.
മരണത്തേക്കാള്‍ വലിയ സത്യം മറ്റെന്തുണ്ട്...! ഇരവിലും പകലിലും കാലമോ സമയമോ നോക്കാതെ എത്തുന്ന അതിഥി. മാധ്യമ പ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം മരണം റിപ്പോര്‍ട്ട് ചെയ്യുന്നത് വളരെയധികം ബുദ്ധിമുട്ടേറിയ കാര്യമാണ്. കൊലപാതകങ്ങള്‍, ദുരന്തങ്ങള്‍, ആത്മഹത്യ, വധശിക്ഷ, സ്വാഭാവിക മരണം... മരണവൈവിധ്യങ്ങള്‍! ഡല്‍ഹിയിലെത്തിയ 2012 മരണ റിപ്പോര്‍ട്ടുകളുടെ കെട്ടകാലമായിരുന്നു. മുംബൈ ഭീകരാക്രമണ കേസില്‍ അജ്മല്‍ കസബ്, പാര്‍ലമെന്റ് ആക്രമണ കേസില്‍ അഫ്‌സല്‍ ഗുരു, നിര്‍ഭയ കൂട്ടബലാത്സംഗ കേസിലെ പ്രതി രാം സിങ് , സുനന്ദ പുഷ്‌ക്കര്‍... ആ പട്ടിക അങ്ങനെ നീളുന്നു. സംഭവബഹുലമായിരുന്നു മുന്‍ പ്രധാനമന്ത്രി ഐ.കെ. ഗുജറാളിന്റെ വിയോഗം റിപ്പോര്‍ട്ട് ചെയ്തത്.
2008 നവംബര്‍ 26-ന് മുംബൈയെ പിടിച്ചുലച്ച ഭീകരാക്രമണം നടക്കുമ്പോള്‍ കൊച്ചിയില്‍ ഒരു ദിനപത്രത്തിന്റെ ഓണ്‍ലൈന്‍ ഡെസ്‌ക്കിലായിരുന്നു. നഗരത്തില്‍ പാതിരയ്ക്ക് പ്രവര്‍ത്തിക്കുന്ന അപൂര്‍വം സ്ഥാപനങ്ങളിലൊന്ന്. ആക്രമണത്തിന്റെ തത്സമയ ദൃശ്യങ്ങള്‍ ഡെസ്‌കില്‍ ഭീതി നിറച്ചു. മുംബൈ നഗരം വിറങ്ങലിച്ചുനിന്ന രാത്രി മിക്കവാറും ഇന്ത്യക്കാരാരും ഉറങ്ങിയിട്ടുണ്ടാകില്ല. രാത്രിയില്‍ മുംബൈ നഗരത്തിന്റെ ഏതോ കോണിലെ ഓഫീസില്‍ ഇരിക്കുന്ന പ്രതീതി. അത്ര അടുത്ത്. എവിടെയൊക്കെയൊ വെടിയൊച്ച കോള്‍ക്കുന്ന പോലെ. ഞാനിരിക്കുന്ന ഓഫീസിന്റെ മുക്കിലും മൂലയിലും പാക് ഭീകരനായ അജ്മല്‍ കസബ് തോക്കുമായി ഏത് നിമിഷവും കടന്നുവന്നേക്കാമെന്ന തോന്നല്‍. ഭീകരാക്രമണത്തിന്റെ വ്യാപ്തി അനുനിമിഷം വലുതാകുന്നത് ദേശീയ ടെലിവിഷനുകളില്‍ കണ്ടറിഞ്ഞു. കയ്യില്‍ തോക്കുമായി നില്‍ക്കുന്ന അജ്മല്‍ കസബ് മനസില്‍ ഭയത്തിന്റെ കാഞ്ചി വലിച്ചു.
