തരൂരിനെ 'കോണ്‍ഗ്രസുകാര്‍' ഭയക്കുന്നതെന്തിന്?


കെ.പി നിജീഷ് കുമാര്‍തിരഞ്ഞെടുപ്പുകളില്‍ അമ്പേ പൊട്ടി നില്‍ക്കുമ്പോഴും നേതാക്കന്‍മാര്‍ കൂട്ടത്തോടെ കൊഴിഞ്ഞുപോവുമ്പോഴും പ്രതിവിധി കാണുന്നതിന് പകരം മറ്റൊരാളെ 'ശരിയാക്കാന്‍' വേണ്ടി മാത്രം ഒറ്റതീരുമാനത്തിലെത്തുന്നു കോണ്‍ഗ്രസ് നേതൃത്വം.

ശശി തരൂർ:ANI

ന്നാവില്ലെന്ന് സ്വയം തീരുമാനിച്ചുറപ്പിച്ചിരിക്കുകയാണ് കോണ്‍ഗ്രസുകാര്‍. കാലിനടിയില്‍ നിന്ന് ഓരോ സംസ്ഥാനവും നേതാക്കളും ദിവസേന ഒഴുകിപ്പോവുമ്പോഴും യാഥാര്‍ഥ്യം മനസ്സിലാക്കാതെ സ്വയം കുഴിതോണ്ടുന്നവര്‍. മുഖ്യശത്രു ആര്‍.എസ്.എസും ബി.ജെ.പിയുമാണെന്നും കോണ്‍ഗ്രസ്മുക്ത ഭാരതം ആഗ്രഹിക്കുന്നവരാണെന്നും നാഴികയ്ക്ക് നാല്‍പത് വട്ടവും പറയുമ്പോഴും എല്ലാം പറച്ചില്‍ മാത്രമാണെന്ന് ഒരിക്കല്‍ കൂടെ തെളിയിച്ചിരിക്കുന്നു നേതൃത്വം. പറഞ്ഞുവരുന്നത് ശശി തരൂരിന്റെ കേരളത്തിലെ പരിപാടിയുടെ വിലക്കിനെ കുറിച്ചാണ്. അമ്പേ തകര്‍ന്ന് നിവര്‍ന്ന് നില്‍ക്കാന്‍ പാടുപെടുന്ന പാര്‍ട്ടിക്ക് രക്ഷപ്പെടാന്‍ എന്ത് വഴിയെന്ന് ചിന്തിച്ചിരുന്ന സാധാരണ പ്രവര്‍ത്തകര്‍ക്ക് ലഭിച്ച ഉത്തരമായിരുന്നു ശശി തരൂരിന്റെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരം. 22 വര്‍ഷത്തിനിപ്പുറം ഒരു മത്സരത്തിലേക്ക് പോയ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ പലവിധ സമ്മര്‍ദങ്ങളെ നേരിട്ട് , തരൂര്‍ പാര്‍ട്ടിയില്‍ തന്റെ ബ്രാന്‍ഡ് വാല്യൂ ഉയര്‍ത്തിയപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ തരൂരിനുള്ള പിന്തുണയേറുകയായിരുന്നു. നേതൃത്വത്തെ ഞെട്ടിച്ച് 1072 വോട്ട് നേടി മത്സരത്തില്‍ തോറ്റുപോയെങ്കിലും ജയിച്ച ഖാര്‍ഗെയേക്കാള്‍ തോറ്റ തരൂര്‍ ചര്‍ച്ചയായത് ആ ബ്രാന്‍ഡ് വാല്യുകൊണ്ടുതന്നെയാണ്. പക്ഷെ ഇതൊന്നും അത്ര രസിക്കാത്ത ഒരു കൂട്ടം കോണ്‍ഗ്രസ് നേതാക്കള്‍ തരൂരിനെതിരേയുള്ള പടയൊരുക്കവും തുടങ്ങിയിരുന്നു. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കോഴിക്കോട്ടെ വിലക്ക്.

