പാലക്കാട്ടെ പെണ്‍കുട്ടിയുടെ പത്ത് കൊല്ലത്തെ തടവുജീവിതം പറയുന്നത് | വഴിപോക്കന്‍


വഴിപോക്കന്‍

ഇവിടെ ജാതി നമുക്കു മുന്നിലും ചുറ്റിലുമുണ്ട്. ഒരു നീരാളിയെപ്പോലെ അതു നമ്മുടെ ചെറുപ്പക്കാരെ, കാമുകരെ, കമിതാക്കളെ വരിഞ്ഞു മുറുക്കുന്നു. ഇന്ത്യയില്‍ സംസ്‌കാരം എന്നു പറഞ്ഞാല്‍ ജാതി തന്നെയാകുന്നു.

സജിതയും റഹ്‌മാനും

പാലക്കാട് അയിലൂരില്‍നിന്നുള്ള 'പ്രണയ'കഥ മാദ്ധ്യമങ്ങള്‍ കൊണ്ടാടുന്നതില്‍ അതിശയപ്പെടേണ്ടതില്ല. കടങ്കഥ പോലെ അനുഭവപ്പെടുന്ന പ്രണയങ്ങള്‍ എക്കാലവും ചൂടുള്ള വാര്‍ത്തയാണ്. കഥയും കടങ്കഥയുമാണ് ആഘോഷിക്കപ്പെടുന്നത്. പ്രണയസാഫല്യത്തിനായി പത്തു കൊല്ലം ഒരു യുവതി ഒരു കുടുസ്സുമുറിയില്‍ പുറംലോകത്തുനിന്ന് അകറ്റപ്പെട്ടു ജീവിച്ചുവെന്നതില്‍ ഒരു വമ്പന്‍ ഹിറ്റിനുള്ള എല്ലാ ചേരുവകളുമുണ്ടെന്നു മാദ്ധ്യമങ്ങള്‍ക്ക് ആരും പറഞ്ഞു കൊടുക്കേണ്ടതില്ല.

വീടിന്റെയും മുറിയുടെയും വാതിലിന്റെയും ചിത്രങ്ങള്‍, ഇല്ലായ്മകള്‍ക്കിടയിലും ഭാര്യയ്ക്കായി ഭര്‍ത്താവു കണ്ടെത്തുന്ന സുരക്ഷയുടെ താഴും താക്കോലും, അഴികള്‍ അറുത്തു മാറ്റിയ ജനല്‍, ജഗ്ഗില്‍ കൊണ്ടുപോകുന്ന ചായ എന്നിങ്ങനെ കഥകള്‍ക്കു മേല്‍ കഥകളായി ഒരു യുവതിയുടെ പത്തു കൊല്ലത്തെ തടവുജീവിതം കാല്‍പനികവത്കരിക്കപ്പെടുമ്പോള്‍ കാണാതെ പോകുന്ന ചില അടിസ്ഥാനപരമായ ചോദ്യങ്ങളുണ്ട്. ആ ചോദ്യങ്ങളിലേക്കും യാഥാര്‍ത്ഥ്യങ്ങളിലേക്കുമാണു നമുക്കു സഞ്ചരിക്കേണ്ടത്.

തീര്‍ത്തും അടിസ്ഥാനപരമായ ഒരു ചോദ്യത്തില്‍നിന്നു തുടങ്ങാം. ചെറിയൊരു വീട്ടില്‍ പത്തു കൊല്ലം ഒരു യുവതിയെ ഒരു മുറിയില്‍ അടച്ചിട്ടിട്ടും ആ വീട്ടുകാര്‍ അതറിഞ്ഞില്ല എന്നതു വിശ്വസിക്കാനാവുമോ? ഒരിക്കലുമില്ല. സാമാന്യയുക്തിയുടെ നിരാകരണവും നിഷേധവുമാണിത്. ഒരു ദിവസമോ ഒരാഴ്ചയോയല്ല, പത്തു കൊല്ലം ഒരു യുവതി ഇങ്ങനെ ആരുമറിയാതെ ഒരു ചെറിയ മുറിയില്‍ താമസിക്കുകയെന്നത് തലയില്‍ ആള്‍താമസമുള്ള ആര്‍ക്കും വിശ്വസിക്കാനാവില്ല. എന്നിട്ടും ഇങ്ങനെയൊരു ആഖ്യാനം എന്തുകൊണ്ടുണ്ടാവുന്നു എന്നതാണ് ഈ കഥയില്‍ വാസ്തവത്തില്‍ ചോദിക്കേണ്ടത്.

