Photo: Gettyimages
വിദേശനാണ്യ കരുതല്‍ ശേഖരത്തിന്റെ ഭാഗമായി ലോകരാജ്യങ്ങള്‍ അവരുടെ സെന്‍ട്രല്‍ ബാങ്കുകളില്‍ വലിയ അളവില്‍ കൈവശം വെക്കുന്ന വിദേശ കറന്‍സികളെയാണ് റിസര്‍വ് കറന്‍സി എന്ന് പറയുന്നത്. അന്താരാഷ്ട്ര ഇടപാടുകള്‍ക്കും നിക്ഷേപങ്ങള്‍ക്കും ഈ കറന്‍സിയാവും വിനിമയത്തിന് ഉപയോഗിക്കുക. നിലവില്‍ ലോകരാജ്യങ്ങളുടെ ആകെ റിസര്‍വ് കറന്‍സിയുടെ 59 ശതമാനവും ഡോളറാണ്. 2000-ത്തിന്റെ തുടക്കത്തില്‍ 71% വരെ ആയിരുന്നതാണ് ഇത്. വരുംവര്‍ഷങ്ങളിലും ആനുപാതികമായ കുറവ് ഉണ്ടാവുമെന്നാണ് പ്രവചിക്കപ്പെടുന്നത്. ഇതിന് ആക്കം കൂട്ടുന്ന ചില രാഷ്ട്രീയ നീക്കങ്ങളും ആഗോളതലത്തില്‍ നടന്നുകൊണ്ടിരിക്കുന്നു. അങ്ങനെയെങ്കില്‍ രണ്ടാംലോക മഹായുദ്ധത്തിന് ശേഷം, 1944 മുതല്‍ ഡോളര്‍ തുടര്‍ന്നുവരുന്ന അപ്രമാദിത്വത്തിന് അന്ത്യമുണ്ടാവുമോ? ഡോളറൊഴിയുന്ന സ്ഥാനം ഏത് രാജ്യത്തിന്റെ കറന്‍സി ഏറ്റെടുക്കും? ഇന്ത്യന്‍ രൂപയ്ക്കുണ്ടോ പ്രതീക്ഷ?
പൗണ്ടും ഡോളറും
കോളനിവത്കരണകാലത്ത് പൗണ്ട് സ്റ്റര്‍ലിങ് അഥവാ പവനായിരുന്നു ലോക കറന്‍സി. 1900-ത്തില്‍ പൂജ്യം ശതമാനമായിരുന്നു ലോകത്ത് ഡോളര്‍ റിസര്‍വ് കറന്‍സിയായി ഉപയോഗിച്ചിരുന്നത്. അന്ന് പൗണ്ട് 62 ശതമാനം. 1960 കളോടെ ഡോളര്‍ 61 ശതമാനമായി വളരുകയും പൗണ്ട് 35.1 ശതമാനമായി കുറയുകയും ചെയ്തു. നിലവില്‍ അഞ്ചു ശതമാനത്തിലും കുറവാണ് പൗണ്ട് റിസര്‍വ് കറന്‍സിയായി ഉപയോഗിക്കുന്ന രാജ്യങ്ങള്‍.
1920 മുതലാണ് ഡോളര്‍ റിസര്‍വ് കറന്‍സിയായി ഉപയോഗിക്കുന്ന പ്രവണത ആരംഭിച്ചത്. രണ്ടാം ലോകമഹായുദ്ധാനന്തരം 1944 മുതല്‍ ഇതില്‍ വലിയ മുന്നേറ്റമുണ്ടായി. ബ്രറ്റണ്‍വുഡ് ഇരട്ടകള്‍ എന്നറിയപ്പെടുന്ന അന്താരാഷ്ട്ര നാണ്യനിധിയുടേയും ലോകബാങ്കിന്റേയും പിറവിക്ക് കാരണമായ ബ്രറ്റണ്‍വുഡ് ഉടമ്പടി വഴിയാണ് ഡോളര്‍ ലോക കറന്‍സിയാവുന്നത്. ഉടമ്പടിയില്‍ പങ്കെടുത്ത രാഷ്ട്രങ്ങള്‍ തങ്ങളുടെ നാണയങ്ങള്‍ യു.എസ്. ഡോളറുമായി ബന്ധിപ്പിക്കണം (Pegging) എന്നായിരുന്നു നിര്‍ദേശം. ഔണ്‍സിന് 35 ഡോളര്‍ എന്ന നിരക്കില്‍ ഡോളറിനെ സ്വര്‍ണ്ണവുമായി ബന്ധിപ്പിച്ച് രാജ്യങ്ങളുടെ സെന്‍ട്രല്‍ ബാങ്കുകള്‍ക്ക് ഡോളര്‍ കൈമാറാനും ഉടമ്പടിയില്‍ തീരുമാനമായി. ഇതോടെയാണ് അന്താരാഷ്ട്ര വിനിമയത്തിനുള്ള അടിസ്ഥാന കറന്‍സിയായി ഡോളര്‍മാറുന്നത്.
