ആരു തരും ലങ്കയിൽ നിന്നുയരുന്ന ഈയൊരൊറ്റ ചോദ്യത്തിനുള്ള ഉത്തരം?


സാബി മുഗു

6 min read
Read later
Print
Share

'ആധുനിക ശ്രീലങ്ക കണ്ട ഏറ്റവും കരുത്തനായ രാഷ്ട്രീയ നേതാവ്', തമിഴ് പുലികളുമായി നീണ്ട പതിറ്റാണ്ടു കാലത്തെ ആഭ്യന്തര യുദ്ധത്തിന് രാജപക്സെ വിരാമമിട്ടതോടെ ആളുകൾ വിശേഷിപ്പിച്ചത് ഇങ്ങനെയായിരുന്നു. എന്നാൽ അതേ ജനങ്ങൾ തന്നെ അദ്ദേഹത്തെ അധികാരത്തിൽ നിന്ന് വലിച്ച് താഴെ ഇട്ടിരിക്കുകയാണ്.

പ്രക്ഷോഭകരെ ചെറുക്കാൻ കൂട്ടം ചേർന്ന് നിൽക്കുന്ന പോലീസുകാർ, മഹിന്ദ രാജപക്സെ | ഫോട്ടോ: AFP, AP

"ഭരണാധികാരികളിൽ പ്രതീക്ഷ നഷ്ടപ്പെടുമ്പോൾ, സഹിച്ച് മടുക്കുമ്പോൾ ജനങ്ങൾ തെരുവിലിറങ്ങുന്നു, പ്രതിഷേധിക്കുന്നു, അക്രമത്തിലേക്ക് നീങ്ങുന്നു" നിലവിലെ ലങ്കാദഹനത്തെക്കുറിച്ചു ചോദിച്ചാൽ ചുരുക്കത്തിൽ ഇങ്ങനെ പറയാം. എന്താണ് ശ്രീലങ്കയിൽ നടക്കുന്നത്? സാമ്പത്തിക പ്രതിസന്ധി മാത്രമാണോ ഇപ്പോഴത്തെ ആഭ്യന്തര കലാപത്തിന് കാരണം? ആരാണ് ഉത്തരവാദികൾ? ശ്രീലങ്കയുടെ നിലവിലുള്ള പ്രതിസന്ധിക്ക് കാരണം കോവിഡ് മാത്രമാണെന്ന് അടിവരയിട്ട് പറയാൻ സാധിക്കുമോ? ഭരണകൂടം നടപ്പിലാക്കിയ പല തെറ്റായ നടപടികളുടേയും ബാക്കിപത്രം കൂടിയല്ലേ ഇപ്പോൾ രാജ്യത്ത് നടക്കുന്ന പ്രക്ഷോഭം?

കോവിഡ് മഹാമാരി ലോകത്തെ പിടിച്ചുലയ്ക്കുന്നതിന് മുമ്പ് തന്നെ ശ്രീലങ്കയിൽ പ്രശ്നം ഉടലെടുത്തിരുന്നു. ഈസ്റ്റർ ദിനത്തിലെ കലാപത്തിന് പിന്നാലെ മൃഗീയ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തിയ രാജപക്സെ സർക്കാരിന്റെ ചില വിചിത്ര നയങ്ങളും സാമ്പത്തിക മേഖലയിലെ കെടുകാര്യസ്ഥതയും പ്രതിസന്ധിക്കുള്ള വഴിമരുന്നിട്ടിരുന്നു. കോവിഡ് കൂടി വന്നതോടെ ഇത് പൂർണമായി എന്ന് പറയാം.

നികുതി വെട്ടിക്കുറയ്ക്കൽ

കോവിഡ് മഹാമാരി സമ്പദ് വ്യവസ്ഥയെ തകർക്കുന്നതിന് മാസങ്ങൾക്ക് മുമ്പ് സർക്കാർ ജനകീയ നികുതി (populist tax) വെട്ടിക്കുറച്ചിരുന്നു. ജനസമ്മതി ഉറപ്പാക്കുന്നതിനായി രാജപക്‌സെ സര്‍ക്കാര്‍ നടപ്പാക്കിയ നികുതി വെട്ടിച്ചുരുക്കൽ സമ്പദ്ഘടനയെ പ്രതികൂലമായാണ് ബാധിച്ചത്.

