മണിപ്പൂരിലെ അക്രമസംഭവങ്ങൾ സംബന്ധിച്ച് മേരി കോം ട്വിറ്ററിൽ പങ്കുവെച്ച ചിത്രം | Photo: twitter.com/MangteC
കേരളത്തിലെ പല ജില്ലകളേക്കാള്‍ കുറഞ്ഞ ജനസംഖ്യയാണ് മണിപ്പൂരിലുള്ളത്. വെറും 35 ലക്ഷം പേര്‍. പക്ഷേ, മണിപ്പൂരിലെ ജനങ്ങള്‍ ഗോത്ര വര്‍ഗ സംസ്‌കൃതിയുടെ ഭാഗമാണ്. കുന്നുകളിലും താഴ്‌വരകളിലുമായി താമസിക്കുന്ന മണിപ്പൂരിലെ ജനങ്ങള്‍ക്കിടയിലേക്ക് നേരത്തേ നിലനിന്നിരുന്ന വൈരുധ്യങ്ങളേക്കാളും വലിയ വൈരുധ്യവും ശത്രുതയും കടന്നുവന്നത് ഈ വര്‍ഷമാണ്. 2023 ഫെബ്രുവരി മാസത്തില്‍ മണിപ്പൂരിലെ കുന്നിന്‍ മുകളില്‍ താമസിക്കുന്ന കുക്കി ഗോത്രങ്ങള്‍ വനം കയ്യേറുന്നു എന്നാരോപിച്ചുകൊണ്ടും അവിടെ കാലങ്ങളായി നിലനിന്നിരുന്ന പല ക്രിസ്ത്യന്‍ പള്ളികളടക്കമുള്ള സ്ഥാപനങ്ങള്‍ കൈയേറ്റ ഭൂമിയിലാണ് എന്നുപറഞ്ഞുകൊണ്ടും സര്‍ക്കാര്‍ കുടിയിറക്ക് നടപടികള്‍ ആരംഭിച്ചു.
ഇത്തരത്തില്‍ വ്രണിത വികാരങ്ങളുമായി കുക്കികള്‍ കഴിയുന്നതിനിടയ്ക്കാണ് 2023 ഏപ്രില്‍ 20-ന് ഹൈക്കോടതിയുടെ വിധി വന്നത്. 53 ശതമാനത്തോളം വരുന്ന മെയ്തി ഭൂരിപക്ഷ വിഭാഗത്തെ ഗോത്രവര്‍ഗ അവകാശങ്ങളുള്ള സമൂഹമായി, പട്ടിക വര്‍ഗ സമുദായമായി പരിഗണിക്കണമോ എന്ന വിഷയത്തില്‍ തീരുമാനമെടുക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന ഒന്നായിരുന്നു ആ വിധി. ഇതോടെ കുക്കി നാഗാ ജനത കൂടുതല്‍ വികാരഭരിതരായി അതു പലപ്പോഴും അതിക്രമങ്ങളിലേക്ക് നീങ്ങി. ഏപ്രില്‍ അവസാനം മലമ്പ്രദേശത്ത് ഒരു ജിംനേഷ്യം ഉദ്ഘാടനം ചെയ്യാന്‍ മുഖ്യമന്ത്രി ബിരേന്‍ സിങ് എത്തേണ്ടതായിരുന്നു. പക്ഷേ, ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ആ ജിംനേഷ്യം കലാപകാരികള്‍ കത്തിച്ചുകളഞ്ഞു. മണിപ്പൂരില്‍ സംഘര്‍ഷങ്ങള്‍ക്ക് ചൂടുപിടിക്കുകയായിരുന്നു.
