ഡാറ്റാ അനാലിസിസും തിരഞ്ഞെടുപ്പും; ഇത്തവണ ത്രിപുരയിൽ കുഴഞ്ഞുമറിഞ്ഞ് ബി.ജെ.പി.


അരുണ്‍ മധുസൂദനന്‍



രാഷ്ട്രീയ തന്ത്രങ്ങള്‍ക്കപ്പുറം, സമാനതകളില്ലാത്ത ഇലക്ഷന്‍ മാനേജ്മെന്റ് കൂടിയാണ് ബി.ജെ.പിയുടെ ഓരോ തിരഞ്ഞെടുപ്പ് വിജയത്തിലും പ്രധാന പങ്കുവഹിക്കാറുള്ളത്. കാല്‍ നൂറ്റാണ്ട് കാലത്തെ ഇടത് കോട്ട തകര്‍ത്ത് ത്രിപുരയിലും ബി.ജെ.പി. കടന്നുകയറിയത് ഇത്തരം തന്ത്രങ്ങള്‍ ഉപയോഗിച്ചുകൂടിയാണ്.

Premium

അമിത് ഷാ, ബിപ്ലബ് കുമാർ ദേബ് | ഫോട്ടോ: പി.ടി.ഐ.

ലോക്‌സഭയിലേക്ക് വെറും രണ്ട് അംഗങ്ങളെ സംഭാവന ചെയ്യുന്ന സംസ്ഥാനം. 60 നിയമസഭാ മണ്ഡലങ്ങള്‍. കാല്‍ നൂറ്റാണ്ടായി ഇടതുകോട്ട. ബംഗാളി വംശജര്‍ ഭൂരിപക്ഷമുള്ള സംസ്ഥാനത്ത് മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് ശ്രമിച്ചിട്ടും വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയാത്ത രാഷ്ട്രീയ സാഹചര്യം. കാലങ്ങളായി തിരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടുന്നത് ഇടതും കോണ്‍ഗ്രസും തമ്മില്‍. എന്നിട്ടുമെങ്ങനെയാണ് പൂജ്യത്തില്‍നിന്ന് തുടങ്ങിയ ബി.ജെ.പി. ത്രിപുര പിടിച്ചെടുത്തത്?

രാഷ്ട്രീയ തന്ത്രങ്ങള്‍ക്കപ്പുറം സമാനതകളില്ലാത്ത ഇലക്ഷന്‍ മാനേജ്‌മെന്റ് കൂടിയാണ് 2018-ല്‍ ത്രിപുരയില്‍ ബി.ജെ.പിയുടെ വിജയത്തിന് കാരണമായത്. പാര്‍ട്ടിയില്‍നിന്ന് കൊഴിഞ്ഞുപോക്കുണ്ടാവുകയും കാലങ്ങളായുള്ള രാഷ്ട്രീയ ശത്രുക്കള്‍ ഇത്തവണ ഒരുമിക്കുകയും ചെയ്യുമ്പോള്‍ 2018-ലെ തന്ത്രങ്ങള്‍ മാത്രം ബി.ജെ.പിയെ വിജയത്തിലെത്തിക്കുമോ? പുറത്തെടുക്കാത്ത നീക്കങ്ങള്‍ ഇനിയും അവര്‍ കരുതിവെച്ചിട്ടുണ്ടാവുമോ? ശൂന്യതയില്‍നിന്ന് ആരംഭിച്ച ബി.ജെ.പിയെ ത്രിപുരയില്‍ അധികാരത്തിലെത്തിച്ച തന്ത്രങ്ങളെന്തായിരുന്നു? 2014-ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ തുടങ്ങി ത്രിപുരയിലും മണിപ്പൂരിലുമടക്കം സൈബര്‍ വാര്‍ റൂമുകളില്‍ പ്രവര്‍ത്തിച്ച് പിന്നീട് പാര്‍ട്ടിയുമായുള്ള സഹകരണം അവസാനിപ്പിച്ച ശിവം ശങ്കര്‍ സിങ്ങിന്റെ 'ഹൗ ടു വിന്‍ ആന്‍ ഇന്ത്യന്‍ ഇലക്ഷന്‍; വാട്ട് പൊളിറ്റിക്കല്‍ പാര്‍ട്ടീസ് ഡോണ്ട് വാണ്ട് ടു നോ' എന്ന പുസ്തകത്തില്‍ അതിന്റെ പൂര്‍ണ്ണ വിവരണമുണ്ട്.

ഡാറ്റാ അനലിസ്റ്റിനെന്താണ് തിരഞ്ഞെടുപ്പില്‍ കാര്യം?

ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി 2014-ല്‍ ഗംഭീര വിജയത്തോടെ ഇന്ത്യന്‍ പ്രധാനമന്ത്രിയായി അവരോധിക്കപ്പെട്ടതില്‍ തിരഞ്ഞെടുപ്പ് ക്യാമ്പയിന്‍ മാനേജ്മെന്റിനും സാമൂഹിക മാധ്യമങ്ങളിലെ പ്രതിച്ഛായ നിര്‍മ്മിതിക്കുമുള്ള പങ്ക് ചെറുതൊന്നുമല്ലെന്ന് ആരും സംശയലേശമന്യേ അടിവരയിടുന്ന കാര്യമാണ്. ആ തിരിച്ചറിവ് അന്ന് പക്ഷേ പാര്‍ട്ടിക്ക് ഉണ്ടായിരുന്നില്ലെന്നാണ് ബി.ജെ.പി. 'വാര്‍ റൂമു'കളില്‍ ഒരിക്കല്‍ പ്രവര്‍ത്തിച്ചിരുന്ന ശിവം ശങ്കര്‍ സിങ് പറയുന്നത്. 2014-ല്‍ ബി.ജെ.പിയുടെ ഡാറ്റാ വിശകലനവിഭാഗം വളരെ ശക്തിയേറിയതായിരുന്നു. എന്നാല്‍, മോദിയെന്ന ഒരൊറ്റ വ്യക്തിയുടെ പ്രഭാവത്തിലാണ് വിജയം സാധ്യമായതെന്ന് പാര്‍ട്ടിയുടെ ചില ഘടകങ്ങളില്‍ ചര്‍ച്ചയുണ്ടായതോടെ, ഡാറ്റാ റിസേര്‍ച്ച് വിഭാഗം തകര്‍ന്നുപോയെന്ന് ശിവം ശങ്കര്‍ സിങ് പറയുന്നു. ഇതിന് പിന്നാലെ 2015-ല്‍ ഡല്‍ഹിയിലും ബിഹാറിലും ബി.ജെ.പി. നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടു. നിതീഷ് കുമാറിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടി 'ജനതാ' പാര്‍ട്ടികള്‍ ഒരുമിച്ചത് ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായെങ്കിലും ശിവം ശങ്കര്‍ സിങ് മറ്റൊരു സംഭവവും മുന്നോട്ട് വെക്കുന്നുണ്ട്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിഹാറില്‍ എത്തിയതായിരുന്നു പ്രധാനമന്ത്രി പദത്തില്‍ മധുവിധു അവസാനിച്ചിട്ടില്ലാത്ത നരേന്ദ്ര മോദി. സംസ്ഥാനത്തെ ഒരു റാലിയിലെ പ്രസംത്തിനിടെ മോദി തനിക്ക് മുന്നില്‍ തടിച്ചുകൂടിയ ജനങ്ങളോട് ഇങ്ങനെ ചോദിച്ചു: 'നിങ്ങള്‍ക്ക് വൈദ്യുതി ലഭിച്ചോ?, റോഡുകള്‍ ലഭിച്ചോ?'. ഇല്ല എന്ന് ജനങ്ങള്‍ മറുപടി പറയുമെന്ന് പ്രതീക്ഷിച്ച പ്രധാനമന്ത്രിക്ക് നിരാശയായിരുന്നു ഫലം. അവര്‍ ഒരേ സ്വരത്തില്‍ 'ലഭിച്ചു' എന്ന് മറുപടി നല്‍കി. ശിവം ശങ്കര്‍ തുടര്‍ന്ന് ഇങ്ങനെ പറയുന്നു: 'പ്രാഥമികമായി നടത്തുന്നൊരു സര്‍വേ പോലും ആ റാലിയില്‍ ഇത്തരം വിഷയങ്ങള്‍ ഉന്നയിക്കരുതെന്ന സാമാന്യസൂചന നല്‍കുമായിരുന്നു. എന്നാല്‍ അതുണ്ടായില്ല'.

