തകർന്നുവീണ യുക്രൈൻ സൈനിക വിമാനം (Photo: AFP)
ശീതയുദ്ധത്തിനുശേഷം ലോകം ഇത്രയധികം യുദ്ധഭീതിയിലാകുന്നത് ആദ്യമായിട്ടാകണം. റഷ്യ-യുക്രൈന്‍ സംഘര്‍ഷം മൂന്നാം ലോകയുദ്ധത്തിന് തിരികൊളുത്തുമോ എന്ന് അന്താരാഷ്ട്രസമൂഹം ആശങ്കപ്പെടുന്നു. പ്രകോപനങ്ങളോട് യു.എസും നാറ്റോയും എത്രത്തോളം സംയമനം പാലിക്കുമെന്നതാണ് വിധി നിര്‍ണയിക്കുക. യുക്രൈന് അപ്പുറത്തേക്ക് റഷ്യയുടെ താത്പര്യങ്ങള്‍, യൂറോപ്പിന്റെ നയതന്ത്രബന്ധങ്ങളെ അത് എങ്ങനെ സ്വാധീനിക്കും എന്നീ ഘടകങ്ങളും പ്രധാനമാണ്.
അനിശ്ചിതത്വമാണ് വ്‌ളാദിമിര്‍ പുതിന്റെ ഏറ്റവും പ്രിയപ്പെട്ട ആയുധമെന്ന് 'പുതിന്റെ റഷ്യ' എന്ന പുസ്തകത്തില്‍ ലിലിയ ഷെവ്ത്സോവ പറയുന്നുണ്ട്. യുക്രൈന്റെ കാര്യത്തിലും പുതിന്റെ നീക്കങ്ങള്‍ പ്രവചനാതീതമായിരിക്കും
ഡോണ്‍ബാസില്‍ ഒതുങ്ങുമോ?
ഡോണ്‍ബാസിലെ 'സമാധാനദൗത്യം' എന്നാണ് ഇപ്പോഴത്തെ സൈനിക നീക്കത്തെ റഷ്യ വിശേഷിപ്പിക്കുന്നത്. വിമതമേഖലകളായ ഡി.പി.ആറിലും എല്‍.പി.ആറിലും യുക്രൈന്‍ നടത്തുന്ന ആക്രമണത്തെ പ്രതിരോധിക്കുകയും സാധാരണജനങ്ങള്‍ക്ക് സമാധാനം ഉറപ്പാക്കുകയുമാണ് ലക്ഷ്യമെന്നും അവര്‍ വിശദീകരിക്കുന്നു. ഇതില്‍നിന്ന്, പൂര്‍ണ അധിനിവേശം തത്കാലം റഷ്യ ലക്ഷ്യമിടുന്നില്ല എന്ന് വായിക്കാം. മാത്രമല്ല, നിലവിലെ സന്നാഹങ്ങള്‍ സമ്പൂര്‍ണയുദ്ധത്തിന് പര്യാപ്തമല്ലെന്നും നിരീക്ഷണങ്ങള്‍ ഉണ്ട്.
