സ്റ്റാലിൻ
ചെന്നൈയില്‍ നടന്ന എം.കെ.സ്റ്റാലിന്റെ 70-ാം ജന്മദിനാഘോഷ ചടങ്ങില്‍ സുപ്രധാനമായ പ്രഖ്യാപനമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ നടത്തിയത്. 2024-ലോക്‌സഭാ തിരഞ്ഞെടുപ്പിന് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പാര്‍ട്ടി ആരേയും ഉയര്‍ത്തിക്കാണിക്കുന്നില്ല. തികച്ചും പ്രായോഗികമായതും കോണ്‍ഗ്രസിന്റെ കുടക്കീഴില്‍ യു.പി.എ. ഇതര വിശാല പ്രതിപക്ഷ ഐക്യം ഉണ്ടാകില്ലെന്ന തുറന്നുപറച്ചിൽ കൂടിയാണ് ഖാര്‍ഗെയുടെ പ്രസ്താവന.
മുത്തുവേല്‍ കരുണാനിധി സ്റ്റാലിന്‍ എന്ന തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കുന്നത് ആലോചിക്കാവുന്നതാണെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷനുമായ ഫാറൂഖ് അബ്ദുള്ള നിര്‍ദേശം വെച്ച വേദിയിലായിരുന്നു ഖാര്‍ഗെയുടെ പ്രസ്താവനയും. പ്രതിപക്ഷം കൈകോര്‍ത്ത് 2024-ലെ പൊതു തിരഞ്ഞെടുപ്പ് ജയിച്ചാല്‍ സ്റ്റാലിന്‍ പ്രധാനമന്ത്രിയാകാനുള്ള സാധ്യത തള്ളാനാവില്ലെന്നാണ് ഫാറൂഖ് അബ്ദുള്ള പറഞ്ഞുവച്ചത്.
പ്രതിപക്ഷ പാളയത്തില്‍ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ രണ്ടാമത്തെ വലിയ പാര്‍ട്ടിയായി സ്റ്റാലിന്റെ ഡി.എം.കെ. തുടരുമെന്നതില്‍ സംശയമില്ല. എന്നാല്‍, ദേശീയ രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നതില്‍ സ്റ്റാലിന്‍ ഇതുവരെ പരസ്യമായ ഒരു താത്പര്യവും പ്രകടിപ്പിച്ചിട്ടില്ലെന്നതാണ്. 'സ്റ്റാലിന്‍, സമയമായി, ദേശീയ രംഗത്തേക്ക് വരൂ' എന്ന് ഖാര്‍ഗെയെ സാക്ഷിയാക്കി ഫാറൂഖ് അബ്ദുള്ള വിളിച്ചുണര്‍ത്തുമ്പോള്‍ സംയമനത്തോടെയും ബുദ്ധിപൂര്‍വ്വവുമാണ് സ്റ്റാലിന്‍ പ്രതികരിച്ചിട്ടുള്ളത്.
തന്റെ ജന്മദിനാഘോഷ വേദി ഒരു പുതിയ രാഷ്ട്രീയ ഘട്ടത്തിന് തുടക്കം കുറിക്കുകയാണെന്ന് പറഞ്ഞ സ്റ്റാലിന്‍ മൂന്നാം മുന്നണി അര്‍ഥശൂന്യമാണെന്നും പറയുകയുണ്ടായി. വിശാല പ്രതിപക്ഷ ഐക്യത്തിലൂടെ അല്ലാതെ ബി.ജെ.പിയെ അധികാരത്തില്‍നിന്ന് താഴെയിറക്കുക സാധ്യമാകില്ലെന്ന തിരിച്ചറിവ് എല്ലാവര്‍ക്കും വേണമെന്നും അദ്ദേഹം സന്ദേശമായി പറഞ്ഞു.
