ലോകത്തെ പ്രധാന സാമ്പത്തിക ശക്തികളുടെ കൂട്ടായ്മയായ ജി-20യുടെ അടുത്തവർഷത്തെ അധ്യക്ഷസ്ഥാനം ഇന്ത്യക്കു കൈമാറുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇൻഡൊനീഷ്യൻ പ്രസിഡന്റ് ജോക്കോ വിദോദോയും | Photo: ANI Photo
'ഈ യുഗം യുദ്ധത്തിന്റേതല്ല' എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുദ്ധവിരുദ്ധ വാചകം കാതലാക്കിയ സംയുക്ത പ്രഖ്യാപനത്തോടെ, ഇന്‍ഡൊനീഷ്യയിലെ ബാലിയില്‍ നടന്ന ജി-20 ഉച്ചകോടിക്ക് സമാപനമായി. യുക്രൈനില്‍ നടത്തുന്ന അധിനിവേശം അവസാനിപ്പിക്കണമെന്നും റഷ്യ പിന്മാറണമെന്നുമുള്ള പ്രഖ്യാപനത്തോടെ അവസാനിച്ച ഉച്ചകോടിയില്‍, കൂട്ടായ്മയുടെ അധ്യക്ഷ സ്ഥാനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റെടുത്തു. ലോകത്തിലെ ഏറ്റവും കരുത്തരായ 19 രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനുമടങ്ങുന്ന കൂട്ടായ്മയുടെ അമരത്തേക്കാണ് ഇന്ത്യ എത്തുന്നത്. യുദ്ധം പ്രധാനചര്‍ച്ചയായ ബാലി ഉച്ചകോടിയിലെ തീരുമാനം സംബന്ധിച്ച സംയുക്ത പ്രഖ്യാപനത്തെക്കുറിച്ച് അന്തിമ ധാരണയായശേഷമായിരുന്നു ഇന്ത്യക്ക് അധ്യക്ഷസ്ഥാനം കൈമാറിയത്. സമാപന യോഗത്തില്‍ ഇന്‍ഡൊനീഷ്യന്‍ പ്രസിഡന്റ് ജോക്കോ വിദോദോ അധ്യക്ഷ സ്ഥാനത്തിന്റെ പ്രതീകമായി ചുറ്റിക നരേന്ദ്ര മോദിക്ക് കൈമാറി.
റഷ്യ-യുക്രൈന്‍ യുദ്ധത്തെ എങ്ങനെ വിശേഷിപ്പിക്കണമെന്ന കാര്യത്തില്‍ അംഗരാജ്യങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടായിരുന്നു. ഇക്കാര്യത്തില്‍ വലിയ ചര്‍ച്ചകളാണ് ഉച്ചകോടിയില്‍ നടന്നത്. റഷ്യയുടെ നടപടിയെ അപലപിക്കണമെന്ന നിലപാടായിരുന്നു അമേരിക്കയ്ക്കും യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും. ഒടുവില്‍ 'ഭൂരിഭാഗം രാജ്യങ്ങളും യുദ്ധത്തെ ശക്തമായി അപലപിക്കുന്നു' എന്നതായിരുന്നു സംയുക്തപ്രഖ്യാപനം. ഇത് മനുഷ്യന് വലിയ കഷ്ടപ്പാടുകള്‍ സൃഷ്ടിക്കുകയും ആഗോള സമ്പദ്വ്യവസ്ഥയുടെ നിലവിലുള്ള ദുര്‍ബലത വര്‍ധിപ്പിക്കുകയും ചെയ്യുന്നുവെന്നും അവര്‍ ഊന്നിപ്പറഞ്ഞു. ചൈന ഉള്‍പ്പെടെയുള്ളവര്‍ വിരുദ്ധ നിലപാട് സ്വീകരിച്ചേക്കുമെന്ന സംശയമുള്ളതിനാല്‍ സംയുക്ത പ്രഖ്യാപനത്തിന്റെ കാര്യത്തില്‍ തീരുമാനമാകുമോ എന്ന ആശങ്കയുണ്ടായിരുന്നു. എന്നാല്‍, രാജ്യങ്ങള്‍ ഭിന്നതകള്‍ പരിഹരിച്ച് പ്രഖ്യാപനത്തിലേക്ക് എത്തുകയായിരുന്നു.
