കല്‍ക്കരി തിന്ന് തിന്ന് എത്രകാലം!, വൈദ്യുതി കടക്കെണിയില്‍ രാജ്യം


ബി.എസ്. ബിമിനിത്‌

6 min read
Read later
Print
Share

***ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് മോചിതരാകുന്നതിന്റെ ഭാഗമായി 2030 ഓടെ രാജ്യത്തെ പകുതി വൈദ്യുതി ഉത്പാദനവും പ്രകൃതി സൗഹൃദമാര്‍ഗങ്ങളിലേക്ക് കടക്കാനുള്ള തീവ്രശ്രമത്തിലാണ് സര്‍ക്കാര്‍. ആ ശ്രമങ്ങള്‍ ഒരു ഭാഗത്ത് നടക്കുമ്പോഴാണ് ഊര്‍ജ പ്രതിസന്ധി വലിയ വെല്ലുവിളിയായി ഉയര്‍ന്നുവരുന്നത്.

.

തിവര്‍ഷത്തിലോ, അമിതമായി അന്തരീക്ഷം ചൂടുപിടിച്ചാലോ കലുഷിതമാകുന്ന അത്ര ഊര്‍ജ്ജ സുരക്ഷയേ ഇന്ത്യക്കുളളൂ എന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് വെറും ആറുമാസത്തെ ഇടവേളയില്‍ രണ്ട് വൈദ്യുതി പ്രതിസന്ധികള്‍ രാജ്യം അഭിമുഖീകരിച്ചത്. 2021 ഒക്ടോബറില്‍ കനത്ത മഴകാരണം കല്‍ക്കരി ഖനികളിലെ ഉത്പാദനം കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണമായി പറഞ്ഞതെങ്കില്‍, 2022 ഏപ്രില്‍ മുതല്‍ നമ്മള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന വൈദ്യുതി പ്രതിസന്ധിക്ക് കാരണം കൊടും ചൂടായിരുന്നു. കോവിഡ് ലോക്ഡൗണ്‍ കഷ്ടപ്പാടുകളില്‍ നിന്ന് അതിവേഗം കരകയറിക്കൊണ്ടിരിക്കുന്ന ഇന്ത്യ ഇലക്ട്രിക് വാഹന വിപ്ലവത്തിന് സാക്ഷ്യം വഹിക്കുമ്പോഴാണ് തുടരെത്തുടരെ രണ്ടുതവണ മണിക്കൂറുകളോളം രാജ്യം മുഴുവന്‍ വൈദ്യുതിക്ഷാമമുണ്ടായത് എന്നുമോര്‍ക്കണം.

ലോകത്ത് ഏറ്റവും കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്ന മൂന്നാമത്തെ രാജ്യം നമ്മുടെ ഇന്ത്യയാണ്. പ്രതിദിന വൈദ്യുത ആവശ്യം അതിവേഗം വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഈ രാജ്യത്ത് നിലവില്‍ മൊത്തം ഉത്പാദനത്തിന്റെ 70 ശതമാനവും കല്‍ക്കരി ഉപയോഗിച്ചുള്ള താപ വൈദ്യുത നിലയങ്ങളില്‍ നിന്നാണ്. അതുകൊണ്ടു തന്നെ കല്‍ക്കരി ക്ഷാമം=വൈദ്യുതിക്ഷാമം എന്ന ഭീതിയുടെ നിഴലില്‍ കഴിയുകയാണ് നമ്മള്‍.
ഫോസില്‍ ഇന്ധനങ്ങള്‍ കത്തിച്ച് വായു മലിനപ്പെടുത്തുന്ന മൂന്നാമത്തെ രാജ്യമെന്ന പദവിയും ഇന്ത്യയ്ക്കുണ്ട്. (രണ്ട് കാര്യത്തിലും ഒന്നാം സ്ഥാനം ചൈനയ്ക്കും, രണ്ടാം സ്ഥാനം അമേരിക്കയ്ക്കുമാണ്.). ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് മോചിതരാകുന്നതിന്റെ ഭാഗമായി 2030 ഓടെ രാജ്യത്തെ പകുതി വൈദ്യുതി ഉത്പാദനവും പ്രകൃതി സൗഹൃദമാര്‍ഗങ്ങളിലേക്ക് കടക്കാനുള്ള തീവ്രശ്രമത്തിലാണ് സര്‍ക്കാര്‍. ആ ശ്രമങ്ങള്‍ ഒരു ഭാഗത്ത് നടക്കുമ്പോഴാണ് ഊര്‍ജ പ്രതിസന്ധി വലിയ വെല്ലുവിളിയായി ഉയര്‍ന്നുവരുന്നത്.