നാലുദിനം മുള്‍മുനയില്‍ നിര്‍ത്തിയ ആക്രമണം അവസാനിക്കുമ്പോള്‍ 164 പേരുടെ ജീവന്‍ പൊലിഞ്ഞു. കോണ്‍ഗ്രസ് നേതൃത്വത്തിലുളള യു.പി.എ. സര്‍ക്കാര്‍ ഉത്തരമില്ലാതെ പ്രതിരോധത്തിലായി. സമുദ്രാതിര്‍ത്തിയിലെ സുരക്ഷ ചോദ്യം ചെയ്യപ്പെട്ടു. പാകിസ്താനെ ആക്രമിച്ചേക്കുമെന്ന അഭ്യൂഹമുണ്ടായെങ്കിലും അത്തരം പ്രതിസന്ധികളിലേക്ക് രാജ്യത്തെ തളളിവിടാന്‍ ഭരണകൂടം തയ്യാറായില്ല. മുംബൈയിലെ യേര്‍വാദ ജയിലില്‍ കോടികള്‍ മുടക്കി സജ്ജീകരിച്ച സെല്ലില്‍ ആയിരുന്നു ആക്രമണത്തിനിടെ പിടിയിലായ ഏക ഭീകരനായ അജ്മല്‍ കസബിന്റെ വാസം. വിചാരണയുടെ ഓരോ ഘട്ടവും പത്രങ്ങളിലൂടെ വായിച്ചറിഞ്ഞു. രാജ്യത്തിനെതിരേ യുദ്ധം ചെയ്ത കേസില്‍ അജ്മല്‍ കസബിന് വധശിക്ഷയില്‍ കുറഞ്ഞൊന്നും ആരും പ്രതീക്ഷിച്ചിരുന്നില്ല. മരണം കാത്ത് അയാള്‍ യേര്‍വാദ ജയിലില്‍ കിടന്നു.
.jpg?$p=6c50f5c&&q=0.8)
അക്കാലത്ത് ചോദിച്ചുവാങ്ങിയ ട്രാന്‍സ്ഫര്‍ പ്രകാരം 2012 മാര്‍ച്ചില്‍ ഡല്‍ഹിയിലെത്തി. ഇന്ദ്രപ്രസ്ഥത്തെ അടുത്തറിഞ്ഞ ദിനങ്ങള്‍. കടുത്ത വേനലിന് ശേഷം കൊടുംശൈത്യമെത്തി. തണുപ്പിനെ പ്രതിരോധിക്കുക എന്നത് അസഹ്യമായിരുന്നു. രജായിക്ക് അടിയില്‍ അഭയം പ്രാപിച്ച ദിനങ്ങള്‍. തണുപ്പകറ്റാന്‍ കോട്ടന്റെ ഇന്നര്‍ പാന്റ്. അതിനു പുറമെ ജീന്‍സ്. മുകളില്‍ ഇന്നര്‍ ജാക്കറ്റ്. ഷര്‍ട്ട് മുകളില്‍ കട്ടി കൂടിയ ജാക്കറ്റ്. എന്നിട്ടും തണുപ്പിനെ തോല്‍പ്പിക്കാനായില്ല. വഴിവക്കില്‍ തീ കാഞ്ഞ് പ്രതിരോധം ശക്തിപ്പെടുത്തി. തണുപ്പ് ചില ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കി. മുഖത്ത് അലര്‍ജി. ഷോളിട്ട് മുഖം മറച്ചായിരുന്നു ഓഫീസില്‍ പോയിരുന്നത്. എം. ഉണ്ണികൃഷ്ണന്‍ അവധിയില്‍ പോയതോടെ സുപ്രീം കോടതി വാര്‍ത്തകളും കൈകാര്യം ചെയ്യേണ്ടിവന്നു.
സുപ്രീം കോടതിയില്‍ പോകുമ്പോള്‍ മറ്റു മാധ്യമ പ്രവര്‍ത്തകരും മലയാളി അഭിഭാഷകരും മുഖത്തെ അലര്‍ജിയെക്കുറിച്ച് ചോദിച്ചു തുടങ്ങി. അതോടെ കോടതിയില്‍ പോക്ക് നിര്‍ത്തി. അഭിഭാഷകരെ വിളിച്ച് വാര്‍ത്ത എടുക്കുന്ന രീതിയായി. അവധി എടുത്ത് വീട്ടിലിരിക്കാന്‍ താത്പര്യം ഇല്ലാത്തതില്‍ ബ്യുറോ ചീഫിന് മുന്നില്‍ പുതിയ നിര്‍ദേശം മുന്നോട്ടുവെച്ചു. നാളെ മുതല്‍ രാവിലെ ആറ് മുതല്‍ രണ്ടു വരെ പുതിയ ഷിഫ്റ്റ് ആരംഭിക്കണം. കൊടുംതണുപ്പില്‍ നിര്‍ദേശം പ്രായോഗികമല്ലെന്നും തളളിക്കളയുമെന്നും തോന്നി. എന്നാല്‍ ബ്യൂറോ ചിഫ് ബി. ദിലീപ് കുമാര്‍ നിര്‍ദേശം അംഗീകരിച്ചു. ക്യാമറ വിഭാഗത്തില്‍നിന്ന് ഷിഫ്റ്റിന് പിന്തുണ കിട്ടി.