ഭാരത് രാഷ്ട്രസമിതി അധ്യക്ഷനും തെലങ്കാന മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖര റാവു, തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി, ജെ.ഡി.യു. അധ്യക്ഷനും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ തുടങ്ങി പ്രധാനമന്ത്രി കുപ്പായം തയ്പ്പിച്ചിരിക്കുന്നവര്‍ പ്രതിപക്ഷനിരയില്‍ ഏറെയാണ്. എന്നാല്‍, സ്വന്തം ലക്ഷ്യത്തിലേക്ക് മറ്റു പാര്‍ട്ടികളെ ഏകോപിപ്പിക്കാന്‍ കഴിയാത്തതാണ് ഇവരുടെ പ്രധാന തടസ്സം. മമതയേയും ചന്ദ്രശേഖര റാവുവിനേയും കോണ്‍ഗ്രസ് പിന്തുണക്കാനുള്ള സാധ്യത വിദൂരമാണ്. തിരിച്ച് കോണ്‍ഗ്രസിനോടും ഇവര്‍ക്ക് സമാന നിലപാടാണ്. ഇടതുപക്ഷത്തിന്റെ പിന്തുണയും മമതയ്ക്ക് ലഭിക്കില്ല. നിതീഷ് കുമാറിനാണെങ്കില്‍ മറ്റുള്ളവരോട് വിലപേശാനുള്ള അംഗബലമൊന്നും ലഭിക്കാനിടയില്ല. ഈ സാഹചര്യമാണ് സ്റ്റാലിന്റെ സാധ്യത കൂട്ടുന്നത്.
ലോക്‌സഭയില്‍ ബി.ജെ.പിയും കോണ്‍ഗ്രസും കഴിഞ്ഞാല്‍ നിലവില്‍ മൂന്നാമത്തെ വലിയ പാര്‍ട്ടിയാണ് ഡി.എം.കെ.. തമിഴ്‌നാട്ടിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വെച്ച് നോക്കുമ്പോള്‍ 2024-ല്‍ അവരുടെ അംഗബലത്തില്‍ വലിയ മാറ്റത്തിന് സാധ്യതയില്ല. കോണ്‍ഗ്രസിനാണെങ്കില്‍ രാഹുല്‍ അല്ലാതെ പാര്‍ട്ടിയില്‍ മറ്റൊരു പൊതുസമ്മത നേതാവിനെ മുന്നോട്ട് വെക്കാനില്ല. അത്തരമൊരു ഘട്ടത്തിലാണ് ആര് നേതൃത്വം നല്‍കുമെന്ന് പറയില്ലെന്ന് ഖാര്‍ഗെ പറഞ്ഞിരിക്കുന്നും സ്റ്റാലിനെ ഫാറൂഖ് അബ്ദുള്ള ചൂണ്ടിക്കാണിക്കുന്നതും.
.jpg?$p=1928fed&&q=0.8)
എന്നാല്‍, മമതയേയും ചന്ദ്രശേഖര റാവുവിനേയും പോലെ ദേശീയ താത്പര്യങ്ങളില്‍ സ്റ്റാലിനോ അദ്ദേഹത്തിന്റെ മുന്‍ഗാമികളോ ആകൃഷ്ടരായിട്ടില്ല എന്നതാണ് ഡി.എം.കെയിലെ ഉന്നതര്‍ അടിവരയിടുന്നത്. അതേസമയം, തമിഴ്‌നാട് തന്നെയാണ് സ്റ്റാലിന്റെ പ്രഥമ പരിഗണനയെന്ന് പറയുമ്പോഴും സംയുക്ത-പ്രതിപക്ഷ രൂപീകരണത്തില്‍ സ്റ്റാലിന്‍ നിര്‍ണായക പങ്ക് വഹിക്കുമെന്ന് അവര്‍ സമ്മതിക്കുന്നുണ്ട്. ആ പങ്ക് ഏത് രീതിയിലായിരിക്കണമെന്നതില്‍ അന്തിമ തീരുമാനം സ്റ്റാലിനില്‍തന്നെ നിക്ഷിപ്തമാണ്. കോണ്‍ഗ്രസ് വിളിച്ചാല്‍ എത്താത്ത ചില പാര്‍ട്ടികളെ സ്റ്റാലിന് എത്തിക്കാന്‍ സാധിക്കുമെന്നതാണ് വിശാലപ്രതിപക്ഷ സഖ്യത്തില്‍ അദ്ദേഹത്തിന്റെ പങ്ക് നിര്‍ണായകമാക്കുന്നത്.