ജനസംഖ്യയുടെ 53% വരുന്ന മെയ്തി ഗോത്രക്കാര്‍ 22,000 സ്‌ക്വയര്‍ കിലോ മീറ്റുള്ള മണിപ്പൂരിന്റെ വെറും 10 ശതമാനം വലിപ്പമുള്ള താഴ്‌വരയിലാണ് താമസിച്ചിരുന്നത്. അവര്‍ക്ക് മലമുകളില്‍ ഗോത്രവര്‍ഗ പ്രദേശങ്ങളില്‍ ഭൂമി വാങ്ങിക്കാനുള്ള അവകാശം ഉണ്ടായിരുന്നില്ല. പക്ഷേ, ഗോത്രവര്‍ഗക്കാര്‍ക്ക് താഴ്‌വാരങ്ങളില്‍ ഭൂമി വാങ്ങിക്കാനും താഴ്‌വരയിലുള്ള ഇംഫാല്‍ നഗരത്തില്‍ താമസിക്കാനുള്ള അധികാരം ഉണ്ടായിരുന്നുതാനും. ഇരുവിഭാഗവും തമ്മിലുള്ള സംഘര്‍ഷത്തിന് തീപിടിക്കാന്‍ അധികം താമസം ഉണ്ടായില്ല. മണിപ്പൂരിന്റെ താഴ്‌വാരത്തും അതിനു ചുറ്റുമുള്ള കുക്കി സെറ്റില്‍മെന്റുകളിലും അവരുടെ മതസ്ഥാപനമായ ക്രിസ്ത്യന്‍ പള്ളികളിലും ആക്രമണവും തീവപ്പും നടന്നു. 70 പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗികമായ കണക്ക്. മരണസംഖ്യ അതിലും വലുതായിരിക്കാം.
.jpg?$p=aa62323&&q=0.8)
പോലീസിന്റെ മൗനാനുവാദത്തോടുകൂടി പിന്നീട് നടന്നത് കുക്കികളുടെ സ്വത്തുക്കളെല്ലാം തീവെച്ചു നശിപ്പിക്കുന്ന പരസ്യമായ കടന്നാക്രമണമായിരുന്നു. ഇത് കുക്കികള്‍ ഫെബ്രുവരി മാസത്തില്‍ മലമ്പ്രദേശത്ത് നടത്തിയ കുടിയിറക്ക് വിരുദ്ധ പ്രതിഷേധങ്ങളുടെ ഭാഗമായി ഉണ്ടായ അതിക്രമങ്ങള്‍ക്ക് ബദലാണ് എന്ന് പറയുന്നതില്‍ അര്‍ഥമില്ല. കുക്കികളെയും നാഗന്മാരേയും- അവര്‍ 43 ശതമാനമുണ്ട്- ഒരുപാഠം പഠിപ്പിക്കുക എന്ന വ്യക്തമായ നിര്‍ദേശത്തോടുകൂടി രാഷ്ട്രീയമായ വന്‍ പിന്‍ബലമുള്ള മെയ്തി വിഭാഗത്തിന്റെ നേതാവ് ബിരേന്‍ സിങ്ങിന്റെ കൃത്യമായ പ്ലാനിങ് ആയിരുന്നു മെയ് മാസം നടന്ന മണിപ്പൂരിലെ അക്രമങ്ങള്‍.
ആദ്യഘട്ടത്തിലെ അക്രമത്തിന് ശേഷം മെയ് പകുതിയോടെ പട്ടാളത്തിന്റെ സാന്നിധ്യത്തില്‍ പതുക്കെ പതുക്കെ സമാധാനത്തിലേക്ക് മണിപ്പൂര്‍ നടന്നുകയറുകയാണെന്ന് കരുതിയതും തെറ്റി. മെയ് മാസം അവസാനവും പോലീസിന്റെയും പട്ടാളത്തിന്റെയും എല്ലാ വിധ ഒരുക്കങ്ങള്‍ക്ക് ശേഷവും കുക്കികള്‍ പരസ്യമായി ആക്രമിക്കപ്പെട്ടു. അവരുടെ ആരാധനാലയങ്ങളും സ്‌കൂളുകളും സംരക്ഷണമില്ലാതെ ആക്രമിക്കപ്പെട്ടു കൊണ്ടേയിരുന്നു. ഇതെല്ലാം മണിപ്പൂരിലെ വര്‍ഗീയ കലാപത്തെ ഇന്ത്യ കണ്ട ഏറ്റവും കുപ്രസിദ്ധമായ വര്‍ഗീയ സംഘര്‍ഷങ്ങളുടെ പട്ടികയിലേക്ക് എത്തിച്ചിരിക്കുകയാണ്.
