രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര, മല്ലികാർജുൻ ഖാർഗെ, പ്രശാന്ത് കിഷോർ
നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ 2014 ലില്‍ ബിജെപി നേടിയ ചരിത്രവിജയത്തിന് ശേഷം രാജ്യത്തെ രാഷ്ട്രീയ നിരീക്ഷകര്‍ നിരന്തരം സംസാരിച്ചുകൊണ്ടിരുന്ന പേരുകളിലൊന്ന് ഒരു തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്റേതായിരുന്നു. തിരഞ്ഞെടുപ്പുകളെ തന്റെ 'ക്ലയന്റ്സി'ന് അനുകൂലമാക്കി തീര്‍ക്കാന്‍ ബ്രഹ്മാണ്ഡ പദ്ധതികള്‍ മുതല്‍ സൂക്ഷ്മ നീക്കങ്ങള്‍ വരെ പ്രതിഫലം വാങ്ങി നടപ്പിലാക്കിക്കൊടുക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണ ഗ്രൂപ്പിന്റെ തലവന്‍. 2014-ല്‍ മോദിക്കുവേണ്ടി, പിന്നീട് ബിഹാറില്‍ നിതീഷിനുവേണ്ടി. നിതീഷിന്റെ പാര്‍ട്ടിയില്‍ ചേര്‍ന്നയുടന്‍ തന്നെ ലഭിച്ചത് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനം. പൗരത്വഭേദഗതി നിയമത്തിലെ അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് പാര്‍ട്ടിക്ക് പുറത്ത്. 2017-ല്‍ പഞ്ചാബില്‍ അമരീന്ദറിന് വേണ്ടി, 2019-ല്‍ ആന്ധ്രപ്രദേശില്‍ വെ.എസ്. ജഗന്‍മോഹനൊപ്പം. ഇതേവര്‍ഷം തെലങ്കാനയില്‍ കെ.സിആറിന് വേണ്ടിയും മഹാരാഷ്ട്രയില്‍ ശിവസേനയ്ക്ക് വേണ്ടിയും. 2020-ല്‍ ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിക്ക് വേണ്ടി. 2021 ല്‍ ബംഗാളില്‍ തൃണമൂലിന് വേണ്ടി, തമിഴ്നാട്ടില്‍ സ്റ്റാലിനായും രംഗത്ത്. വിജയിച്ച തിരഞ്ഞെടുപ്പുകളില്‍ നയിച്ചവര്‍ക്കൊപ്പം ഉയര്‍ന്നുകേട്ട പേരുകളിലൊന്നായിരുന്നു പ്രശാന്ത് കിഷോറിന്റേത്.
എന്നാല്‍, ഒപ്പം നിന്നപ്പോള്‍ പരാജയപ്പെട്ട തിരഞ്ഞെടുപ്പുകളെക്കുറിച്ച് അധികം ആരും സംസാരിച്ചില്ല. സംസാരിച്ചപ്പോഴൊക്കെ, ആര്‍ക്ക് വേണ്ടിയാണോ താന്‍ ജോലി ചെയ്തത്, അവരില്‍ പോരായ്മ കണ്ടെത്തി ന്യായീകരിച്ചു, പ്രശാന്ത്. 2017-ല്‍ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് മുഖമില്ലായിരുന്നുവെന്ന് പരാതി. ഗോവയിലും ത്രിപുരയിലും തൃണമൂലിന് വേണ്ടി ആഞ്ഞുപിടിച്ചിട്ടും, മുടക്കിയ കാശ് നഷ്ടപ്പെട്ടുവെന്ന് പാര്‍ട്ടിക്കുള്ളില്‍ പരാതി. ഇതിനിടെയാണ്, ഇനിയൊരു തിരഞ്ഞെടുപ്പ് പരാജയം കൂടെ പൊതുതിരഞ്ഞെടുപ്പില്‍ താങ്ങാന്‍ ശേഷിയില്ലാത്ത കോണ്‍ഗ്രസ്, 2024 ലക്ഷ്യമാക്കി പ്രവര്‍ത്തനം ആരംഭിക്കാനിരിക്കെ പ്രശാന്ത് കിഷോര്‍ ഹൈക്കമാന്‍ഡിനെ സമീപിക്കുന്നത്. അന്നത്തെ എ.ഐ.സി.സി. പ്രസിഡന്റ് സോണിയാ ഗാന്ധിയുമായും കോണ്‍ഗ്രസ് നേതാക്കളുമായി പത്ത് ജനപഥില്‍ നിരന്തര ചര്‍ച്ചകള്‍. പ്രശാന്ത് പാര്‍ട്ടിയില്‍ ചേര്‍ന്ന് ഉന്നതസ്ഥാനം നേടിയേക്കുമെന്ന് വരെ അഭ്യൂഹമുയര്‍ന്നു. പക്ഷേ, ചര്‍ച്ചകള്‍ക്കൊടുവില്‍ കോണ്‍ഗ്രസിന് തന്നെയല്ല കൂട്ടായ നേതൃത്വമാണ് ആവശ്യമെന്ന മുനവെച്ച പ്രതികരണത്തോടെ സഹകരണസാധ്യതയ്ക്ക് പ്രശാന്ത് തന്നെ വിരാമമിട്ടു. എന്നാല്‍, പ്രശാന്ത് കോണ്‍ഗ്രസിനെയാണോ കോണ്‍ഗ്രസ് പ്രശാന്തിനെയാണോ കൈയൊഴിഞ്ഞത് എന്ന് ഇരുഭാഗത്തിനും മാത്രമറിയാവുന്ന രഹസ്യം.

പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസുമായി ചര്‍ച്ചകള്‍ നടത്തിയപ്പോഴൊക്കെയും രാഹുലിന്റെ അസാന്നിധ്യം കൂടി ചര്‍ച്ചയായി. ഇതിനിടെയിലാണ് പ്രശാന്തിന്റേതെന്ന പേരില്‍ പല പദ്ധതികള്‍ പ്രചരിപ്പിക്കപ്പെട്ടത്. 80 മുതല്‍ 600 പേജുകള്‍ വരെയുള്ള നീണ്ട പദ്ധതിക്കുറിപ്പുകളിലേതെന്ന പേരില്‍ ഒരേ ഉള്ളടക്കങ്ങള്‍ അന്ന് പുറത്തുവന്നു. പുറത്തുവന്ന ഓരോ വിവരങ്ങളിലും സമാനതകളുള്ള ഒരുപാട് നിര്‍ദേശങ്ങള്‍. പ്രശാന്തുമായുള്ള സഹകരണ സാധ്യത അടഞ്ഞെങ്കിലും (അടച്ചെങ്കിലും), 2024-ന് ഒരുങ്ങാന്‍ ഇനിയും വൈകിക്കൂടെന്ന ബോധ്യം കോണ്‍ഗ്രസിനുണ്ടായി. പുറമേയ്ക്ക് സമ്മതിക്കുന്നില്ലെങ്കിലും, രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര വഴി പൊതുതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രവര്‍ത്തനമാരംഭിച്ചു. ഇതിനിടയില്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടന്നു. ഗാന്ധി കുടുംബത്തിന് പുറത്ത് നിന്ന് ഒരു പ്രസിഡന്റ് വന്നു. ഉദയ്പുരില്‍ ചിന്തന്‍ ശിബിരവും റായ്പുരില്‍ പ്ലീനറി സമ്മേളനവും നടത്തി. പല പദ്ധതികള്‍ പ്രഖ്യാപിക്കപ്പെട്ടു. പാര്‍ട്ടിയെ അടിമുടി മാറ്റുമെന്ന പ്രഖ്യാപനത്തില്‍ പുതിയ നയങ്ങള്‍ രൂപീകരിക്കപ്പെട്ടു. പ്രഖ്യാപനങ്ങളുണ്ടായി. എന്നാല്‍, യാദൃച്ഛികമെന്നോ അല്ലെന്നോ വിശേഷിപ്പിക്കാവുന്ന തരത്തില്‍ ഇതില്‍ പലതിനും പ്രശാന്ത് കിഷോറിന്റെ പേരില്‍ പ്രചരിപ്പിക്കപ്പെട്ട പദ്ധതികളുമായി വല്ലാത്ത സാമ്യമുണ്ടായിരുന്നു!
പേരില്‍ ഗാന്ധിയില്ലാത്ത പ്രസിഡന്റ്
സംഘടനയെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ അഞ്ചിന നിര്‍ദ്ദേശങ്ങളാണ് കോണ്‍ഗ്രസ്- പ്രശാന്ത് കിഷോര്‍ ചര്‍ച്ചകളുടെ കാലത്ത് പുറത്ത് വന്നത്. നേതൃത്വ പ്രതിസന്ധി പരിഹരിക്കുക, സഖ്യങ്ങളെക്കുറിച്ച് ബോധ്യമുണ്ടാവുക, സംഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ വീണ്ടെടുക്കുക, താഴേത്തട്ടില്‍ സംഘടന ശക്തിപ്പെടുത്തുക, മാധ്യമ- സാമൂഹിക മാധ്യമ വിനിമയ ശൃംഖല
ശക്തിപ്പെടുത്തുക എന്നിവയായിരുന്നു പ്രശാന്തിന്റെ അഞ്ച് നിര്‍ദ്ദേശങ്ങള്‍.
നേതൃത്വപ്രതിസന്ധി പരിഹരിക്കാന്‍ രണ്ട് നിര്‍ദ്ദേശങ്ങളായിരുന്നു പി.കെ. എന്ന ചുരുക്കപ്പേരില്‍ രാഷ്ട്രീയ ഇടനാഴിയില്‍ അറിയപ്പെടുന്ന പ്രശാന്ത് കിഷോറിന് മുന്നോട്ടുവെക്കാനുണ്ടായിരുന്നത്. ആദ്യത്തേത്, അന്നത്തെ അവസ്ഥയില്‍ സോണിയാ ഗാന്ധി തന്നെ പ്രസിഡന്റ് സ്ഥാനത്ത് തുടരുക എന്നതായിരുന്നു. അതല്ലെങ്കില്‍ ഗാന്ധി കുടുംബത്തിന് പുറത്തുനിന്ന് ഒരു പാര്‍ട്ടി പ്രസിഡന്റ്. ഇതിനൊപ്പം തന്നെ കൂട്ടിവായിക്കേണ്ട, മറ്റ് പ്രധാന പോസ്റ്റുകളിലേക്കുള്ള നിര്‍ദ്ദേശങ്ങളും പി.കെ. മുന്നോട്ട് വെച്ചു. സോണിയാ ഗാന്ധി പ്രസിഡന്റായി തുടരുകയാണെങ്കില്‍, മുമ്പ് കോണ്‍ഗ്രസ് നേതാവായിരുന്ന, കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ച, എന്നാല്‍ ഇന്ന് കൈകോര്‍ക്കാന്‍ കഴിയുന്ന ഒരാളെ യു.പി.എ. അധ്യക്ഷ സ്ഥാനത്ത് എത്തിക്കുക. പ്രശാന്ത് കിഷോറിന്റെ കോണ്‍ഗ്രസ് പ്രവേശന ചര്‍ച്ചകള്‍ നടക്കുന്ന ഘട്ടത്തില്‍ കോണ്‍ഗ്രസുമായി അടുപ്പം കാണിക്കുകയും മഹാരാഷ്ട്രയില്‍ മഹാവികാസ് അഘാഡി സര്‍ക്കാരിന് നേതൃപരമായ പങ്കുവഹിക്കുകയും ചെയ്യുന്ന നേതാവെന്ന നിലയില്‍, പി.കെ. വിരല്‍ ചൂണ്ടുന്നത് ശരദ് പവാറിലേക്കാണോ എന്നായിരുന്നു രാഷ്ട്രീയലോകം ഉയര്‍ത്തിയ പ്രധാനചോദ്യം. മമതാ ബാനര്‍ജിയിലേക്കുള്ള പാലമാണോയെന്നും സംശയമുയര്‍ന്നു. അതേസമയം, സംഘടനാ തലത്തില്‍ പ്രസിഡന്റിന് പുറമേ, ഗാന്ധി കുടുംബത്തിന് പുറത്തുനിന്ന് ഒരു വര്‍ക്കിങ് പ്രസിഡന്റ്, അല്ലെങ്കില്‍ ഒരു വൈസ് പ്രസിഡന്റ്. പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി രാഹുല്‍ ഗാന്ധി, കോര്‍ഡിനേഷന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധി. എന്നാല്‍, ഈ നേതൃഫോര്‍മുലയുടെ ഫലപ്രാപ്തയില്‍ പ്രശാന്തിന് തന്നെ സംശയം ഉണ്ടായിരുന്നു. എളുപ്പത്തില്‍ എത്തിച്ചേരാവുന്ന എന്നാല്‍ കാര്യമായി മാറ്റമൊന്നും ഉണ്ടാക്കാന്‍ പോകാത്ത തിരഞ്ഞെടുപ്പ് എന്നായിരുന്നു പി.കെയുടെ തന്നെ വിലയിരുത്തല്‍.
എന്നാല്‍, അന്ന് മൂന്നോട്ട് വെച്ച രണ്ടാമത്തെ നിര്‍ദ്ദേശം കോണ്‍ഗ്രസിനെ സംബന്ധിച്ച് അടുത്തകാലത്ത് വരെ അപ്രാപ്യമെന്ന് തോന്നാമായിരുന്ന ഒന്നായിരുന്നു. അതിന്റെ പ്രധാനകാരണം ഗാന്ധി കുടുംബത്തിന് പുറത്ത് നിന്ന് ഒരു പാര്‍ട്ടി പ്രസിഡന്റ് എന്ന നിര്‍ദ്ദേശമായിരുന്നു. നടപ്പാക്കിയെടുക്കാന്‍ ബുദ്ധിമുട്ടേറിയത് എന്ന 'യാഥാര്‍ഥ്യബോധം' അന്ന് ഈ നിര്‍ദ്ദേശത്തെ സംബന്ധിച്ച് പ്രശാന്ത് കിഷോര്‍ തന്നെ പ്രകടിപ്പിച്ചിരുന്നു. അത് പാര്‍ട്ടിക്ക് കൊണ്ടുവരുന്ന പ്രഭാവം പക്ഷേ വളരേ വലുതായിരിക്കുമെന്ന് അദ്ദേഹം കരുതി. സോണിയാ ഗാന്ധി അന്ന് നേതൃതലത്തില്‍ നിന്ന് മാറി നില്‍ക്കുന്നതുമായി ബന്ധപ്പെട്ട സൂചനകള്‍ ഒന്നും തന്നെ നല്‍കാതിരുന്നതിനാല്‍ കൂടിയാവണം അവരെ യു.പി.എ. ചെയര്‍പേഴ്സണായും രാഹുലിനെ സഭയിലെ നേതാവായും പ്രിയങ്കയ്ക്ക് നേരത്തെ തന്നെ നല്‍കിയ സ്ഥാനവും നിര്‍ദ്ദേശിച്ചു. അധ്യക്ഷന്‍ ഗാന്ധി കുടുംബത്തിന് പുറത്തുനിന്നെങ്കില്‍ മറ്റൊരു വര്‍ക്കിങ് പ്രസിഡന്റോ വൈസ് പ്രസിഡന്റോ വേണ്ടെന്ന് പ്രശാന്ത് കിഷോര്‍ നിര്‍ദ്ദേശിച്ചു.
ഗാന്ധി കുടുംബത്തിന് പുറത്തുനിന്നൊരാളെ പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കുന്ന ഒരാളെ പാര്‍ട്ടിയുടെ രക്ഷകനായി അവതരിപ്പിക്കുന്നു, അയാളുടെ പാര്‍ട്ടി പ്രവേശം വലിയ വാര്‍ത്തയാക്കുന്നു എന്ന ധ്വനിയോടൂകൂടിയാണ്, ഉള്ളില്‍ നിന്നായാലും പുറത്തുനിന്നായാലും, പ്രശാന്തിന്റെ പാര്‍ട്ടിയെ പുനഃരുജ്ജീവിപ്പിക്കാനുള്ള നിര്‍ദ്ദേശം വലിയ ചര്‍ച്ചയാക്കി മാറ്റിയത്. ഒന്നുകില്‍ സത്യസന്ധമായോ അല്ലെങ്കില്‍ കൈകഴുകാനോ, ഗാന്ധി കുടുംബത്തിന് പുറത്തുനിന്ന് ഒരു പ്രസിഡന്റ് എന്ന നിര്‍ദേശം അടങ്ങിയ, തന്റെ പേരില്‍ പ്രചരിച്ച പദ്ധതി 'പഴയ'താണെന്ന് പ്രശാന്ത് കിഷോറിന് പറയേണ്ടിവന്നു.

കോണ്‍ഗ്രസ് പാര്‍ട്ടി ശക്തമായാല്‍ മാത്രമേ യു.പി.എ. പ്രവര്‍ത്തനനിരതമാക്കാന്‍ കഴിയൂവെന്നായിരുന്നു പ്രശാന്ത് കിഷോര്‍ മുന്നോട്ടുവെച്ച ആശയം. പ്രധാന മേഖലകളില്‍ ജനസ്വാധീനമുള്ള, കോണ്‍ഗ്രസ് വിട്ടുപോയ നേതാക്കളെ ചേര്‍ത്തുപിടിക്കാന്‍ കൂടി കഴിയുന്ന നേതാവാകണം യു.പി.എ. ചെയര്‍പേഴ്‌സണെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍, ഇനിയുമൊരു പിളര്‍പ്പിലേക്ക് പോകാതെ കോണ്‍ഗ്രസിനെ ഒന്നായി നിലനിര്‍ത്തുക എന്ന ഒറ്റക്കാരണം മാത്രമാണ്, സോണിയാ ഗാന്ധി അഥവാ ഗാന്ധി കുടുംബാംഗം പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന് ആവശ്യപ്പെടാന്‍ പ്രശാന്തിനെ നിര്‍ബന്ധിച്ചത്. പാര്‍ലമെന്റിലും പുറത്തും ജനങ്ങളുടെ ശബ്ദമുയര്‍ത്താന്‍ രാഹുല്‍ അല്ലാതെ മറ്റൊരു മുഖം മുന്നോട്ടുവെക്കാനില്ലായിരുന്നു. അതിനാല്‍, സഭാകക്ഷി നേതാവായി രാഹുല്‍ തന്നെ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാഹുലിന് കീഴില്‍, ഉപദേശകരായി 10- 12 വരെ വിഷയവിദഗ്ധരേയും പ്രവര്‍ത്തനപാരമ്പര്യമുള്ളവരുടേയും പുതുമുഖങ്ങളുടേയും നിരയടങ്ങുന്ന 25 പേര്‍ വരെയുള്ള ഒരു നിഴല്‍മന്ത്രിസഭയും വേണെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 'തിരഞ്ഞെടുക്കപ്പെട്ട ഏകാധിപത്യത്തിനെതിരെ പോരാടാന്‍' കൂട്ടുത്തരവാദിത്വം എന്നായിരുന്നു മുദ്രാവാക്യം. കോണ്‍ഗ്രസ് നേതൃത്വത്തിന്റേയും പാര്‍ലമെന്ററി പാര്‍ട്ടിയുടേയും ആഹ്വാനങ്ങള്‍ കൃത്യമായി താഴെതട്ടില്‍ എത്തിക്കാന്‍ സംയോജകയുടെ ചുമതലയായിരിന്നു പ്രിയങ്ക ഗാന്ധിയടക്കമുള്ള ജനറല്‍ സെക്രട്ടറിമാര്‍ക്ക് പി.കെയുടെ പദ്ധതി ലക്ഷ്യം കണ്ടിരുന്നെങ്കില്‍ നിറവേറ്റാനുണ്ടായിരുന്നത്.
ഒറ്റയ്ക്കല്ല, യു.പി.എയുമല്ല. പിന്നെ?
സഖ്യത്തെക്കുറിച്ച് മൂന്ന് പദ്ധതികളാണ് ഉണ്ടായിരുന്നത്. ഒന്ന്, ഒറ്റയ്ക്ക് മത്സരിക്കുക. രണ്ട്, 2004-നും 2009-നും ശേഷം ഒരു മൂന്നാം യു.പി.എ. മൂന്ന്, '
കോണ്‍ഗ്രസ് പ്ലസ്'. കാലത്തിന്റെ ആവശ്യമെന്ന നിലയില്‍ പി.കെ. വിജയസാധ്യത കല്‍പ്പിച്ചത് 'കോണ്‍ഗ്രസ് പ്ലസ്' എന്ന നിര്‍ദേശത്തിനാണ്. പാര്‍ട്ടിക്ക് ശക്തിയുള്ള ഇടങ്ങളില്‍ ഒറ്റയ്ക്ക് മത്സരിക്കുകയും മറ്റിടങ്ങളില്‍ തന്ത്രപരമായ സഖ്യങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുക എന്നതായിരുന്നത് അത്. ദേശീയ പാര്‍ട്ടിയെന്ന പ്രതിച്ഛായ നിലനിര്‍ത്തിക്കൊണ്ടുതന്നെ അഞ്ചോ- ആറോ കക്ഷികളുമായി സഖ്യത്തിലെത്തുക.
പ്രത്യയശാസ്ത്രപരമായി വൈരുദ്ധ്യങ്ങളില്ലാത്തവരുമായും അടുത്തകാലത്തൊന്നും തിരഞ്ഞെടുപ്പില്‍ നേരിട്ട് ഏറ്റുമുട്ടലുകള്‍ ഉണ്ടാകാത്തവരും കോണ്‍ഗ്രസ് വിട്ട് രൂപീകൃതമായ പ്രാദേശിക പാര്‍ട്ടികളുമായും കഴിഞ്ഞ 20 കൊല്ലത്തിനിടെ അധികാരത്തിലോ പ്രതിപക്ഷത്തോ കോണ്‍ഗ്രസ് ഇരിക്കാത്ത സംസ്ഥാനങ്ങളിലും സഖ്യമാകാമെന്നായിരുന്നു നിര്‍ദേശം. 17 സംസ്ഥാനങ്ങളിലായി 358 സീറ്റില്‍ ഒറ്റയ്ക്ക് മത്സരിക്കുക. അഞ്ച് സംസ്ഥാനങ്ങളിലെ 168 സീറ്റില്‍ പ്രാദേശിക സഖ്യം. ഇതില്‍ മഹാരാഷ്ട്രയില്‍ എന്‍.സി.പിയുമായും ആന്ധ്രാപ്രദേശില്‍ വൈ.എസ്.ആര്‍. കോണ്‍ഗ്രസുമായും ഝാര്‍ഖണ്ഡില്‍ ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയുമായും തമിഴ്നാട്ടില്‍ ഡി.എം.കെയുമായും പശ്ചിമ ബംഗാളില്‍ തൃണമൂലുമായും സഖ്യമാവാമെന്ന് പറയുന്നു. ജമ്മു കശ്മീര്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് മുതിര്‍ന്ന കക്ഷിയായ സഖ്യങ്ങള്‍. ഇതില്‍ ഒറ്റയ്ക്ക് മത്സരിക്കുന്ന സംസ്ഥാനങ്ങളുടെ കൂട്ടത്തിലാണ് കേരളത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നതെങ്കിലും, പരമ്പരാഗത സഖ്യം നിലനില്‍ക്കുന്ന സംസ്ഥാനമെന്ന നിലയില്‍ സവിശേഷമായി തന്നെയാണ് കേരളത്തെ പരിഗണിച്ചത്. 16 സീറ്റ് കോണ്‍ഗ്രസിനും നാലുസീറ്റ് സഖ്യകക്ഷികള്‍ക്കും എന്ന ഫോര്‍മുലയാണ് കേരളത്തെ സംബന്ധിച്ച് മുന്നോട്ട് വെച്ചത്.
സംഘടന ശക്തിപ്പെടുത്തണം
സംഘടന താഴേ തട്ടുമുതല്‍ ശക്തിപ്പെടുത്തേണ്ടതിന്റെ അനിവാര്യത പല തവണ തന്റെ പദ്ധതി രൂപരേഖയില്‍ പ്രശാന്ത് ചൂണ്ടിക്കാട്ടുന്നുണ്ട്. എല്ലാ ഘടകത്തിലും സംഘടനാ തിരഞ്ഞെടുപ്പ് വഴി പുനഃസംഘടനയെന്ന നിര്‍ദ്ദേശമായിരുന്നു മുന്നോട്ട് വെച്ചത്. ഒരാള്‍ക്ക് ഒരു പദവി. പ്രവര്‍ത്തക സമിതിക്കടക്കം നിശ്ചിതകാലപരിധി. കുടുംബാധിപത്യം ഇല്ലാതാക്കാന്‍ ഒരുകുടംബത്തിന് ഒരു ടിക്കറ്റ്. കോണ്‍ഗ്രസ് കുടുംബങ്ങളില്‍ നിന്ന് ഏഴ് വര്‍ഷത്തെ സജീവ പാര്‍ട്ടി അംഗത്വമുള്ളവര്‍ക്ക് മാത്രം തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യോഗ്യത. പാര്‍ട്ടിയുടെ സംസ്ഥാന- ദേശീയ തലത്തിലെ എല്ലാ പ്രധാനപദവികളിലും പകുതിപ്പേര്‍ തിരഞ്ഞെടുക്കപ്പെടുന്നവരും മറുപകുതി നാമനിര്‍ദേശം ചെയ്യപ്പെടുന്നവരും. നാമനിര്‍ദേശം ചെയ്യപ്പെടുന്നവര്‍ ജനപ്രതിനിധികള്‍ ആയിരിക്കണം തുടങ്ങിയ നിര്‍ദേശങ്ങളായിരുന്നു സംഘടന ശക്തിപ്പെടുത്താന്‍ അവതരിപ്പിക്കപ്പെട്ടത്. ജാതി- പ്രായ- ലിംഗ- സാമൂഹിക വിഭാഗങ്ങള്‍ക്ക് നേതൃതലത്തില്‍ അര്‍ഹമായ പ്രാതിനിധ്യം. ഗുരുതര സ്വഭാവമുള്ള കേസുകളില്‍ വിചാരണ നേരിടുന്നവര്‍ക്ക് സ്ഥാനാര്‍ഥിത്വം നല്‍കാതിരിക്കുക. പാര്‍ട്ടിയുടെ സാമ്പത്തിക ഇടപാടുകളുടെ പൂര്‍ണ്ണവിവരം പൊതുസമൂഹത്തിന് മുന്നില്‍ വെളിപ്പെടുത്തുക എന്നിവയും പി.കെ. മുന്നോട്ട് വെച്ച നിര്‍ദേശങ്ങളായിരുന്നു.
പാര്‍ട്ടി പ്രവര്‍ത്തനത്തിന് നിലവിലെ സംഘടനാ രീതി നിലനിര്‍ത്തി, തിരഞ്ഞെടുപ്പിനെ നേരിടാന്‍ പുതിയ ഘടന നിര്‍മ്മിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പാര്‍ലമെന്ററി ബോര്‍ഡിന് കീഴില്‍ ജനല്‍ സെക്രട്ടറിമാരും സെക്രട്ടറിമാരും ഉള്‍പ്പെടുന്ന ഘടനയില്‍ മേഖലാ തിരഞ്ഞെടുപ്പ് സെക്രട്ടറിമാര്‍, ലോക്സഭാ- നിയമസഭാ കോര്‍ഡിനേറ്റര്‍മാര്‍, ബൂത്ത് കണ്‍വീനര്‍മാര്‍ എന്നീ സംഘടനാ പദവി അദ്ദേഹം മുന്നോട്ട് വെച്ചു. സംഘടനാ പ്രവര്‍ത്തനത്തിന് 50 ലക്ഷം പേരും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് അത്രതന്നെ പേരും ഉള്‍പ്പെടുന്ന ഒരുകോടി പ്രവര്‍ത്തകരുടെ 'സേന'യെ തന്നെ സജ്ജമാക്കുകയായിരുന്നു ലക്ഷ്യം.
രാഷ്ട്രീയക്കാര്‍ക്ക് പുറമേ, സമൂഹത്തിലെ സ്വാധീനം ചെലുത്താന്‍ കഴിയുന്ന വ്യക്തികളെ പാര്‍ട്ടിയോട് അടുപ്പിക്കാന്‍ പ്രത്യേക വേദിയുണ്ടാക്കണമെന്ന നിര്‍ദേശവും മുന്നോട്ട് വെക്കുകയുണ്ടായി. ദേശീയ പ്രധാന്യമുള്ള വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരികയായിരുന്നു ലക്ഷ്യം.
സാമൂഹിക മാധ്യമങ്ങളിലും നിലയുറപ്പിക്കണം
പാര്‍ട്ടിയുടെ ആശയങ്ങളും പ്രതികരണങ്ങളും ജനങ്ങളിലേക്ക് എത്തിക്കാന്‍ ശക്തമായ സാമൂഹിക മാധ്യമ ഇടപെടല്‍ ആവശ്യമാണെന്ന നിരീക്ഷണമുണ്ടായി. അന്നത്തെ നിലയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായും താരതമ്യം ചെയ്യുമ്പോള്‍, കോണ്‍ഗ്രസ് പാര്‍ട്ടിയുടേതിന് പുറമെ പ്രധാന നേതാക്കളായ രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്കാ ഗാന്ധിയുടേയും സാമൂഹിക മാധ്യമ അടിത്തറ വളരെ മോശമാണെന്ന് കണക്കുകള്‍ നിരത്തി അദ്ദേഹം വാദിച്ചു. ഭരിക്കുന്ന പാര്‍ട്ടിയോട് പരമ്പരാഗത മാധ്യമങ്ങള്‍ വിധേയത്വം കാണിക്കുന്നതായും പാര്‍ട്ടിയുടേതിന് പുറമേ സര്‍ക്കാര്‍ സംവിധാനവും ബി.ജെ.പി. ആശയപ്രചാരണത്തിന് ഉപയോഗിക്കുന്നതായും പ്രശാന്ത് കിഷോര്‍ ചൂണ്ടിക്കാട്ടി. ഇതിനെ മറികടക്കാന്‍ കഴിയുന്നില്ലെന്ന് മാത്രമല്ല, കോണ്‍ഗ്രസിന്റെ പ്രചാരണങ്ങള്‍ പലതും കാലം തെറ്റിയുള്ളതാണെന്നും അജന്‍ഡകള്‍ പാര്‍ട്ടിക്ക് അനുകൂലമായി തീര്‍ക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും വിലയിരുത്തി.
പ്രാദേശികമായി സ്വാധീനമുള്ള സ്റ്റാന്‍ഡപ്പ് കൊമേഡിയന്മാരെപ്പോലും ഉപയോഗപ്പെടുത്താന്‍ അദ്ദേഹം നിര്‍ദേശിച്ചു. സാമൂഹിക മാധ്യമങ്ങളില്‍ സ്വാധീനമുള്ളവരെ ആശ്രയിക്കുക, ഗ്രാമതലത്തില്‍ വാട്സാപ്പ് ഗ്രൂപ്പുകള്‍ ഉണ്ടാക്കുക, ആശയപരമായി ചേര്‍ന്ന് നില്‍ക്കുന്ന ന്യൂസ് പോര്‍ട്ടലുകളെ ഉപയോഗപ്പെടുത്തുക, സാമൂഹിക മാധ്യമ അക്കൗണ്ടുകളുടേയും പേജുകളുടെ സ്വീകാര്യത ഉറപ്പുവരുത്ത ടാര്‍ഗറ്റ് നല്‍കി പ്രചാരണ പരിപാടികള്‍ ആസൂത്രണം ചെയ്യുക എന്നീ നിര്‍ദേശങ്ങള്‍ പരിഹാരമായി മുന്നോട്ടുവെച്ചു.
ജയിക്കാനുള്ള കണക്ക്
ഭരണം പിടിക്കാന്‍ 30 കോടി വോട്ടുകളും 40 മുതല്‍ 45 ശതമാനം വരെ വോട്ടുവിഹിതവും നേടണമെന്ന ഫോര്‍മുല പി.കെ. മുന്നോട്ട് വെച്ചു. വനിതകള്‍, കര്‍ഷകര്‍, യുവാക്കള്‍, പട്ടിക ജാതി- പട്ടിക വര്‍ഗ വിഭാഗം, സ്വന്തമായി ഭൂമിയില്ലാത്ത തൊഴിലാളികള്‍, നഗരങ്ങളിലെ ദരിദ്രര്‍, മധ്യവര്‍ഗം എന്നിവര്‍ കോണ്‍ഗ്രസിന് അനുകൂലമായി വോട്ട് ചെയ്യാന്‍ സാധ്യതയുള്ളവരാണെന്ന് വിലയിരുത്തപ്പെട്ടു. വനിതകള്‍ക്കും യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും കര്‍ഷകര്‍ക്കും അരികുവത്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്കുമായി പ്രത്യേകം പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഗോഡ്സെക്കെതിരായി ഗാന്ധിയുടെ ആശയങ്ങളുടേയും അസത്യങ്ങള്‍ക്ക് എതിരായി സത്യത്തിന്റേയും കബളിപ്പിക്കുന്ന വാഗ്ദാനങ്ങള്‍ക്കെതിരെ വിശ്വാസത്തിന്റെ പോരാട്ടമായും തിരഞ്ഞെടുപ്പിനെ അവതരിപ്പിക്കണം. 'കൈപ്പത്തിക്കൊപ്പം എല്ലാവരുടേയും വിശ്വാസം' (സബ്കാ ബരോസാ, ഹാഥ് കെ സാഥ്) എന്ന ആശയം മുന്നോട്ട് വെച്ചു.
കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ 2023 മാര്‍ച്ച് വരെയുള്ള കാലത്ത് അടിത്തറശക്തിപ്പെടുത്തി, ഏപ്രില്‍ മുതല്‍ ജൂലായ് വരെയുള്ള സമയത്ത് പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ നടത്തി, ഡിസംബര്‍ വരെ കാറ്റ് തങ്ങള്‍ക്കനുകൂലമാക്കി, ജനുവരിമുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച് തിരഞ്ഞെടുപ്പ് അടുക്കുന്ന മാസങ്ങളില്‍ വലിയ മുന്നേറ്റം ഉണ്ടാക്കുക എന്നതായിരുന്നു, 2024 പിടിക്കാനുള്ള 'ഗ്രാന്‍ഡ് പ്ലാന്‍'. ഇതിനായി സാമൂഹിക മാധ്യമങ്ങളില്‍ ശക്തിയുറപ്പാക്കുക, യാത്രകളും ചര്‍ച്ചകളും പ്രതിഷേധങ്ങളും റാലികളും അടക്കം 12 തരത്തിലുള്ള പരിപാടികള്‍ സംഘടിപ്പിക്കുക. ഗാന്ധിക്കൊപ്പമാണ് തങ്ങള്‍ എന്ന മുദ്രാവാക്യമുയര്‍ത്തി ജനങ്ങളെ ഒപ്പം നിര്‍ത്തുക, ക്രിയാത്മക പ്രതിപക്ഷമായി ജനങ്ങള്‍ക്ക് ഒപ്പമുണ്ടെന്ന് ബോധ്യപ്പെടുത്തുക, മോദിയുടെ 'യഥാര്‍ഥ' മുഖവും പരാജയങ്ങളും ചൂണ്ടിക്കാട്ടുക, ജനങ്ങളുടെ അഭിലാഷങ്ങളെ ഒപ്പം നിര്‍ത്തുക, ഇവയെല്ലാം വോട്ടാക്കി മാറ്റുക എന്നതായിരുന്നു ജയത്തിലേക്കുള്ള 'വഴി'യായി ചൂണ്ടിക്കാട്ടിയത്.

അലഹബാദില്‍ തുടക്കം, പപ്പുവിന് മറുപടി തുഗ്ലക്ക്
2024-നുള്ള ആരംഭം ഹിന്ദി ഹൃദയഭൂമിയിലെ ഉത്തര്‍പ്രദേശില്‍ അലഹാബാദില്‍ നിന്ന് വേണമെന്നായിരുന്നു പ്രശാന്ത് കിഷോറിന്റെ നിര്‍ദേശം. അഞ്ച് ലക്ഷത്തോളം നേതാക്കളേയും പ്രവര്‍ത്തകരേയും പങ്കെടുപ്പിച്ച് മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന, കുംഭമേളയുടെ നാട്ടില്‍ 'കോണ്‍ഗ്രസ് മഹാകുംഭ്' എന്ന പേരില്‍ മഹാസമ്മേളനം നടത്തുക. ഇവിടെ വെച്ച് പ്രധാന നയങ്ങളും സംഘടനാ മാറ്റങ്ങളും പ്രഖ്യാപിക്കുക. അംഗത്വ ക്യാമ്പയിന് തുടക്കമിടുക എന്നും നിര്‍ദേശിച്ചു.
പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് നയിക്കുന്ന 150 ദിവസം നീണ്ടുനില്‍ക്കുന്ന ഇന്ത്യന്‍ മുഴുവന്‍ സഞ്ചരിക്കുന്ന യാത്ര. 30,000 കിലോമീറ്റര്‍ പിന്നിടുന്ന യാത്രയ്ക്ക് സമാന്തരമായി അംഗത്വ വിതരണവും ഇതുവഴി അഞ്ചു കോടി പേരെ പാര്‍ട്ടി അംഗങ്ങളാക്കുക. കോണ്‍ഗ്രസ് നേതാക്കള്‍ ജനങ്ങളോട് സംവദിക്കാന്‍ ജില്ലാതലത്തില്‍ പരിപാടികള്‍. പാര്‍ട്ടി ഒപ്പം നിര്‍ത്താന്‍ ലക്ഷ്യമിടുന്ന ജനവിഭാഗങ്ങളുമായി നിരന്തരം ചര്‍ച്ച സാധ്യമാക്കാനായിരുന്നു ഇത്. കേന്ദ്രത്തിന്റെ പരിമിതികള്‍ ചൂണ്ടിക്കാട്ടാന്‍ പല തലത്തിലുള്ള ക്യാമ്പയിനുകള്‍, പഞ്ചായത്ത് സഭകള്‍. ജനങ്ങളുമായി നേതാക്കള്‍ നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നു എന്ന് ഉറപ്പുവരുത്താനിയിരുന്നു ഇത്.
രാഹുല്‍ ഗാന്ധി രാഷ്ട്രീയത്തില്‍ ഇറങ്ങിയത് മുതല്‍ അദ്ദേഹത്തിന്റെ പ്രതിച്ഛായ മോശമായി ചിത്രീകരിക്കാന്‍ സംഘടിത ശ്രമം തന്നെയുണ്ടായിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലെ പപ്പു വിളി വലിയ രീതിയില്‍ പ്രചരിപ്പിക്കപ്പെട്ടു. ഇതിന് മറുപടി നല്‍കാന്‍ നരേന്ദ്രമോദിയെ തുഗ്ലനോട് സാമ്യപ്പെടുത്തിയ പ്രചാരണതന്ത്രങ്ങളാണ് പ്രശാന്ത് നിര്‍ദേശിച്ചത്. ഏഴ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി 'ദ്രോഹിക്കുന്ന മോദി' എന്ന പേരില്‍ പ്രധാനമന്ത്രിയെ നേരിട്ട് ലക്ഷ്യമിടുന്ന സാമൂഹിക മാധ്യമ പ്രചാരണം. മോദി ഭരണം അവസാനിക്കുന്നു എന്ന് സൂചിപ്പിക്കുന്ന കൗണ്ട്ഡൗണ്‍ ബോര്‍ഡുകള്‍ രാജ്യത്തിന്റെ പ്രധാനനഗരങ്ങളില്‍ സ്ഥാപിക്കുക.
അലഹബാദിലെ പരിപാടിക്ക് പുറമേ മറ്റൊരു മെഗാ ഇവന്റും അറുപത് ദിവസം നീണ്ടുനില്‍ക്കുന്ന മറ്റൊരു യാത്രയും വീടുകള്‍ കയറിയുള്ള പ്രചാരണവും നിര്‍ദേശിക്കപ്പെട്ടു. പത്ത് മെഗാ റാലികളും 2024 തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടത്താനും പ്രശാന്ത് ഉപദേശിച്ചു. പരമ്പരാഗത- ഡിജിറ്റല്‍- സാമൂഹിക മാധ്യമങ്ങള്‍ വഴിയും ഇതുപോലും പ്രാപ്യമല്ലാത്തവരുമായി സംവദിക്കാന്‍ ഫോണ്‍ വഴി ബന്ധം സ്ഥാപിക്കലും ഹോര്‍ഡിങ്ങും ചുവരെഴുത്തുകളും വാഹനപ്രചാരണങ്ങളും വേണമെന്ന് ആവശ്യപ്പെട്ടു. പത്രങ്ങള്‍ക്കുള്ളില്‍ വെച്ച് വായനക്കാരിലെത്തിക്കുന്ന ലഘുലേഖകളുടെ എണ്ണം പോലും പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നില്‍ എഴുതി നല്‍കി.
പരമാവധി എഴുപത് അംഗങ്ങള്‍ വരെയാകാവുന്ന വലിയ സംഘത്തെയായിരുന്നു, കമ്മ്യൂണിക്കേഷന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിക്ക് കീഴില്‍ അണിനിരത്തേണ്ടതെന്ന് പ്രശാന്ത് നിര്‍ദേശിച്ചത്. 15 വക്താക്കള്‍, 40ഓളം വിഷയവിദഗ്ധര്‍, മൂന്ന് മുതല്‍ അഞ്ച് വരെ സോഷ്യല്‍ മീഡിയ മാനേജര്‍മാര്‍, ഇത്രതന്നെ പരമ്പരാഗത മാധ്യമങ്ങളുമായി വിനിമയം സാനധ്യമാക്കാനുള്ള മാനേജര്‍മാര്‍, ഇവരെ ഏകോപിപ്പിക്കാന്‍ അഞ്ച് കമ്മ്യൂണിക്കേഷന്‍ കോര്‍ഡിനേറ്റേര്‍മാര്‍. ഇതുകൂടാതെ വിഷയവിദഗ്ധരെ സഹായിക്കാന്‍ 15 ഗവേഷണ സഹായികള്‍, സാമൂഹിക മാധ്യമ ഇടപെടലിന് അമ്പതോളം സഹായികള്‍, 15ഓളം മീഡിയാ അസോസിയേറ്റുകള്‍.
പ്രശാന്ത് പറഞ്ഞത്, കോണ്‍ഗ്രസ് കേട്ടത്
പ്രശാന്തിന്റെ നിര്‍ദേശങ്ങളില്‍, ഒരിക്കലും സാധ്യമാവില്ലെന്ന് കരുതിയത് തന്നെ കോണ്‍ഗ്രസ് നടപ്പാക്കി. കോണ്‍ഗ്രസ് അധ്യക്ഷനായുള്ള തിരഞ്ഞെടുപ്പായിരുന്നു അത്. 2019-ലെ തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി രാജിവെച്ചതിന് പിന്നാലെ സോണിയാ ഗാന്ധി ഇടക്കാല പ്രസിഡന്റായി തിരിച്ചെത്തിയിരുന്നു. മൂന്ന് വര്‍ഷത്തോളം പാര്‍ട്ടി പ്രവര്‍ത്തിച്ചത് താത്കാലിക പ്രസിഡന്റിന്റെ കീഴില്‍. കോവിഡടക്കം അപ്രതീക്ഷിത പ്രതിബന്ധങ്ങള്‍ തിരഞ്ഞെടുപ്പ് നീണ്ടുപോവാന്‍ കാരണമായെന്ന് പാര്‍ട്ടി പറഞ്ഞു. രാഹുല്‍ ഗാന്ധി തന്നെ അധ്യക്ഷനായി വേണമെന്ന് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികളും മുതിര്‍ന്ന നേതാക്കളും ആവശ്യപ്പെടുന്നതിനിടയിലാണ് കോണ്‍ഗ്രസ് പലവട്ടം മാറ്റിവെച്ച അധ്യക്ഷ തിരഞ്ഞെടുപ്പ് 2022 ഒക്ടോബര്‍ 17-ന് നടത്തുന്നത്. അനിശ്ചിതത്വങ്ങളും നാടകീയതകളും കണ്ട തിരഞ്ഞെടുപ്പിനൊടുവില്‍ 24 വര്‍ഷത്തിന് ശേഷം ആദ്യമായി ഗാന്ധി കുടംബത്തിന് പുറത്തുനിന്ന് ഒരു പ്രസിഡന്റിനെ പാര്‍ട്ടിക്ക് ലഭിച്ചു. തെക്കേയിന്ത്യക്കാരനായ ദളിത് വിഭാഗത്തില്‍ നിന്നുമൊരു പ്രസിഡന്റ്, മല്ലികാര്‍ജുന്‍ ഖാര്‍ഗെ.

നെഹ്റു കുടുംബമാണ് പാര്‍ട്ടിയെ ഒന്നിപ്പിക്കുന്നതെന്നും അതിന് പുറത്തുനിന്ന് ഒരാള്‍ അധ്യക്ഷനായാല്‍, മറ്റൊരു പിളര്‍പ്പിലേക്ക് പാര്‍ട്ടി പോയെക്കുമെന്നുമടക്കമുള്ള നിരീക്ഷണങ്ങള്‍ക്കും മുതിര്‍ന്ന നേതാക്കളുടെ തന്നെ അടക്കം പറച്ചിലുകള്‍ക്കിടിയിലുമാണ് ശശി തരൂരിനെ സംഘടനാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തി ഖാര്‍ഗെ പ്രസിഡന്റാവുന്നത്. ഔദ്യോഗിക സ്ഥാനാര്‍ഥി എന്ന ആശയം തന്നെയില്ലെന്ന് നെഹ്റു കുടുംബവും മുതിര്‍ന്ന നേതാക്കളും ആണയിട്ടു. എങ്കിലും, നെഹ്റു കുടുംബത്തിന്റെ ആശിര്‍വാദങ്ങളോടെയും പിന്തുണയോടെയും തന്നെയായിരുന്നു ഖാര്‍ഗെ മത്സരിച്ചത്. അശോക് ഗഹലോത്തിന് വേണ്ടി 'ഹൈക്കമാന്‍ഡ്' മാറ്റിവെച്ച പ്രസിഡന്റ് സ്ഥാനം, സ്വന്തം സംസ്ഥാനത്ത് കൊട്ടാരവിപ്ലവം നടത്തി സ്വയം വലിച്ചെറിയുകയായിരുന്നു രാജസ്ഥാന്‍ മുഖ്യമന്ത്രി. പിന്നാലെ, ദ്വിഗ്വിജയ് സിങ്ങ് അടക്കം ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തരായ പലപേരുകള്‍ ഉയര്‍ന്നുകേട്ടു. പക്ഷേ, ആര്‍.എസ്.എസിനെ നേരിട്ട് വിമര്‍ശിക്കുന്ന, ദളിത്
വിഭാഗത്തില്‍ നിന്നുള്ള നേതാവെന്ന വിശേഷണത്തില്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക വിഭാഗം ഖാര്‍ഗയ്ക്ക് പിന്നില്‍ അണിനിരന്നു. ഒരുപക്ഷേ, ഇത്തരമൊരു തിരഞ്ഞെടുപ്പ് കൊണ്ട് പാര്‍ട്ടിക്ക് നല്ലതേ വരൂവെന്ന് പ്രവചിച്ചിട്ടും അത് ഉറപ്പിച്ചുപറയാന്‍ തന്നെ അശക്തനാക്കിയൊരു നിര്‍ദേശത്തിലേക്ക് കോണ്‍ഗ്രസ് തന്നെ എത്തിച്ചേര്‍ന്നത് കണ്ട് പ്രശാന്ത് കിഷോര്‍ പോലും അത്ഭുതപ്പെട്ടിരിക്കണം.
വ്യക്തതയില്ലാത്ത സഖ്യം
സഖ്യത്തെ സംബന്ധിച്ച് പ്രശാന്ത് കിഷോര്‍ മുന്നോട്ട് വെച്ചത് നിലവില്‍ കോണ്‍ഗ്രസ് പൊതുവില്‍ സ്വീകരിച്ചുവരുന്ന സമീപനം തന്നെയാണ്. മഹാരാഷ്ട്രയില്‍ എന്‍.സി.പിയുമായി സഖ്യം, തമിഴ്നാട്ടില്‍ ഡി.എം.കെയുടെ കീഴില്‍. ഇതിന് പുറമേ, വൈ.എസ്.ആര്‍. കോണ്‍ഗ്രസുമായും ബംഗാളില്‍ മമതയുമായും സഖ്യം വേണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, മൂന്നാം മുന്നണിയുടെ നേതൃത്വവും പ്രധാനമന്ത്രി പദവും ലക്ഷ്യമിടുന്ന മമത പക്ഷേ, കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സഖ്യത്തിനില്ലെന്ന് പലവട്ടം സൂചനനല്‍കിയതാണ്. ബംഗാളിലും ഗോവയിലും തൃണമൂലിന് വേണ്ടി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തുന്ന കാലത്താണ് പ്രശാന്ത് കിഷോര്‍, തൃണമൂലുമായി കോണ്‍ഗ്രസിന് സഖ്യമാവാം എന്നൊരു നിര്‍ദേശം മുന്നോട്ട് വെക്കുന്നത്. അന്ന് കോണ്‍ഗ്രസിന് ബംഗാളില്‍ അടുപ്പം സി.പി.എമ്മുമായി ആയിരുന്നു. കോണ്‍ഗ്രസുമായി പ്രശാന്ത് കൈകൊടുത്തില്ലെന്ന് മാത്രമല്ല, മമതയുമായി ചര്‍ച്ചയ്ക്ക് മുന്നില്‍ നില്‍ക്കാന്‍ സാധ്യതയുള്ള ഒരു നേതാവ് പോലും ഇന്ന് കോണ്‍ഗ്രസിനില്ല. അതിനാല്‍, മമതയുമായി അടുക്കാന്‍ താത്പര്യമുണ്ടെങ്കില്‍ തന്നെ, പൂച്ചയ്ക്ക് മണിക്കെട്ടാന്‍ ആര് എന്ന ചോദ്യവും അവശേഷിക്കുന്നുണ്ട്. മാത്രമല്ല, ലോക്സഭയില്‍ കോണ്‍ഗ്രസിന്റെ കക്ഷിനേതാവായ, ബംഗാള്‍ പി.സി.സി. അധീര്‍ രഞ്ജന്‍ ചൗധരി ദേശീയ നേതൃത്വം തൃണമൂലിനോട് മയത്തിലുള്ള സമീപനം സ്വീകരിക്കുമ്പോള്‍ പോലും കടുത്ത നിലപാടുകളാണ് സ്വീകരിച്ചുപോന്നിട്ടുള്ളത്.
ആന്ധ്രാപ്രദേശില്‍ പല തവണ ശ്രമിച്ചെങ്കിലും പാളിയപ്പോയതാണ് കോണ്‍ഗ്രസിന്റെ മുന്നണി ആശയം. സംസ്ഥാനത്ത് കോണ്‍ഗ്രസിനോടും ബി.ജെ.പിയോടും സമദൂരം പാലിക്കുന്ന ജഗന്‍ മോഹന്‍ പക്ഷേ ചില അവസരങ്ങളില്‍ പ്രകടമായി തന്നെ ബി.ജെ.പി. കേന്ദ്രനേതൃത്വത്തിന് കൈകൊടുത്തിട്ടുണ്ട്. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്ത വൈ.എസ്.ആര്‍.സി.പി. ദേശീയ രാഷ്ട്രീയത്തില്‍ തങ്ങളുടെ മനസിലിരിപ്പ് ഇനിയും വ്യക്തമാക്കേണ്ടതുണ്ട്. സി.പി.എമ്മുമായുള്ള സഹകരണത്തെക്കുറിച്ച് വ്യക്തമായി പ്രശാന്ത് കിഷോര്‍ ഒന്നും പറയുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ പദ്ധതികളില്‍ നിന്ന് ചിലത് വായിച്ചെടുക്കാന്‍ സാധിക്കും. ബംഗാളില്‍ തൃണമൂലുമായി സഖ്യം ആവശ്യമെന്ന് പറയുമ്പോഴും കേരളത്തില്‍ നിലവിലെ പരമ്പരാഗത സഖ്യമെന്ന് വ്യക്തമാക്കുമ്പോഴും സഖ്യസാധ്യതയില്‍ സി.പി.എം. പുറത്താണ് എന്ന് തന്നെ വേണം കരുതാന്‍. ജമ്മു കശ്മീരിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലുമായി 17 സീറ്റുകളില്‍, കോണ്‍ഗ്രസ് ഒന്നാം കക്ഷിയായ സഖ്യം വേണമെന്നാണ് പ്രശാന്ത് നിര്‍ദേശിച്ചത്. രാഹുലിന്റെ ഭാരത് ജോഡോ യാത്രയില്‍, ഗുപ്കാര്‍ സഖ്യത്തിലെ സി.പി.എം. ഒഴികെയുള്ള എല്ലാ പാര്‍ട്ടികളും ജമ്മുവില്‍ അണിനിരന്നതോടെ അതിനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സൂചനകള്‍ കോണ്‍ഗ്രസിനെ സംബന്ധിച്ച് ഒട്ടും പ്രതീക്ഷയ്ക്ക് വകനല്‍കുന്നതല്ല.
ഇതിനോട് ചേര്‍ത്ത് തന്നെയാണ് ഭാരത് ജോഡോ യാത്രയിലെ പ്രതിപക്ഷ പാര്‍ട്ടികളുടെ സാന്നിധ്യത്തേയും ചൂണ്ടിക്കാണിക്കേണ്ടത്. ഐതിഹാസികമെന്ന് കോണ്‍ഗ്രസ് അവകാശപ്പെടുന്ന യാത്രയില്‍ വിവിധ ഭാഗങ്ങളില്‍, വിവിധ പാര്‍ട്ടികളും രാഷ്ട്രീയനേതാക്കളും പങ്കുചേര്‍ന്നിരുന്നു. അതേസമയം, ജമ്മുവിലെ സമാപനത്തിലേക്ക് 23 പ്രതിപക്ഷ പാര്‍ട്ടികളെ കോണ്‍ഗ്രസ് ക്ഷണിച്ചിരുന്നെങ്കിലും ഒമ്പത് കക്ഷികളുടെ സാന്നിധ്യമാണ് ഉണ്ടായിരുന്നത്. ഇതില്‍ തന്നെ ആര്‍.ജെ.ഡിയുടേയും എന്‍.സി.പിയുടേയും എസ്.പിയുടേയും അസാന്നിധ്യവും ശ്രദ്ധേയമായി. സി.പി.ഐയും ഡി.എം.കെയും. ബി.എസ്.പിയും മുസ്ലിം ലീഗും ആര്‍.എസ്.പിയും ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയും വി.സി.കെയും ജമ്മുവില്‍ നിന്ന് നാഷണല്‍ കോണ്‍ഫറന്‍സും പി.ഡി.പിയും പങ്കെടുത്തപ്പോള്‍ തൃണമൂല്‍, ജെ.ഡി.യു, ജെ.ഡി.എസ്, സി.പി.എം, ടി.ഡി.പി, കേരളാ കോണ്‍ഗ്രസ് (എം), ആര്‍.എല്‍.എസ്.പി, ഹിന്ദുസ്ഥാന്‍ അവാമി മോര്‍ച്ച, എം.ഡി.എം.കെ, ആര്‍.എല്‍.ഡി. എന്നീ പാര്‍ട്ടികളും വിട്ടുനിന്നു. ഏതെങ്കിലും തരത്തില്‍ സഖ്യസാധ്യത അവശേഷിപ്പിക്കുന്ന പാര്‍ട്ടികളാണ് രാഹുലിന്റെ യാത്രയുടെ സമാപനത്തില്‍ നിന്ന് വിട്ടുനിന്നത് എന്നതും ശ്രദ്ധേയമാണ്.

അതേസമയം, നിലവില്‍ സംഘടനയുടെ പരിഷ്‌കരണത്തില്‍മാത്രം ശ്രദ്ധകേന്ദ്രീകരിക്കാനും തിരഞ്ഞെടുപ്പ് സഖ്യം അടക്കമുള്ള കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കാമെന്നുമായിരുന്നു ഉദയ്പുര്‍ ചിന്തന്‍ ശിബിരത്തിലെ ധാരണ. സമാനചിന്താഗതിക്കാരായ കക്ഷികളുമായി സംവാദവും സമ്പര്‍ക്കവും തുടരാനും രാഷ്ട്രീയസാഹചര്യങ്ങള്‍ക്കനുസരിച്ച് സഖ്യവഴികള്‍ തുറക്കാനുമാണ് അന്ന് തീരുമാനിച്ചത്. എന്നാല്‍, സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളുമായി യോജിച്ചു പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന പ്രഖ്യാപനം റായ്പുര്‍ പ്ലീനറിയിലാണ് ഉണ്ടായത്. പിന്നീട് തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രിയും ഡി.എം.കെ. നേതാവുമായ എം.കെ. സ്റ്റാലിന്റെ 70-ാം പിറന്നാള്‍ ആഘോഷത്തിനിടെ ഖാര്‍ഗെ ഇങ്ങനെ പറഞ്ഞു, 'പ്രധാനമന്ത്രിസ്ഥാനാര്‍ഥിയെ ഞങ്ങള്‍ പ്രഖ്യാപിക്കില്ല. ആരുനയിക്കുമെന്ന് പ്രഖ്യാപിക്കാനും ഞങ്ങളില്ല. നമുക്കൊരുമിച്ച് പോരാടണം... അതാണ് വേണ്ടത്.''
കുംഭമേളയെന്ന് പറഞ്ഞു ചിന്തന്‍ ശിബിരം എന്ന് കേട്ടു
പ്രശാന്ത് കിഷോര്‍ പറഞ്ഞതില്‍, അതേപടിയല്ലെങ്കിലും കോണ്‍ഗ്രസ് ഇതുവരെ നടപ്പാക്കിയവയില്‍ ഭാരത് ജോഡോ യാത്രയും ഉദയ്പുര്‍ ചിന്തന്‍ ശിബിരവും റായ്പുര്‍ പ്ലീനറി സമ്മേളനവും ഉള്‍പ്പെടുന്നു. 2024-ന് ഒരുങ്ങാന്‍ 2021 ഒക്ടോബറിനും മാര്‍ച്ചിനും ഇടയില്‍ കുംഭമേളയുടെ നാടായ അലഹബാദില്‍ കോണ്‍ഗ്രസ് മഹാകുംഭ് നടത്താനായിരുന്നു ആദ്യനിര്‍ദേശം. എന്നാല്‍, മൃദുഹിന്ദുത്വ ചുവയുള്ള കുംഭമേളയില്‍ നിന്ന് മാറി, കോണ്‍ഗ്രസിന്റെ പാരമ്പര്യം ഉള്‍ച്ചേരുന്ന ചിന്തന്‍ ശിബിരം എന്ന പേരില്‍ ഉദയ്പുരില്‍ മഹാസമ്മേളനം ചേരുകയായിരുന്നു, കോണ്‍ഗ്രസ്. അഞ്ച് ലക്ഷം പ്രവര്‍ത്തകരേയും നേതാക്കളേയും അണിനിരത്തിയുള്ള മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ സംഘടനാപരമായും നയപരമായുമുള്ള മാറ്റങ്ങള്‍ പ്രഖ്യാപിക്കണം എന്നാണ് പ്രശാന്ത് നിര്‍ദേശിച്ചിരുന്നതെങ്കിലും, 422 പ്രതിനിധികള്‍ പങ്കെടുത്ത പരിപാടിയാണ് കോണ്‍ഗ്രസ് നടത്തിയത്. വിവിധ സമിതികളായി തിരിഞ്ഞ് രാഷ്ട്രീയപ്രമേയങ്ങള്‍ ഉണ്ടാക്കുകയും ഇത് ശിബിരത്തില്‍ അവതരിപ്പിച്ച് ചര്‍ച്ച ചെയ്ത് അംഗീകാരം നല്‍കുകയും ചെയ്തു. ഇതേ ശിബിരത്തിലാണ് രാഹുലിന്റെ കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയുള്ള ഭാരത് ജോഡോ യാത്രയ്ക്കുള്ള തീരുമാനം ഉണ്ടായത്.
ആറുമാസംകൊണ്ട് സംഘടനയെ സമൂലം പരിഷ്‌കരിക്കാനുള്ള നിര്‍ദേശങ്ങളായിരുന്നു ശിബിരത്തിലുണ്ടായത്. പ്രവര്‍ത്തകസമിതി മുതല്‍ താഴെത്തട്ടുവരെ ഭാരവാഹികളില്‍ 50 ശതമാനം 50 വയസ്സില്‍ താഴെയുള്ളവരാകും. അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനുശേഷം എല്ലാ തിരഞ്ഞെടുപ്പുകളിലും 50 ശതമാനം സീറ്റും ഇവര്‍ക്കായി നീക്കിവെക്കും. 70 വയസ്സ് തികയുന്നവരെ ഘട്ടംഘട്ടമായി സംഘടന ശക്തിപ്പെടുത്താന്‍ മാത്രമായി ഉപയോഗിക്കും. ഒരാള്‍ക്ക് ഒരുപദവി, ഒരു കുടുംബത്തില്‍ ഒരാള്‍ക്ക് ടിക്കറ്റ് എന്നീ നിര്‍ദേശങ്ങളില്‍ ചിന്തന്‍ ശിബിരത്തില്‍ തീരുമാനമുണ്ടായി. തിരഞ്ഞെടുപ്പിന് സംഘടനയെ പ്രാപ്തമാക്കാന്‍ കര്‍മസേന, സമ്പന്നര്‍ക്കും ദരിദ്രര്‍ക്കും ഇടയിലെ ഡിജിറ്റല്‍ വിഭജനം അടക്കം പരിഹരിക്കാന്‍ യൂത്ത് ഗ്രൂപ്പ്, കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ തൊഴില്‍ നല്‍കൂ പദയാത്ര, യുവജനോത്സവങ്ങള്‍, സാംസ്‌കാരിക പരിപാടികള്‍, കായിക പരിപാടികള്‍, യൂത്ത് പാര്‍ലമെന്റ്, ടൗണ്‍ഹാള്‍ യോഗങ്ങള്‍, രക്തദാനം തുടങ്ങിയ രാഷ്ട്രീയേതര പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടി നേതാക്കള്‍ നേതൃപരമായ പങ്ക് വഹിക്കണം എന്നീ തീരുമാനങ്ങള്‍ ഉണ്ടായി. ദളിതര്‍, ആദിവാസികള്‍, പിന്നാക്കക്കാര്‍, ന്യൂനപക്ഷങ്ങള്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് തുല്യപ്രാതിനിധ്യം ലഭിക്കണം, എസ്.സി-എസ്.ടി സംവരണം പാര്‍ലമെന്ററി- അസംബ്ലി മണ്ഡലങ്ങളില്‍ പിന്നാക്ക വിഭാഗങ്ങളുടെ നേതൃത്വം സൃഷ്ടിക്കാന്‍ 'ലീഡര്‍ഷിപ്പ് മിഷന്‍.' ആദിവാസികള്‍ക്കായി പ്രത്യേക ആരോഗ്യ ദൗത്യം എന്നീ നിര്‍ദേശങ്ങളും ചിന്തന്‍ ശിബിരം അംഗീകരിച്ചു. ഇതില്‍ പലതും അതേപടി പ്രശാന്ത് കിഷോറിന്റെ നിര്‍ദേങ്ങളിലുള്ളവയായിരുന്നു.
ചിന്തന്‍ ശിബിരത്തിലെടുത്ത തീരുമാനങ്ങള്‍ ജനങ്ങളില്‍ എത്തിക്കുക പൊതുജനങ്ങളുടെ പ്രശ്നങ്ങള്‍ നേരിട്ടറിയുക എന്ന ലക്ഷ്യത്തോടെയായിരുന്നു ചിന്തന്‍ ശിബിരത്തില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പദയാത്ര പ്രഖ്യാപിക്കപ്പെട്ടത്. 2022 ഒക്ടോബര്‍ രണ്ടിന് ഭാരത് ജോഡോ യാത്ര ആരംഭിക്കും എന്നാണ് പ്രഖ്യാപിക്കപ്പെട്ടിരുന്നതെങ്കിലും പലകാരണങ്ങളാല്‍ അത് സെപ്റ്റംബര്‍ ഏഴിലേക്ക് നീണ്ടുപോയി. പ്രശാന്തിന്റെ നിര്‍ദേശത്തില്‍ 2022 സെപ്റ്റംബറിനുള്ളില്‍ ഇത് നടത്തണമെന്നായിരുന്നു നിര്‍ദേശിച്ചിരുന്നത്. 150 ദിവസം നീണ്ടുനില്‍ക്കുന്ന യാത്രയെന്ന അതേനിലയില്‍, 4080 ഓളം കിലോമീറ്റര്‍ പിന്നിട്ട് ജമ്മു കശ്മീരില്‍ അവസാനിക്കുകയായിരുന്നു. സമാന്തരമായി അംഗത്വ ക്യാമ്പയ്ന്‍ എന്ന ആശയം നിര്‍ദേശിച്ചിരുന്നെങ്കിലും രാഹുല്‍ വിവിധ ജനവിഭാഗങ്ങളെ നേരില്‍ കണ്ടുള്ള ആശയവിനിമയമാണ് സാധ്യമാക്കിയത്.
.jpg?$p=2a67566&&q=0.8)
2023 മാര്‍ച്ചിനും അടുത്ത വര്‍ഷം ജനുവരിക്കുമുള്ളിലായിരുന്നു രണ്ടാമത്തെ മഹാസമ്മേളനം നടത്തണമെന്ന് പ്രശാന്ത് നിര്‍ദേശിച്ചിരുന്നത്. അത് ഒരു മുഴം മുന്നേ തന്നെ കോണ്‍ഗ്രസ് നടപ്പിലാക്കി. സമാധാന സംഗമം എന്ന പേരില്‍ 10 ലക്ഷം പേരെ അണിനിരത്തി മൂന്ന് ദിവസത്തെ പരിപാടിയായിരുന്നു നിര്‍ദേശിക്കപ്പെട്ടിരുന്നത്. ഫെബ്രുവരി 24 മുതല്‍ 26 വരെ നീണ്ടുനിന്ന പ്ലീനറി സമ്മേളനമായാണ് കോണ്‍ഗ്രസ് അത് നടപ്പാക്കിയത്. റായ്പുരില്‍ 15,000ത്തോളം പ്രതിനിധികളാണ് ഇതില്‍ പങ്കെടുത്തത്. രാജ്യത്ത് അധികാരത്തിലെത്തിയാല്‍ പത്തുവര്‍ഷം കൂടുമ്പോഴുള്ള സെന്‍സസിനൊപ്പം സാമൂഹിക- സാമ്പത്തിക- ജാതി സെന്‍സസ് നടത്തുമെന്നും ഒ.ബി.സി. വിഭാഗത്തിന് പ്രത്യേക മന്ത്രാലയം സ്ഥാപിക്കുമെന്നുമായിരുന്നു പ്ലീനത്തിലെ പ്രധാനപ്രഖ്യാപനം. ലോക്‌സഭാ- നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ എസ്.സി, എസ്.ടി, ഒ.ബി.സി. വിഭാഗങ്ങള്‍ക്കും യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും 50 ശതമാനം സീറ്റ് നല്‍കും. സംഘടനയില്‍ ഒ.ബി.സി, എസ്.സി- എസ്.ടി, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ബ്ലോക്ക്തലംമുതല്‍ പ്രവര്‍ത്തകസമിതിവരെ 50 ശതമാനം സംവരണം. പാര്‍ലമെന്റിലും നിയമസഭകളിലും വനിതകള്‍ക്ക് 33 ശതമാനം സംവരണം. ദുര്‍ബലവിഭാഗങ്ങളുടെ അസമത്വം പഠിക്കാന്‍ സര്‍വേ. ദുര്‍ബല-പാര്‍ശ്വവത്കൃത വിഭാഗങ്ങളുടെ ശാക്തീകരണത്തിനായി പദ്ധതി. ദേശീയ ന്യൂനപക്ഷകമ്മിഷന് ഭരണഘടനാപദവി. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് അടിസ്ഥാനത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് ബഹുതല വികസനപദ്ധതി. വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഒ.ബി.സി., എസ്.സി.-എസ്.ടി., ന്യൂനപക്ഷ വിദ്യാര്‍ഥികളുടെ അവകാശവും അന്തസ്സും കാത്തുസൂക്ഷിക്കാന്‍ രോഹിത് വെമുല നിയമം. ഈ വിഭാഗങ്ങള്‍ക്ക് സ്വകാര്യമേഖലയിലും ജോലി സംവരണം. ഡീംഡ് സര്‍വകലാശാലകളടക്കമുള്ള സ്വകാര്യസ്ഥാപനങ്ങളിലും ഒ.ബി.സി., എസ്.ടി.-എസ്.സി. വിദ്യാര്‍ഥികള്‍ക്ക് സംവരണത്തിന് ഭരണഘടനാഭേദഗതി. എസ്.സി.-എസ്.ടി. വിഭാഗങ്ങളുടെ ജനസംഖ്യക്ക് അനുസൃതമായി ബജറ്റുവിഹിതം. പാവപ്പെട്ട എസ്.സി.-എസ്.ടി. വിദ്യാര്‍ഥികള്‍ക്ക് വിദേശപഠനത്തിന് സഹായം. ഗിരിവര്‍ഗവിഭാഗങ്ങളുടെ അവകാശസംരക്ഷണത്തിനായി നിയമഭേദഗതി. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്ക് എല്ലാ അവകാശങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും തുടങ്ങിയ നിര്‍ണായക തീരുമാനങ്ങള്‍ പ്ലീനത്തിലുണ്ടായി.
പ്ലീനറിയ്ക്ക് ശേഷമാണ് ഭാരത് ജോഡോ യാത്രയുടെ തുടര്‍ച്ചയായി രാഹുല്‍ഗാന്ധിയുടെ കിഴക്ക്- പടിഞ്ഞാറ് യാത്ര പ്രഖ്യാപിക്കപ്പെട്ടത്. അരുണാചല്‍ പ്രദേശിലെ പാസിഘട്ടില്‍നിന്ന് ഗുജറാത്തില്‍ ഗാന്ധിജിയുടെ ജന്മസ്ഥലമായ പോര്‍ബന്ദറിലേക്കാണിത്. ജോഡോ യാത്രയുടെ അത്രയും വലിയ രൂപത്തിലായിരിക്കില്ല ഇതെന്നും യാത്രികര്‍ കുറവായിരിക്കുമെന്നായിരുന്നു പ്രഖ്യാപനം. കര്‍ണാടകയില്‍ ഏപ്രിലില്‍ തിരഞ്ഞെടുപ്പാണ്. ജൂണില്‍ മഴ. നവംബറില്‍ വീണ്ടും സംസ്ഥാന തിരഞ്ഞെടുപ്പുകള്‍. അതിനാല്‍, യാത്ര ജൂണിനുമുമ്പോ നവംബറിനുമുമ്പോ ആവുമെന്ന് പ്രഖ്യാപന വേളയില്‍ അറിയിച്ചിരുന്നത്.
ഉദയ്പുരിലെ ചിന്തന്‍ ശിബിരത്തിലാണ് പാര്‍ട്ടിയുടെ കമ്മ്യൂണിക്കേഷന്‍ വിഭാഗം ശക്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് തീരുമാനിക്കുന്നത്. ഇതിന് പിന്നാലെ നേരത്തെ ചുമതലയുണ്ടായിരുന്ന രണ്‍ദീപ് സിങ് സുര്‍ജേവാലയെ മാറ്റിയത്. പകരം, മുന്‍ കേന്ദ്രമന്ത്രിയും സാമൂഹിക മാധ്യമങ്ങളില്‍ കേന്ദ്രത്തിനും മോദിക്കുമെതിരെ രൂക്ഷമായ പ്രതികരണങ്ങള്‍ നടത്തുന്ന, പാര്‍ട്ടിയുടെ ബുദ്ധിജീവി മുഖം കൂടിയായ ജയറാം രമേശിനെ കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. ഇക്കണോമിക് ടൈംസിന്റെ എക്സിക്യൂട്ടീവ് എഡിറ്ററായിരുന്ന സുപ്രിയാ ശ്രീനേറ്റിന്റെ നേതൃത്വത്തില്‍ ശക്തമായ സാമൂഹിക മാധ്യമ വിഭാഗവും നിലവില്‍ കോണ്‍ഗ്രസിനുണ്ട്. പരമ്പരാഗത മാധ്യമങ്ങള്‍ തമസ്‌കരിക്കുന്നു എന്ന് ഭാരത് ജോഡോ യാത്രയില്‍ ഉടനീളം വിമര്‍ശനം ഉന്നയിച്ച രാഹുലിനെ ബ്രാന്‍ഡ് ചെയ്യാന്‍ വലിയ സാമൂഹിക മാധ്യമ സന്നാഹം തന്നെയായിരുന്നു കോണ്‍ഗ്രസ് ഏര്‍പ്പാടാക്കിയത്. പല വിഭാഗത്തില്‍പ്പെട്ടവരെ ലക്ഷ്യമിട്ട് അവര്‍ക്ക് മാത്രമുള്ള കണ്ടന്റുകള്‍ നല്‍കി, എല്ലാ വിഭാഗം ജനങ്ങളിലേക്കും സാമൂഹിക മാധ്യമങ്ങള്‍ വഴി എത്തിച്ചേരാന്‍ ഭാരത് ജോഡോ യാത്ര കൊണ്ടുമാത്രം സാധിച്ചിട്ടുണ്ട്. കാലങ്ങള്‍ കൊണ്ട് ബി.ജെ.പി. ഉണ്ടാക്കിയെടുത്ത രാഹുലിന്റെ പപ്പു പ്രതിച്ഛായയും ഒരുപരിധിവരെ ഇത്തരം ഇടപെടലുകള്‍ കൊണ്ട് ഇല്ലാതാക്കിയിരിക്കുന്നു. നിലവില്‍ അദാനി ബന്ധമടക്കം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയെ നേരിട്ട് ആക്രമിക്കുന്ന രീതി, മോദിയെ തുറന്നുകാട്ടുക എന്ന പ്രശാന്തിന്റെ പദ്ധതിയെ അതേപടി അനുകരണം തന്നെയാണ്.

ഇനിയെന്ത്?
2024 മേയോടെ നിലവിലെ നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണകാലയളവ് അവസാനിക്കും. ഇതിനുള്ളില്‍ തിരഞ്ഞെടുപ്പുമുണ്ടാവും. പൊതുതിരഞ്ഞെടുപ്പ് ജയിക്കാന്‍ കോണ്‍ഗ്രസിന്റേയും വിശാലാര്‍ഥത്തില്‍ പ്രതിപക്ഷത്തിന്റേയും പദ്ധതികള്‍ എന്താണെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. ഭരണത്തിലുള്ള ബി.ജെ.പിയാണെങ്കില്‍ പലതലത്തില്‍ മുന്നൊരുക്കങ്ങള്‍ ആരംഭിക്കുകയും ചെയ്തു. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പാണ് ഏറ്റവും അടുത്ത് നടക്കാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പ്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കുറഞ്ഞത് അഞ്ച് നിയമസഭകളിലേക്കെങ്കിലും തിരഞ്ഞെടുപ്പ് ബാക്കിയാണ്. അതേസമയം, വ്യക്തമായ പദ്ധതിയില്ലാതെയാണ് കോണ്‍ഗ്രസ് നിയമസഭാ തിരഞ്ഞെടുപ്പുകളെ നേരിടുന്നത് എന്ന് വേണം കരുതാന്‍. ഗുജറാത്തിലും ത്രിപുരയിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലടക്കം ഇത് കണ്ടതാണ്. ഇതിനിടെ ഹിമാചല്‍ പ്രദേശില്‍ ഭരണം തിരിച്ചുപിടിക്കാന്‍ കഴിഞ്ഞതാണ് ആശ്വാസം. വരാനിരിക്കുന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനെ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി തെല്ല് ആത്മവിശ്വാസത്തോടെയാണ് കോണ്‍ഗ്രസ് നേരിടാനൊരുങ്ങുന്നത്. ചേരിതിരഞ്ഞ് പോരുണ്ടെങ്കിലും സംഘടനപരമായി ശക്തിയുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് കോണ്‍ഗ്രസിനെ സംബന്ധിച്ച് കര്‍ണാടക. എന്നാല്‍, ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കാനിരിക്കുന്ന സാഹചര്യത്തിലും മറ്റ് സംസ്ഥാനങ്ങളില്‍ അതല്ല സ്ഥിതി. സംഘടന കെട്ടിപ്പടുക്കുന്നതുമുതല്‍ സഖ്യത്തിന്റെ കാര്യത്തില്‍ വരെ തീരുമാനം ഉണ്ടാകേണ്ടതുണ്ട്. ഇതിനെ അടിസ്ഥാനമാക്കിയിരിക്കും കോണ്‍ഗ്രസിന്റെ 2024 തിരഞ്ഞെടുപ്പിലെ വിധി. അതിനായൊരുങ്ങാന്‍ എന്തുണ്ട് ഇനി 'കൈ'യില്‍ എന്നാണ് ചോദ്യം!
Content Highlights: prashant kishor plan to revive congress what done what dont what left for 2024
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..