ഒരിക്കല്‍ തങ്ങള്‍ പയറ്റിയ പാഠങ്ങള്‍ സൗകര്യപൂര്‍വ്വം മറന്നുകളഞ്ഞതിന്റെ പരിണിതിയായിരുന്നു അന്നത്തെ ബിഹാര്‍ ഫലമെന്ന് ശിവം ശങ്കര്‍ പറയുന്നു. രാഷ്ട്രീയപാഠങ്ങള്‍ പഠിക്കുന്നതില്‍ ഇന്ത്യയിലെ മറ്റ് രാഷ്ട്രീയപ്പാര്‍ട്ടികളെക്കാള്‍ മുന്നിലുള്ള ബി.ജെ.പി. പിന്നീട് തെറ്റു തിരുത്തി. വീണ്ടും ഡാറ്റാ റിസേര്‍ച്ച് ടീമിനെ ശക്തമാക്കിയ ബി.ജെ.പിക്ക് 2016 മുതല്‍ എതിരാളികളില്ലാത്ത വിധം ശക്തമാണെന്നും ശിവം ശങ്കര്‍ പറയുന്നു.

ത്രിപുരയില്‍ എന്തായിരുന്നു ബി.ജെ.പി.?

1972-ല്‍ സംസ്ഥാന പദവി ലഭിച്ച ത്രിപുരയില്‍ എട്ടു ജില്ലകളിലായി 60 നിയമസഭാ മണ്ഡലങ്ങളാണുള്ളത്. 31 സീറ്റുകള്‍ കേവലഭൂരിപക്ഷത്തിന് ആവശ്യമുള്ള ഇവിടെ 2018-ല്‍ 36 സീറ്റുകള്‍ നേടി ബി.ജെ.പി. അധികാരത്തിലെത്തി. എട്ടു സീറ്റുകള്‍ നേടിയ ഗോത്രവര്‍ഗ പാര്‍ട്ടി ഐ.പി.എഫ്.ടിയുമായി സഖ്യത്തിലെത്തിയായിരുന്നു ഭരണം. പിന്നീട് പലപ്പോഴായി എട്ട് എം.എല്‍.എമാര്‍ സഖ്യം വിട്ടു. അതില്‍ അഞ്ചു പേര്‍ ബി.ജെ.പിയില്‍ നിന്നും മൂന്ന് പേര്‍ ഐ.പി.എഫ്.ടിയില്‍ നിന്നുമാണ്. പിന്നാലെ ഐ.പി.എഫ്.ടി. സഖ്യം വിട്ടു. മുന്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ പ്രദ്യോത് ബിക്രം മാണിക്യ ദേബ് ബര്‍മന്‍ പുതുതായി രൂപീകരിച്ച തിപ്ര മോത്ത പാര്‍ട്ടിയില്‍ ലയിക്കണോ അതോ സഖ്യത്തിലെത്തിയാല്‍ മതിയോ എന്നതാണ് മുന്‍ എന്‍.ഡി.എ. കക്ഷിയുടെ നിലവിലെ ചിന്ത. ഇത് ബി.ജെ.പിക്ക് തിരിച്ചടിയാവാനാണ് സാധ്യത.

എന്നാല്‍, ബി.ജെ.പി. സംസ്ഥാനത്ത് കടന്നുകയറിയതിന്റെ മറ്റൊരു ചരിത്രം, ചില കണക്കുകള്‍ അവര്‍ക്ക് ആശ്വാസമാവുന്നുണ്ട്. 25 വര്‍ഷത്തെ കമ്മ്യൂണിസ്റ്റ് ഭരണം അവസാനപ്പിച്ച് ത്രിപുരയില്‍ അധികാരത്തിലേറുമ്പോള്‍ ബി.ജെ.പിക്ക് അവിടെ ലഭിച്ചത് 43.59 ശതമാനം വോട്ടുകളാണ്. 42.22 ശതമാനം വോട്ടുകള്‍ നേടിയ സി.പി.എമ്മിനേക്കാള്‍ 1.37 ശതമാനം അധികം. എന്നാലിതല്ല, അവര്‍ക്ക് ആശ്വാസം നല്‍കുന്ന കണക്ക്. 2018-നും അഞ്ച് വര്‍ഷം മുമ്പ്, കോണ്‍ഗ്രസും സി.പി.എമ്മും നേരിട്ട് ഏറ്റമുട്ടിയ തിരഞ്ഞെടുപ്പില്‍ 1.54 ശതമാനം വോട്ടും പൂജ്യം സീറ്റുമായിരുന്നു ബി.ജെ.പിക്ക് ഉണ്ടായിരുന്നത്. ഇവിടെ നിന്നാണ് അവര്‍ ചിട്ടയായ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലൂടെ കേവലഭൂരിപക്ഷവും കടന്ന്, ഏറ്റവും വലിയ ഒറ്റകക്ഷിയായി സംസ്ഥാന ഭരണം നേടിയെടുക്കുന്നത്.

'കോണ്‍ഗ്രസായ' ബി.ജെ.പി.

ബംഗാളടക്കമുള്ള സംസ്ഥാനങ്ങളിലെന്ന പോലെ, തങ്ങള്‍ക്ക് കടന്നുകയറാന്‍ എളുപ്പമുള്ള സംസ്ഥാനം തന്നെയാണ് ത്രിപുരയുമെന്ന് ബി.ജെ.പി. മനസ്സിലാക്കിയത് 2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെയാണ്. 2009- ല്‍ നടന്ന തിരഞ്ഞെടുപ്പില്‍നിന്ന് മൂന്ന് മടങ്ങ് വോട്ട് വര്‍ധനയാണ് അത്തവണ ബി.ജെ.പിയുടെ കണക്കുകളില്‍ ഉണ്ടായത്. 2013-ലെ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിന് ലഭിച്ചത് 36.5% വോട്ടുകളാണ്. ഇടതുപക്ഷവുമായി ഒത്തുതീര്‍പ്പ് രാഷ്ട്രീയമാണ് കളിക്കുന്നതെന്ന ആരോപണവുമായി പ്രതിപക്ഷത്തിന്റെ സ്ഥാനം തങ്ങള്‍ക്ക് ഏറ്റെടുക്കാവുന്നതേയുള്ളൂ എന്ന ആത്മവിശ്വാസം ബി.ജെ.പിക്ക് നല്‍കിയത് ഈ കണക്കുകളാണ്.

