പാന്‍ ഇന്ത്യന്‍ മുഖമാകുന്ന ദക്ഷിണേന്ത്യന്‍ സിനിമ


എന്‍.പി.മുരളീകൃഷ്ണന്‍National Film Awards

ത്യാകര്‍ഷകമായ ഹീറോയിക് ഇമേജുകള്‍ സൃഷ്ടിച്ചാണ് അടുത്ത കാലത്ത് ദക്ഷിണേന്ത്യന്‍ സിനിമ ബോളിവുഡിന്റെ സജീവ ശ്രദ്ധ നേടിയെടുത്തത്. അമാനുഷിക നായകന്മാര്‍ കേന്ദ്രമാകുന്ന സിനിമകള്‍ നേരത്തെയും നിരന്തരം സൃഷ്ടിക്കപ്പെട്ടിരുന്നെങ്കിലും ഇതിന് ഭാഷയുടെയും ദേശത്തിന്റെയും അതിര് ഭേദിക്കുന്ന ഒരു വിനിമയസാധ്യത കൈവരുന്നത് ഇപ്പോഴാണ്. പല ഭാഷകളില്‍ സംസാരിക്കുന്ന സിനിമകള്‍ (ഒരു മേജര്‍ ഇന്ത്യന്‍ റിലീസ് ഇപ്പോള്‍ സംസാരിക്കുന്നത് ഹിന്ദി, തെലുങ്ക്, കന്നട, തമിഴ്, മലയാളം ഭാഷകളിലാണ്) ആണ് ഇപ്പോള്‍ ഇന്ത്യന്‍ സിനിമാ വിപണിയെ നയിക്കുന്നത്.

ബാഹുബലിയുടെ ആദ്യ ചാപ്റ്ററില്‍ തുടങ്ങി ഇതേ സിനിമയുടെ രണ്ടാം ഭാഗം, കെജിഎഫ് ഒന്ന്, രണ്ട് ചാപ്റ്ററുകള്‍, പുഷ്പ, ആര്‍ആര്‍ആര്‍ തുടങ്ങിയവയിലൂടെ തുടര്‍ന്നു പോരുന്നതാണ് ഇന്ത്യന്‍ സിനിമയിലെ ദക്ഷിണേന്ത്യന്‍ തരംഗം. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ രൂപപ്പെട്ട ഈ മാറ്റത്തിലൂടെ ഇന്ത്യന്‍ സിനിമയുടെ സിരാകേന്ദ്രമായ ബോളിവുഡിന് ഉള്‍പ്പെടെ അവഗണിക്കാന്‍ കഴിയാത്ത സാന്നിധ്യമായി ദക്ഷിണേന്ത്യന്‍ സിനിമകള്‍ മാറി. പാന്‍ ഇന്ത്യന്‍ എന്ന പുതിയ വാക്പ്രയോഗം രൂപപ്പെടുന്നതു തന്നെ ദക്ഷിണേന്ത്യയില്‍ നിന്നുള്ള വന്‍കിട സിനിമകളുടെ വിജയത്തെയും അത് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയിലും ആരാധകരിലും ഉണ്ടാക്കിയ സ്വാധീനത്തെ തുടര്‍ന്നാണ്. നേരത്തെ ഹിന്ദി സിനിമകള്‍ മാത്രമാണ് ഈ പാന്‍ ഇന്ത്യന്‍ റീച്ചില്‍ അടയാളപ്പെടുത്തപ്പെട്ടിരുന്നത്. ഹിന്ദി സിനിമകളും താരങ്ങളും ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും സിനിമാ പ്രേമികളുടെ ശ്രദ്ധ ഒരുപോലെ നേടിയിരുന്നതായിരുന്നു പതിവെങ്കില്‍ തെലുങ്ക്, കന്നട, തമിഴ്, മലയാളം ഇന്‍ഡസ്ട്രികളില്‍ നിന്നുണ്ടാകുന്ന വന്‍ മുതല്‍മുടക്കുമുള്ള ഹീറോയിക് സിനിമകളെ അവഗണിക്കാന്‍ ഇപ്പോള്‍ അവര്‍ക്കുമാകുന്നില്ല. തിയേറ്ററിനൊപ്പം ഒടിടി പ്ലാറ്റ്‌ഫോമിന്റെ സാധ്യത കൂടി ഇതില്‍ നിര്‍ണായകമാണെന്ന് പറയാതെ വയ്യ. എല്ലാത്തരം പ്രേക്ഷകരെയും പരിഗണിക്കുന്ന പ്രമേയ പശ്ചാത്തലത്തിലുള്ള ഈ എന്റര്‍ടെയിന്‍മെന്റുകള്‍ ഏതെങ്കിലും സംസ്ഥാനങ്ങളുടെയോ പ്രാദേശിക ഭാഷകളുടെയോ അതിരുകളില്‍ ഒതുങ്ങിനില്‍ക്കുന്നവയല്ല.

ബോളിവുഡ് കഴിഞ്ഞാല്‍ ഇന്ത്യയിലെ ശക്തമായ ചലച്ചിത്ര വിപണികളായ തെലുങ്കും തമിഴും സാന്നിധ്യമറിയിച്ചതിനു ശേഷമാണ് ഇന്ത്യന്‍ സിനിമാ വ്യവസായത്തില്‍ അത്രയൊന്നും പ്രാമുഖ്യമില്ലാതിരുന്ന കന്നടയുടെ മുഖ്യധാരാ പ്രവേശം സാധ്യമായത്. ഇതിന് നിമിത്തമായത് പ്രശാന്ത് നീലിന്റെ കെജിഎഫ് ആയിരുന്നു. കന്നടയില്‍ നിന്നുള്ള പതിവ് മാസ് മസാല ചിത്രമെന്ന മുന്‍ധാരണയില്‍ റിലീസ് വേളയില്‍ ഇതര സംസ്ഥാന പ്രേക്ഷകര്‍ ശ്രദ്ധിക്കാതിരുന്ന സിനിമ കൂടിയായിരുന്നു ഇത്. പാന്‍ ഇന്ത്യ റിലീസും സിനിമയ്ക്ക് സാധ്യമായിരുന്നില്ല. എന്നാല്‍ ഈ സിനിമ അതിന്റെ അവതരണ ശൈലിയുടേതിനു സമാനമായി ബോക്‌സോഫീസിലും പതിയെ കത്തിപ്പിടിക്കുകയായിരുന്നു. മേക്കിംഗിലെ മികച്ച നിലവാരവും ചടുലവും ആകര്‍ഷണീയവുമായ ആഖ്യാനവും കെജിഎഫിനെ കള്‍ട്ട് സ്റ്റാറ്റസിലേക്കുയര്‍ത്തി. ഈ സിനിമയോടെ കന്നട ഇന്‍ഡസ്ട്രിയെ ഇന്ത്യന്‍ വാണിജ്യ സിനിമയുടെ മുഖ്യധാരയിലേക്ക് പ്രവേശിപ്പിക്കാനും യഷിന് സാധിച്ചു. ഇതോടെ ഇന്ത്യന്‍ സിനിമാ വിപണി കാലങ്ങളായി അടക്കിവാഴുന്ന ബോളിവുഡിന് ദക്ഷിണേന്ത്യന്‍ താര സിനിമകള്‍ തീര്‍ക്കുന്ന ബോക്‌സോഫീസ് ഭീഷണി കണ്ടില്ലെന്നു നടിക്കാതിരിക്കാനായില്ല.

ബോക്‌സോഫീസിലെ ഈ പുതിയ സാഹചര്യത്തിന്റെ പശ്ചാത്തലത്തിലാണ് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിലെ ദക്ഷിണേന്ത്യന്‍ മുന്നേറ്റം കൂടുതല്‍ ശ്രദ്ധേയമാകുന്നത്. 68-ാമത് ദേശീയ പുരസ്‌കാര പട്ടികയിലെ പ്രധാന അവാര്‍ഡുകളില്‍ 23 ല്‍ 15 ഉം സ്‌പെഷ്യല്‍ ജൂറിയില്‍ പകുതിയിലേറെയും ദക്ഷിണേന്ത്യന്‍ ചിത്രങ്ങളാണ് നേടിയത്. ഈ കണക്കുകള്‍ ദക്ഷിണേന്ത്യന്‍ സിനിമകളുടെ അവഗണിക്കാനാകാത്ത ഇടത്തെ സൂചിപ്പിക്കുന്നു. ഫീച്ചര്‍ വിഭാഗത്തില്‍ മാത്രം മലയാളത്തിന് എട്ട് പുരസ്‌കാരങ്ങളാണുള്ളത്.

നിലവാരമുള്ളതും സമാന്തര ശ്രേണിയിലുള്ളതുമായ സിനിമകള്‍ സൃഷ്ടിക്കപ്പെടുന്ന പ്രദേശം എന്ന നിലയ്ക്കാണ് മലയാളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സിനിമാ ഇന്‍ഡസ്ട്രിയെ നേരത്തെ ബോളിവുഡ് അടക്കം അടയാളപ്പെടുത്തിയിരുന്നത്. അന്തര്‍ദേശീയ ചലച്ചിത്ര മേളകളില്‍ പങ്കെടുക്കുകയും പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമാകുകയും ചെയ്യുന്ന സിനിമകളില്‍നിന്നാണ് മലയാളം പോലുള്ള പ്രാദേശിക ഭാഷയെ ശ്രദ്ധിച്ചിരുന്നതു തന്നെ. ഇവിടത്തെ കച്ചവട സിനിമകളില്‍ അത്യപൂര്‍വ്വമായി മാത്രമാണ് മറ്റ് സംസ്ഥാനങ്ങളിലെ ചലച്ചിത്ര പ്രവര്‍ത്തകരുടെ ശ്രദ്ധ പതിഞ്ഞിരുന്നത്. എന്നാല്‍ ദക്ഷിണേന്ത്യന്‍ വാണിജ്യ സിനിമകളുടെ പ്രമേയ നിലവാരം തിരിച്ചറിയുകയും അത് റീമേക്ക് ചെയ്യാനും അതേ മാതൃക പിന്തുടരാനുമുള്ള സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്യുന്ന തലത്തിലേക്കാണ് ബോളിവുഡിന്റെ ഇപ്പോഴത്തെ മാറ്റം. ബാഹുബലിയുടെ വിജയത്തെ തുടര്‍ന്നാണ് ഇടക്കാലത്തിനു ശേഷം ചരിത്രസിനിമകള്‍ നിര്‍മ്മിക്കുന്ന രീതിയിലേക്ക് ബോളിവുഡ് വീണ്ടും നിര്‍ബന്ധിതമാകുന്നത്.

ബോളിവുഡ് ചലച്ചിത്ര വ്യവസായത്തിലെ ഈ പുതിയ ചുവടുമാറ്റത്തിനൊപ്പം ദേശീയ ചലച്ചിത്ര പുരസ്‌കാര പട്ടികയിലെ ദക്ഷിണേന്ത്യന്‍ സിനിമകളുടെ നേട്ടം ഇതിന് അടിവരയിടാന്‍ പോന്നതാണ്. നേരത്തെ വ്യവസ്ഥാപിത, സമാന്തര സിനിമകള്‍ക്കാണ് പുരസ്‌കാര നിര്‍ണയത്തില്‍ പ്രാമുഖ്യം ലഭിച്ചിരുന്നതെങ്കില്‍ വാണിജ്യ സിനിമകളിലെ മികച്ച നിലവാരം കൂടി പരിഗണനയ്ക്ക് വരുന്ന തലത്തിലേക്കാണ് പുതിയ മാറ്റം. ഇത്തവണത്തെ നാല് വീതം പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമായ സച്ചിയുടെ അയ്യപ്പനും കോശിയും, സുധ കൊങ്ങറയുടെ സുരറൈ പോട്ര് എന്നീ സിനിമകളുടെ നേട്ടം ഇതിനെ സാധൂകരിക്കുന്നു. അയ്യപ്പനും കോശിയും തിയേറ്ററില്‍ വന്‍വിജയമായിരുന്നു. സുരറൈ പ്രോട്ര് ആകട്ടെ ഒടിടി റിലീസിലൂടെ വലിയ പ്രേക്ഷകപ്രീതി നേടിയ സിനിമയും. അയ്യപ്പനും കോശിയും ഹിന്ദി നിര്‍മ്മാണം പുരോഗമിക്കുന്ന വേളയിലാണ് ഈ പുരസ്‌കാര നേട്ടം.

കൂടുതല്‍ പുരസ്‌കാരങ്ങള്‍ നേടിയ അയ്യപ്പനും കോശിയുടെയും സുരറൈ പോട്രിന്റെയും പുരസ്‌കാരത്തിന് പരിഗണിക്കപ്പെട്ട മറ്റ് ദക്ഷിണേന്ത്യന്‍ സിനിമകളുടെയും നിലവാരത്തിലുള്ള സിനിമകള്‍ ബോളിവുഡില്‍ നിന്ന് ഇക്കുറി ഉണ്ടായില്ല. മേല്‍ സൂചിപ്പിച്ച പോലെ ദക്ഷിണേന്ത്യന്‍ വിജയ ചിത്രങ്ങളുടെ അനുകരണങ്ങളുടെയും ചരിത്ര കഥകളുടെയും സ്ഥിരം ആക്ഷന്‍, ഡ്രാമ ജോണര്‍ ഫോര്‍മാറ്റുകളുടെയും പിറകെയാണ് ബോളിവുഡിന്റെ ഇപ്പോഴത്തെ സഞ്ചാരം. ഇതിനു തൊട്ടു മുന്‍ വര്‍ഷങ്ങളില്‍ ഉണ്ടായ പിങ്ക്, കോര്‍ട്ട്, ആര്‍ട്ടിക്കിള്‍ 15, മുള്‍ക്ക്, പങ്ക, എന്‍എച്ച് 10 പോലുള്ള നിരൂപക ശ്രദ്ധ ലഭിച്ച സിനിമകള്‍ ബോളിവുഡില്‍ നിന്ന് മത്സരരംഗത്ത് ഉണ്ടായതുമില്ല. നിലവാരമുള്ള സിനിമകള്‍ നിര്‍മിക്കപ്പെടുകയും പുരസ്‌കാര വേദിയില്‍ സാന്നിധ്യമാകുകയും ചെയ്യാറുള്ള മറാത്തി, ബംഗാളി സിനിമകളുടെ പ്രാതിനിധ്യവും ഇത്തവണ കുറവായിരുന്നു. ബിഭൂതിഭൂഷന്‍ ബന്ദോപാധ്യായയുടെ അപരാജിതോയെ അടിസ്ഥാനമാക്കിയും സത്യജിത് റേയുടെ അപു ത്രയത്തിന്റെ സീക്വല്‍ എന്ന നിലയ്ക്കും നിര്‍മ്മിക്കപ്പെട്ട് മത്സരത്തിനെത്തിയ സുബ്രജിത് മിത്രയുടെ അവിജാന്ത്രിക് ആണ് ഇതിന് അപപവാദം. മികച്ച ഛായാഗ്രാഹണത്തിനുള്ള പുരസ്‌കാരമാണ് ബ്ലാക്ക് ആന്റ് വൈറ്റ് പശ്ചാത്തലത്തിലുള്ള അവിജാന്ത്രിക് നേടിയത്.

വിജയ് സേതുപതി, ധനുഷ് എന്നിവരിലൂടെ പോയ വര്‍ഷം മികച്ച അഭിനേതാക്കളുടെ പട്ടികയില്‍ ദക്ഷിണേന്ത്യ ഇടം പിടിച്ചപ്പോള്‍ സൂര്യ, അപര്‍ണ ബാലമുരളി, ബിജുമേനോന്‍ എന്നിവരിലൂടെയാണ് ഇത്തവണ സാന്നിധ്യമറിയിക്കുന്നത്. ദേശീയ തലത്തിലെ മികച്ച ചിത്രം സുരറൈ പോട്ര് ആണ്. തമിഴ് സിനിമക്കൊപ്പം ദക്ഷിണേന്ത്യക്കാകെ അഭിമാനിക്കാവുന്ന നേട്ടമാണിത്. മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലൂടെ സാങ്കേതിക മേഖലയിലെ പുരസ്‌കാര ലബ്ധിയാല്‍ മലയാള സിനിമ ശ്രദ്ധിക്കപ്പെട്ട വര്‍ഷം കൂടിയായിരുന്നു കടന്നുപോയത്.

Content Highlights: 68th National Film Awards and southern movies

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022


supreme court

1 min

ക്രിസ്ത്യന്‍ വേട്ടയാടല്‍ ഇല്ല; ആരോപണം വിദേശസഹായം നേടാനാകാമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍

Aug 16, 2022


Civic Chandran

1 min

ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രംധരിച്ചു; സിവിക് ചന്ദ്രന്‍ കേസില്‍ പരാതിനിലനില്‍ക്കില്ലെന്ന് കോടതി

Aug 17, 2022

Most Commented