പത്തു കൊല്ലം ഒരു യുവതിക്കു സ്വാതന്ത്ര്യത്തിന്റെ വെളിച്ചവും വായുവും നിഷേധിക്കപ്പെട്ടു എന്നതാണ് ഈ കഥയുടെ അടിത്തട്ടില്‍ കിടക്കുന്നത്. ഇതിന്റെ ആത്യന്തിക ഉത്തരവാദിത്വം യുവതിയുടെ ഭര്‍ത്താവിനോ ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കോ അല്ല, നമ്മള്‍ എല്ലാവരും അടങ്ങുന്ന കേരളീയ സമൂഹത്തിനു തന്നെയാണ് എന്നതാണു വാസ്തവം.

ഈ സ്വാതന്ത്ര്യനിഷേധത്തിന്റെ അടിസ്ഥാനകാരണം ജാതിയാണ്. കടങ്കഥയുടെ അടരുകള്‍ ഒന്നൊന്നായി അടര്‍ത്തി മാറ്റുമ്പോള്‍ നമുക്കു മുന്നില്‍ തെളിഞ്ഞുവരുന്നതു ജാതിയുടെ വൃത്തികെട്ട കോമ്പല്ലുകള്‍ തന്നെയാണ്. ജാതിയില്‍ താഴെയായിപ്പോയി എന്ന കുറ്റത്തിനാണു തന്റെ ജിവിതത്തിലെ ഏറ്റവും സുപ്രധാനമായ പത്തു കൊല്ലങ്ങള്‍ ആ പെണ്‍കുട്ടിക്കു ഹോമിക്കേണ്ടി വന്നത്.

കഥയിലെ നായികാനായകന്മാരായ സജിതയോ റഹ്‌മാനോ ഇരുവരുടെയും വീട്ടുകാരോ അല്ല ജാതിയാണു പ്രതിക്കൂട്ടില്‍. ഇന്ത്യയില്‍ സംസ്‌കാരം എന്നു പറഞ്ഞാല്‍ ജാതിയാണെന്നു സംഗീതജ്ഞന്‍ ടി.എം. കൃഷ്ണയുമായുള്ള അഭിമുഖത്തില്‍ പ്രമുഖ ചിന്തകന്‍ സൂരജ് യെങ്ഡെ പറയുന്നുണ്ട്. മഹാരാഷ്ട്രയിലെ നന്ദെദില്‍ ദളിത് കുടുംബത്തില്‍ 1988-ല്‍ ജനിച്ച സൂരജ് നിലവില്‍ അമേരിക്കയിലെ ഹാര്‍വാഡ് സര്‍വ്വകലാശാലയിലെ കെന്നഡി സ്‌കൂളില്‍ ഗവേഷകനാണ്.

സമകാലിക ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയരായ ദാര്‍ശനികരില്‍ മുന്‍നിരയില്‍ നില്‍ക്കുന്നയാള്‍ എന്നാണ് സൂരജ് യെങ്ഡെ വിശേഷിപ്പിക്കപ്പെടുന്നത്. അടുത്തിടെ മറ്റൊരു അഭിമുഖത്തില്‍ സൂരജ് പറഞ്ഞത് ഹാര്‍വാഡില്‍ പഠിച്ചിട്ടുണ്ടെങ്കിലും വിദേശ സര്‍വ്വകലാശാലയില്‍നിന്ന് ഡോക്ടറേറ്റ് നേടിയിട്ടുണ്ടെങ്കിലും ജാതിയുടെ നിഴല്‍ ഇപ്പോഴും തനിക്കു മേലുണ്ടെന്നാണ്.