കല്‍ക്കരിയുടെ സ്വന്തം നാട്

ലോകത്തെ രണ്ടാമത്തെ വലിയ കല്‍ക്കരി ഉത്പാദകരും ഉപഭോക്താക്കളുമാണ് നമ്മള്‍. രാജ്യത്തിന് ആവശ്യമായ 80% കല്‍ക്കരിയും നമ്മുടെ രാജ്യത്തെ കല്‍ക്കരി ഖനികളില്‍ നിന്നു തന്നെയാണ് കണ്ടെത്തുന്നത്. നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട് കല്‍ക്കരി ഖനനത്തില്‍ ഇന്ത്യയ്ക്ക്. സ്വന്തം നാട്ടില്‍ കിട്ടുന്ന കല്‍ക്കരി കൃത്യമായി വിതരണം ചെയ്യാന്‍ കഴിയാതെ വന്നതും, അന്താരാഷ്ട്ര വിപണിയില്‍ വില പല മടങ്ങോളം കൂടിയതുമാണ് നമ്മള്‍ ഇന്ന് അനുഭവിക്കുന്ന പ്രതിസന്ധികള്‍ക്കെല്ലാം കാരണം. നമ്മുടെ നാട്ടിലെ കല്‍ക്കരിക്ക് എന്താണ് സംഭവിച്ചത്?. വിതരണം താറുമാറായത് എങ്ങനെയാണ്? അതെങ്ങനെയാണ് നമ്മളെ ഇരുട്ടിലാക്കിയത്?

Read More: Crypto Pollution | അന്തരീക്ഷത്തെ കരിപിടിപ്പിച്ച് ബിറ്റ്‌കോയിന്‍

ചില സത്യങ്ങള്‍ കൂടി മനസ്സിലാക്കാതെ രാജ്യം അനുഭവിക്കുന്ന ഊര്‍ജ പ്രതിസന്ധിയുടെ ആഴം അളക്കാനാകില്ല. പ്രധാനമായും ജാര്‍ഖണ്ഡും ഛത്തീസ്ഗഡും ഒഡിഷയും ഉള്‍പ്പെടുന്ന മേഖലയിലെ ഖനികളില്‍ നിന്നും കിട്ടുന്ന കല്‍ക്കരിയുടെ ബലത്തിലാണ് രാജ്യത്ത് വ്യവസായം തഴച്ചുവളര്‍ന്നത്. വീടുകളില്‍ വെളിച്ചമെത്തിയത്. ഇന്ത്യയിലാകമാനം റെയില്‍വേ ലൈനുകള്‍ വന്നത്. അടുത്ത കാലം വരെ തീവണ്ടി എന്‍ജിനുകള്‍ പ്രവര്‍ത്തിച്ചത്. അതുപോലെ തന്നെ കല്‍ക്കരി വ്യവസായം നിലനിന്നു പോകുന്നതും ഇന്ത്യന്‍ റെയില്‍വേയെ ആശ്രയിച്ചു തന്നെയാണ്. അതുകൊണ്ടാണ്, ഏപ്രിലില്‍ കല്‍ക്കരിക്ഷാമം അനുഭവിച്ചു തുടങ്ങിയതു മുതല്‍ ഇപ്പോഴും നൂറുകണക്കിന് യാത്രാതീവണ്ടികള്‍ റദ്ദാക്കി കല്‍ക്കരി കൊണ്ടുപോകുന്ന ചരക്ക് വണ്ടികള്‍ക്ക് അതിവേഗ പാതയൊരുക്കിക്കൊടുക്കുന്നത്. രാജ്യത്ത് തീവണ്ടി വ്യാപകമായി ഓടിത്തുടങ്ങിയ കാലം മുതല്‍ കല്‍ക്കരി കൊണ്ടുപോകലാണ് റെയില്‍വേയുടെ പ്രധാന ധനസമ്പാദന മാര്‍ഗമെന്നതു കൂടി ഇവിടെ ചേര്‍ത്തുവായിക്കണം.