ഹിമന്ത ബിശ്വ ശര്‍മ്മ, രാം മാധവ്, സുനില്‍ ദേവധര്‍ | Photo: PTI, ANI

ഇവിടെ നിന്നാണ് ബി.ജെ.പിക്കായി നാലംഗ സംഘം പണിതുടങ്ങിയത്. നിലവിലെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, സുനില്‍ ദേവധര്‍, ബിപ്ലബ് കുമാര്‍ ദേബ്, രാം മാധവ് എന്നിവരായിരുന്നു 2018-ല്‍ ബി.ജെ.പിയുടെ വിജയശില്‍പികള്‍. കോണ്‍ഗ്രസ് വിട്ട് 2016-ല്‍ ബി.ജെ.പിയില്‍ ചേര്‍ന്ന ഹിമന്ത ശര്‍മ്മ അസം മുഖ്യമന്ത്രിയാവുകയും വടക്ക്- കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്ക് എല്ലാകാലത്തും സഹായത്തിന് സമീപിക്കാവുന്ന 'മാന്‍ ഓണ്‍ എ മിഷന്‍' ആയിത്തീരുകയും ചെയ്തു. 2015 മുതല്‍ ബി.ജെ.പിക്കായി നിരന്തരം സംസ്ഥാനത്ത് പ്രവര്‍ത്തിച്ചുവരുന്ന, ആര്‍.എസ്.എസിന്റെ നോമിനിയാണ് സുനില്‍ ദേവധര്‍. ഒരു ഘട്ടത്തില്‍ ബിപ്ലബ് ദേബിനെ മറികടന്ന് മുഖ്യമന്ത്രിയായേക്കുമെന്ന് പ്രാഥമിക ചര്‍ച്ചകളില്‍ ഉയര്‍ന്നുകേട്ട പേര്. 2014-ല്‍ വാരാണസിയില്‍ മോദിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് ദേവധറായിരുന്നു. കോണ്‍ഗ്രസ് നേതാക്കളെ അടര്‍ത്തിയെത്ത് പാര്‍ട്ടിയില്‍ എത്തിച്ച്, ഒടുവില്‍ അവരുടേതടക്കം വിമര്‍ശനമേറ്റു വാങ്ങി മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ട വന്ന കഥയാണ് ബിപ്ലബ് ദേബിന് പറയാനുള്ളത്. വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ ബിപ്ലബ് ദേബിനെ രാജിവെപ്പിച്ച് മണിക് സാഹയെ മുഖ്യമന്ത്രിയാക്കി. നിലവില്‍ രാജ്യസഭാ എം.പിയാണ്, ബിപ്ലബ്. 2016-ല്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായ ബിപ്ലബ് ദേബ് സംസ്ഥാനത്തെ ആദ്യത്തെ ബി.ജെ.പി. മുഖ്യമന്ത്രിയാണ്. ബി.ജെ.പി. വടക്ക്- കിഴക്കന്‍ സംസ്ഥാനങ്ങളുടെ ചുമതലയുണ്ടായിരന്ന, കേന്ദ്ര നേതൃത്വത്തിന്റെ നിരീക്ഷകനായിരുന്നു രാം മാധവ്.

കോണ്‍ഗ്രസിലേയും തൃണമൂല്‍ കോണ്‍ഗ്രസിലേയും നേതാക്കളെ പാര്‍ട്ടിയില്‍ എത്തിക്കുക എന്നതായിരുന്നു നാലംഗ സംഘത്തിന് മുന്നിലുണ്ടായിരുന്ന ആദ്യലക്ഷ്യങ്ങളിലൊന്ന്. 2013-ല്‍ പത്ത് എം.എല്‍.എമാരായിരുന്നു കോണ്‍ഗ്രസിന് സംസ്ഥാനത്ത്. 2018-ല്‍ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന സമയമാവുമ്പോഴേക്കും ഏഴ് എം.എല്‍.എമാര്‍ പാര്‍ട്ടിയില്‍ ഉണ്ടായില്ല. ആദ്യം തൃണമൂലില്‍ ചേര്‍ന്ന ഇവര്‍ 2017 ആഗസ്റ്റാവുമ്പോഴേക്കും ബി.ജെ.പിയില്‍ എത്തി. കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കള്‍ ബി.ജെ.പിയുടെ ടിക്കറ്റില്‍ മത്സരിക്കുന്ന സാഹചര്യം ഉണ്ടായി.

ഇത്തവണ ബി.ജെ.പിയെ നേരിടാന്‍ കൈകോര്‍ക്കുന്നുവെങ്കിലും ത്രിപുരയില്‍ ബി.ജെ.പിയെ അധികാരത്തില്‍ എത്തിച്ചത് കോണ്‍ഗ്രസ് ആണെന്ന വിമര്‍ശനം സി.പി.എം. ഉന്നയിക്കുന്നുണ്ട്. കോണ്‍ഗ്രസുമായി എവിടെയും സഖ്യത്തിലെത്തുന്നതിനെ ചോദ്യം ചെയ്യുന്ന കേരളാ ഘടകത്തിന്റെ ഔദ്യോഗിക ദിനപത്രത്തില്‍, ത്രിപുരയില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന്റെ പിറ്റേന്ന് ഇതേ തലക്കെട്ടില്‍ വാര്‍ത്ത വരികയും ചെയ്തു. സി.പി.എം. തങ്ങളുടെ വോട്ട് ശതമാനം നിലനിര്‍ത്തിയപ്പോള്‍ കോണ്‍ഗ്രസിന്റെ വോട്ടുകള്‍ ബി.ജെ.പിക്ക് പോയെന്നാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടിയുള്ള വിമര്‍ശനം.

