'കലങ്ങിയില്ല, നന്നായി കലക്കി ഒരു ഗ്ലാസ് കൂടെ എടുക്കട്ടെ'; യോദ്ധയുടെ 30 വര്‍ഷങ്ങള്‍ | Show Reel


എന്‍.പി.മുരളീകൃഷ്ണന്‍യോദ്ധയും അതിലെ സംഭാഷണങ്ങളും തമാശകളും പാട്ടുകളും ആക്ഷന്‍ സീക്വന്‍സുകളുമെല്ലാം വര്‍ഷം ചെല്ലുന്തോറും മലയാളികളുടെ കാഴ്ചശീലത്തിന്റെ പരിചിതവട്ടത്തോട് കൂടുതല്‍ കൂടുതല്‍ അടുക്കുകയായിരുന്നു.

യോദ്ധയിലെ ഗാനരംഗത്തിൽ നിന്ന്

ര്‍ഷങ്ങള്‍ക്കു ശേഷവും തെല്ലും പുതുമ ചോരാതെ നിലനില്‍ക്കാനും പ്രേക്ഷകനില്‍ രസം സൃഷ്ടിക്കാനും ആവുകയെന്നത് അപൂര്‍വ്വം ചില സിനിമകള്‍ക്ക് മാത്രം സാധിക്കുന്ന സവിശേഷതയാണ്. അത്തരം ചില സിനിമകള്‍ പുറത്തിറങ്ങിയ കാലത്തേക്കാള്‍ പിന്നീടായിരിക്കും കാണികളിലേക്ക് പടര്‍ന്നു പന്തലിക്കുക. സംഗീത് ശിവന്റെ 'യോദ്ധ' ഈ ഗണത്തിലുള്ള സിനിമയാണ്. 'യോദ്ധ' റിലീസായിട്ട് 30 വര്‍ഷമാകുന്നു. 1992-ല്‍ റിലീസ് വേളയില്‍ കാണികള്‍ ഈ സിനിമയോട് അത്രകണ്ട് വലിയ പ്രതിപത്തി കാണിക്കുകയുണ്ടായില്ല. യോദ്ധയ്ക്ക് ഒപ്പമിറങ്ങിയ മറ്റു രണ്ടു സിനിമകള്‍ കാണുവാനാണ് പ്രേക്ഷകര്‍ കൂടുതല്‍ താത്പര്യം കാണിച്ചത്. അതുകൊണ്ടുതന്നെ അണിയറ പ്രവര്‍ത്തകര്‍ പ്രതീക്ഷിച്ചത്ര തിയേറ്റര്‍ വിജയത്തിലേക്ക് എത്താന്‍ യോദ്ധയ്ക്കായില്ല. എന്നാല്‍, പിന്നീട് ഓരോ വര്‍ഷം പിന്നിടുമ്പോഴും വീര്യവും പുതുമയും വര്‍ധിക്കുന്ന രസക്കാഴ്ചയായി മാറാനായിരുന്നു ഈ സിനിമയുടെ നിയോഗം. യോദ്ധയ്‌ക്കൊപ്പമിറങ്ങി, യോദ്ധയേക്കാള്‍ വലിയ വിജയങ്ങളായ മറ്റു രണ്ടു സിനിമകള്‍ 'പപ്പയുടെ സ്വന്തം അപ്പൂസും' 'അദ്വൈത'വുമായിരുന്നു. ഇവ രണ്ടും മലയാളികളുടെ പ്രിയസിനിമകളാണെങ്കില്‍ക്കൂടി അവരുടെ ആവര്‍ത്തനക്കാഴ്ചാ പട്ടികയില്‍ ഉള്‍പ്പെടുന്നില്ല. എന്നാല്‍ യോദ്ധയും അതിലെ സംഭാഷണങ്ങളും തമാശകളും പാട്ടുകളും ആക്ഷന്‍ സീക്വന്‍സുകളുമെല്ലാം വര്‍ഷം ചെല്ലുന്തോറും മലയാളികളുടെ കാഴ്ചശീലത്തിന്റെ പരിചിതവട്ടത്തോട് കൂടുതല്‍ കൂടുതല്‍ അടുക്കുകയായിരുന്നു.