ഈസ്റ്റർ ആക്രമണവും ഗുഡ്ബൈ പറഞ്ഞ് സഞ്ചാരികളും

2019-ലെ ഈസ്റ്റര്‍ ദിനത്തിലാണ് ശ്രീലങ്കയ്ക്ക് മറ്റൊരു പ്രഹരം ഏൽക്കുന്നത്. രാജ്യത്തെ ഞെട്ടിച്ചു കൊണ്ടാണ് തീവ്രവാദി ആക്രമണം ഉണ്ടാകുന്നത്. അന്ന് നടന്ന ആക്രമണങ്ങളില്‍ 270-ഓളം പേരാണ് കൊല്ലപ്പെട്ടത്. അന്താരാഷ്ട്രസമൂഹംപോലും നടുങ്ങിനിന്ന സംഭവം ശ്രീലങ്കയിലെ ടൂറിസംമേഖലയെ തീര്‍ത്തും നിശ്ചലമാക്കുകയായിരുന്നു. ടൂറിസ്റ്റുകളുടെ വരവ് പൂര്‍ണമായും നിലച്ചു.

ആക്രമണത്തിന്റെ ഞെട്ടലിൽ നിന്ന് പതിയെ കരകയറുന്നതിനിടെയായിരുന്നു കോവിഡ് പ്രതിസന്ധി പിടിമുറുക്കിയത്. കോവിഡിൽ ലോക്ഡൗൺ നടപ്പിലാക്കിയതോടെ അന്താരാഷ്ട്ര വിമാനങ്ങൾക്കും ലോക്ക് വീണു. ലോകത്തെ പിടിച്ചുലച്ച കോവിഡ് ശ്രീലങ്കയെ ഗുരുതരമായിത്തന്നെ ബാധിച്ചു. വിദേശത്ത് ജോലി ചെയ്യുന്ന പലരുടേയും ജോലി പോവുകയും ശമ്പളം വെട്ടിക്കുറയ്ക്കുകയും ചെയ്തതോടെ രാജ്യത്തേക്ക് വിദേശങ്ങളിൽ നിന്ന് വരുന്ന വരുമാനത്തിന്റെ തോതു കുറഞ്ഞു. ഇതുകൂടാതെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിൽ ഭൂരിഭാഗവും ടൂറിസം മേഖലയെ ആശ്രയിച്ചാണ്. കോവിഡ് തീർത്ത പ്രതിസന്ധിയിൽ ടൂറിസം മേഖല പാടേ തകർന്നു.

പിന്നീട് രാജ്യം വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുന്ന കാഴ്ചയാണ് കണ്ടത്. വിദേശ-നാണ്യ വിനിമയ വരുമാനം ഇടിഞ്ഞതോടെ, വൻകിട പ്രോജക്ടുകൾക്ക് വേണ്ടി ചൈനയിൽ നിന്നും ജപ്പാനിൽ നിന്നും മറ്റും വായ്പയെടുത്ത ശ്രീലങ്കയ്ക്ക് തിരിച്ചടവിന് വേണ്ടി പാടുപെടേണ്ടി വന്നു.

കൈനീട്ടം ആശ്രയിച്ച് ഒടുവിൽ തകർച്ചയിലേക്ക്

6000 ബില്യൺ ശ്രീലങ്കൻ രൂപയാണ് 2020ലെ കണക്കുകൾ പ്രകാരം രാജ്യത്തിന് വിദേശകടമായിട്ടുണ്ടായിരുന്നത്. അതില്‍ 30 ശതമാനം അന്താരാഷ്ട്ര കടപത്രങ്ങള്‍ വഴിയാണ് എടുത്തത്. കഴിഞ്ഞ അൻപതോളം വർഷത്തിനുള്ളിൽ 16 വായ്പകളാണ് ഐഎംഎഫ് ശ്രീലങ്കയ്ക്ക് നൽകിയിട്ടുള്ളത്. 16 ശതമാനം വിദേശ ധനവിപണികളില്‍ നിന്നും 14 ശതമാനം എ.ഡി.ബിയും 11 ശതമാനം ജപ്പാൻ, 10.5 ശതമാനം ചൈനയും നൽകിയതാണ്. ശ്രീലങ്കയിലെ വിദേശ കടമായ 41.5 ബില്യൺ പൗണ്ടിൽ, 2022ൽ മാത്രം അടച്ചു തീർക്കേണ്ട കടം 5.7 ബില്യൺ പൗണ്ടാണ്.

