രാഷ്ട്രീയം മണ്ണും മനുഷ്യരും, ജീവിതവുമായി ബന്ധപ്പെട്ട വിഷയമാണ് കടുപ്പമേറിയതുമാണ്


അനൂപ്ദാസ്, ചെന്നൈ

ഫോട്ടോ: എ.എഫ്.പി

രാഷ്ട്രീയമെന്നത് ജനാധിപത്യ സമൂഹത്തില്‍ ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന, ജീവജാലങ്ങളുടെ നിലനില്‍പ്പുമായി നേരിട്ട് ബന്ധപ്പെടുന്ന വിഷയമാണ്. ചില സിനിമകള്‍ കാഴ്ചക്കാരന്റെ മനസ്സില്‍ ബോധപൂര്‍വ്വം നിക്ഷേപിച്ച് പോയ അഴിമതിക്കോലങ്ങളോ ഹാസ്യ കഥാപാത്രങ്ങളോ അല്ല മഹാ ഭൂരിപക്ഷം വരുന്ന രാഷ്ട്രീയ പ്രവര്‍ത്തകരും. ജനതയുടെ നന്‍മ ഉദ്ദേശിച്ച് തന്നെയാണ് ഏറെപ്പേരും രാഷ്ട്രീയപ്രവര്‍ത്തകരാകുന്നത്. എല്ലാ മേഖലകളിലും പോലെ രാഷ്ട്രീയത്തിലും പുഴുക്കുത്തുകളുണ്ടാകുകയും പലയിടത്തും പെറ്റുപെരുകുകയും ചെയ്യും. തിരുത്താത്തവ മണ്‍ മറയുന്നു, തിരുത്തുന്നവര്‍ മുന്നേറുന്നു. ഇത് മനസ്സിലാക്കി രാഷ്ട്രീയത്തെ സമീപിക്കുക എന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്.

ഇന്ത്യകണ്ട ഏറ്റവും മികച്ച അഭിനേതാക്കളുടെ പട്ടികയില്‍ എക്കാലവുമുണ്ടാകും രജനികാന്ത്. പക്ഷേ രാഷ്ട്രീയത്തെ നിരീക്ഷിക്കുന്നതിലും വിലയിരുത്തുന്നതിലും അദ്ദേഹത്തിന് പോരായ്മ പറ്റി എന്നു വേണമോ നമ്മള്‍ ചര്‍ച്ച ചെയ്യാന്‍ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. ''രാഷ്ട്രീയം വലിയ കളിയാണ്. അത് വളരെ അപകടകരവുമാണ്. ഞാന്‍ ശ്രദ്ധയോടെയേ കളിക്കുകയുള്ളു. സാഹചര്യവും സമയവും അതിപ്രധാനവുമാണ്.'' 2019 ജനുവരി മാസത്തില്‍ ഒരു അഭിമുഖത്തില്‍ രജനികാന്ത് പറഞ്ഞ വാക്കുകളാണിത്. ഈ പ്രസ്താവന നടത്തി രണ്ട് വര്‍ഷം പിന്നിട്ടു. ഇതിനും മുമ്പ് 2017 ഡിസംബര്‍ 31നാണ് അദ്ദേഹം രാഷ്ട്രീയപ്രവേശം പ്രഖ്യാപിച്ചത്. ആത്മീയ രാഷ്ട്രീയമാണ് തന്റേത് എന്നും അദ്ദേഹം പറഞ്ഞു. ഒരുമാസം മുന്‍പ് പാര്‍ട്ടി ഉടന്‍ പ്രഖ്യാപിക്കുമെന്ന് അറിയിക്കുകയും ചെയ്തു. പക്ഷേ അവസാന നിമിഷം ആന്റി ക്ലൈമാക്സ്. രാഷ്ട്രീയം വലിയ കളിയാണ് എന്ന് കഴിഞ്ഞ ഒരു മാസത്തിനിടെ രജനി അക്ഷരാത്ഥത്തില്‍ മനസ്സിലാക്കിക്കാണണം.

ആരോഗ്യപ്രശ്നങ്ങള്‍ വിവരിച്ച് മൂന്ന് പേജുള്ള വികാര നിര്‍ഭരമായ കത്ത് ആരാധകര്‍ക്കായി എഴുതി ട്വീറ്റ് ചെയ്താണ് രജനി പാര്‍ട്ടി രൂപീകരണത്തില്‍ നിന്ന് പിന്നോട്ട് പോകുന്നുവെന്ന് അറിയിച്ചത്. ഡിസംബര്‍ 31 ന് പാര്‍ട്ടി പ്രഖ്യാപനത്തിന് കാത്ത് നില്‍ക്കവെയാണ് താരത്തിന്റെ പിന്നാക്കം പോക്ക് എന്നത് ആരാധകരെ കടുത്ത നിരാശയിലുമാക്കി. കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി, രജനികാന്ത് രാഷ്ട്രീയപ്പാര്‍ട്ടി പ്രഖ്യാപിക്കുന്നത് കാത്തിരിക്കുന്ന നിരവധി പേരുണ്ട്. അത് രജനിയോട് സ്നേഹമുള്ളവര്‍ മാത്രമല്ല എന്നത് കൂടിയാണ് താരത്തിന്റെ ഇപ്പോഴത്തെ പിന്നോട്ട് പോക്കിന് കാരണം. തൊണ്ണൂറുകളില്‍ സിനിമയില്‍ രജനി കത്തി നിന്ന സമയത്ത് അദ്ദേഹം പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് വലിയ പ്രചാരണം നടന്നിരുന്നു. ജയലളിതയുടെ ഭരണത്തിനെതിരെ എതിര്‍പ്പ് തുറന്ന് പ്രകടിപ്പിച്ച രജനി ഡിഎംകെ സഖ്യത്തിന് പരസ്യ പിന്തുണ പ്രഖ്യാപിക്കുന്നത് വരെ അന്ന് തമിഴ്നാട് കണ്ടു. ജയലളിത വീണ്ടും അധികാരത്തില്‍ വന്നാല്‍ ദൈവത്തിന് പോലും തമിഴ്നാടിനെ രക്ഷിക്കാന്‍ കഴിയില്ല എന്ന് അന്ന് രജനി പറഞ്ഞു. വലിയ വിജയമാണ് ഡിഎംകെ സഖ്യം ആ തിരഞ്ഞെടുപ്പില്‍ നേടിയത്. അത് രജനിയുടെ പ്രസ്താവനകൊണ്ടാണോ ജയലളിതയുടെ ഭരണത്തിനെതിരായ ജനവികാരം ആളിക്കത്തിയതിനാലാണോ എന്നെല്ലാമുള്ള തര്‍ക്കമുണ്ട്. അതവിടെ നില്‍ക്കട്ടെ. അതിന് ശേഷം പിന്നീട് രജനി 2004ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 96ന് സമാനമായ പ്രസ്താവന നടത്തി. ബിജെപിയെ പിന്തുണച്ച് സംസാരിച്ച താരം എന്‍ഡിഎ മുന്നണിയെ വിജയിപ്പിക്കണം എന്ന് വരെ ആഹ്വാനം ചെയ്തു. പക്ഷേ സംസ്ഥാനത്തെ മുഴുവന്‍ സീറ്റും ഡിഎംകെയുടെ നേതൃത്വത്തില്‍ യുപിഎ സഖ്യം തൂത്തുവാരി.

