
-
അമേരിക്കയില്‍ നടന്നുകൊണ്ടിരിക്കുന്ന കലാപം ഇന്ത്യയ്ക്ക് എന്തെങ്കിലും പാഠങ്ങള്‍ നല്കുന്നുണ്ടോ?
അമേരിക്ക വല്ലാത്തൊരു രാജ്യമാണ്. പത്രസ്വാതന്ത്ര്യം ഭരണഘടനയില്‍ ഉറപ്പു നല്കുന്ന രാഷ്ട്രം. എവിടെനിന്നുള്ള കുടിയേറ്റക്കാര്‍ക്കും എത്രത്തോളം വേണമെങ്കിലും വളരാവുന്ന രാജ്യം. കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ നിശിതമായി വിമര്‍ശിച്ച ഹൂസ്റ്റണ്‍ പോലീസ് മേധാവി ആര്‍ട്ട് സിവാഡൊ നാലാമത്തെ വയസ്സില്‍ ക്യൂബയില്‍നിന്നാണ് അമേരിക്കയിലെത്തിയത്. ട്രംപിനു മുമ്പ് രണ്ടു വട്ടം പ്രസിഡന്റായ ബറാക് ഒബാമ ഹാവായിയിലെ ഹൊണൊലുലുവിലാണ് ജനിച്ചത്. ഒബാമയുടെ പിതാവ് ആഫ്രിക്കക്കാരനും അമ്മ അമേരിക്കക്കാരിയുമായിരുന്നു.
സ്വാതന്ത്ര്യം ഒരു പ്രതിമ മാത്രമായ അമേരിക്കയെന്ന് ഒരു ലാറ്റിനമേരിക്കന്‍ കവി ഇടയ്ക്ക് പരിഹസിച്ചിരുന്നു. പക്ഷേ, അമേരിക്കയില്‍ സ്വാതന്ത്ര്യം മരീചികയോ മരുപ്പച്ചയോ അല്ലെന്നും യാഥാര്‍ത്ഥ്യമാണെന്നും ഈ കലാപങ്ങള്‍ തന്നെ നമ്മോട് പറയുന്നുണ്ട്. പ്രസിഡന്റ് താമസിക്കുന്ന വൈറ്റ്ഹൗസിനു മുന്നില്‍ വരെ പ്രതിഷേധിക്കാനുള്ള അവസരവും പരിസരവും അമേരിക്കയിലുണ്ട്. ഇന്ത്യയില്‍ പ്രധാനമന്ത്രി മോദിയുടെ വീടിനു മുന്നില്‍ ഇങ്ങനെ പ്രതിഷേധിക്കാന്‍ കഴിയുമോ എന്നാലോചിച്ചാല്‍ ഈ അന്തരം മനസ്സിലാവും.
പക്ഷേ, വംശീയത അമേരിക്കയില്‍ വലിയൊരു പ്രശ്നം തന്നെയാണ്. ലോകത്തെ ഏറ്റവും പഴക്കമേറിയ ഈ ജനാധിപത്യ രാഷ്ട്രത്തില്‍ വംശീയതയുടെ വെറികള്‍ ഇപ്പോഴും എരിഞ്ഞുകൊണ്ടിരിക്കുകയാണ്. 1863-ല്‍ പ്രശസ്തമായ ഗെറ്റിസ്ബെര്‍ഗ് പ്രസംഗത്തിലാണ് എബ്രഹാം ലിങ്കണ് ജനാധിപത്യം മനോഹരമായി നിര്‍വ്വചിച്ചത്. ''ജനങ്ങളുടെ, ജനങ്ങളാലുള്ള, ജനങ്ങള്‍ക്കു വേണ്ടിയുള്ള സര്‍ക്കാര്‍.''