ബുദ്ധമതത്തിലെ നന്മയും തിന്മയും താന്ത്രികാചാര രീതികളും ബ്ലാക്ക് മാജിക്കും ഉള്‍പ്പെടുത്തി ആരും പരീക്ഷിക്കാത്ത ഗൗരവ സ്വഭാവത്തില്‍ എടുക്കാവുന്ന ഡോക്യുഫിക്ഷന്‍ എന്നതായിരുന്നു 'യോദ്ധയെ'ക്കുറിച്ച് സംഗീത് ശിവന്റെ മനസ്സിലുടലെടുത്ത ആദ്യചിന്ത. ബുദ്ധ എന്നായിരുന്നു സിനിമയ്ക്കായി ആദ്യം കണ്ടുവച്ച പേര്. മലയാളത്തില്‍ ഇത്തരമൊരു പ്രമേയം എങ്ങനെ അവതരിപ്പിക്കുമെന്നും കാണികള്‍ ഏതു തരത്തില്‍ അതിനെ സ്വീകരിക്കുമെന്നുമുള്ള സന്ദേഹങ്ങളും സ്വാഭാവികമായുണ്ടായി. സഹോദരനും ചലച്ചിത്രകാരനുമായ സന്തോഷ് ശിവനോടും തിരക്കഥാകാരന്‍ ശശിധരന്‍ ആറാട്ടുവഴിയോടുമുള്ള തുടര്‍ചര്‍ച്ചകളില്‍ കേരളത്തിലെ കാവും കുളവും അമ്പലവും തറവാടുമൊക്കെയായി ഈ ബുദ്ധകഥയെ ബന്ധിപ്പിച്ചപ്പോള്‍ പുതുമയും ആത്മവിശ്വാസവും കൈവന്നു. അങ്ങനെയാണ് മലയാളത്തില്‍ അതുവരെയുണ്ടായതില്‍ ഏറ്റവും സാങ്കേതികത്തികവുറ്റ 'യോദ്ധ'യെന്ന സിനിമയുടെ നിര്‍മ്മാണത്തിലേക്ക് സംഗീത് ശിവന്‍ കടന്നത്.

തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം ഭാഷകളിലാണ് 'യോദ്ധ' ഷൂട്ട് ചെയ്തത്. ഇത്രയേറെ ഭാഷകളില്‍ ഒരു സിനിമയെന്നത് മലയാളത്തിന് പുതുമയായിരുന്നു. ദേശാതിര് കടക്കുന്ന പ്രമേയസാധ്യത ഉള്‍ക്കൊണ്ടു കൊണ്ടായിരുന്നു ഭിന്നഭാഷകളിലുള്ള ചിത്രീകരണം. 'യോദ്ധ' കേവലം മലയാളത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കേണ്ട ഒരു സിനിമയല്ലെന്ന് സംഗീത് ശിവന്‍ നേതൃത്വം നല്‍കുന്ന അണിയറപ്രവര്‍ത്തകര്‍ക്ക് ഉറച്ച ബോധ്യമുണ്ടായിരുന്നു. ഗൗരവത്തില്‍ പറയേണ്ടുന്ന സങ്കീര്‍ണവും വിവാദമാകാന്‍ സാധ്യതയുള്ളതുമായ ഒരു വിഷയത്തെ കേരളത്തിലെ ഒരു ഗ്രാമാന്തരീക്ഷത്തില്‍ അതീവ രസകരമായി അവതരിപ്പിച്ചാണ് ശശിധരന്‍ ആറാട്ടുവഴിയും സംഗീത് ശിവനും 'യോദ്ധ'യ്ക്ക് മറ്റൊരു തലത്തിലുള്ള കാഴ്ചവിതാനം സാധ്യമാക്കുന്നത്. ബുദ്ധമതത്തിലെ ആചാരാനുഷ്ടാനങ്ങള്‍ സിനിമയില്‍ കടന്നുവരുന്നതിനാല്‍ മതവികാരത്തെ നോവിപ്പിക്കാത്ത വിധത്തിലായിരിക്കണം സിനിമയെന്ന നിബന്ധനയുണ്ടായിരുന്നു. ഷൂട്ടിനു ശേഷം ബുദ്ധസന്ന്യാസി നേതൃത്വങ്ങള്‍ക്കു മുന്നില്‍ 'യോദ്ധ' പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. അവരുടെ തൃപ്തികരമായ സമ്മതത്തിനു ശേഷമാണ് സിനിമ തിയേറ്ററിലേക്കെത്തിയത്.

