രാമചന്ദ്രൻ പിളള, പിണറായി വിജയൻ, സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്
സിപിഎമ്മിന്റെ ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ് കൊടിയിറങ്ങി. സി.പി.എമ്മിന്റെ ചരിത്രത്തിലും കണ്ണൂരിന്റെ ചരിത്രത്തിലും നിര്‍ണായകമായ ഏടുകള്‍ എഴുതിച്ചേര്‍ത്തു കൊണ്ടാണ് പാര്‍ട്ടി കോണ്‍ഗ്രസ് സമാപിച്ചത്.
23-ാം പാര്‍ട്ടി കോണ്‍ഗ്രസിനെ എങ്ങനെ വിലയിരുത്താം? തീര്‍ച്ചയായും അതിന്റെ രാഷ്ട്രീയ ഉളളടക്കം തന്നെയാണ് വിശകലന വിഷയമാകേണ്ടത്. എന്തായിരുന്നു പാര്‍ട്ടി കോണ്‍ഗ്രസിന്റെ മുഖ്യചര്‍ച്ചാ വിഷയം?
1) ബി.ജെ.പിയെ അധികാരത്തില്‍നിന്ന് എങ്ങനെ മാറ്റാം?
2) ബി.ജെ.പി. നയിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഒരു ഫാസിസ്റ്റ് സര്‍ക്കാരായി മാറിക്കഴിഞ്ഞിട്ടുണ്ടോ?
ഈ രണ്ടു വിഷയങ്ങളും പരസ്പരം ബന്ധപ്പെട്ടവയാണ്. ഈ കോളത്തില്‍ നേരത്തേ ചൂണ്ടിക്കാണിച്ചത് പോലെ ഫാസിസമായി പരിണമിച്ചു കഴിഞ്ഞാല്‍ പിന്നെ അതിനെതിരായ മുഴുവന്‍ ആളുകളുടേയും മുന്നണി എന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ അടിസ്ഥാനതത്വമാണ്. അതുകൊണ്ട് ബി.ജെ.പി. സര്‍ക്കാര്‍ ഫാസിസമായി തീര്‍ന്നിട്ടില്ല എന്ന നിലപാടില്‍ തന്നെ നില്‍ക്കുകയാണ് പാര്‍ട്ടി കോണ്‍ഗ്രസ്. അങ്ങനെ ഫാസിസമായി തീര്‍ന്നു, എന്നുപറഞ്ഞാല്‍ പിന്നെ മുന്നണി ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ല. ആരുമായും കൂട്ടുകൂടിക്കൊണ്ട് അതിനെ താഴെയിറക്കണം. ഇവിടെയാണ് രാഷ്ട്രീയ വിശകലനം പ്രസക്തമായി തീരുന്നത്.
ഈ പാര്‍ട്ടി കോണ്‍ഗ്രസിലും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസുമായുളള ബന്ധം ഒരു വലിയ ചര്‍ച്ചാവിഷയമായി. അത്ഭുതകരമെന്ന് തോന്നും 1956 മുതലുളള പാര്‍ട്ടി കോണ്‍ഗ്രസുകളില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസുമായുളള ബന്ധം ഒരു വലിയ ചര്‍ച്ചാവിഷയം തന്നെയായിരുന്നു. ഇത്തവണയും അങ്ങനെ തന്നെ. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസുമായി സഖ്യം ചേര്‍ന്നുകൊണ്ട് ബി.ജെ.പിയെ പരാജയപ്പെടുത്തേണ്ടതില്ലെന്ന തീരുമാനമാണ് 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ഉല്പന്നം(political outcome).ഇത് ശരിയോ തെറ്റോ എന്നത് മറ്റൊരു കാര്യമാണ്. പക്ഷേ, പ്രസക്തമായ വിഷയം അതല്ല. രാഷ്ട്രീയസഖ്യത്തിലേക്ക് മറ്റൊരു കക്ഷിയെ ഉള്‍പ്പെടുത്തേണ്ടത് എങ്ങനെയാണ് എന്ന പ്രശ്‌നം കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ആദ്യം വ്യക്തത വരുത്തേണ്ടതായിട്ടുണ്ട്. കമ്യൂണിസ്റ്റ് പാര്‍ട്ടി മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയുമായി സഖ്യത്തിലേര്‍പ്പെടുമ്പോള്‍ ആ രാഷ്ട്രീയ കക്ഷിയുടെ മുന്‍കാല ചെയ്തികളാണോ അതോ രാഷ്ട്രീയത്തിലെ സമകാലീന വെല്ലുവിളികളാണോ ചര്‍ച്ച ചെയ്യേണ്ടത് എന്നതാണ് അടിസ്ഥാനപരമായ പ്രശ്‌നം.