നേരത്തേ സൂചിപ്പിച്ചതുപോലെ ചരിത്രപരമായി ഗോത്രങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം മണിപ്പൂരിലുണ്ട്. ആകെ അറുപത് സീറ്റുള്ള മണിപ്പൂര്‍ അസംബ്ലിയില്‍ 19 സീറ്റുകള്‍ എസ്.ടി. വിഭാഗത്തിന് സംവരണം ചെയ്തിട്ടുണ്ട്. ബാക്കി 40 ജനറല്‍ സീറ്റുകളില്‍ 39 എണ്ണം മെയ്തി വിഭാഗത്തിന് തന്നെയാണ് കിട്ടിയിട്ടുള്ളത്. അതായത് 53% വരുന്ന മെയ്തി വിഭാഗത്തിന്റെ കൈയില്‍ ഏതാണ്ട് 66% അസംബ്ലി സീറ്റുകളും മുഖ്യമന്ത്രി സ്ഥാനവും ഭദ്രമാണ് എന്നര്‍ഥം. ഉദ്യോഗസ്ഥവൃന്ദത്തിലും ഈ വ്യത്യാസം കാണാം. ഇതാണ് രാഷ്ട്രീയ ഘടനയിലെ പ്രശ്‌നങ്ങളെങ്കില്‍ സാമൂഹികമായി നിലനില്‍ക്കുന്ന വൈരുധ്യങ്ങള്‍ അതിലും ആഴത്തിലുള്ളതാണ്.
മണിപ്പൂര്‍ 1949-ലാണ് ഇന്ത്യയുടെ ഭാഗമായി ചേരാന്‍ തീരുമാനിച്ചത്. അന്നത്തെ മണിപ്പൂര്‍ രാജാവ് സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ നേതൃത്വത്തില്‍ നടന്ന ഇന്ത്യ സംയോജന സംരഭത്തിന്റെ ഭാഗമായി മാറിയെങ്കിലും ആഴമേറിയ ഗോത്ര വൈരുധ്യങ്ങളും വൈവിധ്യങ്ങളും മണിപ്പൂരിന്റെ രാഷ്ട്രീയത്തെ എന്നും സംഘര്‍ഷ ഭരിതമാക്കിയിരുന്നു.
1970-കളില്‍ ഒട്ടേറെ സായുധ ഗ്രൂപ്പുകള്‍ മണിപ്പൂരില്‍ നിലനിന്നിരുന്നു. 35 ലക്ഷം ജനങ്ങള്‍ താമസിക്കുന്ന മണിപ്പൂരില്‍ മുപ്പതിലധികം സായുധ സൈനിക ഗ്രൂപ്പുകള്‍ ഉണ്ടായിരുന്നു എന്നത് കേരളീയര്‍ക്ക് അത്ഭുതമായി തോന്നാം. മണിപ്പൂര്‍ നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട്, മണിപ്പൂര്‍ പീപ്പിള്‍സ് ലിബറേഷന്‍ ഫ്രണ്ട്, ചൈനയുടെ ലാളനയോടെ രൂപീകരിക്കപ്പെട്ട പീപ്പിള്‍സ് റവല്യൂഷണറി പാര്‍ട്ടി എന്നിങ്ങനെ വിവിധ രാഷ്ട്രീയ സായുധ സൈനിക വിഭാഗങ്ങള്‍. പുറമേ എട്ടു ശതമാനം മാത്രം വരുന്ന മുസ്ലീം ജനവിഭാഗങ്ങള്‍ക്കിടയില്‍ തീവ്ര ഇസ്ലാമിക സംഘടനകളും സജീവമായിരുന്നു. ഇവരെയെല്ലാം വിളിച്ചിരുത്തി സംസാരിക്കുകയും ഔദ്യോഗിക ഇടനിലക്കാര്‍ മുഖാന്തിരം ഇത്തരം സംഘടനകളുടെയെല്ലാം പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുകയും ചെയ്യുന്നതിന് വേണ്ടി കേന്ദ്രസര്‍ക്കാര്‍ ഈ ഗ്രൂപ്പുകളുമായി ചില ഒത്തുതീര്‍പ്പുകള്‍ ഉണ്ടാക്കി. അതിനെയാണ് സസ്‌പെന്‍ഷന്‍ ഓഫ് ഓപ്പറേഷന്‍സ് എഗ്രിമെന്റ് എന്നുവിളിക്കുന്നത്. പക്ഷേ അടുത്തകാലത്ത് അധികാരത്തില്‍ വന്ന മണിപ്പൂര്‍ സര്‍ക്കാര്‍ ഇത്തരത്തിലുള്ള സംഭാഷണങ്ങളും ചര്‍ച്ചകളും അവസാനിപ്പിക്കുകയും സംഘര്‍ഷങ്ങള്‍ക്ക് അയവുവരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ എടുത്തിരുന്ന നടപടികളില്‍നിന്ന് പിന്മാറുകയും ചെയ്തു എന്നുള്ളത് ഒരു യാഥാര്‍ഥ്യമാണ്.
