"എനിക്ക് വിവാഹമോചനം നേടിത്തരാനാവുമോ? രണ്ട് മൂന്ന് ദിവസത്തിനുളളില്‍..."


അഡ്വ. ജെ.സന്ധ്യഅന്താരാഷ്ട്ര സുരക്ഷിത അബോർഷൻ ദിനമായ സെപ്റ്റംബർ 28ന് റോമിൽ നടന്ന പ്രകടനത്തിൽ നിന്ന് | ഫോട്ടോ: ഗെറ്റി ഇമേജസ്

'ത്രയും വേഗം എനിക്ക് വിവാഹമോചനം നേടിത്തരാനാവുമോ? രണ്ട് മൂന്ന് ദിവസത്തിനുളളില്‍...' ഗര്‍ഭച്ഛിദ്രത്തിന് എല്ലാവര്‍ക്കും അവകാശമുണ്ടെന്ന സുപ്രീം കോടതിയുടെ വിധി ബ്രേക്കിങ്‌ ന്യൂസായി വന്നപ്പോള്‍ മനസ്സില്‍ ആദ്യം തെളിഞ്ഞത് കരഞ്ഞുകലങ്ങിയ മുഖവുമായി എന്റെ മുന്നിലിരുന്ന രേഷ്മയെയാണ്. അബോര്‍ഷന് ഭര്‍ത്താവിന്റെ അനുമതി, അല്ലെങ്കില്‍ വിവാഹമോചന രേഖകള്‍ വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ബന്ധം പിടിച്ചതോടെയാണ് രേഷ്മ നിയമവഴി സ്വീകരിച്ചത്.

ഭര്‍ത്താവില്‍നിന്ന് ഗാര്‍ഹിക അതിക്രമങ്ങള്‍ നേരിട്ട രേഷ്മ ഇനി ഒരു കുഞ്ഞ് ഉടനെ വേണ്ടെന്നുളള തീരുമാനത്തിലാണ് ഗര്‍ഭം അലസിപ്പിക്കാന്‍ തീരുമാനമെടുക്കുന്നത്. പക്ഷേ, ഭര്‍ത്താവ് സമ്മതിച്ചില്ല. ഡോക്ടര്‍മാരെ സമീപിച്ചപ്പോള്‍ ഒന്നുകില്‍ ഭര്‍ത്താവിന്റെ അനുമതി വേണം അല്ലെങ്കില്‍ വിവാഹമോചനവുമായി ബന്ധപ്പെട്ട രേഖകള്‍. ഭര്‍ത്താവിന്റെ സമ്മതം ലഭിക്കുന്നതിനായി പോലീസ്, വനിതാ കമ്മിഷന്‍ മുഖേനയെല്ലാം രേഷ്മ ശ്രമിച്ചുനോക്കി.നടന്നില്ല..അതോടെ നിയമത്തിന്റെ വഴിക്ക് നീങ്ങാന്‍ തീരുമാനിക്കുന്നത്.ഗര്‍ഭച്ഛിദ്രത്തിന് ഭര്‍ത്താവിന്റെയോ ബന്ധുക്കളുടെയോ സമ്മതം ആവശ്യമാണെന്ന് നിയമത്തില്‍ എവിടെയും പറയുന്നില്ല. പക്ഷേ, ഗര്‍ഭച്ഛിദ്രവുമായി ബന്ധപ്പെട്ടുളള ചില നടപടികള്‍ ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം ശിക്ഷാര്‍ഹമാണ്. നിയമക്കുരുക്കില്‍ ഭയന്നാണ് പലപ്പോഴും ഡോക്ടര്‍മാര്‍ അബോര്‍ഷന് നിയമപരമല്ലാത്ത പല നിബന്ധനകളും സ്ത്രീകളുടെ മുന്നില്‍ വെക്കുന്നത്. അത് സ്ത്രീകള്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് അവര്‍ ചിന്തിക്കുന്നുമില്ല.

