പൗരത്വനിയമഭേദഗതിക്കുനേരെ ശക്തമായ നിലപാടുമായി ഡി.എം.കെ. മുന്നോട്ടുപോവുകയാണല്ലോ. ഈ പ്രക്ഷോഭങ്ങളെ എങ്ങനെ കാണുന്നു
= പൗരത്വനിയമത്തിനുനേരെ രാജ്യം ഒറ്റക്കെട്ടായി നിൽക്കാനുള്ള സമയമാണിത്. ഇന്ത്യയെ, ഹിന്ദി സംസാരിക്കുന്ന ഹിന്ദുക്കളുടെ രാജ്യമാക്കാനാണ് ബി.ജെ.പി.യുടെ ശ്രമം. ഇതിനെതിരേ സംഘടിതവും അസംഘടിതവുമായി നടക്കുന്ന ഓരോ പ്രക്ഷോഭത്തിനും അതിന്റേതായ പ്രാധാന്യമുണ്ട്. ഒരു മതംമാത്രം ഒറ്റക്കെട്ടാവുന്ന ചില സന്ദർഭങ്ങൾ പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. അതിനെ മതവത്കരിച്ച് കാണേണ്ട ആവശ്യമില്ല. ഒരു നിയമം ഏറ്റവുമധികം ബാധിക്കുന്നവർ ഒന്നിച്ചുനിന്ന് പ്രകടനങ്ങൾ നടത്തുന്നത് സ്വാഭാവികമാണ്. ഒറ്റ ലക്ഷ്യത്തിനായുള്ള പോരാട്ടമാണിത്. അതിന് ഒറ്റയ്ക്കോ കൂട്ടമായോ പൊതുവേദിയോ സാമൂഹികമാധ്യമങ്ങളോ ഏതുരീതിയും സ്വീകരിക്കാം. ഈ പ്രതിഷേധം ഒരു സംഘടന നടത്തുന്നതോ സംഘടിതമായതോ ആവണമെന്നില്ല. ഒറ്റയ്ക്ക് ഒരാൾ നടത്തുന്ന പ്രതിഷേധം പോലും ഇതിന്റെ ഭാഗമാണ്.
പൗരത്വനിയമഭേദഗതിക്കുനേരെ കേരളത്തിൽ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ സ്വീകരിക്കുന്ന നടപടികൾ പ്രശംസനീയമാണ്. അതുകൊണ്ടുതന്നെ ഡി.എം.കെ.യും കേരള സർക്കാരും ഈ വിഷയത്തിൽ ഒന്നിച്ചുനീങ്ങാനുള്ള സാധ്യതകളെക്കുറിച്ച് പാർട്ടിനേതാക്കളുമായി ആലോചിക്കും. ബില്ലിനെ പിന്തുണച്ച എ.ഐ.എ.ഡി.എം.കെ.യുടെ നിലപാട് തമിഴ്നാടിനെ അപമാനിക്കുന്നതാണ്.
തമിഴ്നാട്ടിൽ പൗരത്വനിയമത്തിനെതിരേ കോലം വരച്ചവരെപ്പോലും എ.ഐ.എ.ഡി.എം.കെ. സർക്കാർ അറസ്റ്റുചെയ്യുന്ന സാഹചര്യമുണ്ടായി. സ്വന്തം വീട്ടുമുറ്റത്ത് കോലമിട്ട് പ്രതികരിച്ചിരുന്നല്ലോ
= അക്രമാസക്തമാവുന്ന പ്രക്ഷോഭങ്ങൾക്കും പ്രകടനങ്ങൾക്കുമെതിരായാണ് സാധാരണ കേസും അറസ്റ്റുമുണ്ടാവാറ്. ഇതിപ്പോൾ ശബ്ദകോലാഹലങ്ങൾ ഉയർത്താതെയുള്ള അവകാശസമരങ്ങൾപോലും ഭരണകൂടത്തെ ചൊടിപ്പിക്കുന്നുവെന്നതിന്റെ തെളിവാണിത്. ആദ്യദിവസം അഞ്ചുപേരെ അവർ അറസ്റ്റുചെയ്തു. പോലീസിന്റെ ഇത്തരം സമീപനത്തോടെ ഒരു നാടുമുഴുവൻ പ്രക്ഷോഭം ഏറ്റെടുത്തു. മിക്കവീടുകളുടെയും മുമ്പിൽ പൗരത്വനിയമഭേദഗതിക്കെതിരേയും എൻ.ആർ.സി.ക്കെതിരേയും കോലങ്ങൾ പ്രത്യക്ഷപ്പെട്ടു. അതിന്റെ ഭാഗമായി അവർക്കൊപ്പം നിൽക്കുന്നതിനാൽകൂടിയാണ് ഞാനും സഹോദരൻ സ്റ്റാലിനും ഞങ്ങളുടെ വീടുകൾക്കുമുന്നിൽ കോലം വരച്ചത്.