ഡീ ഡോളറൈസേഷന്‍
റിസര്‍വ് കറന്‍സിയായും വിനിമയത്തിനുള്ള നാണ്യമായും ഡോളറിനെ ആശ്രയിക്കുന്നത് അവസാനിപ്പിക്കാനുള്ള വിവിധ രാജ്യങ്ങളുടെ നീക്കത്തേയാണ് ഡീ ഡോളറൈസേഷന്‍ എന്ന് വിളിക്കുന്നത്. ഏറ്റവും ഒടുവിലായി അര്‍ജന്റീന, ചൈനയില്‍ നിന്നുള്ള ഇറക്കുമതികള്‍ക്ക് യു.എസ്. ഡോളറിന് പകരം ചൈനീസ് യുവാനില്‍ വിനിമയം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരങ്ങളില്‍ തങ്ങളുടെ തന്നെ കറന്‍സിയില്‍ വിനിമയം നടത്തുമെന്ന് ചൈനയും ബ്രസീലും സംയുക്തമായി തീരുമാനിച്ചിരുന്നു. ലോകവ്യാപാരത്തില്‍ യു.എസ്. അപ്രമാദിത്വത്തിനെതിരെ വിമര്‍ശനവുമായി ബ്രസീല്‍ പ്രസിഡന്റും ഇടത് നേതാവുമായ ലുല ഡ സില്‍വയും രംഗത്തെത്തിയിരുന്നു. രാജ്യങ്ങള്‍ വ്യാപാരത്തിനായി എന്തിനാണ് ഡോളറിനെ ആശ്രയിക്കുന്നതെന്ന് ചോദിച്ച അദ്ദേഹം, സ്വന്തം കറന്‍സികളില്‍ വിനിമയം നടത്താന്‍ ആഹ്വാനം ചെയ്തു.
ഏതാണ്ട് 65-ലേറെ രാജ്യങ്ങള്‍ അവരുടെ കറന്‍സി ഡോളറുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഇക്വഡോര്‍, എല്‍ സാല്‍വഡോര്‍, പാനമ, സിംബാബ്വേ അടക്കമുള്ള രാജ്യങ്ങളില്‍ ഔദ്യോഗിക റിസര്‍വ് കറന്‍സി ഡോളര്‍ മാത്രമാണ്. ഒരു കറന്‍സി മാത്രം റിസര്‍വായി ഉപയോഗിക്കുമ്പോള്‍ വലിയ തിരിച്ചടികള്‍ ഉണ്ടായേക്കാമെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. 2008-ലെ ആഗോളമാന്ദ്യത്തിനിടയിലും കോവിഡിനെത്തുടര്‍ന്നുണ്ടായ സാമ്പത്തിക ഞെരുക്കത്തിലും ഇത് പ്രതിഫലിച്ചുവെന്നാണ് പറയപ്പെടുന്നത്. ഇതുമറികടക്കുക കൂടിയാണ് ഡീ ഡോളറൈസേഷന്‍ കൊണ്ട് വിവിധ രാജ്യങ്ങള്‍ ലക്ഷ്യമിടുന്നത്.
ചൈന, അര്‍ജന്റീന, ബ്രസീല്‍ എന്നീ രാജ്യങ്ങള്‍ക്ക് പുറമേ റഷ്യ, ഇറാന്‍, സൗദി അറേബ്യ, മലേഷ്യ രാജ്യങ്ങളാണ് ഡീ ഡോളറൈസേഷന്‍ നീക്കങ്ങള്‍ക്ക് സജീവമായി രംഗത്തുള്ളത്. ഇക്കൂട്ടത്തില്‍ ഇന്ത്യയും ചേര്‍ന്നിട്ടുണ്ട് എന്നാണ് ശ്രദ്ധേയമായ മറ്റൊരു വസ്തുത. യു.കെയും ജര്‍മനിയും സിങ്കപ്പൂരുമടക്കം 20 ഓളം രാജ്യങ്ങളുമായി ഇന്ത്യ, ഈ വര്‍ഷം ഏപ്രില്‍ മുതല്‍ രൂപയിലാണ് വ്യാപാരം നടത്തുന്നത്.