രാജ്യത്തെ മൊത്തം കല്‍ക്കരി ഉത്പാദനത്തിന്റെ 80 ശതമാനവും നിയന്ത്രിക്കുന്നത് പൊതുമേഖലയിലെ മഹാരത്‌ന കമ്പനിയായ കോള്‍ ഇന്ത്യ ലിമിറ്റഡാണ് (ലോകത്തെ ഏറ്റവും വലിയ കല്‍ക്കരി ഉത്പാദകര്‍ കൂടിയാണ് അവര്‍). അവരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള താപ വൈദ്യുത നിലയങ്ങളിലെ കോള്‍ ഇന്‍വെന്ററികളിലേക്ക് കല്‍ക്കരി ലഭ്യമാക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നത്. അടുത്ത കാലത്തായി കോള്‍ ഇന്‍വെന്ററി മാനേജ്മെന്റില്‍ വരുത്തിയ മാറ്റങ്ങളാണ് പ്രതിസന്ധി രൂക്ഷമാക്കിയത് എന്നൊരു വാദമുണ്ട്. രാജ്യത്ത് കല്‍ക്കരിക്ഷാമമില്ല എന്ന് വാദിക്കുന്ന സര്‍ക്കാരും പറയുന്നത്, സ്റ്റോക്ക് ചെയ്യുന്നതിലെ ബുദ്ധിമുട്ടാണ് പ്രശ്നം വഷളാക്കിയത് എന്നാണ്. ഒക്ടോബറിലെ പ്രതിസന്ധി ഘട്ടത്തില്‍ സംസ്ഥാനങ്ങളും, മാനേജ്‌മെന്റും കോള്‍ ഇന്ത്യ ലിമിറ്റഡിന് കൊടുക്കാനുള്ള കുടിശ്ശിക നികത്താത്തതാണ് കല്‍ക്കരി നിക്ഷേപത്തെ ബാധിച്ചത് എന്ന് വ്യക്തമാക്കിയിരുന്നു. വാദം എന്തായാലും, പെട്ടെന്നുണ്ടായ ഒരു പ്രതിസന്ധി തരണം ചെയ്യാനുള്ള കല്‍ക്കരി സ്റ്റോക്ക് നമ്മുടെ വൈദ്യുതനിലയങ്ങളില്ല എന്നതില്‍ രണ്ടഭിപ്രായമില്ല. രാജ്യത്തിന്റെ ജീവനാഡിയായ ഊര്‍ജ വിതരണ ശൃംഖലയെ ഇത്ര ലാഘവത്തോടെ കൈകാര്യം ചെയ്തത് അത്ര പെട്ടെന്നൊന്നും പൊറുക്കാവുന്ന കാര്യവുമല്ല.