രാഷ്ട്രീയസഖ്യത്തിലെ കൂട്ടാളികളെ തീരുമാനിക്കുന്നത് അതത് രാഷ്ട്രീയ സാഹചര്യമാണ് എന്ന അടിസ്ഥാന തത്വത്തില്‍ ഇപ്പോഴും സി.പി.എമ്മിന് വ്യക്തത വന്നിട്ടില്ല. ഈ വ്യക്തത സി.പി.എമ്മിന് ഇതിലും ഭംഗിയായി ഉണ്ടായിരുന്നു അടിയന്തരാവസ്ഥകാലത്ത്. അടിയന്തരാവസ്ഥയെ എതിര്‍ക്കുന്നതിന് ആര്‍.എസ്എസുമായി പോലും സഹകരിക്കുവാന്‍ പിന്നീട് ജനത പാര്‍ട്ടിയായി മാറിയ പാര്‍ട്ടിയുമായി സഹകരിക്കുവാന്‍ സി.പി.എമ്മിന് മടിയുണ്ടായില്ല. വാസ്തവത്തില്‍ അത് ശരിയായ നിലപാടായിരുന്നു എന്ന് കരുതുന്ന ആളാണ് ഈ ലേഖകന്‍. രാഷ്ട്രീയ സാഹചര്യങ്ങളാണ് രാഷ്ട്രീയ സഖ്യത്തിലേക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടികളെ നയിക്കേണ്ടത്. ആ രാഷ്ട്രീയ സഖ്യത്തില്‍ പെടുന്ന പാര്‍ട്ടികള്‍ മുന്‍കാലത്ത് പല പ്രവൃത്തികളും ചെയ്തിരിക്കാം.
ആ പ്രവൃത്തികള്‍ അവര്‍ ആവര്‍ത്തിക്കില്ലെന്നും ഉറപ്പില്ല. പക്ഷേ സമകാലീന രാഷ്ട്രീയത്തിന്റെ വെല്ലുവിളികളെ നേരിടുക എന്ന അടിയന്തരമായ സമകാലീന രാഷ്ട്രീയ പ്രശ്‌നം കൈകാര്യം ചെയ്യുമ്പോള്‍ ചരിത്രത്തെ മുഴുവന്‍ വിശകലനം ചെയ്യുക എന്നത് അശാസ്ത്രീയമായ നടപടിയാണെന്ന് 23-ാം പാര്‍ട്ടി കോണ്‍ഗ്രസും മറന്നുപോയിരിക്കുകയാണ്. ഹിറ്റ്‌ലറെ തോല്‍പിക്കാന്‍ സാമ്രാജ്യശക്തികളായിരുന്ന ബ്രിട്ടണെയും അമേരിക്കയെയും കൂട്ടുപിടിച്ച സ്റ്റാലിന്റെ നടപടിയും അതിന് ആധാരമായ ദിമിത്രോവിന്റെ തീസിസുമാണല്ലോ ഫാസിസത്തിനെതിരായ ഐക്യമുന്നണിയുടെ ക്ലാസിക്കല്‍ ഉദാഹരണം. ഈ ഉദാഹരണം വീണ്ടും വീണ്ടും ഓര്‍മപ്പെടുത്തിക്കൊണ്ടാണ് അടിയന്തരാവസ്ഥക്കാലത്ത് ഇഎംഎസ് വിശാല മുന്നണി എന്ന ആശയം സിപിഎമ്മിനെ പഠിപ്പിച്ചത്.