പക്ഷേ, ഈ ജനങ്ങളില്‍ അന്ന് കറുത്തവരും സ്ത്രീകളും ഉള്‍പ്പെട്ടിരുന്നില്ല. കറുത്തവര്‍ക്ക് അമേരിക്കയില്‍ പൂര്‍ണ്ണമായും വോട്ടവകാശം കിട്ടുന്നത് 1870-ലാണ്. അതു കാണാന്‍ ലിങ്കണ് ജീവിച്ചിരിപ്പുണ്ടായിരുന്നില്ല. വോട്ട് ചെയ്യുന്നതിനായി സ്ത്രീകള്‍ക്ക് പിന്നെയും 57 കൊല്ലം കൊല്ലം കൂടി കാത്തിരിക്കേണ്ടി വന്നു(1920). മനുഷ്യ വിമോചനത്തിന്റെ ഏറ്റവും വലിയ പ്രവാചകരിലൊരാളായി കണക്കാക്കപ്പെടുന്ന ലിങ്കനെ ചെറുതാക്കാനാല്ല ഇതു പറഞ്ഞത്. അമേരിക്ക കടന്നു വന്നിട്ടുള്ള പോരാട്ടങ്ങളുടെയും വൈരുദ്ധ്യങ്ങളുടെയും നെടുംപാതകള്‍ ചൂണ്ടിക്കാട്ടിയെന്നു മാത്രം.
ജോര്‍ജ് ഫ്ളോയിഡ് എന്ന ആഫ്രിക്കന്‍ അമേരിക്കന്‍ വംശജന്റെ നിഷ്ഠൂരമായ കൊല ഒരു നിമിത്തമാവുകയായിരുന്നു. നൂറ്റാണ്ടുകളായി കറുത്തവര്‍ അമേരിക്കയില്‍ നേരിടുന്ന വിവേചനത്തിനെതിരെയുള്ള പൊട്ടിത്തെറിയാണിത്. കലാപങ്ങള്‍ ശബ്ദമില്ലാത്തവരുടെ ശബ്ദമാണെന്നാണ് മാര്ട്ടിന് ലൂതര്‍ കിങ് പറഞ്ഞത്. ആര്‍ട്ട് സിവാഡൊ കൃത്യമായി ചൂണ്ടിക്കാട്ടിയതു പോലെ ഇത് പോലിസുകാരുടെ തെമ്മാടിത്തരത്തിനെതിരെയുള്ള പ്രതികരണം മാത്രമല്ല. ഒരു സമൂഹമെന്ന നിലയില്‍ അമേരിക്കയ്ക്കുള്ളിലുള്ള വൈരുദ്ധ്യങ്ങള്‍ക്കും അസമത്വങ്ങള്‍ക്കും എതിരെയുള്ള പോരാട്ടമാണ്.
ഈ പോരാട്ടത്തിലേര്പ്പെടുന്നവര് പലപ്പോഴും വോട്ടു ചെയ്യാറില്ലെന്നും കലാപകാരികള്‍ അവരുടെ പ്രതിഷേധം പോളിങ് ബൂത്തുകളില്‍ രേഖപ്പെടുത്തണമെന്നുമാണ് സിവാഡൊ പറഞ്ഞത്. 55.7% പേരാണ് 2016-ലെ അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്തത്. ഇന്നിപ്പോള്‍ തെരുവുകളില്‍ പ്രതിഷേധിക്കുന്നവര്‍ അന്ന് വോട്ട് ചെയ്തിരുന്നെങ്കില്‍ ട്രംപ് വൈറ്റ് ഹൗസിലെത്തുമായിരുന്നില്ല.