കാരണം

കോവിഡ് തരംഗദൈര്‍ഘ്യം കുറഞ്ഞതോടെ വ്യവസായ രംഗത്തും വിപണിയിലും രാജ്യത്താകമാനവുമുണ്ടായ ഉണര്‍വില്‍ സ്വാഭാവികമായും വൈദ്യുതി ഉപയോഗം കൂടിക്കൊണ്ടിരുന്നു. സ്ഥിതി പെട്ടെന്ന് വഷളാക്കിയത് പലയിടങ്ങളിലും അന്തരീക്ഷ താപനില 45 ഡിഗ്രി സെല്‍ഷ്യസും കടന്നുപോയതാണ്. മധ്യേന്ത്യയില്‍ പല സ്ഥലങ്ങളിലും രേഖപ്പെടുത്തിയത് 120 വര്‍ഷത്തെ ഏറ്റവും വലിയ ചൂടാണ്. ഉണര്‍ന്ന വിപണിയും കൊടും ചൂടും നമ്മുടെ ഊര്‍ജ ഉപയോഗത്തെ കുത്തനെ മേല്‍പ്പോട്ട് കൊണ്ടുപോയി. കഴിഞ്ഞ 40 വര്‍ഷത്തെ ഏറ്റവും വലിയ വൈദ്യുത ഉപയോഗമാണ് ഈ സമയത്ത് രാജ്യം കണ്ടത്.

നമ്മുടെ 173 താപവൈദ്യുത നിലയങ്ങളില്‍ 108 എണ്ണത്തിലും കല്‍ക്കരിശേഖരം അപകടകരമായ വിധം കുറവായിരുന്നു. രാജ്യത്തെ മൊത്തം കല്‍ക്കരി ശേഖരം 17 ശതമാനമായി കുത്തനെ ഇടിഞ്ഞു. ആറ് മാസം മുമ്പ് ഒക്ടോബറില്‍ നേരിട്ട കല്‍ക്കരിക്ഷാമത്തില്‍ നിന്ന് ചെറുതായൊന്ന് കരകയറി എന്ന തോന്നലുണ്ടായപ്പോഴാണ് ഉഷ്ണതരംഗം വില്ലനായത്. പ്രധാനമായും ഹരിയാന, പഞ്ചാബ്, ബിഹാര്‍, ജാര്‍ഖണ്ഡ്, രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് എന്നീ താപവൈദ്യുത നിലയങ്ങളെ വന്‍ തോതില്‍ ആശ്രയിക്കുന്ന സംസ്ഥാനങ്ങളാണ് വലിയ തോതില്‍ പവര്‍ക്കട്ട് നേരിട്ടത്. വ്യവസായശാലകളില്‍ രണ്ടു ദിവസത്തെ പവര്‍ ഹോളിഡേ പ്രഖ്യാപിക്കുന്നതുവരെയെത്തി കാര്യങ്ങള്‍. ഇടക്കിടെയുണ്ടാകുന്ന പവര്‍ക്കട്ടില്‍ വ്യവസായങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയാതെയായി. നിര്‍മാണശാലകളില്‍ ഉപയോഗശൂന്യമായ ഉല്‍പ്പന്നങ്ങള്‍ (DAMAGED) കുന്നുകൂടി. എന്തിന് ഫ്‌ളാറ്റുകളിലെ ലിഫ്റ്റില്‍ പോലും ആളുകള്‍ക്ക് ധൈര്യമായി കയറാന്‍ പറ്റാതായി.