കോണ്‍ഗ്രസുമായി അകന്ന് നില്‍ക്കുന്ന മമത, ചന്ദ്രശേഖര റാവു, അഖിലേഷ് യാദവ് തുടങ്ങിയവരേയും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയേയും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിനേയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനേയും സ്റ്റാലിന് അണിനിരത്താന്‍ കഴിയുമെന്ന് യു.പി.എയിലെ ഘടകകക്ഷികള്‍ക്ക് പ്രതീക്ഷയുണ്ട്. അതിന്റെ തുടര്‍ച്ചയാണ് ഫാറൂഖ് അബ്ദുള്ള പ്രകടിപ്പിച്ചത്.
സ്റ്റാലിന്‍ ഒരു ഭാരതപര്യടനം നടത്തണമെന്നാണ് വിടുതലൈ ചിരുതൈകള്‍ കച്ചി (വി.സി.കെ.) അധ്യക്ഷന്‍ തോൽ തിരുമാളവന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. യു.പി.എ. സംവിധാനം പൂര്‍ണ്ണ അര്‍ത്ഥത്തില്‍ നിലനില്‍ക്കുന്ന ഏക സംസ്ഥാനം കൂടിയാണ് തമിഴ്‌നാട്. ഡി.എം.കെയ്‌ക്കൊപ്പം കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍, മുസ്ലിംലീഗ് എന്നിവരുള്‍പ്പെട്ട മുന്നണിയെ വലിയ തര്‍ക്കങ്ങള്‍ക്കൊന്നും ഇടനല്‍കാത്ത നിലക്കാണ് നയിക്കുന്നതെന്നതും ഡ്രൈവിങ് സീറ്റിലേക്കുള്ള സ്റ്റാലിന്റെ വരവിന് സ്വീകാര്യത വര്‍ധിപ്പിക്കുന്നു.
.jpg?$p=ea956a7&&q=0.8)
പ്രതിപക്ഷ ഐക്യനീക്കത്തിന് സ്റ്റാലിന്‍ നേതൃത്വം നല്‍കിയേക്കുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് തമിഴ്നാട്ടില്‍ ഉത്തരേന്ത്യന്‍ തൊഴിലാളികള്‍ അക്രമിക്കപ്പെട്ടുവെന്ന് പ്രചാരണമുയരുന്നത് എന്നതും ശ്രദ്ധേയമാണ്. ഇതിന് പിന്നില്‍ ബി.ജെ.പിയുടെ ഗൂഢാലോചനയുണ്ടെന്നാണ് ഡി.എം.കെ. ആരോപിക്കുന്നത്. സ്റ്റാലിന്റെ കീഴില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കുന്നതിന് തടയിടുകയാണ് ബി.ജെ.പി. ഇതിലൂടെ ലക്ഷ്യംവെക്കുന്നതെന്ന് ഡി.എം.കെ. ആരോപിക്കുന്നു. പ്രചാരണത്തിന് പിന്നിലെ രാഷ്ട്രീയം തിരിച്ചറിഞ്ഞുകൊണ്ട് തന്നെ അതിവേഗത്തിലാണ് സ്റ്റാലിന്‍ സര്‍ക്കാര്‍ നടപടികള്‍ കൈക്കൊണ്ടിട്ടുള്ളത്. ഇതര സംസ്ഥാന തൊഴിലാളികള്‍ സഹോദരങ്ങളാണെന്നും സംരക്ഷിക്കുമെന്നും സ്റ്റാലിന്‍ പ്രസ്താവന നടത്തുകയുണ്ടായി. ഇതര സംസ്ഥാന തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രത്യേക ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍ തമിഴ്‌നാട് സര്‍ക്കാര്‍ പുറത്തുവിടുകയും ചെയ്തു. പ്രചാരണവുമായി ബന്ധപ്പെട്ട് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ അണ്ണമാലൈ അടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