സാധാരണ രാവിലെ എട്ടു മണിക്കോ ഒന്‍പത് മണിക്കോ കയറിയാല്‍ ഓഫീസ് അടയ്ക്കുന്നതുവരെ ജോലി എന്നതായിരുന്നു സ്ഥിതി. മോര്‍ണിങ് ഡ്യൂട്ടി സമ്പ്രദായം വരുമ്പോള്‍ ഏറിയാല്‍ മൂന്നു മണിവരെ ജോലി ചെയ്താല്‍ മതി. റിപ്പോര്‍ട്ടര്‍ ഫോളോ ചെയ്യുന്ന വലിയ വാര്‍ത്ത ആണെങ്കില്‍ മാത്രം ജോലി സമയം കഴിഞ്ഞും തുടരാം. അല്ലെങ്കില്‍ മറ്റാരെയെങ്കിലും ഏല്‍പ്പിച്ചു വീട്ടില്‍ പോകാം. പുതിയ ഷിഫ്റ്റ് ആരംഭിക്കുന്നതിന്റെ തലേന്ന് ബി. ബാലഗോപാലിനോട് തമാശ രൂപേണ ഒരു കാര്യം പറഞ്ഞു. നാളെ രാവിലെ ഞങ്ങള്‍ക്ക് ഒരു ഗംഭീര ബ്രേക്കിങ് ഉണ്ടാകും എന്ന്. സുപ്രീംകോടതി റിപ്പോര്‍ട്ടിങ്ങില്‍ മികവ് പുലര്‍ത്തുന്ന ബി. ബാലഗോപാല്‍ അന്ന് മറ്റൊരു സ്ഥാപനത്തില്‍ ബ്യൂറോ ചീഫ് ആയിരുന്നു.
2012 നവംബര്‍ 21. പുതിയ ഷിഫ്റ്റ് ആരംഭിക്കുന്ന ദിവസം. കൊടുംതണുപ്പില്‍ പുലര്‍ച്ചെ എഴുന്നേറ്റ് കുളിച്ചു. ദീപാവലി കഴിഞ്ഞ് ഒക്‌റ്റോബറില്‍ തണുപ്പുകാലം തുടങ്ങിയാല്‍ ഉത്തരേന്ത്യക്കാര്‍ കുളിക്കണമെങ്കില്‍ പിന്നെ മാര്‍ച്ചില്‍ ഹോളി ആകണമെന്ന് തമാശയായി പറയാറുണ്ട്. ബക്കറ്റില്‍ ഇലക്ട്രിക് കോയില്‍ വെച്ച് വെളളം ചൂടാക്കിയാണ് കുളി. അഞ്ചര ആകുമ്പോഴേക്കും ക്യാമറമാനേയും കൂട്ടി ഓഫീസിലെ കാര്‍ മന്ദിര്‍വാലി ഗലിക്ക് സമീപത്തെ പ്രധാന റോഡിലെത്തി. കാഴ്ച മറയ്ക്കുംവിധം മൂടല്‍മഞ്ഞ്. മരം കോച്ചുന്ന തണുപ്പ്. മോണിങ് ഷിഫ്റ്റ് കൊണ്ടുവന്നത് അബദ്ധമായെന്ന് തോന്നി. ഓഫീസിലെത്തി പതിവ് പത്രവായന. ദേശീയ ചാനലുകള്‍ മാറ്റി മാറ്റിവെച്ചു. ഇതിനിടയിലാണ് എന്‍ഡിടിവിയുടെ സ്‌ക്രോള്‍ കണ്ണിലുടക്കിയത്. മുംബൈ ഭീകരാക്രമണ കേസ് പ്രതി അജ്മല്‍ കസബിന്റെ ദയാഹര്‍ജി രാഷ്ട്രപതി തളളി. എന്‍ഡിടിവി സൈറ്റില്‍ കയറി വാര്‍ത്ത മുഴുവനും വായിച്ചു. കസബിനെ ചിലപ്പോള്‍ യേര്‍വാദ ജയിലില്‍ തൂക്കിലേറ്റിയിരിക്കാം എന്ന അവസാന വരി മനസില്‍ ഉടക്കി. ഇക്കാര്യം വേഗം ബ്യൂറോ ചീഫിനെ വിളിച്ചുപറഞ്ഞു. ദേശീയ മാധ്യമങ്ങളിലൊന്നും കസബുമായി ബന്ധപ്പെട്ട വാര്‍ത്തകളില്ല. ഏതൊക്കെയൊ ഹിന്ദി ചാനലുകളില്‍ യേര്‍വാദ ജയിലിന് പുറത്തുനിന്ന് ലൈവുണ്ട്. എന്നാല്‍ അവരും തൂക്കിലേറ്റിയ കാര്യം പറയുന്നില്ല.