ശശി തരൂർ,എം.കെ രാഘവൻ

22 വര്‍ഷം മുമ്പ് സോണിയാഗാന്ധിക്കെതിരെ മത്സരിച്ച ജിതേന്ദ്രപ്രസാദിന്റെ അവസ്ഥ കൃത്യമായി അറിഞ്ഞുകൊണ്ടു തന്നെയായിരുന്നു തരൂര്‍ ഇത്തവണ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിനിറങ്ങിയിരുന്നത്. ഗാന്ധികുടുംബത്തെ മാറ്റി നിര്‍ത്തിയൊരു കോണ്‍ഗ്രസില്ലെന്നും രാഹുല്‍ മത്സരിക്കുകയാണെങ്കില്‍ താന്‍ മത്സരത്തില്‍ നിന്നും പിന്‍മാറുമെന്നും തരൂര്‍ ആ സമയത്തെ മിക്ക ഇന്റര്‍വ്യൂകളിലും പറഞ്ഞുകൊണ്ടിരുന്നു. ഒരു വിമതനായി മുദ്രകുത്തപ്പെട്ട് പാര്‍ട്ടിക്ക് പുറത്തുപോവുകയായിരുന്നില്ല തരൂരിന്റെ ലക്ഷ്യം. പകരം പുതിയൊരു കോണ്‍ഗ്രസിനെ പടുത്തുയര്‍ത്തുകയായിരുന്നു. പക്ഷെ അത് മനസ്സിലാക്കാനോ തരൂരിന് പിന്തുണ നല്‍കാനോ പ്രത്യേകിച്ചും കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍പോലും തയ്യാറായില്ല. ജിതേന്ദ്രയെ പോലെ പാര്‍ട്ടിക്ക് പുറത്തേക്കായിരിക്കും ഇനി തരൂരിന്റെ യാത്രയെന്ന് ചിന്തിച്ച ചില കോണ്‍ഗ്രസ് നേതാക്കളെയെങ്കിലും നിരാശരാക്കുന്നതാണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്ന തരൂര്‍ പര്യടനം. ഒട്ടും പ്രതീക്ഷിക്കാതെ വന്ന തരൂരിന്റെ പരിപാടിയെ പക്ഷെ ഡി.സി.സി പോലും അംഗീകരിച്ചില്ലെന്നതാണ് ദൗര്‍ഭാഗ്യം. മുകളില്‍ നിന്നുള്ള ' വിളി' ആയിരുന്നു കാരണം.കോഴിക്കോട്ടെ ആദ്യ പരിപാടി സംഘപരിവാറും മതേതരത്വത്തിന്റെ വെല്ലുവിളിയും എന്ന വിഷയത്തിലായിട്ട് പോലും അതിനെ കേള്‍ക്കാതെ വിലക്കാനായിരുന്നു കോണ്‍ഗ്രസ് നേതൃത്വം മുന്നോട്ട് വന്നത്. ശത്രുവിനെതിരേ സംസാരിക്കുന്നതിനെ അംഗീകരിക്കുന്നതിന് പകരം വിലക്കേര്‍പ്പെടുത്തി പിന്തിരിപ്പിക്കാനുള്ള നീക്കം എന്ത് രാഷ്ട്രീയ സന്ദേശമാണ് കോണ്‍ഗ്രസുകാര്‍ നല്‍കുന്നതെന്ന ചോദ്യമാണ് ഉയര്‍ന്ന് വരുന്നത്. ചുരുക്കിപറഞ്ഞാല്‍ വിലക്ക് തരൂരിന്റെ പരിപാടിക്ക് കൂടുതല്‍ പ്രചാരണമാണ് നല്‍കിയിരിക്കുന്നത്. യൂത്ത്‌കോണ്‍ഗ്രസായിരുന്നു ആദ്യ സംഘാടകരെങ്കിലും ഇവര്‍ പിന്‍വാങ്ങിയതോടെ ജവഹര്‍ യൂത്ത് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ അതേ പരിപാടി കോഴിക്കോട് സംഘടിപ്പിക്കുകയും ചെയ്തു. പരിപാടിയിലെ വന്‍ ജനക്കൂട്ടം തരൂരിന് കിട്ടിയ ഡബിള്‍ ബോണസുമായി. കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളിലൂടെയുള്ള തരൂരിന്റെ പര്യടനം പൂര്‍ത്തിയായാല്‍ അത് ഭാവിയില്‍ തങ്ങള്‍ക്ക് ഭീഷണിയാകുമെന്ന തിരിച്ചറിവിലാണ് പരിപാടിയെ എങ്ങനെയങ്കിലും തടയുക എന്ന നിലപാടിലേക്ക് നേതൃത്വമെത്തിയിരിക്കുന്നത്. തരൂരിന്റെ പരിപാടിയില്‍ പങ്കെടുത്താല്‍ പാര്‍ട്ടിക്ക് പുറത്തായിരിക്കുമെന്ന് ഭീഷണിയാണുണ്ടായിരുന്നുവെന്ന് അദ്ദേഹത്തെ പിന്തുണയ്ക്കുന്ന നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

