ബി.ജെ.പി. നേതാവ് പിയൂഷ് ഗോയലിൽനിന്ന് അനിൽ ആന്റണി ബി.ജെ.പി. അംഗത്വം സ്വീകരിക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ| മാതൃഭൂമി
നന്ദി, അനിൽ ആന്റണി.
തിരുവത്താഴത്തിന് മുമ്പേ തന്നെ ഒറ്റിയതിന്. അല്ലെങ്കിൽ യൂദാസും വിശുദ്ധനാക്കപ്പെടുമായിരുന്നു. ജൂഡാസ് ഇസ്‌കാരിയത്തിനേക്കാൾ നേരേ വാ നേരേ പോ നീക്കം നടത്താനുള്ള ആർജ്ജവം കാണിച്ചതിന് അനിൽ ആന്റണി ഓർമ്മിക്കപ്പെടും. കരുതിയിരിക്കേണ്ടത് ബി.ജെ.പിക്കാരാണ്. വളരെ പ്രമുഖനായ ഒരാളുടെ കടന്നുവരവെന്ന് പറയുമ്പോൾ പ്രത്യേകിച്ചും.
പണ്ടാണ്. അറയ്ക്കപ്പറമ്പിൽ കുര്യൻ ആന്റണി രാഷ്ട്രീയത്തിൽ ഭൂജാതനാവും മുമ്പ്. വയലാർ രവിയും കൂട്ടരും കെ.എസ്.യുവിന് ബീജാവാപം നടത്തുന്നു. അക്കാലം ചേർത്തല സ്‌കൂളിൽ ഒന്നൊഴികെ എല്ലാ കെ.എസ്.യു. സ്ഥാനാർത്ഥികളും ജയിച്ചു. കെ.എസ്.യുവിനെ തോൽപിച്ച് ജയിച്ച ആ മിടുക്കൻ കുട്ടി പിന്നീട് കെ.എസ്.യു. ആയി. കെ.എസ്.യു. നേതാവായി. യൂത്ത് കോൺഗ്രസ്സായി. കോൺഗ്രസ്സായി. എ.കെ. ആന്റണിയായി. ആലപ്പുഴയിലെ കഥയാണ്.
ഈയുള്ളവൾ ഇതു വിശ്വസിക്കുന്നില്ല. കാരണം എ.കെ. ആന്റണി മഹാനാണ്. എങ്കിലും ഇപ്പോൾ ഓർക്കാൻ കാരണം പലതുണ്ട്. അതിലൊന്ന് അദ്ദേഹം കുറച്ചുകാലമായി പുലർത്തി വരുന്ന മൗനമാണ്. എ.കെ. ആന്റണി എന്ന വിഗ്രഹത്തിന്റെ സമ്പൂർണമായ ഉടഞ്ഞുരുകലാണ് അനിൽ ആന്റണി. മഹാത്മ ഗാന്ധിയുടെ മകൻ ഹരിലാൽ ഗാന്ധി അബ്ദുള്ള ഗാന്ധി ആയതുപോലെ ലളിതമല്ല കാറ്റു പിടിച്ച അനിലിന്റെ കാവിപ്പറമ്പിലേക്കുള്ള പറക്കൽ. അത് കുറേക്കൂടി കാര്യങ്ങൾ പറഞ്ഞു തരുന്നുണ്ട്.
വയലാർ രവിയും ഉമ്മൻ ചാണ്ടിയും എം.എ. ജോണുമൊക്കെ ഉയർത്തിക്കെട്ടിയ അരങ്ങിലാണ് ആന്റണി ആടിയത്. എന്നും ആദർശനിഷ്ഠൻ. സത്യവാൻ. ലളിതസുഭഗൻ. അധികാര അനാസക്തൻ. പക്ഷേ, ഇങ്ങനെ ആന്റണിയെ നിലനിർത്താൻ എ വിഭാഗം ഒരുപാട് പാടുപെട്ടു എന്നതും വാസ്തവമാണ്.
കാരണം മറുവശത്ത് കെ, കരുണാകരൻ ഉണ്ടായിരുന്നു. ഇന്ദിര ഗാന്ധിയുടെ പിന്തുണയുമായി നാട്ടുരാജാവിനെപ്പോലെ കരുണാകരൻ വാഴുമ്പോൾ ഒരു പ്രതിദ്വന്ദി അനിവാര്യമായിരുന്നു. പ്രത്യേകിച്ചും മധ്യകേരളത്തിന്. പി.ടി. ചാക്കോയുടെ പതനത്തിന് ശേഷം ക്ലച്ചു പിടിച്ചു തുടങ്ങിയിട്ടില്ലാത്ത കേരളത്തിലെ കോൺഗ്രസിന് ആന്റണിയെപ്പോലുള്ള ഒരു വിഗ്രഹം അത്യാവശ്യമായി. അതിനുള്ള അനുസാരികളെല്ലാം ആവശ്യത്തിന് ചേർത്ത് ആന്റണി വിശുദ്ധനാക്കപ്പെട്ടു.