ഇത് യുദ്ധത്തിന്റെ യുഗമല്ലെന്നും നയതന്ത്രവും ചര്‍ച്ചയുമാണ് വേണ്ടതെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദേശമാണ് സമവായത്തിന് സഹായിച്ചതെന്നാണ് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിനയ് മോഹന്‍ ക്വത്ര അഭിപ്രായപ്പെട്ടത്. യുദ്ധം ആഗോള സമ്പദ് വ്യവസ്ഥയെ ദോഷകരമായി ബാധിച്ചെന്നും റഷ്യന്‍ സൈന്യം പിന്‍മാറണമെന്നും ആണവഭീഷണി പാടില്ലെന്നും നയതന്ത്ര മാര്‍ഗം സ്വീകരിക്കണമെന്നുമുള്ള പ്രഖ്യാപനത്തിന്റെ കാതല്‍ മോദിയുടെ സന്ദേശമാണ്. ജി- 20 വേദിയില്‍ സമാധാനത്തിനായുള്ള സന്ദേശം പങ്കുവച്ച ഇന്ത്യ, യുദ്ധം ഒന്നിനും പരിഹാരമല്ലെന്ന നിലപാട് ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ ആവര്‍ത്തിച്ചിരുന്നു. യുക്രൈനില്‍ വെടിനിര്‍ത്തല്‍ നടപ്പിലാക്കണമെന്നും നയതന്ത്രത്തിന്റെ പാതയില്‍ സമാധാനം കണ്ടെത്തണമെന്നും മോദി ഉച്ചകോടിയില്‍ ഊന്നിപ്പറഞ്ഞിരുന്നു.
.jpg?$p=205c6dd&f=1x1&w=284&q=0.8)




എന്താണ് ജി 20?
ലോകത്തെ ഏറ്റവും ശക്തരായ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജി-20. 19 രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും ചേര്‍ന്നതാണ് കൂട്ടായ്മ. അര്‍ജന്റീന, ഓസ്ട്രേലിയ, ബ്രസീല്‍, കാനഡ, ചൈന, ഫ്രാന്‍സ്, ജര്‍മനി, ഇന്ത്യ, ഇന്‍ഡൊനീഷ്യ, ഇറ്റലി, ജപ്പാന്‍, റിപ്പബ്ലിക് ഓഫ് കൊറിയ, മെക്‌സിക്കോ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തുര്‍ക്കി, യുണൈറ്റഡ് കിങ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്സ്, യൂറോപ്യന്‍ യൂണിയന്‍ എന്നിവരാണ് കൂട്ടായ്മയിലെ അംഗങ്ങള്‍. ലോകജനസംഖ്യയുടെ മൂന്നില്‍ രണ്ടും ലോക ജി.ഡി.പി.യുടെ 85 ശതമാനവും കച്ചവടത്തിന്റെ 75 ശതമാനവും കൈയാളുന്നത് ഈ കൂട്ടായ്മയിലെ രാജ്യങ്ങളാണ്.