ശശി തരൂർ

പ്രസംഗം വേണം, തരൂരിനെ വേണ്ട
തരൂരിന്റെ ജനപ്രീതിയിലും സ്വീകാര്യതയിലും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഒട്ടും സംശയമുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെയായിരുന്നു കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് കേരളത്തിലുടനീളം തരൂരിന്റെ പ്രത്യേക പരിപാടി വെച്ച് അദ്ദഹത്തെ പാര്‍ട്ടി താരപ്രചാരകനാക്കിയത്. ടോക്ക് വിത്ത് തരൂര്‍ എന്ന പേരില്‍ നടത്തിയ പരിപാടി അവസാനിക്കുമ്പോള്‍ തരൂര്‍ പ്രസംഗിച്ചും സംവദിച്ചും കഴിഞ്ഞത് 56 മണ്ഡലങ്ങളിലെ വിവിധ വേദികള്‍. സമൂഹത്തിന്റെ വിവിധ തുറകളില്‍പെട്ടവരെ ലക്ഷ്യമിട്ടായിരുന്നു പരിപാടി. പങ്കെടുത്തയിടത്തെല്ലാം വന്‍ പങ്കാളിത്തം. അധ്യാപകര്‍, ടെക്കികള്‍, യുവജനങ്ങള്‍, വിദ്യാര്‍ഥികള്‍ എന്നിവരുടെയെല്ലാം എല്ലാ ചോദ്യങ്ങള്‍ക്കും കൃത്യവും വ്യക്തവുമായ മറുപടി. നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് തോറ്റെങ്കിലും വലിയ ഓളമാണ് തരൂരിന്റെ പരിപാടി ഇവര്‍ക്കിടയിലുണ്ടാക്കിയത്. പക്ഷെ പ്രസംഗത്തിനപ്പുറം തരൂരിന്റെ കഴിവിനെ പ്രതിസന്ധികാലത്ത് പോലും ഉപയോഗപ്പെടുത്താന്‍ ഇന്നും കോണ്‍ഗ്രസുകാര്‍ തയ്യാറാവുന്നില്ല എന്നതാണ് സത്യം.

തിരഞ്ഞെടുപ്പുകളില്‍ അമ്പേ പൊട്ടി നില്‍ക്കുമ്പോഴും നേതാക്കന്‍മാര്‍ കൂട്ടത്തോട കൊഴിഞ്ഞുപോവുമ്പോഴും പ്രതിവിധി കാണുന്നതിന് പകരം മറ്റൊരാളെ 'ശരിയാക്കാന്‍' വേണ്ടി മാത്രം ഒറ്റതീരുമാനത്തിലെത്തുന്നു കോണ്‍ഗ്രസ് നേതൃത്വം. പ്രസിഡന്റ് തിരഞ്ഞെടുപ്പിലടക്കം ഇത് കണ്ടതാണ്. കോണ്‍ഗ്രസിലെ തിരുത്തല്‍വാദി സംഘമായ ജി.23 സംഘത്തില്‍പെട്ട ആളായിട്ടും അവരുടെ പോലും പിന്തുണ തരൂരിന് ലഭിച്ചില്ല. അതിന്റെ അലയൊലികള്‍ കേരളത്തിലും കണ്ടു.തരൂര്‍ അങ്ങനെയങ്ങ് ആളാവണ്ട എന്ന നിലപാടായിരുന്നു കേരളത്തിലെ പ്രധാന കോണ്‍ഗ്രസ് നേതാക്കള്‍ക്ക്. തലമുതിര്‍ന്ന നേതാക്കള്‍ ഒളിഞ്ഞും തെളിഞ്ഞും സ്വീകരിച്ചത് ഞങ്ങള്‍ക്കപ്പുറം മറ്റൊരു നേതാക്കളും പാര്‍ട്ടിയില്‍ വേണ്ടെന്ന നിലപാടിലായിരുന്നു. അതിന് വേണ്ടി മാത്രം 'ഒന്നിക്കുകയും' ചെയ്തു. തരൂരിന് എന്ത് പാര്‍ട്ടി യോഗ്യതായാണുള്ളതെന്നും ട്രെയിനിയാണെന്നുമൊക്കെ പറഞ്ഞ് കോണ്‍ഗ്രസ് നേതാക്കള്‍ കളിയാക്കിയെങ്കിലും അതിനെയൊന്നും മുഖവിലയ്‌ക്കെടുത്തില്ല തരൂര്‍. പകരം ഖദറിട്ടവര്‍ മാത്രമല്ല കോണ്‍ഗ്രസുകാര്‍ എന്നും, ഗോഡ്ഫാദര്‍ വഴി വരുന്നവര്‍ മാത്രമല്ല നേതാക്കളാവുകയെന്നും തെളിയാക്കാനുള്ള ശ്രമമായിരുന്നു അദ്ദേഹത്തിന്റേത്‌. അതിന്റെ തുടര്‍ച്ചയാണ് കേരളത്തിലെ വേരുറപ്പിക്കലും മലബാർ പര്യടനവും.

ശശി തരൂർ, മല്ലികാർജുൻ ഖാർഗേ

തരൂര്‍ അറിഞ്ഞിറങ്ങിയാല്‍ കോണ്‍ഗ്രസില്‍ പുതിയൊരു ഗ്രൂപ്പിന് തന്നെ സാധ്യതയുണ്ടെന്ന് പല നേതാക്കളുടേയും വിലയിരുത്തലിനെ ഏറെ ആശങ്കയോടെയാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് നേതാക്കള്‍ നോക്കികണ്ടത്. യുവജനങ്ങള്‍, ഉദ്യോഗസ്ഥ വിഭാഗം, വിദ്യാര്‍ഥികള്‍, മത വിഭാഗങ്ങള്‍ എന്നിവര്‍ക്കിടയിലെല്ലാം കൃത്യമായി സ്വാധീനമുണ്ടാക്കാന്‍ തരൂരിന് കഴിയുമെന്ന് നേതൃത്വത്തിന് നന്നായി അറിയാം. അങ്ങനെയുള്ള തരൂരിനെ അങ്ങനെയങ്ങ് വളരാന്‍ വിട്ടാന്‍ പാര്‍ട്ടിയില്‍ തങ്ങള്‍ക്കുള്ള സ്വാധീനം കുറയുമോയെന്നും ചില നേതാക്കള്‍ ഭയക്കുന്നുണ്ട്. സംഘപരിവാര്‍ വിരുദ്ധ പരിപാടിയായിട്ട് പോലും വിലക്കിന്റെ കാരണവും ഇത് തന്നെ. തരൂരിന്റെ വിലക്കിന് പിന്നില്‍ ഭീഷണിയില്ലെന്നും സാങ്കേതികത്വം മാത്രമാണെന്നും പറഞ്ഞ് നേതൃത്വം തലയൂരാന്‍ ശ്രമിക്കുമ്പോഴും ഇത് കൂടുതല്‍ പ്രതിസന്ധിയിലേക്കാണ് കോണ്‍ഗ്രസിനെ എത്തിച്ചിരിക്കുന്നത്.

വിലക്കിനെ കുറിച്ച് അന്വേഷിക്കണമെന്നും അല്ലെങ്കില്‍ പാര്‍ട്ടി വേദികളില്‍ തനിക്ക് പലതും പറയേണ്ടി വരുമെന്നുമാണ് പരിപാടിയുടെ മുഖ്യ സംഘാടകനായ എം.കെ രാഘവന്‍ എം.പി പറഞ്ഞത്. പിന്നാലെ നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് കെ.മുരളീധരന്‍ എം.പിയും എത്തിയത് വരും ദിവസങ്ങളില്‍ പ്രതിസന്ധി രൂക്ഷമാക്കും. വിലക്കിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അവര്‍ മുഖ്യമന്ത്രിക്കുപ്പായം തയ്പ്പിച്ചുവച്ചവരാണെന്നും പറഞ്ഞ് മുരളീധരന്‍ രംഗത്തെത്തിയത് നേതൃത്വത്തെ തന്നെ ഞെട്ടിച്ചു. തരൂര്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനെ അന്ന് വിമര്‍ശിച്ച അതേ മുരളീധരന്‍ തന്നെ ഇന്ന് അദ്ദേഹത്തിന് പിന്തുണയുമായി എത്തിയെന്നതും ശ്രദ്ധേയമാണ്.

ഭാരത് ജോഡോ യാത്രയുടെ ഭാഗമായി മഹാരാഷ്ട്രയില്‍ സവര്‍ക്കര്‍ക്കെതിരെ രാഹുല്‍ ഗാന്ധി മുഖം നോക്കാതെ നടത്തിയ പ്രസ്താവനകള്‍ പാര്‍ട്ടിക്ക് ആവേശം നല്‍കുമ്പോള്‍ ഇവിടെ എന്തിനാണ് ഈ നടപടിയെന്നാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ് ശബരീനാഥന്‍ ചോദിച്ചത്. സമാനമായ ആശയമല്ലേ കൈപ്പത്തി ചിഹ്നത്തില്‍ കോണ്‍ഗ്രസ് എം.പി യായി മൂന്ന് വട്ടം വിജയിച്ച ശശി തരൂരും പങ്കിടുമായിരുന്നത്. അത് കോണ്‍ഗ്രസിന് നല്‍കുന്ന രാഷ്ട്രീയ പ്രാധാന്യം മികവുറ്റതാക്കുമായിരുന്നുവെന്നും അദ്ദേഹത്തിനാണോ ഈ ലോകത്തില്‍ വേദികള്‍ക്ക് ദൗര്‍ലഭ്യമെന്നും ശബരീനാഥന്‍ ചോദിച്ചത് നേതൃത്വത്തെ വെട്ടിലാക്കി.

ശശി തരൂർ ഭാരത് ജോഡോ യാത്രയ്ക്കിടെ

പിന്തുണ തിരിച്ചറിയാനുള്ള മത്സരം

പ്രസിഡന്റ് സ്ഥാനത്തേക്ക് ഔദ്യോഗിക സ്ഥാനാര്‍ഥിയില്ലെന്ന് പറഞ്ഞ് നേതൃത്വം ആദ്യം മത്സരത്തിനിറക്കിയത് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹ്‌ലോതിനെയായിരുന്നു. കാര്യമായി മത്സരമുണ്ടാവില്ലെന്ന കണക്ക് കൂട്ടലിലായിരുന്നു മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള ഗഹ്‌ലോതിന്റെ കൂടുമാറലിനുള്ള ശ്രമത്തിന്റെ ലക്ഷ്യം. പക്ഷെ തരൂര്‍ എതിരാളിയായി എത്തുകയും മത്സരത്തില്‍ നിന്ന് പിന്‍മാറാതിരിക്കുകയും ചെയ്തതോടെ ഗഹ്‌ലോത് പിന്‍വാങ്ങുകയായിരുന്നു. ഒപ്പം രാജസ്ഥാന്‍ മുഖമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കവും വഴിത്തിരിവായി.