പ്രക്ഷോഭത്തിന് അമേരിക്കയില്‍ ഇപ്പോഴും ഇടമുണ്ടെന്നത് ജനാധിപത്യ വിശ്വാസികള്‍ക്ക് ആശ്വാസമേകുന്ന വസ്തുതയാണ്. പ്രക്ഷോഭകാരികളെ വസ്ത്രം കൊണ്ട് തിരിച്ചറിയാമെന്ന് പ്രസിഡന്റ് ട്രംപ് പറഞ്ഞിട്ടില്ല. അവര്‍ ആഭ്യന്തര ഭീകരപ്രവര്ത്തകരാണെന്നാണ് ട്രംപ് കുറ്റപ്പെടുത്തിയത്. പ്രക്ഷോഭകാരികളോട് മൃദുസമീപനം വേണ്ടെന്നും അവരെ അടിച്ചമര്‍ത്തണമെന്നുമാണ് ട്രംപിന്റെ നിലപാട്.
പക്ഷേ, ജനാധിപത്യ സമൂഹത്തില്‍ പോലിസിന്റെ പങ്കെന്താണെന്ന് കൃത്യമായി അറിയാവുന്ന ആര്‍ട്ട് സിവാഡെയെപ്പോലുള്ള പോലിസ് മേധാവികളുള്ളതുകൊണ്ടും ശക്തമായ ഫെഡറലിസമുള്ള രാജ്യമാണ് അമേരിക്കയെന്നതുകൊണ്ടും ട്രംപിന് ചെയ്യാനാവുന്നതിന് ഒരു പരിധിയുണ്ട്. പ്രക്ഷോഭകാരികള്‍ക്കെതിരെ സൈന്യത്തെ ഇറക്കാന്‍ ട്രംപ് ആലോചിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. വിയറ്റ്നാമില്‍ അമേരിക്കന്‍ സൈന്യം നടത്തിയ കൂട്ടക്കൊലയ്ക്കെതിരെ അമേരിക്കന്‍ പൗരസമൂഹം പ്രതികരിച്ചതെങ്ങിനെയാണെന്ന് ട്രംപിനെ അദ്ദേഹത്തിന്റെ ഉപദേശകര്‍ ഒന്നോര്‍മ്മിപ്പിക്കുന്നത് നന്നായിരിക്കുമെന്ന് മാത്രമേ ഇതിന് മറുപടി പറയാനുള്ളു.
അമേരിക്കയിലെ വംശീയതയേക്കാള്‍ രൂക്ഷമാണ് ഇന്ത്യയിലെ ജാതി വ്യവസ്ഥ എന്നതില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടാവുമെന്ന് തോന്നുന്നില്ല. സഹസ്രാബ്ദങ്ങളായി ഇന്ത്യയില്‍ ദളിതരും ആദിവാസികളും അടിച്ചമര്‍ത്തപ്പെടുകയും വിവേചനങ്ങള്‍ക്കിരയാവുകയും ചെയ്യുന്നുണ്ട്. എന്റെ ജന്മമാണ് എന്റെ മാരകമായ അപകടം എന്നെഴുതിവെച്ച് രോഹിത് വെമുല എന്ന ഗവേഷക വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തിട്ട് നാലു കൊല്ലമേ ആയിട്ടുള്ളു. ഇക്കഴിഞ്ഞ ദിവസമാണ് കേരളത്തില്‍ 14 വയസ്സ് മാത്രം പ്രായമുള്ള ഒരു ദളിത് ബാലിക ജീവനൊടുക്കിയത്. വിചേനത്തിന്റെ മറ്റൊരു തലവും രൂപവുമാണ് ദേവികയെന്ന മിടുക്കിയായ ഈ പത്താം ക്ലാസ്സുകാരിക്ക് നേരിടേണ്ടി വന്നത്.