1999-ലാണ് കൂട്ടായ്മയ്ക്ക് പ്രാഥമിക രൂപം നല്‍കിയത്. ആഗോള സാമ്പത്തിക സ്ഥിതി, സാമ്പത്തിക സ്ഥിരത എന്നിവ ചര്‍ച്ച ചെയ്യുന്നതിനായി ലോകത്തെ പ്രധാന വികസിത, വികസ്വര രാജ്യങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടുവരിക എന്നതായിരുന്നു ലക്ഷ്യം. അംഗരാജ്യങ്ങളിലെ ധനകാര്യമന്ത്രിമാരും സെന്‍ട്രല്‍ ബാങ്ക് തലവന്മാരുമായിരുന്നു ആഘട്ടത്തില്‍ പ്രതിനിധികളായുണ്ടായിരുന്നത്. പിന്നീട് 2008-ലാണ് ഈ കൂട്ടായ്മ വീണ്ടും സജീവമാകുന്നത്. ധനകാര്യമന്ത്രിമാര്‍ക്ക് പകരം രാഷ്ട്രത്തലവന്മാര്‍ത്തന്നെ നേരിട്ട് വാര്‍ഷിക യോഗത്തില്‍ പങ്കെടുക്കാന്‍ തുടങ്ങി. 2008 നവംബര്‍ 14, 15 ദിവസങ്ങളിലായിട്ടായിരുന്നു ആദ്യത്തെ ജി -20 ഉച്ചകോടി. പിന്നീട് കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ ജി 20 ശക്തമായൊരു കൂട്ടായ്മയായി പരിണമിച്ചു.
ജി 20-ക്ക് സ്ഥിരം ആസ്ഥാനമില്ല. നയരൂപീകരണം ചര്‍ച്ച ചെയ്യാനായി അംഗരാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാര്‍ ഓരോ വര്‍ഷവും ഒത്തുകൂടും. ഗ്രൂപ്പിന്റെ നേതൃസ്ഥാനം ഓരോവര്‍ഷം ഓരോ രാജ്യങ്ങള്‍ക്കാണ്. അടുത്ത ഒരു വര്‍ഷം ഇന്ത്യയാണ് ഗ്രൂപ്പിന്റെ അധ്യക്ഷ സ്ഥാനത്ത്. ഇന്‍ഡൊനീഷ്യയില്‍നിന്നാണ് ഇന്ത്യ നേതൃസ്ഥാനം ഏറ്റെടുത്തത്. ഈവര്‍ഷം ഡിസംബര്‍ ഒന്നുമുതല്‍ അടുത്തവര്‍ഷം നവംബര്‍ മുപ്പതുവരെ ഇന്ത്യ ഗ്രൂപ്പിന്റെ അധ്യക്ഷസ്ഥാനം അലങ്കരിക്കും. അടുത്തവര്‍ഷം സെപ്റ്റംബറില്‍ ന്യൂഡല്‍ഹി ജി 20 ഉച്ചകോടിക്ക് വേദിയാകുകയും ചെയ്യും. തുടര്‍ന്ന് അടുത്തവര്‍ഷം ഇന്ത്യ ബ്രസീലിന് സ്ഥാനം കൈമാറും.

ഒറ്റപ്പെട്ട് റഷ്യ, കത്തിക്കയറി സെലന്‍സ്‌കി
ജി 20 ഉച്ചകോടിയില്‍ റഷ്യ ശരിക്കും ഒറ്റപ്പെട്ടു. ഭൂരിഭാഗം രാജ്യങ്ങളും യുക്രെയ്ന്‍ അധിനിവേശത്തെ ശക്തമായ ഭാഷയില്‍ അപലപിച്ചു. യോഗത്തെ വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്ത യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി റഷ്യയുമായി ചര്‍ച്ചയ്ക്ക് തയാറല്ലെന്നാണ് പറഞ്ഞത്. റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ഗെയ് ലാവറോവിനെ സാക്ഷിയാക്കിക്കൊണ്ടാണ് സെലന്‍സ്‌കി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. റഷ്യയെ ഒഴിവാക്കിക്കൊണ്ട് ജി -19 എന്ന് സംഘത്തെ വിളിച്ച സെലന്‍സ്‌കി, രാജ്യാന്തര നിയമങ്ങളുടെയും യു.എന്‍. നിര്‍ദേശങ്ങളുടെയും അടിസ്ഥാനത്തില്‍ മാത്രമെ യുദ്ധം അവസാനിപ്പിക്കുയെന്നും വ്യക്തമാക്കി. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിലും പരമാധികാരത്തിലും വിട്ടുവഴ്ചയ്ക്ക് തയാറല്ലെന്നും സെലന്‍സ്‌കി പറഞ്ഞു.
