ഹൃദ്രോഗവും കാന്‍സറും പ്രമേഹവുമൊക്കെ പണ്ടെന്താ ഇല്ലാതിരുന്നത്? വളരെ രസകരമാണാ ചോദ്യം


വൈശാകന്‍ തമ്പി

സമൂഹത്തിന്റെ ആരോഗ്യസ്ഥിതി ദിനംപ്രതി വഷളായി വരുകയാണ് എന്ന പൊതുബോധത്തെ കാര്യകാരണങ്ങള്‍ നിരത്തി വസ്തുനിഷ്ഠമായി പരിശോധിക്കുകയാണ് ലേഖകന്‍

പ്രതീകാത്മക ചിത്രം

ധുനികകാലത്തിന്റെ മുഖമുദ്രകളിലൊന്നാണ് വഷളായിക്കൊണ്ടിരിക്കുന്ന പൊതുജനാരോഗ്യത്തെക്കുറിച്ചുള്ള നമ്മുടെ വേവലാതി. കീടനാശിനി തളിച്ച പച്ചക്കറി, മായംചേര്‍ത്ത ഭക്ഷണസാധനങ്ങള്‍, മൊബൈല്‍ ടവറുകള്‍ തുടങ്ങി വില്ലന്‍കഥാപാത്രങ്ങള്‍ സ്ഥിരമായി വന്നുപോകാറുള്ള ഒരു വേദികൂടിയാണത്. പണ്ട് എവിടെ നോക്കിയാലും അരോഗദൃഢഗാത്രരായ മനുഷ്യരായിരുന്നെങ്കില്‍ ഇന്ന് എങ്ങോട്ടു നോക്കിയാലും ഷുഗറും കൊളസ്ട്രോളും പ്രഷറും ഒക്കെ തന്നെയാണ് എന്ന് പറഞ്ഞുകേള്‍ക്കാത്തവരും പറയാത്തവരും ചുരുക്കമായിരിക്കും. സമൂഹത്തിന്റെ ആരോഗ്യസ്ഥിതി ദിനംപ്രതി വഷളായി വരുകയാണ് എന്നതാണ് പൊതുബോധം.

എണ്ണത്തില്‍ കുറവെങ്കിലും ചിലരെങ്കിലും ഈ ആവലാതിയെ ശക്തിയുക്തം എതിര്‍ക്കുന്നതും കണ്ടിട്ടുണ്ട്. ഇത് വെറും തെറ്റിദ്ധാരണയോ ശാസ്ത്രവിരോധികളുടെ കുപ്രചാരണമോ ആണെന്ന് അവര്‍ സ്ഥാപിക്കാന്‍ ശ്രമിക്കാറുണ്ട്. ഈ രണ്ടു കൂട്ടരും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ നമ്മള്‍ സംസാരിക്കുന്നത്. ധാരണകള്‍ വസ്തുനിഷ്ഠമാകുമ്പോഴാണല്ലോ, തീരുമാനങ്ങള്‍ യുക്തിഭദ്രമാകുന്നത്.

ഈ ആവലാതി വെറുമൊരു തോന്നലൊന്നുമല്ല, ആ പറയുന്നതില്‍ കാര്യമുണ്ട്. പക്ഷേ, എന്തുകൊണ്ട് എന്നത് ശ്രദ്ധിച്ച് മനസ്സിലാക്കേണ്ട കാര്യമാണ്. എന്നാല്‍, മാത്രമേ അതൊരു നല്ല കാര്യമാണോ മോശം കാര്യമാണോ എന്നുതന്നെ തിരിച്ചറിയാന്‍ കഴിയൂ.

എന്തൊക്കെ കാരണങ്ങള്‍കൊണ്ട് രോഗികളുടെ എണ്ണം കൂടാം എന്നൊന്ന് പരിശോധിച്ചുകൊണ്ട് തുടങ്ങാം.

