
ഏത് നിറമായിരുന്നെങ്കിലും തോള്‍പ്പട്ടയുള്ള ഉടുപ്പുകളായിരുന്നു എക്കാലത്തും ജസ്വന്ത് സിംഗ് അണിഞ്ഞിരുന്നത്.ഉത്തരേന്ത്യയിലെ പതിവ് രാഷ്ട്രീയക്കാരില്‍ നിന്ന് ആകാരം കൊണ്ട് സ്വയം മാറ്റി നിര്‍ത്താന്‍ മാത്രമായിരുന്നില്ല,അറുപതുകളില്‍ വിരമിച്ചെങ്കിലും അതുവരെ നയിച്ച ഒരു പട്ടാള ജീവിതത്തിന്റെ ഓര്‍മപ്പെടുത്തല്‍ കൂടി ആ ശീലത്തിലുണ്ടായിരുന്നു.രൂപത്തില്‍ മാത്രമല്ല,പട്ടാള ക്യാംപുകള്‍ നല്‍കിയ കാര്‍ക്കശ്യം ജസ്വന്ത് സിംഗിന്റെ നിലപാടുകളിലുമുണ്ടായിരുന്നു.എന്നിട്ടും മൃദുഭാഷയിലായിരുന്നു വിയോജിപ്പുകള്‍ പോലും അവതരിപ്പിച്ചിരുന്നത്.
ലോക്‌സഭയിലെ ഇരിപ്പിടത്തിന് മുന്നിലെ മൈക്കിലൂടെ രാജ്യത്തിന്റെ വിദേശ നയം വിശദീകരിക്കുമ്പോഴും ആണവപരീക്ഷണത്തിന് ശേഷം ഉപരോധമേര്‍പ്പെടുത്തിയ അമേരിക്കയുമായി അനുരഞ്ജന ചര്‍ച്ചകള്‍ നടത്തുമ്പോഴും അടുത്തിരിക്കുന്നവര്‍ക്ക് മാത്രം കേള്‍ക്കാവുന്ന ശബ്ദത്തിലായിരുന്നു ജസ്വന്ത് സംസാരിച്ചിരുന്നത്.ഖാണ്ഡഹാറില്‍ ഭീകരര്‍ റാഞ്ചിയ വിമാനത്തില്‍ നിന്ന് യാത്രക്കാരെ മോചിപ്പിക്കുന്നതിന് പകരമായി മൂന്ന് ഭീകരരെ വിട്ടയച്ചതിനെക്കുറിച്ച് പലവട്ടം വിമര്‍ശിക്കപ്പെട്ടപ്പോഴും സംയമനം കൈവിട്ടില്ല.പട്ടാളക്കാലം നല്‍കിയ അച്ചടക്കം വ്യക്തി ജീവിതത്തില്‍ ഉടനീളം പാലിച്ച ജസ്വന്ത് സിംഗിനെ പക്ഷെ അച്ചടക്കം ലംഘിച്ചതിന്റെ പേരില്‍ ബി.ജെ.പി രണ്ട് വട്ടം പുറത്താക്കിയെന്നത് രാഷ്ട്രീയത്തിലെ വൈരുധ്യം.ആദ്യത്തെ പുറത്താകലിന് പത്ത് മാസങ്ങള്‍ക്ക് ശേഷം ജസ്വന്തിനെ പാര്‍ട്ടി തിരിച്ചെടുത്തു.എന്നാല്‍,രണ്ടാമത്തെ പുറത്താകലിന് ശേഷം തിരിച്ചു വന്നില്ല.അഞ്ച് മാസം പിന്നിട്ടപ്പോള്‍ കുളിമുറിയില്‍ വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അദ്ദേഹം അബോധാവസ്ഥയില്‍ നിന്ന് തിരിച്ചു വന്നതേയില്ല.ബോധാബോധങ്ങള്‍ക്കിടയില്‍ ആറ് വര്‍ഷം കഴിഞ്ഞ ശേഷമാണ് ഞായറാഴ്ച ജസ്വന്ത് സിംഗ് മരണത്തിന് പിടി കൊടുത്തത്.
