വിമതരായി ഭുജ്ബല്‍ മുതല്‍ രാജ് താക്കറെ വരെ: ശിവസേനയെ വിഴുങ്ങുമോ ബിജെപി: അണികളെ കൂട്ടാന്‍ ഉദ്ധവ്‌


By അജ്മല്‍ മൂന്നിയൂര്‍

5 min read
Read later
Print
Share

ഹിന്ദുത്വ വാദത്തോടെയാണ് അതിനൊരു രാഷ്ട്രീയ മാനം കൈവന്നത്

ഉദ്ധവ് താക്കറെ ബാൽ താക്കറെയ്‌ക്കൊപ്പം |ഫോട്ടോ:PTI

1966-ല്‍ ഇതുപോലൊരു ജൂണ്‍ മാസത്തില്‍ രൂപീകൃതമായ ശിവസേന അതിന്റെ 56 വര്‍ഷത്തെ പ്രയാണത്തിനിടയില്‍ അഭിമുഖീകരിക്കേണ്ടി വന്നിട്ടുള്ളതില്‍ ഏറ്റവും രൂക്ഷമായ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. കലാപരൂക്ഷിതമായ സംഘടനയില്‍ നിന്ന് പക്വതയുള്ള രാഷ്ട്രീയ പാര്‍ട്ടിയായി മാറുന്നതില്‍ ശിവസേന എല്ലായ്‌പ്പോഴും പരാജയപ്പെട്ടിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളെന്നും പലരും അഭിപ്രായപ്പെടുന്നു.

കാര്‍ട്ടൂണിസ്റ്റായിരുന്ന ബാല്‍ താക്കറെ എന്ന ബാലസാഹെബ് താക്കറെ 1966-ല്‍ ജൂണ്‍ 19-ന് പ്രാദേശിക വാദങ്ങള്‍ ഉയര്‍ത്തിപിടിച്ചുകൊണ്ടാണ് സംഘടന രൂപീകരിക്കുന്നത്. 'മണ്ണിന്റെ മക്കള്‍' മുദ്രവാക്യമുയര്‍ത്തി പൊതുമേഖല സ്ഥാപനങ്ങളിലും ബാങ്കുകളിലും മറാഠികള്‍ക്ക് ജോലി ലഭ്യമാക്കാനുള്ള പരിമിതമായ ലക്ഷ്യത്തോടെയുള്ള സംഘടനാ നടത്തിപ്പ് എളുപ്പമായിരുന്നു. പിന്നീട് ഉയര്‍ന്നുവന്ന ഹിന്ദുത്വ വാദത്തോടെയാണ് അതിനൊരു രാഷ്ട്രീയ മാനം കൈവന്നത്. പ്രാദേശിക-മത വാദങ്ങള്‍ കൂട്ടിചേര്‍ത്ത് ശിവസേന മഹാരാഷ്ട്രയിലുള്ള സ്വാധീനവും ചുവടുവെപ്പുകളും വിശാലമാക്കി.

1950-കളുടെ തുടക്കത്തില്‍ മറാഠി സംസാരിക്കുന്നവര്‍ക്കുള്ള പ്രത്യേക സംസ്ഥാന രൂപീകരണം ആവശ്യപ്പെട്ടുള്ള സംയുക്ത മഹാരാഷ്ട്ര പ്രസ്ഥാനത്തില്‍ സജീവമായിരുന്ന ബാല്‍ താക്കറെയുടെ പിതാവ് കേശവ് സിതാറാം താക്കറെയുടെ അഭിലാഷം കൂടിയായിരുന്നു ശിവസേന.

