വർധിക്കുന്ന റെയ്ഡുകൾ, തെളിവില്ലാതെ കേസുകൾ! ഇ.ഡി. രാഷ്ട്രീയ ആയുധമാകുന്നതെങ്ങനെ?


രൂപശ്രീ. ഐ.വി.



കോടതിയിൽ മതിയായ തെളിവുകളില്ലാത്തതിനാലാണ് ചാർജ്ജ് ഷീറ്റ് ഫയൽ ചെയ്യപ്പെട്ട ആയിരത്തോളം കേസുകളിൽ വെറും 2.3 ശതമാനം കേസുകളിൽ മാത്രമാണ് പ്രതികൾ ശിക്ഷിക്കപ്പെട്ടിരിക്കുന്നത് എന്നർഥം. 

Premium

പ്രതീകാത്മക ചിത്രം

ൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.) കേസുകളും റെയ്ഡുകളും പലപ്പോഴായി വാർത്തകളിൽ ഇടംനേടാറുണ്ട്. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും കാര്‍ത്തി ചിദംബരവും അടക്കം പ്രതിപക്ഷ നേതാക്കൾ പലതവണ ഇ.ഡിയുടെ അന്വേഷണവലയത്തില്‍ പെട്ടു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും അറസ്റ്റ് ചെയ്തപ്പോഴാണ് ഏറ്റവുമൊടുവിൽ ആ പേര് കേട്ടത്.

2022 ജൂലായിൽ ഇ.ഡിയുടെ അധികാരപരിധിയെയും കള്ളപ്പണനിരോധന നിയമത്തെയും ശരിവച്ചുകൊണ്ട് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചു. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെടുന്ന കുറ്റകൃത്യങ്ങൾ രാജ്യസുരക്ഷയെ വെല്ലുവിളിക്കാനുതകുന്ന അതീവ ഗുരുതര കുറ്റകൃത്യമാണെന്നും അതിനാൽ പ്രിവൻഷൻ ഓഫ് മണി ലോണ്ടറിങ് ആക്ട് പ്രകാരം ഇ.ഡിക്കുള്ള വിശാല അധികാരങ്ങൾ ശരിവച്ചുകൊണ്ട് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചു. എന്നാൽ, ഈ വിധി പുനഃപരിശോധിക്കേണ്ടതുണ്ടെന്നാണ് ഓഗസ്റ്റ് 25-ന് സുപ്രീം കോടതി പറഞ്ഞിരിക്കുന്നത്. എന്താണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്? എന്തൊക്കെയാണ് ഇ.ഡിയുടെ വിശാല അധികാരങ്ങൾ?

എന്താണ് ഇ.ഡി.?

അടിസ്ഥാനപരമായി രാജ്യത്തെ ഒരു നിയമ നിർവ്വഹണ ഏജൻസിയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇതൊരു കേന്ദ്ര ഏജൻസിയാണ്. ധനകാര്യ നിയമങ്ങൾ കൃത്യമായി നടപ്പാക്കി രാജ്യത്തെ സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുകയാണ് ഇ.ഡിയുടെ ലക്ഷ്യം. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഒരു ലോ എൻഫോഴ്‌സ്‌മെന്റ് യൂണിറ്റായി 1956-ലാണ് ഇ.ഡി. നിലവിൽ വന്നത്. കള്ളപ്പണ നിരോധന നിയമം, വിദേശ പണമിടപാട് നിയമങ്ങൾ തുടങ്ങി രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് തന്നെ വിഘാതമാകുന്ന അതീവ ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുകയായിരുന്നു ഇ.ഡിയുടെ ലക്ഷ്യം. എൻഫോഴ്‌സ്‌മെന്റ് യൂണിറ്റ് പിന്നീട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നറിയപ്പെട്ടുതുടങ്ങി. രാജ്യത്തിന്റെ ധനകാര്യ മന്ത്രാലയത്തിന്റെ കീഴിൽ റവന്യൂ വകുപ്പിന്റെ ഭാഗമായാണ് നിലവിൽ ഇ.ഡി പ്രവർത്തിക്കുന്നത്. കള്ളപ്പണം സമ്പാദിച്ച ശേഷം മണി മാർക്കറ്റിൽ നിക്ഷേപിച്ചുകഴിഞ്ഞാൽ അത് സുരക്ഷിതമായിത്തീരും. ചോദ്യം ചെയ്യാൻ ആരും വരില്ല. ഈ സാഹചര്യത്തിൽ കള്ളപ്പണം വെളുപ്പിക്കുന്നത് നിയന്ത്രിക്കാനും തടയാനുമുള്ള ആവശ്യമുയർന്നു. ഈ സാഹചര്യത്തിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു കീഴിൽ കള്ളപ്പണ നിരോധന നിയമം നിലവിൽ വന്നത്.

ഡൽഹിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസ് | ഫോട്ടോ: PTI

ഇ.ഡിയുടെ പരിധിയില്‍ വരുന്ന നിയമങ്ങൾ

  • കള്ളപ്പണ നിരോധന നിയമം 2002 (Prevention of Money Laundering Act 2002)
  • ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് 1999 (FEMA)
  • ഫ്യുജിറ്റിവ് ഇകണോമിക് ഒഫെൻസസ് ആക്ട് 2018 (FEOA)- വിജയ് മല്യയെ പോലുള്ള പ്രമുഖരായ പലരും രാജ്യത്ത് സാമ്പത്തിക കുറ്റകൃത്യങ്ങൾ നടത്തി വിദേശരാജ്യങ്ങളിലേക്ക് കടന്ന് പിടികിട്ടാപ്പുള്ളികളായതിനു പിന്നാലെയാണ് സർക്കാർ ഈ നിയമം പാസ്സാക്കിയത്.
  • ഫോറിൻ എക്‌സ്‌ചേഞ്ച് റഗുലേഷൻ ആക്ട് 1973 (FERA)
  • സ്‌പോൺസറിങ് ഏജൻസി അണ്ടർ കൊഫെപോസ(COFEPOSA- Conservation of Foreign Exchange and Prevention of Smuggling Activities Act). അതായത് ഫെമ നിയമലംഘനവുമായി ബന്ധപ്പെട്ട് പ്രതികളെ കരുതൽ തടങ്കലിൽ വയ്ക്കുന്ന കേസുകൾ സ്‌പോൺസർ ചെയ്യാനുള്ള അധികാരം ഇ.ഡിക്കുണ്ട്.
ഇ.ഡിയുടെ ശക്തി

ലഹരിക്കടത്ത്, അഴിമതി തുടങ്ങി നിയമവിരുദ്ധ പ്രവർത്തനത്തിലൂടെ സമ്പാദിക്കുന്ന പണത്തെ നിയമവിധേയമായ പണമാക്കി മാറ്റുന്ന ക്രിമിനൽ കുറ്റകൃത്യമാണ് മണി ലോണ്ടറിങ് അഥവാ കള്ളപ്പണം വെളുപ്പിക്കൽ. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമവുമായി ബന്ധപ്പെട്ട് പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള അധികാരവും കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച വരുമാനം കണ്ടുകെട്ടാനുള്ള അവകാശവും ഇ.ഡിക്കുണ്ട്‌. കള്ളപ്പണം വെളുപ്പിക്കൽ ശ്രദ്ധയിൽപ്പെട്ടാൽ അതുമായി ബന്ധപ്പെട്ട വ്യക്തികൾ, സ്ഥാപനങ്ങൾ, വാഹനങ്ങൾ എന്നിവ ഇ.ഡി. പരിശോധിക്കും. നിയമവിരുദ്ധമായ പണം പിടിച്ചെടുക്കും.

വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട സിവിൽ കുറ്റകൃത്യങ്ങൾ മാത്രമായിരുന്നു നേരത്തേ ഇ.ഡി. കൈകാര്യം ചെയ്തിരുന്നത്. അതായത് ഫോറിൻ എക്‌സ്‌ചേഞ്ച് റഗുലേഷൻ ആക്ട് പ്രകാരം വിദേശ പണമിടപാടുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ മാത്രം. എന്നാൽ, 1947-ലെ ഫെറ നിയമങ്ങൾ 1973-ൽ കേന്ദ്രസർക്കാർ ഭേദഗതി വരുത്തി. ഈ ഭേദഗതിയോടുകൂടി ഫോറെക്‌സ് കുറ്റകൃത്യങ്ങൾ അഥവാ വിദേശ പണമിടപാടുമായുള്ള കുറ്റകൃത്യങ്ങൾ ക്രിമിനൽ കുറ്റകൃത്യങ്ങളുടെ പരിധിയിൽ വന്നു. ഒപ്പം എൻഫോഴ്‌സ്‌മെന്റ് ഓഫീസർക്കോ അസിസ്റ്റന്റ് എൻഫോഴ്‌സ്‌മെന്റ് റാങ്കിലുള്ള ഉദ്യോഗസ്ഥർക്കോ വാറണ്ട് കൂടാതെ പ്രതിയെ അറസ്റ്റ് ചെയ്യാനുള്ള അധികാരവും ഈ ഭേദഗതി നൽകി. അതോടെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അധികാരപരിധി വർധിച്ചു തുടങ്ങി. എങ്കിൽപ്പോലും ഇ.ഡി. അന്വേഷണങ്ങളും കേസുകളും അന്ന് കോർപ്പറേറ്റ് കുറ്റകൃത്യങ്ങളിൽ ഒതുങ്ങിനിന്നു. പക്ഷേ, അധികാരപരിധി കൂടിയതോടെ ഇ.ഡി. അത് ദുർവിനിയോഗപ്പെടുത്തുകയാണെന്ന വിമർശനങ്ങൾ ഒരുവശത്തുണ്ടായിരുന്നു.

1970 മുതൽ 1990-കൾ വരെ കോർപ്പറേറ്റുകളെയായിരുന്നു ഇ.ഡി. പിടിമുറുക്കിയിരുന്നത്. 1991-നു ശേഷം ഇന്ത്യ ആഗോള സമ്പദ് വ്യവസ്ഥയുടെ ഭാഗമായതോടുകൂടി രാജ്യത്ത് വലിയ സാമ്പത്തിക കുറ്റകൃത്യങ്ങൾ നടക്കാൻ തുടങ്ങി. അപ്പോഴാണ് ഫെറ പോലുള്ള ഇ.ഡി. നിയമങ്ങൾ കാലഹരണപ്പെട്ടെതാണെന്ന് സർക്കാർ തിരിച്ചറിയുന്നത്. അങ്ങനെ ഫെറ നിയമങ്ങൾ എടുത്തുകളയുകയും 1999-ൽ ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് അഥവാ ഫെമ നിയമങ്ങൾ നിലവിൽ വരികയും ചെയ്തു. ഇതൊരു സിവിൽ നിയമമമാണ്.