70-ലേക്ക് കടന്ന സ്റ്റാലിന്‍
പ്രധാനമന്ത്രി നരേന്ദ്ര മോദി മുതല്‍ ഡി.എം.കെയുടെ സാധാരണ പ്രവര്‍ത്തകര്‍ വരെയുള്ളവര്‍ ദ്രാവിഡനായകന് ജന്മദിന സന്ദേശങ്ങള്‍ നേര്‍ന്നതോടെ മാര്‍ച്ച് ഒന്നിന് ട്വിറ്റര്‍ ട്രെന്‍ഡിങില്‍ ഒന്നാമതായി സ്റ്റാലിന്‍ നിന്നു. വ്യത്യസ്തമായ പരിപാടികള്‍ സംഘടിപ്പിച്ചാണ് ഡി.എം.കെ. അവരുടെ നായകന്റെ 70-ാം ജന്മദിനം ആഘോഷമാക്കിയത്. അന്ന് ജനിച്ച കുട്ടികള്‍ക്ക് സ്വര്‍ണ്ണമോതിരം, വൃക്ഷത്തൈകള്‍, വിദ്യാര്‍ഥികള്‍ക്ക് ധനസഹായം, രക്താദന ക്യാമ്പുകള്‍, സൗജന്യ കാഴ്ച പരിശോധന ക്യാമ്പുകള്‍, സമൂഹ ഭക്ഷണ വിതരണം അങ്ങനെ അവിസ്മരണീയമായ രീതിയില്‍ ഡി.എം.കെ. പ്രവര്‍ത്തകര്‍ സ്റ്റാലിന്റെ ജന്മദിനം ആഘോഷിച്ചു. പേന മുതല്‍ ഒട്ടകം വരെ സ്റ്റാലിന് സമ്മാനമായി ലഭിക്കുകയും ചെയ്തു. മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ഫാറൂഖ് അബ്ദുള്ള, സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് തുടങ്ങിയ ദേശീയ രാഷ്ട്രീയ നേതാക്കള്‍ പങ്കെടുത്ത വമ്പന്‍ റാലിയോടെ ജന്മദിനാഘോഷം സമാപിക്കുകയും ചെയ്തു. ഇത് വെറുമൊരു ജന്മദിനാഘോഷ വേദിമാത്രമല്ലെന്നും ഇന്ത്യയിലെ ഒരു വലിയ രാഷ്ട്രീയ ഘട്ടത്തിന്റെ തുടക്കം കൂടിയാണെന്ന് സ്റ്റാലിന്‍ പറഞ്ഞുവെച്ച ഈ റാലിയിലാണ് പ്രതിപക്ഷ സമവാക്യങ്ങളില്‍ നിര്‍ണായകമായ ഖാര്‍ഗെയുടെ പ്രസ്താവനയും ഉണ്ടായത്.
സ്റ്റാലിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ്
2021 മെയ് മാസത്തില്‍ സ്റ്റാലിന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍, പിതാവ് കലൈഞ്ജര്‍ കരുണാനിധിയുടെ നിഴലില്‍നിന്ന് അദ്ദേഹം എങ്ങനെ പുറത്തുവരുമെന്നായിരുന്നു പലര്‍ക്കും സംശയം. പിന്നീടുള്ള രണ്ടു വര്‍ഷം അദ്ദേഹം തന്റെ കരുത്തും കഴിവും തെളിയിച്ചു. ഇതര പാര്‍ട്ടികളുമായുള്ള രാഷ്ട്രീയ കലഹങ്ങളേക്കാള്‍ പക്വവും ജനസൗഹൃദവും ക്ഷേമത്തിന് ഊന്നല്‍ നല്‍കുന്നതുമായ ഭരണശൈലി സ്വീകരിച്ചാണ് സ്റ്റാലിന്‍ തന്റെ മികവ് പ്രകടിപ്പിച്ചാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ജനകീയ മുഖ്യമന്ത്രി എന്ന വിശേഷണം സ്റ്റാലിന്‍ ഇതിനകം നേടിക്കഴിഞ്ഞു.