അതുകൊണ്ടുതന്നെ 51 വര്‍ഷം പഴക്കമുളള ഗര്‍ഭച്ഛിദ്ര നിയമത്തിന് കാലിക സാഹചര്യത്തിനനുസരിച്ച് വ്യാഖ്യാനം നല്‍കികൊണ്ടുള്ള 29-09-2022ലെ സുപ്രീം കോടതിയുടെ വിധി, സ്ത്രീകളുടെ അവകാശങ്ങളെ സംബന്ധിച്ചുളള ഒരു 'ചരിത്ര'വിധിയാണ്. ഗര്‍ഭച്ഛിദ്രവുമായി ബന്ധപ്പെട്ട് നമ്മുടെ രാജ്യത്ത് സ്ത്രീകള്‍ നേരിടുന്ന ഒട്ടനവധി ബുദ്ധിമുട്ടുകള്‍ക്ക് അറുതി വരുത്താനാണ് വിധി ശ്രമിക്കുന്നതെങ്കില്‍ കൂടിയും വിധിന്യായത്തില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ പൂര്‍ണ്ണമായും വായിക്കാതെയും അതിന്റെ അന്തഃസത്ത മനസ്സിലാക്കാതെയും മാധ്യമങ്ങളിലെ തലക്കെട്ടുകള്‍ മാത്രം വായിച്ച് വിധിയെ പരിഹസിച്ച് ട്രോളുകള്‍ ഇറക്കാനും പരിഹസിച്ചുകൊണ്ടുള്ള സത്യവാങ്മൂലം പ്രചരിപ്പിക്കാനും പ്രത്യേകിച്ചും വിദ്യാസമ്പന്നരായ കേരളീയര്‍ മത്സരിക്കുന്നത് കാണുമ്പോള്‍ ആശങ്കയാണ്.

ഗര്‍ഭച്ഛിദ്ര നിയമത്തിലെ പ്രധാന വ്യവസ്ഥകള്‍

1971 ലെ ഗര്‍ഭച്ഛിദ്ര നിയമപ്രകാരം നാലുതരം സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന സ്ത്രീകള്‍ക്ക് ഗര്‍ഭച്ഛിദ്രം അനുവദനീയമാണ്. ഗര്‍ഭാവസ്ഥയുമായി മുന്നോട്ടുപോകുന്നത് സ്ത്രീയുടെ ജീവന് തന്നെ അപകടകരമായെക്കാവുന്ന സാഹചര്യത്തിലും ഗര്‍ഭാവസ്ഥ ശാരീരിക ആരോഗ്യം അപകടത്തില്‍ ആക്കിയെക്കാവുന്ന സാഹചര്യത്തിലും, ഗര്‍ഭാവസ്ഥ സ്ത്രീയുടെ മാനസികാരോഗ്യം അപകടത്തില്‍ ആക്കുന്ന സാഹചര്യത്തിലും, അല്ലെങ്കില്‍ കുഞ്ഞ് ജനിച്ചാല്‍ അതിന് ഗൗരവകരമായ എന്തെങ്കിലും ശാരീരിക-മാനസിക വൈകല്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഉള്ളപ്പോഴും.

20 ആഴ്ചവരെയുള്ള ഗര്‍ഭം അലസിപ്പിക്കാന്‍ ഒരു ഡോക്ടറും, 20 മുതല്‍ 24 ആഴ്ച വരെയുള്ള ഗര്‍ഭച്ഛിദ്രത്തിന് രണ്ട് ഡോക്ടര്‍മാരുമാണ് നിഷ്‌കര്‍ഷിക്കുന്നത്. നിയമത്തില്‍ പറഞ്ഞിട്ടുളള സാഹചര്യങ്ങളാണ് എന്ന് പരിശോധിച്ച് ബോധ്യപ്പെടണം. ഡോക്ടര്‍മാര്‍ പച്ചക്കൊടി കാണിച്ചെങ്കില്‍ മാത്രമേ ഗര്‍ഭച്ഛിദ്രം നടത്താനാവൂ. അതായത് ഗര്‍ഭച്ഛിദ്രം ആവശ്യപ്പെട്ട് ചെല്ലുന്ന എല്ലാ സ്ത്രീകള്‍ക്കും അത് അനുവദിക്കപ്പെടണമെന്നില്ല. സ്വഭാവികമായും ഗര്‍ഭച്ഛിദ്രത്തിന് ഡോക്ടര്‍മാരുടെ തീരുമാനം പ്രധാന ഘടകമായി മാറുന്നതിനാല്‍ അവര്‍ വിപരീത തീരുമാനമെടുത്താല്‍ സ്വാഭാവികമായും സ്ത്രീകള്‍ക്ക് ഗര്‍ഭച്ഛിദ്രത്തിനായി കോടതികളെ സമീപിക്കേണ്ടിവരുന്നു.

2021-ലെ ഗര്‍ഭച്ഛിദ്രവുമായി ബന്ധപ്പെട്ട കേന്ദ്ര ചട്ടപ്രകാരം ലൈംഗികാതിക്രമം നേരിട്ട അതിജീവതമാര്‍, പ്രായപൂര്‍ത്തിയാകാത്തവര്‍, ഗര്‍ഭിണിയായിരിക്കെ വൈവാഹിക പദവിയില്‍ മാറ്റം വന്നവര്‍(വിധവകള്‍ അല്ലെങ്കില്‍ വിവാഹ ബന്ധം വേര്‍പെടുത്തിയവര്‍), ഗുരുതരമായ ശാരീരിക വൈകല്യം ബാധിച്ചവര്‍, മാനസികാസ്വാസ്ഥ്യം ഉള്ള സ്ത്രീകള്‍, ജനിക്കുന്ന കുഞ്ഞിന് ഗുരുതരമായ ശാരീരിക/ മാനസിക വൈകല്യം ഉണ്ടാകാന്‍ ഇടയാകുന്ന സാഹചര്യത്തിലുളള സ്ത്രീകള്‍, സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ദുരന്ത സാഹചര്യങ്ങള്‍, അല്ലെങ്കില്‍ അത്യാഹിത സാഹചര്യങ്ങളിലൂടെ കടന്നു പോകുന്ന സ്ത്രീകള്‍..ഇവര്‍ക്ക് മാത്രമേ 20 മുതല്‍ 24 ആഴ്ചവരെയുളള ഗര്‍ഭച്ഛിദ്രം നടത്താനാവൂ.

വിവാഹബന്ധങ്ങളിലൂടെ അല്ലാതെ ഉണ്ടാകുന്ന ഗര്‍ഭം അലസപ്പിക്കുന്നത് നിയമവിധേയമല്ല എന്നുകരുതപ്പെടുന്നത് കൊണ്ടുതന്നെ ആളുകള്‍ അത്തരം ഗര്‍ഭം അലസിപ്പിക്കുന്നതിനായി സുരക്ഷിതമല്ലാത്ത മാര്‍ഗങ്ങളിലേക്ക് തിരിയുന്ന നിരവധിപേരുണ്ട്. ഇത് പലപ്പോഴും മരണത്തിലേക്ക് വരെ നയിച്ചേക്കാം. ദിവസം എട്ടുസ്ത്രീകള്‍ സുരക്ഷിതമല്ലാത്ത ഗര്‍ഭച്ഛിദ്ര മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിനാല്‍ മരണപ്പെടുന്നുവെന്ന പഠനങ്ങള്‍ പോലും നമുക്ക് മുന്നിലുണ്ട്.