ട്രംപിന്റെ മുന്നറിയിപ്പ്
വരാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയാവാന്‍ രംഗത്തുള്ള മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ്, ഡീ ഡോളറൈസേഷന്റെ സാധ്യത മുന്‍കൂട്ടി 'പ്രവചിച്ച'തില്‍ പ്രധാനി. ഡോളര്‍ തകര്‍ന്നുകൊണ്ടിരിക്കുകയാണെന്നും, ആഗോള കറന്‍സി സ്ഥാനം നഷ്ടപ്പെടാന്‍ അധികകാലം വേണ്ടിവരില്ലെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കുന്നു. കഴിഞ്ഞ 200 വര്‍ഷത്തിനിടയില്‍ അമേരിക്കയ്ക്ക് ഉണ്ടാകാന്‍ പോകുന്ന കനത്ത പരാജയമായിരിക്കുമിതെന്നും ട്രംപ് അവകാശപ്പെടുന്നു.
ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെട്ട ബ്രിക്‌സ് കൂട്ടായ്മയും പണമിടപാടുകള്‍ക്ക് പുതിയ മാധ്യമം കണ്ടെത്താനുള്ള നീക്കത്തിലാണെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. വരുന്ന ഓഗസ്റ്റില്‍ ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന വാര്‍ഷിക സമ്മേളനത്തില്‍ ഇതിനുള്ള ധാരണയില്‍ എത്തിച്ചേരുമെന്നാണ് പറയുന്നത്. എന്നാല്‍, ഡോളറിനേയോ യൂറോയേയോ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞാവില്ല തങ്ങളുടെ ഡീ ഡോളറൈസേഷന്‍ നീക്കമെന്നും അവര്‍ സൂചന നല്‍കുന്നു. ഡോളറിലുള്ള ആശ്രയത്വം കുറയ്ക്കാനായി ഏഷ്യന്‍ മൊണറ്ററി ഫണ്ട് എന്ന ആശയവുമായി മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമും രംഗത്തെത്തിയിരുന്നു. ഇതിനെ സ്വാഗതം ചെയ്ത ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്, വിശദമായ ചര്‍ച്ചയാവാമെന്നും ഉറപ്പ് നല്‍കി.
പണി കിട്ടിയ റഷ്യ
കഴിഞ്ഞ വര്‍ഷം റഷ്യ- യുക്രൈനെ ആക്രമിച്ചതോടെയാണ് ഡീ ഡോളറൈസേഷന് ആക്കം കൂടിയതെന്നാണ് പറയപ്പെടുന്നത്. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ യൂറോപ്യന്‍ രാജ്യങ്ങള്‍ റഷ്യയ്ക്ക് സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയതോടെ എണ്ണക്കയറ്റുമതിയടക്കം തകിടംമറിഞ്ഞു. എന്നാല്‍, ഈ സമയത്ത് ഇന്ത്യയാകട്ടെ എണ്ണ ഇറക്കുമതിക്കായി റഷ്യയെ കൂടുതലായി ആശ്രയിക്കാനാണ് തുടങ്ങിയത്. കുറഞ്ഞവിലയ്ക്ക് ഇന്ത്യ റഷ്യയില്‍നിന്ന് പെട്രോളിയം ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്തു. റഷ്യന്‍ ബാങ്കുകള്‍ക്ക് ഉപരോധം വന്നതും സ്വിഫ്റ്റ് വഴിയുടള്ള ഇടപാടുകള്‍ക്ക് നിരോധനമുണ്ടായതും മുതലെടുക്കാനായിരുന്നു ഇന്ത്യയുടെ തീരുമാനം. റഷ്യയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന എണ്ണയ്ക്ക് മറ്റേതെങ്കിലും ആഗോള കറന്‍സികള്‍ക്ക് പകരം ഇന്ത്യന്‍ രൂപയില്‍ തന്നെ വിനിമയം നടത്താനായിരുന്നു ഇന്ത്യന്‍ പദ്ധതി. ഇത് റഷ്യ അംഗീകരിച്ചെങ്കിലും, വലിയ തിരിച്ചടി അവര്‍ക്കുണ്ടായി. ഇന്ത്യയില്‍നിന്നുള്ള ഇറക്കുമതിക്കുമാത്രം ഉപയോഗമുള്ള രൂപകൊണ്ട് റഷ്യയ്ക്ക് യാതൊരു ഉപയോഗവും വന്നില്ല. അവരുടെ വോസ്‌ട്രോ എക്കൗണ്ടുകളില്‍ ഇന്ത്യന്‍ രൂപ കുമിഞ്ഞുകൂടുക മാത്രമാണ് ഉണ്ടായത്.
പ്രതീക്ഷവെക്കണോ രൂപ?