പകരമെത്തിയത് മല്ലികാര്‍ജന്‍ ഖാര്‍ഗേ. അപ്പോഴും നേതൃത്വം പറഞ്ഞത് പാര്‍ട്ടിക്ക് ഔദ്യോഗിക സ്ഥാനാര്‍ഥിയില്ലെന്നാണ്. പക്ഷെ ഖാര്‍ഗേ മത്സരിച്ച് ഔദ്യോഗിക സ്ഥാനാര്‍ഥിയായിട്ട് തന്നെയാണെന്ന് തരൂരിനുമറിയാം പാര്‍ട്ടിക്കുമറിയാം. അതുകൊണ്ടു തന്നെയായിരുന്നു മത്സരത്തില്‍ നിന്ന് പിന്‍മാറാന്‍ വലിയ സമ്മര്‍ദമുണ്ടായതും കേരളത്തിൽ നിന്ന് പോലും പിന്തുണ ലഭിക്കാതിരുന്നതും. പലയിടത്ത് നിന്നും തരൂരിന് വോട്ടുചോദിക്കാനുള്ള അവസരം പോലും ഇല്ലാതാവുകയും ചെയ്തു. പക്ഷെ ഇതൊക്കെ തരൂര്‍ പ്രതീക്ഷിച്ചതുമാണ്. മത്സരിച്ചാല്‍ ജയിക്കില്ലെന്നും ഖാര്‍ഗേ ഔദ്യോഗിക സ്ഥാനാര്‍ഥി തന്നെയാണെന്നും ഏറ്റവും വ്യക്തമായി അറിയാവുന്ന നേതാക്കളില്‍ ഒരാളും തരൂരായിരുന്നു. പക്ഷെ കേരളത്തില്‍ എങ്ങനെ എന്നൊരു പരീക്ഷണമായിരുന്നു ലക്ഷ്യം. കിട്ടിയ 1072 വോട്ടില്‍ കേരളത്തില്‍ നിന്ന് ലഭിച്ച വോട്ട്‌ തരൂരിനെ സംബന്ധിച്ച് ബോണസായിരുന്നു. ഇത് കേരള രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ തരൂര്‍ മുന്‍കൂട്ടി തയ്യാറാക്കിയ ഇന്‍ട്രോ പ്രോഗ്രാമായിരുന്നുവെന്നും വിലയിരുത്തപ്പെടുന്നുണ്ട്.

ശശി തരൂർ നാമനിർദേശ പത്രിക സമർപ്പിച്ചപ്പോൾ

തോറ്റെങ്കിലും ഹീറോ ഷമ്മിതന്നെയാടാ എന്ന യൂത്ത് കോണ്‍ഗ്രസ് നേതാവും എം.പിയുമായ ഹൈബി ഈഡന്റെ ഒറ്റ ഫെയ്‌സ്ബുക്ക് പോസ്റ്റ് മതിയായിരുന്നു തരൂരിന് കേരളത്തിലുള്ള ഒരുവിഭാഗം ജനത്തിന്റെ പള്‍സറിയാന്‍. യുവാക്കളും യൂത്ത് കോണ്‍ഗ്രസ് കെ.എസ്.യു പ്രവര്‍ത്തകരും വിദ്യാര്‍ഥികളുമെല്ലാം വലിയ ആവേശത്തോടെയാണ് ഹൈബി ഈഡന്റെ പോസ്റ്റിനെ പിന്തുണച്ച് കമന്റിലൂടെ രംഗത്തെത്തിയത്. ഇതിനെ കേരളത്തിലെ പാര്‍ട്ടി നേതൃത്വം ചെറുതായല്ല അന്ന് നോക്കിക്കാണ്ടിരുന്നത്. തരൂരിന്റെ മത്സര ലക്ഷ്യവും ഇത് തന്നെയായിരുന്നു. നന്നായി കിളച്ച് വളമിട്ടാല്‍ നൂറുമേനിയെന്നതിന്റെ സൂചനയായിരുന്നു ഇത്.