കഴിഞ്ഞ ഒക്ടോബറില്‍ കല്‍ക്കരിക്ഷാമം വലിയ തലക്കെട്ടുകളായപ്പോള്‍ കല്‍ക്കരി മന്ത്രാലയം പുറത്തുവിട്ട രാജ്യത്തെ 135 പവര്‍ സ്റ്റേഷനുകളിലെ കണക്കനുസരിച്ച്, 115 ലും ഒരാഴ്ചത്തേക്ക് പ്രവര്‍ത്തിക്കാനുള്ള കല്‍ക്കരി മാത്രമേ ഉണ്ടായിരുന്നുള്ളൂ. 17 എണ്ണത്തില്‍ സ്റ്റോക്കില്ല. 26 എണ്ണത്തില്‍ ഒരു ദിവസം മാത്രം പ്രവര്‍ത്തിക്കാനുള്ള കല്‍ക്കരിയുണ്ട് എന്നായിരുന്നു കണക്ക്. കല്‍ക്കരി ഖനിമേഖലകളില്‍ സെപ്തംബറില്‍ അപ്രതീക്ഷിതമായുണ്ടായ മഴയാണ് പ്രതിസന്ധി വര്‍ധിപ്പിച്ചത് എന്നായിരുന്നു ഔദ്യോഗിക ഭാഷ്യം. ചുരുങ്ങിയത് രണ്ടാഴ്ച പ്രവര്‍ത്തിക്കാനുള്ള കല്‍ക്കരി നിക്ഷേപം ഉണ്ടായിരിക്കണമെന്ന നിര്‍ദേശം നിലനില്‍ക്കുമ്പോഴാണ്, ആ പരിധിപോലും നിലനിര്‍ത്താനാകാതെ താപവൈദ്യുത നിലയങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്.

ഫോട്ടോ: ഗെറ്റി ഇമേജസ്

ഒക്ടോബറിലെ മുന്നറിയിപ്പ് വേണ്ട ഗൗരവത്തില്‍ എടുത്തിരുന്നെങ്കില്‍ ഏപ്രിലില്‍ വീണ്ടുമൊരു ക്ഷാമം ഉണ്ടാകില്ലെന്ന് വാദിക്കുന്നവരുണ്ട്. മഴക്കാലം മുന്നില്‍ കണ്ട് കല്‍ക്കരി ഇന്‍വെന്ററികളില്‍ ഏപ്രിലിന് മുമ്പ് തന്നെ മുന്‍കരുതലുകള്‍ എടുക്കാറുണ്ട്. മെയ് മാസം കഴിഞ്ഞാല്‍ രാജ്യത്ത് മഴക്കാലം തുടങ്ങും. കഴിഞ്ഞ കുറച്ച് കാലമായി കാലാവസ്ഥ ഒരു നാട്ടുനടപ്പും പാലിക്കാറുമില്ല. ഈ സാഹചര്യത്തില്‍ ഏപ്രിലില്‍ വേണ്ടത്ര കല്‍ക്കരി സ്റ്റോക്ക് ചെയ്തിരുന്നില്ല.

അന്താരാഷ്ട്ര വിപണിയിലെ ചതി

നമ്മള്‍ ഇറക്കുമതിക്കായി സ്ഥിരമായി ആശ്രയിച്ചിരുന്ന രാജ്യങ്ങളില്‍ കല്‍ക്കരിയുടെ വില കൂടിയതായിരുന്നു മറ്റൊരു കാരണം. കോവിഡും ലോക്ഡൗണും പ്രതിസന്ധി സൃഷ്ടിച്ച വിപണിയില്‍ ഏറ്റവും വലിയ കല്‍ക്കരി ഉപയോക്താക്കളായ ചൈനയടക്കമുള്ള രാജ്യങ്ങള്‍ വലിയ ആവശ്യക്കാരായി. ഡിമാന്റ് കൂടുമ്പോള്‍ വിലയും കൂടുമെന്ന സിംപിള്‍ എക്കണോമിക്സിന്റെ ചുവടു പിടിച്ച് ആഗോള വിപണിയില്‍ കല്‍ക്കരി വില 2021 ആദ്യം മുതല്‍ തന്നെ കൂടിത്തുടങ്ങി. അതിന് പുറമേ യുക്രൈനിലെ റഷ്യന്‍ അധിനിവേശം കലുഷിതമാക്കിയ ആഗോള സമ്പദ് വ്യവസ്ഥ വിലക്കയറ്റത്തിന് വഴിമരുന്നായി. ഇന്ത്യ പ്രധാനമായും കല്‍ക്കരിക്ക് വേണ്ടി ആശ്രയിക്കുന്ന ഇന്‍ഡോനീഷ്യയില്‍ വില 60 ഡോളറില്‍ നിന്ന് 200 ഡോളര്‍ വരെയായി ഉയര്‍ന്നു. ഓസ്‌ട്രേലിയയിലും നിരക്ക് 50 ശതമാനമാണ് കൂടിയത്. അതുകൊണ്ടു തന്നെ ഓഗസ്റ്റ് സെപ്തംബറില്‍ 30 ശതമാനം കല്‍ക്കരി ഇറക്കുമതിയാണ് കുറഞ്ഞത്. ഒക്ടോബറിലെ പ്രതിസന്ധിക്ക് ഇതായിരുന്നു മറ്റൊരു പ്രധാന കാരണം.