Rajnikanth

തൊണ്ണൂറുകളില്‍ തിളങ്ങി നിന്ന രജനിയല്ല 2020 ലെ രജനി എന്ന് ഉള്‍ക്കൊള്ളാന്‍ തയ്യാറാവുക എന്നതാണ് ഒന്നാമത്തെ കാര്യം. രണ്ടാമത്തേത് തമിഴ്നാടിന്റെ രാഷ്ട്രീയമാണ്. പൊതുവെ വിലയിരുത്തപ്പെട്ടതുപോലെ സിനിമാക്കാരെ എല്ലാ കാലത്തും ഇരു കയ്യും നീട്ടി സ്വീകരിച്ച ചരിത്രമല്ല തമിഴ്നാടിന്റേത്. അത് കൂടി മനസ്സിലാക്കിയും കൃത്യമായി ഉള്‍ക്കെണ്ടുമാണ് രജനിയുടെ പിന്‍വാങ്ങല്‍. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ രജനിയ്ക്കായി സ്വകാര്യ ഏജന്‍സികള്‍ തമിഴ്നാട്ടില്‍ സര്‍വ്വേ നടത്തിയിരുന്നു. അഞ്ച് ശതമാനത്തിനും പത്ത് ശതമാനത്തിനും ഇടയില്‍ വോട്ട് രജനിയ്ക്ക് ലഭിക്കും എന്നാണ് ആ സര്‍വ്വേകളെല്ലാം വിലയിരുത്തിയത്. തമിഴ് ജനതയുടെ മനസ്സില്‍ കക്ഷിരാഷ്ട്രീയ ഭേദമന്യേ സ്ഥാനമുള്ള രജനി പത്ത് ശതമാനത്തിനുള്ളില്‍ മാത്രം വോട്ട് നേടിയിട്ട് താരത്തിനും, അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിനും പ്രത്യേകിച്ച് നേട്ടമൊന്നും ഉണ്ടാകില്ല. മത്സരിക്കുന്ന മണ്ഡലത്തില്‍ രജനി ജയിക്കുമായിരിക്കും. അതിനപ്പുറത്തേക്ക് എംഎല്‍എമാരെപ്പോലും വിജയിപ്പിച്ചെടുക്കാന്‍ കഴിയാതെ വന്നാല്‍ ഇത്രയും കാലം ഉണ്ടാക്കിയെടുത്ത നല്ല പേര് പോലും നഷ്ടപ്പെടുമെന്ന് ഭയം രജനിയ്ക്ക് ഉണ്ടായിരുന്നു.

എന്നാല്‍ രജനി നേടുന്ന ഓരോ വോട്ടും ബിജെപിയെ സന്തോഷിപ്പിക്കുമായിരുന്നു. സമത്വത്തില്‍ അധിഷ്ടിതമായ ആശയാടിത്തറയുള്ള ഡിഎംകെയും അണ്ണാഡിഎംകെയും ഇക്കാലത്തിനിടയ്ക്ക് വലിയ സ്വാധീനമുണ്ടാക്കിയിട്ടുണ്ട് തമിഴരുടെ ഹൃദയത്തില്‍. പെറിയാറിനെ കേന്ദ്രീകരിച്ചുള്ള ആ ആശയാടിത്തറ തകര്‍ത്തെറിഞ്ഞാല്‍ മാത്രമേ തമിഴ്നാട്ടില്‍ വലിയ രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ കഴിയൂ എന്ന് ബിജെപി വിലയിരുത്തിയിരുന്നു. ആ വിലയിരുത്തലിന്റെ ഉല്‍പ്പന്നമായിരുന്നു രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശം എന്ന അധ്യായം. അതിന് ചുമതലപ്പെട്ടയാള്‍ തുഗ്ലക്കിന്റെ ഇപ്പോഴത്തെ പത്രാധിപരും ആര്‍എസ്എസിന്റെ സൈദ്ധാദ്ധികനുമായ എസ് ഗുരുമൂര്‍ത്തിയാണ്. കടുത്ത സമ്മര്‍ദ്ദമാണ് രാഷ്ട്രീയ പ്രവേശനത്തിനായി ഗുരുമൂര്‍ത്തി ഇക്കാലയളവില്‍ രജനിക്ക് മേല്‍ ചെലുത്തിയത്. പക്ഷേ ശക്തമായ ബിജെപി വിരുദ്ധ വികാരം നിലനില്‍ക്കുന്ന തമിഴ്നാട്ടില്‍ ഗുരുമൂര്‍ത്തിയുമായുള്ള രജനിയുടെ ബന്ധം കുറേയേറെ ജനങ്ങള്‍ സംശയ ദൃഷ്ടിയോടെ കണ്ടുവെന്നത് ഒരു കാര്യമാണ്. പാര്‍ട്ടി പ്രഖ്യാപനത്തിലേക്ക് രജനി കടന്നപ്പോള്‍ പാര്‍ട്ടിയുടെ പ്രധാന ചുമതലകളിലേക്ക് ആര്‍എസ്എസ് സഹയാത്രികനും ബിജെപിയുടെ ബൗദ്ധികസെല്‍ തലവനുമായ അര്‍ജുന്‍ രാമ മൂര്‍ത്തിയേയും ബിജെപിയുമായി ബന്ധമുള്ള തമിഴരുവി മണിയനേയും നിയോഗിച്ചതും തിരിച്ചടിയായി. രജനി എന്ത് പറഞ്ഞാലും എതിര്‍പ്പുയര്‍ത്താത്ത രജനി മക്കള്‍ മന്‍ഡ്രത്തില്‍ നിന്ന് പോലും എതിരഭിപ്രായം ഉയര്‍ന്നു. ബിജെപിയുടെ തന്ത്രത്തിന്റെ ഭാഗമായാണ് രജനി രാഷ്ട്രീയത്തിലേക്കിറങ്ങുന്നത് എന്ന് വ്യാപകമായി പ്രചരിപ്പിക്കാന്‍ എതിര്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ കൊണ്ട് പിടിച്ച് ശ്രമം നടത്തുകയും ചെയ്തു. ചെറിയ എതിര്‍പ്പുകളെപ്പോലും വലിയ ബുദ്ധിമുട്ടോടെ നേരിടുന്ന രജനിക്ക് തുടക്കം തന്നെ പിഴയ്ക്കുകയായിരുന്നു.