മഹാരാഷ്ട്രയിലേക്ക് മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കുടിയേറി വരുന്നവര്‍ക്കെതിരെ ബാല്‍താക്കറെ കാര്‍ട്ടൂണുകള്‍ വരച്ചിരുന്നു. മറാഠി യുവാക്കളുടെ വികാരം ഇതിലൂടെ അദ്ദേഹം ആകര്‍ഷിച്ചു. മഹാരാഷ്ട്രയില്‍ വന്ന് താമസിക്കുന്നവര്‍ക്കെതിരെ പ്രതിഷേധങ്ങളും അക്രമങ്ങളും അരങ്ങേറി. ഫാസിസ്റ്റ് മനോഭാവത്തടെയുള്ള ഈ ആള്‍ക്കൂട്ടത്തിന് മറാഠി യുവാക്കള്‍ക്കിടയില്‍ വന്‍ സ്വീകാര്യത ലഭിച്ചു. ഒരു ഘട്ടം പിന്നിട്ടപ്പോള്‍ പ്രദേശിക അവകാശവാദങ്ങള്‍ക്കൊപ്പം മതപരമായ പ്രചാരണംകൂടി ശിവസേന ഏറ്റെടുത്തു. മറ്റു മതങ്ങളോടുള്ള അതിന്റെ അസഹിഷ്ണുതയും മറ്റും അക്രമങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ചു. വൈകാതെ അത് ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയുടെ ഭാഗമാകുകയും ഹിന്ദുരാഷ്ട്ര വാദം ഉയര്‍ത്തുകയും ചെയ്തു.1984ലെ ഭിവണ്ടി കലാപം, 1992-93 ലെ കുപ്രസിദ്ധമായ ബോംബെ കലാപം തുടങ്ങി മഹാരാഷ്ട്രയില്‍ നടന്ന വിവിധ കലാപങ്ങളില്‍ ശിവസേനയ്ക്ക് നിര്‍ണായക പങ്കുണ്ടെന്ന് ആരോപണമുണ്ട്.

രാഷ്ട്രീയത്തിലേക്കുള്ള കളംമാറ്റവും വളര്‍ച്ചയും

1968-ലാണ് രാഷ്ട്രീയ ചട്ടക്കൂടിലേക്ക് ശിവസേന മാറുന്നത്. അതിന് മുമ്പ് 1967ല്‍ താനെ തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് 40-ല്‍ 17 സീറ്റുകളില്‍ വിജയിച്ചിരുന്നു. 1968-ല്‍ ബോംബെ തദ്ദേശ തിരഞ്ഞെടുപ്പില്‍ 121-ല്‍ 42 സീറ്റുകളില്‍ ജയിക്കാനായി.

1969-ല്‍ കര്‍ണാടകയുമായുള്ള അതിര്‍ത്തി തര്‍ക്കത്തിനിടയില്‍ ബാല്‍ താക്കറെ അറസ്റ്റിലാകുന്നു. ഇതേ തുടര്‍ന്ന് മുംബൈയില്‍ നടന്ന മൂന്ന് ദിവസത്തെ ബന്ദ് അക്രമത്തിലേക്കും സംഘര്‍ഷത്തിലേക്കും വഴിവെച്ചു. ഇതിനിടെ കമ്മ്യൂണിസ്റ്റുകള്‍ക്കെതിരെ ശിവസേന പ്രചാരണം നടത്തിയിരുന്നു. 1970-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ശക്തികേന്ദ്രമായ പരേലില്‍ നിന്നുള്ള എംഎല്‍എ കൃഷ്ണ ദേശായിയെ കൊല്ലപ്പെട്ടു. കേസില്‍ ശിവസേന പ്രവര്‍ത്തകരാണ് പിടിയിലായത്. തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ സിപിഐക്കായി മത്സരിച്ച കൃഷ്ണ ദേശായിയുടെ ഭാര്യ സരോജിനി ദേശായിയെ ശിവസേന സ്ഥാനാര്‍ഥി പരാജയപ്പെടുത്തി. രാഷ്ട്രീയമായ വലിയ അടിത്തറയാണ് ശിവസേന ഇതിലൂടെ സൃഷ്ടിച്ചെടുത്തത്.

ഉദ്ധവ് താക്കറെയ്ക്ക് പിന്തുണയര്‍പ്പിച്ച് ശിവസേന ഭവന് മുന്നില്‍ പ്രകടനം നടത്തുന്ന വനിതാ പ്രവര്‍ത്തകര്‍ |ഫോട്ടോ:PTI

1975-ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ ബാല്‍ താക്കറെ പരസ്യമായി പിന്തുണച്ചു. 1985-ല്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ഭരണം സേന പിടിച്ചെടുത്തു. 1989-ലോക്‌സഭാ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കി. 1990-ല്‍ മഹാരാഷ്ട്ര നിയമസഭയില്‍ 52 സീറ്റുനേടി ശിവസേന മനോഹര്‍ ജോഷിയെ പ്രതിപക്ഷ നേതാവാക്കി.

1995-ല്‍ ബിജെപി-ശിവസേന സഖ്യം ആദ്യമായി മഹാരാഷ്ട്രയില്‍ അധികാരത്തിലേറി. 73 സീറ്റുകള്‍ നേടിയ ശിവസേനക്ക് മുഖ്യമന്ത്രി സ്ഥാനം ലഭിച്ചു. മനോഹര്‍ ജോഷി മുഖ്യമന്ത്രിയായി. 1999-ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തോട് തോറ്റു.

2003-ലാണ് മകന്‍ ഉദ്ധവ് താക്കറെയെ പാര്‍ട്ടിയുടെ എക്‌സിക്യുട്ടീവ് പ്രസിഡന്റായി ബാല്‍താക്കറെ നിയമിച്ചു. 2009-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ശിവസേന പരാജയപ്പെട്ടു. ബാല്‍ താക്കറെയെ വിമര്‍ശിച്ചെന്നാരോപിച്ച് വിവിധ മറാഠി,ഹിന്ദി വാര്‍ത്താ ചാനലുകളുടെ ഓഫീസുകള്‍ ശിവസേന പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു.

ബാല്‍ താക്കറെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം (2003) |ഫോട്ടോ:AP

2012-ബാല്‍താക്കറെ അന്തരിച്ചു. തുടര്‍ന്ന് ഉദ്ധവ് താക്കറെ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്കെത്തി. 2014-ല്‍ ബിജെപിയുമായി സഖ്യം പിരിഞ്ഞ ശിവസേന ഒറ്റയ്ക്ക് മത്സരിച്ചു. 63 സീറ്റുകള്‍ നേടി. തിരഞ്ഞെടുപ്പിന് ശേഷം ബിജെപിയെ പിന്തുണയ്ക്കുകയും വീണ്ടും എന്‍ഡിഎയുടെ ഭാഗമാകുകയും ചെയ്തു. തുടര്‍ന്ന് 2019-ല്‍ ഒന്നിച്ച് മത്സരിച്ചെങ്കിലും തിരഞ്ഞെടുപ്പിന് ശേഷം സഖ്യം തകര്‍ന്നു. എന്‍സിപിയുമായും കോണ്‍ഗ്രസുമായും ചേര്‍ന്ന മഹാ വികാസ് അഘാടി സഖ്യം രൂപീകരിച്ച് മഹാരാഷ്ട്രയില്‍ അധികാരത്തിലേറി. താക്കറെ കുടുംബത്തില്‍ നിന്നുള്ള ആദ്യ മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ അധികാരത്തിലേറി. ഇതിന്റെ തുടര്‍ച്ചയാണ് മഹാരാഷ്ട്രയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍.

പൊട്ടിത്തെറികള്‍ മുമ്പും

ഇതാദ്യമായിട്ടല്ല ശിവസേനയില്‍ പൊട്ടിത്തെറിയുണ്ടാകുന്നത്. എന്നാല്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിന് കീഴില്‍ ഇതാദ്യമാണെന്ന് മാത്രം. ഛഗന്‍ ഭുജ്ബല്‍ മുതല്‍ ഇപ്പോള്‍ ഏക്‌നാഥ് ഷിന്ദേവരെയുള്ള പ്രധാന പൊട്ടിത്തെറികള്‍ ഇപ്രകാരമാണ്.

