യൂറോപ്പിനെ കാത്തിരിക്കുന്നത് മരണത്തിന്റെ മഞ്ഞുകാറ്റോ...? |  പ്രതിഭാഷണം


സി.പി. ജോൺയുക്രൈന്റെ വടക്കു കിഴക്കൻ മേഖലയായ ഖാർകീവിൽ റഷ്യ ബോംബ് വർഷിച്ചപ്പോൾ | Photo: AFP

ഇലപൊഴിയുന്ന ശരത്കാലത്തിനുശേഷം യൂറോപ്പ് കഠിനമായ മഞ്ഞുകാലത്തിലേക്ക് കടക്കുകയാണ്. കഴിഞ്ഞ രണ്ടു വർഷത്തെയും മഞ്ഞുകാലങ്ങൾ കോവിഡിന്റെ ഭീതിയിലാണ് ജനങ്ങൾ കഴിഞ്ഞതെങ്കിൽ, കോവിഡിനെ തോൽപ്പിച്ച വാക്സിനുകൾ ലോകത്തിനാകെ ആശ്വാസമായി. പക്ഷേ, യൂറോപ്പിൽ മനുഷ്യനിർമിതമായ യുദ്ധദുരന്തമാണ് ഈ വർഷത്തെ ശൈത്യകാലത്തെ തുറിച്ചുനോക്കുന്നത്.

യുക്രൈനെ റഷ്യ ആക്രമിച്ചിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും യുദ്ധം എവിടെയും എത്തിയിട്ടില്ല. യൂറോപ്പിന്റെ ഊർജ ആവശ്യങ്ങൾക്ക് റഷ്യയെയാണ് പ്രധാനമായും ആശ്രയിച്ചിരുന്നത്. 40-45 ശതമാനം പ്രകൃതിവാതകവും യൂറോപ്പിന് നൽകിക്കൊണ്ടിരുന്നത് റഷ്യയായിരുന്നു. പക്ഷേ, യുക്രൈനെ ആക്രമിച്ച പുട്ടിൻ, യുക്രൈനെ സഹായിക്കുന്ന റഷ്യൻ രാജ്യങ്ങളിലേക്കുള്ള പ്രകൃതിവാതക പൈപ്പ് ലൈൻ പൂട്ടി സീലുവെച്ചു. ഇതോടെ ഈ ശൈത്യകാലം യുക്രൈനെ മാത്രമല്ല, യൂറോപ്പിനെയും തുറിച്ചുനോക്കുകയാണ്. പ്രകൃതിവാതകത്തിന് നൂറുശതമാനത്തിലധികം വിലകയറിക്കഴിഞ്ഞു യൂറോപ്പിൽ. വൈദ്യുതിക്ക് എഴുപത്തിയെട്ട് ശതമാനവും.

സാധാരണ മഞ്ഞുകാലത്ത് മരിക്കുന്നതിനേക്കാൾ എത്രയോ കൂടുതലാളുകൾ ഈ വർഷം ഊർജ രംഗത്തുണ്ടായ വിലക്കയറ്റം കൊണ്ടും ക്ഷാമം കൊണ്ടും മരിക്കുമെന്ന് കണക്കുകൾ പറയുന്നു. മൂന്നര ലക്ഷം പേർ ഊർജ പ്രതിസന്ധികൊണ്ട് യുക്രൈന് പുറത്ത് യൂറോപ്പിൽ മരിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. അതിന് ഇനിയും പൂർണമായും വിട്ടുമാറാത്ത കോവിഡും ന്യൂമോണിയയും കാർഡിയോ വാസ്‌കുലാർ രോഗങ്ങളും കാരണമാകുമെന്ന് ഈ മേഖലയിലെ വിദഗ്ദ്ധർമാർ ചൂണ്ടിക്കാണിക്കുന്നുണ്ട്. പത്തു ശതമാനം ഇലക്ട്രിസിറ്റിയുടെ വില വർധിച്ചാൽ അരശതമാനത്തിലധികം മരണം വർധിക്കുമെന്നാണ് സാങ്കേതികമായ കണക്കുക്കൂട്ടൽ.