ദയാഹര്‍ജി തളളിയാല്‍ സാധാരണ ഡെത്ത് വാറണ്ട് പുറപ്പെടുവിച്ച് ദിവസങ്ങള്‍ക്കുളളില്‍ വധശിക്ഷ നടപ്പാക്കും. കസബിനെ തൂക്കിലേറ്റി എന്ന തോന്നല്‍ മനസിലുണ്ടായി. എന്നാല്‍, ഇക്കാര്യം ആരെങ്കിലും സ്ഥിരീകരിക്കാതെ കൊടുക്കാനാവില്ലല്ലോ? ഒടുവില്‍ ദയാഹര്‍ജി തളളിയെന്ന വാര്‍ത്ത കൊടുക്കാന്‍ തീരുമാനമായി. മുഖത്ത് അലര്‍ജി ഉളളതിനാല്‍ വാര്‍ത്ത ലൈവ് ആയി നല്‍കാന്‍ വിമുഖത പ്രകടിപ്പിച്ചു. ടെലി ഇന്‍ തരാമെന്ന നിലപാടെടുത്തു. പക്ഷെ, കൂടെ ഉണ്ടായിരുന്ന ക്യാമറാ ചീഫ് ഷിജോ മുരിക്കനാനി സമ്മതിക്കുന്നില്ല. ലൈവ് തന്നെ നല്‍കണം. മുഖത്തുളള അലര്‍ജിയുടെ പാടുകള്‍ കാണാത്തവിധം ഫ്രെയിം വെക്കാമെന്ന് ഷിജോ ഉറപ്പു നല്‍കി. ഒടുവില്‍ ഡെസ്‌ക്കിന്റെ നിര്‍ബന്ധത്തിന് വഴങ്ങി ലൈവിന് തയ്യാറായി. ഇതിനിടെ ഏതാനും ഹിന്ദി ചാനലുകള്‍ കസബിനെ തൂക്കി കൊന്നുവെന്ന് ചോദ്യചിഹ്നമിട്ട് ബ്രേക്കിങ് നല്‍കി. അപ്പോഴും വാര്‍ത്ത സ്ഥിരീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഏഴേമുക്കാലിന് കസബിന്റെ ദയാഹര്‍ജി തളളി എന്ന വാര്‍ത്തയുടെ ഇന്‍ട്രോ അവതാരകന്‍ വായിക്കുന്നതിനിടെ ഷിജോയ്ക്ക് ബ്യൂറോ ചീഫിന്റെ കോളെത്തി.' അജ്മല്‍ കസബ് ഹാങ്ഡ്' കോളിന്റെ ഉളളടക്കം ഇത്രമാത്രം. ലൈവില്‍ നില്‍ക്കുന്ന എന്നോട് ഷിജോ ഉറക്കെ വിളിച്ചു പറഞ്ഞു, 'ഹാങ്ഡ്...'
