കോൺറാഡ് സാങ്മ, മുകുൾ സാങ്മ, മമതാ ബാനർജി | Photo:PTI
'ഞങ്ങൾ എൻ.ഡി.എയ്ക്കൊപ്പം ഭരണപരമായ കാര്യങ്ങളില്‍ യോജിച്ച് പ്രവർത്തിക്കുകയും പിന്തുണയ്ക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ചില പ്രത്യേക വിഷയങ്ങളിലെ അജണ്ടകൾ ജനങ്ങൾക്ക് എതിരായാൽ, അത് അവരെ അറിയിക്കുന്നതിൽ നിന്നും ഞങ്ങൾ പിന്മാറില്ല '-കോൺറാഡ് സാങ്മ, മേഘാലയ മുഖ്യമന്ത്രി
മറ്റൊരു തിരഞ്ഞെടുപ്പ് കാലത്തെ കൂടി അഭിമുഖീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ രാഷ്ട്രീയം. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് തീയതികൾ പുറത്ത് വന്നതോടെ ചർച്ചകൾക്ക് ചൂടേറുകയാണ്. വടക്കുകിഴക്കിന്റെ കളം ചൂടാകുമ്പോൾ അത് ദേശീയ രാഷ്ട്രീയത്തിലും പ്രതിഫലിക്കുമെന്നതിൽ സംശയമില്ല. 2024 ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ സൂചനകളായിരിക്കുമോ വരാനിരിക്കുന്ന ദിവസങ്ങളെന്ന് നാം കണ്ടറിയണം.
ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖർക്കൊന്നും അത്ര എളുപ്പമായിരിക്കില്ല ഇത്തവണ മേഘാലയ. 2018-ൽ രണ്ട് സീറ്റുകളിൽ ഒതുങ്ങിയെങ്കിലും ബി.ജെ.പിക്ക് ഭരണം നേടാനായിരുന്നു. എന്നാൽ ഇത്തവണ ഭരണകക്ഷിയായ നാഷണൽ പീപ്പിൾസ് പാർട്ടി ഒറ്റയ്ക്ക് മത്സരിക്കാനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചുകഴിഞ്ഞു. മറുഭാഗത്ത് കോൺഗ്രസിനും കാര്യങ്ങൾ ദുഷ്കരമാണ്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു
2018-ൽ കോൺഗ്രസ്. എന്നിട്ടും ബി.ജെ.പിയുടെ രാഷ്ട്രീയ തന്ത്രങ്ങൾക്ക് മുന്നിൽ സർക്കാർ രൂപവത്കരിക്കുന്നതിൽ പരാജയപ്പെടാനായിരുന്നു കോൺഗ്രസിന്റെ വിധി. മേഘാലയയിൽ മറ്റൊരു തിരഞ്ഞെടുപ്പിന് കൂടെ വേദിയൊരുങ്ങുമ്പോൾ മുൻ മുഖ്യമന്ത്രി മുകുൾ സാങ്മയടക്കം നിരവധി പേരാണ് കോൺഗ്രസിൽ നിന്നും എതിർചേരികളിലേക്ക് ചേക്കേറിയത്.
രണ്ട് സീറ്റിൽ മാത്രം വിജയം; ബിജെപിയുടെ സർക്കാർ രൂപീകരണ തന്ത്രം
2018-ലെ തിരഞ്ഞെടുപ്പിൽ 21 സീറ്റുകളുടെ വിജയത്തോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു കോൺഗ്രസ്. എന്നാൽ കോൺഗ്രസിന്റെ സർക്കാർ രൂപീകരണ നീക്കങ്ങളെയെല്ലാം അട്ടിമറിച്ചുകൊണ്ട് ബി.ജെ.പി. പുതിയ സഖ്യകക്ഷികളെ കണ്ടെത്തി മേഘാലയയിൽ സർക്കാർ രൂപവത്കരിച്ചു. രണ്ട് സീറ്റുകൾ മാത്രമായിരുന്നു ബി.ജെ.പിയുടെ സമ്പാദ്യം. എന്നാൽ 19 സീറ്റുകളിൽ വിജയിച്ച നാഷണൽ പീപ്പിൾസ് പാർട്ടിയും, ആറ് സീറ്റുകളിൽ വിജയിച്ച യുണൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടിയുമായി ചേർന്ന് അവർ മേഘാലയ ഡെമോക്രാറ്റിക് അലയന്‍സിന്റെ (എം.ഡി.എ.) ഭാഗമായി. എൻ.പി.പി. അധ്യക്ഷനായിരുന്ന കോൺറാഡ് സാങ്മയെ അവർ മുഖ്യമന്ത്രിയാക്കി.
സഹകരണത്തിൽ അനിശ്ചിതത്വം; ഭരണം പിടിക്കാൻ ബി.ജെ.പി. വിയർക്കും
ബി.ജെ.പിയുമായി നിലവിൽ സഖ്യത്തിലാണെങ്കിലും കോൺറാഡ് സാങ്മയുടെ നേതൃത്വത്തിൽ നാഷണൽ പീപ്പിൾസ് പാർട്ടി ഒറ്റയ്ക്ക് തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് വ്യക്തമാക്കിയതാണ് ബി.ജെ.പിക്ക് കാര്യങ്ങൾ കുഴപ്പത്തിലാക്കിയത്. സംസ്ഥാനത്തെ 60 നിയമസഭാ സീറ്റുകളിൽ 58 സീറ്റുകളിലേക്കും എൻ.പി.പി. സ്ഥാനാർഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇത്തവണ ഒറ്റയ്ക്ക് ഭൂരിപക്ഷം പിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് എൻ.പി.പി.

2018-ലെ രണ്ട് സീറ്റിൽ നിന്നും തങ്ങളുടെ നില മെച്ചപ്പെടുത്തി ഭരണത്തിൽ തങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കുക എന്നതായിരിക്കും ബി.ജെ.പിയുടെ ലക്ഷ്യം. രണ്ട് എൻ.പി.പി. എം.എൽ.എമാരും ഒരു കോൺഗ്രസ് എം.എൽ.എയും ഒരു സ്വതന്ത്രനും അടുത്തിടെ ബി.ജെ.പിയിൽ ചേർന്നിരുന്നു. ചെറുകക്ഷികളെ തങ്ങളോടൊപ്പം ചേർത്ത് ഭരണം ഉറപ്പാക്കുന്ന ബി.ജെ.പി. തന്ത്രം ഇത്തവണയും ആവർത്തിക്കുമോ എന്നതാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.
ആറ് വ്യത്യസ്ത ഘടകങ്ങളുടെ ഏകീകരണമായ മേഘാലയ ഡെമോക്രാറ്റിക് അലയൻസിലൂടെയാണ് വർഷങ്ങളായി മേഘാലയയിൽ സർക്കാർ രൂപവത്കരിക്കുന്നത്. എന്നാൽ തങ്ങൾക്ക് ഒരു രാഷ്ട്രീയ പാർട്ടിയുമായി സഹകരണം ഇല്ലെന്നും തിരഞ്ഞെടുപ്പുകൾക്ക് ഒരു ആദർശപരമായ മാനം കൂടെയുണ്ടെന്നും സാങ്മ വ്യക്തമാക്കിയതോടെ എൻ.പി.പിയുടെ ലക്ഷ്യം ഏറെക്കുറെ വ്യക്തമാണ്.
വ്യത്യസ്ത പാർട്ടികൾ പരസ്പരം ഏറ്റുമുട്ടുന്ന സാഹചര്യത്തിൽ മേഘാലയയിൽ കേവലഭൂരിപക്ഷം നേടുന്നത് എളുപ്പമായിരിക്കില്ല.
മമതയുടെ നേതൃത്വത്തിൽ തൃണമൂൽ; കൈ മലർത്തി കോൺഗ്രസ്
2018-ൽ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോൾ ചിത്രത്തിൽ പോലുമില്ലാതിരുന്ന പാർട്ടിയായിരുന്നു തൃണമൂൽ കോൺഗ്രസ്. എന്നാൽ അഞ്ച് വർഷങ്ങൾക്കിപ്പുറം മുഖ്യപ്രതിപക്ഷമായി വളർന്ന തൃണമൂൽ മികച്ച പ്രകടനത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. 2021 നവംബറിൽ മുൻ മുഖ്യമന്ത്രിയായിരുന്ന മുകുൾ സാങ്മയും മറ്റ് പതിനൊന്ന് എം.എൽ.എമാരും കോൺഗ്രസ് വിട്ട് തൃണമൂലിലേക്ക് ചേക്കേറുന്നതോടെയാണ് മേഘാലയയിലെ രാഷ്ട്രീയ ചിത്രം മാറുന്നത്.

രാഷ്ട്രപതി തിരഞ്ഞെടുപ്പിൽപ്പോലും തങ്ങളുടെ ശക്തി പരിശോധിക്കാൻ തയ്യാറായിരുന്ന പാർട്ടിയാണ് തൃണമൂൽ കോൺഗ്രസ്. ഇപ്പോഴിതാ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേരിട്ടിറങ്ങുകയാണ് മമതാ ബാനർജി. ബംഗാളിന് പുറത്തും വലിയ സാന്നിധ്യമായി വളരുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിലെന്ന് വ്യക്തമാണ്. ജനങ്ങൾക്ക് വേണ്ടി സർക്കാർ രൂപവത്കരിക്കുമെന്നാണ് പ്രചാരണം ആരംഭിച്ചുകൊണ്ട് മമത പറഞ്ഞത്. വൈദ്യുതിയും തൊഴിലുമടക്കം നിരവധി വാഗ്ദാനങ്ങളും അവർ ജനങ്ങൾക്ക് മുന്നിലേക്ക് നീട്ടി.
പ്രമുഖരെല്ലാം പാർട്ടി വിട്ടതോടെ മേഘാലയയിൽ തങ്ങളുടെ ഏറ്റവും മോശം അവസ്ഥയിലൂടെയാണ് കോൺഗ്രസ് കടന്നു പോകുന്നത്. 2021-ൽ ആരംഭിച്ച കൊഴിഞ്ഞുപോക്ക് തടയാൻ ഇന്നും പാർട്ടിക്ക് സാധിച്ചിട്ടില്ല. 1993 മുതൽ മേഘാലയൻ നിയമസഭയിൽ അംഗമായിരുന്നു മുകുൾ സാങ്മ. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ എം.എൽ.എമാർ കൂറുമാറിയതോടെ നാമാവിശേഷമായത് സംസ്ഥാനത്തെ കോൺഗ്രസ്സായിരുന്നു. രണ്ട് വർഷത്തെ ഇടവേളയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയിൽ നിന്നും കോൺഗ്രസ് നിലംപതിച്ചത് പൂജ്യത്തിലേക്കായിരുന്നു. ഇന്ന് സംസ്ഥാനത്ത് പലയിടങ്ങളിലും കെട്ടിവച്ച കാശ് പോലും ലഭിക്കുമോ എന്ന കാര്യത്തിൽ പാർട്ടിക്ക് സംശയമാണ്.
സർക്കാർ രൂപവത്കരണത്തിൽ പരാജയപ്പെട്ടതും നിലവിലെ സാഹചര്യത്തിൽ കൃത്യമായ സമവാക്യങ്ങളോടെ വോട്ട് കേന്ദ്രീകരിക്കാനാകാത്തതും കോൺഗ്രസിന് വലിയ ക്ഷീണമാണ്. എട്ട് സ്ത്രീകളടക്കം 40 സ്ഥാനാർഥികളെ നിലവിൽ കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. മേഘാലയ കോൺഗ്രസ് അധ്യക്ഷൻ വിൻസന്റ് പാലാ, തിരഞ്ഞെടുപ്പ് സ്ക്രീനിംഗ് കമ്മിറ്റി ചെയർമാൻ ഗൗരവ് ഗൊഗോയ് എന്നിവരുടെ നേതൃത്വത്തിലാണ് കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടാൻ ഇറങ്ങുന്നത്.
മേഘാലയ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കുന്നു | Photo:Twitter@NeerajDangiINC
ഏകീകൃത സിവിൽ കോഡ് മുതൽ പൗരത്വ ഭേദഗതി വരെ; തിരഞ്ഞെടുപ്പ് ചർച്ചകൾ
കേന്ദ്രസർക്കാർ വർഷങ്ങളായി മുന്നോട്ട് വയ്ക്കുന്ന ആശയമാണ് ഏകീകൃത സിവിൽ കോഡ് നിയമം എന്നത്. എന്നാൽ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വ്യാപകമായ എതിർപ്പാണ് നിയമത്തിനെതിരെ നിലവിലുള്ളത്. ആശയം സംസ്ഥാനത്തിന്റെ സംസ്കാരവുമായി ഒത്തുപോകുന്നതല്ലെന്ന് മുഖ്യമന്ത്രി കോൺറാഡ് സാങ്മ തന്നെ നിലപാടറിയിച്ചിട്ടുണ്ട്. തങ്ങളുടെ രീതികളെ ചോദ്യം ചെയ്യുന്ന ഒരു നടപടിയും അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മേഘാലയയിലെ ഗോത്ര വിഭാഗങ്ങളിൽ രാജ്യത്തെ മറ്റിടങ്ങളിൽ നിന്നും വിഭിന്നമായ പല ആചാരങ്ങളുമുണ്ട്.
പൗരത്വ ഭേദഗതി നിയമവും അഫ്സ്പയുമാണ് മറ്റൊരു പ്രധാന വിഷയം. പൗരത്വവുമായി ബന്ധപ്പെട്ട് ഗുരുതരമായ പല പ്രശ്നങ്ങളും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സംഭവിച്ചിരുന്നു. വലിയ പ്രതിഷേധങ്ങൾക്കും ഇവ വഴിവച്ചിരുന്നു. നിയമത്തിൽ ബി.ജെ.പിയുടെ നിലപാടിനോട് അനുകൂലമായിരുന്നെങ്കിലും അസമിനെയും മേഘാലയയേയും ഒഴിവാക്കണമെന്നതായിരുന്നു സാങ്മ വ്യക്തമാക്കിയത്.
.

മേഘാലയൻ വോട്ടർമാരെ സ്വാധീനിക്കുന്ന ഒരു പ്രധാന വിഷയമാണ് അസം-മേഘാലയ അതിർത്തി തർക്കം. കവിഞ്ഞ വർഷം നവംബറിലുണ്ടായ വെടിവെപ്പോടെ പ്രശ്നം വീണ്ടും ചർച്ചയായിരുന്നു. അന്നത്തെ വെടിവെപ്പിൽ മരിച്ച ആറുപേരിൽ അഞ്ചുപേരും സംസ്ഥാനത്ത് നിന്നു ള്ളവരായിരുന്നു. അഞ്ച് പതിറ്റാണ്ടിലധികം പഴക്കമുള്ള അതിർത്തിപ്രശ്നം 2023-ലും വോട്ടർമാരെ സ്വാധീനിക്കുമെന്നാണ് കരുതപ്പെടുന്നത്.
Content Highlights: Meghalaya Election Analysis
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..