ഇതിനിടയിലാണ് അണ്ണാത്ത സിനിമയുടെ ഷൂട്ടിങ്ങിനായി രജനി ഹൈദരാബാദിലെത്തിയത്. 120 പേരാണ് സെറ്റില്‍ സ്ഥിരമായി ഉണ്ടായിരുന്നത്. കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് റാമോജി ഫിലിംസിറ്റിയില്‍ ഷൂട്ട് നടന്നത്. താരങ്ങള്‍ക്ക് താമസിക്കാന്‍ ഹോട്ടലുകള്‍ മൊത്തമായി വാടകയ്ക്കെടുക്കുകയും രജനിക്കായി പ്രത്യേകം ഡോക്ടറെ നിയോഗിക്കുകയും ചെയ്തു ചിത്രത്തിന്റെ നിര്‍മ്മാതാവായ കലാനിധിമാരന്‍. പക്ഷേ ആദ്യം സെറ്റിലെ എട്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രജനി ഉള്‍പ്പെടെ നിരീക്ഷണത്തിലായി. പിന്നീട് താരത്തിന് രക്ത സമ്മര്‍ദ്ദം കൂടി. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് ദിവസത്തിന് ശേഷം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്യുമ്പോള്‍ ഡോക്ടര്‍മാര്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ രജനിയുടെ പിന്നീടുള്ള തീരുമാനത്തില്‍ സുപ്രധാനമായി.

- ഒരാഴ്ചത്തെ സമ്പൂര്‍ണ വിശ്രമം.
- സമ്മര്‍ദ്ദമുണ്ടാക്കുന്ന കാര്യങ്ങളില്‍ നിന്ന് മാറി നില്‍ക്കണം.
- കായികാധ്വാനമുള്ളതൊന്നും ചെയ്യരുത്.
- കോവിഡ് പകരാനിടയുള്ള ഒരു സാഹചര്യം ഇടപെടരുത്.

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ ആള്‍ എന്ന നിലയില്‍ കൂടിയാണ് ഡോക്ടര്‍മാര്‍ രജനികാന്തിനോട് ഇക്കാര്യങ്ങള്‍ നിര്‍ദ്ദേശിച്ചത്. ദൈവം തനിക്ക് തന്ന അവസാനത്തെ മുന്നറിയിപ്പാണ് ഈ ആശുപത്രിവാസം എന്ന് കൂടി എഴുതിവെച്ച കത്തിലൂടെ രജനി രാഷ്ട്രീയ മോഹം ഉപേക്ഷിച്ചതായി പ്രഖ്യാപിച്ചു. 25 വര്‍ഷം നീണ്ട ഊഹാപോഹങ്ങള്‍ക്കാണ് ഇതോടെ അവസാനമാകുന്നത്. രജനിയുടെ വലംകൈയായി നിന്ന തമിഴരുവി മണിയന്‍ ഇനി താന്‍ മരണം വരെ രാഷ്ട്രീയത്തിലേക്കില്ല എന്ന് പ്രഖ്യാപിച്ചു. രജനിയും നരേന്ദ്ര മോദിയും തന്റെ കണ്ണുകളാണ് എന്ന് പ്രഖ്യാപിച്ച അര്‍ജുന്‍ രാമ മൂര്‍ത്തി രജനിയുടെ കൂടെത്തന്നെയുണ്ടാകും എന്ന് അറിയിച്ചു. ആരാധകരില്‍ വലിയൊരു വിഭാഗം കടുത്ത നിരാശയിലാണ്. കുറച്ചധികം ആരാധകര്‍ താരത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുകയും ചെയ്തു.

സിനിമയും തമിഴ്നാട് രാഷ്ട്രീയവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ശരിയായ വിലയിരുത്തലുകള്‍ക്ക് ഇനിയെങ്കിലും തമിഴ്നാടിന് പുറത്തുള്ളവര്‍ തയ്യാറാകേണ്ടതുണ്ട്. സ്വാതന്ത്ര്യാനന്തര കാലം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കുത്തകയായിരുന്നു തമിഴ്നാട്. കെ കാമരാജ് മദ്രാസ് സംസ്ഥാനത്തിന്റെ അനിഷേധ്യ നേതാവുമായി. ആ കാലത്ത് സാമൂഹ്യ നീതിയും സമത്വവും എല്ലാം പറഞ്ഞ് പെരിയാര്‍ ഇ വി രാമസ്വാമി നായ്ക്കര്‍ തമിഴ് ജനതയെ മറ്റൊരു ആശയധാരയിലേക്ക് നയിച്ചുകൊണ്ടിരുന്നു. നിരീശ്വരവാദിയായിരുന്നു പെരിയാര്‍. നിരീശ്വരവാദവും സമത്വവും ഉയര്‍ത്തിപ്പിടിച്ച് തന്നെ പെരിയാറിന്റെ ദ്രാവിഡ കഴകം തമിഴര്‍ക്ക് പുതിയ വഴി വെട്ടിക്കൊടുത്തു. ബ്രാഹ്മണാധിപത്യത്തിനെതിരായിരുന്നു പെരിയാര്‍.

Rajnikanth

നീതിക്ക് വേണ്ടിയുള്ള ഒരു സംഘടനയായി ദ്രാവിഡ കഴകത്തെ മുന്നോട്ട് നയിക്കുക എന്നതായിരുന്നു പെരിയാറിന്റെ താല്‍പര്യം. എന്നാല്‍ അനുയായികളായ അണ്ണാ ദുരെയും കരുണാനിധിയും നെടുഞ്ചേഴിയനും എല്ലാം ചേര്‍ന്ന് ദ്രാവിഡ മുന്നേറ്റ കഴകം രൂപീകരിച്ചു. ആശയം സമത്വം തന്നെ. പക്ഷേ രാഷ്ട്രീയപ്പാര്‍ട്ടിയാകുന്നു എന്നതാണ് ദ്രാവിഡ കഴകത്തില്‍ നിന്നുള്ള മാറ്റം. ആ ദ്രാവിഡ കഴകം വളര്‍ന്നു, പടര്‍ന്നു. പിന്നീട് പിളര്‍ന്നു. ആ പിളര്‍പ്പില്‍ അണ്ണാ ഡിഎംകെയുണ്ടായി. കാമരാജിന് ശേഷം തമിഴ്നാട്ടിലെ മുഖ്യമന്ത്രിമാരെല്ലാം ഡിഎംകെക്കാരോ അല്ലെങ്കില്‍ അണ്ണാ ഡിഎംകെക്കാരോ ആയിരുന്നു. ജാതിയില്‍ ഉറച്ചുപോയ സമൂഹത്തെ അല്‍പ്പം പോലും മുന്നോട്ടു നടത്താനുള്ള ശ്രമം രണ്ട് ദ്രാവിഡപ്പാര്‍ട്ടികളില്‍ നിന്നും ഉണ്ടായില്ല. തേവരുടേയും നാടാരുടയും ഗൗണ്ടറുടേയും വോട്ടുകള്‍ നോക്കി നിലപാടുകള്‍ വന്നു, നടപടികള്‍ വന്നു. ജാതി സാമൂഹ്യ അസമത്വം എന്ന പെരിയാറിന്റെ നോട്ടത്തില്‍ നിന്ന് ജാതി, വോട്ടായി മാറി ഡിഎംകെയ്ക്കും അണ്ണാ ഡിഎംകെയ്ക്കും. എങ്കിലും കുറേയേറെ മൂല്യങ്ങളെ ചേര്‍ത്ത് പിടിച്ച് തമിഴകത്ത് ദ്രാവിഡ രാഷ്ട്രീയത്തെ ഉറപ്പിച്ചു ഈ രണ്ട് പാര്‍ട്ടികളും.