വർധിച്ചുവരുന്ന എണ്ണവിലയും നികുതിയിളവുകളും അർഥമാക്കുന്നത് ശ്രീലങ്കയിൽ ഇപ്പോൾ 50 മില്യൺ ഡോളറിന്റെ (40 മില്യൺ പൗണ്ട്) ഉപയോഗിക്കാവുന്ന വിദേശ കരുതൽ ശേഖരം മാത്രമേയുള്ളൂ എന്നാണ്. ശ്രീലങ്കയ്ക്ക് ഓരോ മാസവും കുറഞ്ഞത് 40,000 ടൺ ഗ്യാസ് ആവശ്യമാണ്, പ്രതിമാസ ഇറക്കുമതി ബിൽ നിലവിലെ വിലയിൽ 40 മില്യൺ ഡോളർ ആണ്.

ഫൈസർ മുസ്തഫ

നിലവിലെ ശ്രീലങ്കയിലെ പ്രതിസന്ധിയ്ക്ക് കാരണം മോശം സാമ്പത്തിക പരിപാലനമെന്നാണ് ശ്രീലങ്ക ഫ്രീഡം പാർട്ടിയിലെ (എസ്.എൽ.എഫ്.പി.) അംഗവും മൈത്രിപാല സിരിസേനയുടെ സർക്കാരിൽ മന്ത്രിയുമായിരുന്ന ഫൈസർ മുസ്തഫ പറയുന്നത്.

ശരിയായിരുന്നു, ശ്രീലങ്കയുടെ സാമ്പത്തിക പരിപാലനം തന്നെയാണ് രാജ്യത്തിന്റെ പതനത്തിന് ആക്കം കൂട്ടിയത് എന്ന് പറയേണ്ടി വരും. ടൂറിസം മേഖലയെ അതിരറ്റ് ആശ്രയിച്ചിരുന്ന ശ്രീലങ്കയ്ക്ക് കിട്ടിയ തിരിച്ചടികൾ ഒന്ന് കോവിഡ് തന്നെയായിരുന്നു. രണ്ട് വർഷത്തോളം കോവിഡിൽ അടഞ്ഞുകിടന്ന ടൂറിസം മേഖല ശ്രീലങ്കയുടെ സമ്പദ് വ്യവസ്ഥയെ ഒന്നടങ്കം തകർത്തുകളഞ്ഞു എന്ന് പറയേണ്ടിയിരിക്കുന്നു. എന്നാൽ ദക്ഷിണേഷ്യയിലെ മറ്റെല്ലാ രാജ്യങ്ങളിലും കോവിഡുണ്ടായിട്ടുണ്ടെന്നും അതിനാൽ ഇപ്പോഴത്തെ ശ്രീലങ്കയുടെ സാമ്പത്തികപ്രതിസന്ധിയുടെ കാര്യത്തിൽ കോവിഡിനെ മാത്രം പഴിക്കാനാവില്ലെന്നും അത് മോശം സാമ്പത്തിക പരിപാലനമാണെന്നുമാണ് ഫൈസൽ മുസ്തഫയുടെ വാദം.

ജൈവത്തിൽ കരിഞ്ഞ കൃഷി

രാസവളത്തോട് മുഖം തിരിച്ച് പൂർണമായും ജൈവ കൃഷിയിലേക്ക് നീങ്ങി എന്നതായിരുന്നു രാജ്യത്തെ പ്രതിസന്ധിയുടെ ആക്കം കൂട്ടാൻ മറ്റൊരു കാരണം. ഏപ്രിൽ 29നാണ് രാസവളങ്ങളുടേയും മറ്റ് കാർഷിക രാസവസ്തുക്കളുടേയും ഇറക്കുമതി നിരോധിച്ചു കൊണ്ട് ശ്രീലങ്കൻ സർക്കാർ വിചിത്രമായ ഉത്തരവ് പുറപ്പെടുവിക്കുന്നത്.

രാസവളം ഇറക്കുമതി നിര്‍ത്തിയാല്‍ ആ പണം ലാഭിക്കാം. ജൈവകൃഷി വ്യാപകമാക്കുകയും ചെയ്യാം. ജൈവ ഉത്പന്നങ്ങൾക്കാകട്ടെ അന്താരാഷ്ട്രവിപണിയില്‍ നല്ല വിലകിട്ടുകയും ചെയ്യും എന്ന വ്യാമോഹമായിരുന്നു സർക്കാരിനെ ഇത്തരത്തിൽ ഒരു വിചിത്ര തീരുമാനം എടുക്കാൻ പ്രേരിപ്പിച്ചത്.