പട്ടാളത്തില്‍ നിന്ന് മേജറായി വിരമിച്ച ശേഷം അറുപതുകളില്‍ ജനസംഘിലൂടെയാണ് ജസ്വന്ത് സിംഗ് പൊതുരാഷ്ട്രീയത്തിലെത്തിയത്.വാജ്‌പേയിക്കും എല്‍.കെ.അദ്വാനിക്കുമൊപ്പം 1980 ല്‍ ബി.ജെ.പിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായി.അതേ വര്‍ഷം തന്നെ ബി.ജെ.പി ടിക്കറ്റില്‍ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ ദേശീയ ശ്രദ്ധയിലെത്തി.രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലെ ജസോള്‍ എന്ന കാര്‍ഷിക ഗ്രാമത്തില്‍ നിന്ന് ദേശീയ രാഷ്ട്രീയത്തിലേക്കുള്ള ജസ്വന്ത് സിംഗിന്റെ വളര്‍ച്ചയുടെ തുടക്കം അവിടെയാണ്.തുടര്‍ന്ന് 2014 വരെ ലോക്‌സഭയിലുടെയോ രാജ്യസഭയിലൂടെയോ തുടര്‍ച്ചയായി അദ്ദേഹം പാര്‍ലമെന്റിലെത്തി.അഞ്ച് വട്ടം രാജ്യസഭയിലും നാല് വട്ടം ലോക്‌സഭയിലും.പണ്ഡിതനും പുസ്തക സ്‌നേഹിയും നയതന്ത്ര വിദഗ്ധനും സമവായ നീക്കങ്ങളുടെ പ്രയോക്താവുമായി ജസ്വന്ത് സിംഗ് വളര്‍ന്നത് ഈ കാലത്താണ്.1996 ല്‍ 13 ദിവസം നീണ്ടു നിന്ന ആദ്യത്തെ എന്‍.ഡി.എ മന്ത്രിസഭയില്‍ ധനമന്ത്രിയായി നിയുക്തനായത് ഈ ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ്.പിന്നീട് അധികാരത്തിലെത്തിയ വാജ്‌പേയി മന്ത്രിസഭയില്‍ വിദേശകാര്യം,ധനകാര്യം,പ്രതിരോധം എന്നീ മൂന്ന് സുപ്രധാന വകുപ്പുകള്‍ പല ഘട്ടങ്ങളിലായി കൈകാര്യം ചെയ്തതും ഈ അനുഭവ പരിചയത്തില്‍.
പൊഖ്‌റാനും ഖാണ്ഡഹാറും
1998 ലെ രണ്ടാം പൊഖ്‌റാന്‍ ആണവപരീക്ഷണത്തിന് ശേഷം ഉപരോധമേര്‍പ്പെടുത്തിയ അമേരിക്കയെ അനുനയിപ്പിക്കുകയായിരുന്നു വിദേശകാര്യമന്ത്രിയെന്ന നിലയില്‍ ജസ്വന്തിന്റെ മുന്നിലെ ആദ്യ വെല്ലുവിളി.അമേരിക്കന്‍ സ്റ്റേറ്റ് ഡപ്യൂട്ടി സെക്രട്ടറി സ്‌ട്രോബ് ടാള്‍ബോള്‍ട്ടുമായി ജസ്വന്ത് സിംഗ് നടത്തിയ ചര്‍ച്ചകള്‍ ഫലം കണ്ടു.പാകിസ്താനുമായുള്ള ബന്ധം വഷളായതും ഇക്കാലത്താണ്.പാകിസ്താന്‍ പിന്തുണയുള്ള ഭീകരവാദികള്‍ 1999 ഡിസംബര്‍ 24 ന് 175 യാത്രക്കാര്‍ കയറിയ ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ വിമാനം ഖാണ്ഡഹാറിലേക്ക് തട്ടിക്കൊണ്ടു പോയത് രാജ്യത്തെ നടുക്കി.യാത്രക്കാരെ വിട്ടയക്കുന്നതിനുള്ള അനുരഞ്ജന ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത് ജസ്വന്ത് സിംഗായ്ിരുന്നു.എന്നാല്‍ യാത്രക്കാരെ വിട്ടയക്കുന്നതിന് പകരമായി ഇന്ത്യന്‍ ജയിലുകളിലുള്ള തങ്ങളുടെ കൂട്ടാളികളെ മോചിപ്പിക്കണമെന്ന് ഭീകരര്‍ ആവശ്യപ്പെട്ടു.നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ മൂന്ന് ഭീകരരെ വിട്ടുകൊടുത്ത് അനുരഞ്ജനധാരണ ഉണ്ടാക്കിയ ജസ്വന്ത് അക്കാരണത്താല്‍ വിമര്‍ശനങ്ങളേറെ ഏറ്റുവാങ്ങി.ഖണ്ഡഹാര്‍ വിവാദം എക്കാലത്തും ജസ്വന്തിനെയും ബി.ജെ.പിയെയും പിന്തുടരുകയും ചെയ്തു.