വിശകലനത്തിലെ യുക്തികള്‍

ആദ്യം ശ്രദ്ധിക്കേണ്ടത്, രോഗികളുടെ എണ്ണവും രോഗികളുടെ ശതമാനവും തമ്മില്‍ വ്യത്യാസമുണ്ട് എന്നതാണ്. നമ്മള്‍ ചുറ്റും കാണുന്നവരില്‍ എത്ര ആളുകള്‍ രോഗികളാണ് എന്നതാണ് നമ്മള്‍ പൊതുവേ ശ്രദ്ധിക്കുന്നത്. അതാണ് രോഗികളുടെ എണ്ണം. എന്നാല്‍, നമ്മള്‍ ചുറ്റും കാണുന്ന നൂറ് മനുഷ്യരെ എടുത്താല്‍ അവരില്‍ എത്രപേര്‍ രോഗികളാണ് എന്നതാണ് രോഗികളുടെ ശതമാനം. അതങ്ങനെ ഒറ്റനോട്ടത്തില്‍ സ്വാഭാവികമായി സ്പഷ്ടമാകുന്ന ഒന്നല്ല, അതിന് മനഃപൂര്‍വമുള്ള ഒരു പഠനം വേണ്ടിവരും. സാധാരണ മനുഷ്യര്‍ പൊതുവേ അത്തരമൊരു പഠനം നടത്താറില്ല. പക്ഷേ, നമ്മള്‍ സാമാന്യപ്രസ്താവനകള്‍ നടത്തുമ്പോള്‍ ഇത് രണ്ടും തമ്മിലുള്ള വ്യത്യാസം ശ്രദ്ധിച്ചേ പറ്റൂ. കാരണം പതിനായിരം പേരുള്ള ഒരു നാട്ടില്‍ നൂറുപേര്‍ രോഗികളായിരിക്കുന്നതും ആയിരം പേരുള്ള നാട്ടില്‍ അമ്പതുപേര്‍ രോഗികളായിരിക്കുന്നതും പരിഗണിച്ചാല്‍ എണ്ണം ?െവച്ചൊരു താരതമ്യാഭിപ്രായം പറയുന്നതില്‍ കാര്യമില്ല. ആദ്യത്തെ നാട്ടില്‍ ഓരോ നൂറുപേരിലും ഒരാള്‍ (100/10000=1/100) രോഗിയാണെന്ന് കാണാം. എന്നാല്‍, രണ്ടാമത്തെ നാട്ടില്‍ ഓരോ നൂറുപേരിലും അഞ്ചുപേര്‍ (50/1000=5/100) രോഗികളാണ്. അതായത്, ആദ്യത്തെ നാടിനെക്കാള്‍ അഞ്ചുമടങ്ങ് രോഗഗ്രസ്തമാണ് രണ്ടാമത്തെ നാട്.

ഇനി ഒരു പ്രത്യേക നാട്ടില്‍ പത്തുശതമാനം ആളുകള്‍ രോഗികളാണ് എന്ന് കരുതുക. അവിടത്തെ ജനസംഖ്യ പതിനായിരം ആണെങ്കില്‍, രോഗികളുടെ എണ്ണം ആയിരം. അവിടത്തെ ജനസംഖ്യ ഒരു ലക്ഷമായാലോ, രോഗികള്‍ പതിനായിരം. സ്വാതന്ത്ര്യം കിട്ടുമ്പോള്‍ ഇന്ത്യയിലെ ജനസംഖ്യ 40 കോടിയായിരുന്നെങ്കില്‍ ഇന്നത് 130 കോടിയാണ്. അതായത് മൂന്നിരട്ടിയിലധികമായിരിക്കുന്നു. അന്ന് ഒരു ശരാശരി മനുഷ്യന് ചുറ്റും അമ്പത് മനുഷ്യര്‍ ഉണ്ടായിരുന്നു എങ്കില്‍, ഇന്ന് ഒരാള്‍ക്കുചുറ്റും നൂറ്റമ്പതിന് മുകളില്‍ ആളുകളുണ്ട് എന്നാണ് അതിനര്‍ഥം. അങ്ങനെയെങ്കില്‍ ഒരാള്‍ക്ക് ചുറ്റുമുള്ള രോഗികളുടെ എണ്ണവും മൂന്നിരട്ടിയാവുമല്ലോ. ഇതാണ് മറക്കാന്‍ പാടില്ലാത്ത ആദ്യത്തെ കാര്യം- സമൂഹത്തിന്റെ ആരോഗ്യാവസ്ഥ മോശമാകാതെ അതേപടി തുടരുന്നുവെങ്കില്‍പ്പോലും നമുക്ക് ചുറ്റുമുള്ള രോഗികളുടെ എണ്ണം ജനസംഖ്യ കൂടുന്നതിന് ആനുപാതികമായി കൂടും; രോഗം വന്ന് മരിക്കുന്നവരുടെയും.

ജനസംഖ്യയും ധാരണകളും

ഇനി, എങ്ങനെയാണ് ജനസംഖ്യ കൂടുന്നത്? ഏറ്റവും ലളിതമായിപ്പറഞ്ഞാല്‍, മരിക്കുന്നവരുടെ എണ്ണം കുറയുകയും ജനിക്കുന്നവരുടെ എണ്ണം കൂടുകയും ചെയ്യുമ്പോഴാണ് അത് സംഭവിക്കുന്നത്. അല്പംകൂടി കൃത്യമാക്കിയാല്‍, മരണനിരക്ക് കുറയുകയും ജനനനിരക്ക് കൂടുകയും ചെയ്യുമ്പോഴെന്ന് പറയണം. അതായത്, നൂറുപേരെ എടുത്താല്‍ ഒരുവര്‍ഷം അവരില്‍ എത്രപേര്‍ മരിക്കുന്നു, അവര്‍ക്കിടയില്‍ എത്രപേര്‍ പുതുതായി ജനിക്കുന്നു എന്ന കണക്കാണ് വേണ്ടത്. പൊതുവായി ഇന്ത്യയുടെ ജനസംഖ്യാ വര്‍ധന പരിശോധിക്കുമ്പോള്‍ ജനനനിരക്ക് കൂടുകയോ മരണനിരക്ക് കുറയുകയോ രണ്ടും ഒരുമിച്ച് സംഭവിക്കുകയോ ചെയ്തിട്ടുണ്ടാകണം എന്ന് അനുമാനിക്കാം. ഇനിയത്തെ കാര്യം പറയാന്‍ നമുക്ക് ജനസംഖ്യയുടെ പ്രായംതിരിച്ചുള്ള ഒരു കണക്ക് എടുക്കാം.

2011-ലെ സെന്‍സസാണ് ഇവിടെ ആധാരമാക്കിയിരിക്കുന്നത്. അല്പം പഴയ കണക്കാണെങ്കിലും പ്രായമനുസരിച്ചുള്ള വിശദമായ ജനസംഖ്യയ്ക്ക് ആധാരമാക്കാവുന്ന ഏറ്റവും ഔദ്യോഗികമായ വിവരമാണ്. തത്കാലത്തെ ആവശ്യത്തിന് അത് ധാരാളം മതിയാകും. അതുപ്രകാരം ഇന്ത്യന്‍ ജനസംഖ്യ ഏതാണ്ട് 121 കോടി ആണ്. അതില്‍ 98.7 ശതമാനം പേരും 80 വയസ്സിന് താഴെയുള്ളവരാണ്. അതായത്, ചുറ്റുമുള്ള നൂറുപേരില്‍ 80 വയസ്സ് കഴിഞ്ഞവര്‍ രണ്ടുപേര്‍ തികച്ചില്ല. എന്നുവെച്ചാല്‍ 1930-ന് മുന്നേ ജനിച്ച നൂറുപേരില്‍ പരമാവധി രണ്ടുപേരേ ജീവിച്ചിരിപ്പുള്ളൂ, ബാക്കിയുള്ളവരൊക്കെ മരിച്ചുപോയി. അതേസമയം, 50 ശതമാനം ആളുകള്‍ക്കും വയസ്സ് 24-ല്‍ താഴെയാണ്. അതായത്, ചുറ്റുമുള്ള നൂറുപേരില്‍ 50 പേരും 1987-ന് ശേഷം ജനിച്ചവരാണ്. ഇനി 65 വയസ്സില്‍ താഴെയുള്ളവരുടെ എണ്ണം നോക്കിയാല്‍ ജനസംഖ്യയുടെ 94.2 ശതമാനം അവരാണ്. അതായത്, അത്രയുംപേരും രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ ഇല്ലാതിരുന്നവരാണ്. ഈ കണക്ക് എന്താണ് പറയുന്നത്? ഇക്കണ്ട ആശുപത്രികളും സാങ്കേതികവിദ്യകളുമൊക്കെ ഉണ്ടാകുന്നതിനുമുന്‍പ്, മലിനീകരണമില്ലാത്ത, കീടനാശിനിയില്ലാത്ത, മൊബൈല്‍ ടവറുകളും രാസവസ്തുക്കളും ഇല്ലാതിരുന്ന, സുവര്‍ണകാലത്ത് ജനിച്ച അധികമാരും ഇന്നില്ല!

