'അയോഗ്യത' യോഗ്യതയാകുന്നു; മുതലെടുക്കാന്‍ കോണ്‍ഗ്രസ്; ഇതുവരെ സാധിക്കാത്തത് സാധ്യമാകുമോ..


അജ്മല്‍ മൂന്നിയൂര്‍

4 min read
Read later
Print
Share

രാഹുൽ ഗാന്ധി |ഫോട്ടോ:PTI

രാഹുല്‍ ഗാന്ധിക്കെതിരായ സൂറത്ത് കോടതിവിധിയും മിന്നല്‍വേഗത്തില്‍ ലോക്‌സഭാംഗത്വത്തില്‍നിന്ന് അയോഗ്യനാക്കിയ നടപടിയും പ്രത്യക്ഷത്തില്‍ തിരിച്ചടിയാണെന്ന് തോന്നുമെങ്കിലും അദ്ദേഹത്തിനും കോണ്‍ഗ്രസിനും അത് മറ്റൊരുതരത്തില്‍ നേട്ടമായി മാറുന്നോ. മോദി സര്‍ക്കാര്‍ അധികാരത്തിലേറിയിട്ട് ഒമ്പത് വര്‍ഷം പിന്നിട്ടിട്ടും സാധ്യമാകാത്ത ഒരു വിശാല പ്രതിപക്ഷ ഐക്യത്തിന്റെ ശബ്ദമായി ആ പ്രതിഷേധ മുറവിളി മാറുകയാണ്. രാഹുലിനെതിരായ നടപടിക്ക് പിന്നാലെ വിവിധ രാഷ്ട്രീയ കോണുകളില്‍ നിന്നുയര്‍ന്ന പ്രതികരണങ്ങള്‍ കോണ്‍ഗ്രസ് ശുഭപ്രതീക്ഷയോടെയാണ് കാണുന്നത്. സ്വന്തം നിലക്കുള്ള പ്രതിഷേധങ്ങള്‍ക്ക് പുറമെ ഇതിനോട് ഐക്യപ്പെടുന്ന എല്ലാവര്‍ക്കുമൊപ്പം വേദി പങ്കിട്ട് ഒരു ചിട്ടയായ പ്രതിപക്ഷ ഐക്യം രൂപീകരിക്കുന്നതിനാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന കോണ്‍ഗ്രസ് സ്ട്രാറ്റജി യോഗം തീരുമാനമെടുത്തത്.

അദാനി വിഷയം ചൂണ്ടിക്കാട്ടിയതിന് തന്നെ പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്ന് രാഹുല്‍ ലണ്ടനില്‍ നടത്തിയ പ്രസ്താവനകള്‍ ബിജെപിയെ തെല്ലൊന്നുമല്ല ചൊടിപ്പിച്ചിരുന്നത്. ലണ്ടന്‍ പ്രസ്താവനകളുടെ പേരില്‍ രാഹുലിനെ ലോക്‌സഭയില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് ബിജെപി നീക്കങ്ങള്‍ നടത്തിവരുന്നതിനിടെയാണ് സൂറത്ത് കോടതിയില്‍ നിന്നുള്ള വിധി വന്നത് എന്നത് ശ്രദ്ധേയമാണ്.ഇതിലൂടെ രാഹുലിനെ പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കിയത് നിയമപ്രകാരമാണെന്ന് സ്ഥാപിക്കാന്‍ ബിജെപിക്ക് കഴിഞ്ഞു.

അദാനി എങ്ങനെ വിദേശയാത്രകളില്‍ മോദിക്കൊപ്പമുണ്ടാകുന്നു. യാത്രകഴിയുമ്പോള്‍ എങ്ങനെ കരാറുകള്‍ ലഭിക്കുന്നു എന്നായിരുന്നു രാഹുലിന്റെ ചോദ്യം. അതിന് ആരും മറുപടി പറഞ്ഞില്ല. പാര്‍ലമെന്റില്‍ ഉന്നയിച്ചപ്പോള്‍ പറയുന്നത് വസ്തുതാപരമാകണമെന്ന് ചെയര്‍ പറഞ്ഞു. അദാനിയും മോദിയും ഒരുമിച്ചിരിക്കുന്ന ഫോട്ടോയാണ് രാഹുല്‍ ഉയര്‍ത്തിക്കാട്ടിയത്. ഇത് ബിജെപിയെ ഏറെ ചൊടിപ്പിച്ചു.

റഫാല്‍ ഇടപാടും അദാനി ഇടപാടും ലോക്സഭയ്ക്കുള്ളില്‍ ഉയര്‍ത്തിയ രാഹുലിന്റെ സാന്നിധ്യം സഭയ്ക്കുള്ളില്‍ ഇല്ലെന്ന് ഉറപ്പുവരുത്താന്‍ നീക്കത്തിലൂടെ ബിജെപിക്ക് സാധിച്ചു. ദേശീയ രാഷ്ട്രീയത്തില്‍ രാഹുലിനെ ദുര്‍ബലമാക്കാന്‍ ഈ നടപടിയിലൂടെ സാധിക്കുമെന്ന് ബിജെപി പ്രതീക്ഷിക്കുമ്പോള്‍ തന്നെ ഇതിനെതിരെ കോണ്‍ഗ്രസ് ഉയര്‍ത്തുന്ന മറുതന്ത്രം എത്ര കണ്ട് വിജയിക്കുമെന്ന് കണ്ടറിയണം.

രാഹുലിനെതിരായ നടപടി നിയമപരമായ രാഷ്ട്രീയപരമായും നേരിടാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായി നില്‍ക്കുന്ന ഘട്ടത്തില്‍ ജനാധിത്യം അപകടത്തിലാണെന്ന മുദ്രാവാക്യത്തില്‍ പ്രതിപക്ഷ ഐക്യത്തിനാണ് കോണ്‍ഗ്രസ് പ്രധാനമായും തീരുമാനമെടുത്തിരിക്കുന്നത്. നിയമപോരാട്ടത്തിനായി പ്രത്യേക സമിതിയെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.

പ്രതിപക്ഷ നിരയില്‍ ബിജെപിക്കെതിരെ നേരിട്ടുള്ള പോരാട്ടത്തിന്റെ ഇരയായി രാഹുലിനെ ഉയര്‍ത്തിക്കാട്ടാന്‍ പുതിയ സംഭവവികാസങ്ങള്‍ തുണയായെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. രാഹുല്‍ ബിജെപിയെ സഹായിക്കുകയാണെന്ന നേരത്തെ അഭിപ്രായപ്പെട്ട മമതാ ബാനര്‍ജി ഉള്‍പ്പെടുയുള്ള കോണ്‍ഗ്രസ് ഇതര പ്രതിപക്ഷ നിരയിലുള്ളവര്‍ ഒന്നടങ്കം രാഹുലിന് പിന്തുണയുമായി എത്തിയത് കോണ്‍ഗ്രസ് നേട്ടമായി കരുതുന്നു. മമതയ്ക്ക് പുറമെ, അഖിലേഷ് യാദവ്, അരവിന്ദ് കെജ്‌രിവാള്‍, കെ.ചന്ദ്രശേഖര റാവു, പിണറായി വിജയന്‍, എം.കെ.സ്റ്റാലിന്‍, ഉദ്ധവ് താക്കറെ തുടങ്ങിയ നേതാക്കളും രാഹുലിനെ പിന്തുണയ്ക്കുകയും സര്‍ക്കാരിനെ വിമര്‍ശിക്കുകയും ചെയ്തു.

പ്രതിപക്ഷ നിരയില്‍ എല്ലാ പാര്‍ട്ടികളും ബിജെപിക്കെതിരെ വിമര്‍ശനങ്ങളുയര്‍ത്താറുണ്ടെങ്കിലും പൊതുവായ വിഷയങ്ങളില്‍ ഒരുമിച്ച് ശബ്ദമുയര്‍ത്തന്നത് അപൂര്‍വ്വമാണ്. രാഹുലിനെതിരായ നടപടിയില്‍ അത്തരമൊരു പൊതുവിമര്‍ശനം ഉയര്‍ത്തിക്കൊണ്ടുവരാനായി എന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.

കോണ്‍ഗ്രസ് സ്ട്രാറ്റജി യോഗം

'എല്ലാ പ്രതിപക്ഷ നേതാക്കളുടെയും പ്രസ്താവനയെ കോണ്‍ഗ്രസ് സ്വാഗതം ചെയ്യുന്നു, ഇപ്പോള്‍ പ്രതിപക്ഷ ഐക്യത്തിന്റെ പ്രശ്‌നം ചിട്ടയായ രീതിയില്‍ മുന്നോട്ട് കൊണ്ടുപോകണം' കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് കോണ്‍ഗ്രസ് യോഗത്തിന് ശേഷം പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷന്‍ എല്ലാ ദിവസവും പാര്‍ലമെന്റില്‍ പ്രതിപക്ഷ ഏകോപനം നടത്തുന്നുണ്ട്. ഇപ്പോഴത് പുറത്തും സംഭവിക്കുകയാണെന്നും ജയറാം രമേശ് പറയുകയുണ്ടായി.

കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ചേമ്പറില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒത്തുചേര്‍ന്ന് രാഹുല്‍ വിഷയവും അദാനി വിഷയത്തിലെ ജെപിസി അന്വേഷണം സംബന്ധിച്ചും ചര്‍ച്ച ചെയ്തു. രാഹുല്‍ ഗാന്ധിക്കെതിരായ കോടതി നടപടിയില്‍ വിമര്‍ശിച്ച് മിക്ക പ്രതിപക്ഷ പാര്‍ട്ടികളും കോണ്‍ഗ്രസിനൊപ്പം ഉറച്ച് നിന്നിരുന്നു.


രാഹുലിന്റെ ഭാവി

അപകീര്‍ത്തി കേസില്‍ രണ്ടു വര്‍ഷത്തെ ശിക്ഷ ലഭിച്ചതിന് പിന്നാലെ ലോക്സഭാംഗത്വത്തില്‍നിന്ന് അയോഗ്യനായ രാഹുല്‍ ഗാന്ധിക്ക് മേല്‍ക്കോടതിയില്‍നിന്ന് സ്റ്റേ ലഭിച്ചില്ലെങ്കില്‍ എട്ടുവര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും അയോഗ്യത വരും. അങ്ങനെ വന്നാല്‍ ഈ ജൂണില്‍ 53 വയസ്സ് പിന്നിടുന്ന രാഹുലിന് 60 വയസ്സ് വരെ എംപിയാകാനോ സാധിക്കില്ലെന്ന് സാരം. രാജ്യത്ത് ഇടക്കാല തിരഞ്ഞെടുപ്പുകളൊന്നും നടക്കാതിരുന്നാല്‍ 2034-ലാകും ഇനി അദ്ദേഹത്തിന് മത്സരിക്കാനാകുക. അപ്പോഴേക്കും 64 വയസ്സാകും. എന്നാല്‍ ഇതിനിടയില്‍ അദ്ദേഹത്തിന് നാഷണല്‍ ഹെറാല്‍ഡ് കേസുകളടക്കം മോദി സര്‍ക്കാരിന് കീഴില്‍ നിരവധി നിയമപോരാട്ടങ്ങളും നടത്തേണ്ടതുണ്ട് എന്നതും എടുത്ത് പറയേണ്ടതാണ്.

തിരഞ്ഞെടുപ്പു പ്രസംഗത്തിന്റെ പേരില്‍ കോണ്‍ഗ്രസ് എം.പി. രാഹുല്‍ഗാന്ധി അയോഗ്യത നേരിടുന്നതിന് സമാനമായി മുത്തശ്ശി ഇന്ദിരാഗാന്ധിയും മുമ്പ് അയോഗ്യയായിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്തിനുശേഷം 1978-ലെ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ ചിക്കമംഗളൂരുവില്‍നിന്നു ജയിച്ച് ഇന്ദിര ലോക്സഭയിലെത്തിയപ്പോഴും അയോഗ്യത നേരിട്ടു. അധികാരദുര്‍വിനിയോഗത്തിന്റെ പേരില്‍ അന്നത്തെ ജനതാ സര്‍ക്കാര്‍ ഇന്ദിരയ്ക്കെതിരേ പ്രമേയം കൊണ്ടുവന്നു. പ്രിവിലേജസ് കമ്മിറ്റി നടത്തിയ അന്വേഷണത്തിനുശേഷം ഇന്ദിരയുടെ പാര്‍ലമെന്റംഗത്വം റദ്ദാക്കി അവരെ തിഹാര്‍ ജയിലിലടച്ചു.

അടിയന്തരാവസ്ഥയ്ക്കു ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കനത്ത പരാജയം നേരിട്ടു. എന്നാല്‍ അയോഗ്യതയും ജയില്‍ ശിക്ഷയും കഴിഞ്ഞിറങ്ങിയ ഇന്ദിര ഹീറോ ആയി അവതരിക്കപ്പെട്ടതും ചരിത്രമാണ്. ബിഹാറിലെ ബെല്‍ച്ചിയില്‍ ഒരു കൂട്ടക്കൊല നടന്ന കുടുംബത്തെ സന്ദര്‍ശിക്കുന്നതിനായി ട്രെയിനിലും ജീപ്പിലും മഴയത്ത് ട്രാക്ടറിലുമൊക്കെയായി യാത്ര ചെയ്തു. ചെളിനിറഞ്ഞ മണ്‍പാതകളിലൂടെ ആനപ്പുറത്തടക്കം കയറിയാണ് ഇന്ദിരക്ക് ആ കുടുംബത്തെ സന്ദര്‍ശിക്കാനായത്. മൂന്ന് വര്‍ഷത്തിന് ശേഷം 1980-ല്‍ നടന്ന തിരഞ്ഞെടുപ്പിലൂടെ ഇന്ദിര അധികാരത്തില്‍ തിരിച്ചെത്തി. എന്നാല്‍ അന്നത്തെ രാഷ്ട്രീയ സാഹചര്യമല്ല ഇപ്പോഴത്തേതെന്നതും ഓര്‍ക്കപ്പെടേണ്ടതാണ്.

രാഹുല്‍ മുന്നില്‍ ഇല്ലാത്ത കോണ്‍ഗ്രസ്

പാര്‍ലമെന്റിനകത്തും പുറത്തും രാഹുല്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ ബിജെപിക്ക് അസ്വസ്ഥത ഉണ്ടാക്കുന്നതാണെങ്കിലും തിരഞ്ഞെടുപ്പില്‍ മോദിക്കെതിരായി രാഹുലിനെ ഉയര്‍ത്തിക്കാട്ടുന്നതാണ് അവര്‍ക്ക് താത്പര്യം. അതിന്റെ പ്രധാന കാരണം രാഹുലിനെ മുന്നില്‍ നിര്‍ത്തി ഒരു വിശാല പ്രതിപക്ഷ ഐക്യം സാധ്യമാകില്ലെന്ന ബിജെപിയുടെ വിശ്വാസമാണ്. കോണ്‍ഗ്രസ്-ബിജെപി ഇതര മൂന്നാം മുന്നിണിക്ക് വാദിക്കുന്ന മമതയടക്കമുള്ളവര്‍ക്ക് മുഖ്യതടസ്സമായി പറയുന്നത് രാഹുല്‍ മുന്നില്‍ നില്‍ക്കുന്നതാണ്. മൂന്നാംമുന്നണിക്ക് അണയറ ചര്‍ച്ചകള്‍ നടത്തുന്ന മമതയ്ക്കും കെജ്രിവാളിനും ചന്ദ്രശേഖര റാവുവിനും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന് പോലും സോണിയ ഗാന്ധിയുമായി ഇടപഴകുന്നതിനോട് പ്രശ്‌നമില്ല. എന്നാല്‍ ഇവര്‍ക്കൊന്നും രാഹുലുമായി ചര്‍ച്ച നടത്താനോ രാഹുലിന് കീഴില്‍ അണിനിരക്കുന്നതിനോ യോജിപ്പില്ല എന്നതാണ് വസ്തുത.

രാഹുല്‍ അയോഗ്യനായ സാഹചര്യത്തില്‍ രാഹുലില്ലാത്ത മറ്റു വഴികളിലേക്ക് ചിന്തിപ്പിക്കാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. രാഹുലില്‍ മാത്രം ഒതുങ്ങാതെ ഇത് ഒരു തരത്തില്‍ കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്നും അവര്‍ വിലയിരുത്തുന്നു. യുപിഎക്കുള്ളിലും ഇത്തരമൊരു അഭിപ്രായം രൂപപ്പെട്ടിട്ടുണ്ടെന്നതിന് തെളിവാണ് ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയുടെ പ്രസ്താവന. എം.കെ.സ്റ്റാലിന്റ ജന്മദിനാഘോഷ വേളയില്‍ ആരെയും പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടരുതെന്ന് ഫാറൂഖ് അബ്ദുള്ളയുടെ പ്രസ്താവനയക്ക് മല്ലികാര്‍ജുന്‍ ഖാര്‍ഗെ നല്‍കിയ മറുപടി പാര്‍ട്ടി ആരേയും ഉയര്‍ത്തിക്കാണിക്കുന്നില്ല എന്നായിരുന്നു.

അറിഞ്ഞോ അറിയാതെയോ ഒരു രാഷ്ട്രീയ ആയുധം ബിജെപി കോണ്‍ഗ്രസിന് നല്‍കിയിരിക്കുന്നു. അത് ഉപയോഗിക്കാന്‍ കോണ്‍ഗ്രസിന് കഴിയുമോ, പ്രതിപക്ഷത്തെ ഒരുകുടക്കീഴില്‍ അണിനിരത്താന്‍ ഈ അയോഗ്യത കാരണമാകുമോ ആ ഉത്തരത്തിലാണ് പ്രതിപക്ഷത്തിന്റെയും ഭാവിയും

Content Highlights: Rahul Gandhi's disqualification-Cong, Oppn work towards common ground

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 


Most Commented