
ആദ്യം ശിവശങ്കര്‍, പിന്നെ ബിനീഷ്. ഒന്നൊന്നായി തള്ളിപ്പറയുന്ന തിരക്കിലാണ് സര്‍ക്കാരും സി.പി.എമ്മും. ഒരുവശത്ത് സര്‍ക്കാരിന്റെ നായകന്റെ ഓഫീസ് പ്രതിക്കൂട്ടിലായപ്പോള്‍ മറുവശത്ത് പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ പ്രതിയാകുന്നു. വീഴ്ച എന്ന വാക്കിന്റെ നാനാര്‍ഥങ്ങള്‍ തേടുന്ന തിരക്കിലാണ് പലരും.
കടലില്‍ കുളിച്ചതിന്റെ ആത്മവിശ്വാസവുമായി കുളത്തിന്റെ ആഴം അളന്ന് ആത്മവിശ്വാസം പുലര്‍ത്തിയ ബഹുമുഖ പ്രതിഭയായിരുന്നു ബിനീഷ്. എസ്.എഫ്.ഐക്ക് വേണ്ടി തലസ്ഥാനത്ത് സമരമുഖത്തിറങ്ങിയാണ് പോരാട്ടവഴികളിലെ തുടക്കം. പോലീസുകാരെ ചങ്കുറപ്പോടെ നേരിട്ടു. ധീരത തെളിയിച്ചു. തല്ലുകൊണ്ടും കൊടുത്തും മുന്നേറി.
എസ്.എഫ്.ഐയുടെ സജീവ പ്രവര്‍ത്തകനായി നില്‍ക്കെ രാഷ്ട്രീയത്തിന്റെ മെച്ചില്‍പുറങ്ങള്‍ അത്ര ദഹിക്കാതെ ബിസിനസിലേക്ക് കടന്നു. ഗള്‍ഫിലെത്തി എന്തൊക്കെ ബിസിനസ് ചെയ്തെന്ന് ആര്‍ക്കും പിടിയുമില്ല. 'കോടിയേരി ബ്രദേഴ്‌സ്' എന്നും തലക്കെട്ടിലിടം പിടിച്ചത് വിവാദങ്ങളുടെ കുട പിടിച്ചായിരുന്നു. ജ്യേഷ്ഠന്‍ ചെക്ക് കേസിലും സ്ത്രീ പീഡനക്കേസിലുമാണ് പെട്ടതെങ്കില്‍ അനിയന്‍ ചെന്നെത്തി നില്‍ക്കുന്നത് മയക്കുമരുന്ന് കേസിലും കള്ളപ്പണം വെളുപ്പിക്കല്‍ കേസിലുമാണ്.
മകന്‍ ചെയ്ത തെറ്റിന് അച്ഛനെ ശിക്ഷിക്കുന്നത് ന്യായമല്ല. പാര്‍ട്ടി ക്ലാസിലോ നിഘണ്ടുവിലോ ഇന്ത്യന്‍ പീനല്‍ കോഡിലോ അങ്ങനെ പറയുന്നില്ല. പക്ഷേ മകന്റെ പേരിലുള്ള കേസുകള്‍ പിന്‍വലിച്ച ആഭ്യന്തരമന്ത്രി അച്ഛനായതിലും തെറ്റു കാണേണ്ട. പാര്‍ട്ടി പ്രവര്‍ത്തകര്‍ പാര്‍ട്ടിക്ക് വേണ്ടി ജനകീയ സമരങ്ങളില്‍ പങ്കെടുത്തതിനാണ് കേസുണ്ടായത്. ആ സമരങ്ങളില്‍ ബിനീഷും ഉള്‍പ്പെട്ടു എന്നേയുള്ളൂ. അപ്പോള്‍ കേസ് പിന്‍വലിക്കുമ്പോള്‍ ഒരാളെ മാത്രം മാറ്റി നിര്‍ത്തിക്കൊണ്ട് പിന്‍വലിക്കാനാകില്ലല്ലോ. അങ്ങനെ സംഭവിച്ചതാകും. നിരവധി കേസുകളില്‍ പ്രതിയായിട്ടും ഒരു ബുദ്ധിമുട്ടുമില്ലാതെ പാസ്‌പോര്‍ട്ടും കരഗതമായി. അതാണ് ഒരു ചുക്കും അറിയില്ല എന്ന് പറയുന്നതിന്റെ ആന്തരികാര്‍ത്ഥം.