ഇന്ത്യ ഇന്നിപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ മാനുഷിക ദുരന്തം കുടിയേറ്റ തൊഴിലാളികളുടെ പലായനമാണ്. ഈ തൊഴിലാളികളില്‍ ഭൂരിപക്ഷവും ദളിതരും പിന്നാക്ക വര്ഗ്ഗക്കാരുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജോര്‍ജ് ഫ്ളോയിഡിനെ കഴുത്തില്‍ മുട്ടമര്ത്തിയാണ് കൊന്നതെങ്കില്‍ ഭരണകൂടങ്ങളുടെ നിസ്സംഗതയും നിഷ്ക്രിയത്വവുമാണ് ഇന്ത്യയില്‍ കുടിയേറ്റ തൊഴിലാളികളെ കൊല്ലുന്നത്. പക്ഷേ, ഈ മരണങ്ങള് ഇന്ത്യയില്‍ ഒരു കലാപത്തിന് വഴിമരുന്നിട്ടിട്ടില്ല. ലക്ഷക്കണക്കിന് ജനങ്ങള്‍ ഇപ്പോഴും ഇതെല്ലാം സഹിച്ചു ജീവിക്കുകയാണ്.
ഈ യാഥാര്‍ത്ഥ്യത്തിനു നേര്‍ക്ക് കണ്ണടയ്ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. കുടിയേറ്റ തൊഴിലാളികള്‍ പൊതുവെ വോട്ടു ചെയ്യാറില്ല എന്നതായിരിക്കും സര്‍ക്കാരിന് ആശ്വാസം പകരുന്നത്. പക്ഷേ, എക്കാലവും ഇത് ഇതുപോലെ തുടരണമെന്നില്ല എന്ന് ഭരണകൂടങ്ങള്‍ ഓര്‍ക്കുക തന്നെ വേണം. വലിയ അസമത്വമാണ് ഇന്ത്യയില്‍ നില നില്‍ക്കുന്നത്. ഒരു ശതമാനം വരുന്ന സൂപ്പര്‍ പണക്കാരാണ് ഇന്ത്യയിലെ ധനത്തിന്റെ 73 ശതമാനവും കൈകാര്യം ചെയ്യുന്നത്. 2017-ല്‍ മാത്രം ഈ ഒരു ശതമാനത്തിന്റെ സമ്പത്തില്‍ 20.9 ലക്ഷം കോടി രൂപയുടെ വര്‍ദ്ധനവാണുണ്ടായത്. ഈ അസമതവവും വിവേചനവും ഇല്ലാതാക്കാന്‍ കൃത്യമായ നടപടികളുണ്ടാവുന്നില്ലെങ്കില്‍ ഒരു ഭൂഗര്‍ഭ അറയ്ക്കും ഇന്ത്യയിലെ ഭരണാധികാരികളെ സംരക്ഷിക്കാനായെന്നു വരില്ല.
കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനെ മാറ്റുമെന്ന് കേള്‍ക്കുന്നുണ്ടല്ലോ?
ബ്രീഫ്കെയ്സിനു പകരം ചുവന്ന പട്ടില്‍ പൊതിഞ്ഞാല്‍ ബജറ്റ് നന്നാവുമെന്ന് കരുതുന്നവരാണ് ഇന്ത്യന്‍ ധനമന്ത്രാലയത്തെ നയിക്കുന്നത്. നിര്‍മ്മലയെ പുറത്താക്കണമെന്ന് ഏറ്റവും ശക്തമായി ആവശ്യപ്പെടുന്നത് അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ധനും ബി.ജെ.പിയുടെ സമുന്നത നേതാക്കളിലൊരാളുമായ സുബ്രഹ്മണ്യന് സ്വാമിയാണ്. സ്വാമിക്ക് സാമ്പത്തിക ശാസ്ത്രം അറിയില്ലെന്ന് പി. ചിദംബരം പോലും പറയില്ല. പക്ഷേ, സ്വാമിയെ ധനമന്ത്രിയാക്കിയാല്‍ പിന്നെ ആ വഴിയുടെ നാലയല്പക്കത്ത്കൂടി പോകാനാവില്ലെന്ന് പ്രധാനമന്ത്രി മോദിക്കറിയാം. എറിയാനറിയാവുന്നവന്റെ കൈയ്യില്‍ വടി കൊടുക്കാന്‍ താല്പര്യമുള്ളയാളാണെന്ന ആരോപണം എന്തായാലും മോദി ഇതുവരെ നേരിടേണ്ടിവന്നിട്ടില്ല ഏതെങ്കിലുമൊരു കാര്യത്തില്‍ മോദി മുന്‍ ്രപധാനമന്ത്രി വാജ്പേയിയെ പിന്തുടരുന്നുണ്ടെങ്കില് അത് സ്വാമിയെ മന്ത്രിസഭയിലെടുക്കാതിരിക്കുന്നതിലാണ്.