യുദ്ധം നീളാന്‍ കാരണം യുക്രെയനാണെന്നും അവര്‍ ചര്‍ച്ചയ്ക്ക് തയാറാകുന്നില്ലെന്നുമാണ് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ഗെയ് ലാവറോവ് ഇതിന് മറുപടി പറഞ്ഞത്. അതേസമയം യോഗത്തില്‍ പങ്കെടുത്ത ഭൂരിഭാഗം രാജ്യങ്ങളും റഷ്യക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. റഷ്യയുടെ ആണവഭീഷണി നിരുത്തരവാദ പരമാണെന്നും ഇനിയൊരു ആണവ യുദ്ധം ഉണ്ടാകരുതെന്നും യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. യുക്രെയ്‌ന്റെ പരമാധികാരത്തെ റഷ്യ അംഗീകരിക്കണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക്കും ആവശ്യപ്പെട്ടു. അതേസമയം ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് യുക്രെയ്ന്‍ റഷ്യ യുദ്ധത്തെ കുറിച്ച് പ്രസംഗത്തിലെവിടെയും പരാമര്‍ശിച്ചില്ല. ലോകം ഐക്യത്തോടെ മുന്നോട്ടുപോകണം എന്നായിരുന്നു പ്രതികരണം.

ചര്‍ച്ചയായി യുക്രൈന്‍ യുദ്ധം
യുക്രൈന്‍ അധിനിവേശത്തിന്റെ പേരില്‍ വലിയ തോതിലുള്ള നയതന്ത്ര സമ്മര്‍ദ്ദമാണ് റഷ്യ നേരിടുന്നത്. യുദ്ധം അവസാനിപ്പിക്കാന്‍ ഇടപെടാന്‍ അവരുടെ ഏറ്റവും അടുത്ത സുഹൃദ് രാഷ്ട്രങ്ങളായ ഇന്ത്യയ്ക്കം ചൈനയ്ക്കും മേലും പാശ്ചാത്യലോകം സമ്മര്‍ദം ചെലുത്തുന്നുണ്ട്. യുക്രൈന് എതിരായ റഷ്യയുടെ യുദ്ധം അവസാനിപ്പിക്കാന്‍ ലോകരാഷ്ട്രങ്ങള്‍ ഇടപെടണമെന്ന് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ചാൾസ് മൈക്കൽ ആവശ്യപ്പെട്ടു. 'റഷ്യന്‍ യുദ്ധം നമ്മളെ എല്ലാവരേയും ബാധിക്കും. നമ്മള്‍ യൂറോപ്പിലോ, ആഫ്രിക്കയിലോ, മധ്യേഷ്യയിലോ താമസിക്കുന്നു എന്നത് വിഷയമല്ല. ഊര്‍ജ- ഭക്ഷ്യപ്രതിസന്ധി അവസാനിപ്പിക്കാനുള്ള ഏകമാര്‍ഗം റഷ്യ അവരുടെ വിവേകശൂന്യമായ പ്രവര്‍ത്തികള്‍ അവസാനിപ്പിക്കുകയും യുഎന്‍ ചാര്‍ട്ടര്‍ അംഗീകരിക്കുകയുമാണ്. പട്ടിണിയും ദാരിദ്രവും അസ്ഥിരതയും വര്‍ധിപ്പിച്ച അവര്‍ ഭക്ഷണത്തെ ആയുധമാക്കുകയാണ്, ചാൾസ് മൈക്കൽ ജി 20 യോഗത്തില്‍ പറഞ്ഞു.