ഛഗന്‍ ഭുജ്ബല്‍-

ഛഗന്‍ ഭുജ്പല്‍ |ഫോട്ടോ:PTI

ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെയുടെ അടുത്ത അനുയായി ആയിരുന്ന ഛഗന്‍ ഭുജ്ബല്‍ 1991-ലാണ് പാര്‍ട്ടി വിടുന്നത്. മഹാരാഷ്ട്രയുടെ ഗ്രാമപ്രദേശങ്ങളില്‍ പാര്‍ട്ടിയുടെ അടിത്തറ വിപുലീകരിക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ചിട്ടുള്ള ഭുജ്ബല്‍ ശിവസേനയിലെ ഒബിസി മുഖമായിരുന്നു. പാര്‍ട്ടിയില്‍ നിന്ന് വേണ്ടത്ര പ്രോത്സഹാനവും പരിഗണനയും ലഭിക്കുന്നില്ലെന്ന പരാതിയിലാണ് അദ്ദേഹം ശിവസേന വിടുന്നത്. മനോഹര്‍ ജോഷിയെ പ്രതിപക്ഷ നേതാവാക്കിയതിലുള്ള അതൃപ്തിയായിരുന്നു പ്രധാന കാരണം.

ശിവസേനയുടെ 18 എംഎല്‍എമാരുമായി പോയി ഭുജ്ബല്‍ അന്ന് സംസ്ഥാനം ഭരിച്ചുകൊണ്ടിരുന്ന കോണ്‍ഗ്രസിന് പിന്തുണ നല്‍കി. എന്നാല്‍ പാര്‍ട്ടി വിട്ട അതേ ദിവസം തന്നെ ഭുജ്ബല്‍ ക്യാമ്പില്‍ നിന്ന് 12 എംഎല്‍എമാര്‍ ശിവസേനയിലേക്ക് തിരിച്ചെത്തി.

ഭുജ്ബലിനേയും ഒപ്പമുള്ള എംപിമാരേയും പ്രത്യേക ഗ്രൂപ്പായി നിയമസഭയില്‍ സ്പീക്കര്‍ പരിഗണിച്ചു. പാര്‍ട്ടി വിട്ടതിന് പിന്നാലെ ഭുജ്ബലിന്റെ മുംബൈയിലുള്ള വീടിന് നേരെ ശിവസേന പ്രവര്‍ത്തകരുടെ അക്രമണം ഉണ്ടായി. കോണ്‍ഗ്രസില്‍ ചേര്‍ന്ന ഭുജ്ബല്‍ പിന്നീട് 1999-ല്‍ എന്‍സിപിയില്‍ ചേര്‍ന്നു. 74-കാരനായ ഭുജ്ബല്‍ ഇപ്പോള്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള സഖ്യ സര്‍ക്കാരില്‍ എന്‍സിപിയുടെ മന്ത്രിയാണ്.

നാരായണ്‍ റാണെ-

നാരായണ്‍ റാണെ |ഫോട്ടോ:PTI

പാര്‍ട്ടിയുടെ മറ്റൊരു സുപ്രധാന മുഖമായിരുന്ന നാരായണ്‍ റാണെ 2005-ലാണ് ശിവസേന വിട്ടത്. തന്റെ ഇരുപതുകളുടെ തുടക്കത്തില്‍ റാണെ ശിവസേനയില്‍ ചേര്‍ന്നിട്ടുണ്ട്. 1995-ലെ ബി.ജെ.പി-ശിവസേന സഖ്യസര്‍ക്കാരിന് കീഴില്‍ റാണെക്ക് ആദ്യം ലഭിച്ചത് റവന്യൂ വകുപ്പാണ്. ഭൂവിനിയോഗ വിവാദത്തെത്തുടര്‍ന്ന് ജോഷി രാജിവെയ്‌ക്കേണ്ടി വന്നപ്പോള്‍ 1999-ല്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി അദ്ദേഹം മുഖ്യമന്ത്രിയായി കുറഞ്ഞ കാലം അധികാരത്തിലിരുന്നിട്ടുണ്ട്. ആ വര്‍ഷം നടന്ന തിരഞ്ഞെടുപ്പില്‍ റാണെയുടെ നേതൃത്വത്തിലുള്ള ബിജെപി-സേന സഖ്യം കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തോട് പരാജയപ്പെട്ടു.