പിന്നെ, നിര്‍മ്മലയെ നീക്കുന്ന കാര്യം. കഴിവാണ് മാനദണ്ഡമെങ്കില്‍ നിര്‍മ്മലയെ മാത്രമായി ഒഴിവാക്കാനാവുമോ? കഴിഞ്ഞ ദിവസം ഒരു ബി.ജെ.പി. നേതാവ് കേന്ദ്ര തൊഴില്‍ മന്ത്രിയുടെ പേര് ഓര്‍ത്തെടുക്കാന്‍ പാടു പെടുന്നുണ്ടായിരുന്നു. എന്തിന് മാനവ വിഭവശേഷി മന്ത്രി, വ്യവസായ മന്ത്രി എന്നിവരുടെ പേരുകളും ഒരു മാതിരി ബി.ജെ.പി. നേതാക്കള്‍ക്ക് പോലും അറിവുണ്ടാവില്ല. പണ്ട് സ്മാര്‍ത്തവിചാരം നടത്തിയപ്പോള്‍ താത്രിക്കുട്ടി പേരുകള്‍ പറഞ്ഞ് പറഞ്ഞ് ഒടുവില്‍ നാടു ഭരിക്കുന്ന തമ്പുരാനിലേക്ക് തന്നെ എത്തുമെന്നായപ്പോള്‍ സംഗതി അവിടെ വെച്ച് നിര്‍ത്തിയതായി കേട്ടിട്ടുണ്ട്. ഒഴിവാക്കണമെങ്കില്‍ ഒരാളെ മാത്രമായി ഒഴിവാക്കാനാവില്ലെന്ന് സാരം.
കേരളത്തില്‍ പാലക്കാട്ട് ആനയെ പടക്കം കൊടുത്ത് കൊന്നതിനെതിരെ വന്കോലാഹലമാണല്ലോ?
മനുഷ്യരെന്ന് പറഞ്ഞു നടക്കുന്നവര്ക്കാര്ക്കും ഈ കൊടുംക്രൂരത ഉള്‍ക്കൊള്ളാനാവില്ല. മനഃപൂര്‍വ്വമല്ലെന്നും പന്നിക്ക് വെച്ച പടക്കം അറിയാതെ ആനയ്ക്ക് കൊണ്ടതാണെന്നും പറയുന്നുണ്ട്്. പടക്കം വെയ്ക്കുന്നത് കൊല്ലാന്‍ തന്നെയാണ്. കൊല്ലാനല്ലെങ്കില്‍ പിന്നെ പഴത്തിലും പൈനാപ്പിളിലുമൊക്കെ പടക്കം പൂഴ്ത്തിവെയ്ക്കുന്നത് ആചാരവെടി സമര്‍പ്പണം നടത്താനാണോ?
പന്നിയാണെങ്കില്‍ വായും വയറും തകര്‍ന്ന് മരിക്കുന്നതില്‍ ഒരു കുഴപ്പവുമില്ലെന്ന വൃത്തികെട്ട മനോഭാവവും അംഗികരിക്കാനാവില്ല. ആനയോട് മാത്രമല്ല ഒരു ജീവിയോടും ഇങ്ങനെ ചെയ്യരുത്. കൃഷി നശിപ്പിക്കാന്‍ ആനയും പന്നിയും വരുന്നത് അവയുടെ ആവാസസ്ഥലം നമ്മള് മനുഷ്യര്‍ കൈയ്യേറുന്നതു കൊണ്ടാണ്. പ്രളയമടക്കമുള്ള പരിസ്ഥിതി പ്രശ്നങ്ങള്‍ ഉള്‍പ്പെടുന്ന വിഷയമാണിത്.