റഷ്യ-യുക്രൈന്‍ യുദ്ധം ലോകത്തെ അക്ഷരാര്‍ഥത്തില്‍ രണ്ട് തട്ടിലാക്കിയിരിക്കുകയാണ്. പരസ്യവിമര്‍ശനമുണ്ടായേക്കുമെന്ന സാധ്യത മുന്നില്‍ കണ്ടുതന്നെയാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുതിന്‍ ഈ ഉച്ചകോടിയില്‍ നിന്ന് വിട്ടുനിന്നതും. റഷ്യയെ ജി 20-ല്‍നിന്ന് തന്നെ പുറത്താക്കണം എന്നാണ് അമേരിക്കയുടെ ആവശ്യം. ചൈനയും ഇന്ത്യയും റഷ്യക്ക് എതിരായ നിലപാട് കടുപ്പിച്ചില്ലെങ്കിലും യുദ്ധം ഒഴിവാക്കണം എന്ന കാര്യം തന്നെയാണ് മുന്നോട്ട് വെയ്ക്കുന്നതും. പുതിന്‍ വിട്ടുനിന്ന പശ്ചാത്തലത്തില്‍ യുക്രൈന്‍ യുദ്ധത്തെച്ചൊല്ലി അംഗങ്ങള്‍ക്കിടയിലുള്ള ഭിന്നത കുറയ്ക്കാനാണ് ആതിഥേയര്‍ എന്ന നിലയില്‍ ഇന്‍ഡൊനീഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡോ ശ്രമിച്ചത്. എങ്കിലും യുദ്ധ ചര്‍ച്ചകള്‍ തന്നെയാണ് ഉച്ചകോടിയില്‍ ഉയര്‍ന്നുകേട്ടത്.

മുഴങ്ങിക്കേട്ടത് ഇന്ത്യയുടെ ശബ്ദം
ബാലിയിലെ ജി 20 വേദിയില്‍ മുഴങ്ങിക്കേട്ടത് യുദ്ധത്തിന് എതിരായ ഇന്ത്യയുടെ ശക്തമായ സന്ദേശം. യുദ്ധം ഒന്നിനും പരിഹാരമല്ലെന്ന ഇന്ത്യന്‍ നിലപാട് ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആവര്‍ത്തിച്ചു. റഷ്യ- യുക്രെയിന്‍ യുദ്ധം അവസാനിപ്പിക്കണമെന്ന് നരേന്ദ്രമോദി ആവശ്യപ്പെട്ടു. 'യുക്രൈനെ വെടിനിര്‍ത്തലിന്റേയും നയതന്ത്രത്തിന്റേയും പാതയിലേക്ക് മടക്കിക്കൊണ്ടുവരാന്‍ ഒരു വഴി കണ്ടെത്തണമെന്ന് ഞാന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ നൂറ്റാണ്ടില്‍ രണ്ടാം ലോകമഹായുദ്ധം ലോകത്ത് നാശം വിതച്ചു. അതിന് ശേഷം അക്കാലത്തെ നേതാക്കള്‍ സമാധാനത്തിന്റെ വഴിയിലേക്ക് വരാന്‍ തീവ്രശ്രമങ്ങള്‍ നടത്തി. ഇനി നമ്മുടെ ഊഴമാണ്. കോവിഡിന് ശേഷം പുതിയൊരു ലോകം പടുത്തുയര്‍ത്തേണ്ട ചുമതല നമുക്കാണ്. സമാധാനവും സാഹോദര്യവും സുരക്ഷയും ഉറപ്പുവരുത്തേണ്ടതുണ്ട്'- മോദി പറഞ്ഞു.
