പ്രതീകാത്മക ചിത്രം (Photo: Getty Images)
ഒരു മഷിപ്പേന കാരണം ഒരു കൊലപാതകം നടന്നുവെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? ആ കൊലപാതകം പിന്നീട് ഇന്ത്യന്‍ ഫോറന്‍സിക് സയന്‍സിന്റെ ഗതി നിർണയിക്കുകയും ചെയ്തു. കുറ്റകൃത്യങ്ങളുടെ ചരിത്രത്തിലെ വഴിത്തിരിവായി മാറിയ ഒന്നായിരുന്നു 1952-ല്‍ അന്നത്തെ മദ്രാസില്‍ നടന്ന ആളവന്താര്‍ വധം.
ആരായിരുന്നു ആളവന്താര്‍?
നാല്‍പതുകളുടെ യൗവ്വനത്തിലായിരുന്നു ആളവന്താര്‍. ചെന്നൈയ്ക്കടുത്ത് ആവഡിയില്‍ സബ് ഡിവിഷണല്‍ ഓഫീസറായി ജോലി നോക്കിയിരുന്ന അദ്ദേഹം സൈന്യത്തില്‍നിന്ന് വിരമിച്ചതോടെ കച്ചവടം ആരംഭിച്ചു. മഷിപ്പേനകളും സാരികളുമായിരുന്നു കച്ചവടം. ആളവന്താറിലെ മികച്ച സെയില്‍സ്മാന്‍ സാരിക്കച്ചവടത്തിന് ഒരു പുതിയ രീതി തന്നെ മുന്നോട്ടുവെച്ചു. ഇന്‍സ്റ്റാള്‍മെന്റിലൂടെ സ്ത്രീകള്‍ക്ക് സാരി വാങ്ങാം. ആളവന്താറെന്ന കച്ചവടക്കാരന്‍ സ്ത്രീകള്‍ക്കിടയില്‍ ജനപ്രിയനാകാന്‍ മറ്റെന്തു വേണം?
ആളവന്താറിനെ കാണാതാകുന്നു
1952 ഓഗസ്റ്റ് 29-നാണ് അതുസംഭവിച്ചത്. ആളവന്താറിനെ കാണുന്നില്ലെന്ന് കാണിച്ച് അദ്ദേഹത്തിന്റെ ഭാര്യ പോലീസ് സ്‌റ്റേഷനില്‍ പരാതിയുമായെത്തി. കാണാതാകുന്നതിന് മുമ്പായി ദേവകി മേനോന്‍ എന്ന സ്ത്രീക്കൊപ്പമാണ് ആളവന്താറിനെ അവസാനമായി കണ്ടതെന്ന് അന്വേഷണത്തില്‍ പോലീസ് കണ്ടെത്തി. അതിനെ സാധൂകരിക്കുന്ന മൊഴികളും പോലീസിന് ലഭിച്ചു. അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് മറ്റൊരു സംഭവം അരങ്ങേറുന്നത്.
ഇന്തോ-സിലോണ്‍ മെയിലിന്റെ തേഡ് ക്ലാസ് കംപാര്‍ട്ട്‌മെന്റില്‍നിന്ന് ദുര്‍ഗന്ധം ഉയരുന്നുവെന്ന പരാതിയുമായി യാത്രക്കാര്‍ ടിക്കറ്റ് ചെക്കറെ സമീപിച്ചു. കംപാര്‍ട്ട്‌മെന്റിലുണ്ടായിരുന്ന ഒരു സ്റ്റീല്‍ ട്രങ്ക് പെട്ടിയില്‍ നിന്നായിരുന്നു ദുര്‍ഗന്ധം വന്നിരുന്നത്. അത് തുറന്നു പരിശോധിച്ചവര്‍ ഞെട്ടിപ്പോയി. തലയില്ലാത്ത ഒരു മൃതദേഹം. ഒപ്പം ഛേദിക്കപ്പെട്ട കൈകാലുകളും. തുടര്‍ന്നു നടത്തിയ മൃതദേഹപരിശോധനയില്‍ അത് 25 വയസ്സ് പ്രായമുളള ഒരു പുരുഷന്റേതാണെന്ന് സ്ഥിരീകരിച്ചു. ചേലാകര്‍മം നടത്തിയിരുന്നതിനാല്‍ മുസ്ലീം യുവാവാണെന്ന നിഗമനത്തിലായിരുന്നു പോലീസ്. ഒരു പ്രാദേശിക ശ്മശാനത്തില്‍ ശരീരഭാഗങ്ങള്‍ സൂക്ഷിക്കാനുളള ഏര്‍പ്പാട് ചെയ്തു.
മൃതദേഹവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് ചെന്നൈ റോയപുരം ബീച്ചില്‍നിന്ന് ഛേദിക്കപ്പെട്ട നിലയിലുളള ഒരു ശിരസ്സ് കണ്ടെത്തുന്നത്. ബീച്ചില്‍ മറവു ചെയ്ത ശിരസ്സ് വേലിയേറ്റത്തെ തുടര്‍ന്ന് മണല്‍ മാറ്റി പുറത്തെത്തുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ രാമനാഥ അയ്യര്‍ ശിരസ്സും ശരീരവും കൂടെ മദ്രാസ് മെഡിക്കല്‍ കോളേജിലേക്ക് ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചു. കടല്‍ത്തീരത്ത് നിന്നു ഛേദിക്കപ്പെട്ട നിലയില്‍ ഒരു തല കണ്ടെത്തിയെന്ന വാര്‍ത്ത അതിനകം നഗരത്തിലെ സംസാരവിഷയമായിക്കഴിഞ്ഞിരുന്നു.
ഡോ. ഗോപാലകൃഷ്ണനായിരുന്നു പോലീസുകാര്‍ക്ക് വേണ്ടി മൃതദേഹവുമായി ബന്ധപ്പെട്ട നിഗൂഢതകളുടെ ചുരുളഴിക്കേണ്ടതിന്റെ ഉത്തരവാദിത്തം. വര്‍ഷങ്ങളായി പോലീസ് സര്‍ജനായി മദ്രാസില്‍ ജോലി നോക്കുന്ന ഡോ. ഗോപാലകൃഷ്ണന്‍ ഇന്ത്യന്‍ ഫോറന്‍സിക് മെഡിസിന്‍ രംഗത്തെ വിദഗ്ധരില്‍ ഒരാളായിരുന്നു. രണ്ടു സ്ഥലങ്ങളില്‍ നിന്നായി ലഭിച്ച ശിരസ്സും മറ്റ് ശരീരഭാഗങ്ങളും ചേര്‍ത്തുവച്ചപ്പോള്‍ തന്നെ അത് ഒരു ശരീരത്തിലേതു തന്നെയെന്ന് ഡോ. ഗോപാലകൃഷ്ണന് ബോധ്യപ്പെട്ടു. മറ്റ് പരിശോധനകളിലൂടെ അത് സ്ഥിരീകരിച്ചു. കാണാതായ ആളവന്താറിന്റെതാണ് ആ മൃതദേഹമെന്ന് ഉറപ്പിക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അധികം ബുദ്ധിമുട്ടേണ്ടതായി വന്നില്ല. ബ്രിട്ടീഷ് സൈന്യത്തില്‍ സേവനമനുഷ്ഠിച്ചിരുന്ന ആളവന്താറിന്റെ വിരല്‍പാടുകള്‍ ബ്രിട്ടീഷ് സൈന്യത്തിന്റെ റെക്കോഡുകളില്‍ സുരക്ഷിതമായിരുന്നല്ലോ? മുസല്‍മാനല്ലെങ്കില്‍ പിന്നെ ലിംഗാഗ്രചര്‍മം എന്തിന് മാറ്റി എന്ന ചോദ്യത്തിന് മാത്രമായിരുന്നു ഉത്തരം വേണ്ടിയിരുന്നത്. എന്നാല്‍ മൃതദേഹം തിരിച്ചറിയാനായി എത്തിച്ച ആളവന്താറിന്റെ ഭാര്യയില്‍നിന്നും അതിനുള്ള ഉത്തരവും ലഭിച്ചു. ലൈംഗികക്കരുത്തിന് വേണ്ടി ആളവന്താര്‍ ചേലാകര്‍മം നടത്തിയിരുന്നുവത്രേ.
