പങ്കാളിയുടെ ആദ്യവിവാഹത്തിലെ കുട്ടിയെ നിയമപരമായി ദത്തെടുക്കണോ? | Law Point


അഡ്വ.ജെ.സന്ധ്യColumn

.

വിവാഹമോചനവും പുനര്‍വിവാഹവും സര്‍വസാധാരണമായി കൊണ്ടിരിക്കുന്ന കേരളത്തില്‍, പുനര്‍വിവാഹിതരുടെ ജീവിതപങ്കാളിയുടെ ആദ്യ വിവാഹത്തിലെ കുട്ടിയെ നിയമപരമായി ദത്തെടുക്കുന്ന സ്റ്റെപ്പ് പേരന്റ് അഡോപ്ഷനെക്കുറിച്ച് വേണ്ടത്ര അറിവ് ആളുകള്‍ക്കിടയില്‍ ഇല്ല. പുതിയ ജീവിതപങ്കാളിക്ക് കുട്ടിയിന്മേല്‍ നിയമപരമായ രക്ഷകര്‍തൃത്വം വേണമെങ്കില്‍ കുട്ടിയെ ഔദ്യോഗികമായി, നിയമപരമായി ദത്തെടുക്കണം.

ഒരു ആര്‍മി ഉദ്യോഗസ്ഥനും പുനര്‍വിവാഹിതനും കൂടിയായ രാജേന്ദ്രന്‍ വളരെ വിഷമത്തോടെയാണ് കുറച്ചുമാസങ്ങള്‍ക്കു മുമ്പ് കാണാന്‍ വന്നത്. ആദ്യ വിവാഹത്തില്‍ എട്ടുവയസ്സുള്ള മകനുണ്ട്.കുട്ടിക്ക് 3 വയസുള്ളപ്പോള്‍ ആണ് അമ്മയെ പുനര്‍വിവാഹം ചെയ്തത്. അന്നുമുതല്‍ തന്റെ സ്വന്തം കുട്ടിയായാണ് പരിപാലിച്ചു വരുന്നത്. താന്‍ രണ്ടാനച്ഛനാണെന്നു കുട്ടിക്കും അറിയില്ല. ഗര്‍ഭവസ്ഥയില്‍ തന്നെ സ്വന്തം അച്ഛന്‍ ഉപേക്ഷിച്ചതാണ്. കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ സ്വന്തം അച്ഛന്റെ പേരാണ് ചേര്‍ത്തിട്ടുള്ളത് എന്നതിനാല്‍, ആര്‍മി ജീവനക്കാര്‍ക്കുള്ള സൗജന്യ ആരോഗ്യ പദ്ധതിയില്‍ കുട്ടിയെ ഉള്‍പ്പെടുത്താന്‍ കഴിയുന്നില്ല. കേന്ദ്രീയ വിദ്യാലയത്തിലും മറ്റും പ്രവേശനം തേടാനും ബുദ്ധിമുട്ട്. സര്‍ട്ടിഫിക്കറ്റിലെ പേര് മാറ്റിയില്ലെങ്കില്‍ കുട്ടി വളരുംതോറും കൂടുതല്‍ ബുദ്ധിമുട്ടുണ്ടാകില്ലേ എന്ന ആശങ്ക വേറെയും.

2015ലെ ബാലനീതി നിയമത്തിലെ 56(2) വകുപ്പ് പ്രകാരവും 2017ലെ അഡോപ്ഷന്‍ റെഗുലേഷന്‍ 52 പ്രകാരവും കുടുംബകോടതിയെ സമീപിച്ചു. ബന്ധപ്പെട്ട കക്ഷികളില്‍ നിന്നും അവര്‍ നല്‍കിയിട്ടുള്ള വിവരങ്ങള്‍ ശരിയാണെന്നു കോടതി ചേംബറില്‍ വെച്ച് ഉറപ്പു വരുത്തി. മോന് അച്ഛന്റെയും അമ്മയുടെയും കൂടെ താമസിക്കാന്‍ ഒരു ഓര്‍ഡര്‍ തരട്ടെ എന്ന് ജഡ്ജ് ചോദിച്ചപ്പോള്‍ ഞാന്‍ അവരുടെ കൂടെ ആണല്ലോ താമസിക്കുന്നത് അതിനെന്തിനാണ്‌ ഇനി പ്രത്യേക ഓര്‍ഡര്‍ എന്ന് കുട്ടി നിഷ്‌കളങ്കമായി തിരിച്ചു ചോദിച്ചത് എല്ലാവരിലും ചിരി ഉണര്‍ത്തി. തുടര്‍ന്ന് കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ രാജേന്ദ്രന്റെ പേര് ചേര്‍ക്കാനും കുട്ടിയുടെ രക്ഷകര്‍തൃത്വം രാജേന്ദ്രന് അനുവദിച്ചുകൊണ്ടും കോടതി ഉത്തരവ് നല്‍കി. ഈ പ്രക്രിയ രണ്ടുമാസത്തിനുള്ളില്‍ തീര്‍ക്കണം എന്നാണ് നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്.