മുംബൈ ഭീകരാക്രമണകേസ് പ്രതി അജ്മല്‍ കസബിന്റെ ദയാഹര്‍ജി രാഷ്ട്രപതി തളളി, കൂടുതല്‍ വിവരങ്ങളുമായി രാജേഷ് കോയിക്കല്‍ ഡല്‍ഹിയില്‍നിന്നു ചേരുന്നുവെന്ന് വാര്‍ത്ത അവതാരകന്‍ പറഞ്ഞതും 'അജ്മല്‍ കസബിന്റെ വധശിക്ഷ നടപ്പാക്കി, യേര്‍വാദ ജയിലില്‍ അല്‍പ സമയം മുന്‍പ് കസബിനെ തൂക്കി കൊന്നു' എന്ന രണ്ടുവാചകങ്ങള്‍ ഞാന്‍ അതിവേഗത്തില്‍ പറഞ്ഞതും ഇന്നും മറക്കാനാവില്ല. തൊട്ടുപിറകേ ന്യൂസ് ബ്രേക്ക് ചെയ്തു. മലയാളത്തിലെ മറ്റു ചാനലുകളിലൊന്നും കസബിനെ തൂക്കി കൊന്ന വാര്‍ത്തയോ, തത്സമയ സംപ്രേഷണമോ ഉണ്ടായിരുന്നില്ല. അന്ന് രാവിലെ ഏഴേമുക്കാലിന് തുടങ്ങിയ ലൈവ് അവസാനിപ്പിക്കുമ്പോള്‍ ഉച്ചയ്ക്ക് ഒരു മണി കഴിഞ്ഞിരുന്നു. തുടര്‍ച്ചയായി അഞ്ചേകാല്‍ മണിക്കൂര്‍ ലൈവ്. ഇതിനിടയില്‍ ഡെസ്‌ക്കില്‍നിന്ന് മറ്റൊരു സഹപ്രവര്‍ത്തകനും സപ്പോര്‍ട്ടിങ് ലൈവിന് നിന്നു. ചാനല്‍ ജീവിതത്തിലെ എന്റെ ആദ്യ ദൈര്‍ഘ്യമേറിയ ലൈവ് ആയിരുന്നു കസബിന്റെ വധശിക്ഷ.

.jpg?$p=9cbed27&&q=0.8)
റിപ്പോര്‍ട്ട് ചെയ്യാന്‍ ഏറെ ബുദ്ധിമുട്ടിയ മറ്റൊരു മരണമുണ്ട്. 2001-ലെ പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതിയായിരുന്ന അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കിയത്. 2013 ഫെബ്രുവരി 9. ശൈത്യം കുറഞ്ഞുവരുന്നു. രാവിലെ എട്ടു മണിയോടെ വന്ന ഫോണ്‍ കോളില്‍ നിന്നാണ് അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയ വിവരം അറിയുന്നത്. ഓഫീസിലെ കാര്‍ ഡ്രൈവറെ വിളിച്ച് കാര്യം പറഞ്ഞു. കുളിക്കാതെ, പല്ലുപോലും തേയ്ക്കാതെ വീട്ടില്‍നിന്ന് ഓഫീസിലേക്ക് ഇറങ്ങി. പ്രധാന റോഡില്‍ എത്തിയപ്പോള്‍ ഓഫീസ് വാഹനം എത്തി. സ്റ്റുഡിയോ ഫ്‌ളോറില്‍ ചെല്ലുമ്പോള്‍ ക്യാമറാമാന്‍ റെഡി. നേരെ ലൈവിലേക്ക്.
വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഉണ്ടായ പ്രധാന ആശയക്കുഴപ്പം പാര്‍ലമെന്റ് ആക്രമണവുമായി അഫ്‌സല്‍ ഗുരുവിനെ നേരിട്ട് ബന്ധപ്പെടുത്തുന്ന വിവരങ്ങളൊന്നും അന്വേഷണത്തിലോ കോടതി വിധിയിലോ ഉണ്ടായിരുന്നില്ല എന്നതാണ്. പോട്ട കോടതി ജഡ്ജി എസ്.എന്‍.ദിഗ്ര പുറപ്പെടുവിച്ച വിധിയിലുളളത് അഫ്‌സല്‍ ഗുരുവിന് എതിരെയുളളത് സാഹചര്യ തെളിവുകളാണെന്നാണ്. രാഷ്ട്രത്തെ പിടിച്ചുകുലുക്കിയ ആക്രമണമെന്ന നിലയില്‍ അക്രമിക്ക് വധശിക്ഷ നല്‍കുന്നതിലൂടെ മാത്രമേ സമൂഹ മനസാക്ഷി തൃപ്തിപ്പെടൂ എന്നും അദ്ദേഹം വിധിയിലെഴുതി.