1957-ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ അധികാരത്തില്‍ വന്നതിന് ശേഷം സ്വതന്ത്ര ഇന്ത്യയില്‍ ഒരു കോണ്‍ഗ്രസ് ഇതര-പ്രാദേശിക പാര്‍ട്ടി, ദക്ഷിണേന്ത്യയില്‍ അധികാരത്തില്‍ വരുന്നത് 1967-ല്‍ മദ്രാസ് സംസ്ഥാനത്ത് ഡി.എം.കെ. ആണ്. തമിഴ് സ്വത്വവും സാമൂഹ്യനീതിയും സ്ത്രീ ശാക്തീകരണവും ഉയര്‍ത്തിപ്പിച്ചാണ് ഡി.എം.കെയുടെ രൂപീകരണം. ആദ്യമായി അധികാരത്തിലെത്തിയ ശേഷം ഇന്നുവരെ ആകെ മൂന്ന് പേര്‍ മാത്രമാണ് ഡി.എം.കെ. നയിച്ചിട്ടുള്ളത്. സി.എന്‍. അണ്ണാദുരൈ, എം. കരുണാനിധി, എം.കെ. സ്റ്റാലിന്‍ എന്നിവരാണാണ് ആ മൂന്ന് പേര്‍. അണ്ണാദുരൈയും കരുണാനിധിയുംചോദ്യം ചെയ്യപ്പെടാത്ത നേതാക്കളായിരുന്നു, അവര്‍ ഉന്നത സ്ഥാനത്ത് വരുന്നതിന് വെല്ലുവിളി ഉയര്‍ത്താന്‍ പാര്‍ട്ടിയില്‍ ആരുമില്ലായിരുന്നു.
%20(1).jpg?$p=41b9868&&q=0.8)
ഔപചാരികമായി പാര്‍ട്ടി അധ്യക്ഷ സ്ഥാനം സ്റ്റാലിന്‍ ഏറ്റെടുക്കുമ്പോഴും എതിരാളികളായി പാര്‍ട്ടിയില്‍ ആരും ഉണ്ടായിരുന്നില്ല. 2018-ല്‍ സ്ഥാനം ഏറ്റെടുക്കുന്നതിന് നാല് വര്‍ഷം മുന്നേ ഭീഷണി ആയി നിന്നിരുന്ന സഹോദരന്‍ എം.കെ. അഴഗിരിയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിരുന്നു. എന്നാല്‍, രാഷ്ട്രീയത്തില്‍ പയറ്റിത്തെളിട്ടുണ്ടെങ്കിലും മുഖ്യമന്ത്രി കസേരയിലേക്ക് ചെന്നെത്താന്‍ സ്റ്റാലിന് പതിറ്റാണ്ടുകള്‍ കാത്തിരിക്കേണ്ടി വന്നിട്ടുണ്ട്. രാഷ്ട്രീയത്തില്‍ തന്നേക്കാള്‍ മൂപ്പ് കുറവായ ജയലളിത തമിഴകത്തിന്റെ മുഖ്യമന്ത്രിയായി വാഴുമ്പോള്‍ നോക്കിനില്‍ക്കാനെ സ്റ്റാലിന് സാധിച്ചിരുന്നുള്ളൂ. കരുണാനിധി ജീവിച്ചിരുന്നപ്പോള്‍ ഡി.എം.കെയില്‍നിന്ന് മകനെപ്പോലും മുഖ്യമന്ത്രിയാക്കുന്നതില്‍ എതിര്‍പ്പായിരുന്നു അദ്ദേഹത്തിന്. 2014-ല്‍ ഡി.എം.