വരാനിരിക്കുന്ന ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യം ചേര്‍ന്ന് മത്സരിക്കുന്ന സി.പി.എമ്മിന്റെ സ്ഥാനാര്‍ഥി പട്ടിക | Photo: Facebook/CPIMTripura

ഒഴിഞ്ഞപേജുള്ള കുറ്റപത്രം

ദീര്‍ഘകാല ഫലം നല്‍കുന്ന രാഷ്ട്രീയ തന്ത്രങ്ങള്‍ മാത്രമല്ല, തിരഞ്ഞെടുപ്പ് വിജയിക്കാനുള്ള പ്രചാരണത്തിലെ പൊടിക്കൈകളും പുതിയ കാല രാഷ്ട്രീയത്തിന്റെ അവിഭാജ്യഘടകങ്ങളാണ്. അതില്‍ ഇന്ത്യയില്‍ നിലവില്‍ മേധാവിത്വമുള്ളത് ബി.ജെ.പിക്ക് തന്നെയാണ്. 2018-ല്‍ തിരഞ്ഞെടുപ്പാനന്തരം ബിപ്ലബ് ദേബിനെ സംസ്ഥാനത്തെ ആദ്യ ബി.ജെ.പി. മുഖ്യമന്ത്രിയായി വാഴിക്കുമ്പോള്‍, ഇത്തരം ചില തിരഞ്ഞെടുപ്പ്‌ തന്ത്രങ്ങളും ബി.ജെ.പി. ഉപയോഗിച്ചിരുന്നു. ഇതിന്റെ വിശദമായ വിവരണം പാര്‍ട്ടിയുടെ ഡാറ്റാ വിഭാഗത്തിന് അന്ന് നേതൃത്വം നല്‍കിയ ശിവം ശങ്കര്‍ സിങ് അദ്ദേഹത്തിന്റെ 'ഹൗ ടു വിന്‍ ആന്‍ ഇന്ത്യന്‍ ഇലക്ഷന്‍; വാട്ട് പൊളിറ്റിക്കല്‍ പാര്‍ട്ടീസ് ഡോണ്ട് വാണ്ട് ടു നോ' എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഉയര്‍ന്നവരുന്ന ഒരു പതിവ് കാഴ്ചയുണ്ട്, ഭരണകക്ഷിക്കെതിരായി പ്രതിപക്ഷം ഇറക്കുന്ന കുറ്റപത്രം. ഏറ്റവും ഒടുവിലായി ഇന്ത്യന്‍ രാഷ്ട്രീയം കണ്ട കുറ്റപത്രത്തിന്റെ റിലീസ്, മോദി സര്‍ക്കാരിനെതിരായി കോണ്‍ഗ്രസിന്റേതായിരുന്നു. അതില്‍ ബി.ജെ.പിക്ക്, ഭ്രഷ്ട് ജുംല പാര്‍ട്ടി (സമ്പൂര്‍ണ്ണ അഴിമതി പാര്‍ട്ടി) എന്ന വിശേഷണമാണ് കോണ്‍ഗ്രസ് നല്‍കുന്നത്. ബി.ജെ.പിയുടെ 'സബ്കാ സാത്ത്, സബ് കാ വികാസ് എന്ന മുദ്രാവാക്യത്തെ പരിഹസിച്ച് 'കുറച്ചുപേര്‍ക്കായി, സ്വയം വികസനം, എല്ലാവരേയും വഞ്ചിക്കല്‍' (കുച്ച് കാ സാത്ത്, ഖുദ് കാ വികാസ്, സബ്കെ സാത്ത് വിശ്വാസ് ഘട്ട്) എന്ന നയമാണ് ബി.ജെ.പിക്കെന്ന് കുറ്റപത്രത്തില്‍ ആരോപിക്കുന്നു. 2024-ല്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി രണ്ടു തവണയായി അധികാരത്തിലിരുന്ന ബി.ജെ.പി. സര്‍ക്കാരിനെതിരെ 27-ഓളം ആരോപണങ്ങളാണ് രണ്ടു പേജുള്ള കുറ്റപത്രത്തില്‍ കോണ്‍ഗ്രസ് ഉന്നയിക്കുന്നത്.

എന്നാല്‍, 2018-ല്‍ മണിക് സര്‍ക്കാരിനെതിരെ ഒരു കുറ്റപത്രം ഇറക്കാന്‍ ശ്രമിച്ചതിന്റെ കഥ അദ്ദേഹം പുസ്തകത്തില്‍ പറയുന്നുണ്ട് ശിവം ശങ്കര്‍ സിങ്. ആഭ്യന്തരസംഘര്‍ഷങ്ങളെ നിലയ്ക്ക് നിര്‍ത്തിയതിന്റെ പേരില്‍ മണിക് സര്‍ക്കാരിന് ത്രിപുരയിലെ ജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യതയുണ്ടായിരുന്നു. എന്നാല്‍, 18-നും 25-നും ഇടയില്‍ പ്രായമുള്ള പുതിയ വോട്ടര്‍മാര്‍ക്ക് ത്രിപുരയുടെ ഇത്തരമൊരു ഭൂതകാലത്തെക്കുറിച്ച് കേട്ടറിവ് പോലുമുണ്ടായിരുന്നില്ല. ആകെ വോട്ടര്‍മാരുടെ 15.1% വരുമിത്. ചരിത്രം കേട്ടെങ്കിലും പരിചയമുള്ള 35 വയസ്സിന് താഴെയുള്ള വോട്ടര്‍മാരാണെങ്കില്‍, 2004-ന് ശേഷം സംഘര്‍ഷങ്ങള്‍ക്ക് കാലക്രമേണയുള്ള അയവ് വരികയായിരുന്നുവെന്നും അതില്‍ സി.പി.എം. സര്‍ക്കാരിന് ഒന്നും ചെയ്യാനുണ്ടായിരുന്നില്ലെന്നും വിശ്വസിക്കുന്നവരാണെന്ന് ബി.ജെ.പി. നടത്തിയ സര്‍വേയില്‍ കണ്ടെത്തി. 45-കാരനായ ബിപ്ലബ് ദേബിനെ മുന്‍ നിര്‍ത്തി പോരിനിറങ്ങുന്ന ബി.ജെ.പിക്ക് അത് വലിയ ആശ്വാസമായിരുന്നു. താനും ഇടത് സര്‍ക്കാരും ഭൂതകാലത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ പേരില്‍ വോട്ട് പിടിക്കാനായിരുന്നു മണിക് സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍, കൂടുതല്‍ കാലം നിങ്ങളെ ഭരിച്ചവര്‍ കഴിഞ്ഞ കാലത്തെക്കുറിച്ച് പറയുമ്പോള്‍, ഭാവിയെക്കുറിച്ച് പറയാനാണ് തങ്ങള്‍ക്ക് താത്പര്യമെന്ന മുദ്രാവാക്യവുമായി ബി.ജെ.പി. രംഗത്തെത്തി.

ത്രിപുര മുഖ്യമന്ത്രിയായി ബിപ്ലബ് കുമാര്‍ ദേബിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ അമിത് ഷാ, രാജ്‌നാഥ് സിങ്, മണിക് സര്‍ക്കാര്‍ | ഫോട്ടോ: പി.ടി.ഐ.