ആരോഗ്യവും മരണവും

നമ്മള്‍ കാണുന്ന വൃദ്ധരുടെ ആരോഗ്യവുമായി, ആരോഗ്യമില്ലാത്ത യുവജനതയെ താരതമ്യം ചെയ്യലും ഇവിടെ പതിവാണ്. നമ്മള്‍ നോക്കുമ്പോഴതാ പത്തെണ്‍പത് വയസ്സായ അപ്പൂപ്പന്മാര്‍ പലരും ഇന്നും പശുവിനെ മേയ്ക്കാനും പന്തല് കെട്ടാനുമൊക്കെ മുമ്പിലുണ്ട്. എത്ര ചെറുപ്പക്കാര്‍ക്കാണ് കാന്‍സര്‍, ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ രോഗങ്ങളുള്ളത്! ഇതിന് പല കാരണങ്ങളുണ്ട്. ഏറ്റവും ലളിതമായത്, നമ്മളാദ്യം പറഞ്ഞ ശതമാനവും എണ്ണവും തമ്മിലുള്ള വ്യത്യാസം തന്നെ. 65 വയസ്സ് കഴിഞ്ഞവരിലും 21-ന് താഴെയുള്ളവരിലും 20 ശതമാനം പേര്‍ രോഗികളാണ് എന്ന് തത്കാലമൊന്ന് സങ്കല്പിക്കുക. ഇനിയൊന്ന് എണ്ണിയെടുത്ത് നോക്കൂ. ഇന്ത്യന്‍ ജനസംഖ്യയില്‍ 65 വയസ്സിന് മുകളിലുള്ളവര്‍ നൂറില്‍ ആറുപേരാണ്, 21-ല്‍ താഴെയുള്ളവര്‍ നൂറില്‍ ഏതാണ്ട് 42 പേരും. അവരില്‍ 20 ശതമാനം രോഗികളായാല്‍- 65 കഴിഞ്ഞ രോഗി രണ്ടില്‍ താഴെ, 21 തികയാത്ത രോഗികള്‍ ഏതാണ്ട് ഒമ്പതുപേര്‍! തീര്‍ച്ചയായും നിങ്ങള്‍ പ്രായം കുറഞ്ഞ രോഗികളെയാകുമല്ലോ കൂടുതല്‍ എണ്ണുക.

നമ്മള്‍ കാണുന്ന വൃദ്ധര്‍ നല്ല ആരോഗ്യമുള്ളവരാകാന്‍ വേറെയും പ്രധാനപ്പെട്ട കാരണമുണ്ട്; നല്ല ആരോഗ്യമുള്ളതുകൊണ്ടാണ് അവര്‍ വൃദ്ധരാകുന്നതുവരെ ജീവിച്ചത്. അതുപക്ഷേ, അന്ന് ജനിച്ചതിന്റെ പൊതുവായ ഗുണമല്ല. 65 കൊല്ലം മുന്‍പ് ജനിക്കുന്നത് അത്ര മെച്ചപ്പെട്ട ഒരു കാര്യമായിരുന്നു എങ്കില്‍, 65 വയസ്സ് കഴിഞ്ഞവര്‍ നൂറില്‍ ആറുപേരേ കാണുമായിരുന്നുള്ളോ എന്ന് ചിന്തിച്ചുനോക്കൂ.