കെ. സംഘാടക സെക്രട്ടറിയായിരുന്ന കല്യാണസുന്ദരം സ്റ്റാലിനെ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയാക്കണമെന്ന് പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടതേ ഓര്‍മയുള്ളൂ. പാര്‍ട്ടിക്ക് പുറത്തായി. എന്നാല്‍, തനിക്കു ശേഷം പാര്‍ട്ടിയെ ആര് മുന്നോട്ട് കൊണ്ടുപോകുമെന്നതില്‍ കരുണാനിധിക്ക് വ്യക്തമായ കണക്ക് കൂട്ടലുണ്ടായിരുന്നു. മൂന്ന് മക്കളില്‍ അഴഗിരി കരുണാനിധിയുടെ കണക്ക് കൂട്ടല്‍ തെറ്റിച്ചെങ്കിലും സ്റ്റാലിനും കനിമൊഴിയും അച്ഛന്‍ കണ്ട സ്വപ്നങ്ങള്‍ക്കൊപ്പം സഞ്ചരിച്ചു.
കരുണാനിധിയുടെ വിയോഗത്തോടെ ഡി.എം.കെയുടെ നിയന്ത്രണം ഏറ്റെടുക്കുമ്പോള്‍ സ്റ്റാലിന് വെല്ലുവിളികള്‍ ഏറെയായിരുന്നു. കരുണാനിധിയുടെ അഭാവം സ്റ്റാലിനെ നിര്‍ണായകഘട്ടങ്ങളില്‍ പ്രതിസന്ധിയിലാക്കും. സുപ്രധാനമായ കാര്യങ്ങളില്‍ ഒറ്റയ്ക്ക് തീരുമാനം എടുക്കാനുള്ള ശേഷി അദ്ദേഹത്തിന് കൈവന്നിട്ടില്ല...തുടങ്ങിയ വിമര്‍ശനങ്ങളാണ് വിവിധ രാഷ്ട്രീയ കോണുകളില്‍ നിന്ന് സ്റ്റാലിനെതിരെ ഉയര്‍ന്നത്. എന്നാല്‍ പാര്‍ട്ടിയെ ഏറ്റെടുത്ത് മികവ് തെളിയിച്ച സ്റ്റാലിന്‍ പിന്നീട് തമിഴകത്തിന്റെ ചുക്കാന്‍ പിടിക്കുമ്പോഴും തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളിലൊന്നും ഒരര്‍ത്ഥവും ഇല്ലെന്ന് തെളിയിക്കുന്ന പ്രവര്‍ത്തനങ്ങളാണ് കാഴ്ചുവെച്ചുകൊണ്ടിരിക്കുന്നത്. ഡി.എം.കെ. അധ്യക്ഷ സ്ഥാനത്തെത്തി ഒരു വര്‍ഷത്തിന് ശേഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്റ്റാലിന്‍ നേതൃത്വം നല്‍കിയ ഡി.എം.കെ. മുന്നണി തമിഴ്‌നാട്ടിലെ 39 സീറ്റുകളില്‍ 38 ജയിച്ച് തൂത്തുവാരി. തുടര്‍ന്ന് പത്ത് വര്‍ഷത്തെ എ.ഐ.എ.ഡി.എം.കെ. ഭരണത്തിന് അറുതിവരുത്തി 2021-ല്‍ സംസ്ഥാനവും പിടിച്ചെടുത്തു. 2016-ല്‍ മുഖ്യ എതിരാളിയായിരുന്ന ജയലളിതയുടെ വിയോഗം സ്റ്റാലിന് തന്റെ വഴികള്‍ എളുപ്പാക്കാനായി എന്നതും വസ്തുതയാണ്.