ഈ മുന്നോട്ടു പോക്കിനിടയില്‍ കുറേയധികം സിനിമാക്കാര്‍ തമിഴ്നാടിന്റെ രാഷ്ടീയത്തെ തൊട്ടു. ആദ്യത്തെയാള്‍ കരുണാനിധിയാണ്. നാടകത്തിന് അനേകം തിരക്കഥകളെഴുതിയ കരുണാനിധി സിനിമകള്‍ക്കും തിരക്കഥയെഴുതി. പെരിയാറും അണ്ണാദുരൈയും കരുണാനിധിയും എല്ലാം ചേര്‍ന്ന് തമിഴ്ഭാഷയേയും സംസ്‌കാരത്തേയും ഉയര്‍ത്തിപ്പിടിച്ചതായിരുന്നു ആ കാലം. കലയും സാഹിത്യവും രാഷ്ടീയത്തിനും ജനങ്ങള്‍ക്കും വേണ്ടിയുള്ള പ്രധാന ആയുധങ്ങളായിരുന്നു. സിനിമ കല എന്നതിനപ്പുറം ശക്തമായ രാഷ്ട്രീയ ആയുധമായി വളരുകയായിരുന്നു തമിഴകത്ത്. രാഷ്ട്രീയത്തില്‍ സജീവമായപ്പോഴും കരുണാനിധി സിനിമയില്‍ നിറഞ്ഞു നിന്നു. സിനിമയില്‍ അഭിനയിക്കാത്ത സൂപ്പര്‍ സ്റ്റാര്‍. അയാള്‍ പിന്നീട് ഡിഎംകെ അധ്യക്ഷനും പല തവണ മുഖ്യമന്ത്രിയുമായി. തമിഴരുടെ കലൈഞ്ജറായി. തമിഴ് ജനതയുടെ സ്വപ്നങ്ങളിലെ രാജകുമാരനായി എം.ജി.ആര്‍ വളര്‍ന്നത് സിനിമയിലൂടെതന്നെ .'രാജകുമാരി'യിലും 'മലെക്കള്ള'നിലൂടെയുമൊക്കെ കലൈഞ്ജര്‍ എം.ജി.ആറിന് തീതുപ്പുന്ന വാക്കുകള്‍ നല്‍കി. അവിടെയും സിനിമ രാഷ്ട്രീയം സംസാരിച്ചു. അധികാര വര്‍ഗം ചോദ്യം ചെയ്യപ്പെട്ടു. എംജിആര്‍ തമിഴകത്തെ പ്രിയ നേതാവായി. മുഖ്യമന്ത്രിയായി. ഡിഎംകെ ട്രഷററും എംഎല്‍എയും ഒക്കെ ആയി വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ച ശേഷമാണ് എംജിആര്‍ സ്വന്തമായി രാഷ്ട്രീയപ്പാര്‍ട്ടി പ്രഖ്യാപിച്ചതും മുഖ്യമന്ത്രിയായതും.

ഇതെല്ലാം എണ്‍പതുകള്‍ക്ക് മുന്‍പായിരുന്നു. അതിനുശേഷവും സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് വന്നത് നിരവധി പേരാണ്. ജാനകി രാമചന്ദ്രന്‍, ജെ.ജയലളിത, ശിവാജി ഗണേശന്‍, നെപ്പോളിയന്‍, ഭാഗ്യരാജ്, കാര്‍ത്തിക്, ടി രാജേന്ദ്രന്‍, വിജയ്കാന്ത്, ശരത് കുമാര്‍, ഖുഷ്ബു, കര്‍ണാസ്, കമല്‍ഹാസന്‍ എന്നിങ്ങനെ നീളുന്നു ആ പട്ടിക. ജയലളിതയും ജാനകി രാമചന്ദ്രനും മുഖ്യമന്ത്രിമാരായി. പക്ഷേ അതിന് വലിയൊരു പ്രസ്ഥാനത്തിന്റെ പിന്തുണയുണ്ടായിരുന്നു. അതില്ലാതെ വന്നവരില്‍ വിജയ്കാന്ത് ആളിക്കത്തി. പിന്നീട് കെട്ടടങ്ങി. മറ്റുള്ളവരുടെ അനുഭവം ഒക്കെ മാറ്റി നിര്‍ത്തിയാലും കമല്‍ഹാസന്റെ അനുഭവം രജനി നേരിട്ട് കണ്ടു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 3.75 ശതമാനം വോട്ടാണ് കമലിന്റെ മക്കള്‍ നീതി മയ്യത്തിന് നേടാനായത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ അല്‍പ്പം കൂടി വോട്ടും കുറച്ച് സീറ്റുകളും കമല്‍ പ്രതീക്ഷിക്കുന്നുണ്ട്. എന്തായാലും മുകളില്‍ പറഞ്ഞതാണ് തമിഴ്നാട്ടിലെ സിനിമയും രാഷ്ട്രീയവുമായി ഉള്ള പ്രത്യക്ഷ ബന്ധം.