അന്ന് ഇന്ത്യയില്‍ ലഭ്യമായ മികച്ച സാങ്കേതിക നിലവാരത്തോടെയായിരുന്നു 'യോദ്ധ'യുടെ നിര്‍മ്മാണം. സാങ്കേതികപ്രവര്‍ത്തകരില്‍ വലിയൊരു പങ്ക് മുംബൈയില്‍ നിന്നുള്ളവരായിരുന്നു. കേരളത്തിലും നേപ്പാളിലുമായി ഷൂട്ടിംഗ്. എ.ആര്‍.റഹ്‌മാനും സന്തോഷ് ശിവനും എ.ശ്രീകര്‍ പ്രസാദും മധുബാലയുമടക്കമുള്ള മറുനാട്ടിലെ പ്രധാന ചലച്ചിത്രപ്രവര്‍ത്തകരും മോഹന്‍ലാലും ജഗതിയും ഒടുവിലും മീനയും സുകുമാരിയും ഉര്‍വശിയുമടക്കമുള്ള മലയാളത്തിലെ അഭിനയപ്രതിഭകളും യോദ്ധയുടെ ഭാഗമായി. 'റോജ'യിലെ സാര്‍വലോകമാനമുള്ള ഈണങ്ങള്‍ക്കു ശേഷമാണ് അന്നത്തെ നവപ്രതിഭയായ എ.ആര്‍.റഹ്‌മാന്‍ 'യോദ്ധ'യ്ക്കു വേണ്ടി തന്റെ മാന്ത്രികവിരലുകള്‍ ചലിപ്പിച്ചത്.

മലയാളത്തിന് റഹ്‌മാന്‍ ആദ്യമായി സംഗീതം നല്‍കിയെന്ന വലിയ പ്രത്യേകത കൂടി 'യോദ്ധ'യ്ക്ക് കൈവന്നു. ഗാനങ്ങള്‍ക്കൊപ്പമോ അതിനേക്കാള്‍ മികവുറ്റതോ ആയിരുന്നു 'യോദ്ധ'യുടെ പശ്ചാത്തല സംഗീതം. പ്രത്യേകിച്ച് നേപ്പാള്‍ പശ്ചാത്തലത്തിലെയും ആക്ഷന്‍ സീക്വന്‍സുകളിലെയും സംഗീതം വേറിട്ട ആസ്വാദനം സാധ്യമാക്കാന്‍ പോന്നതായിരുന്നു. 1986-ല്‍ പുറത്തിറങ്ങിയ 'ദ ഗോള്‍ഡന്‍ ചൈല്‍ഡ്' എന്ന ഹോളിവുഡ് സിനിമയുടെ മൂലപ്രമേയം 'യോദ്ധ' കടംകൊണ്ടിരുന്നു. എന്നാല്‍; സാങ്കേതികമികവിലും ആസ്വാദന നിലവാരത്തിലും ഹോളിവുഡ് ചിത്രത്തേക്കാള്‍ പലപടി മുന്നിലായിരുന്നു യോദ്ധ.