ഫോട്ടോ: മാതൃഭൂമി

രാസവളം ഇല്ലാതെ ജൈവവളം മാത്രം ഉപയോഗിച്ചുള്ള കൃഷി രാജ്യത്തെ കാർഷിക മേഖലയ്ക്ക് ഏൽപ്പിച്ച ആഘാതം കനത്തതായിരുന്നു. അവശ്യവസ്തുക്കളായ അരി, പഞ്ചസാര, ഉള്ളി എന്നിവയുടെ വില ദിനംപ്രതി വര്‍ധിക്കാൻ തുടങ്ങി. മണ്ണെണ്ണ, എണ്ണ, പാചകവാതകം എന്നിവയ്ക്കെല്ലാം സമാനമായി വില കൂടിക്കൊണ്ടിരുന്നു.

രാസവളം നിരോധിച്ചതോടെ, ഒക്ടോബറിലെ തേയില വിളവ് പരാജയപ്പെടും എന്ന പ്രവചനങ്ങളും കറുവപ്പട്ട, കുരുമുളക്, റബ്ബര്‍, ഏലം, ജാതി, വെറ്റില, കൊക്കോ, വനില തുടങ്ങി ആവശ്യമായ എല്ലാ കയറ്റുമതി ഉത്പന്നങ്ങളേയും പ്രതിസന്ധി ബാധിക്കുമെന്ന പ്രവചനങ്ങളും തെറ്റിയില്ല. കാർഷിക മേഖല അപ്പാടെ തകർന്നു കൊണ്ടിരുന്നു. സമ്പൂര്‍ണ ജൈവകൃഷി എന്ന വ്യാമോഹം നിലവിൽ രാജ്യം ഉപേക്ഷിച്ചിട്ടുണ്ട്.

കടലും കൈവിട്ടു

ദ്വീപായതു കൊണ്ട് തന്നെ രാജ്യത്തെ ഏറെ പേരും ആശ്രയിക്കുന്നത് കടലിനെയാണ്. പ്രതിസന്ധി ഏറെ ബാധിച്ചതും ഈ വിഭാഗത്തെയാണ്. ഇന്ധനവും വൈദ്യുതിയും ഇല്ലാതായതോടെ എന്ത് ചെയ്യണമെന്നറിയാതെ വഴിമുട്ടി നിൽക്കുന്ന ജീവിതത്തിന് മുമ്പിൽ മിഴിച്ചു നിൽക്കാനേ കടലോര മേഖലയിലെ ആളുകൾക്ക് സാധിക്കുന്നുള്ളൂ.

സന്ദിരൻ

‘കടൽവേല ചെയ്യുന്നവർക്ക് ഐസില്ല, എണ്ണയുമില്ല. ഐസിട്ടില്ലെങ്കിൽ മീൻ ചീഞ്ഞുപോകും. അതുകൊണ്ട് മീനെടുക്കില്ലെന്ന് ഇടപാടുകാർ പറഞ്ഞു. ഉപ്പുമില്ല. ചെറുമീൻ ഉണക്കിവെക്കാൻ കഴിയില്ല. ആരോടുപറയാനാണ്. കടലോരമായതിനാൽ കുടിവെള്ളത്തിനും ക്ഷാമമാണ്. കുപ്പിവെള്ളമാണ് ആശ്രയം. ഒന്നരലിറ്റർ കുപ്പിവെള്ളത്തിന് വെള്ളിയാഴ്ച വില 120 രൂപ. അടിക്കടി വില കയറുന്നതിനാൽ കുപ്പിവെള്ളത്തിനുപകരം മൂന്നു കിലോമീറ്റർ അകലെ പോയി കിണർവെള്ളം കൊണ്ടുവരുകയാണ്. ‘‘പാൽപ്പൊടി 400 ഗ്രാമിന് 750 രൂപയായിരുന്നു.ഈയാഴ്ചയിലെ വില 800 രൂപയായി. കുഞ്ഞുങ്ങൾക്ക് ഞങ്ങൾ എന്തുകൊടുക്കും. പഞ്ചസാരയ്ക്ക് ഇന്ന് 230 രൂപ, നാളെ 280 രൂപ. അങ്ങനെ വില കയറിക്കൊണ്ടിരിക്കയാണ്. പിന്നെങ്ങനെ ഞങ്ങൾ ജീവിക്കും’