കഴിഞ്ഞ മൂന്ന് വര്‍ഷം ഏറ്റവും വലിയ ജനകീയ പ്രശ്നങ്ങളെക്കാള്‍ തമിഴ്നാട്ടിലെ മാധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷകരും ചര്‍ച്ച ചെയ്തത് രജനികാന്ത് രാഷ്ട്രീയത്തില്‍ വരുമോ വന്നാല്‍ ആര്‍ക്കൊപ്പം നില്‍ക്കും, ബിജെപിയുടെ പങ്കെന്താണ് തുടങ്ങിയ കാര്യങ്ങളാണ്. ഇനി ചെയ്യേണ്ട കാര്യം 70 വയസ്സ് പ്രായമുള്ള പ്രിയപ്പെട്ട നടനെ എല്ലാവരും വെറുതെ വിടുക എന്നുള്ളതാണ്. അദ്ദേഹം നല്ല സിനിമകളിലൂടെ നമ്മുടെ ജീവിതത്തിന് നിറമുള്ള കുറേ നിമിഷങ്ങള്‍ സമ്മാനിക്കട്ടെ. അനേകം ജനകീയ വിഷയങ്ങളും ദരിദ്രരുടേയും വികസന പദ്ധതികള്‍ക്കായി വീട് നഷ്ടപ്പെടുന്നവരുടേയും നൊമ്പരങ്ങള്‍ ഉള്ള, ചുഴലിക്കാറ്റുകള്‍ ജീവിതം തകര്‍ത്തെറിഞ്ഞവരുടെ ജീവിത ദു:ഖമുള്ള, കൃഷിയിടത്തില്‍ വെള്ളമില്ലാതെ ബുദ്ധിമുട്ടുന്ന കര്‍ഷകരുള്ള, കൊടിയ ജാതി വിവേചനമുള്ള അങ്ങനെ അനേകം അനേകം പ്രശ്മുള്ള തമിഴ്നാട്ടില്‍ വരുന്ന ഏപ്രിലില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുകയാണ്. ഈ വിഷയങ്ങളിലേക്കും അതിന്റെ പരിഹാര നിര്‍ദ്ദേശങ്ങളിലേക്കും ദ്രാവിഡ രാഷ്ട്രീയത്തിന്റെ ഉള്ളറകളിലേക്കും ഇനി ചര്‍ച്ചകള്‍ നീക്കാം. രജനി ആരെ പിന്തുണയ്ക്കുന്നു എന്നതിന് ഇനി പ്രസക്തിയില്ല. ആരെ പിന്തുണച്ചാലും ഇപ്പോഴത്തെ രാഷ്ട്രീയ സ്ഥിതിയില്‍ അത് തമിഴകത്ത് കാര്യമായ ഒരു ചലനവും ഉണ്ടാക്കില്ല എന്നാണ് വിലയിരുത്താനാകുക. ആ അധ്യായം അവസാനിച്ചു. രാഷ്ട്രീയമെന്നത് നമ്മുടെയെല്ലാം ജീവിതവുമായി നേരിട്ട് ബന്ധപ്പെട്ട വിഷയമാണ്. അത് ഗൗരവപ്പെട്ട വിഷയമാണ്. കാരണം, അത് കൈകാര്യം ചെയ്യുന്നത് ജീവിതമാണ് എന്നത് കൊണ്ട് തന്നെ.

Content Highlights: Rajinikanth’s political exit before entry

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


hyderabad encounter

1 min

ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍- സുപ്രീം കോടതി സമിതി

May 20, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022

More from this section
Most Commented