മൃതദേഹം ആളവന്താറിന്റേതുതന്നെ ഉറപ്പായതോടെ അദ്ദേഹത്തെ അവസാനമായി കണ്ടത് ദേവകി മേനോന് ഒപ്പമാണെന്ന മൊഴികളുടെ അടിസ്ഥാനത്തില്‍ മലയാളിയായ ദേവകിക്ക് വേണ്ടിയുള്ള തിരച്ചില്‍ രാമനാഥ അയ്യര്‍ തുടങ്ങി. അവരുടെ വീടു കണ്ടെത്തി. പക്ഷേ, അയ്യരെ കാത്ത് ഒരു സര്‍പ്രൈസ് വാര്‍ത്തയുണ്ടായിരുന്നു. മേനോന്‍ കുടുംബം ആ വീടുപേക്ഷിച്ച്, മദ്രാസ് തന്നെ ഉപേക്ഷിച്ച് പൊയ്ക്കഴിഞ്ഞിരുന്നു. എന്തോ എവിടെയോ ഒരു പന്തികേടുണ്ടെന്ന് അയ്യർക്ക് സംശയമായി. തന്റെ സംശയങ്ങള്‍ ശരിയാണെന്ന് ഉറപ്പിക്കുന്നതായിരുന്നു ആ വീട്ടിലെത്തിയ അയ്യര്‍ കണ്ട കാഴ്ചകള്‍. ആ വീട്ടിലേക്ക് അയ്യറിനെ വരവേറ്റത് ചോരക്കറ പുരണ്ട ചുമരുകളാണ്. കുറ്റകൃത്യത്തില്‍ മേനോന്‍ കുടുംബത്തിന് പങ്കുണ്ടെന്ന് അയ്യറിന് ഉറപ്പായി. പഴുതുകള്‍ കൃത്യമായി അടച്ചുകൊണ്ട് പ്രതികളെ നിയമത്തിന് മുന്നില്‍ എത്തിക്കുകയാണ് ഇനിവേണ്ടത്. വെറും അഭ്യൂഹങ്ങളോ, സിദ്ധാന്തങ്ങളോ നിരത്തിയല്ല മറിച്ച് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കണം പ്രതികളെ പൂട്ടേണ്ടത്.
അയ്യര്‍ തെളിവുകള്‍ സമാഹരിക്കാന്‍ ആരംഭിച്ചു. അന്വേഷണത്തില്‍ ഒരു ഓട്ടോ ഡ്രൈവറെ അദ്ദേഹം കണ്ടെത്തി. ദേവകിയുടെ ഭര്‍ത്താവ് പ്രഭാകര മേനോന്‍ വൃത്താകൃതിയിലുളള എന്തോ ഒന്ന് ബാഗിലാക്കി രോയപുരം ബീച്ചില്‍ ഉപേക്ഷിച്ചതിനെ കുറിച്ച് അയ്യര്‍ക്ക് വിവരം നല്‍കിയത് ഓട്ടോ ഡ്രൈവറാണ്. ബീച്ചില്‍ ഉപേക്ഷിക്കപ്പെട്ടത് ആളവന്താറിന്റെ ഛേദിക്കപ്പെട്ട ശിരസ്സു തന്നെയാണെന്ന് അയ്യര്‍ക്ക് ഉറപ്പായിരുന്നു. ശക്തമായ തുമ്പ് ലഭിച്ചതോടെ മേനോന്റെ കുടുംബവും ആളവന്താറും തമ്മിലുള്ള ബന്ധത്തെകുറിച്ച് കണ്ടെത്തുക മാത്രമാണ് ഇനി വേണ്ടത്.
