ജയിക്കാത്ത തരൂരിനെയും പേടിക്കുന്ന കേരളത്തിലെ കോണ്‍ഗ്രസ്; ഗ്രൂപ്പ് കോട്ടകള്‍ പൊളിച്ച് പിന്തുണ


സ്വന്തം ലേഖകന്‍

സതീശന് പിന്നാലെ സുധാകരന്റെ വരവിലും രാഹുലിന് തുണയായത് യുവനേതാക്കളുടെ മനസ്സിലിരിപ്പാണ്

രാഹുലിനും സതീശനുമൊപ്പം ശശി തരൂർ |ഫോട്ടോ:മാതൃഭൂമി

യിച്ചത് ഖാര്‍ഗെ, തരൂര്‍ തോറ്റതുമില്ല. രൂപയുടെ വില ഇടിഞ്ഞതല്ല ഡോളറിന്റെ മൂല്യം കൂടിയതാണ് എന്ന സാമ്പത്തിക ശാസ്ത്രം വച്ച് തരൂരിന്റെ തോല്‍വിയെ ഇങ്ങനെ അളക്കാം. ഗസ്റ്റ് ആര്‍ട്ടിസ്റ്റാക്കാനും ട്രെയിനിയാക്കാനും മെനക്കെട്ടവര്‍ക്ക് 1072 വോട്ടാണ് തരൂരിന്റെ ഉത്തരം. കേരളത്തില്‍ ആകെ പോള്‍ ചെയ്ത 287 വോട്ടില്‍ 130 ഓളം വോട്ട് തരൂരിന് വീണു എന്നാണ് അനൗദ്യോഗിക കണക്ക്. ഔദ്യോഗികമായി കണ്ടെത്താന്‍ വഴിയില്ലെങ്കിലും ലഭ്യമായ ഉറവിടങ്ങള്‍ അങ്ങനെയാണ് പറയുന്നത്. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും ഖാര്‍ഗെയുടെ മഹത്വം പറഞ്ഞ് പിന്തുണ പരസ്യമാക്കിയിട്ടും വോട്ട് മറിഞ്ഞു. തോല്‍പിക്കാന്‍ മെനക്കെട്ട തഴക്കം ചെന്ന കോണ്‍ഗ്രസ് നേതാക്കള്‍ ശരിക്കും തരൂരിനോട് നന്ദി പറയുകയാണ് വേണ്ടത്. തരൂര്‍ കളത്തിലിറങ്ങിയില്ലായിരുന്നെങ്കില്‍ ഈ തിരഞ്ഞെടുപ്പിന് ഇത്ര പ്രാധാന്യം കിട്ടുമായിരുന്നോ. രാജ്യം ശ്രദ്ധിക്കപ്പെടുന്ന ഒന്നായി മാറ്റിയത് തരൂരിന്റെ വരവാണ്. തോല്‍ക്കുമെന്ന് ഉറപ്പായ കളിയില്‍ കളിക്കാനിറങ്ങി താന്‍ ആരുവാ എന്ന് ചോദിച്ചവരോട് എനിക്കും പിടിയുണ്ട് എന്ന് പറയുമ്പോലെയാണ് തരൂരിന്റെ നില്‍പ്. ഉണ്ടാക്കിയെടുത്ത അവസരത്തിലൂടെ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് വോട്ട് ചോദിച്ച് ഒരു നേതൃനിര്‍മാണം തരൂര്‍ സാധിച്ചെടുത്തു. പ്രതിപക്ഷ നിരയില്‍ രാഹുലിന്റെ യാത്രയെ പോലും അവഗണിച്ച ദേശീയ മാധ്യമങ്ങള്‍ തരൂരിന്റെ സ്ഥാനാര്‍ഥിത്വത്തിന് കവറേജ് നല്‍കി. 2024 ലക്ഷ്യമിട്ടുള്ള പ്രതിപക്ഷ മുഖത്തിന്റെ അന്വേഷണങ്ങളിലും ചര്‍ച്ചകളിലും ഇനി തരൂരും ഇടംപിടിച്ചേക്കാം. അപ്പോഴും തോറ്റ തരൂരിനെയും പേടിക്കുന്ന തരത്തിലാണ് ചില കേരള നേതാക്കളുടെ പ്രതികരണം തുടരുന്നത്. അതിന് ഗ്രൂപ്പ് വ്യത്യാസമില്ല.