യുക്രൈനെ സഹായിക്കുന്ന യൂറോപ്യൻ രാജ്യങ്ങളിലിതാണ് സ്ഥിതിയെങ്കിൽ യുക്രൈൻ ഇന്നൊരു ശവപ്പറമ്പായി മാറിക്കഴിഞ്ഞു. ജനസംഖ്യയുടെ നാൽപ്പതു ശതമാനം പേർക്കും സർക്കാരിന്റെ പിന്തുണയില്ലാതെ ജീവിക്കാൻ പറ്റാത്ത സ്ഥിതിയായി. ഒന്നരക്കോടിയാളുകൾ വീടുവിട്ടു. 62 ലക്ഷം പേർ രാജ്യം വിട്ടുപോയി. 77 ലക്ഷം പേർ അഭയാർത്ഥികളായി അലഞ്ഞുതിരിയുകയാണ്. മാന്യമായ ജീവിതം നയിച്ചിരുന്ന, ദാരിദ്ര്യത്തെ മറികടക്കാൻ കഴിഞ്ഞ, സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന പ്രദേശമാണല്ലോ യുക്രൈൻ. റഷ്യ യുക്രൈന്റെ മുകളിൽ കൂടുതൽ ക്രൂരമായ ആക്രമണങ്ങൾ അഴിച്ചുവിടുന്നു. ഇറാനിൽ നിർമിച്ച ഡ്രോണുകളുപയോഗിച്ച് ആശുപത്രികളും കുടിവെള്ളവിതരണ പദ്ധതികളും കിറുകൃത്യമായി തകർക്കുന്ന തിരക്കിലാണവർ. പ്രസവവാർഡുകളെപോലും റഷ്യൻ ഡ്രോണുകൾ ലക്ഷ്യമിടുന്നു.

കൊടുംശൈത്യത്തിലേക്കെത്തിയ യുക്രൈൻ 12 മണിക്കൂർ പവർകട്ടാണ് നേരിടുന്നത്. യുക്രൈനിൽ ഇന്ന് കേവലമായ അതിർത്തി യുദ്ധമല്ല നടക്കുന്നത്. ഒരു വലിയ മാനുഷിക പ്രശ്നമായി യുക്രൈനെതിരായ റഷ്യയുടെ യുദ്ധം ഇന്ന് മാറികഴിഞ്ഞു. യുദ്ധം അവസാനിപ്പിക്കാനുള്ള മുൻകൈ ലോകനേതാക്കളുടെ ഭാഗത്തുനിന്ന് ഫലപ്രദമായി ഇനിയുമുണ്ടായിട്ടില്ല. റഷ്യയുമായി നല്ല ചങ്ങാത്തമുള്ള ഇന്ത്യ പോലും ഇത് യുദ്ധത്തിന്റെ കാലമല്ല എന്ന് റഷ്യയെ ഓർമിപ്പിക്കുന്നുണ്ടെങ്കിലും റഷ്യക്കെതിരായ മുന്നണിയിൽ അമേരിക്കയോടൊപ്പം ചേരുന്നില്ല എന്ന് നമുക്കറിയാം.

ഇന്ത്യയുടെ താല്പര്യങ്ങൾക്ക് തൽക്കാലം അതുതന്നെയാണ് നല്ലതെങ്കിലും യുക്രൈനിലെ ജനങ്ങളുടെ കരച്ചിൽ എന്നെന്നേക്കും കേൾക്കാതിരിക്കാൻ ഇന്ത്യയ്ക്കും സാധ്യമാണെന്ന് തോന്നുന്നില്ല. ഈ ശൈത്യകാലം അവസാനിക്കുമ്പോൾ, 2023 ഫിബ്രവരി, മാർച്ച് മാസത്തോടെ മനുഷ്യരാശി കണ്ട ഏറ്റവും വലിയ യാതനകളായിരിക്കും കാണേണ്ടിവരിക എന്നതാണ് ലോകമാധ്യമങ്ങളിൽ വരുന്ന ലേഖനങ്ങൾ വ്യക്തമാക്കുന്നത്. ന്യൂയോർക്ക് ടൈംസും വാഷിംഗ്ടൺ പോസ്റ്റും ഇക്കണോമിസ്റ്റും എല്ലാം തന്നെ ഇതുസംബന്ധിച്ച വിശദമായ ലേഖനങ്ങൾ വിശകലന വ്യക്തതയോടുകൂടി അവതരിപ്പിക്കുന്നുണ്ട്.