മണിക് സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ 100 കുറ്റങ്ങളും കുറവുകളും ഉയര്‍ത്തിക്കാട്ടി കുറ്റപത്രം പുറത്തിറക്കാനായിരുന്നു ആദ്യം ബി.ജെ.പിയുടെ ആലോചന. സംസ്ഥാനത്തെ വര്‍ക്ക് ഫോഴ്സില്‍ 20 ശതമാനവും തൊഴില്‍രഹിതരാണെന്ന കണക്കുയര്‍ത്തി രാജ്യത്തെ ഏറ്റവും വലിയ തൊഴിലില്ലായ്മ നിരക്കാണിതെന്ന പ്രചാരണവുമായി ബി.ജെ.പി. രംഗത്തെത്തി. ഇതിന് പുറമെ നൂറ് എന്ന സംഖ്യയിലേക്ക് പല വഴികള്‍, പലപരാജയങ്ങള്‍ ബി.ജെ.പി. തേടി. എന്നാല്‍, അത്രയും വലിയ സംഖ്യ തങ്ങള്‍ എതിര്‍ക്കുന്ന പാര്‍ട്ടിയുടെ വീഴ്ചകളായി ഉണ്ടായിരുന്നില്ലെന്ന് ശിവം ശങ്കര്‍ സിങ് പറയുന്നു. കണക്കുകളില്‍, ഏറ്റവും മികച്ച- സത്യസന്ധമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരായിരുന്നു അന്ന് സി.പി.എമ്മിന്റേത്. രാഷ്ട്രീയ നേതാവെന്ന നിലയില്‍ മികച്ച പ്രതിച്ഛായയാണ് മണിക് സര്‍ക്കാരിന് ഉണ്ടായിരുന്നതും. പകരം ഉയര്‍ത്തിക്കാട്ടാനുണ്ടായിരുന്നത് ഏതെങ്കിലും പ്രത്യേക വിഷയത്തിലെ വലിയ പരാജയങ്ങളായിരുന്നു, പീഡനസംഭവഭങ്ങള്‍, കൊലപാതകങ്ങള്‍, രാഷ്ട്രീയ സംഘട്ടനങ്ങള്‍ എന്നിവ. ഒടുവില്‍ ഗുരുതരമായ ഭരണവീഴ്ചകളൊന്നും വ്യാപകമായി ഉയര്‍ത്തിക്കാണിക്കാനില്ലെന്ന് കണ്ട് കുറ്റപത്രം എന്ന ആശയം ബി.ജെ.പിയുടെ വാര്‍ റൂം ശൈശവഹത്യ നടത്തി.

പിന്നീട് ഉയര്‍ത്തിക്കൊണ്ടുവന്നത്, മുമ്പ് നടന്ന തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് ഉയര്‍ത്തി പരാജയപ്പെട്ടൊരു സാമ്പത്തിക തട്ടിപ്പായിരുന്നു. കല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റോസ് വാലി ചിട്ടി ഫണ്ട് എന്ന സ്ഥാപനം സംസ്ഥാനത്തെ ഗോത്രവര്‍ഗത്തിലടക്കം ഉള്ളവരില്‍ നിന്ന് 15,000 കോടി തട്ടിച്ചുവെന്നായിരുന്നു ആരോപണം. കോണ്‍ഗ്രസ് പരാജയപ്പെട്ടിടത്ത് നിന്ന് ബി.ജെ.പി. ഈ സാമ്പത്തിക തട്ടിപ്പ് ആയുധമാക്കി മുന്നോട്ട് നീങ്ങി. ത്രിപുരയിലെ നാലില്‍ ഒരു കുടുംബമെങ്കിലും ചിട്ടി ഫണ്ട് തട്ടിപ്പില്‍ ഇരയായെന്ന് കണ്ടെത്തിയെന്നാണ് അവരുടെ അവകാശവാദം. സഹോദര സ്ഥാപനമായ റോസ് വാലി പാര്‍ക്കിന്റെ ഉദ്ഘാടനത്തില്‍ മണിക് സര്‍ക്കാര്‍ പങ്കെടുത്തതിന്റെ ചിത്രം പ്രചരിപ്പിച്ചത് ത്രിപുരയിലെ വോട്ടര്‍മാരില്‍ വൈകാരികമായി തന്നെ ചെന്നുകൊണ്ടു.

'ഒളിച്ചുകടത്തിയ' സഖ്യം

വീണ്ടും ത്രിപുര തിരഞ്ഞെടുപ്പിലേക്ക് എത്തുമ്പോള്‍ രാഷ്ട്രീയ ശ്രദ്ധാകേന്ദ്രമാകുന്നത് മുന്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായ, എന്നാലിന്ന് പാര്‍ട്ടിക്കൊപ്പമില്ലാത്ത ഒരു രാജകുടുംബാംഗത്തിലേക്കാണ്. പേര് പ്രദ്യോത് ബിക്രം മാണിക്യ ദേബ് ബര്‍മന്‍. ത്രിപുര വിഭജിച്ച് ഗ്രേറ്റര്‍ തിപ്രലാന്‍ഡ് എന്ന ഗോത്രവര്‍ഗ സംസ്ഥാനത്തിനായി ആവശ്യമുയര്‍ത്തുന്ന തിപ്ര ഇന്‍ഡിജിനിയസ് പ്രോഗ്രസീവ് അലയന്‍സ് എന്ന തിപ്ര മോത്ത പാര്‍ട്ടിയുമായാണ് പ്രദ്യോത് വരുന്ന തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്. 2021-ല്‍ രൂപം കൊണ്ട പാര്‍ട്ടിക്ക് 20 മണ്ഡലങ്ങളില്‍ നിര്‍ണായകസ്വാധീനമാണ്. ഇത്തവണ 45 സീറ്റുകളില്‍ പാര്‍ട്ടി മത്സരിക്കും.

ഗോത്രവര്‍ഗ വികാരമുയര്‍ത്തി പാര്‍ട്ടി രൂപീകരിച്ച പ്രദ്യോതിനെ ഒപ്പം കൂട്ടാന്‍ സി.പി.എം.- കോണ്‍ഗ്രസ് സഖ്യവും ബി.ജെ.പിയും പരമാവധി ശ്രമിച്ചിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഒപ്പം നിന്നിരുന്ന ഇന്‍ഡിജിനസ് പീപ്പള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര അഥവാ ഐ.പി.എഫ്.ടി. വിട്ടുവന്ന വോട്ട് ബാങ്കിനേയും നേതാക്കളേയും ഒപ്പം നിര്‍ത്തിയാണ് പ്രദ്യോത് പാര്‍ട്ടി കെട്ടിപ്പടുത്തത്. ഇത് ബി.ജെ.പിയെ തെല്ലൊന്നുമല്ല ഭയപ്പെടുത്തുന്നത്. 15 വര്‍ഷമായി തങ്ങള്‍ ഭരിച്ചിരുന്ന ആദിവാസിമേഖലാ ജില്ലാ കൗണ്‍സിലില്‍ 28-ല്‍ 18 സീറ്റ് നേടി ഭരണം പിടിച്ചത് സി.പി.എം. സഖ്യത്തിനും ഭീഷണി ഉയര്‍ത്തിയിട്ടുണ്ട്. സംസ്ഥാനത്തെ 60 നിയമസഭാ മണ്ഡലങ്ങളില്‍ ഇരുപതും ഇവിടെയാണ്.