ലണ്ടന്‍ സ്‌കൂള്‍ ഒഫ് ഇക്കണോമിക്സില്‍നിന്നും കൊളമ്പിയ സര്‍വ്വകലാശാലയില്‍നിന്നും ഗവേഷണ ബിരുദങ്ങള്‍ നേടിയ ശേഷം ഇന്ത്യയില്‍ തിരിച്ചെത്തിയപ്പോള്‍ ജാതിയുടെ പേരില്‍ ലോഡ്ജില്‍നിന്നു പുറന്തള്ളപ്പെട്ടതിനെക്കുറിച്ച് ബി.ആര്‍. അംബദ്കര്‍ എഴുതിയിട്ടുണ്ട്. പണമില്ലെങ്കിലും വലിയ വീടില്ലെങ്കിലും ബ്രാഹ്‌മണനായി ജനിച്ചു എന്ന ആനുകൂല്യം താന്‍ എപ്പോഴും അനുഭവിക്കുന്നുണ്ടെന്ന് ടി.എം. കൃഷ്ണ സമ്മതിക്കുന്നതും ഇതേ പരിസരത്തിലാണു കാണേണ്ടത്.

ആലത്തൂര്‍ എം.പി. രമ്യ ഹരിദാസ് കഴിഞ്ഞ ദിവസം പറഞ്ഞ ഒരു കാര്യവും ഇതോടൊപ്പം തന്നെ ചേര്‍ത്തു വായിക്കണം. ഒരു സംഘം ആളുകള്‍ ഭീഷണിപ്പെടുത്തിയെന്ന ആരോപണമാണ് രമ്യ ഉയര്‍ത്തിയത്. ഇതു ''പട്ടി ഷോ'' കാണിക്കാനുള്ള സ്ഥലമല്ലെന്നാണു കൂട്ടത്തിലൊരാള്‍ ആക്രോശിച്ചതെന്നാണ് രമ്യ പറഞ്ഞത്. ഇന്ത്യന്‍ പാര്‍ലമെന്റിലെ ഒരു അംഗത്തിന് നേര്‍ക്കാണ് ഈ ജാതി അധിക്ഷേപമുണ്ടായതെന്നത് മറക്കാനാവില്ല. ഇതാണ് ഇന്ത്യന്‍ യാഥാര്‍ത്ഥ്യം, ഇതു തന്നെയാണു സാക്ഷരകേരളത്തിലെ യാഥാര്‍ത്ഥ്യവും.

ഈ വസ്തുത തന്നെയാണ് പാലക്കാട് അയിലൂരില്‍നിന്നു നമ്മളെ തുറിച്ചു നോക്കുന്നത്. പയ്യന്‍ വശീകരിക്കപ്പെട്ടുവെന്നും അതില്‍നിന്ന് അവനെ മോചിപ്പിക്കാന്‍ പല വഴികളും നോക്കിയെന്നും പയ്യന്റെ പിതാവു പറയുന്നുണ്ട്. പെണ്‍കുട്ടി 'ഉന്നത കുലജാത' ആയിരുന്നെങ്കില്‍ വശീകരിക്കപ്പെടുന്നതു പെണ്‍കുട്ടിയും വശീകരിക്കുന്നതു പയ്യനുമാകുമായിരുന്നു.