ജനങ്ങൾക്ക് ഇപ്പോഴും ഈ കാര്യങ്ങളിൽ ആശങ്ക ബാക്കിനിൽക്കുന്നുണ്ട്
= ബി.ജെ.പി.യുടെ സൈബർനിര വളരെ ശക്തമാണ്. നുണപ്രചാരണങ്ങൾ ശക്തിപ്പെടുത്തിയാണ് അവർ കാര്യങ്ങൾ മുന്നോട്ടുനീക്കുന്നത്. അത് മുസ്ലിങ്ങളെമാത്രം ലക്ഷ്യമിട്ടുള്ളതല്ല. വരുംനാളുകളിൽ വേറെ രീതിയിൽ മറ്റുവിഭാഗങ്ങൾക്കും ബാധകമാവും. ഈ നിയമം ഏറ്റവുമധികം ബാധിക്കുന്നത് സ്ത്രീകളെയായിരിക്കും. സ്വന്തംപേരിൽ വസ്തുവേണം എന്നുവന്നാൽ ഇന്ത്യയിൽ എത്ര സ്ത്രീകൾക്ക് അതുണ്ടാവും. ഇന്ത്യ ഒരു മതേതര രാജ്യമാണെന്നു ചിന്തിക്കുന്ന ആരെയും ആർ.എസ്.എസ്. എതിർക്കും. നമ്മൾ ഒറ്റ ഇന്ത്യയ്ക്കുവേണ്ടിയാണ് ശ്രമിക്കുന്നത്. എല്ലാ വ്യത്യാസങ്ങൾക്കിടയിലുമുള്ള ഏകത്വമായിരുന്നു നമ്മുടെ പ്രത്യേകത.
എം.ജി.ആറിനും കരുണാനിധിക്കും ജയലളിതയ്ക്കും ശേഷമുള്ള തമിഴ്നാട് ശരിക്കുമൊരു പുതുയുഗം തന്നെയല്ലേ. അവരുടെ തുടർച്ചകളെ എങ്ങനെ കാണുന്നു
= ഒരു വ്യക്തി എന്നനിലയിൽ ഞാൻ ജയലളിതയെ ബഹുമാനിക്കുന്നു. എന്നാൽ, അവർ എന്തെങ്കിലും രാഷ്ട്രീയമായി അവശേഷിപ്പിച്ചു എന്നു ഞാൻ കരുതുന്നില്ല. അവർക്കുശേഷം ആ നേതൃത്വം അപ്പാടെ ദുർബലപ്പെട്ടിരിക്കുന്നു. തനിക്കുശേഷം ഒരാളെ വാർത്തെടുക്കാൻ അവർക്കു കഴിഞ്ഞിട്ടില്ല. ഒരു നല്ലനേതാവ് ഒരിക്കലും അങ്ങനെയായിരിക്കില്ല.
ജയലളിത പിന്തുടർന്നിരുന്ന രാഷ്ട്രീയനിലപാടുകളോടും കടുത്ത വിയോജിപ്പാണ്. എങ്കിലും ജീവിച്ചിരുന്നെങ്കിൽ പൗരത്വനിയമഭേദഗതിയെ അവർ അനുകൂലിക്കുമെന്ന് ഞാൻ കരുതുന്നില്ല. നിലപാടുകളിൽ മായംചേർക്കാത്ത ഒരച്ഛന്റെ മകളാണു ഞാൻ. എനിക്കും സഹോദരൻ സ്റ്റാലിനും സ്വയം പഠിക്കാനുള്ള വഴി അച്ഛൻ ഒരുക്കിയിരുന്നു. എന്റെ മാർഗദർശി എന്നും അച്ഛനാണ്.