ഗള്‍ഫില്‍ പ്രവാസി വ്യവസായിയുടെ സ്ഥാപനത്തില്‍ ഉന്നത പദവിയിലായിരുന്നു കുറേക്കാലം. പിന്നെ അതും വിട്ടു. നാട്ടിലേക്ക് മടങ്ങി. ജ്യേഷ്ഠന്‍ ഗള്‍ഫിലും അനിയന്‍ നാട്ടിലുമായി ബിസിനസ് തളിര്‍ത്തു. ബിനീഷ് കുറേക്കാലം സിനിമയില്‍ ചെറിയ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. താരങ്ങള്‍ സെലിബ്രിറ്റി ലീഗ് തുടങ്ങിയപ്പോള്‍ അതിന്റെ മുന്‍നിരയില്‍ തിളങ്ങി.

ഓരോ വിവാദത്തില്‍ പെടുമ്പോഴും അതിവേഗം അതില്‍നിന്നെല്ലാം തലയൂരാന്‍ കഴിഞ്ഞു. ആത്മവിശ്വാസം പരകോടിയില്‍ നില്‍ക്കെയാണ് ബാംഗ്ലൂര്‍ വഴി ഇ.ഡിയുടെ പൂട്ടുവീണത്. കിളിരൂര്‍ കേസ്, ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് മുതല്‍ തുടങ്ങുന്ന വിവാദങ്ങളുടെ നാള്‍വഴി മയക്കുമരുന്ന് കേസില്‍ എത്തിനില്‍ക്കുന്നു. കെ.എല്‍ 01 ബി.കെ 0001 എന്ന ഫാന്‍സി നമ്പര്‍ ഭാഗ്യനമ്പറാണോ എന്ന് ഇനി കവടി നിരത്തി നോക്കേണ്ടിവരും.
ബിനീഷ് കേരളത്തില്‍ വിവാദപുരുഷനായി മുന്നേറിയപ്പോള്‍ ബിനോയ് ഗള്‍ഫിലാണ് വിവാദം സൃഷ്ടിച്ചത്. ആദ്യം ചെക്ക് മടങ്ങിയ കേസ്. കോടതിച്ചെലവടക്കം 13 കോടി രൂപ ചോദിച്ച് മര്‍സൂക്കി വിമാനം ഇറങ്ങി നേരെ സമീപിച്ചത് സി.പി.എം. കേന്ദ്രനേതൃത്വത്തെയാണ്. അന്ന് കോടിയേരി പറഞ്ഞത് അറബി എന്തിനാണ് ഇങ്ങോട്ട് വന്നത് അവിടെത്തെ കാര്യം അവിടെയല്ലെ തീര്‍ക്കേണ്ടത് എന്നായിരുന്നു. കോടികളുടെ കിലുക്കമുള്ള കേസിന്റെ പൊല്ലാപ്പ് പാര്‍ട്ടിക്കും സെക്രട്ടറിക്കും കരിനിഴലായതോടെ വളരെപ്പെട്ടെന്ന് ആ പണം കൊടുത്ത് വിവാദം സെറ്റില്‍ ചെയ്തു.

