ഒരു കല്ലുപോലും എറിയരുതെന്ന് നിര്‍ദ്ദേശം; ശ്രീലങ്കയിലെ കുടുംബാധിപത്യത്തെ പിഴുതെറിഞ്ഞത് യുവത


അജ്മല്‍ മൂന്നിയൂര്‍100 ദിവസത്തിനിടയില്‍ ശരിയായി ഭക്ഷണം കഴിക്കാത്ത നൂറു കണക്കിന് വിദ്യാര്‍ഥികളുണ്ട്. അക്രമം അഴിച്ചുവിടരുതെന്ന് സംഘാടകര്‍ തുടക്കം മുതല്‍ പൊതുജനങ്ങളെ അറിയിച്ചിരുന്നു. ഒരു കല്ല് പോലും എറിയരുതെന്ന് ആളുകളോട് പറഞ്ഞിരുന്നു.

ഗോതാബയ രജപക്‌സെയുടെ രാജിയിൽ കൊളംബോയിൽ ആഹ്ലാദം പ്രകടിപ്പിക്കുന്നവർ |ഫോട്ടോ:AFP

മാസങ്ങള്‍ നീണ്ട പോരാട്ടങ്ങള്‍ക്കൊടുവില്‍ രജപക്‌സെ കുടുംബത്തില്‍ നിന്ന് ശ്രീലങ്കയെ മോചിപ്പിച്ചിരിക്കുകയാണ് അവിടുത്തെ യുവജനങ്ങളും വിദ്യാര്‍ഥികളും. ഗത്യന്തരമില്ലാതെ പ്രസിഡന്റിന് ഗോതാബയ രാജപക്‌സെക്ക് നാടുവിട്ട് ഓടേണ്ടി വന്നു. നാടകീയതകള്‍ക്കൊടുവില്‍ വെള്ളിയാഴ്ച രാവിലെ ഏഴു മണിയോടെ ഗോതാബയയുടെ രാജി ശ്രീലങ്കന്‍ പാര്‍ലമെന്റ് സ്പീക്കര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

പ്രസിഡന്റ് ഗോതാബയ രാജപക്‌സെ, പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെസ, ധനമന്ത്രി ബാസില്‍ രാജപക്‌സെ, കായിക മന്ത്രി നമല്‍ രാജപക്‌സെ, മറ്റൊരു മന്ത്രി ചമല്‍ രാജപക്‌സെ തുടങ്ങി രാജപക്‌സെ കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും കഴിഞ്ഞ കുറച്ചുമാസങ്ങള്‍ക്കൊണ്ട് ശ്രീലങ്കയുടെ അധികാര കേന്ദ്രങ്ങള്‍ വിട്ടൊഴിയേണ്ടി വന്നു.

ശ്രീലങ്കയിലെ വിവിധ സര്‍വകലാശാലകളില്‍ നിന്നുള്ള വിദ്യാര്‍ഥികളടക്കമുള്ള യുവജനങ്ങളാണ് ഈ കുടുംബാധിപത്യം തകര്‍ത്ത പോരാട്ടത്തില്‍ മുഖ്യപങ്കുവഹിച്ചിട്ടുള്ളത്. പ്രസിഡന്റിന്റെ കൊട്ടാരം, പ്രസിന്‍ഷ്യല്‍ സെക്രട്ടറിയേറ്റ്, പ്രധാനമന്ത്രിയുടെ ഓഫീസ് തുടങ്ങി സുപ്രാധന കേന്ദ്രങ്ങള്‍ വളയലും തെരുവ് പ്രതിഷേധങ്ങളും പോരാട്ടത്തില്‍ നിര്‍ണായകമായി. പ്രസിന്റിന്റെ കൊട്ടാരം കൈയടക്കിയ പ്രതിഷേധക്കാര്‍ അവിടുത്തെ സ്വിമ്മിങ് പൂളും മറ്റും ഉപയോഗിക്കുന്നതും പ്രധാനമന്ത്രിയുടെ വീട് അഗ്നിക്കിരയാക്കന്നതും കാണേണ്ടി വന്നു.