മുഖ്യപ്രതിപക്ഷ പാര്‍ട്ടി ശിഥിലമാകുകയും ചെയ്തതോടെ പാര്‍ട്ടിക്ക് പുറത്തും അകത്തും ഭീഷണികളില്ലാത്ത രാജ്യത്ത് ഏറ്റവും സുരക്ഷിതനായ മുഖ്യമന്ത്രിയായിട്ടാണ് സ്റ്റാലിനെ നിലവില്‍ വിലയിരുത്തപ്പെടുന്നത്. ബി.ജെ.പിയുടെ ഹിന്ദി അജണ്ടകളെ തുറന്ന് കാണിച്ച് തമിഴ് സ്വത്വത്തിനായി നിരന്തരം വാദിക്കുകയും വിദ്വേഷങ്ങള്‍ക്കെതിരെ ഉറച്ച നിലപാട് സ്വീകരിക്കുകയും ചെയ്തതോടെ ദേശീയ തലത്തില്‍ മതനിരപേക്ഷ നേതാവെന്ന വിശേഷണവും സ്റ്റാലിന്‍ നേടിയെടുത്തിട്ടുണ്ട്.
മുഖ്യമന്ത്രി കസേരയിലെത്തും മുമ്പ് ഭരണ രംഗത്ത് തന്റെ കഴിവ് പ്രകടമാക്കിയിട്ടുണ്ട് സ്റ്റാലിന്‍. കാര്യങ്ങള്‍ സൂക്ഷമമായി ശ്രദ്ധിക്കുകയും വിഷയം ആഴത്തില്‍ പഠിച്ച് മനസ്സിലാക്കി നടപ്പാക്കുന്ന സംഘാടകന്‍ എന്ന വിശേഷണം ഡി.എം.കെയുടെ യുവജന വിഭാഗം നേതാവായിരിക്കുമ്പോള്‍ സ്റ്റാലിന്‍ സ്വന്തമാക്കിയിട്ടുണ്ട്.
1996-ല്‍ ചെന്നൈ മേയറായി തിരഞ്ഞെടുക്കപ്പെട്ട ശേഷം, നഗരത്തെ നവീകരിക്കുന്ന 'സിംഗാര ചെന്നൈ' പദ്ധതി നടപ്പാക്കിയതിലൂടെ അദ്ദേഹം ജനശ്രദ്ധ പിടിച്ചുപറ്റി. 2006-ല്‍ ഡി.എം.കെ. സര്‍ക്കാരില്‍ തദ്ദേശ മന്ത്രിയായും പേരെടുത്തു.
2021-ല്‍ മുഖ്യമന്ത്രിയായ ശേഷം ഇരട്ടലക്ഷ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് സ്റ്റാലിന്‍ സ്‌കോര്‍ നേടുന്നത്. വികസനത്തിന്റെ ദ്രാവിഡ മോഡലും വര്‍ഗീയ രാഷ്ട്രീയത്തെ അകറ്റിനിര്‍ത്തുകയും ചെയ്യുന്നതാണ് സ്റ്റാലിന്‍ ഹൈലൈറ്റായി വിലയിരുത്തപ്പെടുന്നത്. പ്രത്യേയശാസ്ത്രത്തെ ഉയര്‍ത്തിപ്പിടിക്കുന്നതിനൊപ്പം വികസനത്തെ കുറിച്ച് എപ്പോഴും സംസാരിക്കുന്ന നേതാവെന്ന് ഖ്യാതിയും സ്റ്റാലിന്‍ നേടിയെടുത്തു. സര്‍ക്കാരിന്റെ വികസന പദ്ധതികളിലൂടെയും ക്ഷേമ പ്രവര്‍ത്തനങ്ങളിടെയും എ.ഐ.എ.ഡി.എം.കെയുടെ ശേഷിക്കുന്ന വോട്ട്ബാങ്കുകളെ കൂടി അടുപ്പിക്കാനുള്ള നീക്കങ്ങളാണ് സ്റ്റാലിന്‍ നടത്തിവരുന്നത്.