ന്യായംവിട്ട് സമൂഹ മന:സാക്ഷിയെ തൃപ്തിപ്പെടുത്താനോ വധശിക്ഷ എന്ന ചോദ്യം എന്നെ റിപ്പോര്‍ട്ടിങ് വേളയില്‍ ഉലച്ചു. രാജ്യത്തിന് എതിരെ യുദ്ധം ചെയ്യുക, കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അഫ്സല്‍ ഗുരുവിനെ പോലീസ് അറസ്റ്റ് ചെയ്തത്. 2013 ജനുവരി മൂന്നിന് ഗുരുവിന്റെ ദയാഹര്‍ജി തളളി. പിന്നാലെ തൂക്കി കൊല്ലാനുളള നടപടികള്‍ ആരംഭിച്ചു. ഓപറേഷന്‍ ത്രീ സ്റ്റാര്‍ എന്നായിരുന്നു ദൗത്യത്തിന്റെ പേര്.
തിഹാര്‍ ജയില്‍ മൂന്നാം നമ്പര്‍ മുറിയില്‍ കഴിഞ്ഞിരുന്ന അഫ്‌സല്‍ ഗുരുവിനെ രാവിലെ എട്ടു മണിക്കാണ് തൂക്കിലേറ്റിയത്. മരിക്കുന്നതിനു മുന്‍പ് പ്രാര്‍ഥന. വിശുദ്ധ ഗ്രന്ഥമായ ഖുര്‍ആനിലെ ഏതാനും പേജുകള്‍ വായിച്ചു. തലേന്ന് ഭാര്യക്ക് അഫ്‌സല്‍ ഗുരു കത്തയച്ചിരുന്നു. വധശിക്ഷ നടപ്പാക്കുന്നുവെന്ന വിവരം ഉള്‍പ്പെടുത്തിയ രജിസ്‌ട്രേഡ് കത്ത് അഫ്‌സല്‍ ഗുരുവിന്റെ സോപോറിലെ വീട്ടിലെത്താന്‍ ഒരു ദിവസം വൈകി. അതിനാല്‍ അഫ്‌സല്‍ ഗുരുവിന്റെ മുഖം അവസാനമായി ഒരു നോക്ക് കാണാന്‍ കുടുംബത്തിന് കഴിഞ്ഞില്ല. മൃതദേഹം തിഹാര്‍ ജയില്‍ വളപ്പില്‍ തന്നെ സംസ്‌കരിച്ചു എന്നാണ് സര്‍ക്കാര്‍ അറിയിച്ചത്.

2013 മാര്‍ച്ച് 11. നേരം വെളുക്കുന്നതേയുളളൂ. അതിരാവിലെയുള്ള ഫോണ്‍ കോള്‍ എടുത്തപ്പോള്‍ മറുതലയ്ക്കല്‍ നിന്ന് അറിഞ്ഞു നിര്‍ഭയ കേസിലെ പ്രധാനപ്രതി രാംസിങ് തിഹാര്‍ ജയിലില്‍ മരിച്ചു. പാപിക്ക് ശിക്ഷ മരണം. അതാണ് തോന്നിയത്. 2012-ല്‍ രാജ്യത്തെ പിടിച്ചുലച്ച സംഭവമായിരുന്നല്ലോ നിര്‍ഭയ കൂട്ടബലാത്സംഗ കേസ്. പ്രതിഷേധങ്ങളും സമരങ്ങളുമായി ഡല്‍ഹി തെരുവ് പ്രക്ഷുബ്ധമായ കാലം. കേസിലെ പ്രതികളെല്ലാം പെട്ടെന്ന് അറസ്റ്റിലായി. പ്രതിഷേധങ്ങള്‍ ശമിച്ചിരുന്നു. അതിനിടയിലാണ് മരണവാര്‍ത്ത എത്തുന്നത്. തിഹാറിലെ മൂന്നാം നമ്പര്‍ ജയിലില്‍ രാം സിങ് തൂങ്ങി മരിക്കുകയായിരുന്നു. തികഞ്ഞ മദ്യപാനിയും ലൈംഗികവൈകൃതങ്ങള്‍ക്ക് അടിമയുമായ മനുഷ്യന്‍. നിര്‍ഭയ സഞ്ചരിച്ച ബസിന്റെ ഡ്രൈവറായിരുന്നു രാം സിങ്. നിര്‍ഭയയെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയിട്ടും ഒരിക്കല്‍ പോലും അയാള്‍ക്ക് പശ്ചാത്താപം ഉണ്ടായിരുന്നില്ല. ജയിലിലെത്തി ബി.ബി.സി. നടത്തിയ അഭിമുഖത്തിലും അയാള്‍ ക്രൂരതയെ മഹത്വവത്കരിക്കുകയാണ് ഉണ്ടായത്. വേഗത്തില്‍ പ്രഭാതകൃത്യങ്ങള്‍ നിര്‍വഹിച്ചു. പതിവ് പോലെ ഓഫീസ് വണ്ടി ഫ്‌ളാറ്റിനടുത്ത റോഡില്‍ കാത്തുനിന്നിരുന്നു. ആറു മണിയ്ക്ക് ഓഫീസിലെത്തി വാര്‍ത്ത നല്‍കി.