ഫോട്ടോ: എ.പി

റെയിലുകളില്‍ തിരക്ക് കൂടുന്നു

ഏപ്രില്‍ മാസം സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായതോടെ കോള്‍ ഇന്ത്യ 27 ശതമാനം ഉദ്പാദനം വര്‍ധിപ്പിച്ചു. അതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കല്‍ക്കരി എത്തിക്കാനുള്ള ചരക്കുവണ്ടികളുടെ ആവശ്യവും വര്‍ദ്ധിച്ചു. സാധാരണ ഗതിയില്‍ ഒരു ദിവസം ശരാശരി 390 തീവണ്ടികളാണ് കല്‍ക്കരി നീക്കത്തിന് വേണ്ടി ഉപയോഗിക്കാറുള്ളതെങ്കില്‍ ഏപ്രില്‍ അവസാനം ഒരു ദിവസം 427 തീവണ്ടികളാണ് ഓടിയത്. 453 ട്രെയിനുകള്‍ ഈ സമയം ആവശ്യമായിരുന്നു എന്നാണ് കണക്ക്. അതായത് നിലവില്‍ ആവശ്യമുള്ളതിനേക്കാള്‍ 14 ശതമാനം കുറച്ച് ചരക്കു തീവണ്ടികള്‍ മാത്രമേ റെയില്‍വേയ്ക്ക് ലഭ്യമാക്കാന്‍ സാധിക്കുന്നുള്ളൂ. അടിയന്തര കല്‍ക്കരി നീക്കത്തിന് വേണ്ടി ഏപ്രില്‍ അവസാനം മുതല്‍ മെയ് അവസാനം വരെ റദ്ദാക്കിയത് 1800 ലേറെ യാത്രതീവണ്ടികളാണ്. ഖനികള്‍ നിര്‍ത്താതെ പ്രവര്‍ത്തിച്ചാലും രാജ്യത്തിന് വേണ്ട കല്‍ക്കരി എത്തിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത മറ നീക്കി പുറത്തുവന്ന സന്ദര്‍ഭം കൂടിയായിരുന്നു ഇത്.

പ്രതിസന്ധിയുടെ ആഴം അളക്കുമ്പോള്‍ നമ്മള്‍ വീണ്ടും ചെന്നെത്തുന്നത് താപവൈദ്യുത നിലയങ്ങളിലെ സ്റ്റോക്കില്‍ തന്നെയാണ്. കോവിഡ് കാലത്തിന് മുമ്പ് തന്നെ സ്റ്റോക്ക് കുറക്കല്‍ നടപടികള്‍ നിലയങ്ങള്‍ സ്വീകരിച്ചിരുന്നു. കേന്ദ്രം ഫോസില്‍ ഇന്ധനങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടെന്ന നിലപാട് സ്വീകരിച്ചു തുടങ്ങിയ കാലത്തായിരുന്നു അത്. ഈ കാലത്തു തന്നെയാണ് ഇന്‍വെന്ററി മാനേജ്‌മെന്റില്‍ മാറ്റങ്ങള്‍ വരുന്നതും. ചുരുങ്ങിയത് 28 ദിവസത്തേക്കെങ്കിലും പ്രവര്‍ത്തിക്കാനുള്ള കല്‍ക്കരി സൂക്ഷിക്കേണ്ട നിലയങ്ങള്‍, ദിവസങ്ങള്‍ മാത്രം ഉപയോഗിക്കാനുള്ള കല്‍ക്കരി ശേഖരിക്കാന്‍ തയ്യാറായതും സര്‍ക്കാര്‍ പോളിസി മാറ്റത്തിന്റെ കാലത്താണ്. 25 വര്‍ഷമെങ്കിലും പഴക്കമുള്ള, മലിനീകരണ തോത് ഉയര്‍ന്ന താപ വൈദ്യുത നിലയങ്ങള്‍ അടച്ചുപൂട്ടാനാണ് കേന്ദ്രം പദ്ധതി തയ്യാറാക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഗ്ലാസ്‌ഗോ ഉച്ചകോടിയില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചത് 2030 ഓടെ ഊര്‍ജോത്പാദനം 50 ശതമാനം പ്രകൃതി സൗഹൃദ സ്രോതസ്സുകളില്‍ നിന്നായിരിക്കുമെന്നും 2070 ഓടെ കാര്‍ബന്‍ എമിഷന്‍ മുഴുവനായും ഇല്ലായ്മ ചെയ്യുമെന്നുമാണ്.