.jpg?$p=d8cbf09&&q=0.8)
62 സീറ്റുകളിൽ 32 എംഎല്‍എമാരെ വിജയിപ്പിക്കാന്‍ കഴിഞ്ഞതോടുകൂടി ബി.ജെ.പിയുടെ ചിന്താപദ്ധതിയില്‍ എങ്ങനെയോ കയറിക്കൂടിയ കൃത്രിമമായ ഇന്ത്യയുടെ ഏകത മണിപ്പൂരിലും നിലവില്‍ വന്നു എന്നവര്‍ ഒരുപക്ഷേ കരുതിയിരിക്കാം. പക്ഷേ, ഇന്ത്യയുടെ ഏകതയുടെ ഐക്യബോധവും വൈവിധ്യങ്ങളുടെയും വ്യത്യസ്തതകളുടെയും അടിത്തറയിലുള്ളതാണ് എന്ന ബോധ്യം ബി.ജെ.പിക്ക് ഇനിയും കൈവന്നിട്ടില്ല. 'നാനാത്വത്തില്‍ ഏകത്വം' എന്ന നെഹ്‌റുവിന്റെ പ്രസിദ്ധമായ പ്രഖ്യാപനം, ബി.ജെ.പിയുടെ കടുത്ത ശത്രുവാണ് അദ്ദേഹമെങ്കിലും, ആ പാര്‍ട്ടി ഇനിയും ആഴത്തില്‍ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യേണ്ടതുണ്ട്.
മണിപ്പൂരില്‍ നിലനില്‍ക്കുന്ന ആഴമേറിയ ഗോത്ര വൈവിധ്യങ്ങള്‍ ആ വൈവിധ്യങ്ങളോടുകൂടി തന്നെ ഏകോപിക്കേണ്ടതാണെന്ന രാഷ്ട്രീയ ചാരുതയാണ് ബി.ജെ.പിക്ക് ഇല്ലാതെ പോകുന്നത്. അതിനിടയിലാണ് നേരത്തേ സൂചിപ്പിച്ച മെയ്തി വിഭാഗത്തെ ഗോത്ര വര്‍ഗ വിഭാഗമായി പ്രഖ്യാപിക്കണമെന്ന ഹൈക്കോടതി വിധിയിലേക്ക് നയിച്ച മറ്റ് സന്ദര്‍ഭങ്ങള്‍ ഉണ്ടായത്. മെയ്തി വിഭാഗം വൈഷ്ണവ ഹിന്ദു സംസ്‌കാരത്തിലാണ് ജീവിക്കുന്നത്. പക്ഷേ അതില്‍ ഒരു ചെറിയ ഗ്രൂപ്പ് തങ്ങള്‍ കാലാകാലമായി വൈഷ്ണവ ഹിന്ദുക്കള്‍ അല്ലെന്നും തങ്ങള്‍ക്കും പരമ്പരാഗതമായ ഗോത്രരൂപങ്ങള്‍ ഉണ്ടെന്നും അതിലേക്ക് മടങ്ങുവാന്‍ ഔപചാരികമായി തന്നെ തീരുമാനിക്കണം എന്നുള്ള പ്രഖ്യാപനവും നടത്തി.