'കാലാവസ്ഥാ വ്യതിയാനം, കോവിഡ്, യുക്രെയ്ന്‍ യുദ്ധം തുടങ്ങിയവ ലോകത്തെ താറുമാറാക്കി. ആഗോള വിതരണശൃംഖലകള്‍ തകര്‍ന്നു. ലോകമെമ്പാടും അവശ്യസാധനങ്ങളുടെ വിതരണത്തില്‍ വലിയ പ്രതിസന്ധിയുണ്ട്. എല്ലാ രാജ്യത്തും പാവപ്പെട്ടവര്‍ കൂടുതല്‍ വെല്ലുവിളികള്‍ നേരിടുകയാണ്. ഊര്‍ജവിതരണത്തിലുള്ള ഒരു നിയന്ത്രണങ്ങളും നാം പ്രോത്സാഹിപ്പിക്കരുത്. ഊര്‍ജ വിപണിയില്‍ സ്ഥിരത ഉറപ്പാക്കണം. ഹരിതോര്‍ജത്തിനും പരിസ്ഥിതി സംരക്ഷണത്തിനും ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. 2030-ഓടെ രാജ്യത്തിന്റെ വൈദ്യുതി ഉല്‍പാദനത്തിന്റെ പകുതിയും പുനരുപയോഗിക്കാവുന്ന സ്രോതസുകളില്‍നിന്നാകും. അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയായ ഇന്ത്യയുടെ ഊര്‍ജസുരക്ഷ ആഗോള വളര്‍ച്ചയ്ക്കു നിര്‍ണായകമാണ്', ഉച്ചകോടിയിലെ ഭക്ഷ്യ-ഊര്‍ജ സുരക്ഷാ സെഷനില്‍ മോദി പറഞ്ഞു.

ലോകനേതാക്കളെക്കണ്ട് മോദി
ഉച്ചകോടിക്കിടയില്‍ നയതന്ത്രബന്ധം ഊട്ടിഉറപ്പിക്കാനും ബന്ധം ശക്തമാക്കാനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ലോകനേതാക്കളുമായി ആശയവിനിമയം നടത്തിയിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍, ഇന്‍ഡൊനീഷ്യന്‍ പ്രസിഡന്റ് ജോക്കോ വിദോദോ, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് എന്നിവരുമായി അദ്ദേഹം അനൗദ്യോഗിക കൂടിക്കാഴ്ച നടത്തി. ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലെത്തിയതിനുശേഷം ഇന്ത്യന്‍ വംശജന്‍ സുനകിന്റെ മോദിയുമായുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. സെനഗല്‍ പ്രസിഡന്റ് മാക്കി ഷെല്ലുമായും നെതര്‍ലന്‍ഡ്സ് പ്രസിഡന്റ് മാര്‍ക്ക് റുട്ടെയുമായും ഉച്ചകോടിക്കിടെ മോദി സംസാരിച്ചു.
മോദിയും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം ഉറപ്പിക്കാന്‍ നയതന്ത്രചര്‍ച്ച നടത്തി. ഉച്ചകോടിയില്‍ ഭക്ഷ്യ-ഊര്‍ജ സുരക്ഷയെ സംബന്ധിച്ച് ചൊവ്വാഴ്ചനടന്ന ചര്‍ച്ചയ്ക്കിടെയാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയത്. സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ ഷിയാന്‍ ലുങ്, ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് എന്നിവരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. ഉച്ചകോടിക്കിടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും പരസ്പരം ഹസ്തദാനം നല്‍കി. ഗാല്‍വനിലെ അതിര്‍ത്തിസംഘര്‍ഷങ്ങളെത്തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. അതിന് ശേഷം ഇരുനേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത് ഇതാദ്യമാണ്.