അടിയന്തിരാവസ്ഥ. ഗുവാഹട്ടി എ.ഐ.സി.സി. ഇന്ദിര ഗാന്ധിക്ക് എതിരേ തുറന്നടിച്ച ആന്റണി കേരളത്തിന്റെ ഇടതുമനസ്സിന് എളുപ്പത്തിൽ സ്വീകാര്യനായി. പിന്നാലെ രാജൻ കേസിൽ കരുണാകരന്റെ വീഴ്ച. അത് ആന്റണിയെ മുഖ്യമന്ത്രി പദത്തിലെത്തിച്ചു. ദേവരാജ് അരസിന്റെ കാലം ആന്റണി പോലും ഇപ്പോൾ മറന്നിരിക്കണം. എന്തായാലും ചെറിയ ഇടതു മുന്നണിക്കാലം. തിരിച്ചുവരവ്. കൂടെപ്പോയ പലരും അവിടെത്തന്നെ ഒട്ടിപ്പോയ ഓർമ്മ. അക്കൽദാമയിലേക്ക് വലിച്ചെറിഞ്ഞ വെള്ളിനാണയങ്ങളായി അക്കാലം ആന്റണിക്ക് ഷണ്മുഖദാസും എ.കെ. ശശീന്ദ്രനും മറ്റും മറ്റും.
വയലാർ രവിയെ ചേർത്ത് കെ.പി.സി.സി. അധ്യക്ഷപദത്തിലേക്കുള്ള വരവിനെ സാക്ഷാൽ ലീഡർ വെട്ടി. ഇന്ദിരയില്ലാത്ത ദൽഹിയിൽ ആന്റണി പുതിയ രക്ഷകർത്താക്കളെ കണ്ടെത്തി. തൊണ്ണൂറുകൾ. ഉമ്മൻ ചാണ്ടിയേയും എ ഗ്രൂപ്പിനേയും വെട്ടി ദൽഹിക്ക് പോയ ആന്റണി സംസഥാനത്ത് സ്വന്തം ഗ്രൂപ്പിന് താൻ അനിവാര്യനല്ലെന്ന് തിരിച്ചറിഞ്ഞപ്പോൾ പഞ്ചസാര കുംഭകോണവുമായി തിരിച്ചത്തി. ചാരക്കേസ്. കെ. കരുണാകരനെ വേട്ടയാടൽ. വീണ്ടും മുഖ്യമന്ത്രി.
അധികാരത്തിലേക്ക് തിരിച്ചെത്താൻ ആന്റണി കണ്ട മാർഗ്ഗം ചാരായനിരോധനമായിരുന്നു. ഇന്ന് തിരിഞ്ഞുനോക്കുക. ഇന്ത്യൻ നിർമ്മിത വിദേശമദ്യം എന്ന അശ്ലീലമായ കള്ളത്തിന് കേരളത്തിലെ മദ്യവർഗ്ഗ സ്വീകരണമുറികളിൽ സ്വീകാര്യത നൽകി എന്നത് മാത്രമായിരുന്നു അതിന്റെ ഫലം. വിദ്യഭ്യാസമേഖലയെ കുളം തോണ്ടുന്ന സ്വാശ്രയ കോളേജ് എന്ന ഒട്ടകത്തെ കൂടാരത്തിനകത്തേക്ക് ക്ഷണിച്ചുകയറ്റാനും അദ്ദേഹം തയ്യാറായി.
പുതിയ സഹസ്രാബ്ദത്തിൽ എ.ഐ.സി.സി. നേതൃത്വത്തിലായിരുന്നു ആന്റണി. വെറും ഒന്നരപ്പതിറ്റാണ്ട് കൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഉപ്പുവച്ച കലം പോലെയായി. ആന്റണിക്ക് മാത്രമാണോ പങ്ക്? തീർച്ചയായും അല്ല. പക്ഷേ, ദ്രൗപദിയെ കൗരവസഭയിൽ തുണിയുരിക്കുമ്പോൾ മൗനം കൊണ്ട് അധികാരം കാത്ത ആചാര്യൻമാരുടെ ആഭാസത്തരമുണ്ടായിരുന്നു ഓരോ നീക്കങ്ങളിലും.