ഇതുപോലെ മറ്റൊരു സാഹചര്യത്തില്‍ പുനര്‍വിവാഹിതയായ അമ്മ വന്നത് തന്റെ കുട്ടിയുടെ രക്ഷകര്‍തൃത്വം താന്‍ പുനര്‍വിവാഹം ചെയ്ത ആളിന് കൊടുക്കാന്‍ പറ്റുമോ എന്നറിയാനായിരുന്നു. അതിന് അവര്‍ കാരണമായി പറഞ്ഞത് താന്‍ ഡിവോഴ്‌സ് ചെയ്യുന്നത് വരെ ഒരു നേഴ്‌സ് ആയ തന്നെ പരമാവധി സാമ്പത്തികമായി ചൂഷണം ചെയ്യാന്‍ കുട്ടിയുടെ അച്ഛന്‍ ശ്രമിച്ചിരുന്നു. അയാള്‍ ഒരു ചോക്ലേറ്റ് പോലും കുട്ടിക്ക് 13 വയസ്സ് വരെ വാങ്ങി കൊടുത്തിരുന്നില്ല. മകന്‍ വലുതാകുമ്പോള്‍ ഇതേ രീതിയില്‍ മകനെയും സാമ്പത്തികമായി ചൂഷണം ചെയ്യും എന്നുള്ളത് ഉറപ്പാണ് അത് എങ്ങനെയെങ്കിലും ഒഴിവാക്കണമെന്നുണ്ട്. തന്റെ പുതിയ ജീവിതപങ്കാളിക്കു കുട്ടിയുടെ രക്ഷകര്‍തൃത്വം നല്‍കാന്‍ കഴിയുമോ എന്നായിരുന്നു അവര്‍ക്കും അറിയേണ്ടിയിരുന്നത്. മക്കളുള്ള പുനര്‍വിവാഹിതര്‍ സാധാരണയായി നേരിടുന്ന ഒരുപുതിയ പ്രശ്‌നമാണിത്.

പുനര്‍വിവാഹം കഴിക്കുന്നതോടുകൂടി പുതിയ ജീവിതപങ്കാളിയുടെ സ്വത്തിന്മേല്‍ മുന്‍ ബന്ധത്തിലെ കുട്ടിക്ക് സ്വാഭാവികമായും അവകാശമുണ്ടാകും എന്നാണ് പരക്കെയുള്ള ധാരണ. എന്നാല്‍ ഇത് തെറ്റാണ്. നിയമപരമായ ദത്തെടുക്കലിലൂടെ മാത്രമേ കുട്ടിക്ക് ഇത്തരം ഒരു അവകാശം കൈവരൂ. അതുപോലെ തന്നെ മുന്‍ വിവാഹത്തിലെ കുട്ടികള്‍ക്ക്, അമ്മയുടെയോ അച്ഛന്റെയോ പുനര്‍വിവാഹത്തിലെ ജീവിതപങ്കാളിയെ പരിരക്ഷയ്ക്കാന്‍ നിയമപരമായ യാതൊരു ബാധ്യതയും ഇല്ല. ആ ബാധ്യത സ്വന്തം മക്കള്‍ക്കോ അല്ലെങ്കില്‍ ദത്തെടുത്ത മക്കള്‍ക്കോ മാത്രമാണ് ഉള്ളത്.