138 കോടി ഇന്ത്യക്കാര്‍ ഒരു വര്‍ഷം ഉപയോഗിച്ചു തീര്‍ക്കുന്നത് ഏതാണ്ട് 13. 83 മില്യണ്‍ ജിഗാവാട്ട് വൈദ്യുതിയാണ്. ലോക്ഡൗണിന് ശേഷം വൈദ്യുതി ഉപയോഗം വര്‍ദ്ധിച്ചു വരുമ്പോള്‍ മാത്രം ഇന്‍വെന്ററികളിലെ കല്‍ക്കരി സംഭരണം വര്‍ദ്ധിപ്പിക്കാമെന്ന കണക്കുകൂട്ടല്‍ തകിടം മറിച്ചത് ഒരു പെരുമഴക്കാലവും ഒരു കൊടും ചൂടുകാലവുമാണ്. ഇതുപോലൊരു പ്രതിസന്ധി താപനിലയ മാനേജ്‌മെന്റുകള്‍ക്ക് മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല, കോള്‍ ഇന്ത്യ ലിമിറ്റഡും, ആ സ്ഥാപനത്തെ ഭരിക്കുന്ന സര്‍ക്കാരും ആ പ്രതിസന്ധി നേരിടുന്നതില്‍ പരാജയപ്പെടുകയും ചെയ്തു. ഇന്‍വെന്ററികള്‍ നിറയ്ക്കാന്‍ കല്‍ക്കരി നിറച്ച തീവണ്ടികള്‍ തലങ്ങും വിലങ്ങും ഓടുന്നുണ്ടെങ്കിലും, ആവശ്യത്തിനുള്ള ചരക്കു തീവണ്ടി റാക്കുകള്‍ ലഭ്യമല്ലാത്തത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. വിദേശത്തു നിന്നും വന്‍ വില കൊടുത്ത് കല്‍ക്കരി വാങ്ങുന്നതും പ്രായോഗികമല്ലെന്ന നിഗമനത്തിലാണ് മാനേജുമെന്റുകള്‍. നിലവില്‍ പ്രതിസന്ധിയുടെ ഭീതിയൊഴിഞ്ഞിട്ടില്ലെന്നു മാത്രമല്ല, പ്രകൃതി വീണ്ടും രൗദ്രഭാവം പൂണ്ടാല്‍, ഖനികള്‍ ധാരാളമുള്ള വടക്കന്‍ സംസ്ഥാനങ്ങളില്‍ പെരുമഴ പെയ്താല്‍ രാജ്യം നേരിടാന്‍ പോകുന്നത് കനത്ത പ്രതിസന്ധി തന്നെയാകും എന്നാണ് വിലയിരുത്തല്‍.

Content Highlights: Power crisis in India Coal Crisis heatwave spark coal shortage

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

Most Commented