കൃഷിക്കാര്‍ക്ക് അവരുടെ കൃഷി നശിക്കരുതെന്നതാണ് മുഖ്യം. അതിന് പക്ഷേ, ഇങ്ങനെയല്ല മൃഗങ്ങളോട് ചെയ്യേണ്ടത്. മൃഗങ്ങളെ കൊന്നു കൊണ്ടല്ല കൃഷി സംരക്ഷിക്കേണ്ടത്. പുലിയെ വെടിവെച്ചു കൊല്ലാന്‍ പോയ ഒരു ഫോറസ്റ്റ് ഓഫിസറെ പുലി പിടിക്കുന്നതും അതു കണ്ടു നിന്ന റെയ്ഞ്ചര്‍ മരിയാപൂതം പ്രതി ശരിക്കും ഓഫിസര്‍ തന്നെയാണെന്നും പുലിയെ കൊന്ന് ഓഫിസറെ രക്ഷിക്കാതിരുന്നത് മനഃപൂര്‍വ്വമാണെന്നും വേണമെങ്കില്‍ സാക്ഷിയായി ഒരാളുണ്ടെന്നും കോടതിയില്‍ പറയുന്ന ഒരു കഥ എം.പി. നാരായണപിള്ള എഴുതിയിട്ടുണ്ട്. സാക്ഷിയാരാണെന്ന് കോടതി ചോദിക്കുമ്പോള്‍ അ്ത് പുലി തന്നെയാണെന്നാണ് മറുപടി. മൃഗാധിപത്യം എന്നു പേരുള്ള ഈ കഥയുടെ ഒരു കോപ്പി എല്ലാ ഫോറസ്റ്റ് ഓഫീസിലും നിര്‍ബ്ബന്ധമാക്കണം. നമ്മുടെ വനാതിര്‍ത്തികളോട് ചേര്‍ന്നുള്ള സ്ഥലങ്ങളിലെ വീടുകളിലും ഈ കഥയുടെ കോപ്പി നല്‍കണം. മൃഗങ്ങളോട് എങ്ങിനെയാണ് മനുഷ്യന് പെരുമാറേണ്ടതെന്ന് ഇതുപോലെ പറയുന്ന മറ്റൊരു കഥ മലയാളത്തില്‍ വായിച്ചിട്ടില്ല.
ആന കൊല്ലപ്പെട്ടത് മലപ്പുറം ജില്ലയിലാണെന്നു പറഞ്ഞ് മുന്‍ കേന്ദ്ര മന്ത്രി മനേക ഗാന്ധിയും ഇപ്പോഴത്തെ പരിസ്ഥിതി വനം മന്ത്രി പ്രകാശ് ജാവഡോക്കറുമടക്കമുള്ളവര് രംഗത്തെത്തിയിട്ടുണ്ട്. എന്തിനുമേതിനും മലപ്പുറത്തിന്റെ മെക്കിട്ട് കയറുന്നത് മനോനിലയുടെ പ്രശ്നമാണ്. വാട്സാപ്പ് നോക്കിയല്ല നേതാക്കളും മന്ത്രിമാരും കാര്യങ്ങള്‍ പറയേണ്ടതെന്ന് കുമ്മനംജിയെങ്കിലും ഇവരോട് പറയണം.
കേരളത്തില്‍ പ്രതിപക്ഷം സ്ഥാനത്തും അസ്ഥാനത്തും സര്‍ക്കാരിനെ വിമര്‍ശിക്കുകയാണെന്ന ആരോപണത്തെക്കുറിച്ച്?