കഴിഞ്ഞ വര്‍ഷം ഇതേ പാലക്കാട്ടാണ് ഒരു പിന്നാക്ക സമുദായത്തിലെ ചെറുപ്പക്കാരനെ അയാളുടെ ഭാര്യാപിതാവടക്കമുള്ളവര്‍ ചേര്‍ന്നു വെട്ടിക്കൊലപ്പെടുത്തിയ കേസുണ്ടായത്. ഈ പ്രണയത്തില്‍ പ്രതിക്കൂട്ടില്‍ പയ്യനായിരുന്നു. രണ്ടു കൊല്ലം മുമ്പു കോട്ടയത്ത് കെവിന്‍ എന്ന യുവാവ് ദാരുണമായി കൊല്ലപ്പെട്ടതും ഈ ഘട്ടത്തില്‍ ഓര്‍ക്കുക തന്നെ വേണം. ദളിതനായിരുന്നു എന്ന ഒരൊറ്റ കാരണം കൊണ്ടാണ് ആ ചെറുപ്പക്കാരന്റെ ജീവന്‍ കൊലയാളികള്‍ ഇല്ലാതാക്കിയത്. പ്രണയത്തിനു കണ്ണും മൂക്കുമില്ലായിരിക്കാം. പക്ഷേ, ജീവിതത്തിന് ഇന്ത്യയില്‍ എപ്പോഴും ജാതിയുണ്ട്.

അയിലൂരിലെ പ്രണയം സഫലമാകുന്നതിന് ഏറ്റവും വലിയ കടമ്പ തീര്‍ത്തതു ജാതിയാണ്. പെണ്‍കുട്ടിയുടെയും പയ്യന്റെയും വീട്ടുകാര്‍ സാധാരണക്കാരാണ്. കൂലിവേല ചെയ്ത് അന്നന്നത്തെ അപ്പം സമ്പാദിക്കുന്നവര്‍. സാധാരണഗതിയില്‍ ഈ വീടുകള്‍ തമ്മില്‍ വൈവാഹിക ബന്ധമുണ്ടാവുന്നതില്‍ തടസ്സമൊന്നും ഉണ്ടാവേണ്ട കാര്യമില്ല. പക്ഷേ, കമിതാക്കളില്‍ ഒരാള്‍ വേറെ ജാതിയില്‍നിന്നാവുമ്പോള്‍ അതൊരു പ്രശ്നമാണ്. ആ പ്രശ്നത്തിനു നേരെ മുഖാമുഖം നില്‍ക്കാന്‍ മടിയുള്ളതുകൊണ്ടാണു നമ്മള്‍ ഒരു പെണ്‍കുട്ടിയുടെ പത്തു വര്‍ഷത്തെ തടവുജീവിതം പ്രണയത്തിന്റെ അള്‍ത്താരയിലെ സമര്‍പ്പണവും ഉപഹാരവുമായി കാണുന്നത്.

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു നല്ല സ്വാധീനമുള്ള പ്രദേശമാണ് അയിലൂര്‍ എന്നാണു കേള്‍ക്കുന്നത്. ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നൂറാം വാര്‍ഷികം സി.പി.എം. ആഘോഷിച്ചതു കഴിഞ്ഞ വര്‍ഷമാണ്. ഒരു നൂറ്റാണ്ടു പിന്നിട്ടിട്ടും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു ജാതിക്കെതിരെയുള്ള യുദ്ധം എവിടം വരെ എത്തിക്കാനായി എന്ന ചോദ്യം ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാര്‍ ചോദിക്കുക തന്നെ വേണം.

ഇന്ത്യയില്‍ വര്‍ഗ്ഗം എന്നു പറഞ്ഞാല്‍ അത് ജാതിയില്‍നിന്നു മാറി നില്‍ക്കുന്ന ഒന്നല്ല എന്ന യാഥാര്‍ത്ഥ്യം ഒരു നൂറ്റാണ്ടിനിപ്പുറവും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെ തുറിച്ചു നോക്കുന്നുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ മാത്രം ഉത്തരവാദിത്വമല്ല ഇത്. കോണ്‍ഗ്രസ് ഉള്‍പ്പെടെ ഒരു പാര്‍ട്ടിക്കും ഈ ചുമതലയില്‍നിന്ന് ഒഴിഞ്ഞുമാറാനാവില്ല.

ജാതിയുടെ അള്‍ത്താരയില്‍ ഹോമിക്കപ്പെട്ടത് ഒരു പെണ്‍കുട്ടിയുടെ ഏറ്റവും സുന്ദരവും സുരഭിലവുമായ ജീവിതമുഹൂര്‍ത്തങ്ങളാണ്. ഒരു ചെറുപ്പക്കാരന്റെ ജീവിതമോഹങ്ങളാണ്, രണ്ടു വീട്ടുകാരുടെ മനഃസമാധാനവും സ്വസ്ഥതയുമാണ്. ഇവരിലാരെയും നമുക്കു പ്രതിക്കൂട്ടില്‍ നിര്‍ത്താനാവില്ല.