തരൂരിന് ഏറ്റവും കൂടുതല്‍ ശത്രുക്കള്‍ പാര്‍ട്ടിയിലുള്ളത് എവിടെ എന്ന് ചോദിച്ചാല്‍ അതും കേരളത്തിലായിരിക്കും. മുല്ലപ്പള്ളിയായാലും ചെന്നിത്തലയായാലും മുരളീധരനായാലും കൊടിക്കുന്നിലായാലും ഗ്രൂപ്പ് ഭേദമെന്യ അതിന് മൂര്‍ച്ഛ കൂടുതലാണ്. കെ.എസ്.യു മുതലുള്ള തഴമ്പില്ലെന്ന പേരിലാണ് തരൂരിനോടുള്ള പലരുടെയും കലിപ്പ്. തരൂര്‍ തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്തില്ലായിരുന്നെങ്കില്‍ പണ്ടേക്ക് പണ്ടേ ആ സീറ്റ് ബിജെപിയുടെ അക്കൗണ്ടിലായേനെ എന്നത് ഇവര്‍ ഓര്‍ക്കുന്നുണ്ടാവുമോ ആവോ. ഗ്രൂപ്പ് കോട്ടകള്‍ പൊളിച്ചുള്ള തരൂര്‍ വിധിയെഴുത്തും തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നടന്നു. ഐയും എയും ചേര്‍ന്നാല്‍ എല്ലാം ഭദ്രം. അങ്ങനെയായിരുന്നു കേരളത്തിലെ കോണ്‍ഗ്രസ്. അരനൂറ്റാണ്ടായി അങ്ങോട്ടുമിങ്ങോട്ടും ചില ചേരിമാറ്റം ഒഴിച്ചാല്‍ അതിന് മാറ്റമുണ്ടായില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ആ അച്ചുതണ്ട് തകര്‍ച്ചയിലാണ് വി.ഡി സതീശന്‍ പ്രതിപക്ഷ നേതാവായത്. അതിന്റെ ആവര്‍ത്തനമാണ് തരൂരിന്റെ വോട്ടിലും കണ്ടത്. അന്ന് ഉമ്മന്‍ ചാണ്ടി-ചെന്നിത്തല സഖ്യം പ്രതിപക്ഷ നേതാവായും തുടര്‍ച്ച എന്ന ഫോര്‍മുല അവതരിപ്പിക്കാന്‍ കേഡര്‍മാരോട് കല്‍പിച്ചു. ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ക്ക് മുന്നിലെത്തിയപ്പോള്‍ യുവനേതാക്കള്‍ കൂട്ടത്തോടെ കളംമാറി സതീശന്റെ പേര് പറഞ്ഞു. വിശ്വസ്തരായ അനുയായികള്‍ വരെ ചെന്നിത്തലയെ കൈവിട്ടു.സതീശന് പിന്നാലെ സുധാകരന്റെ വരവിലും രാഹുലിന് തുണയായത് യുവനേതാക്കളുടെ മനസ്സിലിരിപ്പാണ്. സതീശന് വഴിയൊരുക്കിയതില്‍ ഒരാളും നിലപാട് പരസ്യമാക്കിയില്ല. തരൂരിന്റെ കാര്യത്തില്‍ ചിലരെങ്കിലും അത് കാലേക്കൂട്ടി നയം വ്യക്തമാക്കി. അതില്‍ തരൂരിന്റെ പ്രഫഷണല്‍ കോണ്‍ഗ്രസിലുള്ള കുഴല്‍നാടനും യുവനിരയിലെ ശബരീനാഥനും തുടക്കംമുതല്‍ തരൂരിന് ഒപ്പമായിരുന്നു. പത്രികയില്‍ പിന്തുണച്ച് ഒപ്പിട്ടവരില്‍ ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തരായ തമ്പാനൂര്‍ രവിയും കെ.സി അബുവും അടക്കം ഉണ്ടായിരുന്നു. ആന്റണിയുടെ ഏറ്റവും വിശ്വസ്തനായ എം.കെ രാഘവനായിരുന്നു ഫലത്തില്‍ തരൂരിന്റെ വലംകൈ. തരൂര്‍ തോറ്റിട്ടും ഷമ്മി തന്നെയാണടാ ഹീറോ എന്ന് പറയാന്‍ ഹൈബി ഈഡനും ധൈര്യം കാട്ടി. ഐ ഗ്രൂപ്പിന്റെ അമരക്കാരന്‍ രമേശ് ചെന്നിത്തല ഗുജറാത്തില്‍ വരെ പോയി പരസ്യമായി ഖാര്‍ഗെയ്ക്കായി വോട്ട് പിടിച്ചു. ഗഹ്‌ലോത്തിലുള്ള വിശ്വാസ്യത കൈവിട്ടപ്പോള്‍ എ.കെ ആന്റണി ഡല്‍ഹിയില്‍ എത്തിയാണ് ഖാര്‍ഗെയ്ക്കായി ചരടുവലിച്ചത്. ആന്റണി ഖാര്‍ഗയുടെ പത്രികയില്‍ ഒന്നാം പേരുകാരനായി ഒപ്പിട്ട മുഹൂര്‍ത്തത്തില്‍ തന്നെ മകന്‍ ഫെയ്സ്ബുക്കില്‍ തരൂരിന്റെ കഴിവുകള്‍ വിളമ്പി.