വിലാസ് റാവു ദേശ്മുഖ് സര്‍ക്കാരില്‍ മന്ത്രിയായി. 2008 ല്‍ മുംബൈ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ദേശ്മുഖ് മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു. അശോക് ചവാനെ മുഖ്യമന്ത്രിയാക്കി കോണ്‍ഗ്രസ്. തന്നെ മുഖ്യമന്ത്രിയാക്കുമെന്ന വാഗ്ദ്ധാനം കോണ്‍ഗ്രസ് നേതൃത്വം പാലിച്ചില്ലെന്ന് റാണെ ആരോപിച്ചു. റാണയെ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തു. ക്ഷമാപണം നടത്തിയതിന് പിന്നാലെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു.
മോദിക്ക് കീഴില്‍ ബിജെപി കരുത്താര്‍ജിച്ചപ്പോള്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേക്കേറി. രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ പുന:സംഘടനയില്‍ കേന്ദ്രമന്ത്രിയായി

രാജ് താക്കറെ-

രാജ് താക്കറെയും ഉദ്ധവ് താക്കറെയും ബാല്‍ താക്കറെയ്‌ക്കൊപ്പം |ഫോട്ടോ:PTI

ശിവസേനയ്ക്ക് വലിയ തിരിച്ചടി നല്‍കികൊണ്ടാണ് രാജ് താക്കറെ 2006-ല്‍ പാര്‍ട്ടി വിട്ടത്. ബാല്‍ താക്കറെയുടെ സഹോദര പുത്രന്‍ കൂടിയായ രാജ് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എം.എന്‍.എസ്) എന്ന പേരില്‍ സ്വന്തമായി പാര്‍ട്ടി രൂപീകരിക്കുകയും ചെയ്തു. താക്കറേയുടെ പിന്‍ഗാമി ആരെന്ന ചോദ്യത്തിന് ഉദ്ധവിന് നറുക്കുവീഴുന്നതോടെയാണ് രാജ് താക്കറെ ഇടഞ്ഞത്. ശിവസേന ഇടക്കാലത്ത് കൈവിട്ട മണ്ണിന്റെ മക്കള്‍ വാദവും തീവ്രനിലപാടും പയറ്റി. തുടക്കത്തില്‍ ആളെ ആകര്‍ഷിക്കാനായി 2009-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ രാജ് താക്കറെയുടെ പാര്‍ട്ടിക്ക് 13 സീറ്റുകള്‍ ലഭിച്ചു. മുംബൈ മേഖലയില്‍ ശിവസേനക്ക് ലഭിച്ചതിനേക്കാള്‍ ഒരു സീറ്റ് കൂടുതലായിരുന്നു ഇത്.

സുരേഷ് പ്രഭു

ബിജെപിയുമായുമായുള്ള ശിവസേനയുടെ ബന്ധത്തിന് വിള്ളല്‍ വീഴുന്നതിലേക്ക് നയിച്ച കാരണങ്ങളിലൊന്നായിരുന്നു സുരേഷ് പ്രഭു. ഒന്നാം മോദി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ വിപുലീകരണത്തിന് തൊട്ടുമുമ്പാണ് സുരേഷ് പ്രഭു ബിജെപിയില്‍ ചേര്‍ന്നത്. നേതൃത്വവുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ശിവസേന സുരേഷ് പ്രഭുവിനെ മന്ത്രിയാക്കരുതെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ശിവസേനയില്‍ നിന്ന് രാജിവെച്ച് സുരേഷ് പ്രഭു ബിജെപിയില്‍ ചേര്‍ന്നത്. തൊട്ടടുത്ത ദിവസം അദ്ദേഹം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയുമുണ്ടായി.