ആര് പണം കൊടുത്തു, അവിടെയോ ഇവിടെയോ എവിടെയൊ കൊടുത്തു. ഒന്നും അറിയില്ല. പരാതിയുമായി അറബി പിന്നെ വിമാനം കയറിവന്നില്ല. ആ സ്ഥിതിക്ക് പണം കിട്ടി എന്ന് വിശ്വസിക്കാം. വിവാദത്തിന്റെ അധ്യായം അടച്ചാണ് ബിനീഷ് വിശ്വവിഖ്യാതമായ കുളത്തിന്റെ ആഴം അളക്കല്‍ നടത്തിയത്. അത് കെട്ടടങ്ങും മുമ്പെ ബിനോയ്‌ക്കെതിരെ അടുത്ത കേസ് വന്നു. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും ബന്ധത്തില്‍ കുഞ്ഞുണ്ടെന്നും ആരോപിച്ച് പരാതിയുമായി ബിഹാര്‍ സ്വദേശിനായ സ്ത്രീ വിമാനം കയറി വരുന്നതാണ് കഴിഞ്ഞ വര്‍ഷം കണ്ടത്. ആ കേസ് മുംബൈയില്‍ നടക്കുന്നു.
പിതൃത്വ പരിശോധനയ്ക്കായി ഡി.എന്‍.എ. ടെസ്റ്റിന് ബിനോയ് വിധേയനായി. പക്ഷേ കേസ് നീട്ടിവച്ചത് 2021-ലേക്കാണ്. അടുത്ത വര്‍ഷം കേസ് പരിഗണിക്കുമ്പോള്‍ അറിയാം വസ്തുത. പ്രളയം വന്നുപോയതുപോലെ വിവാദങ്ങളുടെ കാറും കോളും ഒന്നടങ്ങിയപ്പോഴാണ് സ്വര്‍ണ്ണക്കടത്ത് പിടിക്കപ്പെടുന്നതും ദിവസങ്ങളുടെ വ്യത്യാസത്തില്‍ ബെംഗളൂരു മയക്കുമരുന്ന് റാക്കറ്റിനെ പിടികൂടുന്നതും.
ആ കേസിലെ പ്രതി അനൂപ് മുഹമ്മദിലൂടെ ഇ.ഡി. ചെന്നെത്തി നില്‍ക്കുന്നത് ബിനീഷിന്റെ മുമ്പിലാണ്. അതിലും കോടികളുടെ കിലുക്കമാണ് കേള്‍ക്കുന്നത്. അപകടമുനമ്പിലാണ്. പക്ഷേ കാറും കോളും നിറഞ്ഞ സമുദ്രം നീന്തിയാണ് പഴക്കം. ബി.കെ 36 അതും താണ്ടുമോ എന്നു കണ്ടറിയാം.
ഉദ്യോഗസ്ഥന്‍ 'വ്യക്തിപരമായി' ചെയ്യുന്ന കുറ്റങ്ങള്‍ക്ക് സര്‍ക്കാര്‍ ഉത്തരവാദിയല്ല എന്ന പരിചയാണ് ശിവശങ്കറിന്റെ വിവാദത്തില്‍ മുഖ്യമന്ത്രി പുതുതായി ഉയര്‍ത്തുന്നത്. ഉദ്യോഗസ്ഥ ഭരണമല്ല സി.പി.എമ്മിനാണ് കടിഞ്ഞാണ്‍ എന്ന് പാര്‍ട്ടി എപ്പോഴും അവകാശപ്പെടുമ്പോഴാണ് ഈ ന്യായീകരണം.

സര്‍ക്കാരിനു മറ്റൊരു ഉത്തരവു കൂടി ഇറക്കാം. 'വ്യക്തിപരമായ' അക്കൗണ്ടില്‍ ഏതൊക്കെ പെടും ഏതൊക്കെ പെടില്ല എന്നത് കൂടി ഉത്തരവായി പുറത്തിറക്കാവുന്നതാണ്. ഭാവിയില്‍ ഇതുവച്ച് ന്യായീകരണം ആകാമല്ലോ. പാര്‍ട്ടിക്കും അടുത്ത പാര്‍ട്ടി കോണ്‍ഗ്രസില്‍ ഔദ്യോഗിക പ്രമേയമായി പാസാക്കാവുന്നതാണ്. കാരണം പേഴ്‌സണല്‍ സ്റ്റാഫിനുള്ള മാര്‍ഗരേഖയില്‍ ഇത് കൂടി ചേര്‍ത്താല്‍ അതുവഴിയുള്ള വിവാദമൊക്കെ ഒഴിവാക്കാം.