പതിനേഴാം വയസ്സിൽ മീൻപിടിത്തം തൊഴിലാക്കിയ 43-കാരൻ സന്ദിരൻ നിസ്സഹായനായി ചോദിക്കുന്നു (മാതൃഭൂമി പ്രതിനിധി സിസി ജേക്കബിനോട് ശ്രീലങ്കൻ കടലോര മേഖലയിൽ താമസിക്കുന്നവർ നിലവിലെ പ്രതിസന്ധിയെക്കുറിച്ച് സംസാരിച്ചതിൽ നിന്ന്).

ഭരണത്തിലെ പിടിപ്പുകേടുകളായിരുന്നു രാജ്യത്തെ പ്രതിസന്ധികളിൽ പ്രധാനമായും പ്രതിഫലിച്ചത്. മാത്രമല്ല ഇഷ്ടക്കാരേയും കുടുംബക്കാരേയും പ്രധാനയിടങ്ങളിൽ ഉറപ്പിക്കാനുള്ള എല്ലാവിധ പദ്ധതികളും സർക്കാരിന്റെ ഭാഗത്ത് നിന്ന് തന്നെ ഉണ്ടായി. മന്ത്രി സഭയിൽ അടക്കം കുടുംബക്കാരെ തിരുകിക്കയറ്റുന്ന സാഹചര്യവും അതിന് വേണ്ടി ഭരണഘടന അടക്കം തിരുത്തുന്ന കാഴ്ചയും ശ്രീലങ്കയിൽ നമ്മൾ കണ്ടു.

രാജപക്സെ അധികാരമേൽക്കുമ്പോൾ

എൽ.ടി.ടി.ഇ.യെ ഉന്മൂലനം ചെയ്തതിന്റെ പിൻബലത്തിലാണ് 2010-ൽ മഹിന്ദ വീണ്ടും പ്രസിഡന്റ് പദവിയിലേറുന്നത്. എന്നാൽ, പിന്നീടുണ്ടായ അഴിമതിയാരോപണങ്ങളും അധികാരദുർവിനിയോഗവും ഒക്കെ 2015-ൽ മൈത്രിപാല സിരിസേനയോടു തോറ്റ് പ്രതിപക്ഷത്തിരുത്തി. പ്രതിപക്ഷം തനിക്ക് ചേരുന്നതല്ലെന്നും ഭരണക്കസേര തന്നെയാണ് തന്റെ ലക്ഷ്യമെന്നും ഉറപ്പാക്കി അദ്ദേഹം ശ്രീലങ്ക പൊതുജന മുന്നേറ്റ പെരുമുന (എസ്.എൽ.പി.പി.) പാർട്ടിയുണ്ടാക്കി.

2018 ഡിസംബർ മുതൽ 2019 നവംബർവരെ പ്രതിപക്ഷനേതാവായിരുന്നു. എന്നാൽ, 2019 ഈസ്റ്റർദിനത്തിലെ ഭീകരാക്രമണം രാജപക്‌സെമാരെ വീണ്ടും അധികാരത്തിലേറ്റി. ഗോതാബയ പ്രസിഡന്റായി. മഹിന്ദയെ പ്രധാനമന്ത്രിയാക്കി.

ഭരണഘടന ആവശ്യാർഥം തിരുത്തി കുടുംബവാഴ്ച

2020-ലെ പൊതുതിരഞ്ഞെടുപ്പിൽ മൃഗീയഭൂരിപക്ഷം നേടിയ എസ്.എൽ.പി.പി. പ്രസിഡന്റിൽ അധികാരം കേന്ദ്രീകരിക്കുംവിധം ഭരണഘടന തിരുത്തി. രാജപക്‌സെ കുടുംബത്തിലെ അംഗങ്ങളെയും കുഴലൂത്തുകാരെയും സർക്കാരിൽ കുത്തിനിറച്ചു.

കഴിഞ്ഞ ഒന്നരക്കൊല്ലമായി കുടുംബവാഴ്ചയായിരുന്നു ശ്രീലങ്കയിൽ. നാലു സഹോദരങ്ങളുടെ വാഴ്ച. ഗോതാബയയുടെയും മഹിന്ദയുടെയും ഇളയസഹോദരൻ ബേസിൽ രാജപക്‌സെയായിരുന്നു ധനമന്ത്രി. ഇവരുടെ ഏറ്റവും മൂത്ത സഹോദരൻ ചമലും മഹിന്ദയുടെ മകൻ നമലും മന്ത്രിമാരായിരുന്നു. ജനകീയപ്രക്ഷോഭം തുടങ്ങിയ നാളുകളിൽ മൂവരും രാജിവെച്ചു.