1992 ഓണം റിലീസായിരുന്നു 'യോദ്ധ'. ഒപ്പമിറങ്ങിയ 'പപ്പയുടെ സ്വന്തം അപ്പൂസും' 'അദ്വൈത'വും ആ വര്‍ഷത്തെ വലിയ വിജയങ്ങളായി. 'പപ്പയുടെ സ്വന്തം അപ്പൂസ്' 1992-ലെ ഏറ്റവും കളക്ഷന്‍ നേടിയ സിനിമയായി. 'യോദ്ധ'യോട് പ്രേക്ഷകര്‍ ആദ്യം വലിയ പ്രതിപത്തി കാട്ടിയില്ല. ചിത്രത്തിന്റെ പേരു മുതല്‍ എന്തോ ഒരു ആകര്‍ഷണക്കുറവ് കാണികള്‍ക്ക് അനുഭവപ്പെട്ടിരുന്നു. അതുകൊണ്ട് തുടക്കത്തില്‍ ഒരു തള്ളിക്കയറ്റം ചിത്രത്തിനുണ്ടായില്ല. മൗത്ത് പബ്ലിസിറ്റിയുടെ പിന്‍ബലത്തില്‍ 'യോദ്ധ'യ്ക്ക് കാണികളെ ആകര്‍ഷിക്കാനായെങ്കിലും 'പപ്പയുടെ സ്വന്തം അപ്പൂസ്' പോലെ കുടുംബപ്രേക്ഷകരെ അതിയായി ആകര്‍ഷിച്ച ഒരു സിനിമയുടെ സാന്നിധ്യവും അത് തീര്‍ത്ത തരംഗവും 'യോദ്ധ'യെ ഓണസിനിമകളില്‍ മൂന്നാം സ്ഥാനത്തേക്ക് മാറ്റി. ഉയര്‍ന്ന നിര്‍മ്മാണച്ചെലവും 'യോദ്ധ'യ്ക്ക് തിരിച്ചടിയായി. അത്ര വലിയ ബജറ്റിലുള്ള ഒരു ചിത്രമല്ലായിരുന്നെങ്കില്‍ 'യോദ്ധ'യുടെ തിയേറ്റര്‍ ലാഭവിഹിതം പിന്നെയും വര്‍ധിക്കുമായിരുന്നു.

തിയേറ്ററില്‍ സാധാരണ വിജയം മാത്രമായിരുന്ന 'യോദ്ധ'യെ സൂപ്പര്‍ഹിറ്റാക്കിയത് ടെലിവിഷന്‍ ചാനലുകളാണ്. ആവര്‍ത്തിച്ചുള്ള സംപ്രേഷണത്തിലൂടെ 'യോദ്ധ' മലയാളികളുടെ പ്രിയപ്പെട്ട സിനിമയായി മാറി. അതോടെ 'യോദ്ധ'യിലെ മിക്ക ഡയലോഗുകളും ആളുകള്‍ക്ക് കാണാപ്പാഠമായി. സോഷ്യല്‍ മീഡിയ കാലത്ത് ട്രോളുകളിലും മീമുകളിലും തൈപ്പറമ്പില്‍ അശോകനും അരശുമ്മൂട്ടില്‍ അപ്പുക്കുട്ടനും താരങ്ങളായി. മോഹന്‍ലാലിനും ജഗതിക്കുമൊപ്പം ഒടുവില്‍ ഉണ്ണികൃഷ്ണന്റെയും മീനയുടെയും എം.എസ്.തൃപ്പുണ്ണിത്തുറയുടെയും കഥാപാത്രങ്ങളുടെ ഡയലോഗുകളും തമാശകളും ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടി. ദൈനംദിന ജീവിതത്തിലെ പ്രയോഗങ്ങളിലും സംസാരത്തിലും 'യോദ്ധ'യിലെ ഡയലോഗുകളും ശൈലികളും കടന്നുവന്നു. ഒരു മത്സരത്തില്‍ തോറ്റാല്‍ 'കാവിലെ പാട്ടുമത്സരത്തില്‍ കാണാം', ചായയോ മറ്റോ കുടിക്കുമ്പോള്‍ 'കലങ്ങിയില്ല', 'നന്നായി കലക്കി ഒരു ഗ്ലാസ് കൂടി എടുക്കട്ടെ', മത്സരത്തിന് തോറ്റോ എവിടെയെങ്കിലും കറങ്ങിത്തിരിഞ്ഞോ വീട്ടില്‍ വന്നു കയറിയാല്‍ 'ദേ വന്നിരിക്കുന്നൂ നിന്റെ മോാാന്‍', ആകസ്മികമായ കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ 'കുട്ടിമാമാ ഞാന്‍ ഞെട്ടി മാമാ', ഒരാളുടെ പരാജയമോ തോല്‍വിയോ സംസാരവിഷയമാകുമ്പോള്‍ 'അശോകന് ക്ഷീണമാകാം', ഒരാളെ പരിചയപ്പെടുമ്പോഴോ പരിചയം പുതുക്കുമ്പോഴോ തമാശരൂപത്തില്‍ 'ഹു ആര്‍ യു വാട്ട് യു വാണ്ട് നീ ആരാണ് നിനക്കെന്തു വേണം തൂ കോന്‍ ഹേ', കാട്ടിലൂടെ യാത്ര ചെയ്യുമ്പോള്‍ 'ഈ ഫോറസ്റ്റ് നിറയെ കാടാണല്ലോ', തുടങ്ങിയ പ്രയോഗങ്ങളും 'അമ്പട്ടന്‍', 'അക്കോസേട്ടാ' തുടങ്ങിയ പേരുവിളികളും മലയാളി ജീവിതത്തിന് 'യോദ്ധ' സുപരിചിതമാക്കിയവയാണ്. ഒരു സിനിമയിലെ തന്നെ ഇത്രയധികം പ്രയോഗങ്ങള്‍ നിത്യജീവിതവുമായി ബന്ധപ്പെടുത്തി പ്രയോഗിക്കുന്നത് അപൂര്‍വ്വമായിട്ടാണ്. 'യോദ്ധ'യെന്ന സിനിമ മലയാളിയുടെ കാഴ്ചയെ അത്രകണ്ട് രസിപ്പിച്ചതിന്റെ തെളിവായി ഇതിനെ വിലയിരുത്താവുന്നതാണ്.

പ്രമേയത്തിലെ ഗൗരവം ഉള്‍ക്കൊള്ളുന്നതിനേക്കാളുപരി സ്വാഭാവികമായ നര്‍മമാണ് സാധാരണ പ്രേക്ഷകരെ 'യോദ്ധ'യോട് അടുപ്പിക്കുന്ന രസതന്ത്രം. ജഗതി-മോഹന്‍ലാല്‍ കോമ്പോ തീര്‍ക്കുന്ന കൗണ്ടറുകള്‍ 'യോദ്ധ'യുടെ നട്ടെല്ലാണ്. ഹാസ്യം കൈകാര്യം ചെയ്യുന്നതില്‍ ഏറ്റവും മികച്ച ടൈമിംഗുള്ള ഈ രണ്ടു നടന്മാരുടെ കൊണ്ടുംകൊടുത്തുമുള്ള പ്രകടനമാണ് ഈ സിനിമയുടെ ആസ്വാദനത്തെ അതീവ രസകരമാക്കുന്നത്. ഇവര്‍ തമ്മിലുള്ള രസകരമായ വൈരത്തെ ധ്വനിപ്പിക്കാന്‍ ഒരു പാട്ടു തന്നെ സിനിമ ഉപയോഗപ്പെടുത്തുന്നുണ്ട്. 'യോദ്ധ'യിലെ തമാശരംഗങ്ങളും സംഭാഷണങ്ങളില്‍ പലതും കഥാപാത്രങ്ങള്‍ മനോധര്‍മ്മത്തിനനുസരിച്ച് ചിത്രീകരണവേളയില്‍ പ്രയോഗിച്ചവയാണെന്ന് പിന്നീട് സംഗീത് ശിവനും ശശിധരന്‍ ആറാട്ടുവഴിയും പറഞ്ഞിട്ടുണ്ട്. അങ്ങനെ യാദൃച്ഛികമായി പറഞ്ഞ ഇത്തരം സംഭാഷണങ്ങളുമാണ് പില്‍ക്കാലത്ത് മലയാളിയുടെ ദൈനംദിന ശൈലികളായി രൂപാന്തരപ്പെട്ടത്.