യുദ്ധത്തെ വിശകലനം ചെയ്യുന്ന വിദഗ്ദ്ധൻമാരും ചരിത്രത്തിലെ മുൻകാല അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ ഈ ശൈത്യകാല യുദ്ധം എങ്ങനെ പരിണമിക്കുമെന്ന് പരിശോധിക്കുന്നു. റഷ്യയുടെ ശൈത്യകാലം എന്നും അതിന്റെ കവചമായിരുന്നു. 1812 ജൂൺ മാസത്തിൽ വേനൽക്കാലത്ത് ഇരുപത് രാജ്യങ്ങളുടെ ഗ്രാന്റ് ആർമി ഉണ്ടാക്കി നെപ്പോളിയൻ തന്റെ പ്രഭാവകാലത്ത് റഷ്യ ആക്രമിക്കാൻ പുറപ്പെട്ടു. ശൈത്യകാലത്തിനുമുമ്പേ റഷ്യ കീഴടക്കാമെന്നാണ് അദ്ദേഹം കരുതിയിരുന്നതെങ്കിലും നാലര ലക്ഷത്തോളം വരുന്ന നെപ്പോളിയന്റെ വൻപട ശരത്കാലത്തെ ചെളിയിലും മഞ്ഞിലും മരിച്ചുവീണു. അവർക്ക് വേണ്ടത്ര നല്ല വസ്ത്രങ്ങൾ ഉണ്ടായിരുന്നില്ല. ആയുധമെടുത്ത് പൊരുതാൻ വേണ്ടത്ര ഭക്ഷണവും ഇല്ലാതെ പോയി.

മോസ്‌കോ വരെ നെപ്പോളിയനെത്തിയെങ്കിലും പരാജിതനും ലജ്ജിതനുമായി ബാക്കി വന്ന പത്തിലൊന്നു സൈന്യവുമായി നെപ്പോളിയൻ പാരീസിലേക്ക് മടങ്ങി. 1941-ലും ഇതുപോലൊരു അനുഭവമുണ്ടായി. ജൂൺ മാസത്തിൽ തന്നെയാണ് ഹിറ്റ്ലർ റഷ്യ കീഴടക്കാൻ പുറപ്പെട്ടത്. റഷ്യയുമായുണ്ടായിരുന്ന അനാക്രമണ സന്ധിയെ കാറ്റിൽപറത്തിക്കൊണ്ട് പടിഞ്ഞാറോട്ട് നീങ്ങിയ വിജയകരമായ തന്റെ സൈന്യത്തിലൊരു ഭാഗത്തെ കിഴക്കോട്ട് തിരിച്ചുവിടുകയായിരുന്നു ഹിറ്റ്ലർ. പക്ഷേ, ഇരുപതാം നൂറ്റാണ്ടിലും റഷ്യയുടെ ശൈത്യകാലം ശത്രുവിന്റെ കുഴിമാടമൊരുക്കി. മോസ്‌കോയിൽനിന്നു കേവലം 15 കിലോ മീറ്റർ അകലെവരെ എത്തിയ ജർമൻ സൈന്യത്തിന് മോസ്‌കോയിലെ പുകക്കുഴലുകളിൽനിന്നു പൊങ്ങുന്ന പുക കാണാമായിരുന്നുവത്രെ. പക്ഷേ മഞ്ഞിൽ പുതഞ്ഞുപോയ വാഹനങ്ങളും വെടിയുതിർക്കാൻ കഴിയാത്ത തോക്കുകളും മരവിച്ചുപോയ ശരീരവും ഹിറ്റ്ലറുടെ പട്ടാളത്തെ കൊന്നൊടുക്കി. ജനങ്ങളിൽ നിന്നുപോലും കമ്പിളികുപ്പായങ്ങൾ അഭ്യർത്ഥിച്ച ഹിറ്റ്ലറുടെ പ്രചരണ മന്ത്രി കുറെ കമ്പിളികുപ്പായങ്ങൾ നേടിയെടുത്തുവെങ്കിലും അതൊന്നും പട്ടാളക്കാർക്ക് എത്തിക്കാൻ സാധിച്ചില്ല.