പ്രധാനമന്ത്രി വാജ്‌പേയിയുടെ വിശ്വസ്തനെന്ന നിലയിലും എല്‍.കെ.അദ്വാനിയുടെ സുഹൃത്തെന്ന നിലയിലും ദേശീയ രാഷ്ട്രീയത്തില്‍ നിറഞ്ഞു നിന്ന ജസ്വന്ത് വിദേശകാര്യമന്ത്രിയായും ധനകാര്യമന്ത്രിയായും പ്രതിരോധമന്ത്രിയായും എന്‍.ഡി.എ ഭരണകാലത്ത് തിളങ്ങി.മൂല്യ വര്‍ധിത നികുതി സംവിധാനത്തെക്കുറിച്ച് ആലോചന തുടങ്ങുന്നത് ജസ്വന്ത് ധനമന്ത്രിയായിരുന്ന കാലത്താണ്.''ആ വര്‍ഷങ്ങള്‍ എല്ലാ അര്‍ഥത്തിലും അസാധാരണമായ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു.രാജ്യത്തിനകത്ത് അതൊരു വഴി വെട്ടിത്തുറക്കലായിരുന്നു.കേന്ദ്രത്തില്‍ ആദ്യമായി കൃത്യമായ ഏകോപനമുള്ള ഒരു കൂട്ടുകക്ഷി സര്‍ക്കാരിനെ ഞങ്ങള്‍ നയിച്ചു.അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ വിദേശ നയത്തെ കലുഷിതമായ നദിയിലൂടെയെന്ന പോലെ വെല്ലുവിളികള്‍ നിറഞ്ഞ ലോകത്തിലൂടെ നയിച്ചു ''-എന്നാണ് ''ഏ കാള്‍ ടു ഓണര്‍ : ഇന്‍ സര്‍വീസ് ഓഫ് എമര്‍ജന്റ് ഇന്ത്യ ''എന്ന പുസ്തകത്തില്‍ അക്കാലത്തെക്കുറിച്ച് ജസ്വന്ത് വിവരിക്കുന്നത്.നിലപാടുകളും വിവാദങ്ങളും
എഴുത്തുകാരനും വായനക്കാരനും ചരിത്രാന്വേഷിയുമായിരുന്ന ജസ്വന്തിന്റെ രചനകള്‍ പലപ്പോഴും വിവാദങ്ങളുടെ ഏടുകള്‍ തുറന്നിട്ടുണ്ട്.അത് പാര്‍ട്ടിയെപോലും പ്രകോപിപ്പിക്കുന്ന നിലയിലേക്ക് വളര്‍ന്നിട്ടുമുണ്ട്. 2009 ആഗസ്ത് 17 ന് പുറത്തിറക്കിയ ''ജിന്ന :ഇന്ത്യ,വിഭജനം,സ്വാതന്ത്ര്യം ''എന്ന പുസ്തകത്തില്‍ ജിന്നയെ അനുകൂലിച്ച് നടത്തിയ ചില പരാമര്‍ശങ്ങള്‍ പാര്‍ട്ടിയെ ചൊടിപ്പിച്ചു. വിവാദം പാര്‍ട്ടിയിലും തലയുയര്‍ത്തി.പാര്‍ട്ടിയില്‍ ജസ്വന്ത് ഒറ്റപ്പെടാന്‍ തുടങ്ങി.സ്വന്തം മണ്ഡലത്തില്‍ പോലും ജസ്വന്ത് പൊതുപരിപാടികളില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. നേതാക്കള്‍ മുഖം തിരിച്ചു. മാത്രമല്ല,ഇതേ സമയത്ത് തന്നെ 2009 ലെ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേരിട്ട കനത്ത പരാജയത്തെക്കുറിച്ച് സമഗ്രാന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ജസ്വന്ത് ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കള്‍ക്കെഴുതിയ കത്തും പ്രകോപനമായി. തിരഞ്ഞെടുപ്പ് പരാജയത്തില്‍ ചില നേതാക്കളുടെ അലംഭാവമുണ്ടെന്നായിരുന്നു ജസ്വന്തിന്റെ നിരീക്ഷണം. തിരഞ്ഞെടുപ്പ് പരാജയം ചര്‍ച്ച ചെയ്യാന്‍ സിംലയില്‍ ചേര്‍ന്ന ഉന്നത തലയോഗത്തില്‍ പങ്കെടുക്കാനായി ചെന്ന ജസ്വന്തിനെ എതിരേറ്റത് പാര്‍ട്ടിയുടെ പുറത്താക്കല്‍ നോട്ടീസായിരുന്നു. യോഗത്തില്‍ പങ്കെടുക്കാതെ ജസ്വന്ത് ഡല്‍ഹിയിലേക്ക് മടങ്ങി. പുറത്താക്കലിന് കാരണമായി ജസ്വന്തിന്റെ ജിന്ന സ്തുതിയാണ് ചൂണ്ടിക്കാട്ടിയിരുന്നതെങ്കിലും ,തിരഞ്ഞെടുപ്പ് പരാജയകാരണങ്ങള്‍ക്ക് നേരെ ജസ്വന്ത് വിരല്‍ ചൂണ്ടിയതാണ് യഥാര്‍ഥ കാരണമെന്ന് പാര്‍ട്ടിയില്‍ ചിലരെങ്കിലും വിശ്വസിച്ചു.സങ്കുചിത മനോഭാവമാണ് നേതാക്കള്‍ക്കെന്ന് ജസ്വന്ത് തിരിച്ചടിച്ചു.പക്ഷെ,കൂടുതല്‍ പ്രകോപനങ്ങള്‍ക്ക് മുതിര്‍ന്നില്ല. 2010 ല്‍ നിതിന്‍ ഗഡ്കരി അധ്യക്ഷനായപ്പോള്‍ പാര്‍ട്ടിയില്‍ തിരിച്ചെടുക്കുന്നത് വരെ ജസ്വന്ത് ഒറ്റപ്പെട്ട നിലയിലായിരുന്നു. എന്നാല്‍, പാര്‍ട്ടിയില്‍ തിരിച്ചു വന്ന ജസ്വന്തിനെ 2012 ല്‍ എന്‍.ഡി.എയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായി രംഗത്തിറക്കിയെന്നത് ശ്രദ്ധേയമായ തീരുമാനമായി. ഹമീദ് അന്‍സാരിയോട് പരാജയപ്പെട്ടെങ്കിലും ദേശീയ രാഷ്ട്രീയത്തില്‍ ജസ്വന്തിന്റെ തിരിച്ചു വരവിന് ആ മത്സരം വഴിയൊരുക്കി.എന്നാല്‍ അപ്പോഴേക്ക് പാര്‍ട്ടിയില്‍ വാജ്‌പേയി-അദ്വാനി തലമുറയ്ക്ക് അസ്തമയമൊരുങ്ങിയ കാലമായിരുന്നു അത്.പുതിയ നേതാക്കള്‍ക്കിടയില്‍ ജസ്വന്തിന് പഴയ പ്രതാപം തിരിച്ചെടുക്കാനായില്ല.പാര്‍ട്ടിയില്‍ വിമത പക്ഷത്ത് അടയാളപ്പെട്ട ജസ്വന്തിന് 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരു മണ്ഡലം പോലും ലഭിച്ചില്ലി.പാര്‍ട്ടിയെ കയ്യടക്കിയ മോദി-ഷാ കൂട്ടുകെട്ടിനെ ചൊല്ലി ഇടഞ്ഞ് പരസ്യവിമര്‍ശനങ്ങളുമായി ജസ്വന്ത് രംഗത്തെത്തി.ഒടുവില്‍ സ്വന്തം ജന്മനാടായ ബാര്‍മറില്‍ ബി.ജെ.പി സ്ഥാനാര്‍ഥിക്കെതിരെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി ജസ്വന്ത് പത്രിക നല്‍കി.