നിയമത്തില്‍ ഈ വിഷയമായി ബന്ധപ്പെട്ട അപര്യാപ്തതയാണ് 2017ലെ അഡോപ്ഷന്‍ റെഗുലേഷനിലൂടെ പരിഹരിക്കപ്പെട്ടത്. പക്ഷേ, ഈ പ്രക്രിയയിലേക്ക് കടക്കുന്നതിന്, തന്റെ പേര് ജനന സര്‍ട്ടിഫിക്കറ്റില്‍ നിന്നും മറ്റും നീക്കം ചെയ്യാന്‍, തന്റെ സ്ഥാനം ഒഴിഞ്ഞു കൊടുക്കാന്‍, നിലവിലെ രക്ഷകര്‍ത്താവ് സമ്മതം നല്‍കണം എന്ന വ്യവസ്ഥ ഒരു കടമ്പയായി വന്നേക്കാം. മേല്‍ വിവരിച്ച രണ്ടു കുട്ടികളുടെ കാര്യത്തിലും കുട്ടിയുടെ ഉത്തമ താല്പര്യം, നന്മ എന്നിവയൊക്കെ ബോധ്യപ്പെടുത്തിയപ്പോള്‍ അച്ഛന്‍മാര്‍ തങ്ങളുടെ സ്ഥാനം ഒഴിയാന്‍ വേഗത്തില്‍ സമ്മതം നല്‍കുകയും നിയമ നടപടികളോട് സഹകരിക്കുകയും ചെയ്തു. ഏതെങ്കിലും കോടതിയില്‍ കുട്ടികളുടെ കസ്റ്റഡിയുമായി ബന്ധപ്പെട്ട് വ്യവഹാരങ്ങള്‍ നിലവിലുണ്ടെങ്കില്‍ അത് തീര്‍പ്പാക്കിയതിന് ശേഷം മാത്രമേ ഈ പ്രക്രിയയിലേക്ക് കടക്കാന്‍ കഴിയൂ.

നടപടികളുടെ ആദ്യപടിയായി സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്‌സ് അതോറിറ്റി നിയന്ത്രിക്കുന്ന CARINGS (ചൈല്‍ഡ് അഡോപ്ഷന്‍ റിസോഴ്‌സ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് സിസ്റ്റം) എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം, ഇത് നിര്‍ബന്ധമാണ്. തുടര്‍ന്ന് അതതു ജില്ലകളിലെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റികള്‍ നല്‍കുന്ന ലീഗലി ഫ്രീ ഫോര്‍ അഡോപ്ഷന്‍ സര്‍ട്ടിഫിക്കറ്റ് സഹിതമാണ് അപേക്ഷ നല്‍കേണ്ടത്. 2022 സെപ്റ്റംബര്‍ ഒന്ന് മുതല്‍ ദത്തെടുക്കലുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും നടത്തേണ്ടത് ജില്ലാ മജിസ്‌ട്രേറ്റുമാരാണ് ഇതുവരെ അത് കോടതികള്‍ ആയിരുന്നു.

ബാല-നീതി നിയമം, കുട്ടിയുടെ മറ്റു ബന്ധുക്കളുടെ ദത്തെടുക്കലും അനുവദിക്കുന്നുണ്ട്. അതായത് കുട്ടിയുടെ അപ്പൂപ്പന്‍, അമ്മൂമ്മ എന്നിവർ ഉള്‍പ്പെടെ അച്ഛന്റെ അല്ലെങ്കില്‍ അമ്മയുടെ സഹോദരങ്ങള്‍ക്കും നിയമപരമായി കുട്ടിയെ എടുക്കാം. എല്ലാ മതവിഭാഗങ്ങള്‍ക്കും ബാലനീതിനിയമ പ്രകാരമുള്ള ദത്തെടുക്കല്‍ അനുവദനീയമാണ്.


സംസ്ഥാന ബാലാവകാശ കമ്മിഷന്‍ മുന്‍ അംഗമാണ് ലേഖിക

Content Highlights: adoption, carings, law point, a column by Adv.J Sandhya


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


BUS

1 min

ടൂറിസ്റ്റ് ബസ് എത്തിയത് വേളാങ്കണ്ണി യാത്രയ്ക്കുശേഷം; ഡ്രൈവര്‍ ക്ഷീണിതനായിരുന്നുവെന്ന് രക്ഷിതാക്കള്‍

Oct 6, 2022

Most Commented