ചുരുക്കത്തില്‍ കേരളത്തിലെ കോണ്‍ഗ്രസിലും അടിയൊഴുക്കുകള്‍ ശക്തമാകുന്നു എന്ന സൂചനയും അതിലുണ്ട്. ഗ്രൂപ്പുകളിലും ധ്രുവീകരണം നടക്കുന്നു. സീനിയര്‍ നേതാക്കള്‍ ഒരുതട്ടിലും യുവനേതാക്കള്‍ ഗ്രൂപ്പ് വ്യത്യാസമില്ലാതെ മറ്റൊരു ടീമായും മാറുന്നു. ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കലാണ് എം.പിയുടെ ഏറ്റവും വലിയ ജോലിയെന്ന് കരുതുന്നവരും അവരുടെ തരൂരിനോടുള്ള കൊതിക്കെറു പല ആവര്‍ത്തി കാട്ടി. ഫലം വന്നിട്ടും ആ കലിപ്പ് തീര്‍ന്നില്ല. പരമാവധി 300 വോട്ടിനപ്പുറം തരൂരിന് കിട്ടില്ല എന്ന് ഉറപ്പിച്ച നേതാക്കള്‍ പലരും 1072 കണ്ട് ഞെട്ടി. ചിലര്‍ 8000 വും 1000 ഉം തമ്മിലുള്ള അന്തരം വിവരിച്ച് ആശ്വസിച്ചു. കേരളത്തിലെ പല നേതാക്കളുടെയും പ്രസ്താവനയും പ്രതികരണവും കണ്ടാല്‍ തരൂര്‍ പേടിയുടെ ചില അവസ്ഥാന്തരങ്ങള്‍ കാണാം. പണ്ട് വി.എസ്സ് പാര്‍ട്ടിക്ക് അതീതനാകുന്നു എന്ന് സിപിഎം ചാര്‍ത്തിയ കുറ്റപത്രം പോലെ(വി.എസ്സും തരൂരും തമ്മില്‍ ഒരു താരതമ്യവും സാധ്യമല്ല). തരൂര്‍ തലപ്പത്ത് എത്തിയാല്‍ അങ്ങ് വല്ലാതെ വളര്‍ന്ന് പോകുമോ എന്ന ചിലരുടെ ആശങ്ക അറിയാതെ പുറത്തുവന്നു. സംഘടനയെ കൊണ്ടുനടക്കാന്‍ തരൂരിന് അറിയില്ല എന്നാണ് പല നേതാക്കളും പറയുന്നത്. ഒരുപരിധിവരെ അതുശരിയുമാണ്. സാമ്പ്രദായിക രാഷ്ട്രീയ പാര്‍ട്ടികളുടെ ഇന്ത്യയുടെ ഉത്പന്നമല്ല തരൂര്‍. രാഷ്ട്രീയക്കാരനല്ലാത്ത മന്‍മോഹന്‍സിങ്ങിനെ ഒന്നല്ല രണ്ട് തവണ പ്രധാനമന്ത്രിയാക്കിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. പ്രഫഷണലായി രാഷ്ട്രീയവും മാറുന്ന കാലത്താണ് കോണ്‍ഗ്രസ് മാറാന്‍ വിമുഖത കാട്ടുന്നത്. മോദി പോലും ജയശങ്കറിനേയും അശ്വിനി വൈഷ്ണവിനേയും മന്ത്രിസ്ഥാനം ഏല്‍പിക്കാന്‍ തയ്യാറാകുന്ന കാലത്താണ് ഇന്ത്യന്‍ രാഷ്ട്രീയം.