ലോകരാജ്യങ്ങളുടെ കടുത്ത ഉപരോധങ്ങള്‍ കണ്ടില്ലെന്ന് നടിച്ചുകൊണ്ട് അടുത്തനീക്കം നടത്താന്‍ റഷ്യയ്ക്ക് എളുപ്പമല്ല. യു.എസ്., ബ്രിട്ടന്‍, ഓസ്ട്രേലിയ, കാനഡ, ജപ്പാന്‍ എന്നീ രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും റഷ്യയുടെ ധനകാര്യസ്ഥാപനങ്ങളെയും സമ്പന്നരെയും ലക്ഷ്യമിട്ടുകഴിഞ്ഞു. ഐക്യരാഷ്ട്രസഭയുള്‍പ്പെടെ കടുത്ത സമ്മര്‍ദം ചെലുത്തുന്നുമുണ്ട്. നോര്‍ഡ് സ്ട്രീം-2 പൈപ്പ്ലൈന്‍ പദ്ധതി നിര്‍ത്തിവെക്കാനുള്ള ജര്‍മനിയുടെ തീരുമാനമാണ് കൂടുതല്‍ നിര്‍ണായകമാവുക. റഷ്യയില്‍നിന്ന് ജര്‍മനിവരെനീളുന്ന പ്രകൃതിവാതക പൈപ്പ്ലൈനാണ് നോര്‍ഡ് സ്ട്രീം-2. ഇത് യാഥാര്‍ഥ്യമായാല്‍ യുക്രൈനെ ആശ്രയിക്കാതെതന്നെ യൂറോപ്യന്‍ ഊര്‍ജവിപണിയില്‍ ആധിപത്യം സ്ഥാപിക്കാന്‍ റഷ്യയ്ക്കാകും. പദ്ധതിയുടെപേരില്‍ യു.എസിനും ജര്‍മനിക്കുമിടയില്‍ അസ്വാരസ്യങ്ങളും ഉടലെടുത്തിരുന്നു. എന്നാല്‍ ഇപ്പോള്‍ പദ്ധതി നിര്‍ത്തിവെക്കാനുള്ള ജര്‍മനിയുടെ തീരുമാനം തീര്‍ച്ചയായും റഷ്യയ്ക്ക് തിരിച്ചടിയാകും. റഷ്യയിലെ ജനവികാരവും യുദ്ധത്തിനെതിരാണെന്ന് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇപ്പറഞ്ഞ ഘടകങ്ങളെല്ലാം വിലയിരുത്തി ഡോണ്‍ബാസിലെ സൈനികനീക്കം യുക്രൈനുള്ള താക്കീത് മാത്രമായി അവസാനിച്ചേക്കുമെന്നാണ് നിരീക്ഷകര്‍ പ്രതീക്ഷിച്ചത്. എന്നാല്‍ ഒരേസമയം മൂന്നു മുന്നണികളില്‍നിന്ന് റഷ്യ തങ്ങളെ ആക്രമിക്കുകയാണെന്ന് യുക്രൈന്‍ അധികൃതര്‍ പറയുന്നു. യുക്രൈന്‍ സൈന്യം ചെറുത്തുനില്‍പ്പിന് ശ്രമിക്കുന്നതിനൊപ്പം വിദേശസഹായം അഭ്യര്‍ഥിച്ചിട്ടുമുണ്ട്. റഷ്യന്‍സാഹസം ഡോണ്‍ബാസില്‍ ഒതുങ്ങിയില്ലെങ്കില്‍ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാകും.
അവിടെ തീര്‍ന്നില്ലെങ്കില്‍?
യുക്രൈനുമേല്‍ സര്‍വാധിപത്യം സ്ഥാപിക്കാന്‍ റഷ്യയ്ക്ക് സാധിച്ചാല്‍ മധ്യയൂറോപ്പില്‍ പുതിയ യുദ്ധമുഖങ്ങള്‍ തുറക്കും. നിലവില്‍ നാറ്റോയ്ക്കും റഷ്യയ്ക്കുമിടയിലെ 'നോ മാന്‍സ് ലാന്‍ഡ്' ആണ് യുക്രൈന്‍. അത് ഏതെങ്കിലും വശത്തേക്ക് ചായുന്നത് എതിര്‍വശത്തുള്ളവര്‍ക്ക് സഹിക്കാനാവില്ല. റഷ്യയ്ക്ക് ഇപ്പോള്‍ യുക്രൈന്റെ കിഴക്കന്‍ അതിര്‍ത്തിയിലും ബലാറസിലുമാണ് സൈനിക സാന്നിധ്യമുള്ളത്. എന്നാല്‍ യുക്രൈന്‍ കീഴടക്കിയാല്‍ നാറ്റോ അംഗരാജ്യങ്ങളായ പോളണ്ടിന്റെ കിഴക്കന്‍ അതിര്‍ത്തിയിലേക്കും സ്ലൊവാക്യ, ഹംഗറി, റൊമാനിയ എന്നീ രാജ്യങ്ങളുടെ വടക്കന്‍ അതിര്‍ത്തിയിലേക്കും എളുപ്പത്തില്‍ എത്താന്‍ റഷ്യയ്ക്കാകും. റഷ്യയുടെ ഭൂമിശാസ്ത്രപരമായ ഈനേട്ടം ഏറ്റവുമധികം ഭീഷണി ഉയര്‍ത്തുക എസ്റ്റോണിയ, ലാത്വിയ, ലിത്വാനിയ തുടങ്ങിയ ബാള്‍ട്ടിക് രാജ്യങ്ങള്‍ക്കാണ്. അവര്‍ ഇപ്പോള്‍തന്നെ നാറ്റോയില്‍നിന്ന് സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്.
'ഏതെങ്കിലും തീവ്രവാദ സംഘടനയെയല്ല, ലോകത്തെ പ്രബലമായ സൈന്യത്തെയാണ് കൈകാര്യംചെയ്യേണ്ടത്. പൗരരെ ഒഴിപ്പിക്കാന്‍പോലും ഒരു ട്രൂപ്പിനെ യുക്രൈനിലേക്ക് വിടാനാവില്ല. കാര്യങ്ങള്‍ എപ്പോള്‍ വേണമെങ്കിലും കൈവിട്ടുപോകാം'- കഴിഞ്ഞയാഴ്ച യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞത് ഇതാണ്. അതായത് ആയുധമെടുത്തുള്ള യുദ്ധത്തിന് യു.എസും നാറ്റോയും പെട്ടെന്ന് പ്രകോപിതരാകില്ല എന്നാണ് ഇതുവരെ എല്ലാവരും കരുതിയത്. പക്ഷേ ഏകപക്ഷീയമായി സൈനികനീക്കത്തിലേക്ക് കടന്ന റഷ്യന്‍ നടപടി അങ്ങേയറ്റം പ്രകോപനപരമാണ്.
യുക്രൈന്‍ പൂര്‍ണമായും റഷ്യന്‍ അധീനതയില്‍ ആയാല്‍ അത് യൂറോപ്പിന്റെ നയതന്ത്രസമവാക്യങ്ങളെ അപ്പാടെ സ്വാധീനിക്കും. പിന്നീട് പ്രശ്‌നപരിഹാര ചര്‍ച്ചകളെ നിയന്ത്രിക്കാന്‍ റഷ്യയ്ക്കാകും എന്നുമാത്രമല്ല, മേഖലയില്‍ യു.എസിന്റെയും നാറ്റോയുടെയും സ്വാധീനം ചോദ്യംചെയ്യപ്പെടുകയും ചെയ്യും.
യു.എസ്. പൂര്‍ണമായും യൂറോപ്പില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന ഈ സാഹചര്യത്തെ അതിശ്രദ്ധയോടെയാണ് ചൈന നിരീക്ഷിക്കുന്നത്. അവസരം മുതലെടുത്ത് അവര്‍ തയ്വാനില്‍ അധികാരം സ്ഥാപിക്കാനോ തെക്കന്‍ ചൈനാക്കടലില്‍ പ്രകോപനം സൃഷ്ടിക്കാനോ സാധ്യതയുണ്ടെന്ന് കരുതുന്നവരുണ്ട്. രണ്ടാം ലോകയുദ്ധകാലത്ത് ഇരുവശങ്ങളില്‍നിന്ന് ഒരേസമയം ജര്‍മനിയും ജപ്പാനും നടത്തിയനീക്കം ഇവിടെ റഷ്യയും ചൈനയും ആവര്‍ത്തിച്ചേക്കാം. നിലവിലെ ലോകക്രമം തിരുത്തിയെഴുതുക എന്നത് ഇരുരാജ്യങ്ങളുടെയും പൊതു താത്പര്യമാണ്.
.jpg?$p=cab3f84&&q=0.8)
എന്തുകൊണ്ട് യുക്രൈന്‍
സോവിയറ്റ് യൂണിയന്റെ ഭാഗ്യമായിരുന്ന യുക്രൈന്‍ 1991-ലാണ് സ്വതന്ത്രരാജ്യമായത്. സ്വതന്ത്ര യുക്രൈനെ 1994-ല്‍ റഷ്യ അംഗീകരിക്കുകയും ചെയ്തു. എന്നാല്‍, പാശ്ചാത്യരാജ്യങ്ങളുമായി അടുക്കുന്ന യുക്രൈന്റെ നയം റഷ്യ ഗൗരവത്തോടെയാണ് കണ്ടിരുന്നത്. 2014-ല്‍ ക്രൈമിയ പിടിച്ചെടുത്തായിരുന്നു റഷ്യന്‍ മറുപടി. അന്നുമുതല്‍ ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. പതിന്നാലായിരത്തോളം ആളുകള്‍ കൊല്ലപ്പെടുകയും ലക്ഷക്കണക്കിനാളുകള്‍ യുക്രൈനില്‍നിന്ന് പലായനംചെയ്യുകയും ചെയ്തു.
നാറ്റോ മോഹങ്ങള്‍
പാശ്ചാത്യരാജ്യങ്ങളുടെ സൈനിക സഹകരണ സഖ്യമായ നാറ്റോയില്‍ ചേരാന്‍ യുക്രൈന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇത് അനുവദിക്കരുതെന്ന് പുതിന്‍ ആവശ്യപ്പെട്ടു. 1997-ല്‍ നാറ്റോയില്‍ ചേര്‍ന്ന മുന്‍ സോവിയറ്റ് രാജ്യങ്ങളെ പുറത്താക്കണമെന്ന ആവശ്യവും റഷ്യ മുന്നോട്ടുവെച്ചു. റഷ്യയുടെ ഇത്തരം ആവശ്യങ്ങള്‍ രാജ്യങ്ങളുടെ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണെന്ന് നാറ്റോയും നിലപാടെടുത്തു.
മാറുന്ന നയങ്ങള്‍
റഷ്യയില്‍നിന്ന് വേര്‍പെട്ടെങ്കിലും ഇന്നും യുക്രൈന്‍ തങ്ങളുടെ അവിഭാജ്യഘടകമാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍ അവകാശപ്പെടുന്നു. ഈ നയം വ്യക്തമാക്കി കഴിഞ്ഞവര്‍ഷം ഇരുരാജ്യങ്ങളും ഒന്നാണെന്ന് അദ്ദേഹം പ്രസ്താവനയും നടത്തി.
സാമ്പത്തിക താത്പര്യങ്ങള്‍
ലോകത്തിലെ ആകെ പ്രകൃതി, ധാതു വിഭവങ്ങളുടെ അഞ്ചു ശതമാനം യുക്രൈനിലാണ് സ്ഥിതിചെയ്യുന്നത്. ടൈറ്റാനിയം, ഇരുമ്പ്, ലോഹേതര അസംസ്‌കൃതവസ്തുക്കള്‍ തുടങ്ങിയ അയിരുകളാണ് യുക്രൈനിയന്‍ കയറ്റുമതിയില്‍ പ്രധാനം. ഇതിനുപുറമേ, യൂറോപ്പിലെ ആകെ വാതക ഉപഭോഗത്തിന്റെ പകുതിയോളം റഷ്യയിലാണ് ഉത്പാദിപ്പിക്കുന്നതെങ്കിലും ഇവയെ യൂറോപ്യന്‍ രാജ്യങ്ങളിലേക്കെത്തിക്കുന്നത് യുക്രൈന്‍ വഴിയാണ്. ഇത് യുക്രൈന് വന്‍ സാമ്പത്തികനേട്ടമുണ്ടാക്കുന്നുണ്ട്. മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ നാലുശതമാത്തോളം വരുമിത്.
മുതല്‍ക്കൂട്ട്
സോവിയറ്റ് യൂണിയനിലുണ്ടായിരുന്ന 15 രാജ്യങ്ങളില്‍ റഷ്യ കഴിഞ്ഞാല്‍ ഏറ്റവും ശക്തര്‍ യുക്രൈനായിരുന്നു. ഇതു പിടിച്ചെടുക്കുന്നത് തങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകുമെന്ന കണക്കുകൂട്ടലും പുതിനുണ്ട്.
Content Highlights: russia ukraine war
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..