കോൺഗ്രസും മറ്റുപാർട്ടികളും ചേർന്നുള്ള സെക്കുലർ പ്രോഗ്രസീവ് അലയൻസ് ആണല്ലോ ഇപ്പോൾ തമിഴ്നാട്ടിൽ പ്രതിപക്ഷം. ഇപ്പോൾ പല കാര്യങ്ങൾക്കും കോൺഗ്രസുമായി അകൽച്ച പാലിക്കുന്നുണ്ടല്ലോ
= ഒരു വലിയ സഖ്യമാകുമ്പോൾ അഭിപ്രായഭിന്നത സ്വാഭാവികമാണ്. അതൊരു സ്വരച്ചേർച്ചയില്ലായ്മ മാത്രമായി കണ്ടാൽമതി. അടുത്ത കാര്യം വരുമ്പോൾ യോജിച്ചെന്നുവരാം.
മക്കത്തായം ഇല്ലാതായിപ്പോയതാണ് എ.ഐ.എ.ഡി.എം.കെ.യുടെ പതനം എന്നാണോ അർഥമാക്കേണ്ടത്. ഇന്ത്യയിലെ ജനങ്ങൾ ഇപ്പോഴും മക്കത്തായം അംഗീകരിക്കുന്നുവെന്ന് കരുതാനാവുമോ
= ഒരിക്കലും രാഷ്ട്രീയത്തിൽ അങ്ങനെ മക്കത്തായത്തിന് വിജയമുണ്ടാവുമെന്ന് ഞാൻ കരുതുന്നില്ല. കോൺഗ്രസിൽ ഇത്തവണ ഉയർത്തിക്കാണിക്കാൻ ഒരു നേതാവായി രാഹുൽ ഗാന്ധി ഉണ്ടായിരുന്നതുകൊണ്ടാണ് ഞങ്ങൾ പിന്തുണച്ചത്. അവിടെയും പൂർണമായി മക്കത്തായം ആണെന്നു പറയാൻ സാധിക്കില്ലല്ലോ. മോദിക്കുമുമ്പ് മൻമോഹൻ സിങ് ആയിരുന്നല്ലോ പ്രധാനമന്ത്രി.
കരുണാനിധിയുടെ മക്കൾ എന്നത് എനിക്കും സഹോദരൻ സ്റ്റാലിനും പെട്ടെന്നുള്ള വരവിന് വഴിയൊരുക്കി എന്നത് തീർച്ചയാണ്. അത് എല്ലാ രംഗത്തുമുണ്ട്. മറ്റാരെക്കാളുമെളുപ്പത്തിൽ ഒരു നടന്റെ മകന് സിനിമാരംഗത്ത് എത്താം. ഡോക്ടറുടെ മകൻ ഡോക്ടറും അധ്യാപകന്റെ മകൻ അധ്യാപകനുമാകുന്നത് സ്വാഭാവികമാണ്. അവിടെ പിടിച്ചുനിൽക്കണമെങ്കിലും വിജയിക്കണമെങ്കിലും സ്വന്തംകഴിവുതന്നെ വേണം. വെറുതേ ജനങ്ങൾ ആരെയും അംഗീകരിക്കില്ല.
2ജി സ്പെക്ട്രം അഴിമതിക്കേസ് സി.ബി.ഐ.യുടെ ചരിത്രത്തിലെ നാണക്കേട് എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. അതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നേതാവ് എന്നത് ഒരു ഭാരമാവുന്നുണ്ടോ
= 2ജി അല്ല, സി.എ.ജി.തന്നെയായിരുന്നു അവരുടെ വിഷയമെന്ന് ഞങ്ങൾ ഇപ്പോൾ മനസ്സിലാക്കുന്നു. കുറ്റാരോപിതയായപ്പോഴും അതിനോട് നിയമപരമായി സഹകരിച്ചു. കേസ് ജയിക്കുമെന്ന് ഉറപ്പുമുണ്ടായിരുന്നു. പ്രതീക്ഷിച്ചപോലെ കുറ്റക്കാരല്ലെന്നുകണ്ടെത്തി കോടതി ഞങ്ങളെ വെറുതേവിടുകയും ചെയ്തു. ജനങ്ങൾ ഞങ്ങളെ വിശ്വസിക്കുന്നു. അവർ ഞങ്ങൾക്കൊപ്പമുണ്ട്. അതുകൊണ്ടാണ് അവർ എന്നെ വിജയിപ്പിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..