ജർമനിയുടെ കര, നാവിക, വ്യോമവ്യൂഹത്തെ വെഹർമാറ്റ് എന്നാണ് വിളിച്ചിരുന്നത്. ഗീബൽസിന്റെ പ്രചരണങ്ങൾക്കോ ഇതിനകം കമാന്ററുടെ ചുമതലയേറ്റെടുത്ത ഹിറ്റ്ലറുടെ ആജ്ഞാശക്തിക്കോ വെഹർമാറ്റിനെ മോസ്‌കോയിലെത്തിക്കാൻ കഴിഞ്ഞില്ല എന്നു മാത്രമല്ല, ആ കനത്ത പരാജയം നാസി പടയെ തുരത്തുവാനുള്ള ഊർജം സോവിയറ്റ് സൈന്യത്തിന് സമ്മാനിച്ചു. മാർഷൽ ഷുക്കോവിന്റെ നേതൃത്വത്തിൽ നടന്ന തിരിച്ചടി ചെന്നവസാനിച്ചത് വർഷങ്ങൾക്കു ശേഷം ബർലിനിൽ തന്നെയാണ്. ഹിറ്റ്ലറുടെ കൊട്ടാരത്തിന്റെ മുകളിൽ സോവിയറ്റ് ചെങ്കൊടിയുയർത്തിയ ചിത്രം ഇന്നും ഏറ്റവും പ്രസിദ്ധമായ യുദ്ധചിത്രങ്ങളിൽ ഒന്നായി നിലനിൽക്കുന്നു.

സാറിന്റെ റഷ്യക്കും സ്റ്റാലിന്റെ സോവിയറ്റ് യൂണിയനും നെപ്പോളിയനെയും ഹിറ്റ്ലറെയും തോൽപ്പിക്കാൻ തീവ്രമായ മഞ്ഞുകാലം സഹായകമായി എന്നതാണ് ചുരുക്കം. പക്ഷേ, ഇന്ന് യുദ്ധം പഴയ റഷ്യക്കകത്താണ്. യുക്രൈൻ റഷ്യയുടെ തന്നെ ഭാഗമാണ് എന്നുമാത്രമല്ല, സാർ ചക്രവർത്തിയുടെ ഒരുകാലത്തെ തലസ്ഥാനമായിരുന്നു. ആയിരത്തിമുപ്പത്തിയേഴ് വർഷം മുമ്പ് ക്രിസ്തുമതം റഷ്യയിലേക്ക് വന്നത് യുക്രൈനിലെ കീവ് നഗരത്തിൽ വെച്ചാണ്. ആ കീവാണ് ഇന്ന് റഷ്യൻ പട്ടാളം ആക്രമിച്ചുകൊണ്ടിരിക്കുന്നത്. റഷ്യ കീഴടക്കാൻ വന്ന നെപ്പോളിയനും ഹിറ്റ്ലറുമല്ല, മറിച്ച് റഷ്യ തന്നെ പരസ്പരം പൊരുതുകയാണ് ഇന്ന്. ആക്രമികളെ തുരത്താൻ പഴയ റഷ്യക്ക് മഞ്ഞുകാലം സഹായകമായിട്ടുണ്ടെങ്കിൽ റഷ്യയുടെ തന്നെ ഭാഗമായിട്ടുണ്ടായിരുന്ന ഒരു പ്രവിശ്യയെ ആക്രമിക്കുന്ന റഷ്യൻ സൈന്യത്തെ തുരത്താൻ യുക്രൈനിന് മഞ്ഞുകാലം കൊണ്ട് വല്ല പ്രയോജനമുണ്ടാകുമോ.

രണ്ടു കൂട്ടരും റഷ്യൻ മഞ്ഞ് കണ്ട് ശീലിച്ചവരാണ്. രണ്ടു കൂട്ടരും നെപ്പോളിയനെയും ഹിറ്റ്ലറെയും തുരത്താൻ ഒരുമിച്ചിരുന്നവരാണ്. ശൈത്യകാലത്തിന്റെ സഹായത്തോടെ. ഇന്ന് ശൈത്യകാലം ആരെയാണ് സഹായിക്കേണ്ടത്...? ആക്രമിക്കുന്ന റഷ്യയെയോ ആക്രമിക്കപ്പെടുന്ന റഷ്യയുടെ തന്നെ ഭാഗമായിരുന്ന യുക്രൈനിനെയോ?
യുദ്ധവിദഗ്ധൻമാർ ചർച്ച തുടരട്ടെ. പക്ഷേ, ജനറൽ വിന്റർ എന്നറിയപ്പെടുന്ന റഷ്യൻ ശൈത്യകാലം ആരെ സഹായിച്ചാലും ദുരിതം ജനങ്ങൾക്കുള്ളതാണ്. പ്രസവമുറിയിൽ ഡ്രോണിന്റെ ആക്രമണത്തെ തുടർന്ന് ജനിച്ചുവീണ കുഞ്ഞ് മരിക്കുകയും അമ്മയ്ക്ക് പരിക്കേൽക്കുകയും ചെയ്യുന്നു. മൂന്നു നേരം ഭക്ഷണം കഴിക്കാനില്ലാതെ വൃദ്ധരും വികലാംഗരും മുറവിളിയിടുന്നു. എല്ലാവരെയും അവരവരുടെ വീടുകളിൽ സംരക്ഷിക്കാൻ സാധ്യമല്ല എന്ന് യുക്രൈൻ ജനങ്ങളോട് തുറന്ന് പറഞ്ഞിട്ടുണ്ട്.

അമേരിക്കയും ബ്രിട്ടനും ചൂടു വസ്ത്രങ്ങളും ജനറേറ്ററുകളും ആവശ്യത്തിന് പടക്കോപ്പുകളും നൽകി യുദ്ധത്തിന്റെ തീ അണയാതെ സൂക്ഷിക്കുന്നുമുണ്ട്. യുദ്ധം അവരുടെ ഏറ്റവും വലിയ കച്ചവട മാർഗമാണ്. പരസ്യങ്ങളില്ലാതെ കച്ചവടം ചെയ്യാവുന്ന ഏക ചരക്ക് ഭരണകൂടങ്ങൾ വാങ്ങിക്കൂട്ടുന്ന ആധുനിക യുദ്ധ ഉപകരണങ്ങളാണെന്ന് ഒരു നൂറ്റാണ്ട് മുമ്പു തന്നെ റോസ ലക്സംബർഗ് എഴുതിയത് ഓർക്കാവുന്നതാണ്. ഒരു കാലത്ത് ഇത്തരം വിഷയങ്ങളിൽ ഇടപെടാറുണ്ടായിരുന്ന ഐക്യരാഷ്ട്രസഭ ഇന്ന് ഒരു മികച്ച നോൺ ഗവൺമെന്റ് ഓർഗനൈസേഷന്റെ അപ്പുറത്ത് ഒന്നുമല്ലാതായിട്ട് വർഷങ്ങളായി. ഐക്യരാഷ്ട്രസഭയുടെ രാഷ്ട്രീയ ഊർജം ചോർന്നുപോയിരിക്കുന്നു. വൻകിട രാജ്യങ്ങളുടെ മുന്നിൽ ഒന്നും പറയാനില്ലാത്ത ഒരു മഹാസംവിധാനമാണ് ഇന്ന് അവർ.