2022-ൽ കൊൽക്കത്തയിൽ ഇ.ഡി. പരിശോധനയിൽ പിടിച്ച ഏഴ് കോടി രൂപ | ഫോട്ടോ: ANI

രണ്ടായിരത്തോടടുത്ത് രാജ്യത്ത് കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ പെരുകിത്തുടങ്ങി. അതിനു മുമ്പ് 1989-ൽ ജി7 രാജ്യങ്ങൾ ചേർന്ന് കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിന്റെ ഭാഗമായി ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സസ് എന്ന രാജ്യാന്തര ഏജൻസി ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി രാജ്യത്തിനകത്തുള്ള നിയമവിരുദ്ധ പണമിടപാടുകൾ തടയാനായി 2002-ൽ പ്രിവെൻഷൻ ഓഫ് മണി ലോണ്ടറിങ് ആക്ട് അഥവാ പി.എം.എൽ.എ. എന്ന നിയമം കൊണ്ടുവന്നു. 2001-ലെ 9/11 ഭീകരാക്രമണവും അതിനുണ്ടായ ഹവാല ബന്ധവും ആഗോള തലത്തിൽ കള്ളപ്പണവും ഭീകരപ്രവർത്തനവും തമ്മിലുള്ള ബന്ധം ചർച്ചയാക്കി. ഇതാണ് പിന്നീട് പി.എം.എൽ.എ. നിയമ നിർമ്മാണത്തിന് കാരണമായത്. ഇ.ഡിയുടെ അധികാരങ്ങൾ ഒന്നുകൂടി ശക്തമായത് പി.എം.എൽ.എയിലൂടെയാണ്. പി.എം.എൽ എ ക്രിമിനൽ നിയമമാണ്.

2005-ൽ പി.എം.എൽ. എ. നിലവിൽ വന്നു. അത് ഇ.ഡിയെ കൂടുതൽ ഉത്തരവാദിത്തമുള്ള കരുത്തുറ്റ ഏജൻസിയാക്കി മാറ്റി. 2009, 2013, 2019 വർഷങ്ങളിൽ പി.എം.എൽ.എ. നിയമത്തിൽ ഭേദഗതികൾ വരുത്തി. ഈ ഭേദഗതികളിലൂടെ പി.എം.എൽ.എ. കൂടുതൽ ശക്തമായ നിയമമായി മാറിക്കൊണ്ടിരുന്നു. ഇത് ഇ.ഡിയുടെ അധികാരങ്ങളെയും ശക്തമാക്കി. ഇന്ന് ഇഡിക്കെതിരേ ഉയരുന്ന വിമർശനങ്ങളുടെയും അടിസ്ഥാനം കാലാകാലങ്ങളിൽ വന്ന ഈ ഭേദഗതികളിലൂടെ ഇ.ഡി. അസാധാരണമാംവിധം ശക്തമായ ലോ എൻഫോഴ്‌സ്‌മെന്റ് ഏജൻസിയായി എന്നതാണ്. അടുത്ത കാലത്തായി സി.ബി.ഐ, എൻ.ഐ.എ. എന്നീ സുപ്രധാന ഏജൻസികളേക്കാൾ പ്രാധാന്യം ഇ ഡിക്ക് കൈവരുന്നു എന്ന വിമർശനവും ഉയരുന്നുണ്ട്.

ഇ.ഡിക്കു നൽകുന്ന പ്രത്യേക അധികാരങ്ങൾ

പ്രതി ഇ.ഡിക്കു മുന്നിൽ നൽകുന്ന മൊഴി പി.എം.എൽ.എ. പ്രകാരം കോടതിയിൽ തെളിവായി സ്വീകരിക്കപ്പെടും. അതായത് പ്രതി സ്വയം കുറ്റം ഏറ്റുപറയുന്നത് തെളിവാകും എന്നു ചുരുക്കം.
പരാതിയില്ലാതെ ആർക്കെതിരെയും ഇ.ഡിക്കു അന്വേഷണം നടത്താം. കേസിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യേണ്ടതില്ല. മറ്റൊരു അതോറിറ്റിയുടെ എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താം. എൻഫോഴ്‌സ്‌മെന്റ് ഓഫീസർ എൻഫോഴ്‌സ്‌മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇ.സി.ഐ.ആർ.) സമർപ്പിച്ചാൽ മതി. ഇതിന്റെ കോപ്പി കുറ്റാരോപിതർക്ക് നൽകണമെന്നില്ല.

-വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാനുള്ള അധികാരം

-കാരണം കാണിക്കാതെ തന്നെ ഇഡിക്കുമുന്നിൽ ഹാജരാകാൻ ആവശ്യപ്പെടാം

-ജാമ്യം ലഭ്യമാകാൻ ഏറെ ബുദ്ധിമുട്ട്. 2017 വരെ ഇ.ഡി. കേസിൽ ജാമ്യം ലഭിക്കുക ഏറെക്കുറെ അസാധ്യമായിരുന്നു. കോടതിക്ക് പ്രതി കുറ്റക്കാരനല്ലെന്ന് ബോധ്യപ്പെട്ടാൽ മാത്രമായിരുന്നു ജാമ്യം. അതുവരെ പ്രതിയെ ജയിലിലടക്കാം. എന്നാൽ 2017-ൽ കോടതി ഈ വ്യവസ്ഥ എടുത്തുകളഞ്ഞു.

-രാഷ്ട്രീയ പ്രവർത്തകരെയോ സർക്കാർ ഉദ്യോഗസ്ഥരെയോ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് പ്രതിചേർക്കാനോ ഹാജരാകാൻ ആവശ്യപ്പെടാനോ ഇ.ഡിക്ക്‌ സർക്കാരിൽനിന്നോ മറ്റേതെങ്കിലും അധികാരസ്ഥാപനത്തിൽനിന്നോ അനുമതിയുടെ ആവശ്യമില്ല. ഈ അധികാരമുള്ള രാജ്യത്തെ ഏക അന്വേഷണ ഏജൻസിയാണ് ഇ.ഡി.

-കുറ്റകൃത്യത്തിലൂടെ ഉണ്ടാക്കിയതെന്ന് ഇ.ഡി. നിരീക്ഷിക്കുന്ന ഏത് ആസ്തിയും കണ്ടുകെട്ടാം. ആരിൽ നിന്നാണോ വസ്തുവകകളോ രേഖകളോ പിടിച്ചെടുക്കുന്നത് അവർ അതിന്റെ ഉടമയായി കണക്കാക്കപ്പെടും. ഒരാൾ ബിനാമിയെ ഉപയോഗിച്ച് ഇടപാടുകൾ നടത്തിയാൽ പിടിക്കപ്പെടുന്നത് ബിനാമികളാകുമെന്ന് ചുരുക്കം.

--2019-ലെ ഭേദഗതിയിലൂടെ പി.എം.എൽ.എ. ഒന്നുകൂടി ശക്തമാക്കപ്പെട്ടു. കള്ളപ്പണം വെളുപ്പിക്കലിനെ സ്വതന്ത്ര കുറ്റകൃത്യമായി കണക്കാക്കണമെന്നും കേസെടുക്കാൻ മറ്റ് അതോറിറ്റിയുടെ (പോലീസ്, സി.ബി.ഐ., എൻ.ഐ.എ.) എഫ്.ഐ.ആറിനുവേണ്ടി കാത്തിരിക്കേണ്ട ആവശ്യമില്ലെന്നും 2019 ഭേദഗതിയിൽ വ്യക്തമാക്കുന്നു. രാജ്യസഭയിലെ എതിർപ്പ് മറികടക്കാനായി അന്ന് അത് മണി ബിൽ ആയാണ് ഇത് ലോക്സഭയിൽ അവതരിപ്പിക്കപ്പെട്ടത്. മണിബിൽ ആയതിനാൽ രാഷ്ട്രപതിയുടെ മുൻകൂർ അനുമതിയോടെ ലോക്സഭയിൽ മാത്രമേ അവതരിപ്പിക്കാനാകൂ. ലോക്സഭ പാസാക്കിയ ബിൽ രാജ്യസഭയുടെ പരി​ഗണനയ്ക്കായി അയക്കും. രാജ്യസഭ അതിൽ ഭേദ​ഗതി നിർദ്ദേശിച്ചാലും ലോക്സഭ അത് പരി​ഗണിക്കണമെന്ന് നിർബന്ധമില്ല.
പിന്നീട് ഈ ഭേദ​ഗതിയുടെ ഭരണഘടനാ സാധുതയും ചോദ്യം ചെയ്യപ്പെട്ടു. മണി ബില്ലിനെ നിർവ്വചിച്ചിരിക്കുന്ന 110-ാം അനുഛേദപ്രകാരമുള്ള പ്രത്യേകതകൾ പാലിച്ചാൽ മാത്രമേ അതിനെ മണി ബില്ലായി പരി​ഗണിക്കൂ. പി.എം.എൽ.എ ഭേദ​ഗതി ഇത് പാലിക്കപ്പെടുന്നുണ്ടോ എന്ന ചോ​ദ്യമാണ് ഭരണഘടനാ സാധുത ചോദ്യംചെയ്യപ്പെടാൻ കാരണം.