അന്തരീക്ഷത്തില്‍ പല പേരുകളും മുഴങ്ങുന്നുണ്ട്. വ്യക്തിപരം ഏതളവ് വരെയെന്ന് പുറത്തുവരാനിരിക്കുന്ന വാട്‌സ് ആപ്പ് ചാറ്റുകള്‍ പറയുമെന്നാണ് കേള്‍ക്കുന്നത്.
മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിച്ചിരുന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ ശിവശങ്കര്‍ ചെയ്ത തെറ്റിന് മുഖ്യമന്ത്രിക്ക് ധാര്‍മ്മിക ഉത്തരവാദിത്വമില്ലേ എന്ന ചോദ്യത്തിന് ഐ.എ.എസ് ഉദ്യോഗസ്ഥനായതിനാല്‍ അങ്ങനെയെങ്കില്‍ കേന്ദ്ര സര്‍വീസില്‍ പെടുന്നതിനാല്‍ കേന്ദ്രത്തിനല്ലേ ഉത്തരവാദിത്വം എന്ന മറുപടിയാണ് സെക്രട്ടേറിയറ്റ് അംഗം കൂടിയായ എം.വി. ഗോവിന്ദനില്‍ നിന്നുണ്ടായത്.
മകന്‍ മയക്കുമരുന്ന് മാഫിയയുടെ ഭാഗമാണെന്ന ആരോപണം കേള്‍ക്കുന്നത് അലങ്കാരമാണോ പാര്‍ട്ടി സെക്രട്ടറിക്ക് എന്ന് അറിയാന്‍ അടുത്ത പാര്‍ട്ടി കോണ്‍ഗ്രസ് വരെ കാത്തിരിക്കാം. വരാനിരിക്കുന്ന തെറ്റു തിരുത്തല്‍ രേഖയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് വീഴ്ചയുണ്ടായോ കമ്മ്യൂണിസ്റ്റ് മൂല്യം കുടുംബത്തില്‍ പുലര്‍ത്തുന്നതില്‍ പാര്‍ട്ടി സെക്രട്ടറിക്ക് ജാഗ്രത കുറവുണ്ടായോ എന്നൊക്കെ അറിയാന്‍ കഴിയുമായിരിക്കും
പിന്നാമ്പുറം: ഐ ഫോണ്‍ വിവാദത്തില്‍ 'ആപ്പിള്‍' ചതിച്ച അവസ്ഥാണ്. ഫോണ്‍ കിട്ടിയ മൂന്നു പേരെ ചെന്നിത്തല എന്ന 'കുറ്റാന്വേഷണ' ഉദ്യോഗസ്ഥന്‍ കണ്ടെത്തി. വിലകൂടിയ ഫോണില്‍ ഒന്ന് കിട്ടിയിയത് ശിവശങ്കറിനാണ്. ഇനി കണ്ടെത്താനുള്ളത് രണ്ടാമത്തെ ഫോണിന്റെ ഉടമയെയാണ്. 1.14 ലക്ഷം വിലയുള്ള വില കൂടിയ ഐ ഫോണിന്റെ ഉടമയെ. അതാണ് അടുത്ത ബില്യണ്‍ ഡോളര്‍ ചോദ്യം.
Content Highlights: Kerala CPM Leader's Son Bineesh Kodiyeri Remitted Unaccounted Funds into Drug Peddler's Account: ED
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..