റഷ്യയ്ക്ക് പുറമേ ബ്രിട്ടന്‍, മലേഷ്യ, ജര്‍മനി, യു.എ.ഇ. അടക്കം 20 ഓളം രാജ്യങ്ങളുമായി രൂപയില്‍ വിനിമയം നടത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നല്‍കിയിരുന്നു. ഇതിനിടെയാണ്, ഡോളറിന് പകരം ആഗോള കറന്‍സിയാവാന്‍ രൂപയ്ക്ക് ശേഷിയുണ്ടെന്ന പ്രവചനവുമായി സാമ്പത്തിക വിദഗ്ധനായ നോറിയല്‍ റുബീനി രംഗത്തെത്തിയത്. ഡീ ഡോളറൈസേഷന്‍ അടുത്ത് തന്നെയുണ്ടാവുമെന്ന പ്രവചിച്ച അദ്ദേഹം അമേരിക്കന്‍, ആഗോള വിനിമയങ്ങളുടെ മൂന്നില്‍ ഒന്നായി ഡോളറിന്റെ ഉപയോഗം കുറയുമെന്നും പ്രവചിച്ചിരുന്നു. ഗ്ലോബല്‍ സൗത്ത് രാജ്യങ്ങള്‍ക്കിടയില്‍ വിനിമയത്തിനും മാനകമായും റിസര്‍വിനായും രൂപയെ ഉപയോഗിക്കാന്‍ കഴിയുമെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം.
രൂപയ്ക്ക് ആഗോള തലത്തില്‍ സ്ഥാനം ഉണ്ടാകുന്നതിന്റെ ഭാഗമായിട്ടായിരുന്നു 2013 ല്‍ റിസര്‍വ് ബാങ്ക് മസാല ബോണ്ടുകള്‍ അവതരിപ്പിച്ചത്. 2015 മുതലാണ് രൂപയ്ക്ക് പ്രാധാന്യമുള്ള വിദേശ നിക്ഷേപങ്ങള്‍ക്ക് അനുമതി നല്‍കിയത്. 2019 ല്‍ റിസര്‍വ് കറന്‍സിയെന്ന നിലയില്‍ കൂടുതല്‍ ആകര്‍ഷകമാക്കാന്‍, വിനിമയ നിരക്കില്‍ കൂടുതല്‍ ഉദാരവത്കരണവും ആര്‍.ബി.ഐ. നടപ്പിലാക്കി. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ്, രൂപയുടെ ആഗോളീകരണത്തിന് നിലവില്‍ ഇന്ത്യ ശ്രമിക്കുന്നത്.
എന്നാല്‍, ഡോളറിനെ രൂപ മറികടക്കുന്നത് നിലവിലെ സാഹചര്യത്തില്‍ അത്ര പ്രായോഗികമല്ലെന്ന കണക്കും നമുക്ക് മുന്നിലുണ്ട്. ഡോളറിന് പകരമാവുക അത്രയെളുപ്പമല്ലെങ്കിലും യൂറോ, ജാപ്പനീസ് യെന്‍, പൗണ്ട്, ചൈനീയ് യുവാന്‍ എന്നിവയ്‌ക്കെല്ലാം ശേഷമേ രൂപയ്ക്ക് സാധ്യത തന്നെയുള്ളൂ. ഇന്ത്യ 20 ഓളം രാജ്യങ്ങളുമായി രൂപയില്‍ വിനിമയം നടത്തുന്നതിന് സമാനമായി, കസാഖിസ്താന്‍, പാകിസ്താന്‍, ലാവോസ്, ബ്രസീല്‍ എന്നീ രാജ്യങ്ങളുമായി ചൈന യുവാനില്‍ വിനിമയം നടത്തുന്നുണ്ട്. ഡീ ഡോളറൈസേഷന്‍ സാധ്യമാവുമ്പോള്‍, യുവാന് ഈ സ്ഥാനം പിടിച്ചെടുക്കണെന്ന ആഗ്രഹമുണ്ടെങ്കിലും അത് ഉടനെ സാധ്യമാവുന്നതല്ലെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. നിലിവില്‍ ഡോളര്‍ കഴിഞ്ഞാല്‍, ഏറ്റവും കൂടുതല്‍ റിസര്‍വ് കറന്‍സിയായി നിക്ഷേപമുള്ളത് യൂറോയാണ് (21.2%), തുടര്‍ന്ന് ജാപ്പനീസ് യെന്നും പൗണ്ടുമാണ് അടുത്തടുത്ത സ്ഥാനങ്ങളിലുള്ളത്. ഇതിനെല്ലാം ശേഷമേ ഇന്ത്യന്‍ രൂപയ്ക്കും ചൈനീസ് യുവാനും വരെ സാധ്യതയുള്ളൂ.
Content Highlights: what is de dollarization will dollar collapse which currency will replace
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..