മഹിന്ദ രാജപക്സെ എന്ന വൻമരം കടപുഴകുമ്പോൾ

'ആധുനിക ശ്രീലങ്ക കണ്ട ഏറ്റവും കരുത്തുറ്റനായ രാഷ്ട്രീയ നേതാവ്', തമിഴ് പുലികളുമായി നീണ്ട പതിറ്റാണ്ടു കാലത്തെ ആഭ്യന്തര യുദ്ധത്തിന് രാജപക്സെ വിരാമമിട്ടതോടെ ആളുകൾ വിശേഷിപ്പിച്ചത് ഇങ്ങനെയായിരുന്നു. എന്നാൽ അതേ ജനങ്ങൾ തന്നെ അദ്ദേഹത്തെ അധികാരത്തിൽ നിന്ന് വലിച്ച് താഴെ ഇട്ടിരിക്കുകയാണ്.

മാസങ്ങളോളം നീണ്ട പ്രക്ഷോഭത്തിനൊടുവിൽ രാജപക്സെ രാജിവെച്ച് അജ്ഞാത കേന്ദ്രത്തിലേക്ക് മാറിയിരിക്കുകയാണ്. സുഖ സുന്ദരമായി കിടന്നിരുന്ന വീടും ആഢംബരവും ചുട്ടു ചാമ്പലാക്കിക്കൊണ്ട് പ്രക്ഷോഭകർ രാജപക്സയോടും സർക്കാരിനോടുമുള്ള കലി തീർക്കുകയാണ്. ആർത്തലച്ച് വരുന്ന ജനക്കൂട്ടം കണ്ണിൽ കണ്ടതൊക്കെ തീ വെച്ചും അടിച്ചുടച്ചും നശിപ്പിക്കുകയാണ്.

പ്രക്ഷോഭകർക്ക് നേരെ തന്റെ അനുയായികളെ ഇറക്കി പ്രതിരോധത്തിന് രാജപക്സെ ശ്രമിച്ചെങ്കിലും അത് സ്ഥിതി കൂടുതൽ വഷളാകുന്ന തരത്തിലേക്ക് എത്തുകയായിരുന്നു. ഒടുവിൽ പ്രക്ഷോഭകർ കൈവിട്ടതോടെ എന്ത് ചെയ്യണമെന്നറിയാതെ ധീരനായി അധികാരത്തിലെത്തിയ രാജപക്സെ ഭീരുവായി ഒളിവിൽ പോകുന്ന കാഴ്ചയാണ് കണ്ടത്.

ശ്രീലങ്കയുടെ ഭാവി?

രാജപക്സെ സർക്കാർ രാജിവെച്ചു, സാമ്പത്തിക പ്രതിസന്ധി, തെരുവ് കത്തിക്കാനിറങ്ങിയ പ്രക്ഷോഭകർ, ഭരണത്തിലേറാൻ ഇനി ആര്? സാമ്പത്തിക പ്രതിസന്ധി പിടിച്ചുടയ്ക്കുന്ന ശ്രീലങ്കയെ കരകയറ്റാൻ ഐഎംഎഫിന്റെ സഹായം ഉണ്ടാകുമോ? ചോദ്യങ്ങൾ പലതാണ്.

പുതിയ തിരഞ്ഞെടുപ്പാണ് ഇനി അടുത്ത വഴി. പക്ഷേ, പാർലമെന്റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്താൻ അടുത്തവർഷംവരെ കാക്കണം എന്നതാണ് മറ്റൊരു പ്രശ്നം. പുതിയ സർക്കാർ നിലവിൽവന്ന് രണ്ടരവർഷം കഴിയാതെ പാർലമെന്റ് പിരിച്ചുവിടാൻ ഭരണഘടനാപ്രകാരം പ്രസിഡന്റിന് അധികാരമില്ലെന്നിരിക്കെ പ്രക്ഷോഭകാരികളുടെ ആവശ്യം എങ്ങനെ നടപ്പിലാക്കും എന്നത് കണ്ടറിയേണ്ടതുണ്ട്.