ഒരു ശൈത്യകാലത്ത് ആയിരുന്നു ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌ക്കറിന്റെ മരണം. 2014 ജനുവരി 17, ഡല്‍ഹി തല്‍ക്കത്തോറ സ്റ്റേഡിയത്തില്‍ കോണ്‍ഗ്രസിന്റെ പ്രത്യേക സമ്മേളനം. ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള സമ്മേളനം എന്നു വേണമെങ്കില്‍ പറയാം. ആയിരത്തില്‍ അധികം എ.ഐ.സി.സി. പ്രതിനിധികള്‍ പങ്കെടുക്കുന്നു. രാവിലെ ഏഴു മണിക്ക് റിപ്പോര്‍ട്ട് ചെയ്യാനായി സ്റ്റേഡിയത്തില്‍ എത്തി. കേരളത്തില്‍നിന്നുള്ള നേതാക്കളുടെ പ്രതികരണങ്ങള്‍ എടുക്കല്‍ ആയിരുന്നു പ്രധാന ചുമതല. ശശി തരൂര്‍ ഇരിക്കുന്ന ഭാഗത്തേക്ക് അടുക്കാന്‍ പോലും കഴിയില്ല. വിശ്വപൗരനെ പരിചയപ്പെടാനും പരിചയം പുതുക്കാനുമുള്ള നേതാക്കളുടേയും മാധ്യമ പ്രവര്‍ത്തകരുടെയും തിരക്ക്. അന്നും ഇന്നും തരൂര്‍ എത്തുന്നിടത്തെല്ലാം തിരക്കാണ്.
.jpg?$p=f71056e&&q=0.8)
ഒരു ദിവസത്തെ സമ്മേളന റിപ്പോര്‍ട്ടിങ് കഴിഞ്ഞ് രാത്രി 11 മണിയുടെ ഓഫിസിലെത്തി. വീട്ടിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കുന്നതിനിടയിലാണ് ആ വാര്‍ത്ത എത്തുന്നത്. സുനന്ദ പുഷ്‌കര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചു. ഡല്‍ഹി ചാണക്യപുരിയിലെ ലീല പാലസ് ഹോട്ടലിലെ മുറിയിലെ 345-ാം നമ്പര്‍ മുറിയിലാണ് മൃതദേഹം കണ്ടത്. ക്ഷീണം മറന്ന് ഞങ്ങളെല്ലാം ഹോട്ടല്‍ ലീല പാലസിലേക്ക് തിരിച്ചു. തണുപ്പും ചാറ്റല്‍ മഴയും. മാധ്യമ സംഘം ഹോട്ടലിന്റെ ഓരോ ഗേറ്റിലും തമ്പടിച്ചു. ഹോട്ടലിന്റെ വലതുവശത്തെ ഗേറ്റിന് അടുത്താണ് ഞാന്‍ നിന്നത്. ഹോട്ടലിനകത്ത് എന്ത് നടക്കുന്നുവെന്ന് ആര്‍ക്കും ഒരു പിടിയും ഇല്ല. ഇടയ്ക്കിടെ ഗേറ്റ് തുറക്കുമ്പോള്‍ പോലീസ് വാഹനങ്ങള്‍ അകത്തേക്കും പുറത്തേക്കും പോകുന്നു. ആരും പ്രതികരിക്കുന്നില്ല. ദൂരെ ജനല്‍ കര്‍ട്ടനുകള്‍ മാറുമ്പോള്‍ പോലീസിന്റെ മിന്നലാട്ടം കാണും. അതിനപ്പുറം ഒരു വിവരവും മാധ്യമ പ്രവര്‍ത്തകര്‍ക്ക് ലഭ്യമായിരുന്നില്ല. ഡല്‍ഹിയില്‍ പോലീസ് ബീറ്റ് കൈകാര്യം ചെയ്യുന്നവരും കൈ മലര്‍ത്തി.