ആരുമായി കൂട്ടുചേര്‍ന്നാലും തങ്ങളുടെ ആവശ്യത്തില്‍ നിന്ന് പിറകോട്ട് പോകില്ലെന്നാണ് പ്രദ്യോത് നല്‍കുന്ന സന്ദേശം. അതിന് ഉദാഹരണമായി അവര്‍ ചൂണ്ടിക്കാട്ടുന്നത് ബി.ജെ.പിയെയാണ്. കശ്മീരില്‍ പി.ഡി.പിയുമായി സഖ്യം ചേര്‍ന്ന ബി.ജെ.പി, കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കല്‍, രാമക്ഷേത്രം നിര്‍മ്മിക്കല്‍ എന്നീ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍നിന്ന് പിന്നോട്ട് പോയോ എന്നാണ് പ്രദ്യോത് ചോദിക്കുന്നത്. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാണെന്ന് രേഖാമൂലം ഉറപ്പ് നല്‍കുന്നവരുമായി സഖ്യത്തിന് തയ്യാറാണെന്നാണ് തിപ്ര മോത്ത പാര്‍ട്ടി അറിയിക്കുന്നത്. മുന്‍ ബി.ജെ.പി. സഖ്യകക്ഷിയായ ഐ.പി.എഫ്.ടിയിൽ ലയിക്കണോ അതോ സഖ്യം ചേരണോ എന്ന ചര്‍ച്ചകളും സമാന്തരമായി നടത്തുന്നുണ്ട്.

മണിക് സാഹ, പ്രദ്യോത് ബിക്രം മാണിക്യ ദേബ് ബര്‍മന്‍ | Photo: ANI

ഗോത്രവര്‍ഗ പാര്‍ട്ടികള്‍ക്ക് ത്രിപുര തിരഞ്ഞെടുപ്പിലുള്ള സ്വാധീമാണ് ഇത് സൂചിപ്പിക്കുന്നത്. എന്നാല്‍, അവരെ ഒപ്പം നിര്‍ത്തുക എന്നത് അത്ര എളുപ്പമുള്ള രാഷ്ട്രീയ നീക്കവുമല്ല. ത്രിപുരയുടെ വിഭജനം എന്ന ആവശ്യമാണ് അവര്‍ ഉന്നയിക്കുന്നത്. ഈ ആവശ്യം ത്രിപുരയിലെ ഭൂരിപക്ഷം വരുന്ന ബംഗാളി വംശജര്‍ അനുവദിച്ചു കൊടുക്കുകയുമില്ല. രണ്ടു പേരേയും പിണക്കാതെ മുന്നോട്ട് പോകുന്നവര്‍ ആരോ അവര്‍ക്ക് തിരഞ്ഞെടുപ്പ് വിജയം എന്നതാണ് ത്രിപുരയിലെ രാഷ്ട്രീയ സ്ഥിതി. 2018-ല്‍ അത് ബി.ജെ.പിയായിരുന്നു.

കാലങ്ങളായി സി.പി.എമ്മിനൊപ്പം നിന്നെങ്കിലും 2018 ആവുമ്പോഴേക്ക് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ഗോത്രവിഭാഗങ്ങള്‍ അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു. പലവട്ടം പിളര്‍ന്നും ലയിച്ചും സംസ്ഥാന രാഷ്ട്രീയത്തിന്റെ ഭാഗമായ ഐ.പി.എഫ്.ടിയായിരുന്നു ഇതിന്റെ ഗുണഫലം അനുഭവിച്ചത്. ഈ പശ്ചാത്തലത്തില്‍ അവരുമായി കൂട്ടുചേരുക എന്ന അഭിപ്രായം ബി.ജെ.പിക്കുള്ളിലുണ്ടായി. എന്നാല്‍, ത്രിപുരയുടെ വിഭജനം ആവശ്യപ്പെടുന്ന പാര്‍ട്ടിയുമായി സഖ്യത്തിലെത്തിയാല്‍ അത് സി.പി.എമ്മിന് അനുകൂലമാകുമെന്നായിരുന്നു ബി.ജെ.പിയുടെ കണക്കുകൂട്ടല്‍. ഇത് സംസ്ഥാന ജനസംഖ്യയുടെ 70 ശതമാനം വരുന്ന ബംഗാളികള്‍ക്കിടയില്‍ ബി.ജെ.പിക്ക് എതിരായ തരംഗമുണ്ടാവുമെന്ന വിലയിരുത്തലുണ്ടായി. സഖ്യത്തിലെത്താന്‍ മികച്ചൊരു അവസരത്തിനായി അവര്‍ കാത്തിരുന്നു.

പ്രത്യേക സംസ്ഥാനം എന്ന ആവശ്യമുയര്‍ത്തി റോഡ് ഉപരോധിച്ച് പ്രതിഷേധിക്കുന്ന ഐ.പി.എഫ്.ടി. പ്രവര്‍ത്തകര്‍ | Photo: ANI

റോസ് വാലി ചിട്ടി തട്ടിപ്പിനെ പ്രതിരോധിക്കാന്‍ സി.പി.എം. പാടുപെടുന്നതിനിടെയാണ് ബി.ജെ.പി. ഐ.പി.എഫ്.ടിയുമായി സഖ്യത്തിലേര്‍പ്പെടുന്നത്. സഖ്യത്തിലാണെങ്കിലും ആവശ്യാനുസരണം അത് ഉയര്‍ത്തിപ്പിടിച്ചും ചിലയിടങ്ങളില്‍ അത് മറച്ചുപിടിച്ചുമുള്ള പ്രചാരണമായിരുന്നു ബി.ജെ.പി. നടത്തിയത്. ഗോത്ര വര്‍ഗങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള ഇടങ്ങളില്‍ ഇരുപാര്‍ട്ടികളുടേയും പ്രവര്‍ത്തകര്‍ ഒരുമിച്ച് വോട്ടുതേടാനിറങ്ങി. ബംഗാളി ഭൂരിപക്ഷപ്രദേശങ്ങളില്‍ സഖ്യത്തിക്കുറിച്ച് സംസാരിച്ചില്ല. വിലപ്പോവുന്നിടത്ത്, തങ്ങള്‍ ത്രിപുരയെ ഒന്നിപ്പിക്കുകയാണെന്നും സി.പി.എമ്മാണ് ഗോത്രവര്‍ഗത്തിനും ബംഗാളികള്‍ക്കുമിടയില്‍ വിഭജനമുണ്ടാക്കുന്നത് എന്ന ആരോപണം ബി.ജെ.പി. ഉന്നയിച്ചു. ഒരു പരിധി കൂടിക്കടന്ന്, സ്വന്തം സഖ്യകക്ഷിക്ക് മേല്‍ ബി.ജെ.പി. ഒരുപാധി കൂടെ വെച്ചു, 'തിരഞ്ഞെടുപ്പ് അവസാനിക്കുന്നത് വരെ ത്രിപുരയുടെ വിഭജനമെന്ന ആവശ്യം ഉന്നയിക്കരുത്!'.

ഫലം നിര്‍ണ്ണയിക്കുന്ന പെന്‍ഷനും ശമ്പളവും

അടുത്തിടെ നടന്ന ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്ന് പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കുമെന്നായിരുന്നു. സുഖ്വിന്ദര്‍ സിങ് സുഖു മുഖ്യമന്ത്രിയായ ശേഷം തന്റെ അധ്യക്ഷതയില്‍ നടന്ന ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ നിലവിലെ പെന്‍ഷന്‍ പദ്ധതിക്ക് പകരം പഴയത് തിരികെക്കൊണ്ടുവരാനുള്ള തീരുമാനം എടുത്തു. രാജസ്ഥാന്‍, ഛത്തീസ്ഗഢ്, ഝാര്‍ഖണ്ഡ്, പഞ്ചാബ് സംസ്ഥാനങ്ങളും പഴയ പെന്‍ഷന്‍ പദ്ധതിയിലേക്ക് പോയിക്കഴിഞ്ഞു. കേരളത്തില്‍ യു.ഡി.എഫ്. അധികാരത്തിലെത്തിയാല്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി തിരികെ കൊണ്ടുവരുമെന്ന് കെ.പി.സി.സി. വര്‍ക്കിങ് പ്രസിഡന്റ് ടി. സിദ്ദിഖ് കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുകയുണ്ടായി.