പിണറായി വിജയന് കേരളത്തിന്റെ മുഖ്യമന്ത്രിയാണെന്നു പറയുന്നതുപോലെ തന്നെയാണ് രമേശ് ചെന്നിത്തല കേരളത്തിന്റെ പ്രതിപക്ഷ നേതാവാണെന്നു പറയുന്നത്. സര്‍ക്കാര്‍ ചെയ്യുന്ന തോന്നിവാസങ്ങള്‍ കണ്ടെത്തി വിമര്‍ശിക്കുക എന്നത് പ്രതിപക്ഷ നേതാവ് ചെയ്യുന്നില്ലെങ്കില്‍ പിന്നെയാരാണ് ചെയ്യുക? ഇടതുപക്ഷം പ്രതിപക്ഷത്താവുമ്പോള്‍ ചെയ്യുന്നതിന്റെ പത്തിലൊന്ന് പോലും കോണ്‍ഗ്രസ് ചെയ്യുന്നില്ല. പിന്നെ, മഹാമാരിയുടെ സമയത്ത് സര്‍ക്കാരിനെതിരെ ഒന്നും പറയരുതെന്ന് പറയുന്നത് മറ്റെന്താണെങ്കിലും ജനാധിപത്യമല്ല.
പക്ഷേ, ചെന്നിത്തലയും കൂട്ടരും കുറച്ചുകൂടി സര്‍ഗ്ഗാത്മകമായി ചിന്തിക്കണം. സ്പ്രിങ്ക്ളറില്‍ ചെന്നിത്തലയുടെ ഇടപെടല്‍ ഫലമുണ്ടാക്കി. കൊവിഡ് 19-നെതിരെയുള്ള പോരാട്ടം പിണറായി സര്‍ക്കാര്‍ ഫലപ്രദമായാണ് നടത്തുന്നത്. അതുകണ്ട് പനിപിടിക്കുകയോ പേടിക്കുകയോ അല്ല ചെന്നിത്തല ചെയ്യേണ്ടത്. കേരള ജനതയുടെ ഭാവന പിടിച്ചെടുക്കാന്‍ കഴിയുന്ന പദ്ധതികള്‍ ആസൂത്രണം ചെയ്യണം. വയനാട് എം.പിയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ഗാന്ധി ചില കേമന്മാരുമായി അഭിമുഖം നടത്തി ആശയങ്ങള്‍ കണ്ടെത്തുന്നുണ്ട്. രാഹുല്‍ ഗാന്ധി ചെയ്യേണ്ട പണിയല്ലിത്. പക്ഷേ, നമ്മുടെ ശശി തരൂരിനെ പോലുള്ളവരെ കളത്തിലിറക്കി ചെന്നിത്തലയ്ക്ക് ഈ കളി കളിക്കാം. ഉദാഹരണത്തിന് നാട്ടിലേക്ക് തിരിച്ചുവരുന്ന വിദേശ മലയാളികള്‍ക്ക് കേരളത്തിലെന്താണ് ചെയ്യാനാവുകയെന്നാലോചിക്കാം. വെറുതെ ഞഞ്ഞാ പിഞ്ഞാ വര്‍ത്തമാനമല്ല നല്ല ഉശിരന്‍ ആശയങ്ങള്‍ ഉരുത്തിരിഞ്ഞുവരുന്ന തകര്‍പ്പന്‍ ചര്‍ച്ചകള്‍. ഈ വഴിക്കൊക്കെയാണ് ചെന്നിത്തല ഒന്നാഞ്ഞു പിടിക്കേണ്ടത്.
വഴിയില്‍ കേട്ടത്: ഡിജിറ്റല്‍ വിദ്യാഭ്യാസം അടിച്ചേല്പിക്കരുതെന്നും അക്കാദമിക് സെഷനുകള്‍ പുനഃക്രമീകരിക്കുകയാണ് വേണ്ടതെന്നും സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സഖാവ് പിണറായിയോട് ചോദിച്ചിട്ടു തന്നെയാണോ ഈ നയപ്രഖ്യാപനമൊക്കെ നടത്തുന്നത്?
Content Highlights: American unrest and Indian situation | Vazhipokkan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..