.jpg?$p=c025bd2&&q=0.8)
പാര്‍ട്ടി കോണ്‍ഗ്രസിന്റെ രാഷ്ട്രീയ സംഘടനാ സ്ഥിതി വളരെ ശ്രദ്ധേയമാണ്. 21-ാം പാര്‍ട്ടി കോണ്‍ഗ്രസിലാണ് വളരെ പ്രയാസപ്പെട്ട് സീതാറാം യെച്ചൂരി ജനറല്‍ സെക്രട്ടറിയായത്. എസ്. രാമചന്ദ്രന്‍ പിളള സെക്രട്ടറിയാകണമെന്ന് കേരളഘടകം ആഗ്രഹിച്ചു. അത് മറികടക്കാന്‍ യെച്ചൂരിക്ക് നന്നായി വിയര്‍ക്കേണ്ടി വന്നു. അടുത്ത പാര്‍ട്ടി കോണ്‍ഗ്രസ് ആയപ്പോള്‍ യെച്ചൂരിയെ ജനറല്‍ സെക്രട്ടറിയായി തുടര്‍ന്നുകൊണ്ട് പോകണമോ എന്ന് യെച്ചൂരിക്ക് ഭൂരിപക്ഷമില്ലാത്ത പോളിറ്റ് ബ്യൂറോ കൂലങ്കഷമായി ചിന്തിച്ചു. കാരണം ജനറല്‍ സെക്രട്ടറിയുടെ നയമാണ് പാര്‍ട്ടിയുടെ നയമാകേണ്ടത്. അല്ലെങ്കില്‍ പാര്‍ട്ടിയുടെ നയമാണ്, പാര്‍ട്ടിയിലെ ഭൂരിപക്ഷത്തിന്റെ നയമാണ് ജനറല്‍ സെക്രട്ടറിയുടെ നയമായി മാറേണ്ടത്.
22-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ ന്യൂനപക്ഷ ചിന്താക്കാരനായ ജനറല്‍ സെക്രട്ടറി എങ്ങനെ തുടരും എന്നായിരുന്നു മുഖ്യചര്‍ച്ചാ വിഷയം. അന്ന് യെച്ചൂരി സംഘടനാപരമായ അടവെടുത്തു. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ച പ്രമേയം രഹസ്യമായി വോട്ടിനിടണമെന്നായിരുന്നു. ബംഗാള്‍ ഘടകം അടക്കമുളള പല ഘടകങ്ങളുടെയും നിര്‍ദേശം. രഹസ്യമായി വോട്ടുചെയ്താല്‍ 153 പ്രതിനിധികളുണ്ടായിരുന്ന കേരളത്തില്‍ നിന്നുപോലും വോട്ടുകള്‍ ചോര്‍ന്നുപോകാന്‍ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയ കുശാഗ്രബുദ്ധിയായ പിണറായി വിജയന്‍ ആ വിഷയത്തില്‍ ഒരു കോംപ്രമൈസ് നടത്തി. കോണ്‍ഗ്രസുമായി ഏതായാലും കേരളത്തില്‍ ബന്ധമുണ്ടാക്കേണ്ട കാര്യമില്ല, അതുചെയ്യാന്‍ കോണ്‍ഗ്രസും തയ്യാറല്ല. ഈ സാഹചര്യത്തില്‍ കേന്ദ്രത്തില്‍ എടുക്കേണ്ട ഒരു നയത്തെ ചൊല്ലി വലിയ തര്‍ക്കത്തിന് പോകേണ്ട എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഒരു കോംപ്രമൈസ് പ്രമേയം കഴിഞ്ഞ സമ്മേളനം പാസ്സാക്കുകയും യെച്ചൂരിയെ ജനറല്‍ സെക്രട്ടറിയാക്കുകയും ചെയ്തു.