കഴിഞ്ഞ കുറച്ചുആഴ്ചകളില്‍ പ്രതിഷേധം കൂടുതല്‍ രൂക്ഷമായതോടെയാണ് പ്രസിഡന്റ് ഗോതാബയ രാജപക്‌സെക്ക് രാജ്യം വിട്ട് ഓടേണ്ടി വന്നത്. ആദ്യം മാലിദ്വീപിലും പിന്നീട് സിംഗപ്പൂരിലേക്കും കടന്ന ഗോതാബയ അവിടെ എത്തിയ ഉടന്‍ ഇ-മെയില്‍ വഴി രാജി കത്ത് സ്പീക്കര്‍ അയച്ചു നല്‍കി. വ്യാഴാഴ്ച രാത്രിയില്‍ കത്ത് ലഭിച്ചിരുന്നെങ്കിലും നിയമസാധുകള്‍ പരിശോധിച്ച ശേഷം വെള്ളിയാഴ്ച രാവിലെയാണ് സ്പീക്കര്‍ രാജി ഔദ്യോഗികമായി അംഗീകരിച്ചത്. തൊട്ടുപിന്നാലെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് ആക്ടിങ് പ്രസിഡന്റായി മാറിയ റനില്‍ വിക്രമാസിംഗെ ഇപ്പോള്‍ പ്രസിഡന്റാകുകയും ചെയ്തു.

ശ്രീലങ്കയില്‍ തരക്കേടില്ലാത്ത ജനപ്രീതി ഉണ്ടായിരുന്ന രാജപക്‌സെ കുടുംബത്തിന് തിരിച്ചടിയായത് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയാണ്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ രാജപക്സെ കുടുംബത്തിന്റെ ജനപ്രീതി കുറയാന്‍ തുടങ്ങി, പ്രത്യേകിച്ചും ഫെബ്രുവരിയിലെ യുക്രെയ്ന്‍ അധിനിവേശത്തിന് ശേഷമുണ്ടായ മറ്റ് സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് മുകളില്‍ ഇന്ധനക്ഷാമം കൂടി ആയതോടെ എല്ലാം പൂര്‍ണ്ണമായി.

മഹിന്ദ, ചമല്‍, ഗോതാബയ

മണിക്കൂറുകള്‍ നീണ്ട വൈദ്യുതി മുടക്കവും സാധനങ്ങള്‍ക്ക് വില കുതിച്ചുയര്‍ന്നതും ജനങ്ങളെ പ്രക്ഷോഭത്തിലേക്ക് തള്ളി വിടുകയായിരുന്നു. മാര്‍ച്ച് അവസാനത്തോടെ ആരംഭിച്ച പ്രതിഷേധ തിരമാലകളില്‍ വിദ്യാര്‍ഥികളും യുവജനങ്ങളും സജീവമായി പങ്കാളിത്തം വഹിച്ചതോടെ ഗോതാബയ രജപക്‌സെക്ക്‌മേല്‍ സ്ഥാനമൊഴിയാന്‍ സമ്മര്‍ദ്ദമേറി.

ശ്രീലങ്കയിലെ ഇന്റര്‍ യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ (IUSF) രാജ്യത്തുടനീളമുള്ള ജനകീയ സമരത്തിന് നല്‍കിയ സംഭാവനകളെ സാമൂഹിക മാധ്യമങ്ങളില്‍ പ്രശംസിക്കപ്പെടുന്നുണ്ട്.. IUSFന് 70-ഓളം അഫിലിയേറ്റ് വിദ്യാര്‍ത്ഥി യൂണിയനുകളുണ്ട് - രാജ്യത്തെ എല്ലാ പ്രധാന സര്‍വ്വകലാശാലകളിലും ഉള്‍പ്പെടെ 95% യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി യൂണിയനുകളും പ്രതിഷേധത്തില്‍ പ്രധാന പങ്കുവഹിച്ചതായി പറയപ്പെടുന്നു.

നേരത്തെ വിദ്യാര്‍ഥി സമരങ്ങളേയും പ്രതിഷേധങ്ങളേയും വിമര്‍ശിച്ചിരുന്ന ആളുകള്‍ തന്നെ ഇപ്പോള്‍ അവരെ പ്രശംസിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നുവെന്ന് അവിടുത്തെ വിദ്യാര്‍ഥി സംഘടനകള്‍ പറയുന്നു.