തീര്‍ന്നില്ല, പരാതിക്ക് ഇനിയും വകുപ്പുണ്ട്, ഹൃദ്രോഗവും കാന്‍സറും പ്രമേഹവുമൊക്കെ ഇപ്പോഴാണല്ലോ കേള്‍ക്കാന്‍ തുടങ്ങിയത്. പണ്ടെന്താ ഇല്ലാതിരുന്നത്? വളരെ രസകരമാണാ ചോദ്യം. പണ്ടത്തെ ആളുകള്‍ എന്ത് കാരണം കൊണ്ടാണ് മരിച്ചത് എന്ന് ശ്രദ്ധിച്ചിട്ടുണ്ടോ? ഇന്ന് ഇന്ത്യയില്‍ ഓരോ മണിക്കൂറിലും 16 പേര്‍ വാഹനാപകടത്തില്‍ മരിക്കുന്നു എന്നാണ് കണക്ക്. ഒരു നൂറുവര്‍ഷം മുന്‍പായിരുന്നെങ്കിലോ? അന്ന് ഒരുവര്‍ഷം മുഴുവനെടുത്താലും ആരുംതന്നെ വാഹനാപകടത്തില്‍ മരിച്ചിട്ടുണ്ടാവില്ല. അതുപക്ഷേ അന്ന് എല്ലാവരും അതിസുരക്ഷിതമായ ഡ്രൈവിങ് ആയിരുന്നതുകൊണ്ടല്ലല്ലോ, അന്ന് ഡ്രൈവ് ചെയ്യാന്‍ വാഹനങ്ങളുണ്ടായിരുന്നില്ല എന്നതുകൊണ്ടാണ്.

പ്രഷറും ഷുഗറും ടെസ്റ്റ് ചെയ്യാനോ, ബയോപ്സി ചെയ്യാനോ, സി.ടി. സ്‌കാന്‍ ചെയ്യാനോ സൗകര്യമില്ലാതിരുന്ന കാലത്ത് ആളുകള്‍ക്ക് അവരവരുടെ രോഗം തിരിച്ചറിയാനുള്ള മാര്‍ഗമില്ലായിരുന്നു. അതുകൊണ്ട് അവരുടെ അസുഖങ്ങള്‍ക്ക് കുഴഞ്ഞുവീണ് മരിക്കുക, നെഞ്ചുവേദന വന്ന് മരിക്കുക തുടങ്ങിയ ലളിതമായ പേരുകളായിരുന്നു.

വേണ്ട, രോഗഭയ ജീവിതം

മുതിര്‍ന്നൊരാള്‍ ഇങ്ങനെയൊക്കെ മരിക്കണമെങ്കില്‍ത്തന്നെ ആദ്യം ആ ആള് മുതിരുന്നതുവരെ ജീവിക്കണമല്ലോ. എന്തെങ്കിലുമൊക്കെ രോഗവുമായി ജനിക്കുന്ന കുഞ്ഞുങ്ങളും അന്ന് ചെറുതിലേ തന്നെ മരിച്ചുപോകുമായിരുന്നു. ഇന്ന് ശിശുമരണനിരക്ക് കുറവാണ്. അത് 1998-ല്‍ 71.6 ആയിരുന്നിടത്തുനിന്ന് 2014 ആയപ്പോഴേയ്ക്കും 40.7-ല്‍ എത്തി.