ബലാത്സംഗത്തെ തുടര്‍ന്ന് ഗര്‍ഭിണിയാവുകയാണെങ്കില്‍ ഗര്‍ഭം അലസിപ്പിക്കാന്‍ നിയമം അനുവദിക്കുന്നുണ്ട്. പക്ഷേ അപരിചിതര്‍ മാത്രമേ ഒരു സ്ത്രീയെ ബലാത്സംഗത്തിന് വിധേയമാക്കൂ എന്ന് കരുതുന്നത് തെറ്റാണ്. ഭര്‍ത്താവില്‍ നിന്ന് ക്രൂരബലാത്സംഗം നേരിടുന്ന സ്ത്രീകള്‍ നമുക്ക് ചുറ്റുമുണ്ട്. പക്ഷേ ഭര്‍തൃബലാത്സംഗം കുറ്റകരമല്ലാത്ത സാഹചര്യത്തില്‍ ഗര്‍ഭച്ഛിദ്രം എന്ന ആവശ്യവുമായി ചെല്ലുമ്പോള്‍ സ്ത്രീകള്‍ നേരിടേണ്ടി വരുന്ന കടമ്പകള്‍ നിരവധിയാണ്.

ലൈംഗിക വിദ്യാഭ്യാസം എന്തുകൊണ്ടാവശ്യം?

കൗമാരപ്രായക്കാരുടെ ഇടയില്‍ ലൈംഗിക വിദ്യാഭ്യാസം കുറവായതുകൊണ്ട് തന്നെ ഉഭയ സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടലും അതുമൂലം ഗര്‍ഭം ധരിക്കുന്ന സാഹചര്യങ്ങളും ഉണ്ടാകുന്നുണ്ട് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ ഗര്‍ഭച്ഛിദ്രത്തിനായി ഡോക്ടറെ സമീപിക്കുമ്പോള്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെങ്കില്‍ പോക്‌സോ നിയമപ്രകാരം ഡോക്ടര്‍ക്ക് പോലീസിനെ വിവരം അറിയിക്കേണ്ടതുണ്ട്. നിയമക്കുരുക്കുകള്‍ പേടിച്ച് നിയമപരമല്ലാത്ത, സുരക്ഷിതമല്ലാത്ത അബോര്‍ഷന്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്ന സാഹചര്യങ്ങള്‍ കുറവല്ല. ഇതാണ് പലപ്പോഴും വലിയ വിപത്തിലേക്ക് ചെന്നെത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചത്.