സര്‍ക്കാര്‍ ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര, 6 മുതല്‍ 12 വരെ ക്ലാസുകളിലെ പെണ്‍കുട്ടികള്‍ക്ക് പ്രതിമാസം 1,000 രൂപ നല്‍കുന്ന പദ്ധതി തുടങ്ങിയ സ്ത്രീ വോട്ടര്‍മാരെ ലക്ഷ്യമിട്ട് നിരവധി പദ്ധതികളും സ്റ്റാലിന്‍ സര്‍ക്കാര്‍ നടത്തിവരുന്നുണ്ട്.
1958 | മാര്‍ച്ച് ഒന്നിന് ജനനം |
1966 | ഡിഎംകെ യുവജനവിഭാഗം രൂപവത്കരണസമിതി അഗമായി രാഷ്ട്രീയ പ്രവേശം |
1974 | പാര്‍ട്ടി ജനറല്‍ കൗണ്‍സിലിലെത്തി |
1976 | അടിയന്തരാവസ്ഥയ്‌ക്കെതിരെ ശബ്ദം ഉയര്‍ത്തിയതിന് ജയില്‍വാസം |
1988 | ഡിഎംകെ യുവജന വിഭാഗം സെക്രട്ടറി |
1984 | തൗസന്റ് ലൈറ്റ്‌സ് മണ്ഡലത്തില്‍ നിന്ന് ആദ്യ മത്സരം, പരാജയം |
1989 | തൗസന്റ് ലൈറ്റ്‌സ് മണ്ഡലത്തില്‍ വീണ്ടും മത്സരം, ഇത്തവ ജയിച്ചു, ആദ്യമായി നിയമസഭയിലേക്ക് |
1981 | തൗസന്റ് ലൈറ്റ്‌സ് മണ്ഡലത്തില്‍ നിന്ന് ഇത്തവണ വീണ്ടും പരാജയം |
1996 | ചെന്നൈ കോര്‍പ്പറേഷന്‍ മേയര്‍ (ജനങ്ങള്‍ നേരിട്ടു തിരഞ്ഞെടുത്ത ചെന്നൈയുടെ ആദ്യത്തെ മേയര്‍) |
1996 | തൗസന്റ് ലൈറ്റ്‌സ് മണ്ഡലത്തില്‍ നിന്ന് ജയിച്ച് ഒരേ സമയം എംഎല്‍എയും മേയറും |
2001 | നിമയസഭയിലേക്കും മേയര്‍ സ്ഥാനത്തേക്കും വീണ്ടും ജയം, ഇരട്ടപദവിയെ തുടര്‍ന്ന് ചെന്നൈ മേയര്‍സ്ഥാനം ഒഴിഞ്ഞു |
2006 | തൗസന്റ് ലൈറ്റ്‌സ് മണ്ഡലത്തില്‍ നിന്ന് വീണ്ടും വിജയം, തദ്ദേശ സ്വയം ഭരണ മന്ത്രിയായി |
2008 | ഡിഎംകെ ട്രഷറര്‍ |
2009 | ഉപമുഖ്യമന്ത്രി സ്ഥാനം |
2011 | കൊളത്തൂര്‍ മണ്ഡലത്തില്‍ നിന്ന് വിജയം |
2016 | കൊളത്തൂരില്‍ നിന്ന് വിണ്ടും തിരഞ്ഞെടുക്കപ്പെട്ടു- തമിഴ്‌നാട് നിയമസഭയില്‍ പ്രതിപക്ഷ നേതാവ് |
2017 | ഡിഎംകെ വൈസ് പ്രസിഡന്റ് |
2018 | ഡിഎംകെ അധ്യക്ഷന്‍ |
2021 | തമിഴ്‌നാട് മുഖ്യമന്ത്രി |
Content Highlights: Opposition parties together for the 2024 Lok Sabha polls-mk stalin-bjp
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..