മഹിന്ദ രാജപക്സെ | Photo: ANI

പ്രക്ഷോഭകരുടെ പ്രധാന ആവശ്യങ്ങളിലൊന്നായ മഹിന്ദ രാജപക്‌സെയുടെ രാജി നിലവിൽ യാഥാർഥ്യമായിരിക്കുകയാണ്. എന്നാൽ, പ്രസിഡന്റും ബാക്കി മന്ത്രിമാരും രാജിവെക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് സർക്കാർവിരുദ്ധ പ്രക്ഷോഭകരും പ്രതിപക്ഷവും. ഇനിയും സർവകക്ഷി സർക്കാരുണ്ടാക്കാൻ കഴിയുമോ എന്നു നോക്കുകയാണ് ഗോതാബയ. മഹിന്ദ രാജിവെച്ച സ്ഥിതിക്ക് രാജപക്‌സെ കുടുംബാംഗമല്ലാത്ത പ്രധാനമന്ത്രിയെ നിയമിച്ച് ഇതു സാധ്യമാക്കാൻ ഗോതാബയ ശ്രമിച്ചേക്കും. ഇതോടെ ശ്രീലങ്ക സമാധാനാന്തരീക്ഷത്തിലേക്ക് എത്തിയേക്കും എന്ന് പ്രതീക്ഷിക്കാം.

1948ൽ സ്വാതന്ത്ര്യം കിട്ടി 74 വര്‍ഷം കഴിഞ്ഞിട്ടും ഭക്ഷ്യധാന്യമോ, പാലോ അടക്കം ഒന്നിലും സ്വയംപര്യാപ്തത കൈവരിച്ചിട്ടില്ല എന്ന് പറഞ്ഞാൽ തന്നെ നമുക്ക് മനസ്സിലാക്കാൻ സാധിക്കും, ഈ രാജ്യം എത്രത്തോളം അലസമാണ് എന്ന്. ഇന്ധനം, സിമന്റ്, ഇരുമ്പ്, കടലാസ് അതില്‍ അച്ചടിക്കാനുള്ള മഷിയടക്കം രാജ്യത്ത് ഇറക്കുമതിചെയ്യേണ്ടി വരുന്ന ഒരു രാജ്യത്തിന്റെ അവസ്ഥ എത്രത്തോളം പരിതാപകരമാണെന്ന് മനസ്സിലാക്കാൻ ആഭ്യന്തര പ്രക്ഷോഭങ്ങളിലേക്ക് കണ്ണോടിക്കേണ്ടതില്ല. ഇനിയൊരു തിരിച്ചു വരവിൽ രാജ്യം ഊന്നൽ നൽകേണ്ടത് ഇത്തരം പല മേഖലകളിലുള്ള സ്വയം പര്യാപ്തത കൈവരിക്കൽ കൂടിയാണ്.

ശ്രീലങ്കയില്‍ എന്താണ് സംഭവിക്കുന്നത് എന്ന് ചോദിച്ചാൽ ഉത്തരം ലളിതമാണ്, വരവില്‍ക്കവിഞ്ഞ ചെലവ്. കൂട്ടത്തില്‍ വീട്ടാനാവുന്നതിലും വലിയ കടങ്ങളും. ഇതിനെല്ലാം പ്രതിവിധിയാണോ സർക്കാർ രാജിവെക്കുക എന്നത്? ചോദ്യം ബാക്കിയാണ്, ഭരണാധികാരികളുടെ പിടിപ്പുകേടുകൾ കൊണ്ട് ഇല്ലാതായ, പ്രക്ഷോഭകർ ദഹിപ്പിച്ച, ഒരു രാജ്യത്തിന്റെ വീണ്ടെടുപ്പിന് ഇനി എത്ര കാലമാണ് കാത്തിരിക്കേണ്ടി വരിക?

Content Highlights: What's happening in Sri Lanka? All you need to know

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
sasi tharoor
Premium

7 min

തരൂരിനെ 'കോണ്‍ഗ്രസുകാര്‍' ഭയക്കുന്നതെന്തിന്?

Nov 21, 2022


Representative Images

5 min

ഹൃദ്രോഗവും കാന്‍സറും പ്രമേഹവുമൊക്കെ പണ്ടെന്താ ഇല്ലാതിരുന്നത്? വളരെ രസകരമാണാ ചോദ്യം

Mar 14, 2022


Most Commented