ബി.ജെ.പി. നേതാവ് ഡോ. സുബ്രഹ്‌മണ്യന്‍ സ്വാമിയുടെ മകള്‍ വിവാഹം കഴിച്ചത് ഒരു മുസ്ലിമിനെയാണ്. നാഷനല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍ ജമ്മു കാശ്മീര്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ളയുടെ മകള്‍ വിവാഹം കഴിച്ചത് കോണ്‍ഗ്രസ് നേതാവായിരുന്ന രാജേഷ് പൈലറ്റിന്റെ മകന്‍ സച്ചിന്‍ പൈലറ്റിനെയാണ്.

ഇങ്ങനെ എത്രയോ പ്രണയങ്ങള്‍ ഇന്ത്യയില്‍ സഫലവും സമ്പന്നവുമായ ജീവിത രേഖകളായിട്ടുണ്ട്. ഇവിടെയൊന്നും ഒരു പെണ്‍കുട്ടിക്കും പുറംലോകമറിയാതെ ജീവിക്കേണ്ടി വന്നിട്ടില്ല. പക്ഷേ, പാലക്കാട്ടെ അയിലൂരില്‍ ഒരു ചെറുപ്പക്കാരി കഴിഞ്ഞ പത്തു കൊല്ലം അജ്ഞാതവാസത്തിലായിരുന്നു. അവളുടെ ഭര്‍ത്താവിനു മനോരോഗിയും കുഴപ്പക്കാരനുമെന്ന ലേബല്‍ ചുമക്കേണ്ടി വന്നു.

ഇവിടെയാണു ജാതി അതിന്റെ ദംഷ്ട്രകള്‍ പുറത്തുകാട്ടുന്നത്. ഈ യാഥാര്‍ത്ഥ്യത്തില്‍നിന്ന് ഒളിച്ചോടുകയല്ല, അതിനെ നേരിടുകയാണു സമൂഹം ചെയ്യേണ്ടത്. ജാതി ഇവിടെ നമുക്കു മുന്നിലും ചുറ്റിലുമുണ്ട്. ഒരു നീരാളിയെപ്പോലെ അതു നമ്മുടെ ചെറുപ്പക്കാരെ, കാമുകരെ, കമിതാക്കളെ വരിഞ്ഞുമുറുക്കുന്നു.

ഇന്ത്യയില്‍ എത്രയോ മേഖലകളില്‍ മാതൃകയാണെന്ന് അഭിമാനിക്കുന്നവരാണ് നമ്മള്‍ കേരളീയര്‍. കേരള മോഡല്‍ വികസനം, കേരള മോഡല്‍ ആരോഗ്യ പരിപാലനം, കേരള മോഡല്‍ വിദ്യാഭ്യാസം. പക്ഷേ, ജാതിയുടെ മുന്നില്‍ നമ്മള്‍ ഇപ്പോഴും പതിറ്റാണ്ടുകള്‍ പിന്നിലാണ്.