വിദ്യാര്‍ഥി മുന്നേറ്റത്തിന്റെ ആരംഭം

ഈ വര്‍ഷം ഏപ്രില്‍ ഒമ്പതിന് തലസ്ഥാനമായ കൊളംബോയിലെ പ്രസിഡന്റിന്റെ ഓഫീസിന് സമീപം വിദ്യാര്‍ഥികളുടെ പ്രതിഷേധം ആരംഭിച്ചു. അവിടെ ടെന്റുകള്‍ സ്ഥാപിച്ചും ലൈബ്രറിയും മെഡിക്കല്‍ ക്യാമ്പുകള്‍ സജ്ജീകരിച്ചായിരുന്നു വിദ്യാര്‍ഥികളുടേയും യുവാക്കളുടേയും പ്രതിഷേധം.

ഗോതഗോഗമ അരഗലയ പ്രസ്ഥാനം എന്നാണ് സമരവേദിയുടെ പേര്. ശേഷം ഗോത ഗോ ഗാമ (ഗോത വീട്ടില്‍ പോകണം) എന്ന മുദ്രാവാക്യം പ്രതിഷേധക്കാര്‍ ഏറ്റെടുത്തു. ജൂലായ് 17-ന് ഈ സമരത്തിന്റെ നൂറാം ദിനം പിന്നിടുമ്പോള്‍ പ്രസിഡന്റ് ഗോതാബയ നാടുവിട്ട് സിംഗപ്പൂരില്‍ അഭയംപ്രാപിച്ചിട്ടുണ്ട്. അരഗലയ എന്നാല്‍ സിംഹള ഭാഷയില്‍ സമരം എന്നാണ് അര്‍ത്ഥം.

കൊളംബോയിലെ ഗാലി ഫേസ് ഗ്രീനില്‍ തുടര്‍ന്നുകൊണ്ടിരുന്ന വിദ്യാര്‍ഥി സമരങ്ങള്‍ക്കിടയിലേക്ക് സര്‍ക്കാര്‍ അനുകൂലികള്‍ നുഴഞ്ഞു കയറി സംഘര്‍ഷമുണ്ടാക്കിയതിന് പിന്നാലെ മെയ് ഒമ്പതിന് ഗോതാബയയുടെ സഹോദരനും പ്രധാനമന്ത്രിയുമായിരുന്ന മഹിന്ദ രാജപക്‌സെക്ക് സ്ഥാനമൊഴിയേണ്ടി വന്നു. ഇതിന് ശേഷം സമരത്തില്‍ ജനപങ്കാളിത്തം വര്‍ധിച്ചു. ജൂണ്‍ ഒമ്പതിന് ബാസില്‍ രാജപക്‌സെക്കും സ്ഥാനം രാജിവെക്കേണ്ടി വന്നു.

ജൂലൈ-9 ന് പതിനായിരക്കണക്കിന് പ്രതിഷേധക്കാര്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിയും കൊളംബോയിലെ അദ്ദേഹത്തിന്റെ ഓഫീസും രാജി ആവശ്യപ്പെട്ട് വളഞ്ഞു. 'ജൂലായ് ഒമ്പതിന് അതിശയകരമായ ആള്‍ക്കൂട്ടമാണ് കൊളംബോയില്‍ കണ്ടത്. തന്റെ ജീവിതത്തില്‍ ഒരിക്കലും ഇത്രയും ആള്‍ക്കൂട്ടത്തെ കാണുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ജനങ്ങള്‍ ഇത്രയും ദുരിതം അനുഭവിക്കുമ്പോള്‍ പ്രസിഡന്റ് എങ്ങനെയാണ് ജീവിക്കുന്നതെന്ന് തുറന്നുകാട്ടുക കൂടിയായിരുന്നു ഈ സമരത്തിന്റെ ലക്ഷ്യം' ഗോതഗോഗമ അരഗലയ പ്രസ്ഥാന നേതാവും സിവില്‍ എഞ്ചിനീയറും കൂടിയായ നുസ്ലി ഹമീം പറഞ്ഞു.

പ്രതിഷേധക്കാര്‍ കൊട്ടാരത്തിലേക്ക് പ്രവേശിക്കുന്നതിനിടെ ഗോതാബയ നാവികസേനയുടെ സഹായത്തോടെ അവിടം വിട്ടിരുന്നു. 'ഞങ്ങള്‍ അദ്ദേഹത്തെ രാജിവയ്ക്കാന്‍ നിര്‍ബന്ധിക്കുകയും പോലീസിന്് കൈമാറുകയും ചെയ്യുമായിരുന്നു' നിങ്ങള്‍ കൊട്ടാരത്തില്‍ എത്തുന്ന സമയത്ത് പ്രസിഡന്റ് അവിടെ ഉണ്ടായിരുന്നെങ്കില്‍ എന്ത് ചെയ്യുമായിരന്നുവെന്ന ചോദ്യത്തിന് നുസ്ലി പറഞ്ഞു.