ആളവന്താറിന്റെ കുടുംബവേരുകള്‍ തേടി അയ്യര്‍ സഞ്ചാരം തുടങ്ങി. കോമട്ടി ചെട്ടി സമുദായത്തില്‍ പെട്ടയാളായിരുന്നു ആളവന്താര്‍. കറുപ്പിന് അടിമയായിരുന്ന അദ്ദേഹം തികഞ്ഞ സ്ത്രീലമ്പടനുമായിരുന്നു. വിവാഹം കഴിഞ്ഞ് രണ്ടു കുട്ടികളുണ്ടെങ്കിലും സ്ത്രീവിഷയത്തില്‍ അതീവ തല്പരനായിരുന്നു ആളവന്താര്‍. ഇന്‍സ്റ്റാള്‍മെന്റിലൂടെയുളള സാരി വില്പന സ്ത്രീകളെ വശീകരിക്കുന്നതിനുളള ആളവന്താറിന്റെ വിദ്യകളിലൊന്നായിരുന്നു. ഇത്തരത്തില്‍ പണം മുഴുവന്‍ അടയ്ക്കാന്‍ സാധിക്കാതെ വരുന്ന സ്ത്രീകളോട് തനിക്കൊപ്പം കിടക്ക പങ്കിടാന്‍ ആളവന്താര്‍ ആവശ്യപ്പെട്ടിരുന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്തി. പണം മുഴുവന്‍ അടയ്ക്കാന്‍ സാധിക്കാത്തതിന്റെ നാണക്കേട് ആരും അറിയാതിരിക്കാന്‍ പല സ്ത്രീകളും ആളവന്താറിന്റെ ആവശ്യങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കുകയും ചെയ്തിരുന്നു. അന്വേഷണത്തിന്റെ ആഴം വര്‍ധിക്കുന്തോറും നിഗൂഢതകളുടെ ചുരുളുകള്‍ മെല്ലെമെല്ലെ അഴിയാന്‍ തുടങ്ങി. പ്രധാന പ്രതികളായ ദേവകി മേനോന്റെയും പ്രഭാകര മേനോന്റെയും സാന്നിധ്യമില്ലാതെ തന്നെ അയ്യര്‍ തെളിവുകള്‍ തിരഞ്ഞു, ചിലതെല്ലാം കണ്ടെത്തി. അതെല്ലാം നിരത്തി കേസ് കൂടുതല്‍ കൂടുതല്‍ കരുത്തുളളതാക്കി.
മേനോന്‍ കുടുംബത്തില്‍ സഹായിയായി നിന്നിരുന്ന പയ്യനെ അയ്യര്‍ കണ്ടെത്തി. മൈസുരു വഴി ബോംബെയിലേക്ക് മേനോന്‍ ദമ്പതികള്‍ കടന്ന വിവരം അയ്യര്‍ക്ക് ലഭിക്കുന്നത് ഈ പയ്യനില്‍ നിന്നാണ്. തുടര്‍ന്ന് ബോംബെ പോലീസിന്റെ സഹായം തേടിയ അയ്യര്‍ മേനോന്റെ കുടുംബത്തെ കണ്ടെത്തി അറസ്റ്റ് ചെയ്തു, വിചാരണയ്ക്കായി മദ്രാസിലെത്തിച്ചു. അവര്‍ കണ്ടെത്തുമ്പോള്‍ പ്രഭാകര മേനോന്റെ പോക്കറ്റില്‍ അപ്പോഴും ആളവന്താറിന്റെ മഷിപ്പേന ഉണ്ടായിരുന്നു!
പ്രണയകഥ ചുരുളഴിയുന്നു
ആളവന്താറും ദേവകിയും പരിചയക്കാരായിരുന്നു. 1951-ല്‍ ആളവന്താറിന്റെ കടയില്‍ ഒരു മഷിപ്പേന വാങ്ങുന്നതിനായി എത്തിയതായിരുന്നു ദേവകി. ആളുകളുമായി പെട്ടെന്ന് ചങ്ങാത്തം സ്ഥാപിക്കുന്ന ആളവന്താര്‍ വളരെ വേഗത്തില്‍ ദേവകിയുടെ മനസ്സ് കീഴടക്കി. താമസിയാതെ പ്രണയാഭ്യര്‍ഥന നടത്തുകയും ചെയ്തു. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ അവര്‍ പരസ്പരം അടുത്തു. പക്ഷേ ആളവന്താര്‍ സ്ത്രീലമ്പടനാണെന്ന് മനസ്സിലാക്കിയ ദേവകി പതിയെ പിന്‍വാങ്ങി. പിന്നീടാണ് പ്രഭാകര മേനോനെ ദേവകി വിവാഹം കഴിക്കുന്നത്.
എല്ലാം നല്ല രീതിയില്‍ പൊയ്‌ക്കൊണ്ടിരിക്കുകയായിരുന്നു. നിങ്ങളൊട്ടും പ്രതീക്ഷിക്കാത്ത നേരത്തായിരിക്കും പ്രശ്‌നങ്ങള്‍ നിങ്ങളെ തേടിവരികയെന്ന് കേട്ടിട്ടില്ലേ. ദേവകിയുടെ ജീവിതത്തിലും സംഭവിച്ചത് അതുതന്നെയാണ്. പത്രത്തിലായിരുന്നു പ്രഭാകര മേനോന്‍ ജോലി ചെയ്തിരുന്നത്. പത്രത്തില്‍ പരസ്യം നല്‍കാന്‍ തയ്യാറുളള ക്ലൈന്റുകളെ അന്വേഷിച്ചുകൊണ്ടിരുന്ന പ്രഭാകര മേനോനെ സഹായിക്കാന്‍ ദേവകിയുമിറങ്ങി. പരസ്യം ലഭിക്കുന്നതിന് വേണ്ടി ദേവകി കച്ചവടക്കാരനായ ആളവന്താറിനെ പ്രഭാകര മേനോന് പരിചയപ്പെടുത്തിക്കൊടുത്തു. ആളവന്താറിന്റെ ദേവകിയോടുളള സമീപനം കണ്ട മാത്രയില്‍ തന്നെ അവര്‍ തമ്മിലുള്ള അടുപ്പത്തില്‍ പ്രഭാകരമേനോന് സംശയം തോന്നി. അയാള്‍ ഭാര്യയെ ചോദ്യം ചെയ്തു. ആളവന്താര്‍ തന്റെ കാമുകനായിരുന്നെന്ന കാര്യം ദേവകി പ്രഭാകരോട് തുറന്നുപറഞ്ഞു. പ്രഭാകരമേനോന് ആ സത്യം ദഹിച്ചില്ല. ഭാര്യയുമായി വീണ്ടും ബന്ധം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ആളവന്താറെ ഒഴിവാക്കാനുളള വഴികളെ കുറിച്ചായി അയാളുടെ ചിന്ത. അയാള്‍ തന്ത്രം മെനഞ്ഞു.
തന്ത്രപരമായി കൊലപാതകം നടപ്പാക്കുന്നു
ഒരു ഓഗസ്റ്റ് 28-ന് രാവിലെ പതിനൊന്നുമണിയോടെ ആളവന്താറിനെ തേടി ദേവകി അയാളുടെ കടയിലെത്തി. സംസാരത്തിനിടയില്‍ പ്രഭാകരന്‍ വീട്ടിലില്ലെന്ന കാര്യം ദേവകി ആളവന്താറെ അറിയിച്ചു. വീട്ടില്‍വെച്ച് ഒരു സമാഗമവും അവര്‍ ആസൂത്രണം ചെയ്തു. ദേവകിയുടെ വാക്കുകളെ മുഖവിലയ്‌ക്കെടുത്ത ആളവന്താര്‍ ഒട്ടും സമയം കളയാതെ അവളെ അനുഗമിച്ചു. വീട്ടിലെത്തിയ പാടേ അവളോട് അടുത്തിടപഴകാനായി ആളവന്താറിന്റെ ശ്രമം. ഇതിനിടയില്‍ പ്രഭാകരമേനോന്‍ മുന്‍കൂട്ടി തീരുമാനിച്ചപോലെ അവിടെയെത്തി. സ്വാഭാവികമായും പ്രഭാകര മേനോനും ആളവന്താറും തമ്മിലുളള വാഗ്വാദം കയ്യാങ്കളിയിലെത്തി. ഒരു ഘട്ടത്തില്‍ രോഷാകുലനായ പ്രഭാകര മേനോന്‍ കൈയില്‍ കരുതിയ കത്തിയെടുത്ത് ആളവന്താറിനെ കുത്തി. കൊലപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ നേരത്തെതന്നെ ഒരു വലിയ കത്തി പ്രഭാകരമേനോന്‍ വാങ്ങിവെച്ചിരുന്നു.
ആളവന്താര്‍ മരിച്ചെന്ന് ഉറപ്പാക്കിയ ദമ്പതികള്‍ അയാളുടെ ശരീരം പല കഷ്ണങ്ങളാക്കി സ്റ്റീല്‍ ട്രങ്കുപെട്ടിയിലാക്കി. ഛേദിച്ച ശിരസ്സ് മറ്റൊരു പൊതിയിലാക്കി. പിന്നീട് ഓട്ടോ വിളിച്ച് രോയപുരം ബീച്ചിലെത്തി പ്രഭാകരമേനോന്‍ ശിരസ്സ് കടല്‍ത്തീരത്ത് മറവുചെയ്തു. തുടര്‍ന്ന് ശരീരഭാഗങ്ങളടങ്ങിയ ട്രങ്കുപെട്ടി ഇന്ദോ-സിലോണ്‍ മെയിലില്‍ ഉപേക്ഷിക്കുകയും ചെയ്തു. ആളവന്താറിനെ തിരഞ്ഞ് അദ്ദേഹത്തിന്റെ ഭാര്യ ദേവകിയുടെ വീട്ടിലെത്തുന്നതോടെയാണ് വീട് ഉപേക്ഷിച്ച് രക്ഷപ്പെടാനുളള തീരുമാനത്തിലേക്ക് ദമ്പതികള്‍ എത്തുന്നത്. ദേവകിയുടെ വീട്ടിലേക്ക് ആളവന്താര്‍ പോകുന്നത് കണ്ടെന്നുപറയുന്ന ദൃക്‌സാക്ഷികളെയൊന്നും സ്വാധീനിക്കാന്‍ യാതൊരു ശ്രമവും അവരിരുവരും നടത്തിയുമില്ല!
പോലീസിനെ സംബന്ധിച്ച് തെളിവുകളായിരുന്നു പ്രധാനം. അവര്‍ അത് കണ്ടെത്തുക തന്നെ ചെയ്തു. ആളവന്താറിന്റെ രക്തഗ്രൂപ്പുമായി ചേരുന്ന രക്തം പുരണ്ട ദേവകിയുടെ സാരി, അവര്‍ താമസിച്ചിരുന്ന വീട്ടില്‍ കണ്ടെത്തിയ രക്തക്കറകള്‍, വീട്ടിലെ ചുമരില്‍ കണ്ട രക്തംപുരണ്ട കൈപ്പാട്, ആ കൈപ്പാട് പ്രഭാകരമേനോന്റെ കൈപ്പാടായിരുന്നു അതില്‍ പുരണ്ട രക്തം ആളവന്താറിന്റെയും..
അങ്ങേയറ്റം സെന്‍സേഷണലായിരുന്നു ആളവന്താര്‍ കേസിന്റെ വിചാരണ. മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച, കേട്ടുകേള്‍വിയില്ലാത്ത കേസായതിനാല്‍ തന്നെ പലപ്പോഴും കേസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പത്രത്തിന്റെ ആദ്യതാളുകളില്‍ ഇടംപിടിച്ചു. ഓരോ വിചാരണയ്ക്കും ആളുകള്‍ തടിച്ചുകൂടി.
മദ്രാസ് ഹൈക്കോടതിയില്‍ വെച്ച് കുറ്റവാളികള്‍ കൈവിട്ടുപോകാതിരിക്കുന്നതിനായി നാലാമത്തെ കോടതി ഹാളില്‍ മേനോന്‍ ദമ്പതികളെ പൂട്ടിയിടുകയാണ് ചെയ്തത്. ഓരോ വിചാരണയ്ക്ക് ശേഷവും ആ ഹാളിലേക്ക് അവരെ തിരികെയെത്തിക്കും. ആയുധധാരികളായ സുരക്ഷാജീവനക്കാരാല്‍ ആ ഹാളിന് കാവലൊരുക്കിയിരുന്നു.
മുന്‍കൂട്ടി ആസൂത്രണം ചെയ്താണ് കൊലപാതകം നടത്തിയതെന്ന് പ്രോസിക്യൂഷനും അതല്ല കൈയാങ്കളിക്കിടയില്‍ സംഭവിച്ചുപോയ കൊലപാതകമാണെന്ന് ഡിഫന്‍സും വാദിച്ചു. ഒരുപാട് വാദ-പ്രതിവാദങ്ങള്‍ക്കൊടുവില്‍ ദേവകിയും പ്രഭാകര മേനോനും കുറ്റക്കാരാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടു. 1953 ഓഗസ്റ്റ് 13-നായിരുന്നു കേസിന്റെ വിധി. പ്രഭാകര മേനോനെ എ.എസ്.പഞ്ചകേശ അയ്യര്‍ ഏഴു വര്‍ഷത്തെ കഠിനതടവിന് ശിക്ഷിച്ചു. ദേവകിയെ മൂന്നു വര്‍ഷത്തേക്കും. എന്നാല്‍, ഇത്രയും നിഷ്ഠൂരമായ ഒരു കൊലപാതകത്തിന് നല്‍കിയ ശിക്ഷ വളരെ കുറഞ്ഞുപോയെന്നായിരുന്നു പൊതുജന സംസാരം. വിധി പറഞ്ഞ എ.എസ്.പി. അയ്യര്‍ കുറ്റവാളികളുടെ സ്വദേശമായ മലബാറുകാരന്‍ തന്നെയാണെന്ന ആരോപണവും അവര്‍ ഉയര്‍ത്തി. പ്രോസിക്യൂഷനും മലബാര്‍ സ്വദേശിയായിരുന്നുവെന്നാണ് അതിനുളള പ്രതിവാദം ഉയര്‍ന്നത്..
ശിക്ഷ ജീവിതത്തിലെ വഴിത്തിരിവായി
തടവുശിക്ഷയ്ക്ക് ശേഷം പുറത്തിറങ്ങിയ മേനോന്‍ ദമ്പതികള്‍ പുതിയൊരു ജീവിതം കെട്ടിപ്പടുക്കാന്‍ തീരുമാനിച്ചു. അവര്‍ കേരളത്തിലേക്ക് മടങ്ങി.. ചായക്കടയായിരുന്നു ഉപജീവനമാര്‍ഗത്തിനായി അവര്‍ കണ്ടെത്തിയത്. ആ ബിസിനസ് നല്ല രീതിയില്‍ മുന്നോട്ടുപോയി. വര്‍ഷങ്ങള്‍ക്ക് ശേഷം ആ ചെറിയ ചായക്കടയുടെ സ്ഥാനത്ത് ഒരു വലിയ ഹോട്ടലുയര്‍ന്നു.