എന്നാല്‍ കണ്ണൂര്‍ സമ്മേളനം യെച്ചൂരിയുടേതായിരുന്നു. കണ്ണൂര്‍ സമ്മേളനത്തില്‍ യെച്ചൂരി തന്റെ നിലപാടുകള്‍ കുറേക്കൂടി ഫലപ്രദമായി അവതരിപ്പിച്ചു. കാരണം ബി.ജെ.പിയുടെ ഭരണം വന്നു എന്നുമാത്രമല്ല, അവര്‍ കുറേക്കൂടി ആഴത്തില്‍ അവരുടെ ദ്രംഷ്ടകള്‍ ഇന്ത്യന്‍ രാഷ്ട്രഗാത്രത്തില്‍ ഇറക്കിയിരിക്കുകയാണ്. അതുകൊണ്ട് ബി.ജെ.പിയുടെ ആപത്ത് കുറേ വര്‍ഷം മുമ്പ് ഉളളതിനേക്കാള്‍ കൂടുതല്‍ വലുതാണെന്ന് പാര്‍ട്ടി കോണ്‍ഗ്രസിലെ ഭൂരിപക്ഷം പ്രതിനിധികള്‍ക്കും വ്യക്തമായിട്ട് അറിയാം.
കോണ്‍ഗ്രസുമായി ചേരണമോ എന്ന് ചര്‍ച്ച ചെയ്യുമ്പോള്‍ കോണ്‍ഗ്രസുമായി ചേര്‍ന്നാല്‍ പോലും കാര്യമില്ല എന്ന അവസ്ഥയിലേക്ക് ബംഗാള്‍ പോലുളള സ്ഥലങ്ങള്‍ എത്തിച്ചേര്‍ന്നുകഴിഞ്ഞു. 38 ശതമാനം വോട്ടാണ് അതായത് കേരളത്തില്‍ യു.ഡി.എഫിന് കിട്ടുന്ന വോട്ടിനോട് താരതമ്യപ്പെടുത്തുന്ന വോട്ടാണ് ബംഗാളില്‍ ബി.ജെ.പിക്ക് കിട്ടിയത്. സി.പി.എമ്മിന്റെ വോട്ടുകള്‍ നാലു ശതമാനത്തിലേക്ക് ചുരുങ്ങി. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസുമായി ചേരണമോ എന്ന് ചര്‍ച്ച ചെയ്ത് സമയം കളയാതെ കിട്ടുന്ന ഏതു വടിയുമെടുത്ത് ബി.ജെ.പിയെ നേരിടണം എന്ന നയത്തിലേക്ക് കടന്നുവന്നില്ലെങ്കില്‍ ഇനി ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് പോലും പ്രസക്തമല്ലാത്ത ഒരു സ്ഥിതി ഉണ്ടാകും.
.jpg?$p=1248da7&&q=0.8)
കേരളത്തിലെ രണ്ടാമത്തെ വിജയം പിണറായി വിജയനെ മുന്‍പ് എന്നത്തേക്കാളും ശക്തനാക്കിയ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ ജന്മനാടായ കണ്ണൂരില്‍ 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് നടന്നത്. ഇവിടെ എങ്ങനെയാണ് പിണറായി വിജയന്‍ പാര്‍ട്ടി കോണ്‍ഗ്രസിനെ പ്രയോജനപ്പെടുത്തിയത് എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. പിണറായി വിജയന്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ നിറഞ്ഞുനിന്നു. പ്രത്യേകിച്ച് പാര്‍ട്ടി കോണ്‍ഗ്രസിന്റെ പുറംവേദികളില്‍. പാര്‍ട്ടി കോണ്‍ഗ്രസിന്റെ പൊതുസമ്മേളന വേദിയില്‍ തലേദിവസം പതാക ഉയര്‍ത്തിയത് പിണറായി വിജയന്‍, പിറ്റേദിവസം ഔപചാരികമായി പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധികള്‍ക്ക് സ്വാഗതം പറഞ്ഞതും അദ്ദേഹം തന്നെ, അടുത്ത ദിവസം സ്റ്റാലിന്‍ പങ്കെടുത്ത ചടങ്ങില്‍ അധ്യക്ഷനാവുകയും പൊതുയോഗത്തില്‍ പ്രധാന പ്രാസംഗികനാവുകയും ചെയ്തുകൊണ്ട് പാര്‍ട്ടി കോണ്‍ഗ്രസില്‍ പിണറായി വിജയന്‍ നിറഞ്ഞുനിന്നു.