ജാതിയില്ല എന്ന് ഉദ്ഘോഷിക്കുന്ന മതങ്ങളില്‍ വിശ്വസിക്കുന്നവരും ജാതിയുടെ വെട്ടത്തില്‍ തന്നെയാണ് അത്താഴം കഴിക്കുന്നതെന്നതും കാണാതിരിക്കാനാവില്ല. മരപ്പണിക്കാരനായിരുന്ന ക്രിസ്തുവിന്റെ പിന്‍ഗാമികളാണ് കേരളത്തില്‍ തങ്ങളുടെ പൂര്‍വ്വികര്‍ നമ്പൂതിരിമാരായിരുന്നുവെന്നു വീമ്പിളക്കുന്നത്. മാനവികതയും സാഹോദര്യവും ഉയര്‍ത്തിപ്പിടിക്കുന്ന പ്രവാചകന്റെ പിന്‍ഗാമികളും പലപ്പോഴും കുലമഹിമയുടേയും ജാതിയുടെയും പ്രലോഭനത്തില്‍ വീണുപോവുന്നു. മനുഷ്യരെല്ലാവരും തുല്ല്യരാണെന്നതാണു ജനാധിപത്യത്തിന്റെ അടിത്തറ. ജനിച്ചു വീഴുന്ന കുലവും ഗോത്രവുമല്ല മനുഷ്യരെ നിര്‍ണ്ണയിക്കുകയും നിര്‍വ്വചിക്കുകയും ചെയ്യുന്നത്. തുല്ല്യ അവസരവും നീതിയും മുന്നോട്ടുവെയ്ക്കുന്ന ഒരു സമൂഹത്തിനു ജാതിയെ ഒരിക്കലും അംഗീകരിക്കാനാവില്ല.

ജാതിയുടെ ഉന്മൂലനം എന്ന ഗംഭീരമായ കൃതിയില്‍ അംബദ്കര്‍ മുന്നോട്ടുവെയ്ക്കുന്ന ഒരു പരിഹാരമാര്‍ഗ്ഗം മിശ്രവിവാഹമാണ്. രക്തം രക്തത്തോടു കലരുമ്പോഴാണ് ജാതിയുടെ വേരുകള്‍ അറുത്തുമാറ്റപ്പെടുക്കയെന്ന് അംബദ്കര്‍ പറയുന്നു. കെവിനും അനീഷും കൊല്ലപ്പെട്ടത് ഈ മിശ്രണം ഇല്ലാതാക്കാനാണ്.

രണ്ട് ജാതിയില്‍പ്പെടുന്നവര്‍ വിവാഹിതരാവുമ്പോള്‍ അവരെ സംരക്ഷിക്കേണ്ടതു സമൂഹമാണെന്ന് സൂരജ് യെങ്ഡെപറയുന്നുണ്ട്. ''അവരെ സംരക്ഷിക്കൂ, അവരെ പിന്തുണയ്ക്കൂ'' എന്നാണ് സൂരജ് പറയുന്നത്. 96 കൊല്ലം മുമ്പ് 1925-ലാണ് ശ്രീനാരായണഗുരുവും ഗാന്ധിജിയുമായുള്ള കൂടിക്കാഴ്ച നടന്നത്.

അന്ന് ആശ്രമത്തിന്റെ മുന്നിലുള്ള മാവിലെ ഇലകളുടെ വലിപ്പ-ചെറുപ്പം ചൂണ്ടിക്കാട്ടി ഇതുപോലെ തന്നെയല്ലേ സമൂഹത്തിലെ വിവിധ മനുഷ്യരുമെന്നു പറഞ്ഞ ഗാന്ധിജിയോട് ഇലകള്‍ക്ക് കാഴ്ചയില്‍ വ്യത്യാസമുണ്ടെങ്കിലും അവയുടെ ചാറിന് ഒരേ രുചിയാണെന്നാണ് ഗുരു പറഞ്ഞത്. ആ ദര്‍ശനത്തിന്റെ വെളിച്ചത്തിലാണ് ഗാന്ധിജി കേരളത്തില്‍നിന്നു യാത്രയായത്. പക്ഷേ, നമ്മളിപ്പോഴും ഗുരുവിനെ പരാജയപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. കാലവും ചരിത്രവും അയിലൂരില്‍നിന്ന് നമ്മോടു വിളിച്ചുപറയുന്നത് ഈ സത്യം ഒന്നു മാത്രമാണ്.

Content Highlights: 10 years of jailed life of Palakkad girl and cast system | Vazhipokkan

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


pinarayi karnival

1 min

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം

Jun 25, 2022


Gautam adani

1 min

60,000 കോടി രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്; ഗൗതം അദാനിയുടെ അറുപതാം പിറന്നാള്‍ സമ്മാനം

Jun 24, 2022

Most Commented