അധ്യക്ഷ മത്സരത്തിനിറങ്ങും മുമ്പ് ശശി തരൂരിനെ വെറും തിരുവനന്തപുരം എം.പി മാത്രമായി കരുതിയിരുന്ന അണികള്‍ക്കിടയിലേക്കാണ് ദേശീയ അധ്യക്ഷനായി മത്സരിക്കാന്‍ പോലും യോഗ്യതയുള്ള, പ്രവര്‍ത്തകര്‍ക്ക് ആവേശം പകരാനുള്ള നേതാവ് എന്ന താര പ്രതീതി തിരഞ്ഞെടുപ്പ് ഉണ്ടാക്കികൊടുത്തിട്ടുള്ളത്. മികച്ച വാക്ചാതുരിയും ഭാഷാജ്ഞാനവും നയതന്ത്രജ്ഞനും അറിവും നിരീക്ഷണ പാടവവുമുള്ള നേതാവാണ് താനെന്ന് ഒരിക്കല്‍കൂടെ തരൂരിന് രാജ്യത്തെ ബോധ്യപ്പെടുത്താനുമായി. രാജ്യത്തെ മുഖ്യധാരാ മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും തരൂര്‍ ഇപ്പോഴും നിറഞ്ഞ് നില്‍ക്കുന്നു. ചുരുക്കി പറഞ്ഞാല്‍ അനാവശ്യ വിവാദമുണ്ടാക്കി എതിരാളികള്‍ തന്നെ തരൂരിന് പ്രശസ്തിയുണ്ടാക്കികൊടുത്തു.

ശശി തരൂരും മുന്‍ യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണും(ഫയല്‍ഫോട്ടോ)-PTI

ജയിക്കാന്‍ വേണ്ടി മത്സരിക്കുന്നവന്‍

താന്‍ ജയിക്കാന്‍ വേണ്ടി മത്സരിക്കുന്നവനാണെന്നായിരുന്നു എപ്പോഴും തരൂര്‍ തന്നെക്കുറിച്ച് പറഞ്ഞിരുന്നത്. പക്ഷെ തരൂര്‍ ഉദ്ദേശിക്കുന്ന ജയം വെറും തിരഞ്ഞെടുപ്പ് ജയം മാത്രമായിരുന്നില്ല. മത്സരത്തിലൂടെ ജനങ്ങള്‍ക്കിടയില്‍ തന്റെ വ്യക്തിത്വത്തെ ഒന്നുകൂടെ വിജയിപ്പിക്കുകയായിരുന്നു ലക്ഷ്യം. അതുകൊണ്ടുതന്നെയാണ് ജയിക്കില്ലെന്നറിഞ്ഞിട്ടും മത്സരത്തിനിറങ്ങിയത്. 2006-ല്‍ യു.എന്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചത് മുതല്‍ അക്കാര്യം വ്യക്തമാണ്. മത്സരിച്ചാല്‍ ജയിക്കില്ലെന്ന് അന്നും തരൂരിന് നന്നായിട്ടറിയാമായിരുന്നു. പക്ഷെ ആര്‍ക്കും അത്ര അറിയാതിരുന്ന ശശി തരൂരെന്ന ബ്രാന്‍ഡിനെ ലോകത്തിന് മുന്നില്‍ തുറന്നിടാനും അതിലൂടെയുള്ള സ്വയം നവീകരണത്തിനും തരൂരിന് സാധിച്ചു. കക്ഷി രാഷ്ട്രീയ ഭേദമില്ലാതെയാണ് തരൂരിനെ അന്ന് പിന്തുണച്ചത്. വിശ്വപൗരനെന്ന സ്ഥാനം നേടിയെടുത്തു. ആ മത്സരമായിരുന്നു ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്കുള്ള തരൂരിന്റെ എന്‍ട്രിയായതും കേന്ദ്രമന്ത്രി പദംവരെയെത്തിയതും. ഇതേ തന്ത്രം തന്നെയാണ് പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിലും തരൂര്‍ സ്വീകരിച്ചത്. തോല്‍ക്കുമെന്നറിഞ്ഞിട്ടുമുള്ള മത്സരം. തരൂര്‍ കരുതിയത് പോലെ തനിക്ക് കേരള രാഷ്ട്രീയത്തില്‍ ഇറങ്ങാനുള്ള സമയമായെന്ന് പ്രസിഡന്റ്‌ തിരഞ്ഞെടുപ്പ് കാണിച്ചുകൊടുത്തു.