ലീഗിന്റെ ചെലവിൽ തിരൂരങ്ങാടിയിൽ മത്സരിക്കുമ്പോഴില്ലാത്ത ന്യൂനപക്ഷ വിരുദ്ധത പലപ്പോഴും കടന്നുവന്നതും ആന്റണിയുടെ വിഖ്യാതമായ ന്യൂനപക്ഷ പ്രസതാവനയിൽ സൂക്ഷിച്ചുനോക്കിയാൽ കാണാം. രാജ്യസഭാംഗത്വവുമായി അധികാരത്തിൽ ആന്റണി നിന്നു. സോണിയ ഗാന്ധി കഴിഞ്ഞാൽ രണ്ടാമനായി. നാഴിയിൽ പാതിയാടീല പലാകാശാനേ വാനവാ എന്ന് ഐതിഹ്യമാലയിൽ പറഞ്ഞ പോലെ നിന്നു. ബഹുമാനം കൊണ്ടാണോ അല്ലയോ എന്നറിയില്ല ഒന്നും ഉരിയാടിയില്ല(നാഴിയിൽ പാതി ഉരി) എന്ന മട്ടിൽ കളിച്ചു.
എ.കെ. ആന്റണിക്ക് എന്താണ് കോൺഗ്രസ് കൊടുക്കാതിരുന്നിട്ടുള്ളത്.? എല്ലാം അദ്ദേഹം നേടി. കേരളത്തിൽ പ്രമുഖ സമുദായങ്ങളെ കോൺഗ്രസ്സിന് എതിരാക്കുന്നതിൽ ആന്റണിക്ക് പങ്കുണ്ടോ എന്ന് ഭാവിയിൽ ചരിത്രവിദ്യാർത്ഥികൾ പരിശോധിക്കട്ടെ.
അനിൽ ആന്റണിയെ പറയുമ്പോൾ ഇത് ഓർക്കാതിരിക്കാൻ വയ്യ. എന്തെന്നാൽ എ.കെ. ആന്റണി എന്ന രാഷ്ട്രീയസ്വത്വത്തിനപ്പുറം അനിൽ ആന്റണിക്ക് ഇതപര്യന്തം വ്യക്തിത്വമില്ല. ആന്റണിയുടെ മകൻ തന്നെയാണ് അനിൽ ആന്റണി. വയലാർ രവിയും ഉമ്മൻ ചാണ്ടിയുമൊക്കെ അശ്വമേധത്തിന് ഇറക്കിവിട്ട കുതിരയെ തെളിച്ച് നേതാവായ ആന്റണിയുടെ അതേ പാതയിൽ അനിലും ഇറങ്ങുകയാണ്. ഹിന്ദുരാഷ്ട്രീയക്കാർ ഇറക്കിവിട്ട കുതിരയെ തെളിക്കാൻ. ഇന്ദ്രപ്രസ്ഥത്തിൽ ഇത് ബി.ജെ.പിയുടെ രാജസൂയം. അഗ്രസ്ഥാനത്തിരിക്കാൻ നരേന്ദ്ര മോദി തന്നെ എന്ന് പൂജാപുഷ്പങ്ങളുമായി അർച്ചനയ്ക്ക് എത്തുകയാണ് അനിൽ ആന്റണി.
മോദിയും ബി.ജെ.പിയും പള്ളിക്കും പട്ടക്കാർക്കും എതിരാണെന്ന് പറയുന്നവർക്കുള്ള മറുപടിയെന്ന് വി. മുരളീധർജി നേരേ തന്നെ പറയുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനം അടക്കമുള്ള കാര്യങ്ങൾ മനസ്സിലാക്കാനുള്ള അനിൽ ആന്റണിയുടെ കഴിവിനെ പിയൂഷ് ഗോയൽ പ്രശംസിക്കുന്നുണ്ട്. തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിലും വിദേശത്തും പഠിച്ച ബഹുമുഖപ്രതിഭ, എ.ഐ.സി.സി. മുൻ സൈബർ മീഡിയ പുലി പറയുന്നു: ധർമ്മത്തെ രക്ഷിക്കുന്നവരെ ധർമ്മം രക്ഷിക്കും.
മഹാഭാരതത്തിൽ വ്യാസൻ ഏറ്റവുമധികം ഓർക്കുന്ന വാക്യം. മോദിയെ ശ്രീകൃഷ്ണനോട് ഉപമിക്കാൻ അനിൽ ആന്റണി തന്നെ വേണ്ടി വന്നു. മെക്സിക്കൻ അപാരത എന്ന സിനിമയിലെ കോമാളിയായ വിദ്യാർത്ഥി നേതാവിനെപ്പോലെ മുദ്രാവാക്യം. കൗരവ പാണ്ഡവ യുദ്ധത്തിൽ കൃഷ്ണൻ തേരു തെളിച്ചത് പോലെ....