ഇതിനിടെയാണ് ത്രിപുരയില്‍ അധികരാത്തിലെത്തിയാല്‍ പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കുമെന്ന് സി.പി.എമ്മും പ്രഖ്യാപിച്ചത്. പഴയ പെന്‍ഷന്‍ പദ്ധതിയുടെ പുനഃസ്ഥാപനം പ്രകടനപത്രികയിലുള്‍പ്പെടുത്തുമെന്ന് പറഞ്ഞ ത്രിപുര സി.പി.എം. സെക്രട്ടറി ജിതേന്ദ്ര ചൗധരി, ഇതടക്കം നാല് പ്രധാന വാഗ്ദാനങ്ങളാണ് സര്‍ക്കാര്‍ ജോലിക്കാര്‍ക്കായി തങ്ങള്‍ മുന്നോട്ട് വെക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു. നിര്‍ബന്ധിത പിരിച്ചുവിടല്‍ ഉണ്ടാകില്ല, കുടിശ്ശികയുള്ള ആശ്രിത ധനസഹായം കൊടുത്തുതീര്‍ക്കും, 2014-ലെ ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട 10,323 അധ്യാപകര്‍ക്ക് വരുമാനമാര്‍ഗം പുനഃസ്ഥാപിക്കും എന്നിവയാണത്.

28 ലക്ഷം വോട്ടര്‍മാരുള്ള സംസ്ഥാനത്ത് രണ്ടു ലക്ഷത്തിനടുത്താണ് സര്‍ക്കാര്‍ ജോലിക്കാരും പെന്‍ഷന്‍ അനുകൂല്യം കൈപ്പറ്റുന്നവരും. അവര്‍ ആര്‍ക്കൊപ്പം നില്‍ക്കുന്നു എന്നത് സംസ്ഥാന രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണ്ണയിക്കും. വിജയത്തിനുള്ള പല ഘടകങ്ങളും ബി.ജെ.പിക്കൊപ്പമായിരുന്നു എന്നത് പോലെ, സര്‍ക്കാര്‍ ജോലിക്കാരും പെന്‍ഷന്‍കാരും കഴിഞ്ഞ തവണ അവര്‍ക്കൊപ്പം നിന്നു. ബി.ജെ.പിയുടെ എട്ട് പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു ഏഴാം ശമ്പള കമ്മിഷന്‍ നടപ്പാക്കുകയെന്നത്.

മണിക് സര്‍ക്കാരിന്റെ കാലത്ത് നാലാം ശമ്പള കമ്മിഷന്റെ നിര്‍ദ്ദേശപ്രകാരമുള്ള വേതനമായിരുന്നു നല്‍കിപോന്നിരുന്നത്. ഏഴാം ശമ്പള കമ്മിഷന്‍ നടപ്പാക്കിയ സംസ്ഥാനങ്ങളിലെ ജീവനക്കാരേക്കാള്‍ 30 മുതല്‍ 50 ശതമാനം വരെ കുറവ് വേതനമായിരുന്നു ത്രിപുരയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കിട്ടിക്കൊണ്ടിരുന്നത്. ഇതില്‍ ജീവനക്കാര്‍ക്ക് കടുത്ത അമര്‍ഷമുണ്ടായിരുന്നു. ബി.ജെ.പി. സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതോടെ ഏഴാം ശമ്പള കമ്മിഷന്‍ നടപ്പാക്കുമെന്നും വേതനത്തില്‍ 1.5 മുതല്‍ രണ്ടു മടങ്ങ് വരെ വര്‍ധനയുണ്ടാവുമെന്നും വാഗ്ദാനം നല്‍കി. എല്ലാ കാലത്തും സി.പി.എമ്മിനൊപ്പം നിലയുറപ്പിച്ച സര്‍ക്കാര്‍ ജീവനക്കാരെക്കൊണ്ടുപോലും മാറ്റി വോട്ട് ചെയ്യിപ്പിച്ചതില്‍ ഈ വാഗ്ദാനത്തിനും പങ്കുണ്ടെന്നാണ് കരുതുന്നത്. ബി.ജെ.പിയുടെ വാഗ്ദാനത്തില്‍ മണിക് സര്‍ക്കാര്‍ അപകടം മണത്ത് ശമ്പള വര്‍ധനവ് പ്രഖ്യാപിച്ചു. എന്നാല്‍, സംസ്ഥാന ഖജനാവില്‍ കാശില്ലെന്ന് തിരിച്ചറിഞ്ഞ സര്‍ക്കാര്‍ ജീവനക്കാര്‍ കേന്ദ്രത്തില്‍ ഭരണമുള്ള ബി.ജെ.പി. അധികാരത്തിലെത്തിയാലെ കാര്യമുള്ളൂവെന്ന് കരുതി. ബി.ജെ.പി. സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ ഏഴാം ശമ്പള കമ്മിഷന്‍ നടപ്പില്‍ വന്നതായി പ്രഖ്യാപിച്ചെങ്കിലും അത് പൂര്‍ണ്ണമായും പ്രാവര്‍ത്തികമായില്ലെന്ന് ജീവനക്കാരുടെ സംഘടനകള്‍ ഇപ്പോള്‍ ആരോപിക്കുന്നു.

കൂട്ടുകെട്ടിന്റെ നിശ്ചയദാര്‍ഢ്യം

'വെറും രണ്ട് ലോക്സഭാ സീറ്റുകളുള്ള സംസ്ഥാനം. 2018 വരെ ഒരു എം.എല്‍.എയെപ്പോലും നിയമസഭയില്‍ എത്തിക്കാന്‍ കഴിയാത്ത രാഷ്ട്രീയ സാഹചര്യം. പഞ്ചായത്ത് തലത്തില്‍പ്പോലുമില്ലാത്ത സംഘടനാസംവിധാനം. തിരഞ്ഞെടുപ്പിലെ ഏറ്റുമുട്ടലെല്ലാം ഇടതും കോണ്‍ഗ്രസും തമ്മില്‍. അക്ഷരാര്‍ഥത്തില്‍ ഇടതുകോട്ട'- മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി ത്രിപുരയെ അടയാളപ്പെടുത്തുന്നത് ഇങ്ങനെയാണ്. തുടര്‍ന്ന് അവിടെ അധികാരത്തിലെത്താന്‍ ബി.ജെ.പി. നടത്തിയ ശ്രമങ്ങളെ ചുരുക്കം ചില വാക്കുകളില്‍ അടയാളപ്പെടുത്തുന്നുണ്ട് അദ്ദേഹം. മോദി- ഷാ കൂട്ടുകെട്ടിന്റെ രാഷ്ട്രീയ അധികാരതൃഷ്ണയുടെ ആഴമായാണ് 'മിഷന്‍ ത്രിപുര'യെ അദ്ദേഹം അടയാളപ്പെടുത്തുന്നത്.