പക്ഷേ, ലോക മനഃസാക്ഷി മരിച്ചുപോയിട്ടില്ല എന്ന് നമുക്ക് പ്രതീക്ഷിക്കാം. ലോകത്തെമ്പാടുമുള്ള സമാധാനകാംക്ഷികൾ ഈ ദാരുണാവസ്ഥയിൽ ഉണർന്ന് പ്രവർത്തിക്കേണ്ടിയിരിക്കുന്നു. ഈ മഞ്ഞുകാലത്ത് ഫുട്ബോളിന്റെ ആരവങ്ങളാണ് നമ്മുടെയെല്ലാം മനസ്സിൽ. പക്ഷേ, യുക്രൈന്റെ യുദ്ധഭൂമികളിലും യൂറോപ്പിന്റെ ഇടത്തരക്കാരും പാവപ്പെട്ടവരും താമസിക്കുന്ന തെരുവുകളിലും മനുഷ്യർ ജീവിക്കുന്നതിന് വേണ്ടിയുള്ള മുറവിളി ഉയർന്നു കേൾക്കുന്നുണ്ട്. ലോകമാധ്യമങ്ങൾ അതർഹിക്കുന്ന ഗൗരവത്തോടുകൂടി ലോകജനതയുടെ മനസ്സിലേക്ക് ഉയർത്തിക്കൊണ്ടുവരുന്നുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നുതന്നെയാണ് ഉത്തരം. യുദ്ധവിരുദ്ധതയുടെ സാർവദേശീയ രൂപങ്ങളൊന്നും ഇന്ന് സജീവമല്ല.

എക്കാലത്തെയും യുദ്ധവിരുദ്ധ പ്രസ്ഥാനത്തിന്റെ നേതാവായ ടോൾസ്റ്റോയിയുടെ നാടാണ് റഷ്യ. പ്രധാനമന്ത്രിയുടെ ചെറുമകനായിരുന്നിട്ടും ഒന്നാം ലോകമഹായുദ്ധം പാടില്ല എന്ന് പറഞ്ഞതിന്റെ പേരിൽ ജയിൽവാസം അനുഭവിക്കേണ്ടി വന്ന, തെരുവിൽ തല്ലകൊള്ളേണ്ടി വന്ന തത്ത്വജ്ഞാനിയായ ബെർട്രാന്റ് റസ്സലിന്റെ നാടാണ് ഇംഗ്ലണ്ട്. രണ്ട് ലോകയുദ്ധങ്ങൾക്കിടയിലും, യുദ്ധമെന്നല്ല ഒരു തരം ഹിംസയും പാടില്ല എന്ന പുതിയ സിദ്ധാന്തം മുന്നോട്ടുവെച്ച മഹത് വ്യക്തിയായ മഹാത്മ ഗാന്ധിയുടെ നാടാണ് ഇന്ത്യ. അദ്ദേഹത്തിന്റെ തത്ത്വങ്ങൾ ഉൾക്കൊള്ളുന്ന സൗത്ത് ആഫ്രിക്ക പോലുള്ള രാജ്യങ്ങൾ ഉണ്ട്. യുദ്ധത്തിന്റെ ഏറ്റവും വലിയ കെടുതി അനുഭവിച്ച ജപ്പാനുണ്ട്. പക്ഷേ അവിടെ നിന്നൊന്നും യുദ്ധം വേണ്ട എന്ന വലിയ ശബ്ദം ഇനിയും ഉയർന്നിട്ടില്ല എന്നതാണ് ഇന്ന് ലോകരാഷ്ട്രീയം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി.

ഇത് പരിഹരിക്കാൻ ഇതിഹാസ തുല്യരായ ഐക്കോണിക് ലീഡേഴ്സ് നേതാക്കൻമാരെ കാത്തിരിക്കാതെ യുവാക്കളും ചെറുപ്പക്കാരും കാമ്പസുകളിലൊത്തുകൂടേണ്ടിയിരിക്കുന്നു. അവരുടെ ഭാവിയിലേക്കാണ് ഈ യുദ്ധാവസ്ഥ മഞ്ഞുവാരി എറിയുന്നത്. ഈ ശീതകാല യുദ്ധത്തിലും ഈ ശൈത്യകാല യുദ്ധത്തിന് എതിരായും പൊതുവിൽ യുദ്ധഭീതിക്കെതിരായും പുതിയ തലമുറയിൽനിന്നു മുറവിളി ഉണ്ടാവുമെന്ന് ആശിക്കാം.

Content Highlights: Russia- Ukraine War, Europe, Winter Season, Death, Power Crisis, Fact Check


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


dr jose sebastian

4 min

'അക്കിടിമറയ്ക്കാൻ കുറ്റം കേന്ദ്രത്തിന്, മധ്യവര്‍ഗത്തിനുവേണ്ടി സാധാരണക്കാരനുമേല്‍ നികുതി ചുമത്തുന്നു'

Feb 3, 2023

Most Commented