതില്‍നിന്നുള്ള അന്യഗ്രഹ ജീവികളെയാണ് അവിടെ പാര്‍പ്പിച്ചിരിക്കുന്നതുമെന്നതാണ് മറ്റൊരു സിദ്ധാന്തം.
റെപ്റ്റീലിയന്‍ ഹ്യുമനോയ്ഡ് എന്ന അന്യഗ്രഹജീവികളുമായി (അവകാശവാദം) ബന്ധപ്പെട്ടതാണ് മറ്റൊരു സിദ്ധാന്തം. ഡേവിഡ് ഐക്കി എന്നയാണ് ആ സിദ്ധാന്തത്തിന് പിന്നിലുള്ളത്. ലോകം നിയന്ത്രിക്കുന്നത് ആല്‍ഫാ ഡ്രക്കോണിസ് എന്ന നക്ഷത്ര സഞ്ചയത്തിൽനിന്ന് വന്ന റെപ്റ്റീലിയന്മാരാണെന്നും മനുഷ്യവര്‍ഗത്തിന്റെ നാശമാണ് അവരുടെ ഉദ്ദേശ്യമാണെന്നുമാണ് ഐക്കിയുടെ വാദം. ഇഷ്ടാനുസരണം രൂപം മാറ്റാന്‍ കഴിയുന്ന റെപ്റ്റീലിയന്‍സ് മനുഷ്യരൂപത്തില്‍ ലോകത്തിന്റെ അധികാരസ്ഥാനങ്ങളിലിരിക്കുന്നുവെന്നാണ് ഐക്കിയുടെ അനുയായികളും പറയുന്നത്. ബരാക് ഒബാമ, ജോര്‍ജ്ജ് ബുഷ്, എലിസബത്ത് റാണി, ബില്‍ ക്ലിന്റണ്‍, ഹിലരി ക്ലിന്റണ്‍ തുടങ്ങിയവരെല്ലാം ഷേപ് ഷിഫ്റ്റിങ്ങ് റെപ്റ്റീലിയന്‍ ഹ്യൂമനോയിഡ് ആണെന്നും സംഘം വാദിക്കുന്നു. ഇവരുടെ കേന്ദ്രമാണ് ഏരിയ 51 എന്നാണ് ഐക്കിയും സംഘവും പലപ്പോഴായി പറഞ്ഞിട്ടുള്ളത്. പബ്ലിക് പോളിസി പോളിങ്ങ് എന്ന അമേരിക്കന്‍ പോളിങ്ങ് കമ്പനി 2013-ല്‍ നടത്തിയ ഒരു സര്‍വ്വേ പ്രകാരം അമേരിക്കയിലെ നാലു ശതമാനം വോട്ടര്‍മാര്‍ ഐക്കിന്റെ തിയറികളില്‍ വിശ്വസിക്കുന്നു എന്നാണ് കണക്ക്.

തീരാത്ത നിഗൂഢത, ഏരിയ-51 കീഴടക്കാന്‍ ജനക്കൂട്ടം
അമേരിക്കന്‍ സൈന്യം എക്കാലവും ഏരിയ 5-1ന്റെ രഹസ്യാത്മക നിലനിര്‍ത്തുകയായിരുന്നു. അമേരിക്കന്‍ പ്രസിഡന്റിന്റെ എക്സ് ഫയലില്‍ ഉള്‍പ്പെടുന്ന തന്ത്രപ്രധാനമായ സ്ഥലമാണ് ഇതെന്നു പറയുന്നവരുണ്ട്. അമേരിക്കന്‍ പ്രസിഡന്റിന്റെ കയ്യിലുള്ള രഹസ്യ രേഖകളെയാണ് എക്സ് ഫയല്‍ എന്ന് പറയുന്നത്.
ഏരിയ 51-ന്റെ നിഗൂഢതകളറിയാന്‍ ലക്ഷക്കണക്കിന് ആളുകള്‍ പല കാലങ്ങളിൽ ശ്രമിച്ചിട്ടുണ്ട്. സ്ഥലം സന്ദര്‍ശിക്കാന്‍ പോയവരെയൊക്കെ കിലോ മീറ്ററുകള്‍ക്കപ്പുറത്ത് വെച്ച് കാവല്‍ സൈന്യം വിലക്കുകയും തിരിച്ചയക്കുകയും ചെയ്തു. ആകാശദൃശ്യം പകര്‍ത്താനായി ശ്രമിച്ച സംവിധാനങ്ങളെല്ലാം സൈന്യം പിടിച്ചെടുത്തു. എന്നാല്‍, നിഗൂഢത കണ്ടെത്തിയേ മതിയാവൂ എന്ന് തീരുമാനിച്ചിറങ്ങിയ ചിലര്‍ ഒരിക്കല്‍ ഏരിയ 51-ലേക്ക് മാര്‍ച്ച് നടത്താമെന്ന് സോഷ്യല്‍ മീഡിയയിലൂടെ ആഹ്വാനം ചെയ്തു. ഒരു ലക്ഷത്തോളം പേര്‍ സംയുക്തമായി ഇവിടേക്ക് മാര്‍ച്ച് നടത്തുമെന്നായിരുന്നു ആഹ്വാനം. ഫെയ്‌സ്ബുക്കില്‍ തമാശയായി തുടങ്ങിയ ആഹ്വാനം പെട്ടന്ന് ആളുകളേറ്റെടുത്തു. Storm Area 51 എന്ന പേരില്‍ ആഹ്വാനം ചെയ്ത മാര്‍ച്ചിന് 20 ലക്ഷം പേരാണ് പിന്തുണ അറിയിച്ചെത്തിയത്. 2019 സെപ്തംബര്‍ 20-ന് മാര്‍ച്ച് നടക്കേണ്ട ദിവസം 150 പേരാണ് ഏരിയ 51-ന്റെ രണ്ട് ഗേറ്റിലുമായെത്തിയത്.
എന്നാല്‍ ആര്‍ക്കും ഗേറ്റ് കടന്ന് അകത്തേക്ക് കയറാനായില്ല. മാര്‍ച്ചിന് മുന്‍പായി ഈ പ്രദേശത്തിന്റെ ബേസ് ക്യാമ്പില്‍ രണ്ട് വലിയ സംഗീത പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. 1500-ലധികം ആളുകള്‍ ഇതില്‍ പങ്കെടുത്തു. ഏരിയ 51-ലേക്ക് അതിക്രമിച്ചു കയറിയാലുള്ള ദോഷഫലങ്ങളെ കുറിച്ച് അധികൃതര്‍ പരിപാടിയില്‍ വിശദീകരിച്ചു. മാര്‍ച്ചിനെ കുറിച്ച് സര്‍ക്കാര്‍ മിലിട്ടറി ക്യാമ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. കാര്യത്തിന്റെ ഗൗരവം സംഘത്തിന് മനസ്സിലായിട്ടോ മറ്റോ ജനക്കൂട്ടം റാലി ഉപേക്ഷിച്ച് പിരിഞ്ഞുപോയി എന്നാണ് റിപ്പോര്‍ട്ടുകള്‍.

കെട്ടുകഥകളും പ്രചാരണങ്ങളുമെല്ലാം കേട്ട് കൗതുകം മൂത്ത് ലോകസഞ്ചാരികളില്‍ പലരും ഏരിയ 51-ലേക്ക് വെച്ചുപിടിക്കാറുണ്ട്. എന്നാല്‍, ആ യാത്രയെല്ലാം കിലോ മീറ്ററുകള്‍ക്ക് അകലെ ഏരിയ 51-ന്റെ അറിയിപ്പ് ബോര്‍ഡിന് മുന്നില്‍ അവസാനിക്കും. കാവല്‍നായ്ക്കളുള്‍പ്പെട്ട വന്‍ സംഘം സൈനികരാണ് ഇതിനു ചുറ്റും സുരക്ഷാവലയം തീര്‍ത്ത് നിലകൊള്ളുന്നത്. സായുധരായ കാവല്‍ക്കാരുടേയും നിരീക്ഷണക്യാമറകളുടേയും കണ്ണുവെട്ടിച്ച് ഇതിനകത്തേക്ക് പ്രവേശിക്കല്‍ തീര്‍ത്തും അസാധ്യമാണ്.
ഭൂമിയില്‍ നിന്നല്ലാത്ത ജീവികള്‍ക്കായുള്ള ലോകത്തിന്റെ അന്വേഷണം ഇപ്പോഴും തുടരുകയാണ്. അതില്‍ നിര്‍ണായക പങ്കുവഹിക്കുന്നത് ഏരിയ 51 ആണെന്നാണ് ഒരു കൂട്ടം ആളുകള്‍ ശക്തമായി വിശ്വസിക്കുന്നത്. ഒരു പക്ഷെ, ദശാബ്ദങ്ങള്‍ക്കപ്പുറം ഏരിയ 51-ല്‍ നടക്കുന്നതെന്താണെന്ന് അമേരിക്കയോ നാസയോ വ്യക്തമാക്കിയേക്കാം, അതുവരെ അന്യഗ്രഹജീവികളെ കുറിച്ചുള്ള കൗതുക കഥകള്‍ക്കൊപ്പം ഏരിയ 51 നിഗൂഢമായി തുടരുമെന്നുറപ്പ്.
Content Highlights: Area 51 Mystery explained, why it still fascinates us, area 51 military base alien and ufo story
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..