മേനോന്‍ ദമ്പതികള്‍ താമസിച്ചിരുന്ന നഗരത്തില്‍ ഒരിക്കലെത്തിയ ജസ്റ്റിസ് അയ്യരുടെ മകള്‍ അശോകം ഈശ്വരന്‍ ദേവകിയുടെ വീട് സന്ദര്‍ശിച്ചതിനെ കുറിച്ച് പ്രസിദ്ധ സിനിമാനിര്‍മാതാവും അഭിഭാഷകനും തിരക്കഥാകൃത്തും കോളമിസ്റ്റും സിനിമാ ചരിത്രകാരനുമെല്ലാമായ മദഭുഷി രംഗദൊരൈ തന്റെ ഒരു കോളത്തില്‍ രസകരമായ ഫുട് നോട്ട് കുറിച്ചിരുന്നു. മോനോന്‍ ദമ്പതികളുടെ വീട്ടിലെ പൂജാമുറിയില്‍ ദൈവങ്ങളുടെ ചിത്രത്തിനൊപ്പം തന്റെ അച്ഛന്റെ ഫോട്ടോ ഇരിക്കുന്നത് അശോകം കണ്ടിരുന്നുവത്രേ. ഒരു ആഭാസന് ലഭിച്ച നീതിപൂര്‍ണമായ വധശിക്ഷയായിരുന്നു അതെന്ന് അച്ഛന്‍ അഭിപ്രായപ്പെട്ടിട്ടുളളതായി അശോകം തുറന്നുപറഞ്ഞിട്ടുളളതായും മദഭുഷി രംഗദൊരൈ പറഞ്ഞിട്ടുണ്ട്. (ഒരു തമിഴ് ടെലിവിഷന്‍ പരമ്പരയ്ക്ക് ആളവന്താര്‍ കൊലപാതക കേസിന്റെ അടിസ്ഥാനത്തില്‍ രംഗദൊരൈ ഒരു കഥ ഒരുക്കിയിരുന്നു. രണ്‍ദോര്‍ ഗൈ എന്നാണ് അദ്ദേഹത്തിന്റെ തൂലികാനാമം.)
അങ്ങനെയാണെങ്കില്‍, സ്ത്രീലമ്പടനായ ആളവന്താറിനെ വകവരുത്തിയതിന് മേനോന്‍ ദമ്പതികള്‍ക്ക് കിട്ടിയ പാരിതോഷികമായിരുന്നോ ഏഴു വര്‍ഷത്തെ തടവ്?
അതു വരെയുണ്ടായിട്ടുളളതില്‍ വിഭിന്നമായി, എല്ലാ ഫോറന്‍സിക് തെളിവുകളും പരീക്ഷിക്കപ്പെട്ട രാജ്യത്തെ തന്നെ ഏറ്റവും വലിയ സെന്‍സേഷണല്‍ കേസായിരുന്നു ആളവന്താര്‍ കൊലപാതകക്കേസ്. അതുതന്നെയാണ് ആ കേസിന്റെ ഏറ്റവും വലിയ പ്രത്യേകത.
യഥാര്‍ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി എഴുതിയ ഡെഡ്‌ലി ഡസന്‍: ഇന്ത്യാസ് മോസ്റ്റ് നൊട്ടോറിയസ് സീരിയല്‍ കില്ലേഴ്‌സ്, ഇന്ത്യാസ് മണി ഹെയ്‌സ്റ്റ് തുടങ്ങിയ ബെസ്റ്റ്‌സെല്ലര്‍ ക്രൈം ത്രില്ലറുകളുടെ രചയിതാവാണ് അനിര്‍ബന്‍ ഭട്ടാചാര്യ. സാവ്ധാന്‍ ഇന്ത്യ, ക്രൈം പട്രോള്‍ തുടങ്ങിയ ടിവി ഷോകളുടെ നിര്‍മാതാവുമാണ് അദ്ദേഹം.
Content Highlights: Anirban Bhattacharyya Column, Crime Chronicles
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..