പക്ഷേ, പുറമേക്ക് കണ്ട മുഖം പിണറായി വിജയന്റേതാണെങ്കിലും പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഉളളറകളിലെ യഥാര്‍ഥ ചര്‍ച്ചാവേദികളില്‍ പുറത്തുകണ്ട അംഗീകാരം പിണറായിക്കുണ്ടായോ? അവിടെ നിന്ന് സാധാരണ പുറത്തുവരാറുളള വാര്‍ത്തകള്‍ പോലും ഇത്തവണ പുറത്തുവന്നില്ല. ഇരുമ്പുമറയല്ല, ഉരുക്കുമറ തന്നെയാണ് കണ്ണൂരില്‍ ഉണ്ടായിരുന്നത് എന്ന് വ്യക്തം.
സ്വാഗത പ്രസംഗത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രവും സമകാലീന രാഷ്ട്രീയവും പറയുന്നതിനേക്കാള്‍ ഉപരിയായി സര്‍ക്കാരിന്റെ പ്രോജക്ടുകളെ മുന്നോട്ടുവെച്ച അസാധാരണമായ ഒരു രീതിയാണ് നാം കണ്ടത്.പാര്‍ട്ടി സമ്മേളനങ്ങളില്‍ സര്‍ക്കാര്‍ ഒരു പ്രധാന ഘടകമാണെങ്കിലും സര്‍ക്കാര്‍ അല്ല മുഖ്യഘടകം എന്നത് എല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍ എന്റെ സര്‍ക്കാരാണ് പാര്‍ട്ടിക്ക് ആശ്രയിക്കാവുന്ന ഏക പിടിവളളി എന്നതായിരുന്നു പിണറായി വിജയന്‍ പറയാതെ പറഞ്ഞ സന്ദേശം. അതിന്റെ അടിസ്ഥനത്തില്‍ തന്റെ ഇഷ്ടവിഷയമായ സില്‍വര്‍ലൈന്‍ അദ്ദേഹം മുന്നോട്ടുവെച്ചു.
എന്തിന് പറയുന്നു, ലോകത്തിന് മുന്നില്‍ കേരളത്തിന് പല സ്ഥാനങ്ങളും നേടിക്കൊടുത്തുവെന്ന് അവകാശപ്പെട്ട കോവിഡ് പ്രതിരോധത്തിന് നല്‍കാത്ത പ്രധാന്യം തുടങ്ങാനിരിക്കുന്ന സില്‍വര്‍ലൈന് അദ്ദേഹം നല്‍കി. കോണ്‍ഗ്രസുമായുളള ബന്ധം കഴിഞ്ഞാല്‍ പിന്നീട് പാര്‍ട്ടി കോണ്‍ഗ്രസിന്റെ അകത്തളങ്ങളില്‍ ചര്‍ച്ചയ്ക്ക് വിധേയമായതും പിണറായി വിജയന്‍ മുന്നോട്ടുവെച്ച ഈ വെള്ളിരേഖ അഥവാ സില്‍വര്‍ലൈനാണ്. പാര്‍ട്ടിയുടെ ഭാവിക്കായുളള വെള്ളിരേഖയായി സില്‍വര്‍ലൈന്‍ പദ്ധതിയെ മുന്നോട്ടുവെച്ചപ്പോള്‍ അത് വെളളിരേഖയല്ല കാര്‍മേഘപടലമാണ് എന്ന് തിരിച്ചുപറയാന്‍ ആളുണ്ടായി എന്നതാണ് 23-ാം പാര്‍ട്ടി കോണ്‍ഗ്രസിലെ മുഖ്യ ഉളളടക്കം.