ഇവരെ കൂടാതെ ഭാസ്‌കര്‍ ജാദവ്, ഗണേഷ് നായിക്, സഞ്ജയ് നിരൂപം, പ്രവീണ്‍ ദാരേക്കര്‍, ബാല നന്ദഗോങ്കര്‍, തുക്കാറാം റെംഗേ പാട്ടീല്‍, രാജന്‍ തേലി, വിജയ് വഡേത്തിവാര്‍, കാളിദാസ് കൊളംബ്കര്‍ എന്നിവരും പാര്‍ട്ടി വിട്ടു. ഇവരില്‍ കുറച്ചുപേര്‍ മറ്റ് പാര്‍ട്ടികളില്‍ ചേര്‍ന്നപ്പോള്‍ മറ്റുചിലര്‍ സേനയില്‍ തിരിച്ചെത്തി.

ഏക്‌നാഥ് ഷിന്ദേ-

ശിവസേന ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രധാന വെല്ലുവിളിയാണ് ഏക്‌നാഥ് ഷിന്ദേ. പാര്‍ട്ടിയിലെ ജനകീയമുഖം, താനെയില്‍ പാര്‍ട്ടിയ ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക്, നാലു തവണ എംഎല്‍എ, മന്ത്രി, വിശ്വസ്തന്‍ തുടങ്ങിയ വിശേഷങ്ങളുണ്ടായിരുന്ന ഷിന്ദേ ശിവസേനയെ അതിന്റെ ചരിത്രത്തിലെ ഏറ്റവും പ്രതിസന്ധിയിലാഴ്ത്തിയാണ് വിമത നീക്കം നടത്തിയിട്ടുള്ളത്. പാര്‍ട്ടിയിലെ ബഹുഭൂരിപക്ഷം എംഎല്‍എമാരേയും അടര്‍ത്തികൊണ്ടാണ് ഷിന്ദേ പാര്‍ട്ടിയെ വെല്ലുവിളിക്കുന്നത്. താക്കറെ കുടുംബത്തിന് ശിവസേനയിലുള്ള ആധിപത്യം തന്നെ ചോദ്യം ചെയ്യപ്പെടുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങികൊണ്ടിരിക്കുന്നത്. 'കാര്യങ്ങള്‍ നിസ്സാരമായി കാണുന്ന ശിവസേന നേതൃത്വം തന്നെയാണ് പൊട്ടിത്തെറികള്‍ക്ക് പ്രധാന കാരണം. അത്തരം മനോഭാവം അവര്‍ ഒരിക്കലും മാറ്റിയിട്ടില്ല' ശിവസേനയിലെ രാഷ്ട്രീയ പ്രതിസന്ധി സംബന്ധിച്ച് രാഷ്ട്രീയ ലേഖകനായ പ്രകാശ് അക്‌ലോകര്‍ പറഞ്ഞു.

Content Highlights: Shiv Sena faces fourth rebellion-Shiv Sena’s crisis-history

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
.
in-depth

7 min

ഷവർമ വേണമെന്നില്ല, ജീവന്‍ പോവാന്‍ ഒരു ഗ്ലാസ് ജ്യൂസ് ആയാലും മതി; ഭക്ഷ്യവിഷബാധയുടെ കാണാപ്പുറങ്ങൾ

May 20, 2022


rahul gandhi

4 min

'അയോഗ്യത' യോഗ്യതയാകുന്നു; മുതലെടുക്കാന്‍ കോണ്‍ഗ്രസ്; ഇതുവരെ സാധിക്കാത്തത് സാധ്യമാകുമോ..

Mar 25, 2023


amit shah biplab deb
Premium

11 min

ഡാറ്റാ അനാലിസിസും തിരഞ്ഞെടുപ്പും; ഇത്തവണ ത്രിപുരയിൽ കുഴഞ്ഞുമറിഞ്ഞ് ബി.ജെ.പി.

Jan 27, 2023

Most Commented