ഇന്ത്യന്‍ മതങ്ങളുടെ അകത്തുള്ള ആന്തരികമായ ഗോത്രബോധ്യങ്ങളുടെ ഏറെ പ്രാധാന്യമുളള പ്രഖ്യാപനമായിരുന്നു അത്. അങ്ങനെ മതരൂപത്തില്‍നിന്ന് ഗോത്ര സംസ്‌കൃതിയിലേക്ക് മടങ്ങുക എന്ന പ്രക്രിയ ഇന്ത്യയില്‍ മറ്റെവിടെയെങ്കിലും സജീവമായിട്ടുണ്ടോ എന്ന് സംശയമാണ്. പട്ടിക വര്‍ഗത്തിന്റെ അവകാശങ്ങള്‍ നേടിയെടുക്കാനുള്ള ഒരു കുറുക്കുവഴിയായി മാത്രം ഈ ഗോത്രയാനത്തെ കണ്ടാല്‍ പോരെന്നാണ് ഈ ലേഖകന്റെ അഭിപ്രായം. ഇന്ത്യയുടെ ഭൂരിപക്ഷ മതമായ ഹിന്ദുമതം അനേകായിരം ഗോത്ര സംസ്‌കൃതികളുടെ ഒന്നിച്ചുകൂടലാണ് എന്ന് മനസ്സിലാക്കേണ്ടതായിട്ടുണ്ട്. ബ്രാഹ്‌മണ ഗോത്രങ്ങള്‍ മുതല്‍ വനഗോത്രങ്ങള്‍ വരെ കാര്‍ഷിക സംസ്‌കൃതിയില്‍ ഊന്നിയ ഇന്ന് വ്യത്യസ്ത ജീവിത രീതിയും വിവാഹ രീതിയും നിലനില്‍ക്കുന്ന മറ്റ് പിന്നാക്ക വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന ഗോത്രങ്ങള്‍ അവരുടെ ഗോത്രസ്വത്വം വീണ്ടെടുക്കാനുള്ള പരിശ്രമം ഉടനെ ആരംഭിക്കുമെന്ന് ലേഖകന്‍ കരുതുന്നില്ല. പക്ഷേ, ഹിന്ദുമതം അടക്കമുള്ള എല്ലാ മതങ്ങളിലും ഗോത്രസംസ്‌കൃതിയുടെ ഉള്ളടക്കങ്ങള്‍ ഉണ്ടെന്ന് ഓര്‍മിപ്പിക്കുന്ന ഒന്നാണ് മണിപ്പൂരിലെ വൈഷ്ണവര്‍ക്കിടയിലെ ഒരു ചെറിയ വിഭാഗത്തിന്റെ ഗോത്ര ഘര്‍വാപസി. ഈ തിടുക്കത്തിലാണ് മൊത്തം മെയ്തി വിഭാഗത്തെയും ഗോത്രവിഭാഗമായി പരിഗണിക്കണമെന്ന ആവശ്യവും ഇത് പരിഗണിക്കണമെന്ന ഹൈക്കോടതി വിധി വിലയിരുത്തേണ്ടത്.
മണിപ്പൂരിന് ഇത് ദുരിതതത്തിന്റെ മെയ് മാസമാണ്. കലാപങ്ങള്‍ ശമിച്ചുവെന്ന് കരുതിയ ഗോത്ര സംസ്‌കൃതിയുടെ അഗ്നിപര്‍വതം വീണ്ടും പൊട്ടിത്തെറിച്ചിരിക്കുന്നു. മണിപ്പൂരിലെ സംഘര്‍ഷത്തില്‍നിന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തിനും ഏറെ പാഠങ്ങള്‍ പഠിക്കാനുണ്ട്. ഗോത്ര വൈരാഗ്യം എന്ന ചുരുക്കപ്പേരില്‍ മണിപ്പൂര്‍ സംഘര്‍ഷത്തെ എഴുതിത്തള്ളാന്‍ സാധ്യമല്ല. ബി.ജെ.പിക്ക് കേവല ഭൂരിപക്ഷം കിട്ടിയ ഈ കൊച്ചു സംസ്ഥാനത്തില്‍ ബോധപൂര്‍വമായോ അല്ലാതെയോ ന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെട്ടിരിക്കുന്നു എന്നതാണ് മണിപ്പൂരിന്റെ ബാക്കിപത്രം. ന്യൂനപക്ഷങ്ങളെ ഒരു പാഠം പഠിപ്പിക്കുക എന്ന ബി.ജെ.പിയുടെ ഉത്തരേന്ത്യന്‍ രാഷ്ട്രീയ സമവാക്യം കിഴക്കന്‍ ഇന്ത്യയില്‍ വലിയ പൊട്ടിത്തെറിയിലേക്കാണ് കാര്യങ്ങളെ കൊണ്ട് എത്തിച്ചിരിക്കുന്നത്.