ഇത്തരം കാര്‍മേഘങ്ങള്‍ പെയ്താണ് ബംഗാളില്‍ പാര്‍ട്ടി ഒലിച്ചുപോയതെന്ന് അവിടത്തെ സഖാക്കള്‍ പറഞ്ഞു. ജനങ്ങള്‍ക്ക് ബോധ്യപ്പെടാത്ത പദ്ധതികള്‍ അടിച്ചേല്‍പ്പിച്ചാല്‍ രാഷ്ട്രീയ ദുരന്തമാണ് ഉണ്ടാവുക എന്നും അവര്‍ ഓര്‍മപ്പെടുത്തി. അതു കണ്ടുപഠിക്കണമെന്ന് മറ്റു സംസ്ഥാനങ്ങളിലെ സഖാക്കളും പറഞ്ഞു. പോളിറ്റ്ബ്യൂറോയിലെ രാഷ്ട്രീയ ഭൂരിപക്ഷത്തില്‍ പെട്ടവരും, വൃന്ദ കാരാട്ട് പോലും പരിസ്ഥിതിയാണ് ഏറ്റവും പ്രധാനം എന്നുപറഞ്ഞവരുടെ കൂട്ടത്തില്‍ പെടുന്നു. അതുകൊണ്ട് രാഷ്ട്രീയ വിഷയത്തില്‍ തന്റെ അഭിപ്രായം അടിച്ചേല്‍പ്പിക്കാന്‍ പിണറായി വിജയന് കഴിഞ്ഞെങ്കിലും താന്‍ മുന്നോട്ടുവെച്ച വികസന നിലപാട് അതേപടി അംഗീകരിപ്പിക്കാന്‍ പിണറായി വിജയന് ആയില്ല. കേരള സംസ്ഥാന സമ്മേളനതതില്‍ മുഖ്യമന്ത്രി എന്ന നിലവിട്ട് പോളിറ്റ് ബ്യൂറോ അംഗമെന്ന നിലയില്‍ അത്യസാധാരണമായി തലത്തില്‍ അദ്ദേഹം അവതരിപ്പിച്ച വികസനരേഖയും ഫലത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസ്, പിണറായി വിജയന്‍ ആഗ്രഹിച്ച പോലെ അംഗീകരിച്ചില്ല എന്നത് ഇന്ന് ഒരു രഹസ്യമല്ല. പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷമുളള നേതാക്കന്മാരുടെ വാക്കുകളില്‍നിന്നും മൗനങ്ങളില്‍നിന്നും നമുക്കത് വായിച്ചെടുക്കാം.
എന്തുമാകട്ടെ. പാര്‍ട്ടി കോണ്‍ഗ്രസ് ഒരു വലിയ രാഷ്ട്രീയ പ്രക്രിയയുടെ അവസാനഭാഗമാണ്. സി.പി.എമ്മിന് ഇന്ത്യയില്‍ എത്ര വോട്ട് കിട്ടുന്നു അതുവലുതായോ ചെറുതായോ എന്ന കാര്യത്തിലൊന്നും ആര്‍ക്കും സംശയമില്ല, അതു മുന്‍പത്തേക്കാളും ചെറുതാണ്. അത് ഇന്ന് വിജയിക്കുന്ന ഒരു പ്രാദേശിക പാര്‍ട്ടിയാണ്. പക്ഷേ ഇന്ത്യ എമ്പാടുമുളള സി.പി.എമ്മിന്റെ ബ്രാഞ്ച് സമ്മേളനങ്ങള്‍, പ്രാദേശിക സമ്മേളനങ്ങള്‍, ഏരിയാസമ്മേളനങ്ങള്‍, ജില്ലാസമ്മേളനങ്ങള്‍, സംസ്ഥാന സമ്മേളനങ്ങള്‍ എന്നിവയിലൂടെ ഒരു രാഷ്ട്രീയ പ്രശ്‌നം ചര്‍ച്ച ചെയ്യുകയും അഭിപ്രായം പറയുകയും തിരഞ്ഞെടുപ്പ് നടത്തുകയും ചെയ്യുക എന്ന പ്രക്രിയ ചെറിയ കാര്യമല്ല. അതിന്റെ സമാപനമായി 9 ലക്ഷത്തോളം പേരുടെ പ്രതിനിധികള്‍ ഒരു പന്തലിന് കീഴെ ഇരുന്ന് കാര്യങ്ങള്‍ തീരുമാനിക്കുക എന്നതും ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു പ്രധാനപ്പെട്ട കാര്യമായിട്ടാണ് രാഷ്ട്രീയ വിദ്യാര്‍ഥികള്‍ കാണുക.