-കള്ളപ്പണം വെളുപ്പിക്കലിനെ സ്വതന്ത്ര കുറ്റകൃത്യമായി കണക്കാക്കാമെന്നും കേസെടുക്കാൻ മറ്റ് അതോറിറ്റിയുടെ (പോലീസ്, സി.ബി.ഐ., എൻ.ഐ.എ.) എഫ്.ഐ.ആറിനുവേണ്ടി കാത്തിരിക്കേണ്ട ആവശ്യമില്ലെന്നും 2019 ഭേദഗതിയിൽ വ്യക്തമാക്കുന്നു.

-കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച വസ്തുവകകളുടെ പട്ടിക കൂട്ടി. രാജ്യത്തിന് പുറത്തുള്ള നിയമവിരുദ്ധ ആസ്തികളും കുറ്റകൃത്യത്തിലൂടെ സമ്പാദ്യമായി പരിഗണിക്കപ്പെടും.

-എല്ലാ പി.എം.എൽ.എ. കുറ്റകൃത്യങ്ങളും ജാമ്യമില്ലാ കുറ്റങ്ങളായിരിക്കും

-കുറ്റം മറച്ചുവയ്ക്കുന്നത് പ്രത്യേക കുറ്റമായി പരിഗണിക്കപ്പെടും. യഥാർത്ഥ പ്രതി ചെയ്യുന്ന കുറ്റകൃത്യത്തിന് സമാനമായിരിക്കും ഇത്.

എൻഫോഴ്സ്മെന്റ് സീൽ തെയ്ത ഹെറാൾഡ് ഹൗസ് ഹിൽഡിങ്ങിലെ ദ യങ് ഇന്ത്യ ഓഫീസ് | ഫോട്ടോ: ANI

മൗലികാവകാശ ലംഘനമോ?

ഈ ഭേദഗതികൾ മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുകൊണ്ട് സമർപ്പിച്ച ഹർജിയിൽ ഇ.ഡിയുടെ അധികാരങ്ങൾക്ക് ഭരണഘടനാ സാധുതയുണ്ടെന്നും കള്ളപ്പണനിരോധന നിയമം കർശനമായിരിക്കണമെന്നും ഇ.ഡിക്ക് അസാധാരണ അവകാശങ്ങൾ ആവശ്യമാണെന്നും 2022 ജൂലൈയിൽ സുപ്രീം കോടതി നിരീക്ഷിച്ചത്.

2019 വരെ മണി ലോണ്ടറിങ്‌ സ്വതന്ത്ര കുറ്റകൃത്യമായി പരിഗണിക്കപ്പെട്ടിരുന്നില്ല, അഴിമതി, ഭീകരവാദം തുടങ്ങിയ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെടുത്തി ആയിരുന്നു അന്വേഷണം നടത്തിയിരുന്നത്. പോലീസ്, സി.ബി.ഐ., എൻ.ഐ.എ. തുടങ്ങി രാജ്യത്തെ അന്വേഷണ ഏജൻസികൾ ഏറ്റെടുക്കുന്ന കേസുകളിൽ ഉൾപ്പെടുന്ന സാമ്പത്തിക കുറ്റകൃത്യങ്ങളിൽ അന്വേഷണം നടത്തുന്നത് ഇ.ഡി. ആയിരിക്കും.