അധ്യക്ഷസ്ഥാനം ഏറ്റെടുത്ത് ഇന്ത്യ
പാശ്ചാത്യരാഷ്ട്രങ്ങള്‍ റഷ്യക്കെതിരേ കടുത്ത എതിര്‍പ്പുയര്‍ത്തുമ്പോഴും ഉച്ചകോടിയില്‍ ഇന്ത്യയുടേയും ചൈനയുടേയും നിലപാടുകള്‍ നിര്‍ണായകമായിരുന്നു. യുദ്ധത്തെ തള്ളിപ്പറയുമ്പോഴും റഷ്യക്ക് എതിരേ പരസ്യനിലപാടുകളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന സമീപനമാണ് ഇരുരാജ്യങ്ങളും സ്വീകരിച്ചു വന്നിരുന്നത്. പടിഞ്ഞാറിന്റെ ശത്രുക്കള്‍ ഇരുവര്‍ക്കും മിത്രങ്ങളായതിനാല്‍ തന്നെ നിലപാടുകളില്‍ മയപ്പെടുത്തല്‍ സ്വാഭാവികവുമായിരുന്നു. ലോകം ഇന്ത്യന്‍ നിലപാടുകളെ കൂടുതല്‍ ഗൗരവമായി ശ്രദ്ധിക്കാന്‍ തുടങ്ങുകയും രാജ്യത്തിന്റെ നയതന്ത്രം കൂടുതല്‍ സമഗ്രവും ശക്തമാകുകയും ചെയ്ത സാഹചര്യത്തില്‍ നരേന്ദ്രമോദിയുടെ വാക്കുകള്‍ വലിയ ശ്രദ്ധയോടെയാണ് ജി- 20 ശ്രദ്ധിച്ചത്. യുദ്ധവിരുദ്ധ വികാരത്തോട് ചേര്‍ന്നു നിന്നു തന്നെയാണ് നരേന്ദ്രമോദി സംസാരിച്ചതും.

അധിനിവേശത്തെ അപലപിക്കുമ്പോഴും റഷ്യക്ക് എതിരായ ഉപരോധം അടക്കമുള്ള നടപടികളിലേയ്ക്ക് ജി-20 കടന്നിരുന്നില്ല. റഷ്യയെ കൂട്ടായ്മയില്‍ നിന്ന് പുറത്താക്കണമെന്ന കടുത്ത നിലപാടിലേക്ക് വരെ ഒരു ഘട്ടത്തില്‍ പാശ്ചാത്യലോകം എത്തിയിരുന്നു. എന്നാല്‍ കടുത്ത നിലപാടുകളില്‍ നിന്ന് അംഗങ്ങള്‍ പിന്നോക്കം പോയത് ഇന്ത്യയുടെ വിജയമാണെന്നാണ് വിലയിരുത്തല്‍. ഒട്ടേറെ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഈ കാലഘട്ടത്തില്‍ വികസ്വര രാജ്യങ്ങളുടെ ശബ്ദമാകാനും ഇന്ത്യക്ക് ലഭിച്ച വേദികൂടിയാണ് ജി 20-യുടെ അധ്യക്ഷസ്ഥാനം. ഇക്കാര്യം സൂചിപ്പിച്ചുകൊണ്ട് തന്നെയാണ് പ്രധാനമന്ത്രി പ്രസംഗിച്ചതും.
'ജി 20-യുടെ അധ്യക്ഷസ്ഥാനം ഇന്ത്യ ഏറ്റെടുക്കുന്നത് ഓരോ ഇന്ത്യക്കാരനും അഭിമാനകരമാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും നഗരങ്ങളിലും ഞങ്ങള്‍ ജി 20 മീറ്റിങ്ങുകള്‍ സംഘടിപ്പിക്കും. നമ്മള്‍ ഒരുമിച്ച് ജി 20-യെ ആഗോള മാറ്റത്തിനുള്ള ഉത്തേജകമാക്കും. ഇന്ത്യയുടെ ജി 20 അധ്യക്ഷ സ്ഥാനം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും പ്രവര്‍ത്തനാധിഷ്ഠിതവും നിശ്ചയദാര്‍ഢ്യത്തോടെയുള്ളതുമായിരിക്കും. കൂട്ടായ മാറ്റത്തിന് ഊര്‍ജ്ജം പ്രകരാന്‍ മൂലശക്തിയായി ജി-20 യെ മാറ്റുക എന്നതായിരിക്കും അടുത്ത ഒരു വര്‍ഷം കൂട്ടായ്മയുടെ ലക്ഷ്യം. ജനാധിപത്യത്തിന്റെ മാതാവായ ഇന്ത്യയില്‍ വെച്ചു നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എല്ലാവരെയും ക്ഷണിക്കുകയാണ്'- സമാപന സമ്മേളനത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.
Content Highlights: 'Today's Era Must Not Be Of War', G20 Declaration Echoes Narendra Modi's Message


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..