ഇന്ന് രോഗങ്ങളുമായി ജനിക്കുന്നവര്‍ക്ക് അത് ചികിത്സിച്ച് ഭേദമാക്കുന്നതിനോ, അത് കൈകാര്യം ചെയ്ത് ജീവിക്കുന്നതിനോ ഉള്ള സംവിധാനങ്ങള്‍ ഉണ്ട്. ഇങ്ങനെ 'കൈകാര്യം ചെയ്ത്' ജീവിക്കുന്നവരാണ് നമ്മള്‍ കാണുന്ന 'രോഗികള്‍'. രോഗികളെ കാണണമെങ്കില്‍ രോഗം ഉണ്ടായാല്‍ പോരാ, രോഗവുംകൊണ്ട് ജീവിക്കാന്‍ കഴിയുകയും വേണം എന്ന കാര്യം മറക്കരുത്. ആരോഗ്യരക്ഷാ സംവിധാനങ്ങള്‍ ഇല്ലാത്ത കാലത്ത് ആ പരിപാടി ഇല്ല. ഒന്നുകില്‍ ആരോഗ്യത്തോടെ ജീവിക്കുക, അല്ലെങ്കില്‍ മരിക്കുക. വളരെ ലളിതം! രോഗങ്ങള്‍ കൂടുതല്‍ കൃത്യമായി തിരിച്ചറിയാനും തിരിച്ചറിയപ്പെട്ടവര്‍ക്ക് അതും വഹിച്ചുകൊണ്ട് മുന്നോട്ടു ജീവിക്കാനുമുള്ള സംവിധാനങ്ങള്‍ കൂടുന്നതുകൊണ്ടാണ് രോഗങ്ങളുടെ പേരുകളും രോഗികളുടെ എണ്ണവും കൂടുന്നത്.

ആശുപത്രികളോ മറ്റ് മെഡിക്കല്‍ സംവിധാനങ്ങളോ വികസിച്ചിട്ടില്ലാത്ത ഒരു സമൂഹമുണ്ടെങ്കില്‍, അവിടെ നല്ല ആരോഗ്യമുള്ളവരെ മാത്രമേ കാണാന്‍ കഴിയൂ. പക്ഷേ, അതില്‍നിന്നും മെഡിക്കല്‍ സംവിധാനങ്ങളാണ് രോഗികളെ ഉണ്ടാക്കുന്നത് എന്ന് മനസ്സിലാക്കിക്കളയരുത്. നല്ല ആരോഗ്യമുള്ളവര്‍ക്ക് മാത്രമേ അത്തരം സമൂഹത്തില്‍ ജീവിക്കാന്‍ കഴിയൂ എന്നാണ് അതിനര്‍ഥം.

ഇനി അവസാനമായി, രോഗികളായിക്കൊണ്ടിരിക്കുന്ന പുതുതലമുറയെക്കുറിച്ച് ഒരു കാര്യം കൂടി. കുറച്ചുമാത്രം ആഹാരവും വളരെക്കൂടുതല്‍ കായികാധ്വാനവുമായി ജീവിച്ചവരെ അപേക്ഷിച്ച് സുഭിക്ഷമായി തോന്നുന്നതെന്തും തിന്നാനുള്ള സാഹചര്യവും മേലനങ്ങാതെയുള്ള ജോലിയുമായി മുന്നോട്ടുപോകുന്നവര്‍ക്ക് രോഗങ്ങള്‍ കൂടും. അതിനെയാണ് ജീവിതശൈലീരോഗങ്ങള്‍ എന്ന് വിളിക്കുന്നത്. അതിനെ ആ രീതിയില്‍ത്തന്നെ നോക്കിക്കാണേണ്ടതുണ്ട്. പക്ഷേ, തെറ്റായ പ്രശ്‌നകാരണങ്ങള്‍ ആരോപിച്ച്, തെറ്റായ പരിഹാരമാര്‍ഗങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ അഭിരമിച്ചാല്‍, പ്രശ്‌നം അവിടത്തന്നെ കിടക്കുകയേ ഉള്ളൂ.


(അധ്യാപകനും ശാസ്ത്രപ്രചാരകനുമാണ് ലേഖകന്‍)

Content Highlights: public health system in Kerala

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


hyderabad encounter

1 min

ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍- സുപ്രീം കോടതി സമിതി

May 20, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022

More from this section
Most Commented