ഖാര്‍ഗയുടെ കൈകളിലായതോടെ ഹൈക്കമാന്‍ഡിനും ആശ്വസിക്കാം. ഖാര്‍ഗെ ജയിച്ചാല്‍ സീതാറാം കേസരി പോലെ. മറിച്ച് തരൂരാണെങ്കില്‍ നരസിംഹ റാവുവിന്റെ പോലെ ഹൈക്കമാന്‍ഡ് അപ്രസക്തമാകും ഇതായിരുന്നു ചില നിരീക്ഷകരുടെ വിലയിരുത്തല്‍. ഒരു സംശയവും വേണ്ട ഗാന്ധി കുടുംബം കോണ്‍ഗ്രസിന്റെ ഡിഎന്‍എ ആണെന്ന് തരൂര്‍ പറയുമെങ്കിലും ആ പിന്‍സീറ്റ് ഡ്രൈവിങ് അദ്ദേഹം അനുവദിക്കണമെന്നില്ല. അതായിരുന്നു തരൂര്‍ പേടിയുടെ അടിസ്ഥാനം. ഇതുവരെ പാര്‍ട്ടിയില്‍ പ്രധാന പദവികള്‍ ഒന്നുമില്ലാത്ത തരൂരിനെ ഇനി പദവികള്‍ തേടിവരുമോ. മേഖലാ അടിസ്ഥാനത്തില്‍ വൈസ് പ്രസിഡന്റുമാരോ വര്‍ക്കിങ് പ്രസിഡന്റുമാരോ വന്നേക്കാം. അതില്‍ തരൂര്‍ പെടുമോ. അതോ പ്രവര്‍ത്തക സമിതിയില്‍ ഈ തോല്‍വി തരൂരിന് സീറ്റ് ഉറപ്പിച്ചു എന്ന് പറയുന്നവരുമുണ്ട്. കേരളത്തില്‍ നിന്നുള്ള പ്രവര്‍ത്തക സമിതി അംഗങ്ങളില്‍ എ.കെ ആന്റണിയും ഉമ്മന്‍ ചാണ്ടിയും അടുത്ത പുനഃസംഘടനയില്‍ ഒഴിവായേക്കും. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി കെ.സി തുടരുന്ന പക്ഷം അദ്ദേഹം വര്‍ക്കിങ് കമ്മിറ്റിയിലുണ്ടാവും. 12 പ്രവര്‍ത്തക സമിതി അംഗങ്ങളെ തിരഞ്ഞെടുക്കുകയും 11 പേരെ നാമനിര്‍ദേശം ചെയ്യും. ഇതില്‍ ഏതെങ്കിലും ഒരു വഴിയില്‍ തരൂര്‍ അതില്‍ ഇടംപിടിച്ചേക്കാം. അങ്ങനെയെങ്കില്‍ ഒറ്റയടിക്ക് ട്രെയിനി കണ്‍ഫേം ആക്കപ്പെടുകയല്ല പാര്‍ട്ടിയിലെ ഏറ്റവും പരമോന്നത കമ്മിറ്റിയുടെ ഭാഗമാകും.

Content Highlights: shashi tharoor-congress-kerala leaders comment-president election


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented