മനുഷ്യനും വേണ്ടേ ഒരു ബഫർസോൺ? മലയിറക്കത്തിന്, സമരജീവിതത്തിന് വേണം ഒരറുതി


കെ.പി.നിജീഷ് കുമാര്‍

In Depth

.

രു ഭാഗത്ത് വന്യമൃഗശല്യവും കൃഷിനാശവും. മറുഭാഗത്ത് വനംവകുപ്പിന്റെ പീഡനവും കുടിയിറക്ക് ഭീഷണിയും. ഒടുക്കം പരിസ്ഥിതി ലോല പ്രദേശ അതിര്‍ത്തി നിര്‍ണയത്തിന്റെ പേരിലുള്ള ബഫര്‍സോണ്‍ ഭീഷണിയും. ചുരുക്കിപ്പറഞ്ഞാല്‍ മലയോരത്തെ ഭൂരിഭാഗവും വരുന്ന ജനങ്ങളും കുടിയിറങ്ങേണ്ട ഗതികേടിലാണ്. ഇതിനെതിരേ സമരം ചെയ്യാനെ അവർക്കിപ്പോൾ നേരമുള്ളൂ

പശ്ചിമഘട്ട സംരക്ഷണം ലക്ഷ്യമിട്ട് വന്യജീവി സങ്കേതങ്ങള്‍ക്ക് ചുറ്റുമുള്ള പരിസ്ഥിതിലോല പ്രദേശങ്ങളുടെ അതിര്‍ത്തി നിര്‍ണയമാണ് വിവിധയിടങ്ങളില്‍ സമരത്തിന് തുടക്കമിട്ടിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച ഇതിന്റെ കരട് നിര്‍ദേശങ്ങള്‍ വലിയ ചര്‍ച്ചകൾക്കാണ് വഴിവച്ചത്. തിരുവനന്തപുരം ജില്ലയിലെ നെയ്യാര്‍, പേപ്പാറ വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള പരിസ്ഥിതിലോല പ്രദേശത്തെ സംബന്ധിച്ചുള്ള കരട് നിര്‍ദേശമാണ് ഏറ്റവും ഒടുവിലായി വന്നിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം കരട് നിര്‍ദേശത്തില്‍ ആക്ഷേപം അറിയിക്കാന്‍ ആറ് മാസത്തോളം സമയം അനുവദിച്ചിട്ടുണ്ട് കേന്ദ്ര സർക്കാർ.

പ്രദേശത്തെ താമസക്കാരുടെ പ്രശ്നങ്ങൾ കണക്കിലെടുക്കാതെയുള്ളതാണ് കരട് നിര്‍ദേശമെന്നാണ് ജനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. അതിര്‍ത്തികള്‍ നിര്‍ണയിച്ചതിലെ അപാകങ്ങളും ബഫര്‍സോണിലെ ജീവിതം എങ്ങനെയായിരിക്കുമെന്ന ആശങ്കയും അവരെയെത്തിച്ചത് സമരത്തിലാണ്. ഇതുസംബന്ധിച്ച് കൃത്യമായ ബോധവത്ക്കരണം നടത്താന്‍ സംസ്ഥാന സര്‍ക്കാരിനോ ഉത്തരവാദപ്പെട്ട മറ്റുള്ളവര്‍ക്കോ കഴിയുന്നില്ല. അല്ലെങ്കില്‍ കരട് നിര്‍ദേശത്തിലെ തീര്‍ത്തും അശാസ്ത്രീയമായ കാര്യങ്ങള്‍ തുറന്നുകാട്ടാനും അത് കേന്ദ്രത്തെ ബോധ്യപ്പെടുത്താനും അവര്‍ക്ക് കഴിയുന്നില്ല.

നെയ്യാര്‍, പേപ്പാറ വന്യജീവി സങ്കേതം, വയനാട് വന്യജീവി സങ്കേതം, മലബാര്‍ വന്യജീവി സങ്കേതം എന്നിവയ്ക്ക് ചുറ്റുമുള്ള പരിസ്ഥിതി ലോല മേഖലയിലാണ് നിയന്ത്രണം വരാനിരിക്കുന്നത്. എന്താണ് പരിസ്ഥിതിലോല മേഖല. എന്തൊക്കെയാണ് കരട് നിര്‍ദേശത്തില്‍ പറയുന്നത്? ഇവ എങ്ങനെയാണ് കര്‍ഷകരേയും മലയോര നിവാസികളേയും ബാധിക്കുന്നത്?

നെയ്യാര്‍, പേപ്പാറ

മാര്‍ച്ച് 25 ന് ആണ് തിരുവനന്തപുരം ജില്ലയിലെ നെയ്യാര്‍, പേപ്പാറ വന്യജീവി സങ്കേതത്തിലെ പരിസ്ഥിതിലോല പ്രദേശങ്ങളെ നിര്‍ണയിക്കുന്നതിനായി കേന്ദ്ര പരിസ്ഥിതി വനം കാലാവസ്ഥാവ്യതിയാന മന്ത്രാലയം ഒരു കരട് റിപ്പോര്‍ട്ട് പുറത്തിറക്കിയത്. ഇതിന് ചുറ്റുമുള്ള 2.72 കി.മീറ്റര്‍ സംരക്ഷിക്കുകയെന്നതാണ് ലക്ഷ്യം. മൊത്തം 70.96 സ്‌ക്വയര്‍ കിലോമീറ്ററിലാണ് നെയ്യാര്‍ ആന്‍ഡ് പേപ്പാറ വന്യജീവി സങ്കേതം വരുന്നത്. പശ്ചിമഘട്ടത്തിന്റെ ഭാഗമായി വരുന്ന അഗസ്ത്യമല ജൈവ മണ്ഡലത്തില്‍ പെടുന്നവയാണ് നെയ്യാര്‍, പേപ്പറ. കാട്ടാക്കട താലൂക്കിലെ കള്ളിക്കാട്, അമ്പൂരി, വാഴിച്ചാല്‍ വില്ലേജുകൾ, നെടുമങ്ങാട് താലൂക്കിലെ മണ്ണൂര്‍ക്കര, വിതുര വില്ലേജുകള്‍.എന്നിവയാണവ. ഇതില്‍ തന്നെ അമ്പൂരി പഞ്ചായത്തിലെ 13 വാര്‍ഡിലെ പത്ത് വാര്‍ഡുകളും പെടുന്നുണ്ട്.

പൂര്‍ണ നിരോധനം എന്തിനൊക്കെ

പതിനഞ്ചോളം പ്രവൃത്തികള്‍ക്ക് പൂര്‍ണ നിരോധനമാണ് നോട്ടീസില്‍ പറയുന്നത്. ഇതില്‍ പുതിയതും പഴയതുമായ എല്ലാ വാണിജ്യ ഖനനങ്ങള്‍ക്കും പുതിയതും പഴയതുമായ എല്ലാ ക്വാറികള്‍ക്കും നിരോധനമുണ്ട്. പുതിയ വ്യവസായ സ്ഥാപനങ്ങള്‍ക്കോ മലിനീകരണമുണ്ടാക്കുന്ന വ്യവസായ സ്ഥാപനങ്ങളുടെ വ്യാപിപ്പിക്കലിനോ അനുമതിയില്ല. ജലവൈദ്യുത പദ്ധതികളുടെ നിര്‍മാണത്തിനും ഖരമാലിന്യ സംസ്‌കരണ പ്ലാന്റിനും അനുമതിയില്ല. ഇതിന് പുറമെ വാണിജ്യാടിസ്ഥാനത്തിലുള്ള കോഴിഫാം, മരമില്ലുകള്‍, മര വ്യവസായ ശാലകള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കാനും അനുമതിയില്ല. ഇതിന് പുറമെ വെടിമരുന്നുകളുടെ ഉപയോഗവും അവ സൂക്ഷിക്കുന്നതിനും സമ്പൂര്‍ണ വിലക്കുണ്ട്. പുഴയോരങ്ങള്‍ കൈയേറ്റം ചെയ്യുന്നതും പ്ലാസ്റ്റിക് വസ്തുക്കള്‍ പുഴയിലേക്ക് ഒഴുക്കുന്നതും മണല്‍ വാരുന്നതിനും നിരോധനമാണ്.

കര്‍ശന നിയന്ത്രണം

ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഹോട്ടല്‍, റിസോര്‍ട്ട് എന്നിവയുടെ നിര്‍മാണവും പ്രവര്‍ത്തനവും പാടില്ല. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് മലിനീകരണം ഇല്ലാത്തവ എന്ന് സാക്ഷ്യപ്പെടുത്തിയ ചെറുകിട വ്യവസായങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം. സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദപ്പെട്ടവരുടെ അനുവാദമില്ലാതെ സ്വകാര്യ, സര്‍ക്കാര്‍, റവന്യൂ ഭൂമിയില്‍ നിന്ന് മരം വെട്ടാന്‍ പാടില്ല. വൈദ്യുതി, വാര്‍ത്താ വിനിമയ ടവറുകള്‍ സ്ഥാപിക്കുന്നതിനും ഇതുമായി ബന്ധപ്പെട്ട കേബിളുകളും വയറുകളും വലിക്കുന്നതിനും നിയന്ത്രണമുണ്ട്. ഇതിന് പുറമെ നിയന്ത്രിത മേഖലകളില്‍ കൂടെയുള്ള റോഡ് വികസനം, പുതിയ റോഡുകള്‍ ഉണ്ടാക്കൂക, വാഹനങ്ങളുടെ രാത്രിയാത്ര എന്നിവയ്ക്കും കര്‍ശന നിയന്ത്രണമുണ്ടാവും. നിയമാനുസൃതമായി ഇവിടേയുള്ള പ്രാദേശവാസികൾക്ക് കൃഷി, പശു വളര്‍ത്തല്‍, മത്സ്യകൃഷി എന്നിവയ്ക്കെല്ലാം അനുവാദമുണ്ടാകും.

മഴക്കാല വിളവെടുപ്പ്, ജൈവകൃഷി, പുനരുപയോഗിക്കാവുന്ന ഊര്‍ജത്തിന്റെ ഉപയോഗം, പരിസ്ഥിതി സൗഹാര്‍ദയാത്ര, നഷ്ടപ്പെട്ടുപോയ വനത്തിന്റെ വീണ്ടെടുക്കല്‍, പൂന്തോട്ട കൃഷി, ഔഷധ സസ്യ പരിപാലനം. പരിസ്ഥിതി ബോധവല്‍ക്കരണം എന്നിവയെ മാത്രമാണ് ഇവിടങ്ങളില്‍ പ്രോത്സാഹിപ്പിക്കുന്നത്.

മറ്റ് നിര്‍ദേശങ്ങള്‍

പരിസ്ഥിതിലോല പ്രദേശങ്ങളിലെ നിര്‍ദേശങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്താനും നടപടികള്‍ സ്വീകരിക്കാനും വിവിധ സര്‍ക്കാര്‍ വിഭാഗങ്ങള്‍ ചേര്‍ന്ന് ഒരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണം. ഇതിന് ഒപ്പം പുതിയ ടൂറിസം പദ്ധതികളേയും നിലവിലുള്ള ടൂറിസം പദ്ധതികളേയും നിരീക്ഷിക്കാന്‍ ഒരു ടൂറിസം മാസ്റ്റര്‍ പ്ലാനും തയ്യാറാക്കണം. ജില്ലാ കളക്ടറുടെ മേല്‍നോട്ടത്തില്‍ പ്രത്യേക മേല്‍നോട്ട കമ്മിറ്റിയേയും നിയമിക്കണം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, പരിസ്ഥിതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിവിധ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍, സര്‍വകലാശാലാ പ്രതിനിധികള്‍, സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡിലെ പ്രതിനിധി ജില്ലാ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്നിവരേയും മേല്‍നോട്ട കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തണം.

എന്തൊക്കെയാണ് ജനങ്ങളുടെ ആശങ്ക

ഏറ്റവും പ്രധാന ആശങ്ക അവരുടെ ഈ മേഖലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം തടസ്സമാകുമെന്നതാണ്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മലയോര ഹൈവേ നിര്‍മാണങ്ങളെ നിയന്ത്രണങ്ങള്‍ ബാധിച്ചേക്കാം. പതിറ്റാണ്ടുകളായി മലയോരങ്ങളില്‍ താമസിച്ച് വരുന്ന ജനങ്ങള്‍ വലിയ രീതിയിലുള്ള കുടിയൊഴുപ്പിക്കിലന് പുതിയ നിര്‍ദേശം വഴിവെക്കും. ഇതിന് പുറമെ ഭൂമി വില്‍പ്പന പോലുള്ള കാര്യങ്ങളും നിശ്ചലമാക്കും. അറുപത് ദിവസമാണ് നിര്‍ദേശത്തിന്‍ മേല്‍ ആക്ഷേപം ഉണ്ടെങ്കില്‍ സമര്‍പ്പിക്കാന്‍ നല്‍കിയിരിക്കുന്ന സമയം. ഇതിനുള്ളില്‍ പരിസ്ഥിതി ലോല മേഖല കുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കാം. ഈയടുത്ത് എറണാകുളം ജില്ലയിലെ തട്ടേക്കാട് പക്ഷി സങ്കേതത്തിന് ചുറ്റുമുള്ള പ്രദേശത്തെ കേന്ദ്രം പരിസ്ഥിതി ലോല മേഖലയില്‍ ഉള്‍പ്പെടുത്തിയിരുന്നു. വലിയ പ്രതിഷേധങ്ങള്‍ക്കും സമരങ്ങള്‍ക്കുമാണ് ഇത് വഴിവെച്ചത്. ഇതിന്റെ ഫലമായി സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം 28.44 സ്‌ക്വയര്‍ കിലോമീറ്ററെന്ന കണക്കിനെ 16.52 സ്‌ക്വയര്‍ കീലോമീറ്ററായി കുറക്കാന്‍ കഴിഞ്ഞിരുന്നു.

വയനാട് വന്യജീവി സങ്കേതം

344.44 സ്‌ക്വയര്‍ കിലോമീറ്ററാണ് വയനാട് വന്യജിവി സങ്കേതം. മുത്തങ്ങ, സുല്‍ത്താന്‍ബത്തേരി, തോല്‍പ്പെട്ടി, കുറിച്ച്യാട് റേഞ്ചുകള്‍ ഉള്‍പ്പെടുന്നതാണിത്. ഇതിനു ചുറ്റും 118.59 സ്‌ക്വയര്‍ കിലോമീറ്റര്‍ ബഫര്‍സോണായി വരും. പൂജ്യം മുതല്‍ 3.4 കിലോമീറ്റര്‍ വരെയാണ് ബഫര്‍സോണിന്റെ പരിധി നിശ്ചയിച്ചിരിക്കുന്നത്. മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി താലൂക്കുകളിലെ ആറ് വില്ലേജുകളില്‍ പരിസ്ഥിതിലോല പ്രദേശം വരും. തിരുനെല്ലി, തൃശിലേരി, പുല്‍പ്പള്ളി, ഇരുളം, നൂല്‍പ്പുഴ പഞ്ചായത്തുകള്‍ ഇതിന്റെ പരിധിയില്‍ വരും. മലബാര്‍ വന്യജീവി സങ്കേതവും ആറളം വന്യജീവി സങ്കേതവും വയനാടുമായി പങ്കിടുന്നതാണ്. ഇതിന്റെ രണ്ടിന്റേയും ബഫര്‍സോണ്‍ പരിധിയിലും വയനാട്ടിലെ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്നുണ്ട്.

കോഴിക്കോട്-വയനാട് ജില്ലകളിലായുള്ള മലബാര്‍ വന്യജീവി സങ്കേതത്തിന്റെ ബഫര്‍സോണ്‍ പ്രഖ്യാപിച്ചപ്പോള്‍ വലിയ പ്രതിഷേധങ്ങളും സമരങ്ങളും വയനാട്ടില്‍ നടന്നിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ബഫര്‍സോണില്‍നിന്നും ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കിക്കൊണ്ട് ഭേദഗതിവരുത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയത്തിനു കത്തയച്ചിരുന്നു. ജനുവരി അവസാനത്തോടെ വയനാട് വന്യജീവി സങ്കേതത്തിന്റെ ചുറ്റും പരിസ്ഥിതിലോല പ്രദേശം പ്രഖ്യാപിച്ചുകൊണ്ട് കരട് വിജ്ഞാപനം വന്നതോടെ ജനങ്ങള്‍ വീണ്ടും സമരത്തിന് ഇറങ്ങിയിരിക്കുകയാണ്. വന്യജീവി സങ്കേതങ്ങളും ഒപ്പം ബഫര്‍സോണും കൂടി വരുന്നതോടെ വയനാടിന്റെ പകുതിയിലേറെ ഭാഗം പരിസ്ഥിതിലോല പ്രദേശമായി മാറും. ബഫര്‍സോണില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കും വ്യവസായങ്ങള്‍ക്കും മറ്റ് ചെറുകിട സംരംഭങ്ങള്‍ക്കും നിയന്ത്രണം വരും. മരം മുറിക്കുന്നതിനു പ്രത്യേക അനുമതി തേടേണ്ടിവരും. കൃഷിചെയ്യുന്നതിനും ചട്ടങ്ങള്‍ പാലിക്കേണ്ടിവരും. വലിയ തോതിലുള്ള ക്വാറികളും റിസോര്‍ട്ടുകളും പൂര്‍ണമായും നിരോധിക്കും.കാലാവസഥാ വ്യതിയാനം മൂലമുണ്ടാവുന്ന കൃഷി നാശത്തിലും പ്രളയങ്ങളുമെല്ലാം ജീവിതം തച്ചുടച്ച കര്‍ഷകരുടെ ഇടിയിലേക്ക് ബഫര്‍സോണ്‍ കൂടെ വരുമ്പോള്‍ നിസ്സഹായരായി നോക്കി നില്‍ക്കുകയാണ് മലയോര ജനത.

മലബാര്‍ വന്യജീവി സങ്കേതം

പെരുവണ്ണാമൂഴി റേഞ്ചിനു കീഴിലുളള, കോഴിക്കോട്, വയനാട് അതിര്‍ത്തി പ്രദേശങ്ങളുള്‍പ്പെടുന്ന 80 ചതുരശ്ര കിലോമീറ്റര്‍ വനപ്രദേശമാണ് മലബാര്‍ വന്യജീവി സങ്കേതം. കോഴിക്കോട്, വയനാട് ജില്ലകളിലെ 13 വില്ലേജുകളാണ് മലബാര്‍ വന്യജീവി സങ്കേതത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ചെമ്പനോട്, ചക്കിട്ടപ്പാറ, കെടവൂര്‍, തരിയോട്, പൊഴുതന, അച്ചൂരാണം, കുന്നത്തുനാട് വില്ലേജുകളെ നിര്‍ദേശം പൂര്‍ണമായും ബാധിക്കും. പൂജ്യം മുതല്‍ ഒരു കിലോമീറ്റര്‍ വരെയാണ് ഇതിന്റെ സംരക്ഷിത മേഖല.

ആദ്യ വിജ്ഞാപനത്തില്‍ വന്യജീവി സങ്കേതത്തിനു ചുറ്റും പത്ത് കിലോമീറ്റര്‍ സംരക്ഷിത മേഖലയാക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് സംരക്ഷിത മേഖല ഒരു കിലോമീറ്ററാക്കി കുറച്ചാണ് പുതിയ വിജ്ഞാപനം. സംരക്ഷിത മേഖലയില്‍ കരിങ്കല്‍ ഖനനം, മരവ്യവസായം എന്നിവയ്ക്ക് നിരോധനമുണ്ട്. അതേസമയം, കൃഷി അടക്കം ഈ മേഖലയിലെ ഉപജീവന സാധ്യതകളെ ബഫര്‍ സോണ്‍ പ്രഖ്യാപനം പ്രതിസന്ധിയിലാക്കുമെന്ന് പറയുന്നു കര്‍ഷകര്‍.

ജനങ്ങള്‍ മതിയായ രേഖകളോടെ തലമുറകളായി കൈവശം വെച്ചനുഭവിച്ച് വരുന്നതും, ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്നതും, കൃഷി ചെയ്ത് ഉപജീവനം നയിച്ചുവരുന്നതുമായ കൃഷിഭൂമിയാണ് പരിസ്ഥിതിലോലമേഖലയായി പ്രഖ്യാപിക്കുന്നത്. നൂറ് കണക്കിന് വീടുകളും, ആയിരക്കണക്കിനാളുകളും, സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും, ആരാധാനാലയങ്ങളും, ആശുപത്രികളും, പ്രധാന റോഡുകളും, മാര്‍ക്കറ്റുകളും, അങ്ങാടികളും, സ്ഥാപനങ്ങളും, ചെറുകിട നാമമാത്ര വ്യവസായങ്ങളും, റബര്‍, തെങ്ങ്, കൊക്കോ, ഇഞ്ചി, കുരുമുളക്, കപ്പ തുടങ്ങിയ കൃഷികളും അടങ്ങുന്നതാണ് ഈ വില്ലേജുകളിലെ പ്രസ്തുത പ്രദേശങ്ങള്‍. നിര്‍ദേശം പ്രാവര്‍ത്തികമായാല്‍ ഇവിടങ്ങളിലെ ജീവിതം ദുരിതത്തിലാവും. അവരുടെ കൃഷിയെ വിട്ടെറിഞ്ഞ് പോരേണ്ടി വരും.

കര്‍ഷകരെ തൂത്തെറിയും-ജോയ് കണ്ണഞ്ചിറ (വി.ഫാം)

റവന്യൂഭൂമിയിലേക്ക് വനനിയമങ്ങള്‍ കടന്നുവരുന്നുവെന്നതാണ് കരട് വിജ്ഞാപനത്തിലെ ഏറ്റവും വലിയ പ്രശ്നം. നിലവില്‍ റവന്യൂഭൂമി ആയിരിക്കുന്ന സമയത്ത് തന്നെ വന്യമൃഗ ശല്യം കാരണവും വനപാലകരുടെ പീഡനവും മൂലം കൃഷിയും കൃഷിഭൂമിയും വിട്ട് ഓടിപ്പോവേണ്ട അവസ്ഥയിലാണ് കര്‍ഷകര്‍. ഇതിനിടെയാണ് വനപാലകര്‍ക്ക് കാര്‍ഷകരുടെ ഭൂമിയിലേക്ക് യഥേഷ്ടം കടന്ന് വരാന്‍ സൗകര്യമൊരുക്കുന്ന പരിസ്ഥിതി ലോല മേഖലയുടെ അതിര്‍ത്തി നിര്‍ണയം കൂടി വരുന്നത്. നിയമങ്ങള്‍ വന്നാല്‍ മലയോര ജനങ്ങള്‍ക്ക് അവരുടെ ജീവിത മാര്‍ഗമായ കൃഷിയെ പോലും ബാധിക്കുമെന്നതാണ് സത്യം. അതിര്‍ത്തിക്കുള്ളില്‍ ഒരു തരത്തിലുമുള്ള രാസവസ്തുക്കളും ഉപയോഗിക്കരുതെന്ന് കരട് നിര്‍ദേശത്തില്‍ വ്യക്തമായി പറയുന്നുണ്ട്. ഇത് റബര്‍ കൃഷിയെ പൂര്‍ണമായും ഇല്ലാതാക്കും. റബര്‍ വെട്ടി ഷീറ്റാകുന്നതിനിടയ്ക്കുള്ള പ്രോസിസിങ്ങില്‍ ആസിഡിന്റെ ഉപയോഗമുണ്ട്. അല്ലാതെ ഷീറ്റാകില്ല. നിയമം വന്നാല്‍ ഇവിടെ ഒരു കിണര്‍ കുത്താന്‍ പോലും വിലക്കുണ്ടാവും, കുഴല്‍ കിണര്‍ കുത്താനും വിലക്കാണ്. മലയോര ജനത വെള്ളം കുടിക്കാതെ മരിക്കട്ടെയെന്നാണോ അധികാരികള്‍ ഉദ്ദേശിക്കുന്നത്? ഒരു കുഴികുത്താന്‍ പോലും അനുവദിക്കാതെ എങ്ങനെയാണ് കൃഷി നടത്തുക. ചുരുക്കി പറഞ്ഞാല്‍ മലയോരത്ത് നിന്നും കുടിയേറ്റ കര്‍ഷകരെ പൂര്‍ണമായും തുടച്ച് നീക്കാനുള്ള ഗൂഢാലോചനയാണ് ഇതിന് പിന്നില്‍.

നടപ്പാക്കാന്‍ സര്‍ക്കാരിന് താല്‍പര്യമില്ല-സി.ആര്‍.നീലകണ്ഠന്‍ (പരിസ്ഥിതി പ്രവര്‍ത്തകന്‍)

പശ്ചിമഘട്ടത്തെ സംരക്ഷിക്കാന്‍ പരിസ്ഥിതി ലോല അതിര്‍ത്തി നിര്‍ണയം ആവശ്യമാണെന്ന വാദം വര്‍ഷങ്ങള്‍ക്ക് മുന്‍പേ തുടങ്ങിയതാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടും കസ്തൂരി രംഗനുമൊക്കെ വന്നത്. പക്ഷെ ഒന്നും നടന്നില്ല. ഇപ്പോള്‍ കുറെ അശാസ്ത്രീയമായ നിര്‍ദേശങ്ങള്‍ കുത്തിത്തിരുകി കരട് റിപ്പോര്‍ട്ട് എന്ന് പറഞ്ഞ് മുന്നോട്ട് വെച്ചിരിക്കുകയാണ്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ പറയുന്നത് നിര്‍ദേശങ്ങള്‍ അതാത് ഗ്രാമസഭകള്‍ ചര്‍ച്ച ചെയ്ത് എങ്ങനെ നടപ്പിലാക്കാനാവുമെന്ന് ആലോചിക്കാനാണ്. അങ്ങനെയാണ് നിര്‍ദേശങ്ങള്‍ മുന്നോട്ട് വെക്കേണ്ടത്. അല്ലാതെ മുകളില്‍ ഇരുന്ന് കുറെ നടക്കാത്ത കാര്യങ്ങള്‍ എഴുതി കൂട്ടി റിപ്പോര്‍ട്ടാക്കുകയല്ല വേണ്ടത്. ശാസ്ത്രീയമായ ഒരു പഠനവും നടത്താതെയാണ് കരട് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. അതുകൊണ്ടാണ് മലയോര കര്‍ഷകര്‍ വലിയ പ്രതിഷേധവുമായി എത്തുന്നത്. റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാരിനും നല്ല ബോധ്യമുണ്ട്. എന്നാല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. അത് വേണ്ടെന്ന് പറയുക ഖനന മാഫിയകള്‍ മാത്രമായിരിക്കും. മലയോര നിവാസികളെ കുടിയിറക്കിയോ അവരുടെ കൃഷിക്ക് ദോഷം ചെയ്യുന്ന രീതിയിലോ ആവരുത് ഒരു നിര്‍ദേശവും. ഇപ്പോള്‍ തന്നെ വന്യമൃഗ ശല്യം കാരണവും കാലാവസ്ഥാ മാറ്റം കാരണമുള്ള കൃഷിനാശത്താലും ഏറെ ദുരിതത്തിലാണ് കര്‍ഷകര്‍. ഇതിനൊപ്പമാണ് അശാസ്ത്രീയമായ നിര്‍ദേശങ്ങള്‍ കുത്തിത്തിരുകിയുള്ള കരട് നിര്‍ദേശങ്ങള്‍ അവരുടെ മേല്‍ വെച്ച് കെട്ടുന്നത്.

Content Highlights: Protest brewing over buffer zones in Kerala's high ranges

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
eknath shinde rahul gandhi

1 min

'സവർക്കറെ രാഹുൽ അപമാനിച്ചു, റോഡിലിറങ്ങി നടക്കാൻ പാടുപെടും'; ഭീഷണിയുമായി ഏക്നാഥ് ഷിന്ദെ

Mar 25, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


RAHUL

1 min

'വളരെ ലളിതമായ ചോദ്യം, ആ 20,000 കോടി രൂപ ആരുടേത്..?'; അയോഗ്യനാക്കിയാലും വിടില്ലെന്ന് രാഹുല്‍

Mar 25, 2023

Most Commented