പിന്‍വലിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടും ജസ്വന്ത് പിന്‍മാറിയില്ല.മാര്‍ച്ച് 30 ന് ബി.ജെ.പി ജസ്വന്ത് സിംഗിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.''രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ധാര്‍മികതയുടെ വ്യാപ്തി നഷ്ടമായിരിക്കുന്നു.വാചകമടി സാമാന്യ യുക്തിക്ക് പകരമായിരിക്കുന്നു.രാഷ്ട്രീയ സംവാദങ്ങള്‍ താണനിലവാരത്തിലെത്തിയിരിക്കുന്നു.വാജപേയിയുടെ കാലത്ത് പോലും ബി.ജെ.പിക്ക് വ്യക്തികളെ കേന്ദ്രീകരിച്ചുള്ള നേതൃത്വ ഘടനയുണ്ടായിരുന്നില്ല.എന്നാല്‍ ഇപ്പോള്‍ ബി.ജെ.പി വണ്‍ മാന്‍ പാര്‍ട്ടിയായിരിക്കുന്നു.ഇത് പാര്‍ട്ടിയുടെ സ്വാഭാവിക പരിണാമമല്ല ''-എന്നായിരുന്നു പുറത്താകലിനെക്കുറിച്ചുള്ള ജസ്വന്തിന്റെ പ്രതികരണം.തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥിയോട് ജസ്വന്ത് പരാജയപ്പെട്ടു.എങ്കിലും സ്ഥാനാര്‍ഥിത്വ പ്രഖ്യാപനത്തില്‍ അദ്ദേഹത്തിന്റെ നിലപാടുകളുണ്ടായിരുന്നു.
തിരിച്ചു വന്നില്ല
തിരഞ്ഞെടുപ്പിന് ശേഷവും പാര്‍ട്ടിയില്‍ ജസ്വന്ത് തിരിച്ചെത്തിയില്ല. മാസങ്ങള്‍ക്ക് ശേഷം,2014 ആഗസ്തില്‍ വീട്ടിനുള്ളിലെ കുളിമുറിയില്‍ വീണ് തലയ്ക്ക് പരിക്കേറ്റ ജസ്വന്ത് അബോധാവസ്ഥയിലായി.ആറ് വര്‍ഷങ്ങളോളം അബോധാവസ്ഥയില്‍ കഴിഞ്ഞ ജസ്വന്തിന്റെ മരണകാരണങ്ങളിലൊന്ന് തലയ്‌ക്കേറ്റ പരിക്കായിരുന്നു.ഉറച്ച തീരുമാനങ്ങളായിരുന്നു ബാര്‍മറിലെ ജസോള്‍ എന്ന ചെറുഗ്രാമത്തില്‍ നിന്ന് ജസ്വന്ത് സിംഗിനെ ദേശീയ രാഷ്ട്രീയത്തിലേക്ക് നടത്തിയത്.ബി.ജെ.പി രാഷ്ട്രീയത്തില്‍ വാജ്‌പേയി-അദ്വാനി തലമുറയില്‍ നിന്ന് ഒരാള്‍ കൂടി പിന്‍വാങ്ങുന്നു.''ജസ്വന്തിന്റെ മരണത്തില്‍ അനുശോചിക്കാന്‍ എനിക്ക് വാക്കുകളില്ല. പാര്‍ട്ടിയില്‍ എനിക്ക് ഏറ്റവും അടുപ്പമുള്ള സഹപ്രവര്‍ത്തകരില്‍ ഒരാള്‍ മാത്രമല്ല,എന്റെ വളരെ പ്രിയപ്പെട്ട സുഹൃത്ത് കൂടിയായിരുന്നു ജസ്വന്തെ''ന്നാണ് മുതിര്‍ന്ന നേതാവായ എല്‍.കെ.അദ്വാനി അനുശോചന സന്ദേശത്തില്‍ പറഞ്ഞത്.
Content Highlight: Remembering Jaswant Singh


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..