പിന്നിട് പ്രതിഷേധക്കാര്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് നുഴഞ്ഞു കയറി. പ്രതിഷേധക്കാരുടെ എണ്ണം വളരെ കൂടുതലായതിനാല്‍, കണ്ണീര്‍ വാതകവും ജലപീരങ്കിയും ഉപയോഗിച്ച് അവരെ നിയന്ത്രിക്കാന്‍ പോലീസിനും സുരക്ഷാ സേനയ്ക്കും കഴിഞ്ഞിരുന്നില്ല. സംഘര്‍ഷങ്ങള്‍ക്കിടെ ഒരു പ്രതിഷേധക്കാരന്‍ മരിക്കുകയും നിരവധി സുരക്ഷാ സൈനികര്‍ ഉള്‍പ്പെടെ 80-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

കൊളംബോയിലെത്തിയ ലക്ഷകണക്കിന് ആളുകള്‍ ഇതിനൊടപ്പം തന്നെ മറ്റു നിരവധി പ്രധാന സര്‍ക്കാര്‍ കെട്ടിടങ്ങളും ഔദ്യോഗിക വസതികളും കൈവശപ്പെടുത്തിയിരുന്നു. പ്രസിഡന്റും പ്രധാനമന്ത്രിയും സ്ഥാനമൊഴിയുന്ന് ഉറപ്പ് ലഭിച്ചതോടെ ജൂലൈ 14 ന്, പ്രതിഷേധക്കാര്‍ എല്ലാ അധിനിവേശ കെട്ടിടങ്ങളും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.

സമരത്തിന്റെ ഹൃദയമിടിപ്പായി വിദ്യാര്‍ഥികള്‍

നൂറ് ദിവസത്തെ സമരത്തില്‍ യുവജനങ്ങളെ രാഷ്ട്രീയപാര്‍ട്ടികളുമായും മറ്റു സംഘടനകളുമായും ഒരുമിപ്പിച്ച് നിര്‍ത്തുന്നതില്‍ വിദ്യാര്‍ഥി യൂണിയനുകളുടെ പങ്ക് വിലമതിക്കാനാകാത്തതാണ്.
ശ്രീലങ്കന്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥി യൂണിയനുകളും യുവാക്കളും ഈ സമരത്തിന്റെ ഹൃദയമിടിപ്പാണെന്ന് പലരും വിശേഷിപ്പിക്കുന്നു. ചിലര്‍ ഇതിനെ ഒരു യുവജന വിപ്ലവം എന്ന് വിളിക്കുന്നു.

ജനങ്ങളുമായുള്ള നിരന്തര ചര്‍ച്ചകള്‍, എല്ലാ ഗ്രൂപ്പുകള്‍ക്കിടയിലും പരസ്പര ധാരണ ഉറപ്പാക്കല്‍, വൈവിധ്യങ്ങള്‍ അംഗീകരിക്കല്‍, പതിവ് യോഗങ്ങള്‍ എന്നിവയായിരുന്നു 100 ദിവസം മുഴുവന്‍ ജനങ്ങളെ സമരത്തില്‍ നിലനിര്‍ത്താന്‍ പ്രതിഷേധക്കാര്‍ ഉപയോഗിച്ച പ്രധാന തന്ത്രങ്ങള്‍. സമരത്തിന്റെ ഓരോ നീക്കങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചാരണം നല്‍കുന്നതിനും പ്രത്യേക സംഘമുണ്ടായിരുന്നു. ഇത് ശ്രീലങ്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആളുകളെ കൊളംബോയിലേക്ക് എത്താന്‍ പ്രേരിപ്പിച്ചു.