തരൂര്‍ പ്രചാരണത്തിനിടെ

പിണറായി വിജയന്‍ തുടര്‍ ഭരണം നേടിയതിന് പിന്നാലെ തിരിച്ചുവരവ് ചോദ്യചിഹ്നമായ കോണ്‍ഗ്രസിന് ഇനിയെന്തെന്ന് ചിന്തയില്‍ നിന്നാണ് നേതൃത്വത്തെ വാര്‍ത്തുടച്ച് വി.ഡി സതീശന്‍, കെ.സുധാകരന്‍ കൂട്ടുകെട്ട് ഉയര്‍ന്ന് വന്നത്. പക്ഷെ ഒരു വിഭാഗം അപ്പോഴും നിരാശയിലായിരുന്നു. വിട്ടുപോയ പരമ്പരാഗത കോണ്‍ഗ്രസ് വോട്ടുബാങ്കുകളെ തിരികെയെത്തിക്കാന്‍ ഈ നേതൃത്വത്തിന് മാത്രം കഴിയുമോയെന്നതായിരുന്നു പ്രധാന ചര്‍ച്ച. സെമികാഡര്‍ പറഞ്ഞ് സി.യു.സി(കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റി) പോലുള്ളവയ്ക്ക് സുധാകരന്റെ നേതൃത്തില്‍ രൂപം നല്‍കിയെങ്കിലും ഇതൊന്നും കോണ്‍ഗ്രസിനെ ഒന്നിപ്പിക്കാനും പ്രതീക്ഷിച്ച വിജയം നേടാനും സാധിച്ചില്ല എന്നതാണ് സത്യം. ഇതിനിടെയാണ് പുതിയ പ്രതീക്ഷയേകി ശശി തരൂരിന്റെ അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരവും ഇതിന്റെ തുടര്‍ച്ചയെന്നോണം മലബാര്‍ പര്യടനത്തിന് തുടക്കമിട്ടതും. സുധാകരന്റെ നേതൃത്വത്തിനെതിരേ ഇതിനിടെ തന്നെ വലിയ അസംതൃപ്തി പ്രകടിപ്പിച്ചിരുന്ന മുസ്ലീംലീഗ് അടക്കമുള്ളവരുടെ പിന്തുണയും തരൂരിന് ലഭിച്ചിരുന്നു. ഇതെല്ലാമാണ് ചില 'ഉന്നതരെ' ചൊടിപ്പിച്ചിരിക്കുന്നത്‌. പക്ഷെ തരൂരിന്റെ വിലക്കിനെതിരേ വിവിധ തലങ്ങളില്‍ പ്രതിഷേധം ഉയരുകയാണ്. ചുരുക്കി പറഞ്ഞാല്‍ തരൂരിനെ മാറ്റി നിര്‍ത്തി മുന്നോട്ടുപോവുക എന്നത് കോണ്‍ഗ്രസില്‍ അസാധ്യമായിരിക്കുന്നുവെന്നതാണ് സത്യം. കേരളത്തില്‍ പ്രത്യേകിച്ചും. അതുകൊണ്ടു തന്നെയാണ് നേരത്തെ തരൂരിനെ എതിര്‍ത്തിരുന്ന കെ.മുരളീധരന്‍ പോലും ഇപ്പോള്‍ പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുന്നത്.

Content Highlights: sasi tharoor malabar visit congress leaders


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


germany vs spain

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022

Most Commented