കളരിപ്പയറ്റിലുപരി മറ്റ് വിദേശ മാര്‍ഷല്‍ ആര്‍ട്‌സ് രീതികള്‍ കണ്ടു പരിചയിച്ചിട്ടില്ലാത്ത മലയാളി പ്രേക്ഷകര്‍ക്ക് 'യോദ്ധ'യിലെ സംഘട്ടന രംഗങ്ങള്‍ പുതുമയുള്ള അനുഭവമായിരുന്നു. രക്ഷകന്‍ എന്ന ഇമേജിനെ മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തിയ സിനിമ കൂടിയായിരുന്നു 'യോദ്ധ'. പ്രശ്‌നങ്ങളും സംഘര്‍ഷങ്ങളും അനുഭവിക്കുന്ന ഏതൊരു പ്രദേശത്തും ഒരു രക്ഷകന്റെ പ്രവേശത്തിനോ പിറവിക്കോ പ്രസക്തിയുണ്ട്. തങ്ങളുടെ രക്ഷകനെ കാത്തിരിക്കുന്നവരായിരിക്കും ദേശവാസികള്‍. മേഘങ്ങള്‍ക്കപ്പുറത്ത് മറ്റൊരു ദേശത്തുനിന്നുള്ള രക്ഷകനാകാന്‍ നിയോഗിക്കപ്പെടുന്നയാളാണ് 'യോദ്ധ'യിലെ കഥാനായകനായ അശോകന്‍. ഈയൊരു രക്ഷകര്‍തൃത്വവും നായകബിംബവും തിന്മയ്ക്കു മേല്‍ നേടുന്ന അന്തിമവിജയം കോരിത്തരിപ്പോടെ ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നവരാണ് എല്ലായിടത്തെയും പ്രേക്ഷകന്‍. ഇത്തരത്തില്‍ പ്രതിസന്ധികളെ തരണം ചെയ്ത് നായകന്‍ നേടുന്ന വിജയവും 'യോദ്ധ'യുടെ ആസ്വാദനതലത്തിന് മേന്മയേറ്റുന്ന ഘടകമാണ്.

മലയാളി ഏറ്റവുമധികം ആവര്‍ത്തിച്ചു കണ്ട സിനിമകളിലൊന്നും ടെലിവിഷന്‍ ചാനലുകള്‍ ആവര്‍ത്തിച്ച് സംപ്രേഷണം ചെയ്യുന്ന സിനിമകളുടെ കൂട്ടത്തില്‍ മുന്‍പന്തിയിലുമാണ് 'യോദ്ധ'യുടെ ഇടം. ആമസോണ്‍ പ്രൈം, ഡിസ്‌നി പ്ലസ് ഹോട്ട്‌സറ്റാര്‍ എന്നീ രണ്ട് മുന്‍നിര ഒടിടികളാണ് 'യോദ്ധ'യുടെ സംപ്രേഷണാവകാശം കൈവശമാക്കിയിട്ടുള്ളത്. ഇത് ഏറ്റവും പുതിയ വിഷ്വല്‍ പ്ലാറ്റ്‌ഫോമുകളില്‍ പോലുമുള്ള ഈ സിനിമയുടെ ജനകീയത വെളിവാക്കുന്നു.

Content Highlights: 30 years of Yodha Movie

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
hyderabad encounter

1 min

ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍- സുപ്രീം കോടതി സമിതി

May 20, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022

More from this section
Most Commented