സുപ്രീം കോടതി നിര്‍ദേശങ്ങള്‍

1. കുടുംബാംഗങ്ങളുടെ സമ്മതം പോലെ, നിയമപരമല്ലാത്ത ഒരു നിബന്ധനകളും ഗര്‍ഭച്ഛിദ്രത്തിനായി എത്തുന്ന സ്ത്രീകളോട് ഡോക്ടര്‍മാര്‍ ആവശ്യപ്പെടരുത്. ഗര്‍ഭച്ഛിദ്ര നിയമത്തില്‍ പറഞ്ഞിട്ടുള്ള നിബന്ധനകള്‍ക്ക് അനുസൃതമായ ആണോ ഗര്‍ഭച്ഛിദ്രം നടത്തുന്നത് എന്നുമാത്രമേ ഡോക്ടര്‍മാര്‍ ഉറപ്പുവരുത്തേണ്ടതുളളൂ.
2. ഗര്‍ഭ ചിത്രത്തിന് എത്തുന്ന സ്ത്രീ വിവാഹിതയാണോ അല്ലയോ എന്ന കാര്യത്തിന് പ്രസക്തിയില്ല. നിയമത്തില്‍ പറഞ്ഞിട്ടുള്ള വ്യവസ്ഥകള്‍ക്ക് വിധേയമായി അവിവാഹിതര്‍ക്കും ഗര്‍ഭച്ഛിദ്രം നടത്താം.
3. ഭര്‍തൃ ബലാത്സംഗത്തിലൂടെ ഉണ്ടാകുന്ന ഗര്‍ഭധാരണം ഒഴിവാക്കാന്‍ സ്ത്രീക്ക് അവകാശമുണ്ട്. അത്തരത്തിലുള്ള സാഹചര്യങ്ങളില്‍, വിവാഹിതയായ സ്ത്രീ ഗര്‍ഭച്ഛിദ്രം തേടുന്നതിന് പോലീസ് നടപടിക്രമം ഉറപ്പുവരുത്തുകയോ മറ്റ് ബന്ധപ്പെട്ട തെളിവുകള്‍ ആവശ്യപ്പെടുകയോ ചെയ്യേണ്ടതില്ല.
4. ഉഭയസമ്മതപ്രകാരം പ്രായപൂര്‍ത്തിയാകാത്തവര്‍ ഗര്‍ഭം ധരിക്കുന്ന സാഹചര്യത്തില്‍ ഗര്‍ഭച്ഛിദ്രത്തിനായി എത്തുമ്പോള്‍ പെണ്‍കുട്ടികളും രക്ഷാകര്‍ത്താക്കളും ആവശ്യപ്പെടുന്ന പക്ഷം ഡോക്ടര്‍മാര്‍ അവരുടെ പേരും മറ്റു വ്യക്തിഗത വിവരങ്ങളും പോലീസിന് കൈമാറേണ്ടതില്ല.
5.പ്രത്യുല്‍പാദനത്തെക്കുറിച്ചും സുരക്ഷിത ലൈംഗിക മാര്‍ഗ്ഗങ്ങളെക്കുറിച്ചും എല്ലാ ജനങ്ങള്‍ക്കും അറിവ് ലഭിക്കുന്നു എന്ന് ഭരണകൂടം ഉറപ്പുവരുത്തേണ്ടതാണ്. അനാവശ്യ ഗര്‍ഭധാരണം ഒഴിവാക്കാനായി ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ എല്ലാവര്‍ക്കും പ്രാപ്യമാകുന്നു എന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തേണ്ടതുണ്ട്. എല്ലാ ജില്ലകളിലും ആളുകള്‍ക്ക് താങ്ങാവുന്ന രീതിയിലുള്ള മെഡിക്കല്‍ സേവനങ്ങളും രജിസ്റ്റേഡ് ഡോക്ടര്‍മാരുടെ സേവനവും ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. ജാതി, സാമ്പത്തിക,സാമൂഹിക സാഹചര്യങ്ങള്‍ ഇവയൊക്കെ കണക്കിലെടുത്ത് ആര്‍ക്കും ചികിത്സ നിഷേധിക്കാന്‍ പാടില്ല.

കോടതി നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതുകൊണ്ടു മാത്രമായില്ല. അതെല്ലാം രജിസ്റ്റേഡ് ഡോക്ടര്‍മാര്‍ പാലിക്കുന്നുവെന്ന് നമ്മുടെ ആരോഗ്യവകുപ്പ് ഉറപ്പു വരുത്തേണ്ടതുണ്ട്. ഈ വിധിയുടെ ഗുണം എല്ലാ സ്ത്രീകള്‍ക്കും അനുഭവിക്കാന്‍ സാധിക്കണം. യാതൊരു നിബന്ധനകളും ഇല്ലാതെ സ്ത്രീകള്‍ക്ക് ഗര്‍ഭച്ഛിദ്രം നടത്താന്‍ കഴിയുന്ന സാഹചര്യത്തില്‍ മാത്രമേ സ്ത്രീകളുടെ പ്രത്യുല്പാദന അവകാശം പൂര്‍ണമായി അംഗീകരിക്കപ്പെടുന്നു എന്ന് കണക്കിലാക്കാന്‍ കഴിയൂ. അത്തരം സാഹചര്യം എന്നെങ്കിലും ഇന്ത്യയില്‍ ഉണ്ടാകുമെന്നുതന്നെ പ്രത്യാശിക്കാം.

Content Highlights: abortion rights in India, supreme court ruling; Law Point Adv J Sandhya writes


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented