.jpg?$p=cecbe01&f=16x10&w=856&q=0.8)
പ്രതീകാത്മക ചിത്രം
ഈവര്‍ഷം ഫെബ്രുവരിയില്‍ നേപ്പാളില്‍ നടന്ന ചില സംഭവങ്ങള്‍ ആ രാജ്യത്തിന്റെ സാമ്പത്തിക-രാഷ്ട്രീയ മേഖലകളിലെ വൈരുധ്യങ്ങളിലേക്ക് വെളിച്ചംവീശും. മേഖലയില്‍ ചൈന എങ്ങനെയാണ് പിടിമുറുക്കുന്നത് എന്നും ഇത് തെളിച്ചുപറയും. ഭൂകമ്പംകൊണ്ട് തകര്‍ന്ന നേപ്പാളിനെ സഹായിക്കാന്‍ അമേരിക്ക 2017-ല്‍ മില്ലേനിയം ചലഞ്ച് സഹകരണം (MCC Millennium Challenge Co-operation) എന്ന പദ്ധതിക്ക് തുടക്കമിട്ടിരുന്നു. ഇതിന്റെ ഭാഗമായി വൈദ്യുതി, റോഡ് തുടങ്ങിയ മേഖലകളില്‍ നേപ്പാളിന്റെ വികസനത്തിനായി 500 ദശലക്ഷം ഡോളര്‍ സഹായം അനുവദിച്ചു. അമേരിക്കയുടെ പുതിയ ഇന്തോ-പസഫിക് തന്ത്രത്തിന്റെ ഭാഗമായിരുന്നു ഈ സഹകരണം. അതുകൊണ്ടുതന്നെ ഈ സഹായധനം സ്വീകരിക്കണോ വേണ്ടയോ എന്നതാണ് തര്‍ക്കം. ഈ തര്‍ക്കം നേപ്പാളിന്റെ പ്രാദേശികരാഷ്ട്രീയവുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ്. അതെന്താണന്ന് വഴിയേ പറയാം.
കോവിഡിന്റെ ആഘാതതരംഗങ്ങള്‍
'രാജ്യം പ്രതിസന്ധിയുടെ ആദ്യ പടവിലാണ് ഇപ്പോള്‍ നില്‍ക്കുന്നത്. സര്‍ക്കാര്‍ ഉചിതമായ നടപടികള്‍ എടുത്തില്ലെങ്കില്‍ സ്ഥിതിഗതികള്‍ രൂക്ഷമാവും.' നേപ്പാള്‍ പ്ലാനിങ് കമ്മിഷന്റെ മുന്‍ വൈസ് ചെയര്മാന് മിന് ബഹാദൂര്‍ ശ്രേഷ്ഠയുടെ അഭിപ്രായമാണിത്. രാജ്യങ്ങളുടെ ബജറ്റുപോലും അട്ടിമറിച്ചുകൊണ്ടാണ് കോവിഡിന്റെ ആഘാതതരംഗങ്ങള്‍ കടന്നുപോയത്. ലോകത്ത് ഏതുതരം പ്രതിസന്ധി ഉണ്ടായാലും അത് ആദ്യം ബാധിക്കുക ചെറിയ സമ്പദ് വ്യവസ്ഥകളെയാണ്. നേപ്പാളും ശ്രീലങ്കയുമെല്ലാം ചെറിയ സമ്പദ്വ്യവസ്ഥകളാണ്. വരുമാനം കുറയുകയും ചെലവുകൂടുകയും ചെയ്യുന്നതാണ് എല്ലാ സാമ്പത്തികപ്രതിസന്ധിയുടെയും മൂലകാരണം. നേപ്പാളിന്റെ കാര്യത്തിലും ഇതാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ''ദുര്‍വ്യയം ചുരുക്കുക എന്നതാണ് സാമ്പത്തിക അച്ചടക്കത്തിന്റെ ആദ്യപടി'' -അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
ദുര്‍വ്യയം ചുരുക്കല്‍
അതുകൊണ്ടാണ് നേപ്പാള്‍ ആഡംബരവസ്തുക്കളുടെ ഇറക്കുമതിയില്‍ കടുത്ത നിയന്ത്രണമേര്‍പ്പെടുത്തിയത്. പ്രതിസന്ധിയുടെ ആദ്യനാളുകളില്‍, ശ്രീലങ്കന്‍ സര്‍ക്കാരും ഇതേ നടപടി സ്വീകരിച്ചിരുന്നു എന്ന് ഈ അവസരത്തില്‍ ഓര്‍ക്കുക. വിലകൂടിയ കാറും സ്വര്‍ണാഭരണങ്ങളും മാത്രമല്ല പഞ്ചസാരയും ഷാമ്പൂവും ചെരിപ്പും കുടയുമടക്കം ഒട്ടേറെ സാധനങ്ങളുണ്ട് ഈ നിയന്ത്രണ ലിസ്റ്റില്‍! തത്കാലം മുണ്ട് മുറുക്കിയുടുത്ത് ജീവിക്കാനാണ് നേപ്പാള്സര്ക്കാര് ജനങ്ങളോട് ആവശ്യപ്പെടുന്നത്.
പൊടുന്നനെ ഇത്തരമൊരു നടപടിയിലേക്ക് നീങ്ങാന്‍ മറ്റൊരു കാരണംകൂടിയുണ്ട്. നേപ്പാളിന്റെ മൊത്തം ദേശീയ സമ്പത്ത് 4260 ബില്യന്‍ നേപ്പാളി രൂപയാണ്. മൂന്നുകോടിയില്‍ താഴെമാത്രം ജനസംഖ്യയുള്ള ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം ഇത് സാമാന്യം നല്ലതുകയാണ്. പ്രശ്നം അതല്ല. 2021 ജൂണ്‍മുതല്‍ ഇങ്ങോട്ടുള്ള എട്ടുമാസത്തിനുള്ളില്‍ നേപ്പാള്‍ ഇറക്കുമതിക്കായി ചെലവിട്ടത് ആയിരം ബില്യണ്‍ നേപ്പാളി രൂപയാണ്. അതായത്, മൊത്തം ജി.ഡി.പി.യുടെ നാലിലൊന്ന് ! നേപ്പാളിന്റെ സമീപകാല ചരിത്രത്തിലൊന്നും ഇത്രയും തുക ഇറക്കുമതിക്കായി ചെലവഴിച്ചിട്ടില്ല.ഇതിനര്‍ഥം നേപ്പാളികള്‍ സുഖഭോഗവസ്തുക്കള് വാങ്ങിക്കുട്ടി എന്നല്ല. മറിച്ച്, നേപ്പാള്‍ വാങ്ങുന്ന സാധനങ്ങളുടെ വില കുത്തനെ കൂടി എന്നും കറന്‍സിയുടെ മൂല്യം കുറഞ്ഞു എന്നുമാണ്. ശ്രീലങ്കയെപ്പോലെ ഭക്ഷ്യവസ്തുക്കളടക്കം ഒട്ടെല്ലാ സാധനങ്ങളും ഇറക്കുമതിചെയ്യുന്ന രാജ്യമാണ് നേപ്പാള്‍. അതുകൊണ്ടുതന്നെ ഈ നില തുടര്‍ന്നാല്‍ കാര്യങ്ങള്‍ അവതാളത്തിലാവും.
ഓയിലിന് തീപിടിച്ചാല്‍
അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ പെട്രോളിയം ഉത്പന്നങ്ങളുടെ വില കുത്തനെ കൂടിയതും അത് വാങ്ങാന്‍ ഉപയോഗിക്കുന്ന രൂപയുടെ വിലയിടിഞ്ഞതും ചേര്ന്നുവന്നപ്പോഴാണ് നേപ്പാള്‍ അടിപതറിയത്. ശ്രീലങ്കയിലും സംഭവിച്ചത് ഇതാണ്. എന്നാല്‍, നേപ്പാള്‍ രൂപ ശ്രീലങ്കന്‍ കറന്സിയോളം ഇടിഞ്ഞിട്ടില്ല. അതിനുള്ള ഒരുകാരണം നേപ്പാള്‍, ശ്രീലങ്കയെപ്പോലെ കണ്ണുമടച്ച് നോട്ട് അച്ചടിച്ച് ഇറക്കിയിട്ടില്ല എന്നതാണ്.
ശ്രീലങ്ക കഴിഞ്ഞവര്‍ഷം മാത്രം അച്ചടിച്ചിറക്കിയത് 1.4 ട്രില്യന്‍ രൂപയാണ്. ശ്രീലങ്കന്‍ അനുഭവം മുമ്പിലുള്ളതുകൊണ്ടാവാം, നേപ്പാള്‍ ആവുന്നതെല്ലാം ചെയ്യുന്നുണ്ട്. ഇന്ധന ഉപഭോഗം കുറയ്ക്കാനായി മാസത്തില്‍ രണ്ടുദിവസം അധിക അവധിനല്കാം എന്നതാണ് ഏറ്റവും പുതിയ സര്‍ക്കാര്‍തീരുമാനം. പക്ഷേ, ചെലവുചുരുക്കുന്നതുകൊണ്ടുമാത്രം തീരുന്നതല്ല ഈ പ്രതിസന്ധി. വരവ് കൂടണം.
പണംപൂക്കുന്ന പര്‍വതങ്ങള്‍
ഹിമാലയമാണ് നേപ്പാളിന്റെ പണംപൂക്കുന്ന പര്‍വതം. എവറസ്റ്റ് കയറാന്‍ വരുന്ന ഓരോരുത്തരും വിവിധ ആവശ്യങ്ങള്‍ക്കായി ശരാശരി നാല്പതിനായിരം ഡോളര്‍, ഏകദേശം അന്‍പതുലക്ഷം നേപ്പാള്‍ രൂപ ആ രാജ്യത്തിനകത്ത് ചെലവഴിക്കും. നേപ്പാള്‍ വിദേശനാണ്യശേഖരത്തിന് വലിയ മുതല്‍ക്കൂട്ടാണിത്. പര്‍വതാരോഹകരുടെ എണ്ണം വര്‍ഷംതോറും കൂടിവരുന്ന സമയത്താണ് 2015-ല്‍ ഭൂകമ്പംവന്ന് കാര്യങ്ങള്‍ അട്ടിമറിച്ചത്. എങ്കിലും ടൂറിസംമേഖല ദ്രുതഗതിയില്‍ത്തന്നെ തിരിച്ചുകയറി. കോവിഡിന് തൊട്ടുമുമ്പ് മുമ്പത്തെ സീസണില്‍ എവറസ്റ്റില്‍ കയറിപ്പറ്റാന്‍ പര്‍വതാരോഹകരുടെ നീണ്ട ക്യൂതന്നെ ആയിരുന്നു. അന്താരാഷ്ട്ര മാധ്യമങ്ങള്‍ വലിയ തലക്കെട്ടായി ചിത്രീകരിച്ച വാര്‍ത്തയായിരുന്നു അത്.
അനിയന്ത്രിതമായ വിനോദസഞ്ചാരം ഹിമാലയന്‍ മേഖലയില്‍ വലിയ പരിസ്ഥിതിനാശം വരുത്തുന്നു എന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു ഈ റിപ്പോര്‍ട്ടുകള്‍, ഇതോടെ സര്‍ക്കാര്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇത്തരം നിയന്ത്രണത്തോടെ 2020 ഒരു വന്‍ 'വിനോദസഞ്ചാര വര്‍ഷമായി' ആഘോഷിക്കാന്‍ ഒരുങ്ങിനിന്ന നേപ്പാളിന് മുകളിലേക്കാണ് കോവിഡ് പെയ്തിറങ്ങിയത്. അതോടെ എവറസ്റ്റില്‍ പണം പൂക്കാതായി.
കൈപിടിക്കാന്‍ പ്രവാസികള്‍
കേരളത്തില്‍ മാത്രമല്ല, നേപ്പാളിലും പ്രതിസന്ധിയില്‍ കൈപിടിക്കാന്‍ പ്രവാസികള്‍തന്നെ വേണം. പ്രവാസികളാണ് നേപ്പാളിന്റെ ഏറ്റവും വലിയ വരുമാനമാര്‍ഗം. തൊഴിലാളികളെയാണ് നേപ്പാള്‍ പ്രധാനമായും കയറ്റിയയക്കുന്നത്. ഇന്ത്യയിലും മിഡില്‍ ഈസ്റ്റിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുമായി മുപ്പത്തിയഞ്ചുലക്ഷത്തിലധികം പേര് ജോലിചെയ്യുന്നുണ്ട് എന്നാണ് ഔദ്യോഗികകണക്ക്. ദക്ഷിണേഷ്യയില്‍ത്തന്നെ ജനസംഖ്യാനുപാതികമായി നോക്കിയാല്‍ ഏറ്റവും കൂടുതല്‍ ആളുകളെ പുറംജോലിക്ക് വിടുന്ന രാജ്യമാണ് നേപ്പാള്‍.
പ്രവാസികളോട് നേപ്പാള്‍ ധനകാര്യമന്ത്രി ജനാര്‍ദന്‍ ശര്‍മയുടെ അപേക്ഷ ഇതാണ്. 'വിദേശത്ത് ജോലിചെയ്യുന്ന ഒരുലക്ഷം പൗരന്മാര് പതിനായിരം ഡോളര്‍വീതം സ്വന്തം അക്കൗണ്ടില്‍ നിക്ഷേപിക്കുക.' വെറുതേ വേണ്ട, നല്ല പലിശയും കൊടുക്കാം എന്നാണ് വാഗ്ദാനം. പ്രവാസി അയക്കുന്ന പണമാണ് നേപ്പാള്‍ സമ്പദ്വ്യവസ്ഥയുടെ കാതല്‍. മൊത്തം സമ്പദ് വ്യവസ്ഥയുടെ കാല്‍ഭാഗം വരുമത്. കോവിഡ് കാലത്ത് ഇതിലും ഇടിവു സംഭവിച്ചു. ഇത്തരത്തില്‍ ചെലവുകൂടുകയും വരവ് കുറയുകയും ചെയ്തതോടെ വിദേശനാണ്യശേഖരം ഗണ്യമായി കുറഞ്ഞു. കഴിഞ്ഞ എട്ടുമാസത്തിനുള്ളില്‍ വിദേശനാണ്യശേഖരത്തില്‍ 18 ശതമാനത്തോളം ഇടിവുണ്ടായതായി ഔദ്യോഗിക കണക്കുകള്‍ രേഖപ്പെടുത്തുന്നു. ഇപ്പോള്‍ ആറുമാസം ഓടാനുള്ള പണമേ നേപ്പാളിന്റെ പോക്കറ്റിലുള്ളൂ. കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കില്‍ ഗുരുതരമാവുന്ന സാമ്പത്തികാവസ്ഥയാണിത്.
ചൈനയുടെ കാണാക്കരം
മേല്‍പ്പറഞ്ഞ സാഹചര്യങ്ങള്‍ മനസ്സില്‍ വെച്ചുകൊണ്ട് ആദ്യംപറഞ്ഞ തര്ക്കത്തിലേക്കുതന്നെ തിരിച്ചുവരാം. അമേരിക്ക തരുന്ന പണം വാങ്ങണോ ? വേണ്ടയോ? ദക്ഷിണേഷ്യയില്‍ ഏറ്റവുംകൂടുതല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളുള്ള രാജ്യമാണ് നേപ്പാള്‍. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായുള്ള ഇവരുടെ അന്തര്‍ധാര സജീവമാണ്. ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയുടെ ഭാഗമാണ് നേപ്പാള്‍. ഇതിന് ബദലായാണ് അമേരിക്ക ഈ സഹായപദ്ധതി മുന്നോട്ടുവെക്കുന്നത് എന്നാണ് വ്യാപകമായ പ്രചാരണം. ഇത് നേപ്പാളിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും അതുകൊണ്ടുതന്നെ സ്വീകരിക്കാന്‍ പാടില്ല എന്നുമാണ് പ്രതിപക്ഷത്തിന്റെ വാദം. ഈ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് ആയിരങ്ങള്‍ ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ കാഠ്മണ്ഡു തെരുവുകളില്‍ പോലീസുമായി ഏറ്റുമുട്ടിയത്. കണ്ണീര്‍വാതകവും റബ്ബര്‍ ബുള്ളറ്റും ഉപയോഗിച്ചാണ് ഇവരെ പോലീസ് ഒരുവിധം ഒതുക്കിയത്.
'ഒട്ടേറെ ഉപാധികളോടെയുള്ള അമേരിക്കന്‍ സഹായം സ്വീകരിക്കുന്നത് നേപ്പാളിന് ഗുണംചെയ്യില്ല' എന്നാണ് നേപ്പാളിലെ ചൈനീസ് അംബാസഡര്‍ ഹു യാന്‍കി പറഞ്ഞത്. നേപ്പാളിലെ മുന്‍പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലിയുമായി അടുത്തബന്ധം സൂക്ഷിക്കുന്ന ആളാണ് യാന്‍കി. ഇവരാണ് 2020-ല്‍ ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയിലെ കാലപാനിയില്‍ ഭൂപടം മാറ്റിവരയ്ക്കാന്‍ ഒലിക്ക് ഉപദേശം നല്‍കിയത്. ഗാല്വന്മേഖലയില് ഇന്ത്യ-ചൈന സംഘര്‍ഷം നിലനിന്ന അതേസമയത്താണ് നേപ്പാള്‍ അതിര്‍ത്തി മാറ്റിവരച്ച് ഇന്ത്യയെ പ്രകോപിപ്പിച്ചത്. ദക്ഷിണേഷ്യയിലെ ചെറിയരാജ്യങ്ങള്പോലും ചൈന-അമേരിക്ക വടംവലിയില്‍ കരുക്കളാവുന്നതിന്റെ നല്ല ഉദാഹരണമാണ് നേപ്പാള്‍.
പണമാണ് മുഖ്യം
രാഷ്ട്രീയം സാമ്പത്തികതാത്പര്യങ്ങള്ക്ക് വഴിമാറിക്കൊടുക്കുന്നതാണ് ലോകമെമ്പാടും നാം ഇപ്പോള്‍ കാണുന്നത്. നേപ്പാളിലും അത് തെറ്റിയില്ല. തത്കാലം സമരമവസാനിപ്പിച്ച് പണം സ്വീകരിക്കാം എന്ന നിലപാടിന് പിന്തുണ നല്‍കിക്കൊണ്ടാണ് നേപ്പാള്‍ പാര്‍ലമെന്റ് ഫെബ്രുവരി 27-ന് വോട്ടുചെയ്ത് പിരിഞ്ഞത്. നേപ്പാള്‍ ഗവണ്മെന്റിന്റെ ഈ നീക്കം തത്കാലത്തേക്കെങ്കിലും ചൈനയെ ചൊടിപ്പിച്ചു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇന്ത്യയുടെ അയല്‍രാജ്യങ്ങളിലെ പ്രാദേശിക രാഷ്ട്രീയത്തിനകത്ത്, പ്രത്യേകിച്ചും അവര്‍ ദുര്‍ബലരായിരിക്കുമ്പോള്‍, ചൈന നടത്തുന്ന കടന്നുകയറ്റം ഈ മേഖലയുടെ മൊത്തം സുരക്ഷയെ ബാധിക്കും. അതുകൊണ്ടുതന്നെ അടിപതറുന്ന അയല്‍രാജ്യങ്ങളെ സഹായിക്കേണ്ട ബാധ്യത ഇന്ത്യക്കുണ്ട്. സാമ്പത്തികമായും രാഷ്ട്രീയമായും.
ജര്‍മന്‍ ടെലിവിഷന്റെ ദക്ഷിണേഷ്യ കറസ്പോണ്ടന്റാണ് ലേഖകന്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..