ഞങ്ങള്‍ക്ക് വലിയ പദ്ധതികളൊന്നും ഉണ്ടായിരുന്നില്ല. ഞങ്ങള്‍ ചെയ്യുന്നതില്‍ ഭൂരിഭാഗവും ആളുകളെ ബോധവല്‍ക്കരിക്കുക എന്നതാണ്. ഞങ്ങള്‍ ജനങ്ങള്‍ക്ക് സത്യം കാണിച്ചുകൊടുത്തു. നമ്മള്‍ എന്തിന് സമരം ചെയ്യണം? തെറ്റുകള്‍ എങ്ങനെ തിരുത്തണം എന്നത് സംബന്ധിച്ച് അവരെ ബോധ്യപ്പെടുത്തി. മികച്ച സംഘാടകത്വവും യുവാക്കളുടെ പ്രതിബദ്ധതയും വിജയത്തില്‍ നിര്‍ണായകമായി. 100 ദിവസത്തിനിടയില്‍ ശരിയായി ഭക്ഷണം കഴിക്കാത്ത നൂറു കണക്കിന് വിദ്യാര്‍ഥികളുണ്ട്. അക്രമം അഴിച്ചുവിടരുതെന്ന് സംഘാടകര്‍ തുടക്കം മുതല്‍ പൊതുജനങ്ങളെ അറിയിച്ചിരുന്നു. ഒരു കല്ല് പോലും എറിയരുതെന്ന് ഞങ്ങള്‍ എല്ലായ്പ്പോഴും ആളുകളോട് പറഞ്ഞിരുന്നു,സമരത്തിന്റെ പ്രധാന ഉദ്ദേശ്യം ഒരു വ്യക്തിയെ ദ്രോഹിക്കുകയല്ല, മറിച്ച് പ്രസിഡന്റിനെ പുറത്താക്കണമെന്ന് ആവശ്യപ്പെടുക എന്നതാണ്' സമരത്തില്‍ പങ്കെടുത്ത ഒരു വിദ്യാര്‍ഥിനി ശ്രീലങ്കന്‍ മാധ്യമത്തോട് പറഞ്ഞു.

വിദ്യാഭ്യാസ മേഖലയേയും വലച്ച പ്രതിസന്ധി

ശ്രീലങ്കയിലെ സാമ്പത്തികവും രാഷ്ട്രീയവുമായ അരജാകത്വം എല്ലാ മേഖലകളിലെന്ന പോലെ വിദ്യാഭ്യാസ മേഖലയേയും കാര്യമായി തന്നെ ബാധിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധിമൂലം നാല് സര്‍വകലാശാലകളെങ്കിലും ഇതിനോടകം ശ്രീലങ്കന്‍ വിദ്യാഭ്യാസ വകുപ്പ് താത്കാലികമായി അടച്ചുപൂട്ടി. ജൂലായ് 15 വരെ സ്‌കൂളുകള്‍ അവധിയും പ്രഖ്യാപിച്ചു. അടച്ചുപൂട്ടിയവയില്‍ ശ്രീലങ്കയിലെ ഏറ്റവും വലിയ സര്‍ക്കാര്‍ സര്‍വകലാശാലയായും ഉള്‍പ്പെടും.

നിലവിലുള്ള ഇന്ധന പ്രതിസന്ധി ഗതാഗതത്തെയും മറ്റെല്ലാ മേഖലകളെയും ബാധിക്കുകയും അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ക്ലാസുകളില്‍ പങ്കെടുക്കാന്‍ കഴിയാത്തതിനാല്‍ മിക്ക സര്‍വകലാശാലകളിലെയും അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടാന്‍ കാരണമാവുകയും ചെയ്തു.

പുതിയ സര്‍ക്കാരില്‍ നിന്നും പൊതുജനങ്ങള്‍ പെട്ടെന്നുള്ള ഫലമാണ് ആവശ്യപ്പെടുന്നത്. അവര്‍ അകപ്പെട്ട പ്രതിസന്ധിയില്‍ നിന്ന് കരകയറാനുള്ള നേരിയ സാധ്യതകളെങ്കിലും മുന്നോട്ട് വെച്ചില്ലെങ്കില്‍ ശ്രീലങ്കയിലെ രാഷ്ട്രീയ പ്രതിസന്ധിയും പ്രക്ഷോഭങ്ങളും ഇനിയും തുടരുമെന്ന് രാഷ്ട്രീയ വിദഗ്ദ്ധര്‍ചൂണ്ടിക്കാട്ടുന്നു.

Content Highlights: Students-young people play key role in ousting president

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
mv govindan

കേരളത്തിലെ കറിപൗഡറുകളെല്ലാം വ്യാജം, വിഷം - മന്ത്രി എം.വി. ഗോവിന്ദന്‍

Aug 11, 2022


kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022

Most Commented