തിപ്ര മോത പ്രതിഭാസം, കൊഴിഞ്ഞുപോക്കും ഇടത്-കോൺഗ്രസ് സഖ്യവും; എളുപ്പമാവില്ല ബി.ജെ.പിക്ക് ത്രിപുര


കെ.പി. നിജീഷ് കുമാര്‍Premium

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്‌ക്കൊപ്പം ത്രിപുര മുഖ്യമന്ത്രി മണിക് സാഹ|ANI

ഞാനെപ്പോഴും രോഗബാധിതനായിരിക്കട്ടെയെന്നാണ് എന്റെ രാഷ്ട്രീയ എതിരാളികള്‍ ആഗ്രഹിക്കുന്നത്. അവരെനിക്ക് പണം വാഗ്ദാനം ചെയ്തു, മുഖ്യമന്ത്രിസ്ഥാനവും എം.പി. സ്ഥാനവും വാഗ്ദാനം ചെയ്തു. നിങ്ങളുടെ ബുബാഗ്ര (ത്രിപുരന്‍ കോക്‌ബ്രോക് ഭാഷയില്‍ രാജാവ്) മരണമില്ലാത്തവനല്ല, പക്ഷെ, പണത്തിനും സ്ഥാനത്തിനും മുന്നില്‍ വീഴില്ല. ഞാന്‍ മരിക്കുമ്പോള്‍ എന്റെ ജനങ്ങള്‍ പറയണം പ്രദ്യോത് കിഷോര്‍ മാണിക്യ ദേബ് ബര്‍മ ജനങ്ങള്‍ക്കുവേണ്ടി പോരാടി മരിച്ചവനാണെന്ന്.

ത്രിപുരയില്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള രാഷ്ട്രീയ കോലാഹലം അലയടിക്കുമ്പോൾ തിപ്ര മോതയെന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവും രാജകുടുംബാംഗവും മുന്‍ കോണ്‍ഗ്രസ് അധ്യക്ഷനുമായ പ്രദ്യോത് കിഷോര്‍ മാണിക്യ ദേബ് ബര്‍മയുടെ ഈ വാക്കുകള്‍ വേറിട്ടുനിന്നു. മൂന്നു പതിറ്റാണ്ടുകാലം സി.പി.എം. അടക്കി വാണ ത്രിപുരയില്‍ ആ കുതിപ്പ്‌ അവസാനിപ്പിച്ച് 2018-ല്‍ ബി.ജെ.പി. അധികാരം പിടിച്ചുവെങ്കിലും അത്ര എളുപ്പമാവില്ല ഭരണത്തുടർച്ചയെന്നത്‌. പല സംസ്ഥാനങ്ങളിലും ബി.ജെ.പിയിലേക്ക് മറ്റു പാർട്ടികളിൽനിന്ന് നേതാക്കളും പ്രവർത്തകരും ഒഴുകിയെത്തുമ്പോൾ ത്രിപുരയില്‍ നേരെ തിരിച്ചാണ് സംഭവിക്കുന്നത്. ഇതുവരെ എട്ട് എം.എല്‍.എമാര്‍ ബി.ജെ.പി. സഖ്യം വിട്ടു. ഇതില്‍ അഞ്ചു പേരും വിട്ടുപോയത് ബിജെപിയില്‍ നിന്നാണ്. ബി.ജെ.പിയെ ഒറ്റക്ക് നേരിടാനാവില്ലെന്ന് തിരിച്ചറിഞ്ഞ് സംസ്ഥാനത്ത് സി.പി.എം-കോണ്‍ഗ്രസ് സഖ്യം ത്രിപുര മോഡലിന് തുടക്കമിട്ടിരിക്കുന്നു, ഒപ്പം തിപ്ര മോതയെന്ന പാര്‍ട്ടിയുടെ പെട്ടെന്നുള്ള വളര്‍ച്ചയും മുന്നേറ്റവും.