അനിൽ പറഞ്ഞത് സത്യം. ചില കുടുംബങ്ങൾക്ക് കിട്ടിയ അംഗീകാരമാണ് അനിൽ ആന്റണിക്കും കിട്ടുന്നത്. അതിന് ആന്റണിക്ക് നന്ദി.
റബ്ബറിന് മുന്നൂറു രൂപ കിട്ടിയാൽ വോട്ടെന്ന് വില പേശുന്ന തിരുമേനിമാരേക്കാൾ ബുദ്ധിമാന്മാരാണ് ബി.ജെ.പി. വോട്ടിന് പാകത്തിലുള്ള സ്ഥാനാർത്ഥികളേയും ഉണ്ടാക്കുന്നുണ്ട്. കോൺഗ്രസ് മുക്ത കേരളത്തിനായി. ജനപിന്തുണ വേണ്ടെന്നും വ്യാജമായ ആശയങ്ങളെ വിറ്റാൽ കേരളത്തിൽ പുലർന്നു പോകാമെന്നും പിതാശ്രീയിൽനിന്ന് തന്നെ പുത്രശ്രീയും പഠിച്ചിരിക്കണം. അത്രയെങ്കിലും പഠിച്ചിരിക്കണമല്ലോ, പിയൂഷ് ഗോയൽ പറഞ്ഞ പോലെ ബഹുമുഖപ്രതിഭയല്ലേ.
എ.കെ. ആന്റണി എന്തു പറയും? കൗതുകമാണ്. അല്ലെങ്കിൽ ആന്റണി എന്താണ് കുറച്ചുകാലമായി പറഞ്ഞിട്ടുള്ളത്. രാഹുൽ ഗാന്ധി ജോഡോ യാത്രയുമായി മുന്നോട്ട് നീങ്ങിയപ്പോൾ അനിൽ ആന്റണി ബി.ജെ.പിയെ പുകഴ്ത്തുകയായിരുന്നു, ജയറാം രമേശ് അന്നേ ഇത് ചൂണ്ടിക്കാട്ടി. രാഹുൽ ഗാന്ധി ലോകസഭാംഗത്വം നഷ്ടമായി കുഴപ്പത്തിലായപ്പോഴും ആന്റണി മുന്നിലുണ്ടായില്ല. ചെറുത്തുനിൽപിന്റെ കൊടിപ്പടമേന്താൻ. ആന്റണി പതിവുപോലെ മൗനത്തിലായിരുന്നു എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും. അഭിമാനതരളിതനായിരിക്കാൻ അവകാശമുണ്ട് അദ്ദേഹത്തിന്. സ്വന്തം മകനെപ്പോലും കോൺഗ്രസ്സിൽ ഉറപ്പിച്ച് നിർത്താൻ കഴിയാത്ത ആ രാഷ്ട്രീയ കൗശലം ആന്റണിയെ പ്രത്യേകം സ്മരണീയനാക്കുന്നു.
എന്തായാലും അടുത്ത തലമുറയെങ്കിലും ഒരു നിലപാട് എടുത്തല്ലോ. സർ ഉടൻ മകനെ വിളിക്കണം. പെസഹാ അപ്പം മുറിക്കുമ്പോഴത്തേക്ക് എത്താൻ പാകത്തിൽ ഫ്ളൈറ്റ് പിടിക്കണം. കെ. കരുണാകരന്റെ മകൻ ബി.ജെ.പിയാവില്ലെന്ന് കെ. മുരളീധരൻ പറഞ്ഞതിന്റെ അർത്ഥം പൂർണാർത്ഥത്തിൽ തെളിഞ്ഞത് ഇപ്പോൾ മാത്രമാണ്.
ഇന്ന് ഹനുമാൻ ജയന്തിയാണ്. കോൺഗ്രസ്സിന് ഇതൊരു ശുഭവാർത്തയാണ്. എ.കെ. ആന്റണിക്ക് ആഞ്ജനേയൻ ശകതി കൊടുക്കട്ടെ.
മനോജപം മാരുത തുല്യവേഗം
ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ഠാം
വാനാത്മജം വാനരയൂഥമുഖ്യം
ശ്രീരാമദൂതം ശിരസാനമാമി
കോൺഗ്രസിന് ഒറ്റ പ്രാർത്ഥനയേ ബാക്കിയുള്ളൂ. ആന്റണി കോൺഗ്രസ്സിനോട് ചെയ്തത് അനിൽ ആന്റണിക്ക് ബി.ജെ.പിയോട് ചെയ്യാൻ കഴിയട്ടെ.
Content Highlights: Anil Antony, AK Antony, Joins BJP, Congress, Rajalakshmi mathilakath
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..