ഇതിനിടെ കൊടിക്കുന്നില്‍ സുരേഷിന്റെ വാഹനം ഹോട്ടലിനത്തേക്ക് പോയി. എം.പിയോട് ചോദിച്ചാല്‍ കാര്യങ്ങള്‍ അറിയാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചു. എന്നാല്‍, പോയതിനേക്കാള്‍ വേഗത്തില്‍ അദ്ദേഹം മടങ്ങി. ഹോട്ടല്‍ പരിപൂര്‍ണ്ണമായും പോലീസ് നിയന്ത്രണത്തില്‍. എ.ഐ.സി.സി. സമ്മേളനത്തില്‍ പങ്കെടുത്ത് ഹോട്ടലില്‍ മടങ്ങിയെത്തിയ ശശി തരൂരാണ് മൃതദേഹം ആദ്യം കണ്ടത്. നേരത്തേ തരൂരും കുടുംബവും ആഡംബര ഹോട്ടലില്‍ താമസമാക്കിയത് വലിയ വിവാദമായിരുന്നു. ലോധി റോഡിലെ ഔദ്യോഗിക വസതിയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ തത്കാലത്തേക്ക് ലീല പാലസിലേക്ക് മാറുന്നു എന്നായിരുന്നു വിശദീകരണം. തരൂര്‍ തന്നെയാണ് പോലീസിനെ വിവരം അറിയിച്ചത്. എം.പിയുടെ ഭാര്യയെന്ന ലേബലിനപ്പുറം ബിസിനസുകാരി കൂടിയായിരുന്നു സുനന്ദ പുഷ്‌ക്കര്‍.
ശരിക്കും ഹൈ പ്രൊഫൈല്‍ കേസ്. ആത്മഹത്യ എന്ന പ്രാഥമിക നിഗമനം പിന്നെ അസ്വാഭാവിക മരണമെന്ന സംശയത്തിലേക്ക് മാറി. ലോധി റോഡിലെ വസതിയില്‍ പിറ്റേന്നാണ് മൃതദേഹം എത്തിച്ചത്. ബന്ധുക്കള്‍ക്ക് മാത്രം പ്രവേശനം. പൊതുദര്‍ശനം അധികം നീണ്ടുനിന്നില്ല. ആംബുലന്‍സില്‍ ലോധി റോഡ് ശ്മശാനത്തിലേക്ക്. ചിതയ്ക്ക് ശിവ് തരൂര്‍ തീ കൊളുത്തി. പിന്നീടുണ്ടായത് അനിതര സാധാരണ സംഭവങ്ങളായിരുന്നു. എയിംസില്‍ നടന്ന സുനന്ദ പുഷ്‌കറിന്റെ മൃതദേഹ പരിശോധനയുടെ വീഡിയോ ദൃശ്യങ്ങള്‍ ചോര്‍ന്നു. മൃതദേഹത്തിന്റെ സ്വകാര്യത ലംഘിക്കപ്പെട്ടു. ഡല്‍ഹിയിലെ മിക്ക മാധ്യമ പ്രവര്‍ത്തകരും പോസ്റ്റുമോര്‍ട്ടത്തിന്റെ ദൃശ്യങ്ങള്‍ കണ്ടിരുന്നു.
Content Highlights: Ajmal Kasab,afzal guru,Sunanda Pushkar.. death reporting; off the record column by rajesh koyikkal
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..