2015-ല്‍ ആദ്യമായി സംസ്ഥാനത്ത് ഒരു യോഗമൊക്കെ വിളിക്കുമ്പോള്‍, കൗതുകത്തിന്റെ പുറത്ത് എത്തിച്ചേര്‍ന്ന വിരലിലെണ്ണാവുന്നവരുടെ 'ആള്‍ക്കൂട്ട'മാണ് തങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞതെന്ന് സംസ്ഥാനത്ത് സംഘടനയുണ്ടാക്കാന്‍ പ്രവര്‍ത്തിച്ച സുനില്‍ ദേവധര്‍ പറയുന്നു. 'ഇതിലൊന്നും നിരാശരാവാതിരുന്ന അമിത് ഷായാണ് ഞങ്ങളോട് സംസ്ഥാനത്ത് കഠിനപ്രയത്നം നടത്താന്‍ ആവശ്യപ്പെട്ടത്. കൂടുതല്‍ പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ ചേര്‍ക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. ബൂത്ത് കമ്മിറ്റികള്‍ ശക്തമാക്കി. എല്ലാ മാസവും അമിത് ഷാ തന്നെ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തി. 2017-ന്റെ പകുതിയോടെ തന്നെ ഞങ്ങള്‍ സംസ്ഥാനത്തെ എല്ലാ ഗ്രാമങ്ങളിലും സംഘടനകെട്ടിപ്പടുത്തു'- സുനില്‍ ദേവധര്‍ പറഞ്ഞു.

ജെ.പി. നദ്ദ, മണിക് സാഹ | Photo: PTI

ബി.ജെ.പിയുടെ കടന്നുകയറ്റത്തിന് പിന്നാലെ രാഷ്ട്രീയ ആക്രമണങ്ങള്‍ സംസ്ഥാനത്ത് പതിവായി. ഇരുഭാഗത്തും പ്രവര്‍ത്തരെ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായി. 2016 ഡിസംബറില്‍ ഗ്രാമ കൗണ്‍സില്‍ തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ബി.ജെ.പിയുടെ നേതാവ് കൊല്ലപ്പെട്ടു. ഇതിന് പിന്നാലെ 'ശാന്തി യജ്ഞം' നടത്തി. സംസ്ഥാനത്ത് ഉടനീളം നടന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ കൊല്ലപ്പെട്ട പ്രവര്‍ത്തകര്‍ക്ക് ആദരം അര്‍പ്പിച്ച് 60 മണ്ഡലങ്ങളിലും ശഹീദ് രഥ് എന്ന പേരില്‍ പ്രകടനങ്ങള്‍ നടത്തി. ഇത് വൈകാരികമായി പ്രചരിപ്പിക്കാനും ബി.ജെ.പിക്ക് സാധിച്ചു.

2017- ല്‍ ആറ് തൃണമൂല്‍ എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നത് പാര്‍ട്ടിക്കുള്ളിലും മുറുമുറുപ്പുണ്ടാക്കി. എം.എല്‍.എമാരെ പണം കൊടുത്തു വാങ്ങിയതാണെന്ന് പ്രതിപക്ഷം ആരോപിച്ചു. 'എന്നാല്‍, പാര്‍ട്ടിയിലേക്ക് ആര് വന്നാലും സ്വീകരിക്കണമെന്നും തിരഞ്ഞെടുപ്പിന് മുമ്പ് ഇടതിന്റെ യഥാര്‍ഥ പ്രതിപക്ഷമാവുകയെന്നതുമാണ് ലക്ഷ്യമെന്നും അമിത് ഷാ തീര്‍ത്തുപറഞ്ഞു. അതിനിനി കോണ്‍ഗ്രസിനേയും തൃണമൂലിനേയും തീര്‍ത്തുകളഞ്ഞിട്ടായാലും കുഴപ്പമില്ല'- സുനില്‍ ദേവധര്‍ പറഞ്ഞു.

ഇനിയും കാരണങ്ങള്‍

തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ എല്ലാ മേഖലയിലും നടത്തിയ സമ്പൂര്‍ണ്ണാധിപത്യത്തിന്റെ ഫലമായിരുന്നു ആ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. അനുഭവിച്ചത്. 36 സീറ്റുമായി അധികാരത്തിലെത്തി. വാട്സാപ്പും ഫെയ്സ്ബുക്കുമുള്‍പ്പെടെ നേരിട്ടും പരോക്ഷമായും നടത്തിയ പ്രചാരണ തന്ത്രങ്ങള്‍ പാര്‍ട്ടിയെ അധികാരത്തിലെത്തിച്ചു. മുതിര്‍ന്ന നേതാക്കള്‍ മുതല്‍ സാധാരണപ്രവര്‍ത്തകര്‍ വരേയുള്ളവരില്‍ നിന്നും എഴുത്തുകാരും ബുദ്ധിജീവികളും മുതല്‍ പാര്‍ട്ടി ഓഫീസില്‍ തൂപ്പുജോലി ചെയ്തവരില്‍ നിന്നുപോലും പാഠങ്ങള്‍ ഉള്‍ക്കൊണ്ടു. ഫീല്‍ഡ് സര്‍വേകള്‍ക്കായി വിദ്യാസമ്പന്നരായ യുവാക്കളെ മുതല്‍ പോസ്റ്ററൊട്ടിക്കാന്‍ സാധാരണക്കാരനെവരെ ഉപയോഗിച്ചു.

അഞ്ചു വര്‍ഷത്തിനിപ്പുറം ത്രിപുര മറ്റൊരു തിരഞ്ഞെടുപ്പിനെ നേരിടുകയാണ്. സി.പി.എം.- കോണ്‍ഗ്രസ് സഖ്യവും പ്രദ്യോത് ബര്‍മന്റെ രംഗപ്രവേശവും പഴയ പെന്‍ഷന്‍ പദ്ധതി ആഗ്രഹിക്കുന്ന ജീവനക്കാരും ചേര്‍ന്ന് ഉഴുതിട്ട രാഷ്ട്രീയ മണ്ണില്‍ ഒരുവസരം കൂടെ ബി.ജെ.പിക്ക് ലഭിക്കുമോ? അതോ, പതിവുശൈലിയില്‍ തിരഞ്ഞെടുപ്പിന്റെ പതിനൊന്നാം മണിക്കൂറിലും എതിരാളികളെ അത്ഭുതപ്പെടുത്തുന്ന തന്ത്രങ്ങളുമായി ബി.ജെ.പി. വീണ്ടും അധികാരത്തിലെത്തുമോ?

Content Highlights: strategies of bjp to win against cpim manik sarkar government in 2018

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
food

1 min

ബ്രെഡ് ഫ്രിഡ്ജില്‍ സൂക്ഷിക്കല്ലേ ; അറിഞ്ഞിരിക്കാം ഇവ

Mar 29, 2023


innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023


Rahul Gandhi
Premium

6 min

1977, 2004 ആവർത്തിച്ചാൽ 2024-ൽ ബി.ജെ.പി. പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരും | പ്രതിഭാഷണം

Mar 29, 2023

Most Commented