കേരള രാഷ്ട്രീയത്തിലും മണിപ്പൂരിന്റെ അനുരണനങ്ങള്‍ ഉണ്ട്, ബി.ജെ.പി. ഒരു സാധാരണ ദേശീയ കക്ഷിയായി ഉരുത്തിയിരുകയാണെന്നും അവരുടെ പഴയ കഥകളിലേക്ക് തിരിഞ്ഞുനോക്കാതെ പുതിയ കാലത്ത് ക്രിസ്ത്യന്‍ ന്യൂനപക്ഷത്തിന് ബി.ജെ.പിയുമായി പണ്ട് കോണ്‍ഗ്രസുമായി സമരസപ്പെട്ടതുപോലെ സമരസപ്പെടാമെന്നുള്ള പ്രബലമായ ചിന്താഗതി കേരളത്തിലെ ക്രിസ്ത്യന്‍ ന്യൂനപക്ഷ വിഭാഗങ്ങളുടെ തലപ്പത്ത് വന്നിട്ട് കുറച്ചുനാളായി. പ്രമുഖ ഐ.എ.എസ്, ഐ.പി.എസ്. ഓഫീസര്‍മാര്‍ ബി.ജെ.പിയില്‍ ചേര്‍ന്ന് നേടിക്കൊണ്ട് കേരളത്തിലെ ക്രിസ്ത്യന്‍ ന്യൂനപക്ഷത്തിന് നല്ലൊരു ഒപ്ഷനാണ് ബി.ജെ.പി. എന്ന് ചൂണ്ടിക്കാണിക്കാനും ശ്രമിച്ചു. പക്ഷേ, മണിപ്പൂര്‍ അത്തരം എല്ലാം വാദങ്ങള്‍ക്കും വിരാമം ഇട്ടിരിക്കുകയാണ്. ബി.ജെ.പി. മുന്നോട്ടുവെക്കുന്ന രാഷ്ട്രീയത്തിന് കൃത്രിമമായ ഏകതയുടെ സ്വരമാണ് ഉള്ളതെന്നും അതിലെ സൗഹൃദഭാവങ്ങള്‍ ഏത് ഘട്ടത്തിലും ഒരു തീപ്പെട്ടിയുടെ ഉരസലില്‍ കത്തിയമരാമെന്നുമുള്ള അനുഭവമാണ് മണിപ്പൂര്‍ ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കുന്നത്.
.jpg?$p=79c0b37&&q=0.8)
മണിപ്പൂരിലെ സംഘര്‍ഷങ്ങള്‍ പട്ടാളത്തിന്റെ ഉരുക്കുമുഷ്ടി ഇല്ലാതെ തന്നെ അവസാനിക്കട്ടേ എന്ന് ആശിക്കാം. മണിപ്പൂരില്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ പട്ടാളത്തിന് പ്രത്യേക അവകാശങ്ങള്‍ നല്‍കുന്ന നിയമങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ നിലനില്‍ക്കെതന്നെ പട്ടാളത്തെ വിളിക്കാനുള്ള ഭരണഘടനയിലെ ഖണ്ഡിക ഉപയോഗിച്ചുകൊണ്ടാണ് പതിനായിരത്തോളം പട്ടാളക്കാര്‍ മണിപ്പൂരില്‍ എത്തിയിട്ടുള്ളത്. പക്ഷേ, തോക്കുകളും ബയണറ്റുകളും ശാന്തി സംഭാവന ചെയ്യുന്നില്ല. ജനങ്ങള്‍ക്കിടയില്‍ വിശ്വാസം ഉണ്ടാക്കുക എന്നതാണ് മുഖ്യം. ഗോത്രസംസ്‌കൃതികളും വനവാസികളും താഴ്‌വരയില്‍ താമസിക്കുന്നവരും ഗോത്ര വിഭാഗങ്ങളും അല്ലാത്തവരും തമ്മിലുള്ള ഐക്യബോധവും സൗഹൃദവും വളര്‍ത്തിയെടുക്കാതെ മണിപ്പൂരില്‍ എന്നല്ല എവിടെയും ശാശ്വത സമാധാനം ഉണ്ടാവുകയില്ല.
Content Highlights: 2023 Manipur violence; Prathibhashanam by CP John
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..