പക്ഷേ, സി.പി.എം. എവിടെ എത്തിനില്‍ക്കുന്നു? 25 വര്‍ഷം മുമ്പുളള സ്ഥിതിയില്‍ നിന്ന് സി.പി.എം.എന്തുമാത്രം ചെറുതായിരിക്കുന്നുവെന്ന് മറ്റുളളവരേക്കാള്‍ കൂടുതല്‍ ചിന്തിക്കേണ്ടത് സി.പി.എം. തന്നെയാണ്. അതിന്റെ കാരണങ്ങള്‍ എന്താണെന്ന് പരിശോധിക്കേണ്ടതും അവര്‍ തന്നെ. സില്‍വര്‍ലൈന്‍ വരാത്തതായിരുന്നില്ല ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി തളരാനുളള കാരണം. അതെന്തായിരുന്നു എന്ന് പരിശോധിക്കപ്പെട്ടോ? എന്താണ് 103-ാം ഭരണഘടനാ ഭേദഗതിയിലൂടെ സി.പി.എം. നല്‍കിയ സന്ദേശമെന്ന് പരിശോധിക്കപ്പെട്ടുവോ? പോളിറ്റ്ബ്യൂറോയില്‍ അറുപത് വര്‍ഷത്തിന് ശേഷം ഒരു ദളിത് പ്രതിനിധി ഉണ്ടായി എന്നുളളതിനെ വലിയ തലത്തില്‍ പെരുമ്പറ അടിക്കുമ്പോള്‍ തന്നെ അതുണ്ടായിരുന്നില്ല എന്ന യാഥാര്‍ഥ്യമാണ് പുറത്തുവന്നത്. അതിനെ സ്വാഗതം ചെയ്യുമ്പോള്‍ തന്നെ 103-ാം ഭരണഘടനാഭേദഗതിയിലൂടെ എത്ര ദളിത് പിന്നോക്ക വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുളള അവസരം നഷ്ടപ്പെട്ടു,
സര്‍ക്കാര്‍ ജോലി നഷ്ടപ്പെട്ടു എന്നുകൂടി ചിന്തിക്കേണ്ടത് നല്ലതായിരുന്നു. അതുകൊണ്ട് സാമൂഹികമായ പ്രശ്‌നങ്ങള്‍, വര്‍ഗപരമായ പ്രശ്‌നങ്ങള്‍ എന്നിവ പാര്‍ട്ടി കോണ്‍ഗ്രസ് അര്‍ഹിക്കുന്ന തരത്തില്‍ ചര്‍ച്ച ചെയ്തുവെന്ന് പുറത്തുവന്ന പ്രമേയങ്ങളിലൂടെ മനസ്സിലാകുന്നില്ല. 25 ലക്ഷത്തിലധികം ആളുകള്‍ ഇന്ത്യയില്‍ ഔദ്യോഗിക കണക്കുകള്‍ക്ക് അപ്പുറത്ത് കോവിഡ് വന്ന് മരിച്ചവരില്‍ മഹാഭൂരിപക്ഷവും സാധാരണക്കാരും തൊഴിലാളി വര്‍ഗത്തില്‍ പെട്ടവരുമാണ്. അവര്‍ക്ക് വേണ്ടിയുളള പ്രമേയവും ഉറക്കെ സംസാരിക്കുന്നത് നാം കേട്ടില്ല.
കൃഷിക്കാരുടെ സമരം കൊടുമ്പിരി കൊണ്ട പഞ്ചാബില്‍ പലപ്പോഴും പാര്‍ട്ടി കോണ്‍ഗ്രസുകള്‍ക്ക് വേദിയായ പഞ്ചാബില്‍ പാര്‍ട്ടിയുടെ വോട്ടിങ് ശതമാനം 0.025 ശതമാനത്തിലേക്ക് താഴ്ന്നുപോയത് എന്തുകൊണ്ടാണെന്ന് പാര്‍ട്ടി കോണ്‍ഗ്രസ് പറഞ്ഞില്ല. ബംഗാളില്‍ ഇനി തിരിച്ചുവരാന്‍ പറ്റാത്ത തരത്തില്‍ പാര്‍ട്ടി നാശോന്മുഖമായതിനെ കുറിച്ച് പാര്‍ട്ടി കോണ്‍ഗ്രസ് എന്താണ് പറയുന്നത്. ലോകത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തകര്‍ന്ന രാജ്യങ്ങളില്‍ അവ ക്രിസ്ത്യന്‍ രാജ്യങ്ങളും, മുസ്ലീം രാജ്യങ്ങളും ബുദ്ധിസ്റ്റ് രാജ്യങ്ങളും എന്നിങ്ങനെ മതാധിഷ്ഠിത രാജ്യങ്ങളായി മാറി എന്ന കാര്യവും സി.പി.എം. ഇപ്പോഴും ഗൗരവത്തില്‍ എടുത്തതായി കാണുന്നില്ല.