ബൈച്ചിങ് ബൂട്ടിയക്കൊപ്പം പ്രദ്യോത് കിഷോര്‍ മാണിക്യ ദേബ് ബര്‍മ | Photo: ANI

പ്രദ്യോതിന്റെ നേതൃത്വത്തിലുള്ള തിപ്രയുടെ വളര്‍ച്ച ബി.ജെ.പിയെ അസ്വസ്ഥമാക്കാന്‍ തുടങ്ങിയത് കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ നടന്ന ത്രിപുര ട്രൈബല്‍ ഓട്ടോണമസ് ഡിസ്ട്രിക്ട് കൗണ്‍സില്‍ തിരഞ്ഞെടുപ്പിന് ശേഷമാണ്. ആകെ 28 സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.-ഐ.പി.എഫ്.ടി. സഖ്യത്തെ തറപറ്റിച്ച് തിപ്ര നേടിയത് 18 സീറ്റാണ്. ഇത് ചെറുതായല്ല ബി.ജെ.പിയെ ഞെട്ടിച്ചത്. ത്രിപുരയിലെ ഗോത്രവര്‍ഗ മേഖലകള്‍ കൂട്ടിച്ചേര്‍ത്ത് ഗ്രേറ്റര്‍ തിപ്ര ലാന്‍ഡ് എന്ന പുതിയ സംസ്ഥാനം രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രദ്യോത് തിപ്ര മോതയ്ക്ക് രൂപം കൊടുത്തത്. ഗ്രോതവര്‍ഗങ്ങള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള ത്രിപുരയില്‍ ജനങ്ങള്‍ക്കിടയില്‍നിന്ന് തിപ്രയ്ക്ക് വലിയ പിന്തുണയും ലഭിക്കുന്നുണ്ട്. ഇതിനിടെയാണ് ഫെബ്രുവരി 16-ന് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്നത്. പ്രദ്യൂതിന്റെ ജനപിന്തുണ മുന്നില്‍ കണ്ട് വാഗ്ദാനങ്ങളുമായി ബി.ജെ.പി. സമീപിക്കുന്നുണ്ടെങ്കിലും പ്രത്യേക ഗ്രോത്ര സംസ്ഥാനമെന്ന ആവശ്യത്തില്‍നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് പ്രദ്യൂതും സംഘവും.

മണിക് സാഹ, ബിപ്ലവ് കുമാര്‍ എന്നിവര്‍ | Photo: ANI

  • കൊഴിഞ്ഞുപോക്കിന്റെ ആശങ്കയില്‍ ബി.ജെ.പി.
തിരഞ്ഞെടുപ്പ് ആസന്നമായി നില്‍ക്കെ മുതിര്‍ന്ന ബി.ജെ.പി.നേതാവ് ദിപ ചന്ദ്ര ഹൃങ്ഖാവല്‍ എ.എല്‍.എ സ്ഥാനം രാജിവെച്ച് കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തിയത് ഈയടുത്താണ്. കോണ്‍ഗ്രസ് ത്രിപുര പ്രസിഡന്റായിരുന്ന ഇദ്ദേഹം 2016-ലാണ് ആറ് എം.എല്‍.എമാര്‍ക്കൊപ്പം പാര്‍ട്ടി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. 2018 -ലെ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബി.ജെ.പിയില്‍ ചേരുകയും ചെയ്തു. ഒടുവില്‍ മറ്റൊരു തിരഞ്ഞെടുപ്പു കൂടിയെത്തുമ്പോള്‍ ഇദ്ദേഹം വീണ്ടും കോണ്‍ഗ്രസിലെത്തിയിരിക്കുകയാണ്.

ഈ വര്‍ഷമാദ്യം ബി.ജെ.പിയില്‍നിന്ന് രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്ന മറ്റൊരാളാണ് ആശിഷ്‌കുമാര്‍ സാഹ. 2016-ല്‍ ദിപ ചന്ദ്ര ഹൃങ്ഖാവലിനൊപ്പം കോണ്‍ഗ്രസ് വിട്ട നേതാവ് കൂടിയാണ് സാഹ. ത്രിപുര രാഷ്ട്രീയത്തിലെ തലപ്പൊക്കമുള്ള നേതാക്കളില്‍ ഒരാളായ സുദീപ് റോയ് ബര്‍മന്‍ കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ബി.ജെ.പിയില്‍നിന്ന് രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. പിന്നീട് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ആശിഷ് കുമാര്‍ സാഹ ഇപ്പോഴത്തെ മുഖ്യമന്ത്രി മണിക് സാഹയോട് പരാജയപ്പെട്ടപ്പോള്‍ സുദീപ് റോയ് ബര്‍മന്‍ വിജയിച്ച് കയറി. സംസ്ഥാനത്തെ ഏക കോണ്‍ഗ്രസ് എം.എല്‍.എ. കൂടിയാണ് ഇദ്ദേഹം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേക്കേറിയ ബര്‍മന്‍ വൈകാതെ ബിപ്ലബ് കുമാര്‍ ദേബുമായി തെറ്റി പാര്‍ട്ടി വിടുകയായിരുന്നു.

മറ്റൊരു ബി.ജെ.പി. എം.എല്‍.എ ആശിഷ് ദാസിനെ നേരത്തെ സ്പീക്കര്‍ അയോഗ്യനാക്കിയിരുന്നു. ആറ് വര്‍ഷത്തേക്കായിരുന്നു അയോഗ്യത. ഇയാള്‍ പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നെങ്കിലും വൈകാതെ പാര്‍ട്ടി വിട്ടു. ബി.ജെ.പിയുടെ സഖ്യകക്ഷിയായ ഐ.പി.എഫ്.ടിയുടെ ധനഞ്ജോയ് ത്രിപുര, ബ്രിഷകേതു ദേബവര്‍മ, മേവാര്‍ കുമാര്‍ ജമാതിയ എന്നീ മൂന്ന് എം.എല്‍.എമാരും ഇതിനിടെ രാജിവെച്ചിരുന്നു. ഇതില്‍ ബ്രിഷകേതുവിന്റെ ഒഴികേയുള്ള രാജികള്‍ സ്വീകരിച്ചെങ്കിലും നടപടി ക്രമങ്ങളിലെ പാളിച്ചകള്‍ ചൂണ്ടിക്കാട്ടി അദ്ദേഹവും അയോഗ്യനാക്കപ്പെട്ടു. ഐ.പി.എഫ്.ടി വിട്ട ഈ മുന്ന് പേരും ഇപ്പോള്‍ ത്രിപ മോതയിലാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ബി.ജെ.പിയുടെ സാധ്യത മങ്ങുകയും ചെയ്തതോടെ വരുംദിവസങ്ങളില്‍ ബി.ജെ.പിയില്‍നിന്ന് ഇനിയും കൊഴിഞ്ഞുപോക്കുണ്ടാവുമെന്ന സൂചനയും ലഭിക്കുന്നുണ്ട്. ഇതിനിടെ കഴിഞ്ഞ വര്‍ഷം ജൂണില്‍ നാല് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ മൂന്നിടത്തും ബി.ജെ.പിക്ക് വിജയിച്ച് കയറാനായെങ്കിലും കൊഴിഞ്ഞുപോക്ക് തടയാനായിരുന്നില്ല. മൂന്നിടത്ത് ബി.ജെ.പിയും ഒരിടത്ത് കോണ്‍ഗ്രസുമായിരന്നു വിജയിച്ചത്. സി.പി.എമ്മിന് അവരുടെ സിറ്റിങ് സീറ്റ് നഷ്ടമാവുകയും ചെയ്തു. കൊഴിഞ്ഞുപോക്കിന്റെ പേരിൽ ബി.ജെ.പി. പ്രവർത്തകരും മറ്റു പാർട്ടി പ്രവർത്തകരും തെരുവിൽ ഏറ്റുമുട്ടുന്നതും ഇപ്പോൾ പതിവാണ്.

ബിപ്ലബ് കുമാര്‍,മണിക് സാഹ എന്നിവര്‍ | Photo: ANI

  • ഗുജറാത്ത് മോഡല്‍ മുഖ്യമന്ത്രി മാറ്റം, ത്രിപുരയില്‍ വിലപ്പോവുമോ
തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പേ ഭരണവിരുദ്ധ വികാരം മറികടക്കാന്‍ മുഖ്യമന്ത്രിയെ മാറ്റുകയെന്ന തന്ത്രമാണ് കഴിഞ്ഞ കുറച്ചുകാലമായി ബി.ജെ.പി. പയറ്റുന്നത്. ഗുജാറാത്തില്‍ ഇത് വിലപ്പോയപ്പോള്‍ ഇതേ തന്ത്രം ത്രിപുരയിലും പയറ്റുകയെന്ന ഉദ്ദേശ്യത്തോടെയാണ് ബിപ്ലബ്‌ കുമാറിനെ മാറ്റി ഡോ. മണിക് സാഹയെ മുഖ്യമന്ത്രി സ്ഥാനത്തേക്കെത്തിച്ചത്. മുന്‍ കോണ്‍ഗ്രസ് നേതാവുകൂടിയായ മണിക് സാഹ 2016-ലാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. 2020 മുതല്‍ 22 വരെ ബി.ജെ.പി. സംസ്ഥാന അധ്യക്ഷനായിരുന്ന സാഹ കഴിഞ്ഞ മെയ് മാസത്തിലാണ് ത്രിപുരയുടെ മുഖ്യമന്ത്രിയായി അധികാരത്തിലേറിയത്.

ത്രിപുരയിലെ ആദ്യ ബി.ജെ.പി. മുഖ്യമന്ത്രി ബിപ്ലബ്‌ കുമാര്‍ ഭരണത്തിലിരിക്കുമ്പോള്‍ അരങ്ങേറിയ അക്രമ സംഭവങ്ങളും എം.എല്‍.എമാര്‍ക്കുണ്ടായ നീരസവുമായിരുന്നു ബിപ്ലബിന്റെ കസേര തെറുപ്പിച്ചത്. ഒപ്പം പാര്‍ട്ടിക്കുള്ളിലെ തര്‍ക്കവും വിനയായി. തിരഞ്ഞെടുപ്പു കൂടിയടുത്ത സാഹചര്യത്തില്‍ ജനവികാരം എതിരാവുമെന്ന ആര്‍.എസ്.എസ്. മുന്നറിയിപ്പും ബിപ്ലബിന്റെ കസേര തെറിക്കാന്‍ കാരണമായി. തുടര്‍ന്ന് കഴിഞ്ഞ മേയില്‍ മുഖ്യമന്ത്രിയെ മാറ്റുകയും സാഹയെ പുതിയ മുഖ്യമന്ത്രിയായി തീരുമാനിക്കുകയും ചെയ്തു. സംസ്ഥാന അധ്യക്ഷനായിരിക്കേ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബി.ജെ.പിയുണ്ടാക്കിയ മുന്നേറ്റമാണ് ദന്തരോഗ വിദഗ്ധനായ സാഹയ്ക്ക് മുഖ്യമന്ത്രി പദത്തിലേക്കുള്ള വഴിയൊരുക്കിയത്.

ഇതിനിടെയാണ് മുന്നണിയിലെ വിള്ളലും പാര്‍ട്ടിയിലെ കൊഴിഞ്ഞുപോക്കും കൂടുതല്‍ പ്രതിസന്ധി സൃഷ്ടിച്ചത്. 2018-ല്‍ പാര്‍ട്ടിയെ അധികാരത്തിലേറാന്‍ ഏറെ സഹായിച്ച ഗോത്ര വിഭാഗ നേതാക്കളാണ് പാര്‍ട്ടി വിടുന്നവരില്‍ കൂടുതല്‍ എന്നതാണ് തലവേദന കൂട്ടിയത്‌. 60 അംഗ ത്രിപുര നിയമസഭയിലേക്ക് 2018-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 35 സീറ്റുകള്‍ നേടിയാണ് ബി.ജെ.പി. അധികാരം പിടിച്ചെടുത്തത്‌. തുടര്‍ച്ചയായി സംസ്ഥാനം ഭരിച്ചുകൊണ്ടിരുന്ന സി.പി.എമ്മിന് 16 സീറ്റുകളില്‍ മാത്രമാണ് ജയിക്കാനായത്.

  • ബിജെപിയെ നേരിടാന്‍ വൈരം മറന്ന് സി.പി.എമ്മും-കോണ്‍ഗ്രസും
ബി.ജെ.പിയെ തൂത്തെറിയുകയെന്ന ലക്ഷ്യത്തോടെ ഇത്തവണ വൈരം മറന്ന് സി.പി.എമ്മും-കോണ്‍ഗ്രസും ഒന്നിച്ചുനില്‍ക്കുന്നുവെന്നതാണ് ത്രിപുരയിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ നീക്കം. കോണ്‍ഗ്രസുമായുള്ള കൂടിച്ചേരലിന് എന്നും വിലങ്ങുതടിയായി നിന്ന സി.പി.എം. കേരള നേതൃത്വം പോലും ത്രിപുരയില്‍ വാശി മാറ്റിവച്ചതോടെ സീറ്റ് ചര്‍ച്ചകളടക്കം പുരോഗമിക്കുകയാണ്. സംസ്ഥാനത്ത് നിര്‍ണായക ശക്തിയാവുമെന്ന് കരുതുന്ന തിപ്ര മോതയേയും സഖ്യത്തിലേക്ക് കൂട്ടിച്ചേര്‍ക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഒറ്റയ്ക്ക് മത്സരിക്കുകയെന്നതില്‍ നിന്ന് തിപ്ര വിട്ടുവീഴ്ചയ്ക്കില്ലെന്നാണ് നേതൃത്വം ചൂണ്ടിക്കാട്ടുന്നത്.

പ്രത്യേക സംസ്ഥാനം വേണമെന്ന തിപ്ര പാര്‍ട്ടിയുടെ ആവശ്യത്തില്‍നിന്ന് പിന്നോട്ട് പോവില്ലെന്ന സൂചന തന്നെയാണ് പ്രദ്യോത് മാണിക്യ ദേവ് ബര്‍മ വ്യക്തമാക്കുന്നത്. എന്തും ചര്‍ച്ച ചെയ്യാമെന്നും പക്ഷെ ബി.ജെ.പിയെ തോല്‍പിക്കുകയാണ് ലക്ഷ്യമെന്നുമാണ് ഇത് സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നല്‍കിയ മറുപടി. സഖ്യം സംബന്ധിച്ച അവസാനവാക്ക് തിപ്ര പ്രഖ്യാപിച്ചിട്ടില്ലാത്തതിനാല്‍ തിപ്രയേയും വിശാല മുന്നണിയുമായി സഹകരിപ്പിക്കാമെന്നാണ് സി.പി.എം. കരുതുന്നത്. സീറ്റുകളുടെ എണ്ണത്തിലല്ല കാര്യമെന്നും ബി.ജെ.പിയെ അധികാരത്തില്‍നിന്ന് പുറത്താക്കുകയാണ് ലക്ഷ്യമെന്നുമാണ് സി.പി.എം. ത്രിപുര സംസ്ഥാനസെക്രട്ടറി ജിതേന്ദ്ര ചൗധരി ചൂണ്ടിക്കാട്ടുന്നത്.

സീറ്റ് ധാരണ സംബന്ധിച്ച് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി അജോയ് കുമാറും ഇടതുമുന്നണി നേതാക്കളുമായി ചര്‍ച്ച നടത്തിയിട്ടുമുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഭരണഘടന കാറ്റില്‍പ്പറത്തിയുള്ള ബി.ജെ.പി. ഭരണത്തിന് കടിഞ്ഞാണിടാന്‍ അവരെ എതിര്‍ക്കുന്ന എല്ലാ കക്ഷികളുമായും യോജിക്കുമെന്നാണ് ഇടതു നേതാക്കള്‍ പറയുന്നത്. എന്നാല്‍, സി.പി.എമ്മും കോണ്‍ഗ്രസും സഹകരിക്കുന്നത് തങ്ങള്‍ക്ക് ഗുണകരമാകുമെന്നാണ് ബി.ജെ.പി. അവകാശപ്പെടുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിക്കെതിരേ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയ സി.പി.എമ്മിന് ഒറ്റ സീറ്റുപോലും നേടാന്‍ കഴിഞ്ഞിരുന്നില്ല. ഇത് ത്രിപുരയിലും ആവര്‍ത്തിക്കുമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസും ബി.ജെ.പിയും ചൂണ്ടിക്കാട്ടുന്നത്.

ത്രിപുരയില്‍ സമരത്തിനിടെ സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, വൃന്ദകാരാട്ട്, പ്രകാശ് കാരാട്ട് എന്നിവര്‍ | Photo: ANI

  • ലോക്‌സഭ ലക്ഷ്യമിട്ട് ത്രിപുര മോഡല്‍
ബി.ജെ.പി.ക്കെതിരേ സി.പി.എം.-കോണ്‍ഗ്രസ് സഹകരണത്തിനുള്ള 'ത്രിപുര മോഡല്‍' അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള രാഷ്ട്രീയ സന്ദേശമെന്നാണ് പാര്‍ട്ടി നേതാക്കളുടെ വിശദീകരണം. കേരളത്തില്‍ കോണ്‍ഗ്രസിനെ രൂക്ഷമായി എതിര്‍ത്തുകൊണ്ടുതന്നെ, ബി.ജെ.പിയെ നേരിടാനാണ് തങ്ങള്‍ സൃഷ്ടിക്കുന്ന ത്രിപുര മോഡലെന്ന പ്രചാരണവും സി.പി.എം. ഏറ്റെടുക്കും. ഇതുവഴി ബി.ജെ.പിയെ താഴെയിറക്കാന്‍ സി.പി.എമ്മാണ് മുന്നില്‍നില്‍ക്കുന്നതെന്ന രാഷ്ട്രീയ വ്യാഖ്യാനവും ഊര്‍ജിതമാക്കും. നിലവില്‍ കോണ്‍ഗ്രസുമായി സഹകരണമുള്ള മറ്റു സംസ്ഥാനങ്ങളില്‍ ത്രിപുര മോഡല്‍ സി.പി.എമ്മിന് സംഘടനാപരമായി ഗുണംചെയ്യുമെന്നാണ് കരുതുന്നത്.

കോണ്‍ഗ്രസ് സഹകരണത്തിന്റെ പേരില്‍ മൂന്നു പാര്‍ട്ടി കോണ്‍ഗ്രസുകളിലും കേരള ഘടകം കേന്ദ്ര നേതൃത്വവുമായി ഉടക്കിനിന്നിരുന്നു. ബി.ജെ.പിക്കെതിരേയുള്ള ചേരിയില്‍ കോണ്‍ഗ്രസിനെ വിശ്വസിക്കാനാവില്ലെന്നു വാദിച്ച് കഴിഞ്ഞ വര്‍ഷം കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസിലും കേരള ഘടകം തുറന്നടിച്ചു. പക്ഷേ, ബി.ജെ.പിക്കെതിരേ വിശാല ജനാധിപത്യ- മതേതര ചേരി വേണമെന്ന് പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനമെടുക്കുകയായിരുന്നു. കേരള ഘടകത്തിന്റെ വാദങ്ങള്‍ക്ക് പിന്തുണ നല്‍കിയ മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ കൂടി സാന്നിധ്യത്തിലാണ് കോണ്‍ഗ്രസുമായി കൈകോര്‍ക്കാനുള്ള ത്രിപുര സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം.

Content Highlights: Tripura Assembly Election 2023


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
chintha jerome jayarajan

2 min

തെറ്റുപറ്റാത്തവരായി ആരെങ്കിലും ഉണ്ടോ? യുവനേതാവിനെ തളർത്തിക്കളയാമെന്ന് ആരും വ്യാമോഹിക്കണ്ട- ഇ.പി

Jan 30, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


john brittas mp

1 min

മോദിയുടേയും അദാനിയുടേയും വളർച്ച സമാന്തര രേഖ പോലെ,രാജ്യത്തെ പദ്ധതികൾ എല്ലാംപോയത് അദാനിക്ക്-ബ്രിട്ടാസ്

Jan 28, 2023

Most Commented