വർധിക്കുന്ന റെയ്‍ഡുകൾ, തെളിവില്ലാതെ കേസുകൾ!

ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുപ്രകാരം രാജ്യസഭയിൽ കേന്ദ്രസർക്കാർ നൽകിയ റിപ്പോർട്ട് അനുസരിച്ച് 2014 മുതൽ 2022 വരെ ഇ.ഡി. രാജ്യത്ത് നടത്തിയത് 3010 റെയ്ഡുകളാണ്. 2004 മുതൽ 2014 വരെ ഇത് 112 ആയിരുന്നു. 27 മടങ്ങാണ് ഇ.ഡി. റെയ്ഡുകൾ കഴിഞ്ഞ എട്ട് വർഷത്തിൽ വർധിച്ചത്. കഴിഞ്ഞ എട്ടു വർഷത്തിൽ 99,356 കോടി രൂപ വിലവരുന്ന കുറ്റകൃത്യ വരുമാനം അഥവാ പ്രൊസീഡ്‌സ് ഓഫ് ക്രൈം ഇ.ഡി കണ്ടുകെട്ടിയിട്ടുണ്ട്.

ഇ.ഡി. അപ്രൈസൽ റിപ്പോർട്ട് പ്രകാരം 4964 എൻഫോഴ്‌സ്‌മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ടുകളിൽ ചാർജ്ജ് ഷീറ്റ് നൽകിയത് 993 കേസുകൾക്ക് മാത്രമാണ് ഇതിൽ വെറും 23 കേസുകളിൽ മാത്രമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. കോടതിയിൽ മതിയായ തെളിവുകളില്ലാത്തതിനാലാണ് ചാർജ്ജ് ഷീറ്റ് ഫയൽ ചെയ്യപ്പെട്ട ആയിരത്തോളം കേസുകളിൽ വെറും 2.3 ശതമാനം കേസുകളിൽ മാത്രമാണ് പ്രതികൾ ശിക്ഷിക്കപ്പെട്ടിരിക്കുന്നത് എന്നർഥം.

1950 മുതൽ ഇതുവരെ രാജ്യത്ത് അധികാരത്തിലിരുന്ന സർക്കാരുകളെല്ലാം തന്നെ ഇ.ഡിയുടെ അധികാരങ്ങൾ ദുർവിനിയോഗം ചെയ്യുന്നതായി വിമർശിക്കപ്പെട്ടിട്ടുണ്ട്. പ്രതിപക്ഷം അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങൾക്കോ ഭരണകക്ഷിക്കെതിരേ സംസാരിക്കുന്ന വ്യക്തികൾക്കോ എതിരെ കേന്ദ്രസർക്കാരിന്റെ ഉപകരണമായാണ്‌ ഇ.ഡി. പ്രവർത്തിക്കുന്നതെന്ന വിമർശനം എക്കാലത്തും രാജ്യത്തുണ്ട്. സി.ബി.ഐ., ഐ.ടി.. എൻ.ഐ.എ., ഇ.ഡി. എന്നീ കേന്ദ്ര അന്വേഷണ ഏജൻസികൾ എല്ലാം തന്നെ അധികാര ദുർവിനിയോഗത്തിന്റെ പേരിൽ വിമർശനം നേരിടുന്നുമുണ്ട്.

Content Highlights: Enforcement Directorate Powers and Politics

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023


Finland

1 min

താമസിക്കാന്‍ ആഢംബര വില്ല; പത്ത് പേര്‍ക്ക് സൗജന്യമായി ഫിന്‍ലന്‍ഡ് സന്ദര്‍ശിക്കാന്‍ അവസരം

Mar 28, 2023


Rahul Gandhi

1 min

രാഹുലിനെ അയോഗ്യനാക്കിയ സംഭവം നിരീക്ഷിച്ചു വരുന്നെന്ന് യു.എസ്.

Mar 28, 2023

Most Commented