ഇത്തരം കാര്യങ്ങള്‍ ഗൗരവത്തില്‍ എടുക്കാതെ, തൊഴിലാളി വര്‍ഗ സര്‍വാധിപത്യം എന്നത് ജനാധിപത്യ വിരുദ്ധമാണ് എന്ന് എടുത്തുപറയാതെ ഒരു ജനാധിപത്യ രാജ്യത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ സാധ്യമല്ല എന്ന വിഷയവും സി.പി.എം. ചര്‍ച്ചയ്‌ക്കെടുത്തില്ല. ചൈനയെ കുറിച്ച് പുകഴ്ത്തുമ്പോള്‍ ചൈനയിലെ ഏകാധിപത്യ പ്രവണതകളെ വിമര്‍ശിക്കാന്‍ സി.പി.എം. മറന്നുപോകുന്നു. അതുകൊണ്ട് ഒരു ജനാധിപത്യ രാജ്യത്ത് ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടി എങ്ങനെ പ്രവര്‍ത്തിക്കാമെന്ന നല്ല ഉദാഹരണമായി മാറേണ്ട സി.പി.എം. ഇന്ന് ഒരു വലിയ അസ്ഥിത്വപരമായ വെല്ലുവിളിയെ നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് മനസ്സിലാക്കേണ്ടതായിട്ടുണ്ട്.
ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയേക്കാളും വലിയ സ്വാധീനമുണ്ടായിരുന്ന ഇറ്റാലിയന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി, ഫ്രഞ്ച് കമ്യൂണിസ്റ്റ് പാര്‍ട്ടി, ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വലിയമ്മാവനായി പ്രവര്‍ത്തിച്ച ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാര്‍ട്ടി, സ്പാനിഷ് കമ്യൂണിസ്റ്റ് പാര്‍ട്ടി എന്നിങ്ങനെ ജനാധിപത്യ പ്രക്രിയ നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ ശക്തമായിരുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ദുര്‍ബലമായി എന്നുമാത്രമല്ല, ഏറ്റവും ചെറുതായി പോയി എന്നതിന്റെ ഭാഗമാണ് ഇന്ത്യയിലെയും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ചെറുതാവുന്നതിന്റെ കാരണം എന്നതും പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യുന്നില്ല. എന്തായാലും 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് രാഷ്ട്രീയ ചരിത്രത്തിലെ ഒരു സംഭവമായിരുന്നു എന്നുതന്നെ വിലയിരുത്തപ്പെടേണ്ടതായിട്ടുണ്ട്. പക്ഷേ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ കുറ്റിയറ്റ് പോകാതിരിക്കണമെങ്കില്‍ വലിയ സമ്മേളനങ്ങള്‍ കൊണ്ടും വലിയ പൊതുയോഗങ്ങള്‍ കൊണ്ടും സാധിക്കില്ല, അവ അതാവശ്യമാണെങ്കില്‍ പോലും.
വാല്‍ക്കഷ്ണം
തോമസ് മാസ്റ്റര്‍ പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഒരു കഷ്ണം മുറിച്ചുകൊണ്ടുപോയി. ആ വിഷയം കൂടുതല്‍ ചര്‍ച്ചക്കെടുക്കുന്നില്ല. ആ വിഷയം നാം കഴിഞ്ഞ ലക്കത്തില്‍ ചര്‍ച്ച ചെയ്തു. പക്ഷേ, ഒന്നുപറയാം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സമ്പൂര്‍ണ ദേശീയ സമ്മേളനം കണ്ണൂരില്‍ നടന്നാല്‍ അവിടേക്ക് സി.പി.എമ്മിനെ പ്രതിനിധീകരിക്കാന്‍ ക്ഷണിക്കപ്പെടുക വിമത ശബ്ദമായ പി. ജയരാജന്‍ ആയിരിക്കില്ല.
Content Highlights: 23rd party congress c p john column pratibhashanam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..